Pages

Showing posts with label നാടന്‍ കളികള്‍. Show all posts
Showing posts with label നാടന്‍ കളികള്‍. Show all posts

Wednesday, February 23, 2022

കൊത്തങ്കല്ല് കളി

പൊതുവെ പെൺകുട്ടികളുടെ ഒരു നാടൻ കളിയാണ് കൊത്തങ്കല്ല് കളി.  പക്ഷെ കുട്ടിക്കാലത്ത് ഞാനും ഈ കളിയിൽ അഗ്രഗണ്യനായിരുന്നു. സ്‌കൂളിൽ പെൺകുട്ടികൾ മാത്രവും ഞങ്ങളുടെ കോളനിയിൽ ആണും പെണ്ണും ഒരുമിച്ചും ആയിരുന്നു കൊത്തങ്കല്ല് കളിച്ചിരുന്നത്. കല്ലുകൊത്തിക്കളി എന്നും ഈ കളിക്ക് പേരുണ്ട്. 

അഞ്ച് ചെറിയ കല്ലുകളാണ് കളിയുടെ അടിസ്ഥാന ഘടകം. ഇന്ന് നാം അര ഇഞ്ച് മെറ്റൽ എന്ന് വിളിക്കുന്ന കരിങ്കല്ലുകൾ അന്ന് പെറുക്കിയിരുന്നത് റോഡ് വക്കിൽ നിന്നായിരുന്നു. കോൺക്രീറ്റ് വർക്കുകൾ അപൂർവ്വമായിരുന്നതിനാൽ മെറ്റൽ ഇന്നത്തെ പോലെ സുലഭമായിരുന്നില്ല. എന്നാൽ റോഡിന്റെ പാർശ്വങ്ങളിൽ നിന്നും അടർന്നു പോകുന്ന കല്ലുകൾ റോഡ് സൈഡിൽ കാണാമായിരുന്നു. വക്ക്  കൂർത്തതും മൂർച്ഛയുള്ളതുമായ അത്തരം കല്ലുകൾ മൂന്നാല് ദിവസത്തെ കളിയോടെ ഉരുണ്ട് വരും. എൻ്റെ ജ്യേഷ്ഠത്തിയും കൂട്ടുകാരും സ്ഥിരം ഉപയോഗിച്ചിരുന്ന കല്ലുകൾ ശരിക്കും ഗോലി പോലെ ആയിരുന്നു. 

അഞ്ചോ ഏഴോ കല്ലുകൾ കൊണ്ട് കൊത്തങ്കല്ല് കളിക്കാം. അഞ്ച് കല്ലുക കൊണ്ടായിരുന്നു ഞങ്ങൾ  കളിച്ചിരുന്നത്. വട്ടത്തിൽ നിലത്ത് പടിഞ്ഞിരുന്നാണ് കളി. കളിയിലെ ആരെങ്കിലും ഒരാൾ അഞ്ച് കല്ലുകളും കയ്യിൽ എടുത്ത് നിലത്ത് ചിതറി ഇടും. ആദ്യ ഘട്ടത്തിൽ ഓരോ കല്ലുകളായി എടുക്കണം എന്നതിനാൽ കല്ലുകൾ മാക്സിമം അകലത്തിൽ ആകാൻ പാകത്തിൽ ആയിരിക്കും ചിതറി ഇടുന്നത്.ഇതിൽ നിന്ന് ഒന്നെടുത്ത് മേലോട്ട് എറിയും.എന്നിട്ട് നിലത്തുള്ള ഓരോ കല്ല് വീതം മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതേ കൈ കൊണ്ട് പിടിക്കുകയും വേണം. 

ഇതു രണ്ടും തെറ്റിക്കാതെ ചെയ്താൽ കളിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം.എല്ലാം ഒന്നാം ഘട്ടത്തിലെപ്പോലെ തന്നെ ചെയ്യുക. പക്ഷെ ഈരണ്ട് കല്ലുകൾ വീതം കൊത്തി എടുക്കണം.മൂന്നാം ഘട്ടത്തിൽ ആദ്യം മൂന്ന് കല്ലുകൾ ഒരുമിച്ച് കൊത്തി എടുക്കണം. ശേഷം ഒറ്റക്കല്ലും.നാലാം ഘട്ടത്തിൽ മുകളിലെറിഞ്ഞ കല്ല് താഴെ വീഴും മുമ്പ് നാല് കല്ലുകളും വാരി എടുക്കണം.അതേ കൈകൊണ്ട് തന്നെ ആ കല്ല് പിടിക്കുകയും വേണം.എല്ലാ ഘട്ടങ്ങളിലും ഒരു കൈ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. ഓരോ ഘട്ടത്തിലെ കല്ലുകൾ കൊത്തി എടുക്കുമ്പോഴും കളത്തിലെ മറ്റു കല്ലുകൾക്ക് ഒരനക്കവും സംഭവിക്കാൻ പാടില്ല.ഇതിലേതെങ്കിലും നിയമം തെറ്റിച്ചാൽ കളി അടുത്ത ആൾക്ക് കൈമാറണം.

അഞ്ചാമത്തെ ഘട്ടം "തോണ്ടി" ആണ്. നാല് കല്ലുകൾ കൈക്കകത്ത് തന്നെ വച്ച് ഒരു കല്ല് മുകളിലേക്കെറിയും.കല്ല് ഉയരുന്നതിനിടയിൽ ചൂണ്ടു വിരൽ കൊണ്ട് നിലത്ത് ഒന്ന് തോണ്ടും.ശേഷം എറിഞ്ഞ കല്ല് പിടിക്കും.ആറാം ഘട്ടത്തിൽ കൈക്കകത്തെ ഒരു കല്ല് മുകളിലേക്കെറിഞ്ഞ് ബാക്കി മുഴുവൻ നിലത്ത് വയ്ക്കും.എറിഞ്ഞ കല്ല് പിടിച്ച ശേഷം വീണ്ടും മുകളിലേക്കെറിഞ്ഞ് മുഴുവൻ കല്ലുകളും വാരി എടുക്കും.വീഴുന്ന കല്ല് അതേ കൈ കൊണ്ട് തന്നെ പിടിക്കുകയും വേണം.ഈ ഘട്ടത്തെ "വാരി" എന്ന് പറയും.

നാല് കല്ലുകളും വാരിയ ശേഷം വരുന്ന ഘട്ടത്തെ "തൂഞ്ചി" എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്.അഞ്ച് കല്ലുകളും ഒരുമിച്ച് മുകളിലേക്കിട്ട് കൈപ്പത്തിയുടെ പുറം ഭാഗത്ത് അവയെ ലാന്റ് ചെയ്യിപ്പിക്കണം.കൈപ്പുറത്ത് ഒരു കല്ല് മാത്രമേ കിട്ടിയുള്ളൂ എങ്കിൽ ആ ഘട്ടത്തിൽ നിന്ന് പുറത്താകും.ഒന്നിലധികം ഉണ്ടെങ്കിൽ നമുക്ക് ഇഷ്ടമുള്ള അത്രയും കൈപ്പുറത്ത് നിർത്തി ബാക്കി ശ്രദ്ധയോടെ  താഴേക്കിടാം.

ശേഷം കൈപ്പുറത്തെ കല്ലുകൾ വീണ്ടും മുകളിലേക്കിട്ട് വായുവിൽ വച്ച് തന്നെ അവ കൊത്തി എടുക്കണം(ഇതിനാണ് തൂഞ്ചുക എന്ന് പറയുന്നത്.മലയാളത്തിൽ ഇങ്ങനെ ഒരു പദം ഉള്ളതായി എനിക്കറിവില്ല).അപ്പോൾ ഏതെങ്കിലും കല്ല് കിട്ടാതെ പോയാലും ആ ഘട്ടത്തിൽ നിന്ന് പുറത്താകും.മുകളിലേക്കിട്ട എല്ലാ കല്ലുകളും പിടിച്ച് കഴിഞ്ഞാൽ പിന്നെ ഒരു കല്ല് മുകളിലേക്കിട്ട് കളത്തിലെ ബാക്കി കല്ലുകൾ കൂടി കൊത്തി എടുക്കണം.എത്ര കല്ലുകൾ തൂഞ്ചി പിടിക്കുന്നുവോ അത്രയും പോയിന്റ് നമുക്ക് കിട്ടും.കളി ഇങ്ങനെ തുടരും.

തന്ത്രവും വേഗവും സമന്വയിപ്പിച്ച് കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. എല്ലാ കല്ലുകളും കൊത്തിയെടുക്കുന്ന കളിയായതു കൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു. മഴക്കാലത്തെ പ്രധാന കളികളിൽ ഒന്നാണിത്. പല സ്ഥലങ്ങളിലും മുതിർന്ന സ്ത്രീകളും കുട്ടികൾക്കൊപ്പം കൊത്തൻ കല്ല് കളിക്കാറുണ്ടായിരുന്നു.പക്ഷെ ഇന്നത്തെ തലമുറക്ക് ഈ കളി പരിചയം പോലും ഇല്ല.

Monday, March 02, 2020

നൂറ്റും കോല്‍

            എന്റെ കുട്ടിക്കാലത്തെ പല കളികളും ഇന്ന് ഭൂലോകത്ത് നിന്ന് തന്നെ തുടച്ചു മാറ്റപ്പെടുകയോ അല്ലെങ്കിൽ നാമാവശേഷമാകുകയോ ചെയ്തിട്ടുണ്ട്. അന്നത്തെ മിക്ക കളികൾക്കും പിന്നിൽ വ്യക്തിത്വ വികസനത്തിന്റെ ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് മനസ്സിലാകുന്നത്. ഞങ്ങളുടെ പലരുടെയും സ്വഭാവ രൂപീകരണത്തിൽ ആ കളികൾ പങ്ക് വഹിച്ചിട്ടുണ്ടാകും എന്നത് സത്യമാണ്.
           നൂറ്റും കോല്‍ എന്ന ഒരു കളി ഏകാഗ്രത വളർത്താനായിരുന്നു എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. അഞ്ചിഞ്ച് നീളമുള്ള പത്ത് ഈർക്കിൽ കഷ്ണങ്ങളും അവയെക്കാള്‍ നീളം കൂടിയ ഒരു ഈര്‍ക്കിലുമാണ് ഈ കളിക്ക് വേണ്ടത്. ഓരോ ചെറിയ ഈർക്കിലിനും പത്തും വലിയ ഈർക്കിലിന് നൂറുമാണ് മൂല്യം. വലിയ ഈർക്കിൽ നേടി എടുക്കുക എന്നതാണ് കളിയുടെ വിജയ നിദാനം എന്നതിനാൽ കളിയുടെ പേര് നൂറ്റും കോല്‍ എന്നായി (എന്ന് ഞാൻ അനുമാനിക്കുന്നു ) !
           വലിയ ഈർക്കിൽ തറയിൽ വയ്ക്കും. ശേഷം പത്ത് ചെറിയ ഈർക്കിലും ഒരുമിച്ച് പിടിച്ച് അതിലേക്ക് ഇടുകയോ എറിയുകയോ ചെയ്യും. വലിയ ഈർക്കിലിന്റെ മുകളിൽ ഒരു ഈർക്കിലെങ്കിലും തങ്ങി നിന്നാൽ കളി തുടരാം. വലിയ ഈർക്കിലിൽ നിന്നും പുറത്ത് വീണ സ്വതന്ത്രമായ ഒരു ഈർക്കിൽ എടുത്ത് ബാക്കിയുള്ള ഒമ്പതും തോണ്ടി എടുക്കണം. വലിയ ഈർക്കിലിന്മേലല്ലാതെ പുറത്ത് സ്വതന്ത്രമായി കിടക്കുന്ന ഈർക്കിലുകൾ എല്ലാം നേരിട്ട് എടുക്കാം. എന്നാൽ ഒന്ന് മറ്റൊന്നിന് മുകളിലാണെങ്കിൽ അടിയിലേത് അനങ്ങാതെ മുകളിത്തേത് തട്ടി മാറ്റണം. തട്ടി മാറ്റുന്നത് മറ്റൊരു ഈർക്കിലിന്റെ മുകളിൽ വീഴാനും പാടില്ല. അതായത് ഒരു സമയത്ത് ഒരു ഈർക്കിൽ മാത്രമേ അനങ്ങാൻ പാടുള്ളൂ.
           ഒരു ഈർക്കിൽ എടുക്കാൻ വേണ്ടി ഒരുമ്പെട്ട് അതിൽ തൊട്ടാൽ പിന്നെ അതെടുക്കാതെ കളി തുടരാൻ പറ്റില്ല. ഈർക്കിൽ ഇളകിയാലും കളി തുടരാൻ പറ്റില്ല.മുഴുവൻ ഈർക്കിലുമെടുക്കുന്ന ആൾക്ക് അവസാനം ശേഷിക്കുന്ന വലിയ ഈർക്കിലും എടുക്കാം. അങ്ങനെ 200 പോയിന്റ് ലഭിക്കുന്നു.അടുത്ത ആൾ ഇതേ പോലെ കളി ആവർത്തിക്കുന്നു.ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്ന ആൾ വിജയിയാകുന്നു.മാക്സിമം പോയിന്റ് ആദ്യമേ നിശ്ചയിച്ചുകൊണ്ട് (അഞ്ഞൂറ് വരെ ,ആയിരം വരെ എന്നിങ്ങനെ)കളിക്കുന്നവരും ഉണ്ട്.
           മറ്റു കളികൾക്കായി പുറത്തിറങ്ങാൻ പറ്റാത്ത മഴക്കാലത്താണ് കൂടുതലും ഞങ്ങൾ ഈ കളി കളിച്ചിരുന്നത്. ഈർക്കിലിന് പകരം അന്ന് സുലഭമായി കിട്ടിയിരുന്നത് ഐസും കോൽ (ഐസിന്റെ അറ്റത്തെ വണ്ണം കുറഞ്ഞ സ്റ്റിക്ക്)ആയിരുന്നു.സ്കൂൾ പരിസരത്ത് നിന്നോ സ്കൂൾ വിട്ടു വരുമ്പോൾ റോട്ടിൽ നിന്നോ അവ ശേഖരിക്കും.നൂറ്റും കോൽ ആയി ഈർക്കിൽ തന്നെ ഉപയോഗിക്കും. കൃഷ്ണകിരീടം എന്ന ചെടിയുടെ ഇലയുടെ തണ്ടുകളും ഈർക്കിലിക്ക് പകരം ഉപയോഗിച്ചിരുന്നു.അവ ഉരുണ്ടതായതിനാൽ നൂറ്റും കോലിന്റെ പുറത്ത് അധികം എണ്ണം ബാക്കി ഉണ്ടാകില്ല എന്ന സൌകര്യവും ഉണ്ട്.
           ഈർക്കിൽ ശേഖരിക്കാനും നന്നാക്കാനും ഇന്നത്തെ കുട്ടികൾ മുതിരാത്തത് കൊണ്ടാകാം, ഇപ്പോൾ ഈ കളിക്കുപയോഗിക്കാൻ പാകത്തിൽ റെഡിമെയ്ഡ് സ്റ്റിക്കുകൾ ലഭ്യമാണ്.ഗൾഫിൽ നിന്ന് വരുന്നവരാണ് ഇത് കൊണ്ട് വരുന്നത് എന്ന് തോന്നുന്നു. ഈർക്കിലും കാശ് കൊടുത്ത് വാങ്ങാൻ തുടങ്ങിയതിൽ പിന്നെ ഈ കളി നാടൻ കളികളിൽ നിന്നും പറന്നകലാൻ തുടങ്ങി.പുതിയ കുട്ടികൾ കളിക്കുന്നത് നൂറ്റും കോൽ തന്നെയാണോ എന്നോ എങ്ങനെയാണെന്നോ ഒന്നും ഇന്നെനിക്കറിയില്ല.
(കുട്ടിക്കാലത്തെ പലകളികളും ഇവിടെ ക്ലിക്കിയാൽ വായിക്കാം)

Saturday, November 16, 2019

കള്ളനും പോലീസും

          കള്ളനും പോലീസും എന്നും ഒരുമിച്ചാണ് സഹവാസം. സിനിമയുടെ പേരിലായാലും കളിയുടെ പേരിലായാലും യഥാർത്ഥ ജീവിതത്തിലായാലും കാർട്ടൂൺ-സീരിയൽ രംഗത്തായാലും ഒക്കെ ഈ വഴിപിരിയാത്ത കൂട്ടുകെട്ട് കാണാം.
            എന്റെ കുട്ടിക്കാലത്തെ ഒരു നാടൻ കളിയുടെ പേരായിരുന്നു കള്ളനും പോലീസും. കളിയിൽ ഒരു കള്ളനേ ഉണ്ടാകാറുള്ളൂ. അവനെ പിടിക്കാൻ നിരവധി പോലീസുകാരുണ്ടാകും (ഔദ്യോഗിക സംവിധാനം ഒന്നും അറിയാത്ത അന്ന് കള്ളൻ ഒന്നു മതി എന്നും അവനെ പിടിക്കാൻ കുറെ പോലീസ് വേണമെന്നും പറഞ്ഞത് ആരാണാവോ?).
            കള്ളൻ ആകാൻ പലരും താല്പര്യപ്പെടാറില്ല.കാരണം പോലീസിന്റെ അടുത്ത് നിന്ന് നല്ല തല്ല് കിട്ടും എന്നത് തന്നെ. പക്ഷേ കായബലവും വേഗതയും ഉള്ളവർ സ്വയം കള്ളന്മാരായി മുന്നോട്ട് വരാറും ഉണ്ട്. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ ഒന്ന് മുതൽ പത്ത് വരെ എണ്ണിയോ വിരൽ പൊട്ടിച്ച് അതിൽ പിടിപ്പിച്ചോ മറ്റോ ഒക്കെയാണ് കള്ളനെ തീരുമാനിക്കുക.
            കള്ളൻ നിരായുധനായി എവിടെയെങ്കിലും നിൽക്കും. കമ്യൂണിസ്റ്റ് അപ്പയുടെ ഇലയോട് കൂടിയ തണ്ടുമായി കുറെ പോലീസുകാരും ഉണ്ടാകും. കള്ളന്റെ പിന്നാലെ ഓടി കയ്യിലെ തണ്ടു കൊണ്ട് കള്ളനെ തല്ലുക എന്നതാണ് പോലീസിന്റെ പണി. തല്ലി തല്ലി ഇലയെല്ലാം പൊഴിഞ്ഞ് തണ്ട് മാത്രമായാലും ചില പോലീസുകാർ വടി മാറ്റില്ല. അത്തരം വടി കൊണ്ട് അടി കിട്ടിയാൽ പിന്നെ കള്ളനും പോലീസും തമ്മിൽ വാക് തർക്കം തുടങ്ങും. അത് കയ്യാങ്കളിയിൽ എത്തുന്നതോടെ കളി പിരിച്ചു വിടും.
             യു.പി സ്കൂളിൽ പഠിച്ചിരുന്ന കാലത്ത്, പുഴവയ്ക്കത്ത് മണ്ണ് തുരന്ന് ഗുഹ പോലെ ആക്കാൻ സാധിക്കുമായിരുന്നു. അത്തരം ഗുഹകളെ ജയിൽ ആയി സങ്കൽപ്പിക്കും. പിടിക്കപ്പെട്ട കള്ളന്റെ കൈ കമഴ്ത്തിപ്പിടിച്ച് അതിൽ കല്ല് കയറ്റി വയ്ക്കുന്ന ശിക്ഷാരീതിയും അന്ന് ഉണ്ടായിരുന്നു. കള്ളന് കാവൽ നിന്ന പോലീസ് നായയുടെ വേഷവും ഒരിക്കൽ കളിയിൽ എനിക്ക് കിട്ടിയിരുന്നു! കള്ളൻ എത്ര ശക്തനാണെങ്കിലും അന്ന് ജയിൽ ചാടാൻ പറ്റുമായിരുന്നില്ല.ജയിൽ ചാടിയാല്‍ കളിയിൽ നിന്നും പുറത്താക്കും.
             ഇന്നും കുട്ടികൾ കള്ളനും പോലീസും കളിക്കുന്നുണ്ട്. ഓടാനും പിടിക്കാനും ഒക്കെ മടി ആയതിനാൽ തടി അനങ്ങാത്ത കളിയാണെന്ന് മാത്രം. തുണ്ട് പേപ്പറിൽ രാജാവ് , പോലീസ്, മന്ത്രി, കള്ളൻ,ഭടൻ എന്നൊക്കെ എഴുതി അതിൽ നിന്ന് ഓരോന്ന് എല്ലാവരും എടുക്കും. പോലീസ് എന്ന നറുക്ക് കിട്ടുന്നവൻ ബാക്കി എല്ലാവരുടെയും നറുക്കുകൾ ഏതെന്ന് കൃത്യമായി പറയണം. കിട്ടിയ നറുക്കുകൾക്ക് അനുസരിച്ച് ഓരോരുത്തരുടെയും പോയന്റ് എഴുതി വയ്ക്കും. കള്ളനെ കൃത്യമായി പറഞ്ഞാൽ പോലീസിന് ബോണസ് പോയിന്റും കിട്ടും. കൃത്യമായി പറയാൻ സാധിച്ചില്ലെങ്കിൽ പോലീസിന്റെ പോയിന്റ് കള്ളന് കിട്ടും . കള്ളന്റെ “പൂജ്യം” പോലീസിനും.
                ഞങ്ങളുടെ കുട്ടിക്കാലത്ത് ഔട്ട്‌ഡോര്‍ ഗെയിം ആയിരുന്ന കള്ളനും പോലീസും ഇന്‍‌ഡോര്‍ ഗെയിം ആയതോടെ നല്ലൊരു വ്യായാമാവസരം കൂടി നഷ്ടമായി.

Tuesday, July 16, 2019

സിങ്ങ്

            സെയിൽ സിങ്ങ് എന്നൊരു രാഷ്ട്രപതി എന്റെ മനസ്സിൽ ഇന്നും ഉണ്ട്. തലപ്പാവ് വച്ച  ശുഭ്ര വസ്ത്രം ധരിച്ച താടി വച്ച ഒരാൾ.അന്ന് വിവിധ ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കാറുള്ളത് കൊണ്ടായിരിക്കണം ഇന്നും ഈ നാമം മനസ്സിൽ നിലനിൽക്കുന്നത്. പക്ഷേ അന്നേ മനസ്സിൽ ഒരു ചോദ്യം ഉണ്ടായിരുന്നു - ഇയാളുടെ പേരിന്റെ വാലും നമ്മുടെ നാട്ടിൻ പുറത്തെ കളിയും എങ്ങനെ ഒന്നായി എന്ന് ? ഹൈസ്കൂൾ ക്ലാസിലെവിടെയോ പഞ്ചാബിനെപ്പറ്റി പഠിച്ചപ്പോഴാണ്, സിക്ക് മതാനുയായികളുടെ പേരിന്റെ കൂടെ പിറപ്പാണ് ഈ സിങ്ങ് എന്ന് മനസ്സിലായത്. ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത് സിങ്ങ് എന്ന കളിയെപ്പറ്റിയാണ്.
              രണ്ട് ടീം ആയാണ് സിങ്ങ് കളിക്കുക. ഒരു ടീമിൽ മിനിമം അഞ്ച് പേരെങ്കിലും വേണം. അവരിൽ ഒരാൾ ഒരു മരത്തിലോ മറ്റെന്തെങ്കിലും അനങ്ങാത്ത വസ്തുവിലോ തൊട്ടു നിൽക്കും. ഇയാളെ ‘കുറ്റി’ എന്ന് വിളിക്കും. ബാക്കിയുള്ളവർ ഒരു ചങ്ങലപോലെ കൈ പിടിക്കും. അഞ്ച് പേരുണ്ടെങ്കിൽ അത്യാവശ്യം നീളമുള്ള ഒരു ചങ്ങല ആയിരിക്കും അത്. എതിർ ടീമിലെ മുഴുവൻ ആൾക്കാരും ഈ ചങ്ങലയുടെ അറ്റത്തുള്ള ആൾക്ക് തൊടാൻ കിട്ടാത്ത വിധത്തിൽ മുന്നിൽ നിരന്ന് നിൽക്കും. അവരുടെ പിന്നിലായി, ഓടിപ്പോയി തൊടേണ്ട ഒരു ലക്ഷ്യസ്ഥാനം നേരത്തെ പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ടാവും.
              ചങ്ങല ആയി നിൽക്കുന്ന ടീം ഒരു തിരമാല കണക്കെ വീശി വരും. മുന്നിൽ നിൽക്കുന്നവർ അവരുടെ സ്പർശനം ഏൽക്കാതെ ഒഴിഞ്ഞുമാറണം. ആരെങ്കിലും തൊട്ടാൽ അവർ കളിയിൽ നിന്ന് പുറത്തായി. ഇങ്ങനെ വീശി വരുമ്പോൾ മുന്നിലുള്ള മാർഗ്ഗം തുറന്ന് കിട്ടിയാൽ ചങ്ങലയുടെ അറ്റത്തുള്ള ആൾ കൈ വിട്ട് ലക്ഷ്യസ്ഥാനത്തേക്ക് ഓടും. ഓടുന്നവനെ തൊടാൻ എതിർ ടീമുകാരും ഓടും. ആരും തൊടാതെ ലക്ഷ്യസ്ഥാനം തൊട്ടാൽ ടീമിന് ഒരു പോയിന്റ് കിട്ടും.ഓടിയവന് തിരിച്ച് ചങ്ങലയിൽ തന്നെ ചേരാം. ഓട്ടത്തിനിടയിൽ ആരെങ്കിലും അവനെ തൊട്ടാൽ കളിയിൽ നിന്ന് പുറത്താകും.
              ചങ്ങലയിൽ നിന്നും വിട്ടു പോകുന്ന ആരെയും തൊട്ടാൽ അയാൾ പുറത്താകും. വലിയ ചങ്ങലയാണെങ്കിൽ വീശി വരുന്നതിനിടക്ക് ചിലപ്പോൾ മധ്യത്തിൽ വച്ച് കൈ വിട്ടു പോകും. അവരെ മുഴുവൻ പുറത്താക്കാൻ എതിർ ടീമിലെ അംഗങ്ങൾക്ക് ഒന്ന് തൊട്ടാൽ മതി.എതിർ ടീം തൊടുന്നതിന് മുമ്പ് ചങ്ങലയിലേക്ക് തന്നെ ഓടിച്ചെന്ന് കണ്ണി ചേരാം. ‘കുറ്റി’ അടക്കമാണ് വിട്ടു പോരുന്നതെങ്കിൽ ഒരാളെ തൊട്ടാൽ തന്നെ എല്ലാവരും പുറത്താകും. ലക്ഷ്യസ്ഥാനത്തേക്ക് ഓടാനായി ഒരാൾ ചങ്ങല വിട്ടാൽ പിന്നെ അയാൾക്ക് ലക്ഷ്യസ്ഥാനം തൊടാതെ ചങ്ങലയിൽ കണ്ണി ചേരാനും പറ്റില്ല.‘കുറ്റി’ ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ടീമിന് 10 പോയിന്റ് ബോണസ് കിട്ടും.
              ഇങ്ങനെ എല്ലാവരും പുറത്താകുന്നത് വരെയോ ഒരു ടീമിന് നിശ്ചിത പോയിന്റ് ആകുന്നത് വരെയോ കളി തുടരും. സൂത്രവും ലക്ഷ്യബോധവും സംഘബോധവും ഒരുമിച്ച് പ്രവർത്തിച്ചാലേ കളി ജയിക്കൂ എന്ന് സാരം. വീട്ടിലും സ്കൂളിലും ആൺ പെൺ വ്യത്യാസമില്ലാതെ സിങ്ങ് കളിച്ചിരുന്നു.
              കുട്ടിക്കാലത്ത് ഈ കളി കളിക്കുമ്പോൾ, എന്റെ ടീമിന്റെ ‘കുറ്റി’യായ, എന്റെ ചേച്ചിയുടെ പ്രായമുള്ള പ്രസന്ന എന്റെ ചെവിയിൽ മന്ത്രിച്ചു - “അവസരം കിട്ടുമ്പോൾ ഓടിക്കോളണം”. ‘അവസരം’ എന്നതിന്റെ അർത്ഥം അന്ന് അറിയാതിരുന്നതിനാൽ ആരോ ‘അവസരം’ കൊണ്ടു തരും എന്ന ധാരണയിൽ ഞാൻ ചങ്ങല വിട്ട് ഓടിയതേ ഇല്ല!!             

Thursday, March 21, 2019

റിംഗ് കളി

              പ്രായത്തിൽ എന്നെക്കാളും മൂന്ന് വയസ്സ് കൂടുതലുള്ള എന്റെ താത്തയും അവളുടെ സഖിമാരും കളിച്ചിരുന്ന ഒരു കളിയായാണ് റിംഗ് കളി എന്റെ മനസ്സിൽ ഉള്ളത്. സിങ്ങ് എന്നൊരു കളി ഉള്ളതിനാൽ അതിനോട് പ്രാസമൊപ്പിച്ച് ഇട്ട പേരായിരിക്കും റിങ്ങ് എന്നായിരുന്നു അന്ന് കരുതിയത്. ഒരു വളയം എറിഞ്ഞുള്ള ഈ കളിയിൽ ഉപയോഗിക്കുന്ന ആ വളയത്തിന് ഇംഗ്ലീഷിൽ പറയുന്ന പേരാണ് റിംഗ് എന്നത് അന്നത്തെ കൊച്ചു മനസ്സിൽ കയറിയില്ല.

              പെൺ‌കുട്ടികളാണ് സാധാരണ റിംഗ് കളിക്കുന്നത്. അഞ്ചാറ് ഇഞ്ച് വട്ടത്തിലുള്ള റബ്ബർ നിർമ്മിതമായ ഒരു വളയമാണ് കളിയിലെ താരം. ഒരു നിശ്ചിത അകലത്തിൽ രണ്ട് പേർ നിന്ന് റിംഗ് അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞ് കൊടുക്കും. പറന്ന് വരുന്ന റിംഗ് കൈപിടിയിൽ ഒതുക്കലാണ് മറുഭാഗത്തുള്ളവളുടെ ഡ്യൂട്ടി. പിടിച്ചാൽ തിരിച്ചും എറിഞ്ഞ് കൊടുക്കാം. പിടിച്ചില്ലെങ്കിൽ അവൾ ഔട്ട് , അടുത്ത ആൾക്ക് കളത്തിലിറങ്ങാം.

             കളിയിൽ എൿസ്പെർട്ട് ആയാൽ റിംഗ് ഒറ്റ കൈ കൊണ്ട് പറന്ന് പിടിക്കാൻ വരെ സാധിക്കും.  കൈവിരലുകൾ കൂമ്പിച്ച് നിർത്തി പറന്ന് വരുന്ന റിംഗിനെ വള പോലെ കയ്യിലേക്ക് ഊർന്നിറക്കുന്നവരും ഉണ്ട്. ഇരു കൈ കൊണ്ടും ആയാസപ്പെട്ട് പിടിക്കുന്നവരും ഉണ്ട്. എങ്ങനെയായാലും കളി അറിയുന്നവർക്കേ അത് ഇഷ്ടപ്പെടൂ. മിക്കവാറും എല്ലാ പെൺകുട്ടികൾക്കും സ്വന്തമായി ഒരു റിംഗും അക്കാലത്ത് ഉണ്ടായിരുന്നു.

            റിംഗ് പിടിക്കാൻ ഒട്ടും സാമർത്ഥ്യമില്ലാത്തതിനാൽ ഞാൻ പെട്ടെന്ന് ഔട്ടാവുക പതിവായിരുന്നു. അതും മിക്കവാറും റിംഗ് മൂക്കിലിടിച്ചോ തലയിലിടിച്ചോ ഒക്കെ ആയിരിക്കും ഔട്ടാവുക.എന്റെ മൂക്ക് പരന്നതിലും തല മൊട്ടയായതിലും ഒരു പക്ഷെ ഈ റിംഗ് കളിക്ക് പങ്കുണ്ടായിരിക്കാൻ സാധ്യതയുണ്ട് !അത്യാവശ്യം ഭാരമുള്ള റിംഗ് ആയതിനാൽ ദേഹത്ത് കൊണ്ടാൽ നല്ല വേദനയും ഉണ്ടായിരുന്നു.

            വൈകുന്നേരങ്ങളിൽ വീട്ടുമുറ്റത്തും, സ്കൂളിൽ ഒഴിവ് സമയത്തും പെൺകുട്ടികൾ റിംഗ് കളിച്ചിരുന്നു. വലിയ സ്ത്രീകളും ഈ കളിയിൽ ഏർപ്പെടാറുണ്ട്. ഞങ്ങളുടെ കോളനിയിൽ ആണും പെണ്ണും എല്ലാ കളിയും ഒരുമിച്ച് കളിച്ചിരുന്നതിനാൽ റിംഗ് കളിയും അതിന്റെ ഭാഗമായിരുന്നു.

           ഇന്ന് റബ്ബർ കൊണ്ടുള്ള റിംഗ് എവിടെയും കാണാറില്ല. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഡിസ്ക് പോലുള്ള ഒരു സാധനം പരസ്പരം എറിയുന്നതും അത് വായുവിൽ ഒരു പ്രത്യേക രീതിയിൽ ചലിക്കുന്നതും പാർക്കിലും ബീച്ചിലും എല്ലാം കാണാറുണ്ട്.അതിന് പക്ഷെ പണ്ടത്തെ റിംഗ് കളിയുടെ സൌന്ദര്യമോ രസമോ ഇല്ല. എന്നെങ്കിലും നാട്ടിൻ പുറങ്ങളിൽ ഈ കളി തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. 

Tuesday, February 26, 2019

തൊട്ടുകളി

              കളിക്കാരുടെ എണ്ണം വളരെ കൂടുമ്പോഴും വളരെ കുറയുമ്പോഴും കളിക്കുന്ന ഒരു കളിയാണ് തൊട്ടുകളി. കളിക്കാനുള്ളവർ മുഴുവൻ അണിനിരന്ന് ഒന്ന് , രണ്ട് എന്നിങ്ങനെ എണ്ണിത്തുടങ്ങും. മിക്കവാറും പത്ത് എന്ന് എണ്ണുന്നവൻ ‘കള്ളൻ’ ആവും. അതായത് മറ്റുള്ളവരെ ഓടിത്തൊടേണ്ടത് അവനാണ്.

              എണ്ണിക്കഴിയുന്നതോടെ തന്നെ കളി ആരംഭിക്കുകയായി. ‘കള്ളൻ’ ഓരോരുത്തരുടെയും പിന്നാലെ ഓടും. മുടിയിലോ ഷർട്ടിലോ തൊട്ടാൽ തൊട്ടതായി പരിഗണിക്കില്ല.അതായത് തൊട്ടു എന്ന് തൊടപ്പെട്ടയാൾക്ക് ഫീൽ ചെയ്യണം. അത് പലപ്പോഴും തർക്കത്തിന് ഇടയാക്കുന്നതിനാൽ ‘കള്ളൻ’ പുറത്ത് അടിക്കുകയാണ് ചെയ്യാറ്‌. അടിയുടെ ശക്തി കൂടിയാൽ കളി അടിപിടിയിൽ കലാശിക്കാനും അത് മതി.

              ഒരാളെ തൊടുന്നതോട് കൂടി കള്ളൻ മാറി. പുതിയ കള്ളൻ അപ്പോൾ തന്നെ ‘ചാർജ്ജെ‘ടുക്കും. തൊട്ടടുത്ത് നിൽക്കുന്നവന്റെ പിന്നാലെ ഓടാൻ തുടങ്ങും. വെട്ടിച്ച് ഓടാൻ കഴിയുന്നവനും സ്പീഡിൽ ഓടാൻ കഴിയുന്നവനും പല കളികളിലും ഒരിക്കൽ പോലും കള്ളനാവാറില്ല. അത് കളിയിൽ ഒരു ക്രെഡിറ്റ് ആണ്. എന്നാൽ ചിലർ സ്ഥിരം കള്ളൻ ആയിക്കൊണ്ടേ ഇരിക്കും. അത്തരക്കാർക്ക്, സഹതാപം കൊണ്ട് മാത്രമേ പിന്നെ രക്ഷയുള്ളൂ. അതായത് എല്ലാവരും തീരുമാനിച്ച് കൊണ്ട് അയാളെ ഇനിയും തൊടുന്നത് വിലയ്ക്കണം. അല്ലെങ്കിൽ അയാൾക്ക് വേണ്ടി മറ്റൊരാൾ കുരിശ് ഏറ്റെടുക്കണം.അതുമല്ലെങ്കിൽ ആരെങ്കിലും അയാൾക്ക് തൊടാൻ നിന്ന് കൊടുക്കണം.

             തൊടാൻ നിന്ന് കൊടുക്കുന്നത് കളി നിയമ പ്രകാരം ശിക്ഷാർഹമാണ്. അത് പലപ്പോഴും ഇഷ്ടക്കാരന് വേണ്ടി ആണ് നിന്നു കൊടുക്കുന്നത് എന്നതു കൊണ്ടാണത്. കളിയിൽ എല്ലാവരും തുല്യരായതിനാൽ സ്വജനപക്ഷപാതവും സ്വവർഗ്ഗപ്രേമവും ഒന്നും ഭൂഷണമല്ല എന്ന് കളികളിൽ കൂടി അന്ന് ഞങ്ങൾ പഠിച്ചിരുന്നു. എന്നാൽ ഒരാൾ വളരെയധികം ഓടി തളർന്ന് കഴിഞ്ഞാൽ അയാൾക്ക് തൊടാൻ നിന്ന് കൊടുക്കാം.

             കളിക്കിടയിൽ അല്പം വിശ്രമിക്കാനോ വെള്ളം കുടിക്കാനോ മറ്റെന്തെങ്കിലും ആവശ്യം നിറവേറ്റാനോ ഷോർട്ട് ബ്രേക് എടുക്കാവുന്നതാണ്. ‘എനിക്കായിട്ടില്ല’ എന്ന് പറഞ്ഞായിരുന്നു ഞങ്ങളുടെ കാലത്ത് ഈ ഷോർട്ട് ബ്രേക് എടുത്തിരുന്നത്. എന്നാൽ ഇന്ന് “സുല്ല്” എന്ന് പറഞ്ഞാണ് ഷോർട്ട് ബ്രേക് എടുക്കുന്നത്. തൊടാൻ വേണ്ടി ഓടി അടുത്ത് എത്തുമ്പോൾ സുല്ല് വിളിക്കുന്ന വിരുതൻമാരുണ്ട്. ഇതും പലപ്പോഴും തർക്കങ്ങൾക്കും കളി തടസ്സപ്പെടുത്താനും കാരണമാകാറുണ്ട്.

             തൊട്ടുകളി യഥാർത്ഥത്തിൽ സ്റ്റാമിനയുടെ ഒരു പരീക്ഷണം കൂടിയാണ്. പെട്ടെന്ന് ക്ഷീണിക്കുന്നവർക്ക് ഇത് ഒട്ടും അനുയോജ്യമല്ല. ഒരു തൊട്ടുകളി കഴിഞ്ഞാൽ തല മുതൽ പാദം വരെ വിയർപ്പിൽ മുങ്ങി ആയിരുന്നു ഞങ്ങളിൽ പലരും കര കയറിയിരുന്നത്. ആണും പെണ്ണും എല്ലാം ഒരുമിച്ചായിരുന്നു കളിച്ചിരുന്നതും. സ്കൂളിൽ തൊട്ടുകളി പെൺകുട്ടികളുടെ മാത്രം കളിയാണ്. നീന്തൽ വശമുള്ളവർ പുഴയിലും തൊട്ടുകളി കളിച്ചിരുന്നു.

             ഇന്ന് ഇതിന്റെ വകഭേദങ്ങൾ പലതും കാണുന്നുണ്ടെങ്കിലും എന്റെ കുട്ടിക്കാലത്തെ തൊട്ടുകളി ഏകദേശം അന്യം നിന്നു കഴിഞ്ഞു.

Sunday, January 20, 2019

"മേപ്പട്ടേർ...പ്ലീസ്"

          യു.പി സ്കൂള്‍ പഠന കാലത്ത് സ്കൂളില്‍ വച്ചും കൂട്ടുകാരോടൊത്തും കളിച്ചിരുന്ന ഒരു കളിയാണ് "മേപ്പട്ടേർ...പ്ലീസ്". ഉള്ളം കയ്യില്‍ കൊള്ളുന്ന ഒരു പന്താണ് ഇതിലെ പ്രധാന താരം. കളിക്കാരുടെ എണ്ണത്തില്‍ ഒരു പരിധിയും ഇല്ലാത്തതിനാല്‍ താല്പര്യമുള്ളവരെ മുഴുവന്‍ കളിക്ക് ചേര്‍ക്കാന്‍ സാധിക്കും എന്നതാണ് ഈ കളിയുടെ പ്രത്യേകത എന്ന് ഇന്ന് മനസ്സിലാക്കുന്നു.

         ചെറിയ ഒരു റബ്ബര്‍ പന്ത് അല്ലെങ്കില്‍ കെട്ടിയുണ്ടാക്കിയ പന്ത് ഒരാള്‍ മേല്പോട്ട് എറിയും. എറിയുന്നതിന് മുമ്പ് അയാള്‍ "മേപ്പട്ടേർ" എന്ന് ഉറക്കെ വിളിച്ച് പറയും. ഉടന്‍ ബാക്കിയുള്ളവര്‍ "പ്ലീസ്" എന്ന് ഉത്തരം നല്‍കും. മേലോട്ട് എറിഞ്ഞ പന്ത് പിടിച്ചെടുക്കാന്‍ കയ്യൂക്കുള്ള പലരും ഓടി വരും. പന്ത് കയ്യില്‍ കിട്ടിയവന്‍ തൊട്ടടുത്ത് നില്‍ക്കുന്നവന്റെ നടുപുറം ലക്ഷ്യമാക്കി ഒരേറ് കൊടുക്കും.ഏറ്‌ കിട്ടാതെ ഓടി മാറാന്‍ സാധിച്ചാല്‍ രക്ഷപ്പെട്ടു! അങ്ങനെ ഏറ്‌ കൊണ്ടും കൊടുത്തും കളി മുന്നേറും. എപ്പോഴെങ്കിലും പന്ത് ഗ്രൌണ്ടില്‍ നിന്നും പുറത്ത് പോയാല്‍ വീണ്ടും "മേപ്പട്ടേർ...പ്ലീസ്" തുടങ്ങണം.

         പന്ത് വാങ്ങാന്‍ കാശ് ഇല്ലാതിരുന്നതിനാല്‍ കടലാസും ചാക്ക് നൂലും ഉപയോഗിച്ച് പന്ത് കെട്ടിയുണ്ടാക്കി ആയിരുന്നു ഞങ്ങള്‍ കളിച്ചിരുന്നത്. ഇത്തരം പന്തിന് ഒരു കനം കിട്ടാന്‍ നെല്ലിക്ക വലിപ്പത്തിലുള്ള ഒരു കല്ല് ഏറ്റവും ഉള്ളില്‍ ഇട്ടാണ് പന്ത് കെട്ടാറ്‌. അതുകൊണ്ട് തന്നെ ഏറ് കിട്ടുമ്പോഴും നല്ല വേദനയുണ്ടാകും. എങ്കിലും ആര്‍ക്കും പരാതിയോ പരിഭവമോ ഉണ്ടാകാറില്ല. 

         അരീക്കോട് ജി.എം.യു.പി സ്കൂളില്‍ പഠിക്കുന്ന കാലത്ത്  ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന വേലായുധന്‍ മാഷ് ഒരു ദിവസം കളി നോക്കിനിന്നതും ഞങ്ങള്‍ക്ക് പന്ത് കെട്ടി തന്നതും ‘അബ്ദുള്ളയുടെ പുറത്ത് ഏറ് കിട്ടിയപ്പോള്‍ പഴം ചക്ക വീഴുന്ന ശബ്ദം പോലെ‘ എന്ന് അഭിപ്രായപ്പെട്ടതും ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു (അബ്ദുള്ള ഒരു ജിന്നിനെ കണ്ട കഥ ഇവിടെയുണ്ട് 49).

          ഈ കളിയുടെ മറ്റൊരു രൂപവും ഞങ്ങള്‍ പുറത്തിറക്കിയിരുന്നു. നിരവധി പന്തുകള്‍ ഉപയോഗിച്ചുള്ള ഒരു കളിയായിരുന്നു അത്.എറിഞ്ഞ പന്ത് കിട്ടിയവനില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടക്ക് മറ്റാരുടെയെങ്കിലും കയ്യിലുള്ള പന്ത് കൊണ്ട് ഏറ്‌ കിട്ടുന്ന കളി. പലരും കയ്യില്‍ ഒളിപ്പിച്ച് വച്ച പന്ത് ഈ സമയത്ത് പ്രയോഗിക്കുന്നതിനാല്‍ ഒരാള്‍ക്ക് തന്നെ ഒരേ സമയം നിരവധി ഏറ്‌ കിട്ടും ! ഈ കളി അല്പം ഭീകരമായതിനാല്‍ ഉടന്‍ തന്നെ നിര്‍ത്തി എന്ന് മാത്രമല്ല കളിയിലെ പന്തല്ലാതെ മറ്റേതെങ്കിലും പന്ത് ഉപയോഗിക്കുന്നവനെ പുറത്താക്കുന്ന നിയമവും നിലവില്‍ വന്നു ! 

          ഇന്ന് ഈ കളി ഒരു സ്കൂളിലും ഉള്ളതായി എന്റെ അറിവില്‍ ഇല്ല. എവിടെ എങ്കിലും ഉണ്ടെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യണേ.

Thursday, December 27, 2018

പൊത്താം കല്ല്

ചാലിയാര്‍ ഇന്നത്തെപ്പോലെ ആവുന്നതിന് മുമ്പ് പലതരം കളികളും അതിന്റെ തീരത്തും വെള്ളത്തിലും അരങ്ങേറിയിരുന്നു. മാട് എന്നറിയപ്പെടുന്ന പുഴയുടെ തീരത്തെ മണലില്‍ പന്ത് കളിയും ക്രിക്കറ്റ് കളിയും കബഡിയും അരങ്ങേറിയിരുന്നു. വെള്ളത്തിലാകട്ടെ മുങ്ങാം കുഴിയും തൊട്ട്കളിയും പൊത്താം കല്ലും ആയിരുന്നു കളികള്‍.

പൊത്താം കല്ല് എന്ന കളിയില്‍ കയ്യില്‍ പിടിക്കാവുന്ന ഒരു കല്ല് ഒരാള്‍ പൊക്കി പിടിക്കും. ബാക്കിയുള്ളവര്‍ അയാള്‍ക്ക് ചുറ്റും നില്‍ക്കും. ശേഷം അയാള്‍ ഇങ്ങനെ പറയും.
“പോത്താം കല്ല്
ആരെടുക്കും?”

“ഞാനെടുക്കും” ചുറ്റും നില്‍ക്കുന്നവര്‍ ഒരുമിച്ച് പറയും.

“എങ്ങനെയെടുക്കും?”  കല്ലും കൊണ്ട് നില്‍ക്കുന്നയാള്‍ ചോദിക്കും

“മുങ്ങിയെടുക്കും” എല്ലാവരും ഒരുമിച്ച് പറയും.

അതോടെ അയാള്‍ കല്ല് അല്പം ദൂരേക്ക് പൊത്തോം എന്നെറിയും. അതുകൊണ്ടായിരിക്കും ഇതിന് പൊത്താം കല്ല് എന്ന പേര് വീണത്. ചുറ്റും നില്‍ക്കുന്നവര്‍ മുങ്ങാം കുഴിയിട്ട് ആ കല്ല് തപ്പി എടുക്കും. പലപ്പോഴും എറിഞ്ഞ കല്ലിന് പകരം മറ്റു കല്ലുമായി പലരും വെള്ളത്തില്‍ നിന്ന് പൊങ്ങി വരും!

ചില വിരുതന്മാര്‍ നിലയില്ലാ കയത്തിലേക്ക് കല്ലെറിയും. അത് വാക് തര്‍ക്കത്തിനും എറിഞ്ഞവനെ കളിയില്‍ നിന്ന് പുറത്താക്കാനും വരെ ഇടയാക്കും. കല്ല് മുങ്ങി എടുത്ത് കൊണ്ട് വരുന്നവന്‍ അടുത്ത ഏറുകാരനായി കളി തുടരും.

നല്ല മണലോട് കൂടിയ അടിത്തട്ടുള്ള പുഴകളിലേ ഈ കളി കളിക്കാവൂ. പാറ നിറഞ്ഞിടത്തും ചെളി നിറഞ്ഞിടത്തും കളിച്ചാല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

Thursday, December 06, 2018

അക്കുത്തിക്കുത്താന

             സ്കൂള്‍ കാലഘട്ടത്തിലെ പ്രധാന കളികളില്‍ ഒന്നായിരുന്നു “അക്കുത്തിക്കുത്താന“ കളി. മഴ പെയ്യുന്ന ദിവസങ്ങളില്‍ പുറത്ത് കളിക്കാന്‍ പറ്റാത്തതിനാല്‍ വല്യുമ്മയുടെ മുന്നിലായിരുന്നു പലപ്പോഴും ഈ കളി കളിച്ചിരുന്നത്.ആണും പെണ്ണും എല്ലാം ഒരുമിച്ചായിരുന്നു കളി.  സ്കൂളിലും ഈ കളി ഉണ്ടായിരുന്നെങ്കിലും പെണ്‍‌കുട്ടികള്‍ മാത്രമായിരുന്നു കളിച്ചിരുന്നത്.

         അഞ്ചോ ആറോ കുട്ടികള്‍ വട്ടം കൂടിയിരുന്നാണ് ഈ കളി കളിക്കാറ്‌. വട്ടത്തില്‍ ഇരിക്കുന്ന എല്ലാവരും അവരുടെ കൈപത്തികള്‍ മുന്നിലെ കളത്തില്‍ കമഴ്ത്തി വയ്ക്കും. ശേഷം ഒരാള്‍ ഓരോരുത്തരുടെയും കൈപ്പത്തിക്കു മുകളില്‍ മ്രുദുവായി ഒന്ന് കുത്തും. ഒപ്പം 
"അക്കുത്തിക്കുത്താന വരും
കുത്തക്കരെ നിക്ക്‌ണ വെള്ളാട്ടീന്റെ
കയ്യോ കാലോ രണ്ടാലൊന്ന്
തട്ടീമുട്ടി ഒടിഞ്ഞാട്ടെ....!!" എന്ന് ഉച്ചത്തില്‍ ചൊല്ലും.

         ‘ഒടിഞ്ഞാട്ടെ‘ എന്ന് പറഞ്ഞ് ഏത് കയ്യില്‍ ആണോ അവസാനിക്കുന്നത് ആ കൈ പിന്നെ മലര്‍ത്തി വയ്ക്കണം.അങ്ങനെ ഓരോരോ കൈകളായി മലര്‍ന്ന് തുടങ്ങും. മലര്‍ന്ന കയ്യില്‍ വീണ്ടും ‘ഒടിഞ്ഞാട്ടെ‘ അവസാനിച്ചാല്‍ ആ കൈ കളിയില്‍ നിന്ന് പുറത്താകും.രണ്ട് കയ്യും പുറത്തായാല്‍ അയാള്‍ കളിക്ക് പുറത്തായി. അങ്ങനെ അവസാനം വരെ നില്‍ക്കുന്ന കൈ ആരോ അവന്‍/അവള്‍ വിജയിയാകും. യഥാര്‍ത്ഥത്തില്‍ കുറെ കുത്തുകള്‍ കിട്ടുന്നത് ഈ വിജയിക്കായിരിക്കും എന്നത് ഇപ്പോഴാണ് തിരിച്ചറിഞ്ഞത് !
                                                                     കടപ്പാട്: ഗൂഗിള്‍
      ചൊല്ലുന്ന പാട്ടിലെ ആദ്യത്തെ രണ്ട് വരി എന്താണെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. എന്നാല്‍ അവസാനത്തെ രണ്ട് വരി മനസ്സിലായിരുന്നു.ആ വരികള്‍ ചൊല്ലാന്‍ പാടില്ല എന്ന് മാതാപിതാക്കളുടെ ഒരു വിലക്കും ഈ കളിക്കിടയില്‍ ഉണ്ടായിരുന്നു. ഒരാളുടെ നാശം തേടരുത് എന്നായിരുന്നു അതിന് അന്ന് പറഞ്ഞ കാരണം.

      ഇതേ കളി മറ്റൊരു പാട്ടുമായി ഇന്നത്തെ കുട്ടികള്‍ കളിക്കുന്നത് കണ്ടിട്ടുണ്ട്.

അത്തള പിത്തള തവളാച്ചി
ചുക്കുമ്മിരിക്കണ ചൂളാപ്പ
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മാണീ സാറാ കോട്ട്

ഇതില്‍ മൂന്നാമത്തെ വരിയുടെ അര്‍ത്ഥം മാത്രമേ ഇത്ര പ്രായമായിട്ടും മനസ്സിലാകുന്നുള്ളൂ !! ജനറേഷന്‍ ഗ്യാപ് ആയിരിക്കും അല്ലേ?

      പലതരം കളികളാൽ സമൃദ്ധമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. ഇനിയും പല കളികളും ഓര്‍മ്മയില്‍ വരുന്നു. പറയാം ഓരോന്നായി പിന്നീട്.

Monday, October 29, 2018

കുഴിക്കോട്ടിക്കളി


ഏറുകോട്ടി ഉന്നമുള്ളവര്‍ക്ക് എന്നും കൊയ്ത്താകുമ്പോള്‍ ഞാന്‍ പലപ്പോഴും കാഴ്ചക്കാരന്‍ മാത്രമായി. എന്നാല്‍ കുഴിക്കോട്ടിയിൽ ഞാന്‍ ആരുടെ മുമ്പിലും താഴ്ന്നു കൊടുത്തില്ല. പലപ്പോഴും ആദ്യം ക്യേമം വീട്ടുന്നവരില്‍ ഒരാളായതിനാല്‍ എന്റെ കോട്ടികളും കൈപ്പടവും അടി വാങ്ങിയതേ ഇല്ല.

കുഴിക്കോട്ടി കളിയില്‍ നിശ്ചിത അകലത്തിലുള്ള മൂന്ന് കുഴികള്‍ ഉണ്ടാകും. പെരുവിരല്‍ തുടയില്‍ കുത്തിവച്ച് ചൂണ്ടുവിരലിന്റെ അറ്റത്ത് കോട്ടി പിടിച്ച് ആദ്യത്തെ കുഴിയിലേക്ക് ഓരോരുത്തരായി കോട്ടി ഇടും.ആരുടെയെങ്കിലും കോട്ടി കുഴിയില്‍ വീണാല്‍ അവനാണ് കളിക്കുള്ള ആദ്യ അവസരം.ആ കോട്ടിയെ അടിച്ച് പുറത്താക്കാനായിരിക്കും പിന്നീട് വരുന്നവര്‍ ലക്ഷ്യമിടുക.മൂത്താപ്പയുടെ മകന്‍ ലുഖ്‌മാന്‍ ഇങ്ങനെ തെറുപ്പിക്കാന്‍ അഗ്രഗണ്യനായിരുന്നു എന്ന് മാത്രമല്ല അവന്റെ അടി കൊണ്ട് പലപ്പോഴും കോട്ടി പൊട്ടിത്തെറിക്കുകയും ചെയ്യുമായിരുന്നു.പൊട്ടിയ കോട്ടി പിന്നീട് കളിയില്‍ ഉപയോഗിക്കാന്‍ പറ്റില്ല.

കോട്ടി എല്ലാവരും ഇട്ട ശേഷം ഒന്നാം കുഴിയില്‍ നിന്നുള്ള അതിന്റെ അകലത്തിനനുസരിച്ച് ഊഴം തീരുമാനിക്കും. ഒന്നാം കുഴിയില്‍ പെരുവിരല്‍ വച്ച് ചൂണ്ടുവിരലിന്റെ അറ്റത്ത് കോട്ടി പിടിച്ച് രണ്ടാം കുഴിയിലേക്ക് ഉരുട്ടി വിടണം. അതില്‍ കോട്ടി വീണാല്‍ മൂന്നാം കുഴിയിലേക്ക് ഉരുട്ടി വിടണം. വീണില്ല എങ്കില്‍ രണ്ടാമത്തെ ആള്‍ക്ക് കളി തുടങ്ങാം. അയാള്‍ക്ക് രണ്ടാം കുഴി ലക്ഷ്യമാക്കി കോട്ടി ഉരുട്ടാം.അല്ലെങ്കില്‍ ഒന്നാമന്റെ കോട്ടിയെ അടിച്ചു പറത്താം.

കുഴിക്കോട്ടിക്കളി മൂന്ന് വരെ , അഞ്ച് വരെ, ഏഴ് വരെ, ഒമ്പത് വരെ എന്നിങ്ങനെ പല രൂപത്തിലും കളിക്കാറുണ്ട്. കളി എത്ര വരെയാണെങ്കിലും കുഴി മൂന്നെണ്ണം മാത്രമേ ഉണ്ടാകൂ. മൂന്ന് നിറച്ചാല്‍ എതിര്‍ ദിശയില്‍ കളിച്ച് രണ്ടാം കുഴി നാലും ഒന്നാം കുഴി അഞ്ചും ആകും. അങ്ങനെ ഒമ്പതു വരെ. കളി അഞ്ച് വരെയാണെങ്കില്‍ ആദ്യം അഞ്ച് കുഴിയും പിന്നിടുന്നവന് ക്യേമം ആകും (അവസാനം എന്നര്‍ത്ഥമുള്ള ഖിയാമം എന്ന അറബി പദം ലോപിച്ചുണ്ടായതാണെന്ന് തോന്നുന്നു). അവന്‍ ഇനി ആരുടെയെങ്കിലും കോട്ടിക്ക് അടി കൊള്ളിക്കുന്നതോടെ ഒന്നാമനായി ഫിനിഷ് ചെയ്യും.

കളി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അവസാനം ബാക്കിയാകുന്നവന് രണ്ട് തരം ശിക്ഷകള്‍ ഉണ്ട്. അതിലൊന്ന് ‘കോട്ടിക്കടി’ ആണ്. അതായത് ജയിച്ചവര്‍ മുഴുവന്‍ തോറ്റവന്റെ കോട്ടിക്ക് അടിക്കും.കോട്ടിയുടെ ‘മര്‍മ്മം’ നോക്കി അടിച്ചാല്‍ കോട്ടി മിക്കവാറും പൊട്ടും.ഇങ്ങനെ കോട്ടി അടിച്ചു പൊട്ടിക്കുന്നതില്‍ ഞാന്‍ എന്നും മുമ്പില്‍ നിന്നിരുന്നു. രണ്ടാമത്തെ ശിക്ഷ അല്പം കടുത്തതാണ്. തോറ്റവന്‍ ഏതെങ്കിലും ഒരു കുഴിയുടെ പിന്‍ഭാഗത്ത് കൈപടം മടക്കി വയ്ക്കണം. തൊട്ടടുത്ത കുഴിയില്‍ നിന്നും ജയിച്ചവര്‍ കൈപ്പടം ലക്ഷ്യമാക്കി കോട്ടി അടിക്കും.’ഠേ...ഠേ’ എന്ന് കൈപ്പടത്തില്‍ അടി വീഴുമ്പോള്‍ കൈ വലിച്ചാല്‍ ശിക്ഷ കൂടും.അടി വേറെ എവിടെയെങ്കിലും കൊള്ളുകയോ അടിച്ച കോട്ടി കുഴിയില്‍ വീഴുകയോ ചെയ്താല്‍ ശിക്ഷ തിരിച്ചും നല്‍കാം.

കളിയില്‍ തോറ്റവന് കിട്ടുന്ന അടിയുടെ എണ്ണത്തിനും വ്യത്യാസമുണ്ട്. അഞ്ച് വരെയുള്ള കളിയില്‍ ആദ്യത്തെയാള്‍ കളി പൂര്‍ത്തിയാക്കുന്ന സമയത്ത്, തോറ്റവന്‍ രണ്ടാം കുഴി പോലും പിന്നിട്ടിട്ടില്ല എങ്കില്‍ മൂന്നടി വാങ്ങേണ്ടി വരും.അതായത് ‘കോട്ടിക്കടി’ ആണെങ്കില്‍ ആ കോട്ടിയുടെ കഥ കഴിയും.’കൈക്കടി’ ആണെങ്കില്‍ കയ്യിന്റെ കാര്യം സോഹ.ബന്ധുവിന്റെ വീട്ടില്‍ വിരുന്ന് വന്ന് കുഴിക്കോട്ടി കളിയില്‍ തോറ്റ് എന്നില്‍ നിന്ന് കൈക്ക് നിരവധി അടി വാങ്ങിയ, ഇപ്പോള്‍ അരീക്കോട് സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന സുനില്‍ ഇന്ന് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്.കുഴിക്കോട്ടിയിലൂടെ സ്ഥാപിച്ച സൌഹൃദം എന്ന നിലക്ക് ഞങ്ങള്‍ രണ്ട് പേരും എന്നും അതോര്‍ക്കുന്നു.

കുഴിക്കോട്ടിയില്‍ പലതരം പദങ്ങളും ഉപയോഗിക്കാറുണ്ട്. കളിക്കുന്നവരുടെ കോട്ടി കുഴിയുടെ പരിസരങ്ങളില്‍ തന്നെയാണെങ്കില്‍ മണ്ണില്‍ പെരുവിരല്‍ കുത്തി കുഴിയിലേക്ക് കോട്ടി ഉരുട്ടാം. ആരെങ്കിലും അടിച്ച് തെറുപ്പിച്ചെങ്കില്‍ കോട്ടി എടുത്ത് വന്ന് ഒരു ‘ലഹ’ ചോദിക്കാം. തുടയില്‍ പെരുവിരല്‍ വച്ച് കോട്ടി കുഴിയിലേക്ക് ഇടുന്നതിനെയോ മറ്റുള്ളവരുടെ കോട്ടി അടിച്ചു തെറിപ്പിക്കുന്നതിനെയോ ആണ് ‘ലഹ’ എന്ന് പറയുന്നത്.

മറ്റു ചിലര്‍ ‘കമ്പം’ ആണ് ആവശ്യപ്പെടുക. മറ്റുള്ളവരുടെ കോട്ടി എറിഞ്ഞ് തെറുപ്പിക്കാനുള്ള അവസരം ചോദിക്കുന്നതിനാണ് കമ്പം എന്ന് പറയുക. ഇതെല്ലാം അനുവദിക്കാനും അനുവദിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്.

ക്യേമം ആയവന്‍ കളി മുഴുവനാക്കാന്‍ ഏതെങ്കിലും ഒരു കോട്ടിയെ അല്പം ദൂരത്തേക്ക് അടിച്ചിടും. ആ സമയത്ത് പറയുന്നതാണ് ‘ഒരു ചാണ്‍ വിട്ടു പോയില്ലെങ്കില്‍ ചെന്നി മനീസ്’ എന്ന്. അതായത് ചുരുങ്ങിയത് ഒരു ചാണ്‍ ദൂ‍രെക്ക് പോയില്ലെങ്കില്‍ അവന്റെ കളി അവസരം നഷ്ടപ്പെടും. ഇതില്‍ ‘ചെന്നി മനീസ്’ എന്താണെന്ന് ഇന്നും ഒരു പിടുത്തവും ഇല്ല.

ഇന്നത്തെ കുട്ടികള്‍ക്ക് ഈ കളി പറഞ്ഞു കൊടുത്താല്‍ ഒന്നും തന്നെ മനസ്സിലാകില്ല. കൈവിരല്‍ മണ്ണില്‍ കുത്തിയുള്ള കളി എത്ര രക്ഷിതാക്കള്‍ പ്രോത്സാഹിപ്പിക്കും എന്നും നിശ്ചയമില്ല. എങ്കിലും എന്റെ മക്കള്‍ക്ക് ഞാന്‍ ഈ കളികള്‍ പഠിപ്പിക്കാന്‍ തന്നെ ഉദ്ദേശിക്കുന്നു - എന്റെ ബാല്യം അവരുടെ കളി കാണുന്നതിലൂടെയെങ്കിലും തിരിച്ച് പിടിക്കാന്‍.

Wednesday, October 24, 2018

ഏറ് കോട്ടി , ചുമര്‍ കോട്ടി, മൂലക്കുഴിക്കോട്ടി

               കോട്ടി കളിയില്‍ ഏറ് കോട്ടി , ചുമര്‍ കോട്ടി, മൂലക്കുഴിക്കോട്ടി എന്നിങ്ങനെ ലാഭം കൊയ്യുന്ന മൂന്ന് തരം കളികളുണ്ട്. ലാഭക്കളി അനുവദനീയമല്ലാത്തതിനാല്‍ ഞങ്ങള്‍ ഈ കളികള്‍  ‘വെറുതെ’ ആയിരുന്നു കളിച്ചിരുന്നത്. എന്ന് വച്ചാല്‍ കളിക്കുമ്പോള്‍ ലാഭം ഉണ്ടാകുമെങ്കിലും കളി കഴിഞ്ഞാല്‍ ലഭിച്ച ലാഭം യഥാര്‍ത്ഥ ഉടമകള്‍ക്ക് തന്നെ തിരിച്ച് നല്‍കണം.

             ഏറ് കോട്ടിക്കളി എത്ര പേര്‍ക്ക് വേണമെങ്കിലും കളിക്കാം.ഒരു വര വരച്ച് അതില്‍ നിന്നും ഏതാനും അടി പുറകില്‍ നിന്ന് ഓരോരുത്തരായി കോട്ടി ഇടും. വരയുടെ ഏറ്റവും അടുത്ത് ആരുടെ കോട്ടിയാണോ വരുന്നത് അവനായിരിക്കും കളിയിലെ ആദ്യ ഊഴം. വര കടന്ന് പോകുന്നവന് അവസാന ഊഴവും. കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും എത്ര കോട്ടി വീതം വയ്ക്കണം എന്ന് തീരുമാനിക്കും. ഈ രണ്ട് , മുമ്മൂന്ന് , നന്നാല്, അയ്യഞ്ച് എന്നിങ്ങനെയാണ് സാധാരണ കളി. അതായത് നന്നാല് ആണ് കളി എങ്കില്‍ 3 പേര്‍ കളിക്കുമ്പോള്‍ 3 x 4 = 12 കോട്ടികള്‍ കളത്തിലിടും.
ചിത്രം ഫേസ്ബുക്കില്‍ നിന്ന്
                ഈ 12 കോട്ടികളും കൈ പിടിയില്‍ ഒതുക്കി വരയുടെ ഒരു ഭാഗത്തിരുന്ന് മറുഭാഗത്തേക്കിടണം.എല്ലാ കോട്ടികളും വരയില്‍ നിന്ന് രണ്ട് കാലടി ദൂരത്തിലായിരിക്കണം വീഴേണ്ടത്.ഏതെങ്കിലും കോട്ടി രണ്ടടിയിലും കുറവാണെങ്കില്‍ കളിയവസരം നഷ്ടപ്പെടും.കോട്ടികള്‍ കളത്തിലിട്ടാല്‍ മറ്റ് കളിക്കാര്‍ പറയുന്ന നിശ്ചിത കോട്ടിയെ എറിഞ്ഞ് തെറിപ്പിക്കണം.എറിയുന്ന കോട്ടിയും തെറിക്കുന്ന കോട്ടിയും മറ്റൊരു കോട്ടിയിലും തട്ടാന്‍ പാടില്ല. മാത്രമല്ല, ഇരു കോട്ടികളും മറ്റെല്ലാ കോട്ടിയില്‍ നിന്നും രണ്ട് കാലടി അകലം പാലിക്കുകയും വേണം. ഈ രണ്ട് നിബന്ധനകളും പാലിച്ചു കൊണ്ട് കോട്ടി എറിഞ്ഞ് തെറിപ്പിച്ചാല്‍ കളത്തിലെ മുഴുവന്‍ കോട്ടികളും എറിഞ്ഞയാള്‍ക്ക് കിട്ടും.ഏറ് കൊള്ളാതെ പോയാലും ഏറ് കൊണ്ടിട്ടും മേല്‍ നിബന്ധനകള്‍ പാലിക്കാതെ പോയാലും അടുത്തയാള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കും.

                 കളത്തില്‍ കിടക്കുന്ന കോട്ടികളില്‍ അടുത്തടുത്ത് കിടക്കുന്നതോ ഏറ്റവും താഴെ കിടക്കുന്നതോ ആയ കോട്ടികളെയാണ് പലപ്പോഴും ഉന്നമായി നിശ്ചയിക്കാറ്‌.കാരണം , അടുത്തടുത്താണെങ്കില്‍ മറ്റു കോട്ടികളില്‍ തട്ടാതെ എറിഞ്ഞ് തെറിപ്പിക്കാന്‍ പ്രയാസമാണ്. ഏറ്റവും താഴെ കിടക്കുന്ന കോട്ടിയെയും മറ്റു കോട്ടികള്‍ക്കിടയിലൂടെ എറിഞ്ഞ് തെറിപ്പിക്കാന്‍ പ്രയാസമാണ്.കോട്ടികള്‍ എല്ലാം സ്വതന്ത്രമായാണ് കിടക്കുന്നതെങ്കില്‍ ഏറ്റവും അകലെയുള്ള കോട്ടി ഉന്നമായി നിശ്ചയിക്കും.അത്തരം അവസരത്തില്‍ എറിയുന്നവന് ഉന്നമുണ്ടെങ്കില്‍ കളി ഈസിയായി ജയിക്കാം.എന്റെ അമ്മാവന്റെ മകന്‍ ബാബു അത്തരം ഒരു ‘ഉന്ന’തനായിരുന്നു. പ്രായത്തില്‍ എന്നെക്കാളും മൂന്ന്-നാല് വയസ്സ് കുറഞ്ഞ, അയല്‍‌വാസിയായ ബിനീഷും ഏറ് കോട്ടിയില്‍ വിദഗ്ദനായിരുന്നു.

                 ചുമര്‍ കോട്ടിക്കളിയില്‍ കോട്ടികള്‍ ചുമരിലേക്ക് എറിയും. കളത്തിലെ മറ്റ് കോട്ടികളുടെ ഒരു ചാണ്‍  അല്ലെങ്കില്‍ അതിലും അടുത്ത് എത്തിയാല്‍ എറിഞ്ഞവന് ആ കോട്ടി സ്വന്തമാക്കാം. ചുമരില്‍ തട്ടി തെറിക്കുന്ന കോട്ടി കളത്തിലെ ഏതെങ്കിലും കോട്ടിയില്‍ തട്ടിയാലും അതെടുക്കാം. ചുമരില്‍ എറിയുന്ന കോട്ടി ഒരു നിശ്ചിത പരിധിക്കപ്പുറം പോയാല്‍ പിഴയായി കളത്തിലെ ഒരു നിശ്ചിത സ്ഥലത്ത് വയ്ക്കണം. മൂത്താപ്പയുടെ മതിലിലെ ഒരു കരിങ്കല്ലും സമീപ സ്ഥലവുമായിരുന്നു ഞങ്ങളുടെ ചുമര്‍ കോട്ടി കളിസ്ഥലം. ഫസ്റ്റ് ഫ്രീ , സെക്കന്റ് ഫ്രീ, ലാസ്റ്റ്

               മൂലക്കുഴിക്കോട്ടിയിൽ ചുമരിന് അരികിലോ മതിലിനരികിലോ ആയി ഒരു ചെറിയ കുഴി ഉണ്ടാക്കും. കളിക്കാരൻ എല്ലാ കോട്ടികളും കൂടി ആ കുഴിയിലേക്ക് ഉരുട്ടി ഇടും. കുഴിയിൽ വീഴാത്ത കോട്ടികളിൽ ഒന്ന് ഉന്നമായി നിശ്ചയിക്കും. അതിനെ എറിഞ്ഞ് തെറുപ്പിച്ചാൽ മുഴുവൻ കോട്ടികളും എടുക്കാം. ഉന്നത്തിന് ഏറ് കൊണ്ടില്ല എങ്കിൽ കുഴിയിൽ വീണ കോട്ടികൾ മാത്രം എടുക്കാം (കശുവണ്ടി കൊണ്ടും ഇത് കളിക്കാറുണ്ട് ).

              ഞാൻ ആവേശത്തോടെ കൊണ്ട് നടന്നിരുന്നത് കുഴിക്കോട്ടിക്കളിയായിരുന്നു. അതിനെപ്പറ്റി അടുത്ത പോസ്റ്റിൽ ....

Tuesday, October 16, 2018

കോട്ടികളി എന്ന ഗോലികളി

            കുട്ടിക്കാല ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ഒരു പ്രധാന കളിയാണ് കോട്ടികളി എന്ന ഗോലികളി. അന്നത്തെ പെട്ടിക്കടകളിലും സ്റ്റേഷനറി കടകളിലും എല്ലാം മിഠായിക്കുപ്പികൾക്കിടയിൽ ഗോട്ടി എന്ന സ്ഫടിക ഗോളങ്ങളുടെ കുപ്പിയും ഉണ്ടായിരുന്നു. ഒരു രൂപക്ക് ഇരുപതോളം ഗോലികൾ കിട്ടുമായിരുന്നു. എന്റെ നാട്ടിലെ കടകളിൽ ഗോലി എന്ന് പറഞ്ഞാൽ കടക്കാരൻ വേറെ എന്തെങ്കിലുമായിരിക്കും തരിക.കോട്ടി എന്ന് പറഞ്ഞാൽ ഉദ്ദേശിച്ച സാധനം തന്നെ കിട്ടും.എന്റെ പ്രിയ പിതാവ് ഞങ്ങള്‍ക്കായി വാങ്ങിത്തന്ന, മടിയനായ കുട്ടന്‍ പന്നിയുടെ കഥ പറയുന്ന “കുട്ടന്റെ ഗോട്ടി കളി” എന്ന വലിയ അക്ഷരങ്ങളിലുള്ള പുസ്തകവും ഓര്‍മ്മയിലേക്ക് ഓടിക്കയറുന്നു.

            കോട്ടികളിൽ തന്നെ ഉന്നത ജാതിയും സാധാരണ ജാതിയും ഉണ്ടായിരുന്നു. പിയേഴ്സ് സോപ്പ് കടും നിറമായാൽ എങ്ങനെയിരിക്കുമോ അതു പോലുള്ള കോട്ടിയെ ചക്കരക്കോട്ടി എന്ന് വിളിക്കും. ഉള്ളിലൂടെ അപ്പുറത്തേക്ക് കാണാത്തതിനാൽ അവന് ഉറപ്പ് കൂടിയിരിക്കും എന്ന കളിക്കാരന്റെ വിശ്വാസം ചക്കരക്കോട്ടിയെ ഉയർന്ന ജാതിയിലാക്കി. ശര്‍ക്കരയുടെ നിറമുള്ളത്  കാരണമായിരിക്കാം ആ പേര് .

           സോഡാ കുപ്പിക്കകത്ത് കാണുന്ന നീല നിറത്തിലുള്ള കോട്ടി എല്ലാ കുട്ടികളുടെയും സ്വപ്നമായിരുന്നു.അതിന് കാരണം രണ്ടാണ്. ഒന്ന് ചക്കരക്കോട്ടിയെപ്പോലെ ഉറപ്പ് കൂടും എന്ന വിശ്വാസം. രണ്ട് കുപ്പിക്കുള്ളിൽ കുടുങ്ങിയ അവനെ കടയിൽ കിട്ടാത്തതിനാൽ, അത് കയ്യിലുള്ളവൻ സോഡകുടിച്ചവനും കുപ്പി അടിച്ചു മാറ്റിയവനും ആണെന്ന തെറ്റിദ്ധാരണ.കാശ് കൊടുത്ത് സോഡ വാങ്ങിക്കുടിച്ചാലും കുപ്പി തിരികെ കൊടുക്കണമായിരുന്നു. അക്കാലത്ത് അരീക്കോട് ക്യാമ്പ് റോഡിൽ സലീം ക്ലിനിക്കിന് പിന്നിലായിട്ടായിരുന്നു ഒരു സോഡാക്കമ്പനി ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഹോമിയോ ഡോക്ടറെ കാണാൻ പോകുമ്പോഴെല്ലാം സൈഡിലെ അഴുക്കു ചാലിലും കണ്ണ്‌ പതിഞ്ഞിരുന്നു -  ആ കമ്പനിയിൽ നിന്നും വീണു പോയ സോഡാക്കോട്ടി വല്ലതും ചാലില്‍  ഉണ്ടോ എന്നുള്ള നോട്ടം !

           സാധാരണ കോട്ടികളിൽ മുന്തിയ ജാതിക്കാരനായിരുന്നു ‘മൽഗോവ’. കോട്ടിക്കകത്ത് ഒരു പ്രത്യേകതരം ഡിസൈൻ ഉണ്ട്. അത് ചുവപ്പ് നിറത്തിലാണെങ്കിൽ (ചിത്രത്തില്‍ രണ്ടാമത്തേത്) അതിനെയാണ് മൽഗോവ എന്ന് വിളിച്ചിരുന്നത്. ആ ഡിസൈൻ എടുക്കാൻ വേണ്ടി നിരവധി മൽഗോവ കോട്ടികൾ പൊട്ടിച്ചിട്ടും ഉണ്ട് ! ഉള്ളിൽ നിറയെ കുത്തുകളുള്ള കോട്ടികളെ "പളുങ്ക് " എന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് അതിന്റെ അർത്ഥമൊന്നും അറിയില്ലായിരുന്നു.
ചിത്രം വിക്കിപീഡിയയില്‍ നിന്ന്
          ഏറ് കോട്ടിക്കളിയിൽ ഏറ് കോട്ടിയായി ചക്കരക്കോട്ടിയും സോഡാ കോട്ടിയും ആണ് ഉപയോഗിച്ചിരുന്നത്.ഇടക്കെപ്പോഴോ അല്പം വലിപ്പം കുടിയ കോട്ടിയും പിന്നെ 'ബഡാ' കോട്ടിയും വന്നു. ബഡാ കോട്ടി കൊണ്ട് ഏറ് കിട്ടുന്ന കോട്ടികൾ മിക്കവയും കാലപുരി പൂകാൻ തുടങ്ങിയതോടെ അവ കളിയിൽ നിന്ന് അപ്രത്യക്ഷമായി.

          ഉൾഭാഗം കലങ്ങിയ കോട്ടികളും ഉണ്ടാകാറുണ്ട്. നിർമ്മാണത്തിൽ എന്തോ പിശക് സംഭവിക്കുന്നതാണത് എന്നാണ് ഇന്ന് എനിക്ക് തോന്നുന്നത്. കാരണം അത്തരം കോട്ടികൾ പെട്ടെന്ന് പൊട്ടിപ്പോകുമായിരുന്നു. വാങ്ങുമ്പോൾ ശ്രദ്ധയിൽപ്പെട്ടാൽ അവ അപ്പോൾ തന്നെ മാറ്റിവാങ്ങാറും ഉണ്ടായിരുന്നു.കുഴിക്കോട്ടി കളിക്കുമ്പോൾ തോറ്റവന്റെ കോട്ടി അടിച്ചു പൊട്ടിക്കുന്ന ശിക്ഷയിൽ കലങ്ങിയ ഭാഗം നോക്കി അടിച്ചാൽ കോട്ടി വേഗം പൊട്ടും എന്നത് ഈ വിശ്വാസത്തെ ബലപ്പെടുത്തിയിരുന്നു. ഇന്ന് കോട്ടികള്‍ തന്നെ അപൂർവ്വമാണ്.

        പ്രധാനമായും രണ്ട് തരം കോട്ടി കളികളാണ് ഞങ്ങള്‍ കളിച്ചിരുന്നത്. "കുഴിക്കോട്ടി"യും “ഏറു കോട്ടിയും“ . അവയെപ്പറ്റി അടുത്ത പോസ്റ്റില്‍ പറയാം.

Wednesday, June 27, 2018

ടോയ് കളി

              കുട്ടിക്കാലത്ത് ഞങ്ങൾ സ്ഥിരം കളിച്ചിരുന്ന നാടൻ കളികളിൽ ഒന്നാണ് “ടോയ്”. നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങിയിരുന്നെങ്കിലും,  ഏഴാം ക്ലാസ്സിൽ എത്തിയപ്പോഴാണ് ‘ടോയ്’ ഒരു ഇംഗ്ലീഷ് പദമാണെന്ന വിവരം ഉണ്ടായത്.പക്ഷേ ആ ടോയും ഞങ്ങളുടെ ടോയും തമ്മിൽ ആലുവ മണൽപ്പുറത്ത് കണ്ട പരിചയം പോലും ഉണ്ടായിരുന്നില്ല.

               കുറെ അധികം പേർ കളിക്കാനുണ്ടാകുമ്പോഴാണ് ‘ടോയ്’ കളിക്കുന്നത്. ഒരു നിശ്ചിത സ്ഥാനത്ത് (ഇതിനെ കുറ്റി എന്ന് പറയും) നിന്ന് ഒരാൾ കണ്ണുപൊത്തി 50 വരെയോ 100 വരെയോ എണ്ണും. ബാക്കിയുള്ളവർ എല്ലാം ഇതിനിടക്ക് വിവിധ സ്ഥലങ്ങളിൽ ഒളിച്ചിരിക്കും. എണ്ണിക്കഴിഞ്ഞാൽ ‘ആയോ’ എന്നൊരു ചോദ്യം ചോദിക്കണം. അതായത് എല്ലാവരും ഒളിച്ചു കഴിഞ്ഞോ എന്നും തിരയാൻ വരാനായോ എന്നുമാണ് ചോദിക്കുന്നത്.’ആയില്ല’ എന്നാണ് ഉത്തരം കിട്ടുന്നതെങ്കിൽ അവിടെ തന്നെ നിൽക്കണം.

              ‘ആയി’ എന്ന് ഉത്തരം കിട്ടിയാൽ എണ്ണുന്നയാൾ കുറ്റി വിട്ട് പോയി ഒളിച്ചിരിക്കുന്നവരെ കണ്ട് പിടിക്കണം. അതിനിടയിൽ  ഒളിച്ചിരിക്കുന്നവർ മെല്ലെ സ്ഥാനം മാറി പാത്തും പതുങ്ങിയും കുറ്റിയിലേക്ക് ഓടി വന്ന് ‘ടോയ്’ എന്ന് ഉറക്കെ പറയണം. അവർ കുറ്റിയിൽ എത്തുന്നതിന് മുമ്പെ അവരെ തൊടുക എന്നതാണ് എണ്ണുന്നവന്റെ കടമ.

             ഈ കളിക്ക് പിന്നീട് പല വകഭേദങ്ങളും ഉണ്ടായി.  ഒളിച്ചിരിക്കുന്നവനെ കണ്ടാൽ പേര് വിളിച്ചു പറയുന്ന ഒരു വകഭേദം ഉണ്ടായി.അതു വ്യാപകമായി കള്ളക്കളിക്ക് കാരണമായി.കാരണം പേര് എല്ലാവരുടേതും അറിയുന്നതിനാൽ കണ്ടാലും ഇല്ലെങ്കിലും വിളിച്ചുപറയാൻ സൌകര്യമായിരുന്നു. അതോടെ ആ കളി നിർത്തി.

             വെട്ടിച്ച് ഓടാനും വേഗത്തിൽ ഓടാനും കഴിയുന്നവർ പലപ്പോഴും ഒളിക്കുകയില്ല. അവർ തുറസായ സ്ഥലത്ത് തന്നെ നിൽക്കും. എണ്ണുന്നവൻ തൊടാനായി ഓടി വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചോടി കുറ്റിയിൽ ചെന്ന് തൊട്ട് ‘ടൊയ്’ വിളിക്കും.അമ്മാവന്റെ മകൻ ബാബു വെട്ടിച്ചോടുന്നതിൽ വിദഗ്ദനായിരുന്നു. ഇതിനൊന്നും സാധിക്കാത്ത എന്നെപ്പോലെയുള്ളവർ അമ്മാവന്റെ വീട്ടിലെ കുളിമുറിക്കകത്തും വല്ല്യുമ്മയുടെ കോഴിക്കൂടിന് പിന്നിലും മൂത്തുമ്മയുടെ പുളിമരത്തിന്റെ മറവിലും ഒക്കെ ഒളിച്ച് നിന്ന് കെണിയിൽ പെടും. എണ്ണുന്നവൻ ആദ്യം തൊടുന്നയാൾ, പിന്നെ അടുത്ത കളിയിൽ എണ്ണണം.ഒളിച്ചിരിക്കുന്ന എല്ലാവരെയും കണ്ടെത്താൻ ശ്രമിക്കാം അല്ലെങ്കിൽ ‘ഒയ്ച്ചു’ (ഒഴിവാക്കി എന്നതിന്റെ മലപ്പുറം വേർഷൻ) എന്ന് പറഞ്ഞ് കളി അവസാനിപ്പിക്കാം.

             ഈ കളിയുടെ ഇന്നത്തെ രൂപമാണ് “സാറ്റ്’. ഇതിൽ എണ്ണുന്നവൻ മറ്റുള്ളവരെ  കണ്ടാൽ കുറ്റിയിലേക്ക് ഓടി വന്ന് പേര് പറഞ്ഞ് ‘സാറ്റ്’ വിളിക്കും. ഒളിച്ചിരിക്കുന്നവർ കുറ്റിയിലേക്ക് ഓടി വന്ന്  അതിനും മുമ്പെ ‘സാറ്റ്’ വിളിക്കണം.

            എണ്ണാനുള്ള ആളെ തെരഞ്ഞെടുക്കുന്നതും വളരെ രസകരമായാണ്. ഒരാൾ തന്റെ പത്ത് കൈവിരലിൽ ഏതെങ്കിലും ഒന്ന് മടക്കി ‘ടിക്’ എന്ന് പൊട്ടിക്കും.ശേഷം എല്ലാവർക്കും മുമ്പിലേക്ക് വിരലുകള്‍ നീട്ടും.പൊട്ടിയ വിരൽ പിടിച്ചവൻ കളിയില്‍ എണ്ണണം. അവിടെയും ചില ‘നീക്കുപോക്കുകളിലൂടെ’ വേണ്ടപ്പെട്ടവനെ രക്ഷിക്കാം. അത് തെളിഞ്ഞാൽ വിരൽ വീണ്ടും പൊട്ടിക്കാൻ പറയും.ഒരിക്കൽ പൊട്ടിയ വിരൽ പിന്നീട് കുറെ നേരത്തേക്ക് പൊട്ടില്ല.അതിനാൽ കള്ളക്കളി അപ്പോൾ തന്നെ പുറത്താകും.

             പറമ്പിലൂടെയും ചെളിയിലൂടെയും മണ്ണിലൂടെയും വെള്ളത്തിലൂടെയും എല്ലാം ഓടിക്കളിക്കുന്നതിനാൽ ഞങ്ങളുടെ ആരോഗ്യത്തിനും ഈ കളികൾ നല്ല സംഭാവന നൽകിയിട്ടുണ്ട്. ഇന്നും എന്റെയും അയല്പക്കത്തെയും കുട്ടികൾ സംഘടിച്ച് വൈകുന്നേരങ്ങളിൽ ‘സാറ്റ്’ കളിക്കാറുണ്ട്. അത് നോക്കി നിന്ന് ഞാൻ ഞങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാറുമുണ്ട്.

Saturday, June 10, 2017

നടുവടി

             എന്റെ കുട്ടിക്കാലത്ത് നടുവടി എന്ന ഈ കളി ഏറെ വാശിയേറിയ ഒന്നായിരുന്നു. അന്ന് ഇതിന്റെ പേര് മറ്റെന്തോ ആയിരുന്നു. കളിസ്ഥലത്തിന്റെ മധ്യത്തിലായി ഒരു വടി വയ്ക്കുന്നതിനാലാവും ന്യൂ ജെന്‍ ഈ കളിക്ക് ഈ പേരിട്ടത്.
                 കുട്ടികള്‍ രണ്ട് ടീമായി ഇരു ഭാഗത്തും നിലയുറപ്പിക്കുന്നു. ഓരോ ടീമിലെയും അംഗങ്ങള്‍ക്ക് ഒന്ന്, രണ്ട്,മൂന്ന് .....എന്നിങ്ങനെ നമ്പറുകള്‍ തീരുമാനിക്കുന്നു.എതിര്‍ടീമിലെ നമ്പര്‍ വണ്‍ അല്ലെങ്കില്‍ റ്റു ആരാണെന്ന് നമ്പര്‍ വിളിക്കുന്നത് വരെ മറ്റേ ടീമിന് അറിയാന്‍ സാധിക്കില്ല. നമ്പര്‍ വിളിക്കാന്‍ ഒരു റഫറിയെയും നിര്‍ത്തുന്നു.
                 റഫറി മൂന്ന് എന്നാണ് വിളിക്കുന്നതെങ്കില്‍ ഇരു ടീമിലെയും മൂന്നാം നമ്പറുകാര്‍ ഓടി വടിയുടെ അടുത്തെത്തും. വടി റാഞ്ചി സ്വന്തം ടീമിലേക്ക് തന്നെ തിരിച്ചെത്തിയാല്‍ ഒരു പോയിന്റ്. ഈ ശ്രമത്തിനിടക്ക് മറ്റേ ആള്‍ തൊട്ടാല്‍ ഇരു ടീമിനും പോയിന്റില്ല. വീണ്ടും അടുത്ത ആളെ വിളിക്കും.
 
                     മധ്യഭാഗത്ത് ഒരു മണ്‍കൂന കൂട്ടി അതില്‍ വടി കുത്തി വച്ചായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത് ഈ കളി. മാത്രമല്ല വടി റാഞ്ചുന്നതിന് മുമ്പ് അതില്‍ തൊട്ടാല്‍ എതിര്‍ടീം അംഗം അവനെ തൊട്ട് പുറത്താക്കും. അങ്ങനെ മുഴുവന്‍ പേരെയും പുറത്താക്കണം.അന്ന് ഒരു ടീമില്‍ തന്നെ ഏഴോ എട്ടോ പേരുണ്ടാകും.
                   ന്യൂ ജെന്‍ കളിയില്‍ വടി നിലത്ത് കിടക്കുകയാണ്. അതിനാല്‍ തന്നെ റാഞ്ചാന്‍ പ്രയാസമാണ്. വടിയില്‍ തൊട്ടാലും പ്രശ്നമില്ലാതാകുന്നത് ഈ കാരണത്താല്‍ തന്നെയാകും. മാത്രമല്ല വടി റാഞ്ചിയ ശേഷം എതിര്‍ ടീം തൊട്ടാലും ടീമില്‍ തുടരുന്നതിനാല്‍ കളിക്ക് വാശി ഇല്ലാതാകുന്നു -  വെറുതെ റാഞ്ചി തൊടാന്‍ നിന്നു കൊടുക്കുന്ന പോലെ.
                  ഞാന്‍ നേതൃത്വം നല്‍കിയ മൂന്നാമത്തെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പില്‍ ഒരു ടൈം പാസ് ഐറ്റമായി ഈ കളി ഏര്‍പ്പെടുത്തിയിരുന്നു. അന്ന് വളരെ ആവേശത്തോടെ കോളേജ് കുമാരീ-കുമാരന്മാര്‍ കളിച്ച് സ്വന്തം കുട്ടിക്കാലത്തേക്ക് അല്പ നേരം തിരിച്ചു പോയി.
                   അന്യം നിന്നു പോകുന്ന ഇത്തരം ഗ്രാമീണ കളികള്‍ നമ്മുടെ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കിയാലേ അവ നിലനില്‍ക്കുകയുള്ളൂ. കുട്ടികളില്‍ മത്സരബുദ്ധി വളര്‍ത്താനും അവസരം ഉപയോഗിക്കുന്നത് പരിശീലിപ്പിക്കാനും സര്‍വ്വോപരി ആരോഗ്യം പരിപോഷിപ്പിക്കാനും ഉത്തമമായ ഒരു കളിയാണ് നടുവടി.

Friday, June 02, 2017

ചട്ടിപ്പന്ത്

              ചട്ടിപ്പന്ത് എന്ന് പേരുള്ള ഒരു കളിയായിരുന്നു ഈ വേനലവധിയില്‍ കൂടുതലും എന്റെ മുറ്റത്ത്   അരങ്ങേറിയത്. ഗെയിം എന്നായിരുന്നു ഞങ്ങള്‍ കളിക്കുന്ന കാലത്ത് ഈ കളിയുടെ പേര്. കുട്ടികള്‍ രണ്ട് ടീമുകളായി തിരിഞ്ഞാണ് കളിക്കുന്നത്. മൊത്തം കളിക്കാരുടെ എണ്ണത്തിനനുസരിച്ച് ഒരു ടീമില്‍ നാലൊ അഞ്ചൊ പേരുണ്ടാവും.
              പൊട്ടിയ ചട്ടിയുടെയോ ഓടിന്റെയോ ടൈത്സിന്റെയോ 15 മുതല്‍ 20 വരെ എണ്ണം കഷ്ണങ്ങള്‍ അടുക്കി അടുക്കിവച്ച് ഒരു ഗോപുരം പോലെ വയ്ക്കും. ഒരു ടീം ഈ ഗോപുരത്തിന്റെ  പിന്നില്‍ നില്‍ക്കും.മറ്റേ ടീം ഒരു നിശ്ചിത അകലത്തില്‍ എതിര്‍ ഭാഗത്തും. ഈ ടീം ഗോപുരം എറിഞ്ഞ് ഉടക്കണം. ടീം അംഗങ്ങള്‍ക്ക് മൂന്ന് വീതം ഏറ് ഉണ്ട്. എല്ലാവരും എറിഞ്ഞിട്ടും ഉന്നത്തില്‍ കൊണ്ടില്ലെങ്കില്‍ എതിര്‍ ടീം എറിയാന്‍ തുടങ്ങും.ഒരു തരത്തില്‍ പറഞ്ഞാല്‍ ക്രിക്കറ്റിന്റെ ഗ്രാമീണ പ്രാകൃത രൂപം.

           ഗോപുരം ഉടഞ്ഞാല്‍ ആ ടീം അത് പുനര്‍നിര്‍മ്മിക്കണം. എതിര്‍ ടീം പന്തു കൊണ്ട് എറിഞ്ഞ് അവരെ പുറത്താക്കാന്‍ ശ്രമിക്കും. ഒരു ഏറും ദേഹത്തില്‍ കൊള്ളാതെ ഗോപുരം പുനര്‍ നിര്‍മ്മിച്ച് ‘ഗെയിം’ എന്ന് വിളിച്ചാല്‍ ഒരു പോയിന്റ് ആയി.
               ഞങ്ങള്‍ കളിക്കുന്ന കാലത്ത് എറിയാനുള്ള പന്ത് കടലാസും ചാക്കുനൂലും ഉപയോഗിച്ച് ഞങ്ങള്‍ തന്നെ ഉണ്ടാക്കാറായിരുന്നു പതിവ്. ഇന്ന് അത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നു. ഗോപുരം ഉണ്ടാക്കിയിരുന്നത് ചട്ടിപ്പൊട്ടു കൊണ്ടായതിനാലാവാം ഈ കളിക്ക് ചട്ടിപ്പന്ത് കളി എന്ന് പേര് കിട്ടിയത്. അത് അടുക്കി വയ്ക്കാന്‍ പ്രയാസവുമായിരുന്നു. ഇന്ന് നല്ല പരന്ന ടൈത്സ് കഷ്ണങ്ങള്‍ കിട്ടുന്നതിനാല്‍ അടുക്കി വയ്ക്കാന്‍ പ്രയാസമില്ല, എണ്ണവും കുറവ്. ഞങ്ങളുടെ കാലത്തെ കളിയില്‍ പന്തുമായി പിന്നാലെ ഓടാന്‍ പറ്റില്ല,പകരം പാസ് ചെയ്യണം.എതിര്‍ ടീമിന് അതിനിടക്ക് കയറി തലകൊണ്ട് പന്ത് അടിച്ചകറ്റാം!നിലത്ത് വീണ പന്ത് കാലു കൊണ്ടും തട്ടിക്കൊണ്ടു പോകാം. ന്യൂ ജന്‍ കളിയില്‍ പന്തുമായി പിന്നാലെ ഓടാം എന്നായി മാറി. അതുപോലെ ഒരാള്‍ക്ക് ആറ് ഏറ് ഉണ്ട്. അതില്‍ മിക്കവാറും ഒന്നാമത്തെ ആള്‍ തന്നെ ഗോപുരം എറിഞ്ഞ് തകര്‍ക്കും. ന്യൂ ജന്‍ പന്ത് ഉരുട്ടി എറിഞ്ഞ് അത് തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത് കാണുമ്പോള്‍ അവരുടെ ഉന്നത്തിന്റെ കൃത്യത ബോധ്യമാകുന്നു.

                  ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് സ്കൂളിലും ഈ കളി കളിച്ചിരുന്നു.അന്ന് കളി തീരാതിരിക്കാന്‍ ഗോപുരത്തിന്റെ ഉയരം 30ല്‍ അധികം ഓടിന്റെ കഷ്ണങ്ങളായിരുന്നു!കല്ലിട്ട് കെട്ടുന്ന പന്തായതിനാല്‍ കിട്ടുന്ന ഏറിന്റെ ചൂട് സ്കൂള്‍ വിടും വരെപുറത്ത് അനുഭവപ്പെടുമായിരുന്നു. എങ്കിലും അടുത്ത ദിവസം വീണ്ടും ഈ കളിക്ക് ഇറങ്ങി പുറപ്പെടും.
                 ഗോപുരം ഇല്ലാതെയും ടീം ഇല്ലാതെയും കളിക്കുന്ന  “മേപ്പട്ടേറ്‌“ എന്ന മറ്റൊരു കളിയും ഇതേ പോലെ ഞങ്ങള്‍ കളിച്ചിരുന്നു. കെട്ടു പന്തോ ചെറിയ റബ്ബര്‍ പന്തോ ഉപയോഗിച്ച് ആയിരുന്നു ആ കളി.പന്ത് കിട്ടുന്നവന്‍ അടുത്തുള്ളവനെ എറിയുക എന്നതായിരുന്നു ആ കളി.യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ കളി കണ്ട ഹെഡ്മാസ്റ്റര്‍ വേലായുധന്‍ മാസ്റ്റര്‍ ഏറെ നേരം അത് നോക്കി നിന്നതും ഞങ്ങള്‍ക്കായി പന്ത് കെട്ടിത്തന്നതും ‘അബ്ദുള്ളയുടെ പുറത്ത് ഏറ് കിട്ടിയപ്പോള്‍ പഴംചക്ക വീഴുന്ന ശബ്ദം പോലെ’ എന്ന് അഭിപ്രായപ്പെട്ടതും ഇന്നും മനസ്സിലേക്ക് ഓടി വരുന്നു.
                കഴിഞ്ഞ വര്‍ഷം മക്കളുടെ പ്രധാന കളി ‘നടുവടി’ ആയിരുന്നു.അത് അടുത്ത പോസ്റ്റില്‍.