Pages

Showing posts with label ബിനാലെ. Show all posts
Showing posts with label ബിനാലെ. Show all posts

Saturday, March 04, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016 - ദര്‍ബാര്‍ ഹാള്‍

                 ഏകദേശം 12 മണിയോടെ ഞങ്ങള്‍ എറണാകുളം ജെട്ടി സ്റ്റോപ്പില്‍ ബസ്സിറങ്ങി. ബിനാലെക്ക് ടിക്കറ്റെടുക്കണമെന്നും അടുത്ത് തന്നെയുള്ള ദര്‍ബാര്‍ ഹാളില്‍ ടിക്കറ്റ് ലഭിക്കുമെന്നും കൊച്ചിയിലെ ഞങ്ങളുടെ ആതിഥേയനും എന്റെ ഡിഗ്രി ക്ലാസ്മേറ്റുമായ ഖൈസില്‍ നിന്നും മനസ്സിലാക്കി (2012ലെ ആദ്യത്തെ ബിനാലെയില്‍ ടിക്കറ്റ് എടുത്തതായി എന്റെ ഓര്‍മ്മയില്‍ ഇല്ലായിരുന്നു. ഏതോ ചില ദിവസങ്ങളില്‍ സൌജന്യ പ്രവേശനം അനുവദിക്കുന്നതായി പിന്നീട് അറിഞ്ഞു.അന്ന് അത്തരം ഒരു ദിവസത്തിലായിരിക്കാം ഞങ്ങള്‍ അവിടെ എത്തിയത്!!).

                ദര്‍ബാര്‍ ഹാളില്‍ എത്തിയ എനിക്ക് സ്ഥലം മാറിപ്പോയോ എന്ന സംശയമുണ്ടായി.ഞായറാഴ്ച ആയിട്ടും ആരെയും അവിടെ കണ്ടില്ല. വാതിലിനടുത്ത് രണ്ട് മൂന്ന് പയ്യന്മാര്‍ സൊറ പറഞ്ഞിരിക്കുന്നുണ്ട്. അവിടെ ചെന്നപ്പോഴാണ് അത് തന്നെയാണ് ടിക്കറ്റ് കൌണ്ടര്‍ എന്ന് മനസ്സിലായത്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന ഫീ. 4 മുതിര്‍5ന്നവരും 2 കുട്ടികളും എന്ന് പറഞ്ഞപ്പോള്‍ എല്ലാവരെയും ഒന്ന് നോക്കിയ ശേഷം 5 ടിക്കറ്റ് തന്നു - 3 മുതിര്‍ന്നവരും 2 കുട്ടികളും!! 7 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ളവര്‍ കുട്ടി ഗണത്തില്‍ പെടും പോലും!!!2000 രൂപ കൊടുത്തപ്പോള്‍ അതിന് ചില്ലറ ആയിട്ടില്ല എന്ന് കൂടി പറഞ്ഞപ്പോള്‍ അവിടെ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം എന്റെ മനസ്സിലൂടെ ഓടിപ്പോയി.

                ദര്‍ബാര്‍ ഹാളില്‍ തന്നെ ചില ഇന്‍സ്റ്റലേഷനുകള്‍ ഉള്ളതായി ഖൈസ് പറഞ്ഞിരുന്നു. അത് കാണാനായി ഞങ്ങള്‍ അകത്ത് കയറി.എന്തുകൊണ്ടൊക്കെയോ ഉണ്ടാക്കിയ കുറെ മൊട്ടത്തലകള്‍ ആയിരുന്നു ആദ്യത്തെ കാഴ്ച. അതു കഴിഞ്ഞ് ഒന്നാം നിലയില്‍ കയറിയപ്പോള്‍ കണ്ട ആദ്യത്തെ കാഴ്ച ഇതാണ്.
                 ഫാറൂഖ് കോളേജിലെ ഞങ്ങളുടെ കെമിസ്ട്രി ലാബിന്റെ പിന്നാമ്പുറത്ത് കൂട്ടിയിട്ട സാധനങ്ങള്‍ കഴുകി വൃത്തിയാക്കി ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതൊക്കെയോ അക്ഷരങ്ങള്‍ ചേര്‍ത്തു വച്ച പ്രതീതി. അതെ, പൊട്ടിയ കോണിക്കല്‍ ഫ്ലാസ്ക് , ബ്യൂററ്റ്,പിപ്പറ്റ് , ഗ്ലാസ് ടംബ്ലര്‍ എന്നിവയൊക്കെയായിരുന്നു ഈ ഇന്‍സ്റ്റലേഷന്‍.പക്ഷെ നല്ല വൃത്തിയുണ്ട് കാണാന്‍.പേര് വായിച്ചെടുക്കാന്‍ പ്രയാസമാണെന്ന് മാത്രമല്ല, മനസ്സിലാകുകയും ഇല്ല. തൊട്ടടുത്ത് തന്നെ ഒരു പിരിയന്‍ പാത്രത്തിനകത്ത് എവിടെ നിന്നോ പ്രൊജക്ട് ചെയ്യുന്ന ചിത്രങ്ങള്‍ മിന്നി മറയുന്നുണ്ട്.

              കാലിഫോര്‍ണിയക്കാരന്‍ ഗാരി ഹില്ലിന്റെ ഡ്രീം സ്റ്റോപ് ആയിരുന്നു അടുത്ത മുറിയില്‍. വിശാലമായ ആ മുറിയുടെ ചുമരില്‍ മുഴുവന്‍ കാണികള്‍ ഇന്‍സ്റ്റലേഷന്‍ ആവുന്ന കാഴ്ച ആയിരുന്നു അവിടെ ഒരുക്കിയത്. ഇതിനായി 31 വീഡിയോ ക്യാമറകളും 31 പ്രൊജക്ടറുകളും ഉപയോഗിച്ചതായി പുറത്തുള്ള കുറിപ്പില്‍ പറയുന്നു.
                 മദ്ധ്യത്തില്‍ കാണുന്ന വളയത്തിലാണ് ക്യാമറകള്‍ മുഴുവന്‍. ഇതിനെ ടെക്നോളജിക്കല്‍ ഇന്‍സ്റ്റലേഷന്‍ എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത്. വരാന്‍ പോകുന്ന കാഴ്ചകളുടെ ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു ഇത് എന്ന് പിന്നീട് തോന്നി.

            ദര്‍ബാര്‍ ഹാളില്‍ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും എന്റെ സുഹൃത്ത് ഖൈസും മകനും അവിടെ എത്തിയിരുന്നു. കൊച്ചിയില്‍ താമസിച്ചിട്ടും ഇതുവരെ ബിനാലെ കാണാന്‍ തോന്നിയിട്ടില്ല എന്ന് അവന്‍ പറഞ്ഞു. അല്ലെങ്കിലും കൊച്ചിയിലെ മിക്ക സുഹൃത്തുക്കള്‍ക്കും അത് കാണാന്‍ ഇതുവരെ തോന്നിയിട്ടില്ല എന്നതാണ് സത്യം.
                കേട്ട് മാത്രം പരിചയമുള്ള “കായിക്കാസ് ബിരിയാണി” കിട്ടുന്ന സ്ഥലം തൊട്ടടുത്ത് തന്നെയാണെന്ന് ഖൈസ് അറിയിച്ചു. ഹോട്ടലിന്റെ പേര് തന്റെ പേര് തന്നെയാണെന്ന് ബോഡിലേക്ക് നോക്കി ഖൈസ് പറഞ്ഞു. അതെ “Kayees" എന്നായിരുന്നു അതിന്റെ പേര്.ബിരിയാണി തിന്നാന്‍ ടോക്കണെടുത്ത് കാത്തിരിക്കുന്ന നിരവധി പേരിലേക്ക് ഞങ്ങളും ചേക്കേറി. ചുമരില്‍ “കായിക്കാസ് ബിരിയാണി”യെക്കുറിച്ച് വിവിധ പത്രങ്ങളില്‍ വന്ന കുറിപ്പുകള്‍ നിറഞ്ഞിരുന്നു. ചിക്കന്‍ ബിരിയാണിക്ക് 150 രൂപയും മട്ടണ്‍  ബിരിയാണിക്ക് 180 രൂപയും ആണ് നിരക്ക്.
 
             കായിക്കാസ് ബിരിയാണിയും തട്ടി അവിടെത്തന്നെയുള്ള നമസ്കാര മുറിയില്‍ നിന്നും നമസ്കരിച്ച് പുറത്തിറങ്ങിയപ്പോള്‍ അതാ പതിവ് പോലെ ഒരു വളണ്ടിയര്‍ കൂട്ടം - കോഴിക്കോട്ടെ വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, കൊച്ചിയില്‍ എത്തിയപ്പോള്‍ കായിക്കാസ് ബിരിയാണിയുടെ രുചി അറിയാന്‍ വന്നതാണ്!!

          അല്പ നേരം അവരോടൊപ്പവും ചെലവഴിച്ച് ഖൈസ് തന്നെ ഏര്‍പ്പാടാക്കിയ ഊബര്‍ ടാക്സിയില്‍ ഞങ്ങള്‍ ബിനാലെയുടെ പ്രധാന വേദിയായ ഫോര്‍ട്ട് കൊച്ചിയിലേക്ക് യാത്ര തിരിച്ചു.

(തുടരും....)

Friday, February 10, 2017

ബിനാലെ കാണാന്‍...

2012ല്‍ ആണ് കൊച്ചിന്‍ മുസ്രിസ് ബിനാലെ ആരംഭിച്ചത്. 12/12/12 എന്ന തീയതിയുടെ കൌതുകം കാരണം അന്നാണ് അത് ഉത്ഘാടനം ചെയ്യപ്പെട്ടത്. അന്ന് കേരള ജനതക്ക് എന്നല്ല ഇന്ത്യന്‍ ജനതക്ക് തന്നെ ഇത് എന്താണ് സംഭവം എന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് ബിനാലെ വീണ്ടും 2014ല്‍ എത്തി.ഡിസംബറില്‍ ആരംഭിച്ച് 100 ദിവസത്തിലധികം അത് കൊച്ചിയില്‍ ആറാടി.എന്നിട്ടും കേരള ജനത അതിന് വലിയ പ്രാധാന്യം നല്‍കിയില്ല എന്ന് തോന്നുന്നു - ആര്‍ക്കെങ്കിലും മനസ്സിലാകുന്ന സംഗതി ആണെങ്കില്‍ അല്ലേ അങ്ങോട്ട് അടുക്കൂ !!

ആദ്യ ബിനാലെ കണ്ട അല്പം ചില കേരളീയ കുടുംബങ്ങളില്‍ ഒന്ന് എന്റെതാണ് എന്ന് ഞാന്‍ അഭിമാനപൂര്‍വ്വം പറയാറുണ്ട് - എനിക്കും അന്ന് ഒന്നും മനസ്സിലായില്ല എന്നത് സത്യം തന്നെ. അന്നത്തെ ചില ഇന്‍സ്റ്റലേഷനുകളെപ്പറ്റി ഇതാ ഇവിടെ സവിസ്തരം പറഞ്ഞിട്ടുണ്ട്.

അന്ന് എന്റെ മൂത്ത മകള്‍ എട്ടാം ക്ലാസ്സിലും രണ്ടാമത്തെ മോള്‍ നാലാം ക്ലാസ്സിലും മൂന്നാമള്‍ പൊടിമോളും ആയിരുന്നു. ആ ബിനാലെ ഓര്‍മ്മയില്‍ അല്പമെങ്കിലും തങ്ങി നില്‍ക്കുന്ന മൂത്ത മോള്‍ ലുലുവിന് ഈ വര്‍ഷവും ബിനാലെ കാണാന്‍ ആഗ്രഹം !! അടുത്ത ബിനാലെക്ക് ഇനിയും രണ്ട് വര്‍ഷം കാത്ത് നില്‍ക്കണം എന്നതിനാലും ഈ ശനിയാഴ്ച എനിക്ക് തൃശൂര്‍ ചാലക്കുടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഉള്ളതിനാലും ഇതു തന്നെ നല്ല അവസരം എന്ന് തീരുമാനമായി.അങ്ങനെ  ലുലുവിന് പ്ലസ് ടു മോഡല്‍ പരീക്ഷ നടക്കുകയാണെങ്കിലും ഞങ്ങള്‍ ബിനാലെ കാണാന്‍ നാളെ എറണാകുളത്തേക്ക്...

എന്റെ ബ്ലോഗിന്റെ അതേ ടൈറ്റില്‍ പോലെയുള്ള  മനോരാജ്യത്തില്‍  ബിനാലെ കണ്ട അനുഭവം വായിച്ചു. ആദ്യ ബിനാലെ കണ്ട എന്റെ അതേ അവസ്ഥ തന്നെയാണ് ദിവാകരന്‍‌ജിക്ക് എന്ന് മനസ്സിലായി. ബാക്കി ഇനി ഞാന്‍ കണ്ടതിന് ശേഷം പറയാം , ഇന്‍ഷാ അല്ലാഹ്.

Wednesday, February 27, 2013

ഞാന്‍ കണ്ട ബിനാലെ - ഭാഗം 2

(ഒന്നാം ഭാഗം വായിക്കാൻഇവിടെ ക്ലിക്കുക.)

ആസ്പിൻ‌വാൾ ആണ് ബിനാലെയുടെ മുഖ്യസൈറ്റ്. ഞാനും കുടുംബവും പെപ്പെർ ഹൌസിൽ നിന്നിറങ്ങി ആസ്പിൻ‌വാൾ ലക്ഷ്യമാക്കി നടന്നു.ജനം കൂട്ടമായി നടക്കുന്നതിനാൽ ദൂരം എത്രയുണ്ടെന്നോ എങ്ങനെ പോകണമെന്നോ എന്നൊന്നും ഞങ്ങൾ ചിന്തിച്ചില്ല. ആൾക്കൂട്ടത്തോടൊപ്പം ഞങ്ങളും നടന്നു.പെപ്പെർഹൌസിനും ആസ്പിൻ‌വാളിനും ഇടക്ക് മറ്റു ബിനാലെ സൈറ്റുകൾ ഉണ്ടോ എന്നറിയില്ല.പത്രത്തിൽ ബിനാലെ എന്ന് കാണുന്ന അന്നുമുതൽ കേൾക്കുന്നത് ആസ്പിൻ‌വാൾ ആയതിനാൾ അത് കാണണം എന്നതായിരുന്നു ആഗ്രഹം.
ആസ്പിൻ‌വാൾ കവാടം ജനത്തിരക്കിൽ വീർപ്പുമുട്ടുന്നുണ്ടെങ്കിലും ഞങ്ങൾ സുഗമമായി അകത്ത് കടന്നു.സൈൻ ബോർഡുകൾക്കനുസരിച്ച് ഞങ്ങളും നീങ്ങി.ശലഭങ്ങൾ കൊണ്ട് ചില ‘വൃത്തികേടുകൾ’ (എന്റെ അഭിപ്രായം) ആയിരുന്നു ആദ്യം കണ്ടത്. അല്പം കൂടി മുന്നോട്ട് പോയപ്പോൾ ഒരു താടിക്കാരനായ മൊട്ടത്തലയനും ഒരു സായിപ്പും നിൽക്കുന്നത് കണ്ടു. തൊട്ടടുത്ത് കാണുന്ന പെയ്ന്റിങ്ങുകളിൽ എല്ലാം രണ്ട് മുഖങ്ങൾ.ഒന്ന് പരിചിതമുഖം,മറ്റേത് അപരിചിതവും.പക്ഷേ പെട്ടെന്നാണ് ഒരു സംഗതി മനസ്സിലായത്.എല്ലാ ചിത്രത്തിലേയും ഒരു മുഖം കോമൺ ആണ് – ഒരു താടിക്കാരൻ.പെട്ടെന്ന് ഞാൻ പിന്നോട്ട് നോക്കി.അതേ ആ നിൽക്കുന്ന മൊട്ടത്തലയനായ താടിക്കാരൻ തന്നെ. ഗാന്ധിജിയുടെ മുഖത്ത് ഈ താടിക്കാരൻ, ചെഗ്വേരയുടെ മുഖത്തും ഈ താടിക്കാരൻ!ബിനാലെയെല്ലാം കണ്ട് ആഴ്ചകൾക്ക് ശേഷമാണ് ആ താടിക്കാരനെ മനസ്സിലായത് – ബോസ് കൃഷ്ണമാചാരി,കൊച്ചിൻ-മുസ്‌രിസ് ബിനാലെയുടെ മുഖ്യസൂത്രധാരകരിൽ ഒരാൾ.

                                            ബോസ് കൃഷ്ണമാചാരി

ധാരാളം പേർ തള്ളിക്കയറുന്നത് കണ്ടാണ് മറ്റൊരു കുടുസ്സുമുറിയുടെ മുമ്പിൽ ഞങ്ങൾ എത്തിയത്. ഏതോ ക്ഷേത്രാങ്കണത്തിൽ എത്തിയപോലെ അവിടെ സുഗന്ധപൂരിതമായിരുന്നു. ജനങ്ങൾ അകത്തേക്ക് കയറുന്നതിന് മുമ്പ് പാദരക്ഷകൾ അഴിച്ചുവയ്ക്കുന്നതും കണ്ടു.ഞങ്ങളും മുമ്പേ ഗമിക്കും ഗോ തൻ പിമ്പേ ഗമിക്കും ഗോക്കളെല്ലാം എന്ന പോലെ അനുസരിച്ചു.അകത്ത് ഒരു പ്രതിഷ്ഠ തന്നെയായിരുന്നു.പിന്നെ കുറേ വേസ്റ്റുകൾ കൊണ്ടുണ്ടാക്കിയ അലങ്കാരങ്ങളും.അതിൽ ഏതിൽ തൊട്ടാലും ക്ഷേത്ര നടയിലെ മണി മുഴങ്ങും!അതിന്റെ ഗുട്ടൻസ് പിടികിട്ടാത്തതിനാലും അപാരമായ തിരക്ക് അനുഭവപ്പെട്ടതിനാലും ഞാൻ വേഗം പുറത്തിറങ്ങി.
അടുത്ത ഹാളിൽ സ്ക്രീനിലും പുസ്തകത്തിലും എല്ലാം സിനിമപ്രദർശനം പോലെ എന്തോ സംഗതി നടക്കുന്നു. എവിട നിന്നാണ് ഇത് പ്രൊജക്ട് ചെയ്ത് വിടുന്നത് എന്ന് മാത്രം കാണുന്നില്ല.വിവിധ തരം നെൽ‌വിത്തുകളും (നൂറിലധികം വരും എന്ന് തോന്നുന്നു) അവിടെ അടുക്കി വച്ചത് ഹൃദ്യമായ കാഴ്ചയായി.
വീണ്ടും ഒരു കുടുസ്സ് മുറിയിലേക്ക് ഞങ്ങൾ കയറി.അവിടേയും പാഴ്വസ്തുക്കൾ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. വിവിധതരം പാഴ്വസ്തുക്കൾ അടുക്കിവച്ചുകൊണ്ട് ഒരു ക്ലോക്ക്.ഓരോ സെക്കന്റിലും ക്ലോക്കിലെ ഒരു ദണ്ഠ് ഒരു മദ്ദളത്തിൽ പോയി മുട്ടും!ബാക്കി സാധനങ്ങൾ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏതായാലും അതോടെ കൂടുതൽ മുറികളിലേക്ക് കയറുന്നത് ഞങ്ങൾ നിർത്തി.
പുറത്ത് കായലിനരികിൽ വലിയൊരു ഉരൽ പോലെ മുളകൾ കെട്ടിയുണ്ടാക്കിയ ഒരു ഇൻസ്റ്റലേഷൻ കണ്ടു.വശങ്ങളിൽ ദീപം വയ്ക്കാനുള്ള വളയങ്ങളും കണ്ടു.അത് മുഴുവനാകാത്ത ഇൻസ്റ്റലേഷൻ ആയതിനാൽ കൂടുതൽ നേരം അതിലേക്ക് ശ്രദ്ധ കൊടുത്തില്ല.എന്നാൽ അതിന്റെ തൊട്ടപ്പുറം ഉണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷൻ എന്നെ ഞെട്ടിച്ചു.ഒരു ഓട്ടോറിക്ഷയുടെ രെക്സിൻ ഷീറ്റുകളും ടയറുകളും മാറ്റി കട്ടപ്പുറത്ത് കയറ്റി വച്ചിരിക്കുന്നു!നമ്മുടെ റോഡ് വയ്ക്കുകളിൽ ഇപ്പോൾ സുലഭമായി കാണുന്ന കരിമ്പ് ജ്യൂസു് മെഷീനുകൾ ഇതിലും നല്ല ഒരു ഇൻസ്റ്റലേഷൻ ആണ്.
ആസ്പിൻ‌വാളിന്റെ മുറ്റത്ത് ഒരുക്കിയ ഒരു ഇൻസ്റ്റലേഷൻ ഞാൻ പത്രത്തിലും കണ്ടിരുനു.ഉയരത്തിൽ കെട്ടിത്തൂക്കിയിരിക്കുന്ന വലിയൊരു കിളിക്കൂട് പോലെ ഒരു സാധനം-മുളകൾ കൊണ്ട് കെട്ടിയുണ്ടാക്കിയത്.അതിലേക്ക് കയറാനായി ചാക്ക് കെട്ടുകൾ നിരത്തി വച്ച ഒരു പാത!ആരും അതിലൂടെ നടന്ന് ആ കിളിക്കൂടിലേക്ക് കയറാത്തതിനാൽ ഞങ്ങളും അതിന് മുതിർന്നില്ല.
തിരിച്ച് നാട്ടിലേക്ക് പുറപ്പെടേണ്ട സമയം അടുത്തതിനാൽ ബിനാലെയുടെ മറ്റ് സൈറ്റുകളോ ആസ്പിൻ‌വാളിലെ തന്നെ മറ്റു ഇൻസ്റ്റലേഷനുകളോ കാണാൻ ഞങ്ങൾ നിന്നില്ല.ഒരു കാര്യം മനസ്സിലായി.കേട്ട ബിനാലേയും കണ്ട ബിനാലേയും രണ്ടും രണ്ടാണ്.അതിനാൽ കേൾക്കാത്തവർ കാണുക , കണ്ടവർ കേൾക്കുക!തീർച്ചയായും അത് നിങ്ങൾക്ക് ഒരു പുതിയ അനുഭവം തന്നെയായിരിക്കും. അരീക്കോട് ബിനാലെ എന്നെങ്കിലും നടക്കുകയാണെങ്കിൽ അതിൽ ഒരു ഇൻസ്റ്റലേഷൻ തയ്യാറാക്കാൻ നിങ്ങൾക്ക് ഈ അനുഭവം ഒരു മുതൽക്കൂട്ടും ആയിരിക്കും.


ഞാന്‍ കണ്ട ബിനാലെ - ഭാഗം 1


      ബിനാലെ ബിനാലെ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു.ഈ പുതിയ സാധനം എന്താണെന്ന് അറിയാന്‍ വേണ്ടി അതുമായി ബന്ധപ്പെട്ട് വന്ന ഒട്ടുമിക്ക ലേഖനങ്ങളും അഭിപ്രായങ്ങളും കോപ്രായങ്ങളും ഒക്കെ വായിച്ചു നോക്കി.ഇന്‍സ്റ്റലേഷന്‍ എന്ന പേരില്‍ എന്തൊക്കെയോ കല ചെയ്തു വയ്കുന്നതാണ് ഇതിന്റെ പ്രധാന പരിപാടി എന്ന് സാമാന്യം തലച്ചോറിലേക്ക് ഫീഡ് ചെയ്തുകൊടുത്തു. രണ്ട് വര്‍ഷത്തില്‍ ഒരിക്കലേ ഇത്തരം ‘പ്രകടനങ്ങള്‍’ നടത്താവൂ (ഇല്ലെങ്കില്‍ ജനം കല്ലെറിയും) എന്ന് മറ്റ് ബിനാലെക്കാര്‍ എഴുതി വച്ചതിനാല്‍ ഇതിന് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ എന്നര്‍ത്ഥം വരുന്ന ബൈ ആന്വല്‍ ചുരുക്കി ബിനാലെ എന്ന സുന്ദര നാമവും കിട്ടി.കൊച്ചിയില്‍ ഇപ്പോള്‍ ജനിക്കുന്ന ആണിനും പെണ്ണിനും എല്ലാം പേര് ബിനാലെ,ഇന്‍സ്റ്റ, ലേഷ, ലേഷന്‍ എന്നൊക്കെയാണ് പോലും!ഇന്ത്യയിലെ ആദ്യത്തെ ബിനാലെയെ ഓര്‍മ്മയിൽ എന്നെന്നും സൂക്ഷിക്കാന്‍ ഏറ്റവും നല്ല വഴി ഇതു തന്നെയാണ് മലയാളീ (ആരും ആ വഴി ചിന്തിച്ചിട്ടില്ലെങ്കില്‍ ചിന്തിച്ചു തുടങ്ങാം).



   12/12/12 എന്ന അപസ്മാര ഡേറ്റില്‍ (ഒരു പ്രത്യേകതയില്ലെങ്കിലും നമ്മള്‍ ഉണ്ടാക്കുന്ന ചില പ്രത്യേകതകള്‍ ഡേറ്റുകളെ അപസ്മാരികമാക്കുന്നു) ആണ് കൊചിന്‍ - മുസ്‌രിസ് ബിനാലെ ആരംഭിച്ചത്.കലയുടെ പ്രദര്‍ശനം എന്നതല്ല മറ്റെന്തൊക്കെയോ ആണ് ബിനാലെ കൊണ്ടുദ്ദേശിക്കുന്നത് എന്ന് ഇതിന്റെ വരവില്‍ നിന്ന് തന്നെ മനസ്സിലായിരുന്നു.പക്ഷേ ഒരിക്കലും ബിനാലെയില്‍ ഞാന്‍ എത്തിപ്പെടും എന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല.ബിനാമി എന്ന് കേട്ടതും ബിലാലിനെ  സ്വപ്നം കണ്ടതും ആണ് ഇതിന്റെ അടുത്തെത്തിയ എന്റെ പ്രകടനങ്ങള്‍.എന്നിട്ടും ഞാനും കുടുംബവും അപ്രതീക്ഷിതമായി ബിനാലെയില്‍ എത്തി.സ്വപ്നത്തിലല്ല , നേരിട്ട് തന്നെ.

   ഡിസമ്പർ 16ന് ഫോര്‍ട്ട്കൊച്ചിയിലൂടെ  വെറുതെ കുടുംബ സമേതം അലയുമ്പോളാണ് ബിനാലെ നടക്കുന്ന വിവരം പെട്ടെന്ന് മനസ്സിലെത്തിയത്. തുടക്കമായതിനാല്‍ അധികം ആള്‍ക്കാര്‍ കാഴ്ചക്കാരായി എത്തിത്തുടങ്ങിയിരുന്നില്ല.പക്ഷേ ഞായറാഴ്ച ആയതിനാല്‍ നല്ല തിരക്ക് ഉണ്ടായിരുന്നുതാനും.പ്രവേശനം ഫ്രീ ആയിരുന്നു.മിക്ക ഇന്‍സ്റ്റലേഷനുകളും ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നടക്കുമ്പോഴാണ് ‘പെപര്‍ ഹൌസ്’ ശ്രദ്ധയില്‍ പെട്ടത്. ഞങ്ങളും കയറി.അത് ബിനാലെ നടക്കുന്ന പന്ത്രണ്ട് സൈറ്റുകളില്‍ ഒന്നായിരുന്നു.ആദ്യം കണ്ട ഇന്‍സ്റ്റലേഷന്‍ ഒരു സ്പ്രേ പെയിന്ററുടെ ചുമരിനെ അനുസ്മരിപ്പിച്ചു - പെയിന്റിന് പകരം ഉപയോഗിച്ചത് കരിഓയില്‍ ആണെന്ന് മാത്രം! തലങും വിലങ്ങും തല കീഴായും നേരെയും ഞങ്ങള്‍ നാല് തല കൊണ്ടും (ഞാനും ഭാര്യയും രണ്ട് മക്കളും) ആലോചിച്ചിട്ടും സംഗതി പിടികിട്ടിയില്ല.വെറുതെയല്ല ആരും ആ വഴി കയറി നോക്കാത്തത് എന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ തന്നെ മനസ്സിലായി.

  പിന്നെ ഒന്നിന് പിറകെ ഒന്നായി പല റൂമിലൂടെയും ഞങ്ങള്‍ കയറിയിറങ്ങി.ഒരു ഇരുട്ടുമുറിയില്‍ സജ്ജീകരിച്ച തുണികൊണ്ടുള്ള സിലിണ്ടറിനുള്ളിലൂടെ വരുന്ന പ്രകാശം ഒരു നിശ്ചിത കോണില്‍ ചരിച്ചു കഴിഞ്ഞാല്‍ മറുവശത്ത് എത്താത്ത ഒരു കാഴ്ച ഒരു ഫിസിക്സ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ ആകര്‍ഷിച്ചു.മറ്റൊരു റൂമില്‍ കുറേ വയലിനുകള്‍ കെട്ടി തൂക്കിയത് എന്തിനാണെന്ന് മനസ്സിലായില്ല.പലരും ഒരു ഏണിയിലൂടെ വലിഞ്ഞുകയറി തട്ടിന്‍പുറത്ത് സ്ഥാപിച്ച ഒരു ഇന്‍സ്റ്റലേഷന്‍ കാണുന്നത് കണ്ടപ്പോള്‍ ചെറിയ മോളേയും എടുത്ത് ഞാനും വലിഞ്ഞു കയറി.കുറേ ചാക്കുകള്‍ അട്ടി വച്ചതാണ് ആ ഇന്‍സ്റ്റലേഷന്‍! എന്റെ വീട്ടിന്റെ അട്ടത്ത് (അടുക്കളയിലെ തട്ടിന്‍പുറം) ഇതിലും വൃത്തിയായി ഓലക്കൊടികള്‍ കെട്ടിവച്ചത് അരീക്കോട് ബിനാലെ വരുമ്പോള്‍ ഞാനും പ്രദര്‍ശിപ്പിക്കും, ഇന്‍ഷാ അല്ലാഹ്!!!