Pages

Tuesday, July 18, 2017

ആലപ്പുഴ ബീച്ച്

ആന്റണിയുടെ കാർ ആലപ്പുഴ ബീച്ച് ലക്ഷ്യമാക്കി നീങ്ങി.

“ ആലപ്പുഴ മുമ്പ് വന്നിട്ടുണ്ടോ ?” ആന്റണി പിൻസീറ്റിലേക്ക് ഒരു ചോദ്യം എറിഞ്ഞു.

“ഇല്ല...”

“ആ...ആലപ്പുഴയിലെ എല്ലാ സ്ഥലങ്ങളും പ്രസിദ്ധമാണ്....നാം ഇപ്പോൾ പോകുന്ന ബീച്ച് , മാരാരിക്കുളം ബീച്ച്, തുമ്പോളി കടപ്പുറം , അർത്തുങ്കൽ പള്ളി....ഇതൊന്നും കേട്ടിട്ടില്ലേ...?”

“അർത്തുങ്കൽ പള്ളീലെ പെരുന്നാള് വന്നല്ലോ...
ഒരു നല്ല കോള് താ കടലമ്മേ....” മോൾ ചെമ്മീനിലെ ആ പാട്ട് മൂളി.

“ങാ...അത് തന്നെ. പിന്നെ തകഴി , നെടുമുടി , കാവാലം, കരുമാടി .....”

“അതൊക്കെ വലിയ വലിയ ആൾക്കാരുടെ പേരല്ലേ?”

“അല്ല...അവർ ജനിച്ച സ്ഥലത്തിന്റെ പേരുകളാണ്....”

“കുട്ടനാട് , തണ്ണീർമുക്കം,പുന്നപ്ര-വയലാർ,ചമ്പക്കുളം, കുമരകം....അങ്ങനെ അങ്ങനെ....ആ നമ്മൾ ഇതാ ബീച്ചിൽ എത്തി...”

ഞങ്ങൾ എത്തുമ്പോൾ  ആലപ്പുഴ ബീച്ച് ജന നിബിഡമായിരുന്നു. സൂര്യൻ ഇന്നത്തെ കച്ചവടം മതിയാക്കി ആകാശത്ത് ചുവപ്പ് കൊടി മെല്ലെ ഉയർത്തിത്തുടങ്ങിയിരുന്നു.ചെഞ്ചായം പൂശിയ ആകാശത്തിന്റെ ബാക്ക് ഗ്രൌണ്ടിൽ ബീച്ചിലെ കടൽ പാലത്തിന്റെ തൂണുകൾ കറുത്ത തലകൾ പോലെ തോന്നി.


“കടലിൽ നിർത്തിയ ചെറുകപ്പലിൽ നിന്ന് ഈ പാലത്തിലൂടെ ചരക്കുകൾ കരയിലേക്ക് എത്തിച്ചത് എന്റെ കുട്ടിക്കാലത്ത് കണ്ട ഓർമ്മ എനിക്കുണ്ട്....” ആന്റണി പറഞ്ഞു.

“അതായത് 25 വർഷം മുമ്പ് വരെ...:“ ഞാൻ സംശയം പ്രകടിപ്പിച്ചു.

“അതെ...പിന്നെ കോഴിക്കോട് ബീച്ച് പോലെ , പല യോഗങ്ങളും പരിപാടികളും നടക്കുന്നത് ഇവിടെയാണ്.  വർഷം തോറും പുതുവത്സര ദിനത്തിൽ നടത്തുന്ന ബീച്ച് ഫെസ്റ്റിവൽ  വളരെ പ്രസിദ്ധമാണ്..”

150 വർഷത്തോളം പഴക്കമുള്ള ആ പാലം ഇന്ന് തൂണുകൾ മാത്രമായി അവശേഷിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ചതിനാൽ തൂണുകളെങ്കിലും ഇന്നും ഒന്നും സംഭവിക്കാതെ നിലനിൽക്കുന്നു എന്ന് സാരം. അല്പ സമയം കടൽ തിരകളുമായി സല്ലപിക്കാൻ ഞാൻ മക്കൾക്ക് അവസരം നൽകി.

“ഇനി നമുക്ക് നാളത്തെ പദ്ധതികൾ ആസൂത്രണം ചെയ്യാം...” ആന്റണി പറഞ്ഞു.

“ങാ...”

“അതിന് മുമ്പ് , ആലപ്പുഴയുടെ മറ്റൊരു പേര് അറിയാമോ?”

“കിഴക്കിന്റെ വെനീസ്...” ലുഅ മോൾ പറഞ്ഞു.

“എന്താ...ആ പേരിന് കാരണം?”

“ അത് അറിയില്ല...”

“ങാ...അത് നാളെ അറിയാം....നാളെ നേരത്തെ എണീറ്റ് എട്ട് മണിയാകുമ്പോഴേക്കും ബോട്ടിംഗ് തുടങ്ങണം....അത് കഴിഞ്ഞ് ഉച്ച ഭക്ഷണ ശേഷം കുട്ടനാട്ടിലൂടെ ഒരു കാർ യാത്ര....സമയമുണ്ടെങ്കിൽ കയർ മ്യൂസിയം , തണ്ണീർമുക്കം ബണ്ട് എന്നിവയും കാണാം...പിന്നെ എന്റെ വീട്ടിൽ ഒരു ചെറു ചായ സൽക്കാരം...”

“ശരി...” ഞങ്ങൾ സമ്മതിച്ചു.ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ബീച്ചിൽ നിന്നും മടങ്ങി കാറിൽ കയറി.

“ആലപ്പുഴ എന്ന പേര് എന്തുകൊണ്ട് എന്നറിയോ?” യാത്രക്കിടയിൽ ആന്റണി ചോദിച്ചു.

“ഇല്ല...”

“ഗുണ്ടർട്ട് നിഘണ്ടു പ്രകാരം ആലം എന്നാൽ വെള്ളം , പുഴ പിന്നെ അറിയാലോ....ആലപ്പുഴയിൽ ഇഷ്ടം പോലെ വെള്ളമുണ്ട്...പക്ഷേ കുടിവെള്ളം കിട്ടാൻ ഏറെ പ്രയാസവും....”

“ങേ!! അതെന്താ...?”

“അതും നാളെ നേരിട്ട് അറിയാം...”

ഞങ്ങളെ റൂമിലെത്തിച്ച് ആന്റണി വീട്ടിലേക്ക് മടങ്ങി. ഭക്ഷണം കഴിച്ച്, നാളെ പുലരാനായി പ്രാർത്ഥിച്ച് ഞങ്ങൾ ഉറങ്ങി.

(തുടരും...)

4 comments:

Areekkodan | അരീക്കോടന്‍ said...

ആന്റണിയുടെ കാർ ആലപ്പുഴ ബീച്ച് ലക്ഷ്യമാക്കി നീങ്ങി.

Manikandan said...

അപ്പോൾ സസ്പെൻസിന്റെ ഭാഗങ്ങൾ നാളെ ആണ്. എനിക്കറിയാവുന്ന ഒരു കാര്യം ആലപ്പുഴ ഇങ്ങനെ ആക്കിയത് രാജ കേശവദാസ് ആണെന്നതാണ്. ശരിയോ തെറ്റോ അടുത്ത ഭാഗത്തിൽ അറിയാല്ലൊ. അല്ലപ്പുഴയിലെ പോർട്ട് ഓഫീസ് ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു. യാത്രികർക്ക് മുന്നറിയിപ്പു നൽകുന്ന ഫ്ലാഗ് മാസ്റ്റും ഉണ്ടോ? അതെല്ലാം ദ്രവിച്ചു വീണോ. അവിടെ അടുത്തുതന്നെ അക്വാട്ടിക് പരിശീലനങ്ങൾക്കുള്ള ഒരു സമുച്ചയം ഉണ്ടായിരുന്നു. അതും ഇല്ലാതായിക്കാണണം. പഴമയിലും പ്രൗഢിയോടെ നിൽക്കുന്നത് ആലപ്പുഴയിലെ ലൈറ്റ് ഹൗസ് മാത്രം :) ആലപ്പുഴയുടെ തുടർന്നുള്ള വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. 2008 മെയ് മാസത്തിൽ നടത്തിയ ആലപ്പുഴ യാത്രയുടെ വിവരണം എന്റെ ബ്ലോഗിലും ഉണ്ട്.

Typist | എഴുത്തുകാരി said...

രണ്ട് മാസം മുന്‍പ് ഞാനും പോയിരുന്നു ആലപ്പുഴയിലും മാരാരിക്കുളം ബീച്ചിലുമൊക്കെ..

Areekkodan | അരീക്കോടന്‍ said...

Manikandan ji...ലൈറ്റ്‌ഹൌസ് മാത്രം ഇന്നും ഉണ്ട് എന്ന് അന്ന് സന്ധ്യക്ക് ബീച്ചില്‍ നിന്നപ്പോള്‍ മനസ്സിലായി.

എഴുത്തുകാരി ചേച്ചീ...ബ്ലോഗില്‍ ഉണ്ടെങ്കില്‍ ഞാനും വായിക്കട്ടെ.

Post a Comment

നന്ദി....വീണ്ടും വരിക