Pages

Monday, May 13, 2019

നൈപുണ്യ വികസനങ്ങൾ (അവധിക്കാലം-9)

                 എന്റെ കുട്ടിക്കാലത്തെ അവധിക്കാലം തുടങ്ങുന്നത് ഏപ്രിൽ ഒന്നിനും അവസാനിക്കുന്നത് മെയ് 31നും ആയിരുന്നു. ഇന്ന് അത് കലണ്ടറിൽ മാത്രം അങ്ങനെയാണ്. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ മോഡൽ തുടങ്ങുന്നതോടെ പല ക്ലാസുകൾക്കും അവധിക്കാലം തുടങ്ങും. അതായത് ഫെബ്രുവരിയിൽ. മാർച്ച് ആദ്യ വാരത്തിൽ വാർഷിക പരീക്ഷയും ആരംഭിക്കും. അതിനിടയിലായി എസ്.എസ്.എൽ.സി എന്ന മാമാങ്കം നടക്കും. അപ്പോൾ വീണ്ടും അവധിക്കാലം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് മറ്റു ക്ലാസുകളുടെ പരീക്ഷ പുനരാരംഭിക്കും. മാർച്ച് മാസത്തിലെ അവസാന ദിവസത്തിന് തൊട്ടു മുമ്പത്തെയോ അതിന്റെ മുമ്പത്തെയോ ദിവസം അത് തീരും. ഏപ്രിൽ ഒന്നു മുതൽ ട്യൂഷൻ ക്ലാസ് ആരംഭിക്കും!സർക്കാരിന്റെയും സമൂഹത്തിന്റെയും സമ്മർദ്ദ നാടകങ്ങൾക്ക് വഴങ്ങി മെയ് മാസാവസാനം ട്യൂഷൻ ക്ലാസുകൾ  ഒന്ന് നിർത്തി വയ്ക്കും. ജൂൺ ഒന്നിന് വീണ്ടും സ്കൂളിലേക്ക് ഓട്ടം തുടങ്ങും.  ഫലത്തിൽ ഇന്ത്യൻ ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പ് പോലെ ഘട്ടം ഘട്ടമായി അവധിക്കാലം ആസ്വദിക്കാം.

                 തുടർച്ചയായി രണ്ട് മാസം അവധി ലഭിക്കുന്നതിനാൽ  നൈപുണ്യ വികസനത്തിന് ഉപയോഗപ്പെടുത്താൻ ഉത്തമമായിരുന്നു ഞങ്ങളുടെ വേനലവധിക്കാലം. ചാലിയാർ തൊട്ടടുത്തായതിനാൽ നീന്തൽ പഠിക്കലായിരുന്നു അതിൽ ഒന്ന്. ദുരന്തം മുന്നിൽ കണ്ടായിരുന്നില്ല ആ പരിശീലനം. നീന്തൽ അറിയും എന്നത് അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരു കാര്യമായിരുന്നു. എന്റെ സമപ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം നീന്തൽ വശമുള്ളവരായിരുന്നു. ഇന്ന് നീന്തൽ അറിയില്ല എന്ന് മാത്രമല്ല , പഞ്ചായത്തിൽ നിന്നും ‘നീന്തൽ’ സർട്ടിഫിക്കറ്റ് വാങ്ങി പ്ലസ് ടു വിന് പ്രവേശനം ഉറപ്പാക്കാൻ രക്ഷിതാക്കൾ കുട്ടികളെ ഉപദേശിക്കുക്കയും ചെയ്യുന്നു (നീന്തൽ അറിയാത്ത എന്റെ മോളോട് ആ സർട്ടിഫിക്കറ്റിന് പോകേണ്ട എന്ന് ഞാൻ പറഞ്ഞു).

                   സൈക്ലിംഗ് പഠനം ആയിരുന്നു മറ്റൊരു പ്രധാന ഹോബി. അരീക്കോട് അങ്ങാടിയിലെ ജയ സൈക്കിൾ മാർട്ടും പുത്തലത്തെ കോരുക്കുട്ട്യേട്ടന്റെ സൈക്കിൾ കടയും ആയിരുന്നു സൈക്കിൾ വാടകക്ക് കൊടുക്കുന്ന സ്ഥാപനങ്ങൾ. ജയ സൈക്കിൾ മാർട്ട് ഇന്ന് അരീക്കോട്ടെ സൈക്കിൾ വില്പന കേന്ദ്രമായി. കോരുക്കുട്ട്യേട്ടൻ  കണ്ണടച്ചതോടെ ആ കടയും അടഞ്ഞു. എന്നെയും അനിയനെയും സൈക്കിൾ ചവിട്ടാൻ ആദ്യമായി പഠിപ്പിക്കാൻ ശ്രമിച്ചത് മൂത്താപ്പയുടെ മകൻ അബ്ദുറഹീം ആയിരുന്നു ( ആ സംഭവം ഇവിടെ ക്ലിക്കിയാൽ വായിക്കാം-124). ശിഷ്യരെ പെരുവഴിയിലാക്കി ഗുരു മുങ്ങിയപ്പോൾ ഗുരുദക്ഷിണ നൽകി ഞങ്ങൾ വേലായുധനെ ഗുരുവാക്കി. ഗുരുവിന് ഞങ്ങൾ ഒരു കുരുവാകാൻ അധിക ദിവസം വേണ്ടി വന്നില്ല ( ആ സംഭവം ഇവിടെയുണ്ട് -47).

               മൂത്ത രണ്ട് മക്കളും സ്വയം സൈക്ലിംഗ് പഠിച്ചതിനാൽ അവർക്ക് രണ്ട് പേർക്കും ഞാൻ സൈക്കിൾ വാങ്ങിക്കൊടുത്തിരുന്നു. അത് രണ്ടും പഴകിയതിനാൽ മൂന്നാമത്തവൾക്ക് പഠിക്കാനായി കഴിഞ്ഞ വർഷം ഒരു സൈക്കിൾ കൂടി വാങ്ങിക്കൊടുത്തു. ഈ വേനലവധിയിൽ പലതും ഏല്പിച്ച കൂട്ടത്തിൽ അവളെ സൈക്ലിംഗ് പഠിപ്പിക്കാനായി ലുഅ മോളെ ഏർപ്പാടാക്കി. ഇന്നലെ ഞങ്ങൾ ഏവരെയും അൽഭുതപ്പെടുത്തിക്കൊണ്ട് ഗുരുവിനെ കാത്ത് നിൽക്കാതെ, അവൾ സ്വയം തന്നെ സൈക്കിളിൽ ബാലൻസ്‌ഡ് ആയി!

(തുടരും...)

7 comments:

Areekkodan | അരീക്കോടന്‍ said...

സൈക്കിളിംഗ് പഠിക്കൽ രസകരമാണ്.പഠിച്ച് കഴിഞ്ഞാലുള്ള ത്രില്ല് വേറെയും.

മഹേഷ് മേനോൻ said...

സൈക്കിൾ ഒരുവിധം ചവിട്ടാൻ പഠിക്കുകയും ചെയ്തു എന്നാൽ അത്ര എക്സ്പെർട്ട് ആയിട്ടുമില്ല എന്ന അവസ്ഥയിൽ കാണിച്ചുകൂട്ടിയ സാഹസങ്ങളുടെ പാടുകൾ ഇപ്പോളും മുട്ടിലും കാലിലുമൊക്കെയുണ്ട് :-D

Areekkodan | അരീക്കോടന്‍ said...

മഹേഷ് ജി... പിന്നിട്ട കാലം കോറിയിട്ട വരകൾ ഓർമ്മകളുണർത്തട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

രസാവഹം ...!

Areekkodan | അരീക്കോടന്‍ said...

Muraliji...Thanks

© Mubi said...

ചെറുതിലെ പഠിക്കുന്നതാണ് നല്ലത്. ഞാൻ ഇവിടെ വന്നിട്ടാണ് പഠിച്ചത്..

Areekkodan | അരീക്കോടന്‍ said...

Mubi...അതെ, പിന്നെ മറ്റാരെയും ആശ്രയിക്കേണ്ടി വരില്ല.

Post a Comment

നന്ദി....വീണ്ടും വരിക