Pages

Thursday, December 22, 2022

ഒറ്റാലി മുത്തപ്പനും മീൻ ദൈവവും

കോട്ടയം ആസ്ഥാനമായ പരസ്പരം വായനക്കൂട്ടത്തിൽ ഞാൻ അംഗമായിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല.ആഴ്ച തോറും നടക്കുന്ന ഓൺലൈൻ സാഹിത്യ സമ്മേളനങ്ങളിലൂടെ നമ്മുടെ പ്രതിഭ തേച്ച് മിനുക്കാനുള്ള ഒരവസരമായാണ് ഈ കൂട്ടത്തിലെ അംഗത്വം എനിക്ക് അനുഭവപ്പെട്ടത്.വായനക്കൂട്ടത്തിലെ അംഗങ്ങൾ രചിച്ച പുസ്തകങ്ങളുടെ ചർച്ചയും എല്ലാ മാസവും ചുരുങ്ങിയത് ഒന്നെങ്കിലും ഉണ്ടാകും.ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് പുസ്തകം സൗജന്യമായി അയച്ചു തരും.ഈ വർഷം ഞാൻ പങ്കെടുക്കുന്ന മൂന്നാമത്തെ പുസ്തക ചർച്ച ഇക്കഴിഞ്ഞ ഡിസംബർ 18 നായിരുന്നു.ചർച്ചക്കായി ലഭിച്ച 'ഒറ്റാലി മുത്തപ്പനും മീൻ ദൈവവും' എന്ന പുസ്‌തമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പതിമൂന്ന് കഥകളുടെ ഒരു സമാഹാരമാണ് 'ഒറ്റാലി മുത്തപ്പനും മീൻ ദൈവവും.' സ്വന്തം പരിസരങ്ങളിൽ നിന്ന് കഥാകൃത്ത് മുങ്ങിയെടുത്ത മുത്തുകളായിട്ടാണ് ഈ കഥകൾ എനിക്കനുഭവപ്പെട്ടത്. കഥകൾക്കുള്ളിൽ ഉപകഥകളായും കവിതകളായും പല കഥകളും വികാസം പ്രാപിക്കുന്നു. കുഞ്ഞു കുഞ്ഞു കാര്യങ്ങൾ വലിയ വലിയ കഥകളാക്കി, വായനക്കാരന് മടുപ്പുളവാക്കാത്ത വിധത്തിൽ പറയുന്നതിൽ കഥാകാരൻ വിജയിച്ചിരിക്കുന്നു.

'ചതിഫലം' എന്ന ഒന്നാം തരം കഥയിലൂടെയാണ് പുസ്തകാരംഭം. ഒരാനയുടെ പ്രസവവും അനുബന്ധ കാര്യങ്ങളും വിശദമായും സരസമായും അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു. കുട്ടിക്കാലത്ത് എന്റെ സമീപ ദേശത്ത് ഒരാന പ്രസവിച്ചത് കാണാൻ പോയതും ഈ കഥ വായിച്ചപ്പോൾ ഓർമ്മ വന്നു. 'വൃക്ഷത്തിന് പറയാനുള്ളത് ' എന്ന കഥ ഭാര്യാ ഭർതൃ ബന്ധത്തെ നന്നായി അവതരിപ്പിക്കുന്നു. 'കുട്ടേട്ടൻ ' എന്ന കഥയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. എന്റെ ഹോസ്റ്റലിനടുത്ത് ചായക്കട നടത്തുന്ന കുട്ടേട്ടനെപ്പറ്റി ഒരു കഥ എഴുതണം എന്ന് മനസ്സിൽ കരുതിയിരിക്കുമ്പോഴാണ് അതേ പോലെയുള്ള ഒരു കുട്ടേട്ടന്റെ കഥ വായിച്ചത്. സമൂഹത്തിന്റെ അരിക് പറ്റി ജീവിക്കുന്നവരും ആപത്തിൽ തുണയാകും എന്ന് ഈ കഥ പഠിപ്പിക്കുന്നു.

രംഗ ബോധമില്ലാത്ത കോമാളിയാണ് മരണം എന്ന് സാധാരണ പറയാറുണ്ട്. ഈ കൃതിയിലെ ഒരു പ്രധാന കഥാപാത്രമായിട്ടാണ് മരണത്തെ എനിക്കനുഭവപ്പെട്ടത്. പതിമൂന്ന് കഥകളിൽ പതിനൊന്നിലും ഏറ്റവും പ്രിയപ്പെട്ടവരെ തന്നെ മരിപ്പിക്കാൻ കഥാകൃത്ത് തയ്യാറാകുന്നത് വല്ലാത്തൊരു ധൈര്യം തന്നെ. 'മായശാപം ' എന്ന മൂന്നാമത്തെ കഥയിൽ റേഷൻ കടക്കാരൻ കോമക്കുറുപ്പിൽ ആരംഭിക്കുന്ന മരണ പരമ്പര 'മരണമൊരതിജീവനം' എന്ന കഥയിലെ ആശാന്റെ മരണത്തിൽ അവസാനിക്കുന്നതോടെ പുസ്തകവും അവസാനിക്കുന്നു. രണ്ട് കഥകളുടെ തലക്കെട്ടിലും മരണം കയറി വരുന്നുണ്ട്.

പുസ്തകം കയ്യിൽ കിട്ടിയ ഉടനെ ഞാൻ ഇൻഡക്സ് പേജായിരുന്നു തിരഞ്ഞത്. അത് ഈ പുസ്തകത്തിൽ ഇല്ലായിരുന്നു. മാത്രമല്ല, പ്രൂഫ് റീഡിംഗ് കൃത്യമായി നടത്തിയിട്ടില്ല എന്നും പുസ്തകം വിളിച്ചോതുന്നുണ്ട്. ചില തെറ്റുകൾ ഉദ്ദേശിച്ചതിന്റെ നേർ വിപരീതത്തിലേക്കാണ് നയിക്കുന്നത്. നീലിഫർ എന്ന കഥയിലെ പേജ് 28 ൽ 'വിശുദ്ധ ഖുറാനിൽ പറയുന്നത് നമ്മൾ മരിച്ചു ചെന്നാൽ നമ്മുടെ അവയവങ്ങൾ നമുക്കെതിരെ സാക്ഷി പറയരുതെന്നാണ് ' എന്നതിന് പകരം  'വിശുദ്ധ ഖുറാനിൽ പറയുന്നത് നമ്മൾ മരിച്ചു ചെന്നാൽ നമ്മുടെ അവയവങ്ങൾ നമുക്കെതിരെ സാക്ഷി പറയുമെന്നാണ് ' എന്നായിരുന്നു വേണ്ടത്. 

പിൻകവർ പേജിലെ ശ്രീ മാടമ്പ് കുഞ്ഞിക്കുട്ടന്റെ വാക്കുകൾ അവതാരികയിൽ നിന്നോ മറ്റോ എടുത്തതാണ് എന്ന് കരുതുന്നു. പക്ഷെ അങ്ങനെയൊന്ന് പുസ്തകത്തിനകത്ത് എവിടെയും കണ്ടില്ല.
എങ്കിലും നല്ലൊരു വായനാനുഭവം തരുന്ന പുസ്തകമാണ് ഒറ്റാലി മുത്തപ്പനും മീൻ ദൈവവും. 

പുസ്തകം : ഒറ്റാലി മുത്തപ്പനും മീൻ ദൈവവും
രചയിതാവ് : എസ്. തുളസീദാസ്
പ്രസാധകർ: സിജിലി പബ്ലിക്കേഷൻസ്
പേജ്: 166
വില : Rs 200

1 comments:

Areekkodan | അരീക്കോടന്‍ said...

'ഒറ്റാലി മുത്തപ്പനും മീൻ ദൈവവും' എന്ന പുസ്‌തമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Post a Comment

നന്ദി....വീണ്ടും വരിക