Pages

Monday, December 17, 2012

ഒരു സന്നദ്ധ രക്തദാന ക്യാമ്പും ചില അനുഭവങ്ങളും

രക്തദാനതിന്റെ മാഹാത്മ്യത്തെപറ്റി ഞാന്‍ മുമ്പും ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട് . എന്നാല്‍ ഈയിടെ ഞാന്‍ പങ്കെടുത്ത ഒരു സന്നദ്ധ രക്തദാന ക്യാമ്പ് മൂന്ന്‍ കാര്യങ്ങള്‍ കൊണ്ട് വ്യത്യസ്തമായി.

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന കാലികറ്റ് ഗേള്‍സ് വോക്കെഷനാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലായിരുന്നു ക്യാമ്പ്. എന്റെ കോളേജില്‍ വച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്ന സന്നദ്ധ രക്തദാന ക്യാമ്പ് ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയപ്പോള്‍ ആ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെട്ടിരുന്ന ചില വളണ്ടിയര്‍മാരെ ഞാന്‍ ഈ ക്യാമ്പിലേക്ക് ഡയരക്റ്റ് ചെയ്തു. എല്ലാവരും വന്നില്ലെങ്കിലും ക്യാമ്പില്‍ ഞങ്ങളുടെ പ്രാധിനിത്യം അറിയിക്കാന്‍ സാധിച്ചു.

സാധാരണ ഗതിയില്‍ രക്തം ദാനം ചെയ്യാന്‍ പതിനെട്ട്  വയസ്സ് തികയണം. മാത്രമല്ല നാല്പത്തിയന്ച് കിലോഗ്രാം എങ്കിലും തൂക്കവും വേണം. ഗേള്‍സ് സ്കൂള്‍ ആയതിനാല്‍ ഇത് രണ്ടും കൂടി ഉണ്ടാകാന്‍ ഒട്ടും സാധ്യത ഇല്ലാത്ത ഒരു സ്ഥലത്ത് ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിച്ച ചങ്കൂറ്റത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ കൂടിയായിരുന്നു ഞാന്‍ ഈ ക്യാമ്പില്‍ സഹകരിച്ചത്. നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും സഹോദരന്മാരും സുഹൃത്തുക്കളുമായി നിരവധി പേര്‍ ആ ക്യാമ്പില്‍ രക്തം ദാനം ചെയ്ത് അത് വന്‍ വിജയമാക്കി മാറ്റി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എന്‍.എസ്‌.എസ്‌  പ്രോഗ്രാം ഓഫീസറെയും വളന്റിയര്മാരെയും മറ്റ്‌  സ്റ്റാഫ് അംഗങ്ങളേയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

എന്റെ കോളേജില്‍ നിന്നും വന്ന സംഘത്തില്‍ ഒരാള്‍ മാത്രമായിരുന്നു പെണ്‍കുട്ടി ആയി ഉണ്ടായിരുന്നത് - ശ്രീവിദ്യ. കൂട്ടുകാരെല്ലാം കോഴിക്കോട് എന്‍.ഐ.ടിയില്‍ നടക്കുന്ന പ്രശസ്തമായ ഫെസ്റ്റിവല്‍ കാണാന്‍ പോയപ്പോള്‍ രക്തം ദാനം ചെയ്യണം എന്ന നിര്‍ബന്ധബുദ്ധി കാരണം ശ്രീവിദ്യ നാട്ടില്‍ പോക്കും നീട്ടിവച്ച് ഞങ്ങളുടെ സംഘത്തില്‍ ചേര്‍ന്നു. പ്രാഥമിക തൂക്ക പരിശോധനയില്‍ ഓ.കെ കാണിച്ച് അകത്ത് ഡോക്ടറുടെ അടുത്തുള്ള വെയിംഗ് മെഷീനില്‍ കയറിയപ്പോള്‍ അണ്ടര്‍ വെയ്റ്റ് !ഇത് ആ മെഷീനിന്റെ കുഴപ്പമാണെന്ന് ശ്രീവിദ്യ പറഞ്ഞെങ്കിലും ഡോക്ടര്‍ ചെവികൊണ്ടില്ല.സങ്കടത്തോടെ എന്റെ അടുത്ത് വന്ന് ഈ വിവരം ശ്രീവിദ്യ പറഞ്ഞപ്പോള്‍ ഞാന്‍ അവളുടെ ആ മനസ്സിനെ നമിച്ചു.രക്തം ദാനം ചെയ്യാന്‍ സാധിച്ചില്ല എങ്കിലും മൂന്ന് മണി വരെ ഞങ്ങളുടെ കൂടെ തന്നെ നിന്ന് ശ്രീവിദ്യ തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചു.പ്രോഗ്രാം കഴിഞ്ഞ് പാലക്കാട്ടുള്ള വീട്ടില്‍ ആറ് മണിക്ക് എത്തിയ ഉടനെ ശ്രീവിദ്യ എനിക്ക് ഒരു എസ്.എം.എസ് അയച്ചു.അതിന്റെ ആകെത്തുക ഇതായിരുന്നു - “ഇന്ന് എനിക്ക് രക്തം ദാനം ചെയ്യാന്‍ സാധിച്ചില്ല എന്ന ദു:ഖം ഉണ്ടെങ്കിലും ഈ ദിവസം എന്റെ മനസ്സില്‍ പത്തിഞ്ഞു”.
മൂന്നാമത്തെ കാര്യവും എന്റെ ഒരു വളണ്ടിയറുടെ സന്നദ്ധത തന്നെയാണ് - മുഹമ്മദ് സമീല്‍.സ്കൂളിന്റെ അടുത്ത് തന്നെയുള്ള താമസക്കാരനായതിനാല്‍ സമീലിനോട് നേരത്തെ എത്തണം എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു.ഞാന്‍ എത്തിയിട്ടും സമീല്‍ എത്താത്തതിനാല്‍ ഫോണ്‍ ചെയ്തപ്പോഴാണ് ബാക്കിയുള്ളവര്‍ അവന്റെ കൂടെ ഉണ്ടെന്നും അവന്‍ ജോലി ചെയ്യുന്ന അവരുടെ കൂട്ടുസ്വത്തായ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയാണെന്നും അറിയിച്ചത്.രക്തദാനം തുടങ്ങുമ്പോഴേക്കും എല്ലാവരും സ്ഥലത്ത് എത്തിച്ചേര്‍ന്നു.പതിവ് പോലെ സമീലിനോടും രക്തം ദാനം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു.അവന്‍ സമ്മതിക്കുകയും ചെയ്തു.അല്പം കഴിഞ്ഞ് സമീല്‍ ചോദിച്ചു.
“സാര്‍...നോമ്പെടുത്ത് രക്തം ദാനം ചെയ്യുന്നതില്‍ തടസ്സമുണ്ടോ?”
“പാടില്ല...ഇപ്പോള്‍ എന്ത് നോമ്പാ?” പതിവില്ലാത്ത നോമ്പ് വിവരം കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
“മുഹറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസം ഞാന്‍ നോമ്പെടുക്കാറുണ്ട്...”
മുഹറം ഒമ്പതും പത്തും മാത്രം നോമ്പെടുക്കുന്ന ഞാന്‍ അവന്റെ മുമ്പിലും ശിരസ്സ് താഴ്‌ത്തി.
പരിപാടി കഴിഞ്ഞ് എല്ലാവരേയും വീണ്ടും ഹോട്ടലില്‍ കൊണ്ടുപോയി ഇഷ്ടമുള്ള ഭക്ഷണം സമീല്‍ തന്നെ വിളമ്പിത്തരുമ്പോള്‍ അവന്റെ ആമാശയം നോമ്പിന്റെ സ്വസ്ഥത ആസ്വദിക്കുകയായിരുന്നു.

ജീവിതത്തില്‍ ചിലത് അപ്രതീക്ഷിതമായി അനുഭവിക്കുമ്പോഴാണ് നമ്മുടെ മനസ്സില്‍ ചലനം ഉണ്ടാകുന്നത്.മേല്‍ പറഞ്ഞ മൂന്ന് വ്യത്യസ്ത അനുഭവങ്ങള്‍ എനിക്ക് നല്‍കിയ പാഠങ്ങളും അത് തന്നെ.നല്ല മനസ്സുള്ള കുറേ പേര്‍ നമുക്ക് ചുറ്റും മൌനമായി ജീവിച്ചു കൊണ്ടിരിക്കുന്നു.അതിനാല്‍ തന്നെയാവാം ഈ ലോകം ഇപ്പോഴും നിലനില്‍ക്കുന്നത്.

4 comments:

Areekkodan | അരീക്കോടന്‍ said...

നല്ല മനസ്സുള്ള കുറേ പേര്‍ നമുക്ക് ചുറ്റും മൌനമായി ജീവിച്ചു കൊണ്ടിരിക്കുന്നു.അതിനാല്‍ തന്നെയാവാം ഈ ലോകം ഇപ്പോഴും നിലനില്‍ക്കുന്നത്.

Cv Thankappan said...

മനുഷ്യസ്വഭാവമല്ലേ മാഷെ,ചാടിയും ചാഞ്ചാടിയും ഇരിക്കും!
ആശംസകള്‍

വീകെ said...

അതെ, മനുഷ്യസ്വഭാവമുള്ള കുറച്ചു പേർ ഇനിയും ഈ ലോകത്ത് അവശേഷിക്കുന്നുവെന്നത് വല്ലാത്ത ഒരു പ്രതീക്ഷ തന്നെയാണ്...!
ആശംസകൾ...

Unknown said...

കൊള്ളാം മാഷെ.. താങ്കളുടെ കൂടെ ഉള്ള എല്ലാവര്ക്കും നല്ല സാമൂഹ്യ പ്രതിബദധത ഉണ്ട്. ഇങ്ങനെ ഉള്ളവരെ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം. സ്നേഹപൂര്‍വ്വം സന്തോഷ്‌ നായര്‍

Post a Comment

നന്ദി....വീണ്ടും വരിക