Pages

Wednesday, February 27, 2013

ഞാന്‍ കണ്ട ബിനാലെ - ഭാഗം 1


          ബിനാലെ ബിനാലെ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു.ഈ പുതിയ സാധനം എന്താണെന്ന് അറിയാന്‍ വേണ്ടി അതുമായി ബന്ധപ്പെട്ട് വന്ന ഒട്ടുമിക്ക ലേഖനങ്ങളും അഭിപ്രായങ്ങളും കോപ്രായങ്ങളും ഒക്കെ വായിച്ചു നോക്കി.ഇന്‍സ്റ്റലേഷന്‍ എന്ന പേരില്‍ എന്തൊക്കെയോ കല ചെയ്തു വയ്കുന്നതാണ് ഇതിന്റെ പ്രധാന പരിപാടി എന്ന് സാമാന്യം തലച്ചോറിലേക്ക് ഫീഡ് ചെയ്തുകൊടുത്തു. രണ്ട് വര്‍ഷത്തില്‍ ഒരിക്കലേ ഇത്തരം ‘പ്രകടനങ്ങള്‍’ നടത്താവൂ (ഇല്ലെങ്കില്‍ ജനം കല്ലെറിയും) എന്ന് മറ്റ് ബിനാലെക്കാര്‍ എഴുതി വച്ചതിനാല്‍ ഇതിന് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ എന്നര്‍ത്ഥം വരുന്ന ബൈ ആന്വല്‍ ചുരുക്കി ബിനാലെ എന്ന സുന്ദര നാമവും കിട്ടി.കൊച്ചിയില്‍ ഇപ്പോള്‍ ജനിക്കുന്ന ആണിനും പെണ്ണിനും എല്ലാം പേര് ബിനാലെ,ഇന്‍സ്റ്റ, ലേഷ, ലേഷന്‍ എന്നൊക്കെയാണ് പോലും!ഇന്ത്യയിലെ ആദ്യത്തെ ബിനാലെയെ ഓര്‍മ്മയി എന്നെന്നും സൂക്ഷിക്കാന്‍ ഏറ്റവും നല്ല വഴി ഇതു തന്നെയാണ് മലയാളീ (ആരും ആ വഴി ചിന്തിച്ചിട്ടില്ലെങ്കില്‍ ചിന്തിച്ചു തുടങ്ങാം)           12/12/12 എന്ന അപസ്മാര ഡേറ്റില്‍ (ഒരു പ്രത്യേകതയില്ലെങ്കിലും നമ്മള്‍ ഉണ്ടാക്കുന്ന ചില പ്രത്യേകതകള്‍ ഡേറ്റുകളെ അപസ്മാരികമാക്കുന്നു) ആണ് കൊചിന്‍ - മുസ്‌രിസ് ബിനാലെ ആരംഭിച്ചത്.കലയുടെ പ്രദര്‍ശനം എന്നതല്ല മറ്റെന്തൊക്കെയോ ആണ് ബിനാലെ കൊണ്ടുദ്ദേശിക്കുന്നത് എന്ന് ഇതിന്റെ വരവില്‍ നിന്ന് തന്നെ മനസ്സിലായിരുന്നു.പക്ഷേ ഒരിക്കലും ബിനാലെയില്‍ ഞാന്‍ എത്തിപ്പെടും എന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല.ബിനാമി എന്ന് കേട്ടതും ബിലാലിനെ  സ്വപ്നം കണ്ടതും ആണ് ഇതിന്റെ അടുത്തെത്തിയ എന്റെ പ്രകടനങ്ങള്‍.എന്നിട്ടും ഞാനും കുടുംബവും അപ്രതീക്ഷിതമായി ബിനാലെയില്‍ എത്തി.സ്വപ്നത്തിലല്ല , നേരിട്ട് തന്നെ.

            ഡിസമ്പറ് 16ന് ഫോര്‍ട്ട്കൊച്ചിയിലൂടെ  വെറുതെ കുടുംബ സമേതം അലയുമ്പോളാണ് ബിനാലെ നടക്കുന്ന വിവരം പെട്ടെന്ന് മനസ്സിലെത്തിയത്. തുടക്കമായതിനാല്‍ അധികം ആള്‍ക്കാര്‍ കാഴ്ചക്കാരായി എത്തിത്തുടങ്ങിയിരുന്നില്ല.പക്ഷേ ഞായറാഴ്ച ആയതിനാല്‍ നല്ല തിരക്ക് ഉണ്ടായിരുന്നുതാനും.പ്രവേശനം ഫ്രീ ആയിരുന്നു.മിക്ക ഇന്‍സ്റ്റലേഷനുകളും ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നറ്റക്കുമ്പോഴാണ് ‘പെപര്‍ ഹൌസ്’ ശ്രദ്ധയില്‍ പെട്ടത്. ഞങ്ങളും കയറി.അത് ബിനാലെ നടക്കുന്ന പന്ത്രണ്ട് സൈറ്റുകളില്‍ ഒന്നായിരുന്നു.ആദ്യം കണ്ട ഇന്‍സ്റ്റലേഷന്‍ ഒരു സ്പ്രേ പെയിന്ററുടെ ചുമരിനെ അനുസ്മരിപ്പിച്ചു - പെയിന്റിന് പകരം ഉപയോഗിച്ചത് കരിഓയില്‍ ആണെന്ന് മാത്രം! തലങും വിലങ്ങും തല കീഴായും നേരെയും ഞങ്ങള്‍ നാല് തല കൊണ്ടും (ഞാനും ഭാര്യയും രണ്ട് മക്കളും) ആലോചിച്ചിട്ടും സംഗതി പിടികിട്ടിയില്ല.വെറുതെയല്ല ആറും ആ വഴി കയറി നോക്കാത്തത് എന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ തന്നെ മനസ്സിലായി.

              പിന്നെ ഒന്നിന് പിറകെ ഒന്നായി പല റൂമിലൂടെയും ഞങ്ങള്‍ കയറിയിറങ്ങി.ഒരു ഇരുട്ടുമുറിയില്‍ സജ്ജീകരിച്ച തുണികൊണ്ടുള്ള സിലിണ്ടറിനുള്ളിലൂടെ വരുന്ന പ്രകാശം ഒരു നിശ്ചിത കോണില്‍ ചരിച്ചു കഴിഞ്ഞാല്‍ മറുവശത്ത് എത്താത്ത ഒരു കാഴ്ച ഒരു ഫിസിക്ശ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ ആകര്‍ഷിച്ചു.മറ്റൊരു റൂമില്‍ കുറേ വയലിനുകള്‍ കെട്ടി തൂക്കിയത് എന്തിനാണെന്ന് മനസ്സിലായില്ല.പലരും ഒരു ഏണിയിലൂടെ വലിഞ്ഞുകയറി തട്ടിന്‍പുറത്ത് സ്ഥാപിച്ച ഒരു ഇന്‍സ്റ്റലേഷന്‍ കാണുന്നത് കണ്ടപ്പോള്‍ ചെറിയ മോളേയും എടുത്ത് ഞാനും വലിഞ്ഞു കയറി.കുറേ ചാക്കുകള്‍ അട്ടി വച്ചതാണ് ആ ഇന്‍സ്റ്റലേഷന്‍! എന്റെ വീട്ടിന്റെ അട്ടത്ത് (അടുക്കളയിലെ തട്ടിന്‍പുറം) ഇതിലും വൃത്തിയായി ഓലക്കൊടികള്‍ കെട്ടിവച്ചത് അരീക്കോട് ബിനാലെ വരുമ്പോള്‍ ഞാനും പ്രദര്‍ശിപ്പിക്കും, ഇന്‍ഷാ അല്ലാഹ്!!!


കൂടുതൽ ഫോട്ടോകൾ ഇവിടെയുണ്ട്

                                                                                       
                                                                              (തുടരും…)

 

2 comments:

Areekkodan | അരീക്കോടന്‍ said...

ഈ പുതിയ സാധനം എന്താണെന്ന് അറിയാന്‍ വേണ്ടി അതുമായി ബന്ധപ്പെട്ട് വന്ന ഒട്ടുമിക്ക ലേഖനങ്ങളും അഭിപ്രായങ്ങളും കോപ്രായങ്ങളും ഒക്കെ വായിച്ചു നോക്കി.ഇന്‍സ്റ്റലേഷന്‍ എന്ന പേരില്‍ എന്തൊക്കെയോ കല ചെയ്തു വയ്കുന്നതാണ് ഇതിന്റെ പ്രധാന പരിപാടി എന്ന് സാമാന്യം തലച്ചോറിലേക്ക് ഫീഡ് ചെയ്തുകൊടുത്തു.

Cv Thankappan said...

അപ്പോള്‍ പരിപാടി നല്ലതാണ്.ആഗ്രഹമുണ്ടായല്ലോ മാഷ്ക്ക്!
ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക