Pages

Monday, July 31, 2017

മിന്നല്‍ - 1

                   കഴിഞ്ഞ രണ്ട് മാസത്തോളമായി, നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (NBA) വിദഗ്ദ സംഘം കോളേജ് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. ശനിയാഴ്ച അത് പൂര്‍ത്തിയായപ്പോള്‍ ഒരു കല്യാണം കഴിഞ്ഞ വീടിന്റെ പ്രതീതിയായിരുന്നു കോളേജില്‍. ഞായറാഴ്ച ടീമിന്റെ വിടവാങ്ങല്‍ ചടങ്ങ് കോഴിക്കോട് താജ് ഹോട്ടലില്‍ വച്ച് നടക്കുമ്പോള്‍, അതില്‍ പങ്കെടുക്കാനുള്ള കോളേജില്‍ നിന്നുള്ള 20 അംഗ സംഘത്തില്‍ ഒരാളായി ഞാനും ഉണ്ടായിരുന്നു. ഈ സന്തോഷത്തിന് പുറമെ താജ് ഹോട്ടലില്‍ കയറാനുള്ള ഒരു അവസരവും ഓസിന്(!) നാട്ടിലേക്ക് മടങ്ങാനുള്ള അവസരവും കൂടിയായപ്പോള്‍ ഞാന്‍ ആനന്ദപുളകിതനായി. പക്ഷേ തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു വെട്ട് എന്റെ സന്തോഷത്തെയും  വെട്ടിനിരത്തി. ഞായറാഴ്ച മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ വിടവാങ്ങല്‍ ചടങ്ങ് കല്പറ്റ ഹരിതഗിരിയിലാക്കി.അതും അര്‍ദ്ധരാത്രി 2 മണിക്ക് !! ഞാന്‍ സുഖമായി റൂമില്‍ കിടന്നുറങ്ങി!!!
                  അങ്ങനെ ഇത്തവണത്തെ ഹര്‍ത്താല്‍ ദിനത്തില്‍ കോര്‍ട്ടെഴ്‌സില്‍ കുടുങ്ങിപ്പോയി. എന്റെ കൂടെ സഹമുറിയനായ അലി അക്ബര്‍ സാറും ഉണ്ടായിരുന്നു. ഇന്ന് എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നതായി പിന്നെ ഞങ്ങളുടെ ചിന്ത. അക്രഡിറ്റേഷന്‍ ടീമിന്റെ സന്ദര്‍ശനം കഴിയുന്നതിന്റെ മുമ്പായിരുന്നെങ്കില്‍ ഒരു പാട് പണികള്‍ ഉണ്ടായിരുന്നു. ആ ഭൂതം വന്ന് പോയി.
                അപ്പോഴാണ് സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടര്‍ കോളെജ് സന്ദര്‍ശനത്തിനി്ടെ പറഞ്ഞ വൃത്തിയെക്കുറിച്ചുള്ള വാക്കുകള്‍ ഞങ്ങള്‍ ഓര്‍ത്തത്. അതുപ്രകാരം ക്വാര്‍ട്ടേഴ്‌സ് ഒന്ന് അടിമുടി വൃത്തിയാക്കാന്‍ തീരുമാനിച്ചു.
             ഒരു വര്‍ഷത്തോളമായി പൊടിപിടിച്ചു ചുവന്ന നിറത്തിലായ സിറ്റൌട്ട് , ചളിപിടിച്ച ബാത്ത്‌റൂം കം ടോയ്‌ലെറ്റ് , കരിപിടിച്ച അടുക്കള,നിറം മങ്ങിയ വാഷ്ബേസിന്‍, കറ പുരണ്ട സിങ്ക്, അഴുക്ക് പിടിച്ച ചവിട്ടുപടങ്ങള്‍  ഇത്രയും ആയിരുന്നു ഞങ്ങളുടെ മുമ്പിലെ കടമ്പകള്‍ (റൂമുകള്‍ ഇടക്കിടക്ക് അടിച്ചുവാരി തുടക്കാറുണ്ട്).  നാല് മണിക്കൂര്‍ നേരത്തെ ഞങ്ങള്‍ രണ്ട് പേരുടെയും പ്രയത്നം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ സ്വയം അഭിമാനം തോന്നി. ഹര്‍ത്താല്‍ കാരണം എല്ലാം  വൃത്തിയായി!
                 ഊണിന് ശേഷം കോളേജില്‍ ചെയ്യാനുള്ള അല്പം പ്രവര്‍ത്തനങ്ങള്‍ കൂടെ മുഴുവനാക്കിയതോടെ ഹര്‍ത്താലിന്റെ സമയം കഴിയാറായി.കഴിഞ്ഞ ഏഴ് ദിവസമായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് എങ്ങനെയെങ്കിലും എത്തണം എന്ന് മനസ്സ് ആഗ്രഹിച്ചു. അപ്പോഴാണ് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ മിന്നല്‍ സര്‍വീസിനെപ്പറ്റി ഓര്‍ത്തത്. അതും ഒരു വല്ലാത്ത “മിന്നല്‍” തന്നെയായി!!

(തുടരും...)


Friday, July 28, 2017

പുന്നമടക്കായലിലൂടെ ഒരു ശിക്കാർ യാത്ര-1

             പിറ്റേന്ന്  എല്ലാവരും കാലത്തെ തന്നെ എണീറ്റ് കുളിച്ചൊരുങ്ങി. പ്രാതൽ കഴിയുമ്പോഴേക്കും ആന്റണി മാഷ് കാറുമായി എത്തി. കാറിൽ തന്നെ ഞങ്ങൾ ഡോക്കിലേക്ക് തിരിച്ചു.

               ആലപ്പുഴയിൽ ജലയാത്ര നടത്താൻ നമുക്ക് വിവിധ മാർഗ്ഗങ്ങളുണ്ട്. മണിക്കൂറിന് 2000 രൂപ നിരക്കിൽ ഹൌസ് ബോട്ടുകൾ വാടകക്ക് കിട്ടും. മിനിമം 3 മണിക്കൂർ എങ്കിലും യാത്ര ചെയ്യണം എന്ന് ബോട്ടുകാർക്ക് നിർബന്ധമാണ്. മിക്ക ബോട്ടുകളും നേരത്തെ തന്നെ ബുക്കിംഗ് ഉള്ളതായിരിക്കും എന്നതിനാൽ ആലപ്പുഴ എത്തിയതിന് ശേഷം ഹൌസ് ബോട്ട് എടുക്കുന്നത് സീസണിൽ സാധ്യമായി എന്നു വരില്ല. 1500ൽ അധികം ഹൌസ് ബോട്ടുകൾ ഉള്ളതിനാൽ, സഞ്ചാരികളെ വലവീശാൻ നിരവധി ഏജന്റുമാർ വഴി നീളെ ഉണ്ടായിരിക്കും. ടൂറിസം ഡിപാർട്ട്മെന്റിന്റെ കീഴിലുള്ള പുന്നമട ഡോക്കിൽ നേരിട്ട് ചെന്ന് ഹൌസ് ബോട്ട് ബുക്ക് ചെയ്യുന്നതാകും എപ്പോഴും ഉചിതം.

              എട്ടിൽ താഴെയുള്ള യാത്രാസംഘത്തിന് ഉചിതമായത് ശിക്കാർ വള്ളങ്ങളാണ്. ചെറിയ മേൽക്കൂരയോട് കൂടിയ ബോട്ടുകളാണ് ശിക്കാർ വള്ളങ്ങൾ എന്നറിയപ്പെടുന്നത്. ഇരിക്കാൻ കസേരകളും ചാരി കിടക്കാൻ രണ്ട് ദീവാനിയും ഉണ്ടായിരിക്കും. മണിക്കൂറിന് 500 രൂപ മുതൽ മേലോട്ട് ആണ് റേറ്റ്. ശിക്കാർ വള്ളങ്ങൾ ധാരാളമുള്ളതിനാൽ  എപ്പോൾ ചെന്നാലും അവ ലഭിക്കും. ശനിയും ഞായറും അല്പം തിരക്ക് കൂടും ,റേറ്റും.

                 ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾ സഞ്ചാരത്തിന് ഉപയോഗിച്ചാൽ വളരെ കുറഞ്ഞ നിരക്കിൽ യാത്ര തരമാകും.സാധാരണ യാത്രക്കാരായി എങോട്ടെങ്കിലും ടിക്കറ്റെടുക്കാം.അതല്ലെങ്കിൽ 40 രൂപ കൊടുത്ത് സഞ്ചാരികൾക്കായി പ്രത്യേകം സജ്ജമാക്കിയ മുകൾത്തട്ടിലിരുന്ന് കാഴ്ചകൾ ആസ്വദിക്കാം.

               മണിക്കൂറിന് 500 രൂപ നിരക്കിൽ ആന്റണി മാഷ് തന്നെ ഒരു ശിക്കാർ വള്ളം ഏർപ്പാട് ആക്കി തന്നു. പുള്ളിക്കും മറ്റു തിരക്കുകൾ ഒന്നും ഇല്ലാത്തതിനാൽ ഞങ്ങളുടെ കൂടെ കൂടാൻ ഞാൻ ക്ഷണിച്ചു. അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ഒമ്പത് മണിയോട് അടുത്ത് ഞങ്ങൾ യാത്ര ആരംഭിച്ചു. അത്യാവശ്യം വെള്ളവും അല്പം ഭക്ഷണവും ഒക്കെ കയ്യിൽ കരുതുന്നത് നല്ലതാണ്. കാരണം കര വിട്ടാൽ പിന്നെ ഇവ കിട്ടാൻ പ്രയാസമാണ്.
“മക്കൾ ഈ വെള്ളം ശ്രദ്ധിച്ചോ?” ആന്റണി മാഷ് ചോദിച്ചു.

“വൃത്തികെട്ട വെള്ളം...” എല്ലാവരും പറഞ്ഞു.

“അത്....നമ്മെപ്പോലുള്ള സഞ്ചാരികൾ തന്നെയാണ് വൃത്തികേടാക്കുന്നത്....പ്ലാസ്റ്റിക്  ബോട്ടിലുകളും കവറുകളും എല്ലാം ഉപയോഗ ശേഷം നേരെ കായലിലേക്ക് വലിച്ചെറിയുന്നു...പിന്നെ ഹൌസ് ബോട്ടിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങൾ വേറെയും....”

“അതാണ് ഇന്നലെ പറഞ്ഞ വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രേ....”

“അല്ല....ആലപ്പുഴ കടൽ വിതാനത്തിൽ നിന്നും താഴെ കിടക്കുന്ന പ്രദേശമാണ്. അതായത് കടൽ വെള്ളത്തിന് താഴെ ഒരു കുഴിയുള്ള പോലെ.അപ്പോ കടൽ വെള്ളം പെട്ടെന്ന് കരയിലേക്ക് കയറും....അതായത് എല്ലായിടത്തും ഉപ്പ് വെള്ളമായിരിക്കും ലഭിക്കുന്നത്....”

“അയ്യോ..!! മാഷെ വീട്ടിലും അങ്ങനെയാണോ?”

“അതെ...ഇവിടെ ഏറ്റവും വിലപ്പെട്ടതാണ് കുടിവെള്ളം...ഞങ്ങൾ ആലപ്പുഴ വിട്ട് ബന്ധുവീട്ടിൽ പോകുമ്പോൾ മൂന്ന് നാല് കാനുകൾ കൂടി കാറിൽ എടുത്തിടും , വെള്ളം ശേഖരിക്കാൻ...”

“ആഹാ...അപ്പോൾ ഈ കാണുന്നപോലെ മനോഹരമല്ല ഇവിടുത്തെ ജീവിതം...”

“അല്ല...സാധനങ്ങളും മറ്റും നിങ്ങൾ അങ്ങാടിയിൽ പോയി വാങ്ങുന്നു.പക്ഷെ ഇവിടെ അത് അടുക്കള വാതിലിനടുത്ത് വഞ്ചിയിൽ എത്തും, ഗ്യാസ് അടക്കം. പിന്നെ ഫ്ലോട്ടിംഗ് ഡിസ്പെൻസറികളും ഇടക്കിടെ കാണാം.“ ശിക്കാർ മുന്നോട്ട് നീങ്ങുമ്പോൾ ആന്റണി ആലപ്പുഴ ജീവിതത്തിന്റെ പച്ചയായ കഥകൾ പറഞ്ഞു.
“അല്ലാ...അപ്പോ കിഴക്കിന്റെ വെനീസ് എന്ന് പറയാൻ കാരണമോ?”

"ആ...അത് നമ്മുടെ പഴയ വൈസ്രോയി കഴ്സൺ പ്രഭു ഒരു തവണ ആലപ്പുഴയിൽ വന്നു.ഇറ്റലിയിലെ വെനീസിനെപ്പോലെ തടാകങ്ങളും പാലങ്ങളും കനാലുകളും നിറഞ്ഞ ആലപ്പുഴയെ അദ്ദേഹം അന്ന് കിഴക്കിന്റെ വെനീസ് എന്ന് വിളിച്ചു...”

“ഓ...കെ”

“ ഇപ്പോൾ നമ്മൾ ഒരു ചരിത്ര പ്രധാന പോയിന്റിൽ എത്തിയിരിക്കുന്നു...“ ഞങ്ങൾ ആകാംക്ഷയോടെ ആന്റണി മാഷെ നോക്കി.

(തുടരും...)

Monday, July 24, 2017

പ്രണബ്‌ജി പടി ഇറങ്ങുമ്പോള്‍...

              ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതി ശ്രീ.പ്രണബ് കുമാര്‍ മുഖര്‍ജി  പടിയിറങ്ങുകയാണ്. കുട്ടിക്കാലം മുതലേ ഇന്ത്യന്‍ പ്രെസിഡണ്ടുകളുടെ പേരുകള്‍ ക്വിസ് മത്സരത്തിനും മത്സര പരീക്ഷകള്‍ക്കുമായി ഹൃദിസ്ഥമാക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ഞാനും ഇന്ത്യന്‍ പ്രെസിഡണ്ടും തമ്മില്‍ മറ്റ് പരിചയം ഒന്നും ഉണ്ടായിരുന്നില്ല. 2000ന് മുമ്പുള്ള രാഷ്ട്രപതിമാരില്‍ ഗ്യാനി സെയില്‍‌സിംഗ് എന്ന പേരും ശുഭ്രവസ്ത്രദാരിയായ ഒരു താടിക്കാരന്റെ രൂപവും മനസ്സില്‍ എങനെയോ പതിഞ്ഞ് നില്‍ക്കുന്നുണ്ട്. പിന്നെ നമ്മുടെ സ്വന്തം ശ്രീ കെ.ആര്‍.നാരായണന്‍ എന്ന പേരും. പിന്നെ ഓര്‍മ്മിക്കുന്നത് എന്റെ സുഹൃത്തിന്റെ പ്രേമത്തിന് പാരവച്ച രാഷ്ട്രപതി (!) ശ്രീ.വെങ്കട്ടരാമനെയാണ്.
             പക്ഷേ പ്രണബ്  ജിയുമായി എന്റെ മനസ്സ് വല്ലാത്ത അടുപ്പം പുലര്‍ത്തുന്നു. 2012 ജൂലായ് മാസത്തില്‍ രെയ്‌സിന ഹിത്സിലേക്ക് കൂടുമാറി ഇന്ത്യയുടെ പ്രഥമ പൌരനായി മാറി ഏറെ കഴിയും മുമ്പ് തന്നെ അദ്ദേഹത്തെ രാഷ്ട്രപതി ഭവനില്‍ വച്ച് കാണാനുള്ള അവസരം എനിക്ക് നാഷണല്‍ സര്‍വീസ് സ്കീമിലൂടെ ലഭിച്ചു. 2011 വരെ എന്‍.എസ്.എസിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി അവാര്‍ഡ് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വച്ചായിരുന്നു നല്‍കിയിരുന്നത്. 2012 മുതല്‍ പ്രണബ് ജിയുടെ താല്പര്യപ്രകാരം അവാര്‍ഡ് ദാനം രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധമായ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി. ആ വര്‍ഷത്തെ അവാര്‍ഡ് ദാനം വീക്ഷിക്കാന്‍ എനിക്കും അവസരം ലഭിച്ചതോടെ ഒരു ഇന്ത്യന്‍ പ്രെസിഡണ്ടിനെ ഞാന്‍ നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട് സായൂജ്യമടഞ്ഞു.
                തൊട്ടടുത്ത വർഷം 2013ൽ അതേ പ്രെസിഡെണ്ടിൽ നിന്ന് അതേ സ്ഥാനത്ത് വച്ച് രാജ്യത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള ഇന്ദിരാഗാന്ധി അവാർഡ് സ്വീകരിക്കാൻ എനിക്കും അവസരം ലഭിച്ചു. അന്ന് ഞാൻ ആദ്യമായി ഒരു ഇന്ത്യൻ പ്രെസിഡെണ്ടിന് ഹസ്തദാനം നൽകി !എന്റെ ഉമ്മയും , ഭാര്യയും, രണ്ട് മക്കളും ,ഭാര്യാ മാതാവും ഈ ചടങ്ങ് കാണാനായി രാഷ്ട്രപതി ഭവനിൽ എത്തിയതിനാൽ അവർക്കും ഒരു ഇന്ത്യൻ പ്രെസിഡണ്ടിനെ കാണാനായി. അതിനാൽ തന്നെ പ്രണബ്ജിയുടെ പടി ഇറക്കം ഞങ്ങൾക്ക് കുടുംബപരമായി ഒരു ചരിത്രത്തിന്റെ അധ്യായമാണ്.
            ഒരു വർഷത്തെ ഇടവേളക്ക് ശേഷം  2015-ൽ എൻ.എസ്.എസ് ടെക്നിക്കൽ സെൽ രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റിക്കുള്ള എൻ.എസ്.എസ് ദേശീയപുരസ്കാരത്തിന് അർഹത നേടിയപ്പോൾ ആ ചടങ്ങ് വീക്ഷിക്കാൻ ഞാൻ വീണ്ടും രാഷ്ട്രപതി ഭവനിലെത്തി (2014-ൽ അപ്രീസിയേഷൻ പുരസ്കാരം ലഭിച്ചെങ്കിലും ആ വർഷം ചടങ്ങിന് പോയില്ല).
            അങ്ങനെ പ്രണബ്ജിയുടെ അഞ്ച് വർഷത്തെ കാലയളവിൽ മൂന്ന് തവണ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ എത്താൻ എനിക്ക് അവസരം ലഭിച്ചു. അതുകൊണ്ട് തന്നെ ഈ പ്രെസിഡണ്ട് പടിയിറങ്ങുമ്പോൾ മനസ്സിൽ എവിടെയോ ചില നോവുകൾ അനുഭവപ്പെടുന്നു. പുതിയ പ്രെസിഡണ്ടിന്റെ കാലത്ത് ഈ അവാർഡുകൾ രാഷ്ട്രപതി ഭവനിൽ വച്ച് തന്നെ വിതരണം ചെയ്യപ്പെടുമോ എന്ന സന്ദേഹവും ബാക്കിയാവുന്നു. കാത്തിരുന്ന് കാണാം.

Tuesday, July 18, 2017

ആലപ്പുഴ ബീച്ച്

ആന്റണിയുടെ കാർ ആലപ്പുഴ ബീച്ച് ലക്ഷ്യമാക്കി നീങ്ങി.

“ ആലപ്പുഴ മുമ്പ് വന്നിട്ടുണ്ടോ ?” ആന്റണി പിൻസീറ്റിലേക്ക് ഒരു ചോദ്യം എറിഞ്ഞു.

“ഇല്ല...”

“ആ...ആലപ്പുഴയിലെ എല്ലാ സ്ഥലങ്ങളും പ്രസിദ്ധമാണ്....നാം ഇപ്പോൾ പോകുന്ന ബീച്ച് , മാരാരിക്കുളം ബീച്ച്, തുമ്പോളി കടപ്പുറം , അർത്തുങ്കൽ പള്ളി....ഇതൊന്നും കേട്ടിട്ടില്ലേ...?”

“അർത്തുങ്കൽ പള്ളീലെ പെരുന്നാള് വന്നല്ലോ...
ഒരു നല്ല കോള് താ കടലമ്മേ....” മോൾ ചെമ്മീനിലെ ആ പാട്ട് മൂളി.

“ങാ...അത് തന്നെ. പിന്നെ തകഴി , നെടുമുടി , കാവാലം, കരുമാടി .....”

“അതൊക്കെ വലിയ വലിയ ആൾക്കാരുടെ പേരല്ലേ?”

“അല്ല...അവർ ജനിച്ച സ്ഥലത്തിന്റെ പേരുകളാണ്....”

“കുട്ടനാട് , തണ്ണീർമുക്കം,പുന്നപ്ര-വയലാർ,ചമ്പക്കുളം, കുമരകം....അങ്ങനെ അങ്ങനെ....ആ നമ്മൾ ഇതാ ബീച്ചിൽ എത്തി...”

ഞങ്ങൾ എത്തുമ്പോൾ  ആലപ്പുഴ ബീച്ച് ജന നിബിഡമായിരുന്നു. സൂര്യൻ ഇന്നത്തെ കച്ചവടം മതിയാക്കി ആകാശത്ത് ചുവപ്പ് കൊടി മെല്ലെ ഉയർത്തിത്തുടങ്ങിയിരുന്നു.ചെഞ്ചായം പൂശിയ ആകാശത്തിന്റെ ബാക്ക് ഗ്രൌണ്ടിൽ ബീച്ചിലെ കടൽ പാലത്തിന്റെ തൂണുകൾ കറുത്ത തലകൾ പോലെ തോന്നി.


“കടലിൽ നിർത്തിയ ചെറുകപ്പലിൽ നിന്ന് ഈ പാലത്തിലൂടെ ചരക്കുകൾ കരയിലേക്ക് എത്തിച്ചത് എന്റെ കുട്ടിക്കാലത്ത് കണ്ട ഓർമ്മ എനിക്കുണ്ട്....” ആന്റണി പറഞ്ഞു.

“അതായത് 25 വർഷം മുമ്പ് വരെ...:“ ഞാൻ സംശയം പ്രകടിപ്പിച്ചു.

“അതെ...പിന്നെ കോഴിക്കോട് ബീച്ച് പോലെ , പല യോഗങ്ങളും പരിപാടികളും നടക്കുന്നത് ഇവിടെയാണ്.  വർഷം തോറും പുതുവത്സര ദിനത്തിൽ നടത്തുന്ന ബീച്ച് ഫെസ്റ്റിവൽ  വളരെ പ്രസിദ്ധമാണ്..”

150 വർഷത്തോളം പഴക്കമുള്ള ആ പാലം ഇന്ന് തൂണുകൾ മാത്രമായി അവശേഷിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ചതിനാൽ തൂണുകളെങ്കിലും ഇന്നും ഒന്നും സംഭവിക്കാതെ നിലനിൽക്കുന്നു എന്ന് സാരം. അല്പ സമയം കടൽ തിരകളുമായി സല്ലപിക്കാൻ ഞാൻ മക്കൾക്ക് അവസരം നൽകി.

“ഇനി നമുക്ക് നാളത്തെ പദ്ധതികൾ ആസൂത്രണം ചെയ്യാം...” ആന്റണി പറഞ്ഞു.

“ങാ...”

“അതിന് മുമ്പ് , ആലപ്പുഴയുടെ മറ്റൊരു പേര് അറിയാമോ?”

“കിഴക്കിന്റെ വെനീസ്...” ലുഅ മോൾ പറഞ്ഞു.

“എന്താ...ആ പേരിന് കാരണം?”

“ അത് അറിയില്ല...”

“ങാ...അത് നാളെ അറിയാം....നാളെ നേരത്തെ എണീറ്റ് എട്ട് മണിയാകുമ്പോഴേക്കും ബോട്ടിംഗ് തുടങ്ങണം....അത് കഴിഞ്ഞ് ഉച്ച ഭക്ഷണ ശേഷം കുട്ടനാട്ടിലൂടെ ഒരു കാർ യാത്ര....സമയമുണ്ടെങ്കിൽ കയർ മ്യൂസിയം , തണ്ണീർമുക്കം ബണ്ട് എന്നിവയും കാണാം...പിന്നെ എന്റെ വീട്ടിൽ ഒരു ചെറു ചായ സൽക്കാരം...”

“ശരി...” ഞങ്ങൾ സമ്മതിച്ചു.ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ബീച്ചിൽ നിന്നും മടങ്ങി കാറിൽ കയറി.

“ആലപ്പുഴ എന്ന പേര് എന്തുകൊണ്ട് എന്നറിയോ?” യാത്രക്കിടയിൽ ആന്റണി ചോദിച്ചു.

“ഇല്ല...”

“ഗുണ്ടർട്ട് നിഘണ്ടു പ്രകാരം ആലം എന്നാൽ വെള്ളം , പുഴ പിന്നെ അറിയാലോ....ആലപ്പുഴയിൽ ഇഷ്ടം പോലെ വെള്ളമുണ്ട്...പക്ഷേ കുടിവെള്ളം കിട്ടാൻ ഏറെ പ്രയാസവും....”

“ങേ!! അതെന്താ...?”

“അതും നാളെ നേരിട്ട് അറിയാം...”

ഞങ്ങളെ റൂമിലെത്തിച്ച് ആന്റണി വീട്ടിലേക്ക് മടങ്ങി. ഭക്ഷണം കഴിച്ച്, നാളെ പുലരാനായി പ്രാർത്ഥിച്ച് ഞങ്ങൾ ഉറങ്ങി.

(തുടരും...)

Friday, July 14, 2017

ആലപ്പുഴയിലേക്ക്...

“അടുത്തത് ഇനി ആലപ്പുഴയിലേക്ക്” - മടക്ക യാത്രക്കിടയില്‍ മക്കള്‍ അവരുടെ ആഗ്രഹം പ്രകടിപ്പിച്ചു. 

“ഇന്‍ഷാ അല്ലാഹ്” ഞാന്‍ സമ്മതം മൂളി. 

ഫെബ്രുവരി മാസത്തിൽ  കൊച്ചിന്‍-മുസ്‌രിസ് ബിനാലെ കണ്ടു മടങ്ങുമ്പോൾ മക്കൾ പറഞ്ഞതിനെ ഞാൻ ഗൌരവത്തിൽ തന്നെ മനസ്സിലിട്ടു.കാരണം ആലപ്പുഴ വഴി നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഒന്നിറങ്ങി ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ഒരു ദിവസം തങ്ങി മുഴുവൻ  കാണണം എന്നത് എന്റെ കൂടി ഒരാഗ്രഹമായിരുന്നു (ബിനാലെ യാത്ര കഴിഞ്ഞ് രണ്ടാഴ്ചക്കകം തന്നെ അത് സാധിച്ചെങ്കിലും അത് കുടുംബത്തോടൊപ്പം ആയിരുന്നില്ല).

ലക്ഷദ്വീപിലേക്ക് എന്റെ നേതൃത്വത്തിൽ നടത്തിയ ഒരു യാത്രക്കുള്ള പ്രത്യുപകാരം എന്ന നിലക്ക്, എന്നെ ആലപ്പുഴ കാണിച്ചേ അടങ്ങൂ എന്ന വാശിയിൽ നിൽക്കുന്ന നെടുമുടി വേണുവിന്റെ നാട്ടുകാരൻ ആന്റണി മാഷ് വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ യാത്രയുടെ ഡേറ്റും  ഞാൻ  തീരുമാനമാക്കി. അങ്ങനെ അരിപ്പാറ വെള്ളച്ചാട്ടവും പിന്നെ  മോയാറിലെ ഗുൽമോഹർ പൂക്കളും കണ്ട ശേഷമാണ് ഈ യാത്രക്ക് അവസരം കിട്ടിയത്.

ഉദ്ദേശിച്ചപോലെ യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽ‌വെ പലപ്പോഴും സമ്മതിക്കാറില്ല. ഇത്തവണയും അതു തന്നെ സംഭവിച്ചതിനാൽ ആന്റണി മാഷുടെ അഭിപ്രായപ്രകാരം കോഴിക്കോട് നിന്നും ഏറനാട് എക്സ്പ്രെസ്സിൽ ഞങ്ങളുടെ യാത്ര ആരംഭിച്ചു. വൈകിട്ട് ഏകദേശം അഞ്ചര മണിയോടെ ഞങ്ങൾ ആലപ്പുഴ സ്റ്റേഷനിൽ വണ്ടിയിറങ്ങി. യാത്രയിലുടനീളം ആന്റണി മാഷുമായി സമ്പർക്കം പുലർത്തിയതിനാൽ ഞങ്ങൾ ഇറങ്ങി അല്പ സമയത്തിനകം തന്നെ അദ്ദേഹം കാറുമായി എത്തി. ഞാനും ഭാര്യയും അഞ്ച് മക്കളും (അതെ, എന്റെ നാലും പിന്നെ എക്സ്ട്ര എനിക്ക് എപ്പോഴും കിട്ടുന്ന എന്റെ പെങ്ങളുടെയോ ഭാര്യയുടെ സഹോദരിയുടെയോ മകൾ/മകൻ) കയറിയതോടെ കാറ് മുന്നോട്ട് നീങ്ങി.

“ആബിദ് മാഷേ...റൂം ബുക്ക് ചെയ്തിരിക്കുന്നത് ഹോട്ടൽ റെയ്ബാനിലാണ്, ആലപ്പുഴയിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലുകളിൽ ഒന്നാണ്. ഇതിലും പഴയതും നല്ല ഭക്ഷണം കിട്ടുന്നതുമായ ബ്രദേഴ്സ് ഹോട്ടലിൽ ആയിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്.പക്ഷെ അവിടെ റൂം കിട്ടാൻ ഒരു മാസം മുമ്പെങ്കിലും ബുക്ക് ചെയ്യണം....” ആന്റണി മാഷ് പറഞ്ഞു.

“റെയ്ബാൻ ?? അത് ഒരു തീയേറ്റർ അല്ലേ?” കുട്ടിക്കാലത്തേ പത്രത്തിൽ സിനിമാ പരസ്യങ്ങളിൽ കാണുന്ന പേര് പെട്ടെന്ന് എന്റെ മനസ്സിൽ ഓർമ്മ വന്നു (സിനിമ കാണാറില്ലെങ്കിലും ഇന്നും പല നാട്ടിലെയും സിനിമാശാലകളുടെ പേര് എന്റെ മനസ്സിലുണ്ട്.അവയിൽ പലതും പൂട്ടിപ്പോയി).

“അതെ...അതേ മാനേജ്മെന്റിന്റെ കീഴിലുള്ള ഹോട്ടൽ...പേടിക്കേണ്ട മറ്റ് യാതൊരു കുഴപ്പങ്ങളും ഇല്ലാത്ത നല്ല ഹോട്ടലാണ്....”

“ശരി...ശരി...”

“ഇവിടെ അടുത്ത് തന്നെയാണ് ബീച്ച്...ഇന്ന് വിശ്രമിച്ച് നാളെത്തെ കറക്കത്തിന് ശേഷം വൈകിട്ട് നമുക്ക് ബീച്ചിൽ പോകാം...”

“പക്ഷേ...ഇന്ന് സമയം ഉണ്ടെങ്കിൽ ഇന്ന് തന്നെ പോകുന്നതാണ് നല്ലത്...” ഞാൻ അഭിപ്രായപ്പെട്ടു.

പത്ത് പതിനഞ്ച് മിനിട്ടിനകം ഞങ്ങൾ ഹോട്ടലിലെത്തി. റിസപ്ഷനിൽ നിന്ന് കീ വാങ്ങി എല്ലാവരും റൂമിലെത്തി. വളരെ പെട്ടെന്ന് തന്നെ ഫ്രഷ് ആയി വീണ്ടും താഴെ ലോബിയിൽ തിരിച്ചെത്തി. 
(തുടരും...)

Wednesday, July 12, 2017

തലകീഴായവർ

“ങേ!! ഈ വണ്ടികളെല്ലാം തലകുത്തനെ ഓടുന്നതെന്താ ?”

“ശരിയാണല്ലോ....”

“ആ ഓടിവരുന്ന ആൾക്കാരും തലകീഴായാണല്ലോ വരുന്നത്?”

“ശരിയാ...ഈ നാട്ടിൽ മുഴുവൻ തലതെറിച്ചവരായിരിക്കും”

ഓടിക്കൂടിയ ആൾക്കാർ കാറിന്റെ ഡോർ വെട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ട് ഞാനും സഹയാത്രികനും സ്വപ്നത്തിൽ നിന്ന് ഉണർന്നു. അപ്പോഴേക്കും ഞങ്ങളുടെ കാറ് ഒരു മതിലിൽ ചെന്ന് ഇടിച്ച് നിന്നിരുന്നു.

അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) , ഞാനും ഡ്രൈവ് ചെയ്ത  സഹപ്രവർത്തകനും ഒരുമിച്ചൊന്ന് കണ്ണ് മാളിയപ്പോൾ, ഒന്ന് വളഞ്ഞ് പുളഞ്ഞ് ഞങ്ങളുടെ കാർ ഒരു മതിലിൽ ചെന്ന് ഇടിച്ചു.ചുരം റോഡ് ജസ്റ്റ് കഴിഞ്ഞതും എതിരെ മറ്റു വാഹനങ്ങൾ വരാത്തതും കാരണം ഈ പോസ്റ്റ് ഇവിടെ ഇടാൻ സാധിച്ചു. 

Sunday, July 09, 2017

സന്തോഷ മഴ

               കേരളത്തില്‍  കാലവര്‍ഷം പാത്തും പതുങ്ങിയും എത്തി നോക്കിക്കൊണ്ടിരിക്കുകയാണ്. എന്റെ കുട്ടിക്കാലത്ത് ഞാന്‍ പഠിച്ച ഒരു കാര്യം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു - കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലത്തിന്റെ പേര്, ലക്കിടി. ആ ലക്കിടി സ്ഥിതി ചെയ്യുന്ന വയനാട്ടില്‍ ആണ് ഇതുവരെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത് എന്ന് സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നു.
               മഴ ഏതോ വഴിയെ പോയെങ്കിലും വ്യക്തി എന്ന നിലയില്‍ ഇക്കഴിഞ്ഞ ആഴ്ച സന്തോഷ മഴയുടെ ദിനമായിരുന്നു എനിക്കും വയനാട്ടിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കും. സംസ്ഥാന തലത്തില്‍ തന്നെ നാല് എന്‍.എസ്.എസ് അവാര്‍ഡുകള്‍ ഈ ഒരാഴ്ചക്കകം ഞങ്ങളുടെ കോളേജ് ഏറ്റുവാങ്ങി.
               സര്‍ക്കാര്‍ ആശുപതികളിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന പുനര്‍ജ്ജനി പദ്ധതിയിലൂടെ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ആശ്രയിക്കുന്ന  മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മുപ്പത്തിരണ്ട് ലക്ഷത്തി ഇരുപത്തി മൂന്നായിരം രൂപയുടെ ഉപകരണങ്ങള്‍ നന്നാക്കി നല്‍കിയതിനായിരുന്നു ഒരാഴ്ച മുമ്പ് “പുനര്‍ജ്ജനി” അപ്രീസിയേഷന്‍ പുരസ്കാരം ലഭിച്ചത്. എറണാകുളം പത്തടിപ്പാലത്ത് നടന്ന ചടങ്ങില്‍ വച്ച് സംസ്ഥാന ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കില്‍ നിന്നും കോളേജിന് വേണ്ടി ഞാന്‍ ആ അവാര്‍ഡ് ഏറ്റുവാങ്ങി. കൊച്ചി മെട്രോയിലെ കന്നിയാത്രയും അന്ന് നടത്തി.
                ഇക്കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ചടങ്ങില്‍ വച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് ബഹു.കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറില്‍ നിന്നും സ്വീകരിച്ചു. എനിക്ക് പുറമെ മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് കോളേജിന് വേണ്ടി പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ ഹമീദ് സാറും മികച്ച വളണ്ടിയര്‍ക്കുള്ള അവാര്‍ഡ് അബ്ദുല്‍ വാസിഹും ഏറ്റു വാങ്ങി.
                രണ്ട് വര്‍ഷത്തിനിടെ ആറ് സംസ്ഥാന പുരസ്കാരങ്ങളും ഒരു ജില്ലാ പുരസ്കാരവും ഈ യൂണിറ്റിനെ തേടി എത്തിയത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടാതെ പോകുന്നതാണ് മറ്റു യൂണിറ്റുകളെപ്പോലെ പല അംഗീകാരങ്ങളും കിട്ടാതിരിക്കാന്‍ കാരണം. എന്നിരുന്നാലും ഞാന്‍ സംതൃപ്തനാണ് - ഉറങ്ങിക്കിടന്ന ഒരു യൂണിറ്റിനെ ഉണര്‍ത്താന്‍ കഴിഞ്ഞതിലല്ല, സട കുടഞ്ഞ് എഴുന്നേല്‍പ്പിക്കാന്‍ സാധിച്ചതില്‍.

Sunday, July 02, 2017

കൊച്ചി മെട്രോയിലെ കന്നി യാത്ര

            ഇക്കഴിഞ്ഞ ജൂൺ 17, എന്ന് വച്ചാൽ കഴിഞ്ഞതിന്റെ മുന്നത്തെ ശനിയാഴ്ച പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി കൊച്ചി മെട്രോ രാജ്യത്തിന് സമർപ്പിച്ചു. ഇനി മെട്രോ ട്രെയിനിൽ കയറാൻ ബാംഗ്ലുരോ ഡൽഹിയിലോ പോകേണ്ടതില്ല എന്നായിരുന്നു എന്റെ ആദ്യ ആശ്വാസം. ഒരു സീനിയർ സിറ്റിസൺ ആയ ശേഷമേ കൊച്ചി  മെടോയിൽ കയറാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു കൊച്ചി മെറ്റ്രൊ എന്ന് കേള്‍ക്കാന്‍ തുടങ്ങിയതു മുതല്‍ എന്റെ ധാരണ. എന്നാൽ തികച്ചും അപ്രതീക്ഷിതമായി 45-ാം വയസ്സിൽ തന്നെ അതിന് സാധിച്ചു എന്ന് മാത്രമല്ല ഉത്ഘാടനം കഴിഞ്ഞ് 15ാം ദിവസം തന്നെ അതിൽ കയറാനുള്ള അവസരം നാഷണൽ സർവീസ് സ്കീമിലൂടെ തന്നെ ലഭിച്ചു. എന്റെ ആദ്യ  മെട്രോ യാത്രയും ആദ്യ വിമാന യാത്രയും എല്ലാം സാധ്യമായത് നാഷണൽ സർവീസ് സ്കീമിലൂടെ  തന്നെയായിരുന്നു.
             ഒരാഴ്ചക്കുള്ളിൽ ഇന്ത്യയിലെ ഏത് മെട്രോയിലും ലഭിച്ച റെക്കാർഡ് കലക്ഷൻ എന്ന വാർത്ത കേട്ടാണ് ഞാൻ മെട്രോ സിറ്റിയിൽ എത്തിയത്.ശനിയാഴ്ച കൂടിയായതിനാൽ നല്ല തിരക്കും പ്രതീക്ഷിച്ചു. പത്തടിപ്പാലത്തിൽ നിന്നാണ് എന്റെ എൻ.എസ്.എസ് വളണ്ടിയർമാരായ അസ്ലമിനെറയും ജിൻഷാദിന്റെയും കൂടെ കൊച്ചി മെട്രോയിലെ കന്നിയാത്ര ആരംഭിച്ചത്.ഇതോടെ കൊച്ചി മെട്രോയിൽ കയറുന്ന ആദ്യത്തെ വയനാട്ടുകാരൻ ആയി ജിൻഷാദ് മാറി !!

              30 രൂപ കൊടുത്ത് ആലുവയിലേക്ക് ടിക്കറ്റെടുത്ത് ഞങ്ങൾ അകത്ത് കയറി. ടിക്കറ്റ് എടുക്കുന്നിടത്തും സ്റ്റേഷനകത്തും പത്തിലധികം ആളെ കണ്ടില്ല.
                    എസ്കലേറ്റർ വഴി പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ അവിടെയും സ്ഥിതി തഥൈവ. 2015ല്‍ ബാംഗ്ലൂര്‍ മെട്രോയില്‍ കുടുംബ സമേതം കയറിയപ്പോഴും ഇതെന്ത് മെട്രോ എന്ന ചോദ്യം മനസ്സില്‍ ഉദിച്ചിരുന്നു.

                ആദ്യം വന്ന വണ്ടിയിൽ ഞങ്ങൾ കയറിയില്ല. ആൾക്കാർ കയറുന്നതും ഇറങ്ങുന്നതും വണ്ടി വരുന്നതും പോവുന്നതും എല്ലാം നോക്കി നിന്ന് മൊബൈലിൽ പകർത്തി. ഡൽഹി മെട്രോയിലും ബാംഗ്ലുർ മെട്രോയിലും ക്യാമറ ഉപയോഗിക്കന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഒരു ഉൾഭയത്തോടെയാണ് ഇതെല്ലാം ചെയ്തത്. സ്റ്റേഷനില്‍ ആളില്ലെങ്കിലും വണ്ടിക്കകത്ത് നിറയെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. കൂടുതലും മെട്രോയില്‍ കയറാന്‍ വേണ്ടി കയറിയവര്‍ ആണെന്ന് അവരുടെ മുഖം വ്യക്തമായിരുന്നു.


             മെട്രോയുടെ ബോഗികളില്‍ പെയിന്റിംഗ് നടത്താത്തതിനാല്‍ ഞാന്‍ കണ്ട മറ്റു രണ്ട് മെട്രോകളുടെ പോലെ വണ്ടിക്ക് ഒരു ആകര്‍ഷണം തോന്നിയില്ല. പക്ഷേ മുട്ടം യാര്‍ഡില്‍ നിറയെ ചിത്രങ്ങളോട് കൂടിയ ഒരു വണ്ടി നിര്‍ത്തിയിട്ടതും കണ്ടു (ഫോട്ടോ പിടിക്കാന്‍ കിട്ടിയില്ല)
                   25 മിനുട്ട് കൊണ്ട് ആലുവ നിന്നും പാലാരിവട്ടത്ത് എത്തും എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതായത് 40 രൂപയുടെ ടിക്കറ്റ് എടുത്താല്‍ 25 മിനുട്ട് യാത്ര ചെയ്യാം. മെട്രോയില്‍ ഇതുവരെ കയറാത്തവര്‍ ഒന്ന് കയറി പരിചയപ്പെടുന്നത് നല്ലതാണ്. ഓര്‍മ്മിക്കുക, ടിക്കറ്റെടുത്ത് 90 മിനുട്ടേ അതിനകത്ത് ചുറ്റിപ്പറ്റി നില്‍ക്കാന്‍ പറ്റുള്ളൂ. ഇല്ലെങ്കില്‍ സ്റ്റേഷനില്‍ നിന്ന് പുറത്ത് കടക്കാനും പൈസ അടക്കേണ്ടി വരും!!
                 14 മിനുട്ട് നേരത്തെ യാത്രയിലൂടെ ഞങ്ങള്‍ ആലുവയില്‍ എത്തി. അവിടെ അല്പമെങ്കിലും ആളെ കണ്ടപ്പോള്‍ മനസ്സില്‍ സന്തോഷമായി. മെട്രോ പൂര്‍ണ്ണമായും സജ്ജമാകുമ്പോള്‍ ഡെല്‍ഹിയെപ്പോലെ നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഒന്നായി മാറും എന്ന് തന്നെയാണ് പ്രതീക്ഷ.
വാല്‍: മെട്രോ തുടങ്ങിയിട്ടും റോട്ടിലെ തിരക്ക് ഒട്ടും കുറവില്ല എന്നും ഇന്നലെ ബോധ്യമായി.