Pages

Monday, July 24, 2017

പ്രണബ്‌ജി പടി ഇറങ്ങുമ്പോള്‍...

              ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതി ശ്രീ.പ്രണബ് കുമാര്‍ മുഖര്‍ജി  പടിയിറങ്ങുകയാണ്. കുട്ടിക്കാലം മുതലേ ഇന്ത്യന്‍ പ്രെസിഡണ്ടുകളുടെ പേരുകള്‍ ക്വിസ് മത്സരത്തിനും മത്സര പരീക്ഷകള്‍ക്കുമായി ഹൃദിസ്ഥമാക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ഞാനും ഇന്ത്യന്‍ പ്രെസിഡണ്ടും തമ്മില്‍ മറ്റ് പരിചയം ഒന്നും ഉണ്ടായിരുന്നില്ല. 2000ന് മുമ്പുള്ള രാഷ്ട്രപതിമാരില്‍ ഗ്യാനി സെയില്‍‌സിംഗ് എന്ന പേരും ശുഭ്രവസ്ത്രദാരിയായ ഒരു താടിക്കാരന്റെ രൂപവും മനസ്സില്‍ എങനെയോ പതിഞ്ഞ് നില്‍ക്കുന്നുണ്ട്. പിന്നെ നമ്മുടെ സ്വന്തം ശ്രീ കെ.ആര്‍.നാരായണന്‍ എന്ന പേരും. പിന്നെ ഓര്‍മ്മിക്കുന്നത് എന്റെ സുഹൃത്തിന്റെ പ്രേമത്തിന് പാരവച്ച രാഷ്ട്രപതി (!) ശ്രീ.വെങ്കട്ടരാമനെയാണ്.
             പക്ഷേ പ്രണബ്  ജിയുമായി എന്റെ മനസ്സ് വല്ലാത്ത അടുപ്പം പുലര്‍ത്തുന്നു. 2012 ജൂലായ് മാസത്തില്‍ രെയ്‌സിന ഹിത്സിലേക്ക് കൂടുമാറി ഇന്ത്യയുടെ പ്രഥമ പൌരനായി മാറി ഏറെ കഴിയും മുമ്പ് തന്നെ അദ്ദേഹത്തെ രാഷ്ട്രപതി ഭവനില്‍ വച്ച് കാണാനുള്ള അവസരം എനിക്ക് നാഷണല്‍ സര്‍വീസ് സ്കീമിലൂടെ ലഭിച്ചു. 2011 വരെ എന്‍.എസ്.എസിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി അവാര്‍ഡ് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വച്ചായിരുന്നു നല്‍കിയിരുന്നത്. 2012 മുതല്‍ പ്രണബ് ജിയുടെ താല്പര്യപ്രകാരം അവാര്‍ഡ് ദാനം രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധമായ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി. ആ വര്‍ഷത്തെ അവാര്‍ഡ് ദാനം വീക്ഷിക്കാന്‍ എനിക്കും അവസരം ലഭിച്ചതോടെ ഒരു ഇന്ത്യന്‍ പ്രെസിഡണ്ടിനെ ഞാന്‍ നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട് സായൂജ്യമടഞ്ഞു.
                തൊട്ടടുത്ത വർഷം 2013ൽ അതേ പ്രെസിഡെണ്ടിൽ നിന്ന് അതേ സ്ഥാനത്ത് വച്ച് രാജ്യത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള ഇന്ദിരാഗാന്ധി അവാർഡ് സ്വീകരിക്കാൻ എനിക്കും അവസരം ലഭിച്ചു. അന്ന് ഞാൻ ആദ്യമായി ഒരു ഇന്ത്യൻ പ്രെസിഡെണ്ടിന് ഹസ്തദാനം നൽകി !എന്റെ ഉമ്മയും , ഭാര്യയും, രണ്ട് മക്കളും ,ഭാര്യാ മാതാവും ഈ ചടങ്ങ് കാണാനായി രാഷ്ട്രപതി ഭവനിൽ എത്തിയതിനാൽ അവർക്കും ഒരു ഇന്ത്യൻ പ്രെസിഡണ്ടിനെ കാണാനായി. അതിനാൽ തന്നെ പ്രണബ്ജിയുടെ പടി ഇറക്കം ഞങ്ങൾക്ക് കുടുംബപരമായി ഒരു ചരിത്രത്തിന്റെ അധ്യായമാണ്.
            ഒരു വർഷത്തെ ഇടവേളക്ക് ശേഷം  2015-ൽ എൻ.എസ്.എസ് ടെക്നിക്കൽ സെൽ രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റിക്കുള്ള എൻ.എസ്.എസ് ദേശീയപുരസ്കാരത്തിന് അർഹത നേടിയപ്പോൾ ആ ചടങ്ങ് വീക്ഷിക്കാൻ ഞാൻ വീണ്ടും രാഷ്ട്രപതി ഭവനിലെത്തി (2014-ൽ അപ്രീസിയേഷൻ പുരസ്കാരം ലഭിച്ചെങ്കിലും ആ വർഷം ചടങ്ങിന് പോയില്ല).
            അങ്ങനെ പ്രണബ്ജിയുടെ അഞ്ച് വർഷത്തെ കാലയളവിൽ മൂന്ന് തവണ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ എത്താൻ എനിക്ക് അവസരം ലഭിച്ചു. അതുകൊണ്ട് തന്നെ ഈ പ്രെസിഡണ്ട് പടിയിറങ്ങുമ്പോൾ മനസ്സിൽ എവിടെയോ ചില നോവുകൾ അനുഭവപ്പെടുന്നു. പുതിയ പ്രെസിഡണ്ടിന്റെ കാലത്ത് ഈ അവാർഡുകൾ രാഷ്ട്രപതി ഭവനിൽ വച്ച് തന്നെ വിതരണം ചെയ്യപ്പെടുമോ എന്ന സന്ദേഹവും ബാക്കിയാവുന്നു. കാത്തിരുന്ന് കാണാം.

5 comments:

Areekkodan | അരീക്കോടന്‍ said...

അതുകൊണ്ട് തന്നെ ഈ പ്രെസിഡണ്ട് പടിയിറങ്ങുമ്പോൾ മനസ്സിൽ എവിടെയോ ചില നോവുകൾ അനുഭവപ്പെടുന്നു.

Manikandan said...

ഇനിയും അഭിമാനകരമായ പുരസ്കാരങ്ങൾ ഏറ്റുവാങ്ങാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. തുടർച്ചയായി മുന്നു തവണ രാഷ്ട്രപതിഭവനിൽ ഉന്നതമായ അംഗീകാരങ്ങൾ ഏറ്റുവാങ്ങാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ലല്ലൊ.

Areekkodan | അരീക്കോടന്‍ said...

Manikandanji...ദൈവം അനുഗ്രഹിച്ചാൽ അംഗീകാരങ്ങൾ ഇനിയും തേടി എത്തും. നന്ദി.

Typist | എഴുത്തുകാരി said...

അപ്പൊ ആളത്ര നിസ്സാരക്കാരനല്ല!

Areekkodan | അരീക്കോടന്‍ said...

എഴുത്ത്കാരി ചേച്ചീ...പ്രണബ്‌ജിയോ അതോ ഞാനോ? !!!

Post a Comment

നന്ദി....വീണ്ടും വരിക