Pages

Sunday, July 30, 2023

കഴുകൻ തിന്നാത്ത ശവങ്ങൾ

 "ഹായ് ... നിറയെ ശവങ്ങൾ... "

വടക്ക് കിഴക്കൻ ആകാശത്ത് വട്ടമിട്ട് പറക്കുന്ന കഴുകക്കുഞ്ഞ് അമ്മക്കഴുകനോട് പറഞ്ഞു.

"ശരിയാ... പക്ഷേ... തിന്നാൻ കൊള്ളില്ല മോനേ..." 

" ങേ! അതെന്താ?" കഴുകക്കുഞ്ഞ് അത്ഭുതം കൂറി.

"ശരീരം അഴുകിയത് നമുക്ക് ഭക്ഷിക്കാം... പക്ഷെ, മനസ്സ് കൂടി അഴുകിയതായാൽ കൊള്ളില്ല..."

Wednesday, July 19, 2023

ഉമ്മൻചാണ്ടി സാറും ഞാനും

അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി സാറിന്റെ താഴെ കാണുന്ന ഫോട്ടോയിലെ ആ ഷാൾ ഇന്നും എന്റെ കയ്യിൽ ഒരോർമ്മപ്പുസ്തകമായി നിലനിൽക്കുന്നു. 2012 ഡിസംബർ 15 ന് NSS സംസ്ഥാന അവാർഡ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം സദസ്സിലിരിക്കുന്ന ഭാര്യയുടെയും മക്കളുടെയും അടുത്ത് വന്നിരിക്കുകയായിരുന്നു ഞാൻ. ചടങ്ങ് കഴിഞ്ഞ് തിരിച്ചു പോകുന്ന മുഖ്യമന്ത്രിയെ ശരിക്കും കാണാൻ കുടുംബത്തെ ഞാൻ വരിയുടെ അറ്റത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി. അതു വഴി വന്ന മുഖ്യമന്ത്രി എന്റെ മക്കളെ കണ്ട് ഒരു നിമിഷം നിന്നു. ശേഷം തന്റെ കഴുത്തിലുണ്ടായിരുന്ന ഷാൾ എടുത്ത് രണ്ടാമത്തെ മോൾ ലുഅയെ അണിയിച്ച് ഒരു ഷേക്ക് ഹാൻഡും നൽകി. അന്നത്തെ ആറു വയസ്സുകാരി ഇന്നും ആ അസുലഭ നിമിഷം ഓർമ്മയിൽ സൂക്ഷിക്കുന്നു. ശ്രീ.ഉമ്മൻ ചാണ്ടി സാറിന് കുട്ടികളോടുണ്ടായിരുന്ന സ്നേഹം ആ കർമ്മത്തിലൂടെ പ്രകടമായി.

2012 മെയ് 24 മുതൽ 26 വരെ NSS ടെക്നിക്കൽ സെല്ലിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം പോളിടെക്നിക്കിൽ സംഘടിപ്പിച്ച യുവജ്യോതി ക്യാമ്പിന്റെ പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയിരുന്നു ഞാൻ. മുഖ്യമന്ത്രിയടക്കം വിവിധ മന്ത്രിമാരെ പങ്കെടുപ്പിക്കുക എന്നത് ഒരു പ്രോഗ്രാമിന്റെ വാർത്താ മൂല്യത്തിന് അത്യന്താപേക്ഷിതമാണ്. ആ നിലക്ക് അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി സാറിനും ഒരു ക്ഷണക്കത്തയച്ചു. അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന ഡോ.എം.കെ.മുനീർ പരിപാടിയിൽ പങ്കെടുക്കാം എന്ന് ഏൽക്കുകയും ചെയ്തു.

ജനുവരി 25 - ന് മുഖ്യമന്ത്രി കോഴിക്കോട് വഴി ഏതോ ഒരു പ്രോഗ്രാമിന് കടന്നു പോകുന്നുണ്ട് എന്ന് ക്യാമ്പ് ഡയരക്ടറായ ടെക്നിക്കൽ സെൽ NSS പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. അബ്ദുൽ ജബ്ബാർ സാറിന് വിവരം കിട്ടി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയ എന്നോട് മുഖ്യമന്ത്രിയെ ഒന്ന് ക്ഷണിച്ച് നോക്കാൻ പറഞ്ഞു. കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി എന്ന തിയറി പ്രകാരം ഞാൻ ഫോണിലൂടെ ബന്ധപ്പെട്ടു.സമയം കിട്ടിയാൽ വരാം എന്ന് മറുപടിയും കിട്ടി.

ഞങ്ങളുടെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം തുടർന്നു. മുഖ്യമന്ത്രിയെ ക്ഷണിച്ച വിവരം അതിനിടക്ക് മറന്ന് പോയി.അന്ന് വൈകിട്ട് CI റാങ്കിലുള്ള ഒരു പോലീസുദ്യോഗസ്ഥൻ എന്റെ പേര് പറഞ്ഞ് ക്യാമ്പിൽ അന്വേഷണത്തിനെത്തി. മുഖ്യമന്ത്രി വരുന്നുണ്ടെന്നും അദ്ദേഹത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ (പലഹാരങ്ങൾ) ചെക്ക് ചെയ്യണമെന്നും പറഞ്ഞു. വിവരം അറിഞ്ഞതോടെ ക്യാമ്പ് പെട്ടെന്ന് ഉത്സവ ലഹരിയിലായി.എനിക്കും എന്തെന്നില്ലാത്ത ഒരു അഭിമാനം തോന്നി.

അന്ന് രാത്രി സാക്ഷാൽ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി സാർ ഞങ്ങളുടെ ക്യാമ്പിലെത്തി കുട്ടികളെ അഭിസംബോധന ചെയ്തു.

ഒരു രാഷ്ട്രീയ കക്ഷിയോടും എനിക്ക് പ്രത്യേക താൽപര്യമില്ല. പക്ഷേ, ജനസമ്പർക്കം എന്ന പ്രോഗ്രാമിലൂടെ ജനകീയനായ ഒരു മുഖ്യമന്ത്രിയെ ഞാൻ നേരിട്ടനുഭവിച്ച രണ്ട് നിമിഷങ്ങളായിരുന്നു മേൽ പറഞ്ഞ രണ്ട് സംഭവങ്ങൾ. ജനങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ .

Tuesday, July 18, 2023

ഉമ്മൻചാണ്ടി വിട പറയുമ്പോൾ

2012 ഡിസംബർ 15. ചെങ്ങന്നൂർ IHRD എഞ്ചിനീയറിംഗ് കോളേജിലെ തിങ്ങിനിറഞ്ഞ സദസ്സിൽ എന്റെ ഭാര്യയും മൂന്ന് മക്കളും ക്ഷമയോടെ കാത്തിരുന്നു. സദസ്സിന്റെ മറ്റൊരു ഭാഗത്ത് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഊർജ്ജ്വസ്വലരായ എന്റെ ഏതാനും NSS വളണ്ടിയർമാരും . ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാവാനായിരുന്നു അവരെല്ലാം കോഴിക്കോട് നിന്ന് ആലപ്പുഴയിൽ എത്തിയത്.

നാഷണൽ സർവ്വീസ്  സ്കീം കേരള ഘടകത്തിന്റെ ബെസ്റ്റ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ , ബെസ്റ്റ് വളണ്ടിയർ തുടങ്ങീ മൂന്ന് അവാർഡുകളും ചരിത്രത്തിലാദ്യമായി ഒരു ഗവ. എഞ്ചിനീയറിംഗ് കോളേജ് ഏറ്റുവാങ്ങുന്ന സമ്മോഹന നിമിഷം ! സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർ വിതരണം ചെയ്തിരുന്ന പ്രസ്തുത  അവാർഡുകൾ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി വിതരണം ചെയ്യാൻ പോകുന്നു.

പ്രതീക്ഷിച്ച പോലെ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി വേദിയിലെത്തി. സദസ്സ് ഹർഷാരവത്തോടെ അദ്ദേഹത്തെ വരവേറ്റു. ഹ്രസ്വമായ പ്രസംഗത്തിൽ വിദ്യാർത്ഥികൾ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു. ശേഷം ആ ചരിത്ര നിമിഷത്തിന് വേദിയൊരുങ്ങി. ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡ് ഞാനും പ്രിൻസിപ്പാൾ പ്രൊഫ. വിദ്യാസാഗർ സാറും കൂടി ഏറ്റുവാങ്ങി. ശേഷം കേരളത്തിലെ ബെസ്റ്റ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഞാനും ബെസ്റ്റ് വളണ്ടിയർക്കുള്ള അവാർഡ് അപർണ്ണയും ഏറ്റുവാങ്ങി.

പിന്നീട് രണ്ട് തവണ ഈ അവാർഡ് എന്നെത്തേടി എത്തിയെങ്കിലും അതത് കാലത്തെ വിദ്യാഭ്യാസ മന്ത്രിമാരിൽ നിന്നാണ് ഏറ്റുവാങ്ങിയത്. നാഷണൽ സർവ്വീസ് സ്കീമിന് അർഹമായ പരിഗണന നൽകിക്കൊണ്ട് ശ്രീ. പ്രണബ് മുഖർജി, NSS ദേശീയ അവാർഡ് ദാനം രാഷ്ട്രപതി ഭവനിനുള്ളിൽ ആക്കിയപോലെ കേരളത്തിലും  ഒരു തുടക്കം കുറിച്ച മുൻ മുഖ്യമന്ത്രിക്ക് ആദരാഞ്ജലികൾ.

Sunday, July 16, 2023

പുസ്തകാവലോകന ചർച്ചകൾ

ബുക്ക് ക്ലബ്ബ് മെമ്പർഷിപ് വഴി വാങ്ങിയതും നേരിട്ട് വാങ്ങിയതും സമ്മാനമായി ലഭിച്ചതും പാരിതോഷികങ്ങളായി ലഭിച്ചതും മക്കൾ വാങ്ങിയതും കൈമാറ്റം വഴി കിട്ടിയതുമായി അഞ്ഞൂറോളം പുസ്തകങ്ങൾ ഇപ്പോൾ എന്റെ വീട്ടിലെ ലൈബ്രറിയിൽ ഉണ്ട്. വര്ഷം തോറും പുതിയ പുസ്തകങ്ങൾ മേൽ പറഞ്ഞ ഏതെങ്കിലും രീതിയിൽ വന്നുകൊണ്ടിരിക്കുന്നുമുണ്ട്.

പുസ്തകങ്ങൾ ശേഖരിക്കാനും വായിക്കാനും ഞാൻ കണ്ടെത്തിയ മറ്റൊരു മാർഗ്ഗമാണ് പുസ്തകാവലോകന ചർച്ചകൾ. 2022 ആരംഭത്തിൽ കോട്ടയത്തെ പരസ്പരം വായനക്കൂട്ടത്തിൽ അംഗമായതിൽ പിന്നെ നാല് പുസ്തകങ്ങളുടെ ചർച്ചയിൽ ഞാൻ പങ്കെടുത്തു. കവിത ഒഴികെയുള്ള പുസ്തകച്ചർച്ചയിലാണ് ഞാൻ സാധാരണ പങ്കെടുക്കാറ് എന്നുള്ളതുകൊണ്ടാണ് എണ്ണം നാലിൽ ഒതുങ്ങിയത്.

ശ്രീ. അനിൽ കോനാട്ട് എഴുതിയ സംസ്കാരം അതല്ലേ എല്ലാം എന്ന കഥാസമാഹാരം , ശ്രീമതി എസ് സരോജത്തിന്റെ നേവ മുതൽ വോൾഗ വരെ എന്ന സഞ്ചാര സാഹിത്യം, ശ്രീ.തുളസീദാസിന്റെ ഒറ്റാലി മുത്തപ്പനും മീൻദൈവവും എന്ന കഥാസമാഹാരം, ശ്രീ രാധാകൃഷ്ണൻ കാര്യാകുളത്തിന്റെ വിജീഷും അയാളുടെ ഭാര്യ സോനയും എന്ന കഥാസമാഹാരം എന്നീ പുസ്തകങ്ങളുടെ ചർച്ചയിലാണ് ഞാൻ ഇതുവരെ പങ്കെടുത്തത്.

ഒരു ചർച്ചയിൽ പങ്കെടുക്കണമെങ്കിൽ വിഷയത്തെക്കുറിച്ച് നല്ലൊരു അറിവ് ഉണ്ടായിരിക്കണം എന്നാണ് എന്റെ പക്ഷം.പുസ്തകച്ചർച്ചയാവുമ്പോൾ മറ്റു ചർച്ചകളിൽ നിന്ന് ഏറെ വ്യത്യസ്തവുമാണ്.സാധാരണയുള്ള ഒരു ചർച്ച അത് അവസാനിക്കുന്നതോടെ കേട്ടവരുടെയും പങ്കെടുത്തവരുടെയും മനസ്സിൽ നിന്ന് മാഞ്ഞുപോകും.പ്രത്യേകിച്ചും പിറ്റേ ദിവസം തന്നെ മറ്റൊരു ചർച്ചക്ക് കാതോർക്കുന്നതിനാൽ ഇന്നത്തെ കാലത്ത് ഒരു ചർച്ചയും ആരും മനസ്സിലിടാറില്ല.അതുകൊണ്ട് തന്നെ പല വിഷയങ്ങൾക്കും അർഹിക്കുന്ന ഗൗരവം ലഭിക്കാറുമില്ല.ഒരു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ചാനൽ ചർച്ചകൾ പലപ്പോഴും വാചകക്കസർത്തുകൾ മാത്രമായി പരിണമിക്കുന്നതും പ്രേക്ഷകരുടെ പ്രതികരണശേഷിക്കുറവ് കൊണ്ടാണ് എന്നാണ് എന്റെ അഭിപ്രായം.ഈ ചർച്ചകൾ മിക്കവാറും ആർക്കും ഉപകാരമോ ഉപദ്രവമോ ഇല്ലാതെ അവസാനിക്കുകയും ചെയ്യും.

പുസ്തകച്ചർച്ച ഒരു പുസ്തകം വായിച്ച് വിവിധ വായനക്കാർ അതിനെ വിലയിരുത്തുന്ന ചർച്ചകളാണ്. പുസ്തകം നല്ലതാണെന്ന് ചർച്ചയിലൂടെ ഉരുത്തിരിഞ്ഞാൽ പുസ്തകത്തിന് സാമാന്യം ഭേദപ്പെട്ട പ്രൊമോഷൻ തന്നെ ലഭിക്കും.എന്നാൽ പുസ്തകത്തിന്റെ ഉള്ളടക്കവും കെട്ടും മട്ടും പോരാ എന്നാണ് വായനക്കാർ അഭിപ്രായപ്പെടുന്നതെങ്കിൽ രചയിതാവും പ്രസാധകരും ഒരു പോലെ വെള്ളം കുടിക്കും.പുസ്തകത്തിന്റെ തുടർവായനയെയും വില്പനയെയും അത് സാരമായി ബാധിക്കും. ഗ്രന്ഥകർത്താവുൾപ്പെടെ മറ്റുള്ളവരുമായി നേർക്ക് നേരെയുള്ള അഭിപ്രായപ്രകടനമായതിനാൽ  പരസ്പര ബന്ധത്തെയും അത്  ബാധിച്ചേക്കാം.നമ്മളും ഒരു എഴുത്ത്കാരനാണെങ്കിൽ പ്രത്യേകിച്ചും അത് പല വിപരീത ഫലങ്ങളും ഉണ്ടാക്കിയേക്കും. ആയതിനാൽ വളരെ ശ്രദ്ധാപൂർവ്വമേ പുസ്തക ചർച്ചയിൽ പങ്കെടുക്കാൻ പറ്റൂ.

നാളിതു വരെയുള്ള പുസ്തക ചർച്ചയിലും അവലോകനത്തിലും എഴുത്ത്കാരന്റെ വലിപ്പവും സ്ഥാനവും ഞാനുമായുള്ള ബന്ധവും ഒന്നും പരിഗണിക്കാതെ സ്വതന്ത്രമായി തന്നെ ഞാൻ അഭിപ്രായം പറയാറുണ്ട്. അത് വ്യക്തിപരമായി ബാധിക്കും എന്ന് തോന്നുന്നുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിച്ച ശേഷം മാത്രമേ പൊതുസമൂഹത്തിൽ അവതരിപ്പിക്കാറുള്ളൂ എന്ന് മാത്രം.അപ്പോഴും ആ അഭിപ്രായം അറിയേണ്ടവർ അറിഞ്ഞു എന്ന് ഞാൻ ഉറപ്പ് വരുത്താറും ഉണ്ട്.ഇത്തരം ചർച്ചകളിൽ ഇനിയും പങ്കെടുത്ത് നമ്മുടെ കഴിവുകളും മിനുക്കിയെടുക്കണം എന്ന് തുടർന്നും ആഗ്രഹിക്കുന്നു.കൂടുതൽ ചർച്ചാ അവസരങ്ങൾക്കായി കാത്തിരിക്കുന്നു.

Friday, July 14, 2023

വിജീഷും അയാളുടെ ഭാര്യ സോനയും

കഥകൾ വെറും കഥകളായിരുന്ന ഒരു കാലത്ത് നിന്ന് അനുഭവങ്ങൾ കഥാരൂപത്തിൽ വായനക്കാരിൽ എത്തി നിൽക്കുന്ന ഒരു കാലഘട്ടമാണിത് . അതിനാൽ തന്നെ യഥാർത്ഥ സംഭവത്തിന്റെ പിൻബലം നിലനിർത്തുന്നതോടൊപ്പം അതൊരു കഥാബിന്ദുവാക്കി മാറ്റുക എന്നത് ഏറെ പ്രയാസകരമാണ്.ഇത് സംഭവകഥയോ അതല്ല കെട്ട്കഥയോ എന്ന് വായനക്കാരനിൽ സംശയം ജനിപ്പിക്കുന്ന രീതിയിൽ അതിനെ വാർത്തെടുക്കാൻ അത്യാവശ്യം നല്ല കഴിവുള്ള ഒരു കഥാകാരനേ സാധിക്കൂ.വിജീഷും അയാളുടെ ഭാര്യ സോനയും എന്ന പുസ്തകത്തിലെ പതിനഞ്ച് കഥകളും രചയിതാവിന്റെയോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അനുഭവങ്ങൾ ആയിരിക്കും എന്നാണ് എന്റെ പ്രതീക്ഷ.

കൗമാരത്തിൽ മൊട്ടിട്ടിരുന്ന ഒരു പ്രണയം കാൻസർ വാർഡിൽ ആദ്യമായിട്ട് വിരിയാൻ ശ്രമിക്കുന്ന കഥയാണ് ഒന്നാമത്തെ കഥയായ ഇരുപത്തിയാറാം വാർഡിൽ പറയുന്നത്.രോഗം ശരീരത്തെ കാർന്ന് തിന്നുമ്പോഴും പ്രണയത്തിന്റെ ഓർമ്മകളിൽ അതിന് ശമനം ലഭിക്കുന്നത് ഈ കഥയിൽ ഹൃദ്യമായി അവതരിപ്പിക്കുന്നു.സഹപാഠിയായ മറ്റൊരു സ്ത്രീയെ "ഇഷ്ടമായിരുന്നല്ലേ?" എന്ന് ഭാര്യ ഭർത്താവിനോട് ചോദിക്കുന്നതും വേദനിപ്പിക്കാനായിരുന്നില്ല, വേദനയകറ്റാനായിരുന്നു എന്നത് അചിന്ത്യമാണ്.

സ്നേഹത്തോടെയുള്ള ഒരു പ്രതികാരത്തിന്റെ കഥയാണ് ഒഴിമുറി.രാഷ്ട്രീയാന്ധതയിൽ സ്വന്തം ജീവിതം തകർത്തിട്ടും ആപൽഘട്ടത്തിൽ ജ്യേഷ്ഠന് താങ്ങാകുന്ന സഹോദരിയുടെ കഥ ഹൃദയസ്പർക്കായി അവതരിപ്പിച്ചു.പൂന്തോട്ടം സൂക്ഷിക്കുന്നവരിൽ ഒരാൾ എന്ന കഥയിലെ മാരാർ എന്ന കഥാപാത്രം വാർദ്ധക്യകാലത്തെ പൊള്ളുന്ന സത്യം വായനക്കാരനെ ബോധ്യപ്പെടുത്തും.സ്വന്തം മകളുടെ വേർപാടിന്റെ വേദനയിലും മറ്റൊരാളുടെ വീട്ടിൽ ചെയ്തുപോന്നിരുന്ന ജോലിക്ക് വിഘ്നം വരാതിരിക്കാൻ മാരാർ നടത്തുന്ന ശ്രമം വേറിട്ട അനുഭവം തന്നെ.

വിജീഷും അയാളുടെ ഭാര്യ സോനയും എന്ന ടൈറ്റിൽ കഥ ഒരു യുവാവിന്റെ ആത്മസംഘർഷങ്ങളാണ് പറയുന്നത്.സോനയുടെ അസുഖം കാരണം കൈവിട്ട്  പോകുന്ന ജീവിത സ്വപ്നങ്ങൾ തിരിച്ചു പിടിക്കാൻ വിജീഷ് നടത്തുന്ന പ്രയത്നങ്ങളും അതിനിടക്ക് നേരിടുന്ന പ്രതിസന്ധികളും വായനക്കാരനെയും ഉത്കണ്ഠാകുലനാക്കും.പുസ്തകത്തിലെ മറ്റു കഥകളും ജീവിതത്തോടുള്ള വിവിധ തരത്തിലുള്ള മൽപിടുത്തങ്ങളായിട്ടാണ് എനിക്ക് തോന്നിയത്.

കഥാ ബീജങ്ങളും ആഖ്യാനവും വ്യത്യസ്തത പുലർത്തിയെങ്കിലും മിക്ക കഥകളും സഡൻ ബ്രേക്കിട്ട പോലെ നിന്ന് പോകുന്നതായി അനുഭവപ്പെട്ടു.പുസ്തകം പ്രിന്റ് ചെയ്യുന്നതിന് മുമ്പ് രചയിതാവ് പ്രൂഫ് റീഡിംഗ് നടത്തിയിട്ടുണ്ടോ എന്ന്  സംശയമുണ്ട്.അത്രക്കധികം അക്ഷരത്തെറ്റുകളും ലേ ഔട്ട് പ്രശ്നങ്ങളും മുഴച്ച് നിൽക്കുന്നുണ്ട്.ഒരേ പേജിലെ വ്യത്യസ്ത ഫോണ്ട് സൈസുകളും പേജുകളിലെ വ്യത്യസ്തമായ വരികളുടെ എണ്ണവും ഒറ്റ നോട്ടത്തിൽ തന്നെ ശ്രദ്ധയിൽപ്പെടുന്നതിനാൽ പുസ്തകത്തെ അനാകർഷകമാക്കുന്നു.ചില കഥകളുടെ തലക്കെട്ടുകളും ആകർഷകമായി തോന്നിയില്ല.


പുസ്തകം : വിജീഷും അയാളുടെ ഭാര്യ സോനയും
രചയിതാവ് : രാധാകൃഷ്ണൻ കാര്യക്കുളം 
പ്രസാധകർ : വായനപ്പുര 
പേജ് : 96 
വില: 120 രൂപ 

Thursday, July 13, 2023

ഒരു മൊട്ടയടിപ്പുരാണം

ഓർമ്മയിലെ രണ്ടാമത്തെ മൊട്ടയടിയാണ് ഇത്തവണ നടത്തിയത്. തലയുടെ ഒരു ഭാഗം എണ്ണ തേച്ച കിണ്ണം പോലെ തിളങ്ങുമ്പോൾ മറ്റൊരു ഭാഗത്ത് സെക്കൻഡ് ഷോക്ക് ആളിരിക്കുന്ന പോലെ അവിടെയും ഇവിടെയും ഒക്കെയായി കുറച്ച് മുടി എന്നത് വളരെക്കാലമായി എന്നെയും ബാർബറെയും ഒരേ പോലെ അലോസരപ്പെടുത്തിയിരുന്നു. 

"റ" വട്ടത്തിലുള്ള മുടി വെട്ടാൻ ഞാൻ ചെന്നാലും വൈക്കോൽ കൂന പോലെ നിൽക്കുന്ന മുടിയുമായി അയൽപക്കത്തെ ഫ്രീക്കൻ ചെന്നാലും മുടിവെട്ട്  കൂലി സെയിം എന്നതാണ് എന്നെ അലോസരപ്പെടുത്തിയിരുന്നത്. അവിടെയും ഇവിടെയും പരന്ന് കിടക്കുന്ന മുടി, മെഷീൻ വയ്ക്കാതെ ഫുൾ അദ്ധാനിച്ച് തന്നെ വെട്ടണം എന്നതാണ് ബാർബറുടെ നീരസത്തിന് കാരണം.

അങ്ങനെ ഒരു ദിവസം മുടി വെട്ടാൻ പോയപ്പോഴാണ് ബാർബർ എന്റെ സോഫ്റ്റ് കോർണറിലെ ഏറ്റവും സോഫ്റ്റ് ആയ സ്ഥലത്ത് തന്നെ കയറിപ്പിടിച്ചത് (ഈ ചങ്ങാതിക്ക് ആരാണാവോ ആ കോർണർ  കൃത്യമായി പറഞ്ഞു കൊടുത്തത്?).

"മാഷേ... നിങ്ങൾക്ക് ഫ്രാൻസ് ഫുട്ബാൾ ടീമിനെ വല്യ ഇഷ്ടമാണെന്ന് കേട്ടു..." മുടി വെട്ടുന്നതിനിടയിൽ ബാർബർ ഒരു ചൂണ്ട കൂടി ഇട്ടു.

"അതെങ്ങനെ അറിഞ്ഞു?" ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

"2018 ൽ ഫ്രാൻസ് ലോക കപ്പ് നേടും എന്ന് പ്രവചിച്ച ഈ നാട്ടിലെ ഒരേ ഒരു മാന്യനാണ്  നിങ്ങൾ..."

"ഓ കെ ... അപ്പോൾ അതേ പ്രവചനം നടത്തിയ മാന്യന്മാരല്ലാത്തവർ ആരൊക്കെയാ?"

"അത് വിട്... എങ്ങനെയാ ഇത്ര കൃത്യമായി ആ പ്രവചനം നടത്തിയത് എന്നൊന്ന് പറയാമോ??"

"ആ അതൊക്കെ ഇത്ര വല്യ കാര്യമാണോ? തലയിൽ ചെറിയൊരു ബ്രെയിൻ ഉണ്ടായാ മതി..." എന്റെ മറുപടി കേട്ട്, ബാർബർ കോയ ഞാൻ കാണാതെ സ്വയം തലയിൽ ഒന്ന് തപ്പി നോക്കി!

"ആ... അത് തന്നെയാ ഞാനും പറഞ്ഞു വരുന്നത്... വല്യ ബ്രെയിനായാലും ചെറിയ ബ്രെയിനായാലും തല മൊട്ടയടിച്ചാൽ നല്ല സുന്ദര കുട്ടപ്പനാകും ... മാഷ്, ഫ്രാൻസ് ടീമിലെ ലിലിയൻ തുറാമിനെ കണ്ടിട്ടില്ലേ?"

"ഓ... മൂപ്പരെ സൗന്ദര്യത്തിന്റെ രഹസ്യം അതാണല്ലേ? ഞാനറിഞ്ഞില്ല ട്ടോ ... എന്നാലും അനക്ക് വേറെ ആരെ പേരും കിട്ടിയില്ലേ  കോയാ?"

"ഉം.... ഞമ്മളെ സൈനുദ്ദീൻ സൈദാൻ.... അത് പിന്നെ ഇങ്ങൾക്ക് അറിം ന്ന് കരുതി..."

"ആ... അങ്ങനെ പറയ്.... അതൊരു ഒന്നൊന്നര മൊട്ട തന്നെ... ആ മറ്റരാസിന്റെ നെഞ്ചത്തല്ലേ അതിന്റെ മൊഞ്ച് ഞമ്മള് ശരിക്കും കണ്ടത്...."

"മാഷേ ... മാഷെ തലക്കും അങ്ങനെയൊരു മൊട്ട നല്ലോണം ചേരും...." 

"തലയല്ലാതെ പിന്നെ വേറെ എവിടേലും മൊട്ടയടിക്കാൻ പറ്റോ?"

"അതൊക്കെ പറ്റും ... ഇത്തവണ തല ഒന്ന് മൊട്ടയാക്കിയാലോ?"

"അതേയ്.... പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ അന്ന് ഞാനൊന്ന് മൊട്ടയടിച്ചിരുന്നു...."

"അപ്പോ... അന്നും തല ഇങ്ങനായിരുന്നോ?"

"പറയട്ടെ... പത്ത് കഴിഞ്ഞാൽ പിന്നെ സ്‌കൂളിലേക്ക് പോകണ്ടല്ലോ... അപ്പോ അവരാരും മൊട്ട കാണില്ല എന്നതായിരുന്നു ഒരു കാരണം..."

"ങാ...അന്ന് പിന്നെ മൊട്ടയടിച്ചവരൊക്കെ മുടി പോലെയുള്ള ഒരു തൊപ്പി ഇടുമായിരുന്നു... ദൂരേന്ന് കണ്ടാൽ മുടി തന്നെ.... "

"ആ ഇപ്പോ ആ തൊപ്പി ഇട്ടു വരുന്നത് ഫ്രൂട്ട്സ് കടയിലെ ആപ്പിളുകളാ... തൊപ്പിയുടെ വലിപ്പവും നിറവും  മാറി എന്ന് മാത്രം...."

"മാഷ് അന്ന് ആ തൊപ്പി ഇട്ടിരുന്നോ?"

"ഞാൻ അന്ന് സ്‌കൗട്ടിൽ അംഗമായിരുന്നു... അതിന്റെ തൊപ്പി ഇട്ട് ഒരു തലക്കെട്ടും കെട്ടിയായിരുന്നു ഞാൻ പുറത്തിറങ്ങിയിരുന്നത്... അടുത്തെത്തിയാലേ അത് തൊപ്പിയാണെന്നറിയൂ..."

"ആ ...അത് നല്ല ഐഡിയ..."

"അന്ന് രണ്ട് പ്രശ്നങ്ങൾ ഞാൻ നേരിട്ടിരുന്നു..."

"ഉം... അതെന്താ...?"

"ഒന്ന്.... വൈകുന്നേരം പുഴ മാട്ടുമ്മൽ (മണൽ തീരത്ത് ) ഫുട്ബാൾ കളി ഉണ്ടാകും ... അപ്പോൾ ബാളിൽ മുഴുവൻ മണല് പറ്റിപ്പിടിച്ചിരിക്കും... ഉയർന്ന് വരുന്ന ബാൾ ഹെഡ് ചെയ്യുമ്പോൾ മൊട്ടയും മണലും കൂടി ഉരസിയിട്ട് ഒരു തീപ്പൊരി പാറലുണ്ട്... "

"ശരിക്കും...??" കോയ വാ പൊളിച്ചു.

"കോയാ ആ വായ അടക്ക്, ഈച്ച കയറും... തീ പൊരി ഞാൻ കാണൂലല്ലോ.. പക്ഷേ, അതിന്റെ ഒരു പൊള്ളല് ശരിക്കും അറിയും...."

'ഒന്ന് കട്ട വച്ച് തള്ള് മാഷെ...' എന്ന കോയയുടെ ആത്മഗതം ഞാൻ കേട്ടില്ലെന്ന് നടിച്ചു.

"ങാ... പിന്നെ എന്തായിരുന്നു പ്രശ്‍നം....?"

"അത്... നീ കൊട്ടത്തേങ്ങ കണ്ടിട്ടില്ലേ?"

"ആ..."

"കളി കഴിഞ്ഞാ പിന്നെ ചാലിയാറിൽ ഒരു കുളിയുണ്ട്... അതിൽ മുങ്ങാംകുഴി ഇട്ട് ഒരു പോക്കുണ്ട്..."

"അതിനെന്തിനാ കൊട്ടത്തേങ്ങ?"

"അതാ പറയുന്നത്.... മൊട്ടയടിച്ചാൽ പിന്നെ നമ്മളെ തല കൊട്ടത്തേങ്ങ പോലെയാ... കൊട്ടത്തേങ്ങ വെള്ളത്തിലാഴ്ത്തിയാൽ ഇരട്ടി വേഗത്തിൽ 'ബും' എന്ന് മുകളിലേക്ക് തന്നെ പോരും... മൊട്ടത്തലയുമായി വെള്ളത്തിൽ മുങ്ങിയാലും അത് തന്നെ അവസ്ഥ...!"

"ഓ ... അങ്ങനിം ഇണ്ടല്ലേ? പക്ഷേ ഇപ്പോൾ പുഴയിൽ കളിയും ഇല്ല കുളിയും ഇല്ല ... അതുകൊണ്ട് അടുത്ത തവണ മാഷെ തല നമുക്ക് മൊട്ടയടിക്കാം...  ആരാ ഒരു ചേഞ്ച് ഇഷ്ടപ്പെടാത്തത് മാഷേ?" മുടി വേട്ട മുഴുവനാക്കിക്കൊണ്ട് കോയ പറഞ്ഞു.

"ഓ കെ... " ഞാനും സമ്മതം മൂളി.

അങ്ങനെ 2023 ജൂലൈ 1 ശനിയാഴ്ച ,ഞാൻ മുൻകൈ എടുത്ത് നടത്തുന്ന എന്റെ രണ്ടാമത്തെ തലമുണ്ഡനം കഴിഞ്ഞു.അന്ന് തന്നെ ഒരു കല്യാണത്തിന് പോയപ്പോൾ ആദ്യ പ്രതികരണം....

"കാറ്റ് വീഴ്ച ഇപ്പോൾ അതിശക്തമാണെന്ന് തോന്നുന്നല്ലോ?"

അടുത്ത പ്രതികരണം.

"ഹജ്ജ് ഇന്നലെ കഴിഞ്ഞതല്ലേ ഉള്ളൂ... അപ്പോഴേക്കും നിങ്ങൾ നാട്ടിലെത്തിയോ?" (മക്കയിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ച ശേഷം മുടി വെട്ടുന്നത് പതിവാണ്).

മൂന്നാമത്തെ പ്രതികരണം ആയിരുന്നു മാരകം.

"എ ഐ ക്യാമറ ഹെൽമറ്റ് ധരിച്ചില്ല എന്ന കാരണത്താൽ നിനക്ക് പിഴ ഇടില്ല ... അത്രക്കും തിളക്കമുണ്ട്..." 

Tuesday, July 11, 2023

ചില നല്ല പിരാന്തുകൾ

വൃക്ഷത്തൈകൾ നടുന്നതിനെക്കുറിച്ച് സമൂഹം ഏറെ ബോധവാന്മാരായിട്ടുണ്ട് എന്നതിന് ഒരുദാഹരണമാണ് ജൂൺ അഞ്ചിന് നാട് തോറും നടക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങൾ.സ്‌കൂൾ കുട്ടികളും കോളേജ് കുമാരീ-കുമാരന്മാരും അയൽക്കൂട്ടങ്ങളും വിവിധ ക്ളബ്ബുകളും പരിസ്ഥിതി കൂട്ടായ്മകളും എല്ലാം നടുന്ന തൈകളുടെ കണക്കെടുത്താൽ ആമസോൺ കാടുകൾ പോലും ഒരു പക്ഷെ തോറ്റുപോകും. അതിനാൽ തന്നെ കാലങ്ങളായി ജൂൺ അഞ്ചിന് പ്രതീകാത്മകമായി ഒരു തൈ നടുകയും പിന്നീട് കൂട്ടമായോ ഒറ്റക്കോ വിശേഷാവസരങ്ങളിലോ തൈകൾ നടുക എന്നതുമാണ് ഞാൻ ചെയ്തുപോരുന്ന രീതി. 

വീട്ടിൽ തന്നെ ഫലവൃക്ഷ തൈകൾ മുളപ്പിച്ചെടുത്ത് അവ നടുന്നതായിരുന്നു എനിക്ക് ഏറെ ഇഷ്ടം.വീട്ടിൽ വാങ്ങുന്ന ഫലങ്ങളുടെ വിത്തുകളും പല സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന വിത്തുകളും ആണ് പ്രധാനമായും ഞാൻ ഉപയോഗിച്ച് വരുന്നത്. ഇതിൽ തന്നെ നാടൻ മാവുകൾക്കാണ് ഞാൻ ഏറെ പ്രാമുഖ്യം നൽകുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇങ്ങനെ മുളപ്പിച്ചെടുത്ത തൈകൾ അയൽക്കൂട്ടങ്ങൾക്കും കാർഷിക കൂട്ടായ്മകൾക്കും സുഹൃത്തുക്കൾക്കും ആവശ്യമുള്ളവർക്കും എല്ലാം സൗജന്യമായി വിതരണം ചെയ്യാനും സാധിക്കുന്നുണ്ട്.

പ്ലാസ്റ്റിക്ക് കവറിലാണ് സാധാരണ എല്ലാവരും വിത്തിടാറുള്ളത്.കവറിളക്കി മാറ്റി, തൈകൾ നട്ട് ആ കവർ അവിടെത്തന്നെ ഉപേക്ഷിച്ച് പോകുന്ന സ്വഭാവം കാരണം പരിസ്ഥിതി ദിനത്തിൽ ഭൂമിയിൽ നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന് കയ്യും കണക്കുമുണ്ടാകാറില്ല.ആയതിനാൽ ഞാൻ നൽകുന്ന തൈകൾ കാരണം അങ്ങനെ ഒരു പ്രശ്നം ഉണ്ടാകരുത് എന്ന ചിന്ത കൂടി എന്റെ മനസ്സിൽ കുടിയേറി.കോവിഡ് കാലത്ത് തോന്നിയ ഒരു ആശയ പ്രകാരം തൈകൾ ചിരട്ടയിലാക്കിക്കൊണ്ട് ഞാൻ ഒരു പരീക്ഷണം നടത്തി.പക്ഷെ പലർക്കും അതൊരു അസൗകര്യമായി അനുഭവപ്പെടുന്നതായി എനിക്ക് തോന്നി. അങ്ങനെ ഇത്തവണ വിത്തിടുന്നത് അല്പം വലിപ്പം കൂടിയ പേപ്പർ കപ്പുകളിലാക്കി.ഒരു തവണ ഉപയോഗിച്ച വലിയ പേപ്പർ കപ്പുകൾ കിട്ടാൻ പ്രയാസമായതിനാൽ പുതിയത് നൂറെണ്ണം വാങ്ങി ഞാനും മോനും കൂടി അതിൽ വിത്തിട്ടു.

ഞങ്ങളുടെ പ്രതീക്ഷകൾ പോലെ തന്നെ കപ്പുകളിൽ പുതുനാമ്പുകൾ പൊട്ടിത്തുടങ്ങി.ജൂൺ ആരംഭിച്ചിട്ടും മഴ മാറി നിന്നതിനാലും തൈകൾ വേണ്ടത്ര എണ്ണം തികയാതിരുന്നതിനാലും വിതരണം തൽക്കാലം മാറ്റിവച്ചു. ജൂലൈ ആദ്യത്തിൽ മഴ നന്നായി ലഭിച്ചതോടെ എന്റെ ആഗ്രഹങ്ങൾ വീണ്ടും തളിരിട്ടു. ഒരു പരീക്ഷണം എന്ന നിലയിൽ, ഇപ്പോൾ ജോലി ചെയ്യുന്ന പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ സ്റ്റാഫ് ക്ലബ്ബ് വാട്സാപ്പ് ഗ്രൂപ്പിൽ ഞാൻ ഇങ്ങനെ ഒരു പോസ്റ്റിട്ടു.

"വീട്ടിൽ മുളപ്പിച്ച നട്ട് ബട്ടർ,റോസാ ചാമ്പ (റോസ്‌ആപ്പിൾ),മാവ് തൈകൾ ഇന്ന് കോളേജിൽ കൊണ്ട് വരുന്നുണ്ട്.നട്ട് വളർത്തും എന്നുള്ളവർക്ക് കൊണ്ടുപോകാം .." 

ശേഷം ഈ ചെടികളിലെ പഴങ്ങളുടെ ചിത്രവും നൽകി.തുടർന്ന് അമ്പതോളം തൈകൾ പെട്ടിയിലാക്കി കാറിൽ കയറ്റി തിങ്കളാഴ്ച കോളേജിലെത്തിച്ചു.ബാക്കി വരുന്ന തൈകൾ കോളേജിന്റെ പരിസരത്ത് നടാനായി വീട്ടിൽ നിന്ന് തന്നെ ഒരു തൂമ്പയും ഞാൻ കാറിൽ കയറ്റി വച്ചു.

എന്റെ പ്രതീക്ഷകൾക്ക് അപ്പുറമുള്ള പ്രതികരണമായിരുന്നു ഗ്രൂപ്പിൽ നിന്നും ലഭിച്ചത്.അല്പമെങ്കിലും സ്ഥലമുള്ളവരും വിഷം തീണ്ടാത്ത പഴങ്ങൾ കഴിക്കണം എന്ന് ആഗ്രഹമുള്ളവരും എല്ലാം തൈകൾ കൊണ്ടുപോയി.എന്റെയും മൂത്ത മോളുടെയും ജന്മദിനമരമായി, ഞാൻ താമസിക്കുന്ന സ്റ്റാഫ് ഹോസ്റ്റൽ പരിസരത്ത് വയ്ക്കാൻ ഏതാനും തൈകൾ മാറ്റി വച്ചതിനാൽ, ആവശ്യപ്പെട്ട നിരവധി പേർക്ക് തൈകൾ നൽകാൻ സാധിച്ചതുമില്ല.വീട്ടിൽ ബാക്കിയുള്ള തൈകൾ കൂടി കൊണ്ടുവന്ന് മറ്റൊരിക്കൽ വിതരണം ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. 

നല്ല പിരാന്തുകൾ തുടരും എന്ന മുന്നറിയിപ്പോടെ....