Pages

Sunday, December 30, 2012

നമ്മുടെ നാട് ഇനിയെങ്കിലും ഉണരുമോ ?


അവസാനം ആ ജ്യോതിയും അണഞ്ഞു, അവളും മരണത്തിന് കീഴടങ്ങി.ദല്‍ഹിയില്‍ നരാധമന്മാര്‍ പിച്ചിചീന്തിയ അവളുടെ ശരീരം ഒരു ‘വിദേശയാത്ര’ യും കഴിഞ്ഞ് വീണ്ടും ഇന്ത്യയില്‍ എത്തുമ്പോള്‍ അനേകം ചോദ്യങ്ങള്‍ മനസ്സില്‍ ഉയരുന്നു.ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ തന്നെ പല തട്ടുകളിലായി അഭിപ്രായം പറയുമ്പോള്‍ പൊതുജനം വീണ്ടും കഴുതകളാകുന്നു.

കേരളത്തിന്റെ സൌമ്യ ഇന്ന് നമ്മുടെ സ്മൃതിപഥത്തില്‍ നിന്നും മറഞ്ഞു കഴിഞ്ഞു.അന്നത്തെ ഗോവിന്ദച്ചാമി ഏതോ കോണില്‍ ഇന്നും ജീവിക്കുന്നു.പല തരത്തിലുള്ള കോലാഹലങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കി നാം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന ഒരു മിഥ്യാബോധം നമ്മില്‍ സൃഷ്ടിച്ച് ആ അധ്യായം എല്ലാവരും ഭംഗിയായി ക്ലോസ് ചെയ്തു.ദല്‍ഹി സംഭവം ഒരു വേള നമ്മെയെല്ലാം സൌമ്യയെ വീണ്ടും ഓര്‍മ്മിപ്പിച്ചു.

ദല്‍ഹി പെണ്‍കുട്ടിയുടെ മരണം രാജ്യമൊട്ടുക്കും പ്രതിഷേധ കൊടുങ്കാറ്റ് തന്നെ അഴിച്ചു വിട്ടു.പ്രധാനമന്ത്രിയും പ്രസിഡെന്റും മറ്റും അവളെ ഇന്ത്യയുടെ ധീരപുത്രിയായി വാഴിച്ചു. കാമഭ്രാന്തന്മാര്‍ പിച്ചിചീന്തിയപ്പോഴാണോ ഇവര്‍ക്ക് ഇത് മനസ്സിലായത് എന്ന് ഏത് കുട്ടിക്കും സംശയം തോന്നും.എന്തിനാണ് ഈ ഒന്നാംതരം നാടക ഡയലോഗ്  എന്ന് ബുദ്ധിയുള്ള എല്ലാ മനുഷ്യര്‍ക്കും മനസ്സിലായിട്ടുണ്ടാകും എന്ന് തീര്‍ച്ച.‘ആ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നു’ എന്ന് പറയുന്ന യു.പി.എ അധ്യക്ഷയോട് ഒരു ചോദ്യം കൂടി.ഇത്തരം എത്ര ശബ്ദങ്ങള്‍ താങ്കളുടെ ബധിരകര്‍ണ്ണത്തില്‍ പതിഞ്ഞു എന്ന് കൂടി വെളിപ്പെടുത്താമോ?

വിദ്യാര്‍ത്ഥികള്‍ സ്വമേധയാ ഡെല്‍ഹിയിലെ തെരുവീഥികളില്‍ തടിച്ചുകൂടി പ്രതിഷേധമുയര്‍ത്തിയത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു താക്കീതാണ്. ഈ രാജ്യത്ത് എന്ത് തോന്ന്യാസവും നടത്താന്‍ ഇനി ഞങ്ങള്‍ സമ്മതിക്കില്ല , യുവജനങ്ങള്‍ ലിംഗ-ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഉണര്‍ന്നു കഴിഞ്ഞു എന്ന ശക്തമായ താക്കീത്.ടിയാനന്‍മെന്‍ സ്ക്വയറിലും കെയ്‌റോയിലും മറ്റും സംഭവിച്ചത് രാം‌ലീലയിലും സംഭവ്യമാണ് എന്ന മുന്നറിയിപ്പ് കൂടിയാണിത്. ഈ സംഭവങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് ആരും ഉപയോഗപ്പെടുത്താതെ ശരിയായ ദിശയില്‍ നീങ്ങിയാല്‍ തീര്‍ച്ചയായും ‘ജ്യോതി‘ എന്നും അണയാതെ നില്‍ക്കും.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ.ഏറ്റവും വേഗത്തിലുള്ളതും ഏറ്റവും മാതൃകാപരവുമായ ശിക്ഷ തന്നെയാണത്. ഒരു പെണ്‍കുട്ടിയുടെ മാനം മാത്രമല്ല ഇവിടെ നഷ്ടപ്പെട്ടത് , മറിച്ച് ലോകത്തിന്റെ മുമ്പില്‍ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെയും അതിലെ 124 കോടി ജനങ്ങളുടേയും മാനം കൂടിയാണ് എന്നതിനാല്‍ നീതിപീഠം എത്രയും പെട്ടെന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.ജനമനസ്സുകളില്‍ നിന്ന് ഈ ദുരന്തസ്മരണകള്‍ ഒഴിയും മുമ്പ് ഈ മനുഷ്യമൃഗങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കും എന്ന് മാത്രം ഇപ്പോള്‍ നമുക്ക് പ്രത്യാശിക്കാം.

Thursday, December 20, 2012

വിഢിപ്പെട്ടിയിലും എന്റെ കഷണ്ടി !

അങ്ങനെ വിഢിപ്പെട്ടിയിലും എന്റെ കഷണ്ടി തെളിഞ്ഞു...! ഇന്ന് ദര്‍ശന ടി.വിയില്‍ ഇ-ലോകം പരിപാടിയില്‍ ബ്ലോഗര്‍ ഓഫ് ദ വീക്കിലൂടെ എന്റെ കുടുംബം എന്നെ ടി.വിക്കുള്ളിലും കണ്ടു!എന്റെ വീട്ടില്‍ ഈ കുന്ത്രാണ്ടം ഇല്ലാത്തതിനാല്‍ മൂത്തുമ്മായുടെ മകന്റെ വീട്ടില്‍ പോയാണ് ഞാന്‍ എന്നെ ദര്‍ശിച്ചത്. എന്നെ ടി.വിയില്‍ കാണാന്‍ പ്രേക്ഷകലക്ഷങ്ങള്‍ ആറര മുതല്‍ അക്ഷമയോടെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു! അടുത്തകാലത്തൊന്നും ഇതിന് മുമ്പില്‍ ഇരിക്കാത്തതിനാല്‍ എനിക്കും ഉമ്മാക്കും ആ കാത്തിരിപ്പ് അരോചകമായി തോന്നി.

അവസാനം 7.20ന് അവതാരകന്റെ അറിയിപ്പ് വന്നു...ഇന്ന് നമ്മുടെ കൂടെയുള്ളത് അരീക്കോടന്‍ എന്ന ആബിദ്.പിന്നെ ഒരു പെണ്ണ്‌ എന്റെ മാഹാത്മ്യങ്ങള്‍ മൊഴിഞ്ഞു.ഒപ്പം കുറേ ഫോട്ടോകളും അകമ്പടി സേവിച്ചു.ഏകദേശം പത്ത് -പതിനഞ്ച് മിനുട്ട് അവതാരകന്‍ എന്നെ ‘ഇരുത്തി’.

ഇനി കണ്ട പ്രേക്ഷകരുടെ കമന്റ്:-
1) മൂത്തുമ്മായുടെ മരുമകള്‍ - നിന്നെ ഇത്രയധികം നിറം വയ്പ്പിക്കാന്‍ തേച്ച ആ സാധനം എന്താണെന്ന് ഒന്ന് അന്വേഷിക്കണം (ഒരു മകളെ കൂടി കെട്ടിക്കാനുണ്ടേ...)

2) എന്റെ ഡിഗ്രി സുഹൃത്ത് ഹാരിസ് - വെള്ളിക്കിണ്ണം പോലെ തിളങ്ങുന്ന കഷണ്ടിയില്‍ ഞങ്ങളുടെ കണ്ണ് മഞ്ഞളിച്ചു പോയി !(അതല്ലേ ഞാനും പറഞ്ഞത് , തലവര നന്നായില്ലെങ്കിലും കഷണ്ടി സൂപ്പറായിന്ന്....)

പ്രിയസുഹൃത്തുക്കളേ....ഒരു പേര് ഞാനിവിടെ പരാമര്‍ശിക്കാതിരിക്കുന്നത് ശരിയല്ല.എന്നെ ദര്‍ശന ടി.വിയുമായി ബന്ധിപ്പിച്ചത് മറ്റാരുമല്ല, ബൂലോകത്തെ കണ്ണികള്‍ കൂട്ടിചേര്‍ക്കുന്ന സാക്ഷാല്‍ കൊട്ടോട്ടിക്കാരന്‍ തന്നെ....ഒരു വാക്കില്‍ ഒതുക്കുന്നില്ല അതിനുള്ള നന്ദി, പകരം ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

ഇന്ന് രാത്രി 11 മണിക്കും നാളെ രാവിലെ 7.മണിക്കും ഉച്ചക്ക് 1.30നും ഇതിന്റെ പുന:സം‌പ്രേഷണം ഉണ്ടായിരിക്കും എന്ന് സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.

Monday, December 17, 2012

ഒരു സന്നദ്ധ രക്തദാന ക്യാമ്പും ചില അനുഭവങ്ങളും

രക്തദാനതിന്റെ മാഹാത്മ്യത്തെപറ്റി ഞാന്‍ മുമ്പും ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട് . എന്നാല്‍ ഈയിടെ ഞാന്‍ പങ്കെടുത്ത ഒരു സന്നദ്ധ രക്തദാന ക്യാമ്പ് മൂന്ന്‍ കാര്യങ്ങള്‍ കൊണ്ട് വ്യത്യസ്തമായി.

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന കാലികറ്റ് ഗേള്‍സ് വോക്കെഷനാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലായിരുന്നു ക്യാമ്പ്. എന്റെ കോളേജില്‍ വച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്ന സന്നദ്ധ രക്തദാന ക്യാമ്പ് ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയപ്പോള്‍ ആ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെട്ടിരുന്ന ചില വളണ്ടിയര്‍മാരെ ഞാന്‍ ഈ ക്യാമ്പിലേക്ക് ഡയരക്റ്റ് ചെയ്തു. എല്ലാവരും വന്നില്ലെങ്കിലും ക്യാമ്പില്‍ ഞങ്ങളുടെ പ്രാധിനിത്യം അറിയിക്കാന്‍ സാധിച്ചു.

സാധാരണ ഗതിയില്‍ രക്തം ദാനം ചെയ്യാന്‍ പതിനെട്ട്  വയസ്സ് തികയണം. മാത്രമല്ല നാല്പത്തിയന്ച് കിലോഗ്രാം എങ്കിലും തൂക്കവും വേണം. ഗേള്‍സ് സ്കൂള്‍ ആയതിനാല്‍ ഇത് രണ്ടും കൂടി ഉണ്ടാകാന്‍ ഒട്ടും സാധ്യത ഇല്ലാത്ത ഒരു സ്ഥലത്ത് ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിച്ച ചങ്കൂറ്റത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ കൂടിയായിരുന്നു ഞാന്‍ ഈ ക്യാമ്പില്‍ സഹകരിച്ചത്. നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും സഹോദരന്മാരും സുഹൃത്തുക്കളുമായി നിരവധി പേര്‍ ആ ക്യാമ്പില്‍ രക്തം ദാനം ചെയ്ത് അത് വന്‍ വിജയമാക്കി മാറ്റി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എന്‍.എസ്‌.എസ്‌  പ്രോഗ്രാം ഓഫീസറെയും വളന്റിയര്മാരെയും മറ്റ്‌  സ്റ്റാഫ് അംഗങ്ങളേയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

എന്റെ കോളേജില്‍ നിന്നും വന്ന സംഘത്തില്‍ ഒരാള്‍ മാത്രമായിരുന്നു പെണ്‍കുട്ടി ആയി ഉണ്ടായിരുന്നത് - ശ്രീവിദ്യ. കൂട്ടുകാരെല്ലാം കോഴിക്കോട് എന്‍.ഐ.ടിയില്‍ നടക്കുന്ന പ്രശസ്തമായ ഫെസ്റ്റിവല്‍ കാണാന്‍ പോയപ്പോള്‍ രക്തം ദാനം ചെയ്യണം എന്ന നിര്‍ബന്ധബുദ്ധി കാരണം ശ്രീവിദ്യ നാട്ടില്‍ പോക്കും നീട്ടിവച്ച് ഞങ്ങളുടെ സംഘത്തില്‍ ചേര്‍ന്നു. പ്രാഥമിക തൂക്ക പരിശോധനയില്‍ ഓ.കെ കാണിച്ച് അകത്ത് ഡോക്ടറുടെ അടുത്തുള്ള വെയിംഗ് മെഷീനില്‍ കയറിയപ്പോള്‍ അണ്ടര്‍ വെയ്റ്റ് !ഇത് ആ മെഷീനിന്റെ കുഴപ്പമാണെന്ന് ശ്രീവിദ്യ പറഞ്ഞെങ്കിലും ഡോക്ടര്‍ ചെവികൊണ്ടില്ല.സങ്കടത്തോടെ എന്റെ അടുത്ത് വന്ന് ഈ വിവരം ശ്രീവിദ്യ പറഞ്ഞപ്പോള്‍ ഞാന്‍ അവളുടെ ആ മനസ്സിനെ നമിച്ചു.രക്തം ദാനം ചെയ്യാന്‍ സാധിച്ചില്ല എങ്കിലും മൂന്ന് മണി വരെ ഞങ്ങളുടെ കൂടെ തന്നെ നിന്ന് ശ്രീവിദ്യ തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചു.പ്രോഗ്രാം കഴിഞ്ഞ് പാലക്കാട്ടുള്ള വീട്ടില്‍ ആറ് മണിക്ക് എത്തിയ ഉടനെ ശ്രീവിദ്യ എനിക്ക് ഒരു എസ്.എം.എസ് അയച്ചു.അതിന്റെ ആകെത്തുക ഇതായിരുന്നു - “ഇന്ന് എനിക്ക് രക്തം ദാനം ചെയ്യാന്‍ സാധിച്ചില്ല എന്ന ദു:ഖം ഉണ്ടെങ്കിലും ഈ ദിവസം എന്റെ മനസ്സില്‍ പത്തിഞ്ഞു”.
മൂന്നാമത്തെ കാര്യവും എന്റെ ഒരു വളണ്ടിയറുടെ സന്നദ്ധത തന്നെയാണ് - മുഹമ്മദ് സമീല്‍.സ്കൂളിന്റെ അടുത്ത് തന്നെയുള്ള താമസക്കാരനായതിനാല്‍ സമീലിനോട് നേരത്തെ എത്തണം എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു.ഞാന്‍ എത്തിയിട്ടും സമീല്‍ എത്താത്തതിനാല്‍ ഫോണ്‍ ചെയ്തപ്പോഴാണ് ബാക്കിയുള്ളവര്‍ അവന്റെ കൂടെ ഉണ്ടെന്നും അവന്‍ ജോലി ചെയ്യുന്ന അവരുടെ കൂട്ടുസ്വത്തായ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയാണെന്നും അറിയിച്ചത്.രക്തദാനം തുടങ്ങുമ്പോഴേക്കും എല്ലാവരും സ്ഥലത്ത് എത്തിച്ചേര്‍ന്നു.പതിവ് പോലെ സമീലിനോടും രക്തം ദാനം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു.അവന്‍ സമ്മതിക്കുകയും ചെയ്തു.അല്പം കഴിഞ്ഞ് സമീല്‍ ചോദിച്ചു.
“സാര്‍...നോമ്പെടുത്ത് രക്തം ദാനം ചെയ്യുന്നതില്‍ തടസ്സമുണ്ടോ?”
“പാടില്ല...ഇപ്പോള്‍ എന്ത് നോമ്പാ?” പതിവില്ലാത്ത നോമ്പ് വിവരം കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
“മുഹറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസം ഞാന്‍ നോമ്പെടുക്കാറുണ്ട്...”
മുഹറം ഒമ്പതും പത്തും മാത്രം നോമ്പെടുക്കുന്ന ഞാന്‍ അവന്റെ മുമ്പിലും ശിരസ്സ് താഴ്‌ത്തി.
പരിപാടി കഴിഞ്ഞ് എല്ലാവരേയും വീണ്ടും ഹോട്ടലില്‍ കൊണ്ടുപോയി ഇഷ്ടമുള്ള ഭക്ഷണം സമീല്‍ തന്നെ വിളമ്പിത്തരുമ്പോള്‍ അവന്റെ ആമാശയം നോമ്പിന്റെ സ്വസ്ഥത ആസ്വദിക്കുകയായിരുന്നു.

ജീവിതത്തില്‍ ചിലത് അപ്രതീക്ഷിതമായി അനുഭവിക്കുമ്പോഴാണ് നമ്മുടെ മനസ്സില്‍ ചലനം ഉണ്ടാകുന്നത്.മേല്‍ പറഞ്ഞ മൂന്ന് വ്യത്യസ്ത അനുഭവങ്ങള്‍ എനിക്ക് നല്‍കിയ പാഠങ്ങളും അത് തന്നെ.നല്ല മനസ്സുള്ള കുറേ പേര്‍ നമുക്ക് ചുറ്റും മൌനമായി ജീവിച്ചു കൊണ്ടിരിക്കുന്നു.അതിനാല്‍ തന്നെയാവാം ഈ ലോകം ഇപ്പോഴും നിലനില്‍ക്കുന്നത്.

Thursday, December 13, 2012

സംസ്ഥാന അവാര്‍ഡ് വിതരണം

പ്രിയപ്പെട്ടവരേ....

നാഷണല്‍ സര്‍വീസ് സ്കീം മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് ലഭിച്ചിരുന്ന വിവരം ഞാന്‍ പല സ്ഥലത്തും പല അവസരങ്ങളിലും പറഞ്ഞിരുന്നു.എന്നാല്‍ ഇന്നു വരെ ആ അവാര്‍ഡ് കയ്യില്‍ കിട്ടിയിരുന്നില്ല.ഇപ്പോള്‍ രാഷ്ട്രപതി ഭവനില്‍ പോയി നാഷണല്‍ അവാര്‍ഡ്‌ദാന ചടങ്ങിലും പങ്കെടുത്ത ശേഷം നമ്മുടെ സംസ്ഥാന അവാര്‍ഡ് വിതരണം ചെയ്യപ്പെടുകയാണ്.

അതേ...ഈ പതിനഞ്ചാം തീയതി (ശനിയാഴ്ച) ചെങ്ങന്നൂര്‍ ഐ.എച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച്  രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍‌ചാണ്ടിയില്‍ നിന്ന് ഞാന്‍ അവാര്‍ഡ് സ്വീകരിക്കും (ഇന്‍ഷാ അല്ലാഹ്) എന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നു.അവാര്‍ഡ് ദാന ചടങ്ങിലേക്ക് എല്ലാ ബൂലോകരേയും ക്ഷണിക്കുന്നു.

Saturday, December 01, 2012

എന്റെ ലോകറിക്കാര്‍ഡുകള്‍

അങ്ങനെ അരീക്കോടന്‍ ആദ്യമായി ബീമാനത്തിലും ആദ്യമായി രാഷ്ട്രപതി ഭവനിലും കേറി ! സ്വപ്നത്തിലല്ല, നേരിട്ട് ! രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ കയറി രാഷ്ട്രപതിയെ നേരിട്ട് കാണുന്ന ആദ്യ അരീക്കോട്ടുകാരന്‍ , ആദ്യ ബൂലോകന്‍ (?) അങ്ങനെ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമുള്ള (ശങ്കര്‍ സിമന്റിനോട് കടപ്പാട്) നിരവധി ആദ്യ ലോകറിക്കാര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഞാന്‍ രാഷ്ട്രപതി ഭവന്‍ പടി ഇറങ്ങിയത്.ആ കഥകള്‍ ഉടന്‍ ബൂലോകത്ത്.....