Pages

Saturday, June 23, 2007

അബുവിണ്റ്റെ ദേശാടനം

ഗള്‍ഫില്‍ നിന്നും വരുന്ന എളാപ്പയെ കണ്ട അബു കൂട്ടിലകപ്പെട്ട കുറുക്കനെപ്പോലെയായി. 'എളാപ്പയുടെ ഒപ്പം കൂടിയാല്‍ എന്തെങ്കിലും കിട്ടും....പക്ഷേ....?ബല്ല്യ മന്‍സനാകാന്‍ പൊറപ്പെട്ട്‌ അബുവായിത്തന്നെ മടങ്ങേണ്ടി ബെരും...' അബു ആലോചിച്ചു. "എന്താ ജ്ജ്‌ പന്തം കണ്ട പെര്‍ച്ചായിണ്റ്റെ* മാതിരി നിക്ക്ണ്‌ ?" പിന്നില്‍ നിന്നും എളാമയുടെ ചോദ്യം "എത്തുംല്ല..... ആപ്പ എന്നേ കെള്‍ഫ്ന്ന്‌ ബെന്നത്‌?" "ഞാനിതാ...ഇപ്പം ബെര്‍ണ ബെരവാ.... ജ്ജ്‌ എങ്ങന്യാ ഇബടെ എത്ത്യേ ?" "ഞാന്‍...ഞാന്‍......" എന്ത്‌ പറയണമെന്നറിയാതെ അബു പരുങ്ങി. "എത്താ അനക്കൊര്‌ എക്കാചക്ക*?" "എത്തുംല്ല....ഇച്ച്‌ അര്‍മാന്‍ മോല്യാരൊന്ന്‌ കാണണം..." അബു ഒരു നുണ തട്ടിവിട്ടു. "ആ....ഏതായാലും കുടീല്‌ കേറീട്ട്‌ പോയാ മതി....അര്‍മാന്‍ മോല്യാര്‍ക്ക്ള്ള ഒരു സാധനും അണ്റ്റട്ത്ത്‌ തരാ.... " "ങേ...!' അബു ഞെട്ടി. ' അര്‍മാന്‍ മോല്യാരെ കാണണംന്ന്‌ പറഞ്ഞ്‌ കൊയപ്പായല്ലോ.....ഞ്പ്പം എങ്ങനെ കയ്ച്ച്‌ലാവും...?'അബു ആലോചിച്ചു. "ആ..നടക്കങ്ങട്ട്‌ കുടീക്ക്‌...." എളാപ്പയുടെ ഓര്‍ഡര്‍ കിട്ടിയ അബു യാന്ത്രികമായി ആ വീട്ടിലേക്ക്‌ കയറി.അകത്തേക്ക്‌ പോകാതെ അബു പൂമുഖത്ത്‌ തന്നെ നിന്നു. "എത്താ അണ്റ്റെ മോത്ത്‌ ഒര്‌ ...ഒര്‌..." എളാപ്പ ചോദിച്ചു. "എത്തുംല്ല...." മുഖം തുടച്ചുകൊണ്ട്‌ അബു പറഞ്ഞു. "അനക്ക്‌ ഇന്നെന്നെ അര്‍മാന്‍ മോല്യാരെ അട്ത്ത്‌ പോണോ ? ഇന്ന്‌ ബടെ കൂടി നാളെ അവ്വല്‍സുബൈക്ക്‌* പോയാ പോരേ ?" "അ്‌...അ്‌......ഇച്ച്‌* ഇന്നെന്നെ പോണം....മഅ്‌രിബ്ന്‌ അര്‍മാന്‍ മോല്യാരെ അട്ത്തെത്തണം" അബു വെറുതെ തട്ടിവിട്ടു. "ആ.....റംലേ...ജ്ജ്‌ ബേം കൊറച്ച്‌ ചായണ്റ്റള്ളം ങട്ട്‌ ഇട്ത്താ...ഇബന്‌ ബക്കം* പോണംന്ന്‌... " "ദാ.....കൊണ്ടര്‍ണ്‌....." റംലാത്തയുടെ മറുപടി വന്നു. "പിന്നെ എത്താ കുടീലെ ബിസേസം... ? ഇമ്മാക്ക്‌ സൊക്കേട്‌* ഒന്നുംല്ലല്ലോ ?" "ഇതുബരെ സൊക്കേടൊന്നും ഇല്ലയ്നി... " "ആ... ഞാന്‍ ബെന്ന ബീരം* പറ്യണം....കൊറച്ചീസം കയ്ഞ്ഞ്ട്ട്‌ അയ്‌ലാണ്ടൊക്കെ ബെരണ്ട്‌... " "ആ...."അബു വെറുതെ മൂളി. "ദാ....ചായ ബെന്ന്‌.....റാഹത്തായി* ബിസ്മിം* ചൊല്ല്യാണ്ട്‌ കുട്ച്ചോ... " അബു ചായ എടുത്ത്‌ കുടിക്കാന്‍ തുടങ്ങി.ചുണ്ടോടടുപ്പിച്ച കോപ്പയുടെ മുകളിലൂടെ എളാപ്പയെ ഒളിഞ്ഞൊന്ന്‌ നോക്കി. 'ഞാന്‍ നാട്‌ ബ്ട്ണ കാര്യം എളാപ്പക്ക്‌ അറിയല്‍ണ്ടാവോ ആവോ? ഞി ബേറെ കുലുമാലൊന്നും ഏല്‍പ്പിച്ചാതെ രച്ചപ്പെട്ടാ മത്യെയ്നി....മമ്പര്‍ത്തതങ്ങളേ കാക്ക്‌... ' അബു മനസ്സില്‍ പറഞ്ഞു "ന്നാ ഞാന്‍ പോട്ടെ.." അബു പോകാനായി എണീറ്റു. "ആ....ഔടെ നിക്ക്‌.....അര്‍മാന്‍ മോല്യാര്‍ക്ക്ള്ള സാനം തരാ.... " അബു എളാപ്പ തിരിച്ച്‌ വരുന്നതും കാത്ത്‌ നിന്നു.കയ്യില്‍ ഒതുങ്ങുന്ന ഒരു ചെറിയ പെട്ടിയുമായി എളാപ്പ തിരിച്ചു വന്നു. "ഇത്‌ മോല്യാര്‍ക്ക്ള്ള അത്തറാ..... ഞാന്‍ ബെന്ന ബീരം* പറ്യണം......ആ....ന്നാ പൊയ്ക്കോ.... " "അസ്സലമലൈക്കും... " "വലൈകുമുസ്സലാം... " കെണിയില്‍ നിന്നും രക്ഷപ്പെട്ട പുലിയെപ്പോലെ അബു ഓടി.... 'മഅ്‌രിബ്‌ ആകാറായി....ഇനി ഏതേലും ബണ്ടി കിട്ട്വോ ആവോ? ഏതായാലും റോട്ട്ക്ക്‌ എറങ്ങി നിക്കണ്ട...ബണ്ടി ബെര്‍മ്പം ചാടിക്കേറാം...'പദ്ധതി ആസൂത്രണം ചെയ്തുകൊണ്ട്‌ അബു ചെമ്മണ്‍ റോഡിലെത്തി ഒരു മരത്തിണ്റ്റെ മറവില്‍ നിന്നു. നേരം ഇരുട്ടാന്‍ തുടങ്ങി,അബുവിന്‌ പേടിയാകാനും .'ബണ്ടി ഒന്നും കിട്ടീലെങ്കി ?? ബടെ നിക്കാനും തിരിച്ച്‌ പോകാനും പേടി...മമ്പര്‍ത്തതങ്ങളേ....അജ്മീര്‍ ശൈഖേ....മുനംബത്ത്‌ ബീവ്യേ കാക്ക്‌... ' "ണിം......ണിം....." അകലെ നിന്ന്‌ മണിശബ്ദം കേട്ടു.അബു അങ്ങോട്ട്‌ നോക്കി....ഇളകിയാടുന്ന ചെറിയൊരു റാന്തല്‍ വിളക്ക്‌....അബുവിന്‌ സമാധാനമായി....പക്ഷേ ?ഈ നേരത്ത്‌ ബണ്ടിക്കാരന്‍ കേറ്റീല്ലെങ്കി??അതോണ്ട്‌ ബണ്ടിക്കാരന്‍ അറ്യാതെ ബണ്ടിണ്റ്റെ പിങ്ങ്ക്കൂടി ചാടിക്കേറാം....ഇബടെ ഈ കുജ്ജ്ണ്റ്റെ* അട്ത്ത്‌ ബണ്ടി ഏതായാലും ബേഗം കൊറക്കും....' അബു ആത്മഗതം ചെയ്തു. വണ്ടി അബു നില്‍ക്കുന്ന മരത്തിനടുത്തെത്തി.കുഴി കണ്ട വണ്ടിക്കാരന്‍ വണ്ടിയുടെ വേഗത കുറച്ചു.വണ്ടിക്കാരന്‍ കാണാതെ അബു വണ്ടിയുടെ പിന്നിലേക്കോടി. "ട്പ്‌!!" വണ്ടിക്കാരന്‍ അറിയാതെ അബു വണ്ടിയില്‍ ചാടിക്കയറി.മുനിഞ്ഞ്‌ കത്തുന്ന റാന്തലിണ്റ്റെ അരണ്ട വെളിച്ചത്തില്‍ ഉറക്കം തൂങ്ങുന്ന സഹയാത്രക്കാരനെ അബു നോക്കി. "എണ്റ്റള്ളോ...!!!!അര്‍മാന്‍ മോല്യാര്‍...!!" അബു ഞെട്ടി. (തുടരും.... ) ******************************************** പെര്‍ച്ചായി = വലിയ എലി എക്കാചക്ക = തപ്പിതടയല്‍ അവ്വല്‍സുബൈ = അതിരാവിലെ ഇച്ച്‌ = എനിക്ക്‌ ബക്കം = വേഗം സൊക്കേട്‌ = അസുഖം ബീരം = വിവരം റാഹത്തായി = സമാധാനത്തോടെ ബിസ്മി = ദൈവനാമത്തില്‍ കുജ്ജ്‌ = കുഴി

Monday, June 11, 2007

അമ്മുക്കുട്ടിയുടെ ഉത്തരാധുനിക ചിന്തകള്‍

"അമ്മുട്ടീ......അ........മ്മുട്ടീ......" "മുത്തശ്ശീ....ദാ.....വന്നൂ....." 'ഹൊ......സന്ധ്യ ആകുമ്പോഴേക്കും തൊടങ്ങും.......അ.....മ്മു.....ട്ടീ.....അ.....മ്മു.....ട്ടീ.....ന്ന്‌ കാറി വിളിക്കല്‍...ഒരു....' അമ്മുക്കുട്ടി പിറുപിറുത്തു. "അമ്മുട്ട്യേ....നേരം ഇരുട്ടി....നീ ആ വെളക്ക്‌ വേഗം വയ്ക്കടീ....." "ദാ......എത്തി...." 'നാശം......പണ്ട്‌ വൈദ്യുതി ഇല്ലാത്തതിനാല്‍ ഉമ്മറത്ത്‌ വെളിച്ചം കാണാന്‍ ആരോ തുടങ്ങിവച്ച ഏര്‍പ്പാടാ......ഇപ്പോ വീട്ടിലെ സകല ബള്‍ബും ഓണാക്കീട്ട്‌ , പിന്നെ ഒരു വെളക്കും...'അമ്മുക്കുട്ടി പിറുപിറുത്തുകൊണ്ടിരുന്നു. "ടീ....വെളക്ക്‌ വക്കാന്‍ വൈക്യാലേ.....ദേവന്മാര്‍ക്ക്‌ പകരം അസുരന്മാര്‍ വീട്ടീ കേറും" 'ഓ പിന്നേ...വെളക്ക്‌ വച്ചില്ലെങ്കി ദേവന്മാര്‍ക്ക്‌ കണ്ണ്‌ കാണില്ലാലോ ? ഉം...വെളക്ക്‌ വക്കാന്‍ വൈകിയ ഒരു ദിവസം അസുരന്‍ കയറിയതാവും ഈ മുത്തശ്ശിക്ക്‌ ഇങ്ങനെ.......'ദ്വേഷ്യം അടക്കിപ്പിടിച്ച്‌ അമ്മുക്കുട്ടി അകത്തേക്കോടി. "പ്ധിം..." അമ്മുക്കുട്ടി എന്തിലോ വഴുതി വീണു. "എന്താടീ അവിടൊന്നൊര്‌ ...." ശബ്ദം കേട്ട്‌ മുത്തശ്ശി വിളിച്ചു ചോദിച്ചു.കയ്യില്‍ എന്തോ നനവ്‌ തട്ടിയ അമ്മുക്കുട്ടി വീണിടത്ത്‌ കിടന്ന്‌ കൈ പൊക്കി നോക്കി - 'ഛീ...വെറ്റില മുറുക്കിയത്‌....നാശം....തുപ്പാന്‍ കണ്ട ഒരു സ്ഥലം....' അമ്മുക്കുട്ടിക്ക്‌ വീണ്ടും കലികയറി. "എടീ ....ദാ....പറഞ്ഞേ.....സന്ധ്യക്ക്‌ മുമ്പേ പെങ്കുട്ട്യേള്‌ വീട്ടീക്കേറണമ്ന്ന്‌..." "ആ...ദാ...അമ്മൂമയുടെ വിള...ണിം...ണിം...ണിം..." എന്തിലോ തട്ടിത്തടഞ്ഞ്‌ വീണ്ടും അമ്മുക്കുട്ടിയും വിളക്കും നിലത്തുരുണ്ടു. "എന്താടീ.... നീ ഇന്ന്‌ വീഴാന്‍ നോമ്പ്‌ നോറ്റോ...?" മുത്തശ്ശി വീണ്ടും വിളിച്ചു ചോദിച്ചു. വേദനയമര്‍ത്തിക്കൊണ്ട്‌ അമ്മുക്കുട്ടി ചുറ്റുംനോക്കി - ' തട്ടിത്തടഞ്ഞ്‌ വീഴാന്‍ എന്താപ്പോ ഇവിടെ....ങേ!! ദേ കിടക്കുന്നു പ്രതി....അമ്മൂമയുടെ കോളാമ്പി !! അമ്മൂമയെ ഞാനുണ്ടല്ലോ.....'അമ്മുക്കുട്ടി പല്ലിറുമ്മി. 'ഇതിനെ ഇവിടന്ന്‌ പുറത്ത്കളഞ്ഞിട്ട്‌ തന്നെ ഇനി കാര്യം.....അച്ഛന്‍ വരുമ്പോള്‍ പറയണം....അതിനിപ്പോ അച്ഛന്‍ ഇനി എന്ന വരാ...' അമ്മുക്കുട്ടി ആലോചിച്ചു. പിറ്റേ ദിവസം രാവിലെ മുതല്‍ അമ്മുക്കുട്ടി അമ്മൂമയെ പുറത്താക്കാനുള്ള വഴികള്‍ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ്‌ അമ്മൂമ, അടുക്കളയുടെ അടുത്ത്‌ എന്തോ ചെയ്യുന്നത്‌ അമ്മുക്കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടത്‌. 'നാശം ...ഇപ്പോ വിളി തൊടങ്ങും...'അമ്മുക്കുട്ടി മനസ്സില്‍ പറഞ്ഞതും അമ്മൂമയുടെ വിളി എത്തി. "അമ്മുട്ട്യേ....അ.....മ്മു....ഒന്നിവിടെ വന്നേ...."മനസ്സില്ലാമനസ്സോടെ അമ്മുക്കുട്ടി മുത്തശ്ശിയുടെ അടുത്തെത്തി ഗൗരവത്തോടെ ചോദിച്ചു. "എന്താ?" "ദേ.....ഇതൊന്ന്‌ അടുക്കിവക്കാന്‍ കൂടി തന്നേ..." 'ശ്ശൊ......എന്തൊരു കഷ്ടാ ത്‌....ജാംബവാന്റെ കാലത്തുള്ള പഴംതുണികളാ... ഉരുട്ടി ഉരുട്ടി സഞ്ചീലാക്കി വച്ചിരിക്കുന്നത്‌.....അതീന്ന്‌ എന്തോ തെരഞ്ഞ്‌ തെരഞ്ഞ്‌ എല്ലാം കൂടി പൂരം കഴിഞ്ഞ പറമ്പ്‌ പോലെ ഇവിടെ പരത്തി ഇട്ടിട്ട്‌ അമ്മുട്ട്യേ...അമ്മുട്ട്യേ...ന്ന്‌ വിളിക്ക....തീയങ്ങ്‌ വച്ചാലുണ്ടല്ലോ ഞാന്‍...'വായ വക്രിച്ചുകാട്ടി മുത്തശ്ശിയെ കുറ്റപ്പെടുത്തികൊണ്ട്‌ അമ്മുക്കുട്ടി തുണികള്‍ സഞ്ചിയില്‍ തന്നെ കുത്തിനിറച്ചു. സമയം പിന്നെയും ഇഴഞ്ഞ്‌ നീങ്ങി.ഊണിന്റെ സമയത്തും അമ്മുക്കുട്ടി മുത്തശ്ശിയെ പുറത്താക്കാനുള്ള വഴികള്‍ ആലോചിച്ചുകൊണ്ടിരുന്നു.മുത്തശ്ശിയാകട്ടെ ഊണും കഴിഞ്ഞ്‌ വര്‍ക്കേരിയയിലെ കട്ടിലില്‍ കിടന്ന്‌ മയക്കത്തിലാണ്ടു.പെട്ടെന്നാണ്‌ അമ്മുക്കുട്ടി ആ ശബ്ദം കേട്ടത്‌. "പഴയ സാധനങ്ങളുണ്ടോ ....?"അമ്മുക്കുട്ടി വീട്ടിന്‌ മുന്നിലേക്കോടി.മുഷിഞ്ഞ വേഷത്തില്‍ ഒരു തടിമാടന്‍ , ചാക്കുമായി നില്‍ക്കുന്നു.അയാളെ കണ്ടപ്പോള്‍ തന്നെ അമ്മുക്കുട്ടിക്ക്‌ പേടിയായി. ധൈര്യം സംഭരിച്ചുകൊണ്ട്‌ അമ്മുക്കുട്ടി ആഗതനോട്‌ പറഞ്ഞു. "ദേ.....അപ്പുറത്തുണ്ട്‌..." "എത്ര കിലോ കാണും..?" സന്തോഷത്തോടെ അയാള്‍ അമ്മുക്കുട്ടിയോട്‌ ചോദിച്ചു. "അതൊന്നും എനിക്കറിയില്ല......സാധനം അടുക്കളയുടെ വര്‍ക്കേരിയയിലുണ്ട്‌..." ആഗതന്‍ വര്‍ക്കേരിയയില്‍ പോയി നോക്കി, ഒന്നും കാണാതെ അമ്മുക്കുട്ടിയോട്‌ ചോദിച്ചു - "എവിടെ സാധനം ?" "ദേ...ആ...കട്ടിലില്‍ കിടന്നുറങ്ങുന്നു...." "അത്‌..അത്‌...ഒരു സ്ത്രീ അല്ലേ ?" "ആ.....ഈ വീട്ടിലെ ഏറ്റവും പഴയ സാധനം അതാ !! ഉറക്കമുണരുന്നതിന്‌ മുമ്പ്‌ വേഗം ചാക്കിലാക്കിക്കോ...."

Tuesday, June 05, 2007

അന്ത്യദിന ഘടികാരവും ആഗോളതാപനം എന്ന ഭീഷണിയും

"മനുഷ്യഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു " - ( വിശുദ്ധ ഖുര്‍ആന്‍ 30:41 ) സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ അടയിരിക്കുകയാണ്‌ - 26000 ആണവായുധങ്ങള്‍ക്ക്‌ മുകളില്‍ !!! കാതങ്ങള്‍ക്കപ്പുറത്ത്‌ നിന്നും ഇരമ്പി വരുന്ന ഒരു പ്രളയത്തില്‍ പ്രപഞ്ചമൊന്നടങ്കം മുങ്ങിത്താഴ്‌ന്ന്‌ അവസാനിക്കുമെന്ന്‌ പുരാണങ്ങള്‍ പറയുന്നു.(സുനാമിത്തിരകള്‍ പലരെയും ഈ പ്രവചനം ഓര്‍മ്മിപ്പിച്ചു).കാലം മാത്രം ശേഷിക്കുന്ന ഒരു ദിനത്തെ ശാസ്ത്രവും പ്രതീക്ഷിക്കുന്നു.അതിനായി അറുപത്‌ വര്‍ഷമായി ശാസ്ത്രലോകത്ത്‌ ഒരു സാങ്കല്‍പ്പിക അന്ത്യദിന ഘടികാരം (Doomsday Clock) കറങ്ങിക്കൊണ്ടിരിക്കുന്നു.(ലോകം അഭിമുഖീകരിക്കുന്ന ഭീഷണികളുടെ തീക്ഷ്ണതയും രൂക്ഷതയും ലോകനേതാക്കളെ ബോധ്യപ്പെടുത്താനും ഉണര്‍ത്താനുമുള്ള ഒരു പ്രതീകാത്മക സമ്പ്രദായമാണിത്‌.അമേരിക്കയിലെ ഷിക്കാഗോയില്‍ 1947 - ലാണ്‌ ഈ ഘടികാരം സ്ഥാപിച്ചത്‌.വിരോധാഭാസമാകാം, അമേരിക്കയുടെ ആദ്യ ആറ്റം ബോംബ്‌ നിര്‍മ്മാണ സംഘത്തില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ തുടങ്ങിവച്ച "ബുള്ളറ്റിന്‍ ഓഫ്‌ ദ അറ്റമിക്‌ സയന്റിസ്റ്റ്‌ " എന്ന പ്രസിദ്ധീകരണത്തിന്റെ ഡയരക്ടര്‍ ബോര്‍ഡംഗങ്ങളാണ്‌ ഇതിന്‌ രൂപം നല്‍കിയത്‌.)ലോകം നേരിടുന്ന വിവിധ ഭീഷണികള്‍ക്കനുസരിച്ച്‌ ഈ ഘടികാരസൂചിയിലും വ്യത്യാസം വരും.സര്‍വ്വനാശത്തിന്‌ ഇനി ശേഷിക്കുന്ന സമയമാണ്‌ ഈ ക്ലോക്കില്‍ തെളിഞ്ഞുനില്‍ക്കുന്നത്‌.ലോകത്തിനുള്ള ഒരു മുന്നറിയിപ്പായി ഇത്‌ നിലകൊള്ളുന്നു. അമേരിക്ക, റഷ്യ, ബ്രിട്ടന്‍ ,ഫ്രാന്‍സ്‌ ,ചൈന ,ഇസ്രായേല്‍ ,ഇന്ത്യ ,പാകിസ്ഥാന്‍ ,ഉത്തര കൊറിയ എന്നിങ്ങനെ ആണവശക്തി വെളിപ്പെടുത്തിയ രാജ്യങ്ങളും ഇനിയും വെളിപ്പെടുത്താത്ത രാജ്യങ്ങളും ഈ സര്‍വ്വനാശത്തിലേക്കുള്ള കുതിപ്പിന്‌ ആക്കം കൂട്ടുന്നു.പതിനായിരത്തിലേറെ ആണവായുധങ്ങളാണ്‌ അമേരിക്കയുടെ ശേഖരത്തിലുള്ളത്‌.വര്‍ഷംതോറും 1.6 ലക്ഷം കോടി രൂപ ആണവായുധ ഗവേഷണത്തിനായി , സമാധാനത്തിന്റെ അപ്പോസ്തലന്മാരെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക ഇപ്പോളും ചെലവിടുന്നു!!! ഇക്കഴിഞ്ഞ ജനുവരി 17 ന്‌ അന്ത്യദിന ഘടികാരസൂചി രണ്ട്‌ മിനുട്ട്‌ അര്‍ദ്ധരാത്രിയിലേക്ക്‌ നീക്കി ക്രമീകരിക്കപ്പെട്ടു.ഇപ്പോള്‍ അന്ത്യദിന ഘടികാരത്തില്‍ അര്‍ദ്ധരാത്രിയിലേക്കുള്ള ദൂരം വെറും അഞ്ച്‌ മിനുട്ടാണ്‌.അതായത്‌ സര്‍വ്വനാശത്തിലേക്ക്‌ ഇനി വെറും അഞ്ച്‌ മിനുട്ട്‌ ദൂരം മാത്രം !!! 1945 ആഗസ്ത്‌ 6 ന്‌ ജപ്പാനിലെ ഹിരോഷിമയില്‍ 'ലിറ്റില്‍ ബോയ്‌' നിക്ഷേപിച്ചുകൊണ്ട്‌ അമേരിക്ക ഉത്ഘാടനം ചെയ്ത ആണവയുഗം ഇന്ന്‌ വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന 26000 ത്തില്‍ അധികം ആണവായുധങ്ങളില്‍ എത്തിനില്‍ക്കുന്നു.ആണവയുഗത്തിന്റെ ഉത്ഘാടനം രണ്ട്‌ ലക്ഷത്തിലേറെ മനുഷ്യജീവനുകളാണ്‌ അപഹരിച്ചതെങ്കില്‍ സാങ്കേതിക വിദ്യ ബഹുദൂരം മുന്നിലെത്തിയ ഇന്ന്‌ ലോകത്തെ മുഴുവന്‍ ചുട്ടുകരിക്കാന്‍ , കരിച്ച്‌ കരിച്ച്‌ ചാമ്പലാക്കാന്‍ ഈ 26000 ആണവായുധങ്ങളില്‍ 100 എണ്ണം പോലും വേണ്ടിവരില്ല എന്ന്‌ നാമോര്‍ക്കണം. ആണവഭീഷണി കഴിഞ്ഞാല്‍ ഇന്ന്‌ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുമാണ്‌.അന്ത്യദിന ഘടികാരസൂചി ക്രമീകരണത്തിന്‌ ആദ്യമായി ഇത്തവണ ആഗോളതാപനവും മാനദണ്ഠമായി. ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനമാണ്‌ ആഗോളതാപനത്തിന്‌ കാരണം. ഭൗമാന്തരീക്ഷത്തില്‍ എത്തിച്ചേരുന്ന ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകമാണ്‌ കാര്‍ബണ്‍ ഡയോക്സൈഡ്‌.വ്യാവസായികവിപ്ലവം തുടങ്ങിയത്‌ മുതലാണ്‌ കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഉല്‍പാദനവും വര്‍ദ്ധിച്ചത്‌.കല്‍ക്കരി,പെട്രോള്‍,ഡീസല്‍ തുടങ്ങീ ഇന്ധനങ്ങളുടെ അമിത ഉപയോഗവും കാര്‍ബണ്‍ ഡയോക്സൈഡിന്റെ അധിക ഉല്‍പാദനത്തിന്‌ കാരണമായി.ദിനംപ്രതിയെന്നോണം കൂടിക്കൂടി വരുന്ന മോട്ടോര്‍വാഹനങ്ങളുടെ പെരുപ്പം പുരോഗതിയിലേക്കല്ല അധോഗതിയിലേക്കും സര്‍വ്വനാശത്തിലേക്കുമാണ്‌ വിരല്‍ ചൂണ്ടുന്നത്‌. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്ദ്രത ഒരു ശതമാനമായാല്‍ ശരാശരി താപനില 100 ഡിഗ്രി സെല്‍ഷ്യസ്‌ ആകും - അഥവാ വെള്ളം തിളക്കുന്ന ചൂട്‌.(ഇപ്പോള്‍ ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍ഷ്യസ്‌ മാത്രം).സ്വഭാവികമായും ഈ ഊഷ്മാവില്‍ ജീവന്റെ നിലനില്‍പ്‌ അസാധ്യമാകും.U N -ന്‌ കീഴിലുള്ള Inter Governmental Panal on Climat Change (IPCC) നടത്തിയ പഠനങ്ങള്‍ പ്രകാരം ഈ നൂറ്റാണ്ടവസാനം ഭൂമിയുടെ താപനില 5 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരും.തന്മൂലം ഭൂമിയിലെ പല ആവാസവ്യവസ്ഥകളും തകരും.കാലാവസ്ഥ തകിടം മറിയും.മഞ്ഞുമലകളും ധ്രുവങ്ങളിലെ ഹിമപാളികളും ഉരുകി സമുദ്രനിരപ്പ്‌ ഉയരും.കൂടാതെ ഭൂമിയുടെ ഭ്രമണവേഗത വ്യത്യാസപ്പെടും(ഭ്രമണവേഗത കൂടിയാല്‍ ഭൂമിയില്‍ വസ്തുക്കള്‍ക്ക്‌ നിലനില്‍ക്കാന്‍ സാധ്യമാവില്ല.അവ ഭൂമിയില്‍നിന്ന്‌ തെറിച്ചുപോകും.ഭ്രമണവേഗത കുറഞ്ഞാല്‍ ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കും.ഭ്രമണവേഗത കുറഞ്ഞ്‌ കുറഞ്ഞ്‌ ഭ്രമണം നിലക്കുന്ന അവസ്ഥയില്‍ എത്തിയാല്‍ പിന്നെ രാത്രി-പകല്‍ എന്ന സംഭവവികാസങ്ങള്‍ ഇല്ലാതാകും) ആഗോളതാപനം തടയാനുദ്ദേശിച്ച്‌ U N -ന്റെ നേതൃത്വത്തില്‍ വന്ന ഉടമ്പടിയാണ്‌ ക്യോട്ടോ ഉടമ്പടി.നിര്‍ഭാഗ്യകരവും ലജ്ജാവഹവുമായ നടപടിയെന്ന്‌ വിശേഷിപ്പിക്കട്ടെ ,ആണവായുധങ്ങള്‍ കൂമ്പാരം കൂട്ടുന്നവരും ആഗോളതാപനത്തിന്‌ കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ ഏറ്റവും വലിയ ഉല്‍പാദകരുമായ അമേരിക്കയുടെ, പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷ്‌ അധികാരത്തിലേറി ആദ്യം ചെയ്തത്‌ ക്യോട്ടോ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്മാറുന്നു എന്ന പ്രഖ്യാപനമായിരുന്നു. അതിനാല്‍ പ്രകൃതിസ്നേഹികളേ, നമ്മുടെയും നമ്മുടെ ചുറ്റും വസിക്കുന്ന അനേകം മിണ്ടാപ്രാണികളുടെയും ഒപ്പം നമ്മുടെ പ്രവര്‍ത്തനങ്ങളെ ധാര്‍ഷ്ട്യത്തോടെ തള്ളുന്നവരുടെയും (!!!) നിലനില്‍പ്പിന്‌ ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക്‌ മുന്നിട്ടിറങ്ങാം.താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക 1) ബൈസിക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുക 2) മരങ്ങള്‍ വച്ചുപിടിപ്പിക്കുക ( വര്‍ഷം തോറും ജന്മദിനം കൊണ്ടാടുന്നവരും അല്ലാത്തവരും ഓരോ ജന്മദിനത്തിലും ഓരോതരം വൃക്ഷങ്ങള്‍ നട്ട്‌ പുതിയൊരു മാതൃക സൃഷ്ടിക്കുക) 3) പ്ലാസ്റ്റിക്‌ ഉപയോഗം പരമാവധി കുറക്കുക 4) പ്രകൃതിസ്രോതസ്സുകളെ സംരക്ഷിക്കുക. ഭൂമിക്ക്‌ ഒരു ഭാരമാവാതെ ഭൂമിക്ക്‌ ഒരു കൈ താങ്ങായി ഞാനും എന്റെ കുടുംബാംഗങ്ങളും വര്‍ത്തിക്കും , വര്‍ത്തിക്കണം എന്ന വാശിയോടെ ഇന്ന്‌ മുതല്‍ നമുക്ക്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കാം.

Friday, June 01, 2007

പ്രതിഷേധം

ചേച്ചിയുടെ നിറവയര്‍ നോക്കി നിമ്മിമോള്‍ നെടുവീര്‍പ്പിട്ടു.നിമ്മിമോളുടെ മനസ്സ്‌ സന്തോഷം കൊണ്ട്‌ തുടിച്ചു. 'ദിവസങ്ങള്‍ക്കകം ഈ വീട്ടിലെ എണ്റ്റെ ഏകാന്തവാസം അവസാനിക്കും.എനിക്ക്‌ പുന്നാരം ചൊല്ലാനും കിന്നാരം പറയാനും ഒരു നവാഥിതി താമസിയാതെ വരും.ചേച്ചി ഓഫീസില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ കുട്ടിയുടെ അമ്മയും ഞാന്‍ തന്നെയായിരിക്കും' - നിമ്മിമോളുടെ സ്വപ്നങ്ങള്‍ക്ക്‌ ചിറക്‌ മുളക്കാന്‍ തുടങ്ങി. ഉറങ്ങിക്കിടക്കുന്ന ചേച്ചിയുടെ പെരുവയറില്‍ നിമ്മിമോള്‍ ചെവി വച്ച്‌ നോക്കി... 'ഹായ്‌....അവനിപ്പഴേ പുറത്ത്‌വരാന്‍ തിരക്കായി എന്ന്‌ തോന്നുന്നു'. "പുന്നാരക്കുട്ടീ......നീ ആണോ പെണ്ണോ.... ?" ചേച്ചിയെ ഉണര്‍ത്താതെ നിമ്മിമോള്‍ പതിയെ ചോദിച്ചു. "അത്‌ ചോദിക്കാന്‍ നീ ആരാ....?" മറുപടി കേട്ട്‌ നിമ്മിമോള്‍ ശരിക്കും ഞെട്ടി. "ഞാന്‍...ഞാന്‍.....നിണ്റ്റെ ഇളയമ്മ" നിമ്മിമോള്‍ പറഞ്ഞൊപ്പിച്ചു. "ങാ....അതെന്താ സാധനം... ?" "അതായത്‌ , നിണ്റ്റെ അമ്മയുടെ അനിയത്തി... " "ഓ...അതുശരി... " "എണ്റ്റെ പഞ്ചാരക്കുട്ടി എന്നാ ഇങ്ങ്‌ പോരുന്നത്‌.... ?" "എങ്ങോട്ട്‌.... ?" "ഭൂമിയിലേക്ക്‌.....സമത്വ സുന്ദര സ്വതന്ത്ര സ്വര്‍ഗ്ഗീയ ഇന്ത്യയിലേക്ക്‌... " "എങ്ങോട്ടാന്നാ പറഞ്ഞേ... ?" "സമത്വ സുന്ദര സ്വതന്ത്ര സ്വര്‍ഗ്ഗീയ ഇന്ത്യന്‍ മണ്ണിലേക്ക്‌... " "അയ്യോ ഞാനില്ല...... ഞാന്‍ അങ്ങോട്ട്‌ ഇല്ലേയില്ല" "ങേ... അതെന്താ ?" "കോടികളുടെ വിദേശകടവും രൂക്ഷമായ വിലക്കയറ്റവും ഇപ്പോള്‍ തന്നെ എണ്റ്റെ മുതുക്‌ ഒടിച്ചിട്ടിരിക്കുന്നു.നിണ്റ്റെ ആ സമത്വ സുന്ദര സ്വതന്ത്ര സ്വര്‍ഗ്ഗീയ ഇന്ത്യയെക്കാളും നല്ലത്‌ എണ്റ്റെ ഈ ഇരുണ്ടലോകമാണ്‌......" ശേഷം അവന്‍ സുഖമായുറങ്ങി.തകര്‍ന്ന പ്രതീക്ഷകളോടെ നിമ്മിമോള്‍ ഏറ്റവും പുതിയ വിലക്കയറ്റവാര്‍ത്തകള്‍ വായിക്കാനായി പത്രത്തിലേക്ക്‌ തിരിഞ്ഞു.