എന്റെ കുട്ടിക്കാലത്തെ പല കളികളും ഇന്ന് ഭൂലോകത്ത് നിന്ന് തന്നെ തുടച്ചു മാറ്റപ്പെടുകയോ അല്ലെങ്കിൽ നാമാവശേഷമാകുകയോ ചെയ്തിട്ടുണ്ട്. അന്നത്തെ മിക്ക കളികൾക്കും പിന്നിൽ വ്യക്തിത്വ വികസനത്തിന്റെ ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് മനസ്സിലാകുന്നത്. ഞങ്ങളുടെ പലരുടെയും സ്വഭാവ രൂപീകരണത്തിൽ ആ കളികൾ പങ്ക് വഹിച്ചിട്ടുണ്ടാകും എന്നത് സത്യമാണ്.
നൂറ്റും കോല്‍ എന്ന ഒരു കളി ഏകാഗ്രത വളർത്താനായിരുന്നു എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. അഞ്ചിഞ്ച് നീളമുള്ള പത്ത് ഈർക്കിൽ കഷ്ണങ്ങളും അവയെക്കാള്‍ നീളം കൂടിയ ഒരു ഈര്‍ക്കിലുമാണ് ഈ കളിക്ക് വേണ്ടത്. ഓരോ ചെറിയ ഈർക്കിലിനും പത്തും വലിയ ഈർക്കിലിന് നൂറുമാണ് മൂല്യം. വലിയ ഈർക്കിൽ നേടി എടുക്കുക എന്നതാണ് കളിയുടെ വിജയ നിദാനം എന്നതിനാൽ കളിയുടെ പേര് നൂറ്റും കോല്‍ എന്നായി (എന്ന് ഞാൻ അനുമാനിക്കുന്നു ) !
വലിയ ഈർക്കിൽ തറയിൽ വയ്ക്കും. ശേഷം പത്ത് ചെറിയ ഈർക്കിലും ഒരുമിച്ച് പിടിച്ച് അതിലേക്ക് ഇടുകയോ എറിയുകയോ ചെയ്യും. വലിയ ഈർക്കിലിന്റെ മുകളിൽ ഒരു ഈർക്കിലെങ്കിലും തങ്ങി നിന്നാൽ കളി തുടരാം. വലിയ ഈർക്കിലിൽ നിന്നും പുറത്ത് വീണ സ്വതന്ത്രമായ ഒരു ഈർക്കിൽ എടുത്ത് ബാക്കിയുള്ള ഒമ്പതും തോണ്ടി എടുക്കണം. വലിയ ഈർക്കിലിന്മേലല്ലാതെ പുറത്ത് സ്വതന്ത്രമായി കിടക്കുന്ന ഈർക്കിലുകൾ എല്ലാം നേരിട്ട് എടുക്കാം. എന്നാൽ ഒന്ന് മറ്റൊന്നിന് മുകളിലാണെങ്കിൽ അടിയിലേത് അനങ്ങാതെ മുകളിത്തേത് തട്ടി മാറ്റണം. തട്ടി മാറ്റുന്നത് മറ്റൊരു ഈർക്കിലിന്റെ മുകളിൽ വീഴാനും പാടില്ല. അതായത് ഒരു സമയത്ത് ഒരു ഈർക്കിൽ മാത്രമേ അനങ്ങാൻ പാടുള്ളൂ.
ഒരു ഈർക്കിൽ എടുക്കാൻ വേണ്ടി ഒരുമ്പെട്ട് അതിൽ തൊട്ടാൽ പിന്നെ അതെടുക്കാതെ കളി തുടരാൻ പറ്റില്ല. ഈർക്കിൽ ഇളകിയാലും കളി തുടരാൻ പറ്റില്ല.മുഴുവൻ ഈർക്കിലുമെടുക്കുന്ന ആൾക്ക് അവസാനം ശേഷിക്കുന്ന വലിയ ഈർക്കിലും എടുക്കാം. അങ്ങനെ 200 പോയിന്റ് ലഭിക്കുന്നു.അടുത്ത ആൾ ഇതേ പോലെ കളി ആവർത്തിക്കുന്നു.ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്ന ആൾ വിജയിയാകുന്നു.മാക്സിമം പോയിന്റ് ആദ്യമേ നിശ്ചയിച്ചുകൊണ്ട് (അഞ്ഞൂറ് വരെ ,ആയിരം വരെ എന്നിങ്ങനെ)കളിക്കുന്നവരും ഉണ്ട്.
മറ്റു കളികൾക്കായി പുറത്തിറങ്ങാൻ പറ്റാത്ത മഴക്കാലത്താണ് കൂടുതലും ഞങ്ങൾ ഈ കളി കളിച്ചിരുന്നത്. ഈർക്കിലിന് പകരം അന്ന് സുലഭമായി കിട്ടിയിരുന്നത് ഐസും കോൽ (ഐസിന്റെ അറ്റത്തെ വണ്ണം കുറഞ്ഞ സ്റ്റിക്ക്)ആയിരുന്നു.സ്കൂൾ പരിസരത്ത് നിന്നോ സ്കൂൾ വിട്ടു വരുമ്പോൾ റോട്ടിൽ നിന്നോ അവ ശേഖരിക്കും.നൂറ്റും കോൽ ആയി ഈർക്കിൽ തന്നെ ഉപയോഗിക്കും. കൃഷ്ണകിരീടം എന്ന ചെടിയുടെ ഇലയുടെ തണ്ടുകളും ഈർക്കിലിക്ക് പകരം ഉപയോഗിച്ചിരുന്നു.അവ ഉരുണ്ടതായതിനാൽ നൂറ്റും കോലിന്റെ പുറത്ത് അധികം എണ്ണം ബാക്കി ഉണ്ടാകില്ല എന്ന സൌകര്യവും ഉണ്ട്.
ഈർക്കിൽ ശേഖരിക്കാനും നന്നാക്കാനും ഇന്നത്തെ കുട്ടികൾ മുതിരാത്തത് കൊണ്ടാകാം, ഇപ്പോൾ ഈ കളിക്കുപയോഗിക്കാൻ പാകത്തിൽ റെഡിമെയ്ഡ് സ്റ്റിക്കുകൾ ലഭ്യമാണ്.ഗൾഫിൽ നിന്ന് വരുന്നവരാണ് ഇത് കൊണ്ട് വരുന്നത് എന്ന് തോന്നുന്നു. ഈർക്കിലും കാശ് കൊടുത്ത് വാങ്ങാൻ തുടങ്ങിയതിൽ പിന്നെ ഈ കളി നാടൻ കളികളിൽ നിന്നും പറന്നകലാൻ തുടങ്ങി.പുതിയ കുട്ടികൾ കളിക്കുന്നത് നൂറ്റും കോൽ തന്നെയാണോ എന്നോ എങ്ങനെയാണെന്നോ ഒന്നും ഇന്നെനിക്കറിയില്ല.
(കുട്ടിക്കാലത്തെ പലകളികളും ഇവിടെ ക്ലിക്കിയാൽ വായിക്കാം)
10 comments:
സ്കൂൾ പരിസരത്ത് നിന്നോ സ്കൂൾ വിട്ടു വരുമ്പോൾ റോട്ടിൽ നിന്നോ അവ ശേഖരിക്കും.നൂറ്റും കോൽ ആയി ഈർക്കിൽ തന്നെ ഉപയോഗിക്കും.
ഈ കളി ഞാനും കുട്ടിക്കാലത്തു ഒരുപാട് കളിച്ചിട്ടുണ്ട് !! പക്ഷെ , ഇതിന്റെ പേര് നൂറ്റും കോല്‍ ആണെന്നറിയില്ലായിരുന്നു. ഞങ്ങൾ അതിന്റെ ഈർക്കിൽ കളിയെന്നെന്തോ ആണ് വിളിച്ചിരുന്നത്. ഈ പോസ്റ്റ് വായിച്ചപ്പോൾ കുറച്ചു കുട്ടിക്കാലത്തെ ഓർമ്മകൾ ഓടിയെത്തി. എന്റെ ആശംസകൾ.
Shaheem...പൊതുവെ എല്ലായിടത്തും ഈ കളി നൂറ്റും കോൽ എന്നാണറിയപ്പെടുന്നത്. മറ്റു പേരുകൾ ഉണ്ടെങ്കിൽ വരട്ടെ...പറയൂ.
മാഷേ..എത്ര കാലായി മറന്ന് കിടന്ന കളിയാ.ഞങ്ങൾ നൂറാം കോല് ന്നാ പറയാ.നിയമങ്ങൾ ഇത്ര വിശദമായി എഴുതിയത് നന്നായി.ഒക്കെ മറന്ന് പോയതായിരുന്നു.ഭയങ്കര ഇഷ്ടായി ട്ടാ
മാധവാ...കളിയുടെ ഒരു ചിത്രം അല്ലെങ്കിൽ വീഡിയോ കൂടി പോസ്റ്റ് ചെയ്യാനുണ്ട്. എങ്കിലേ ഈ കുറിപ്പ് മുഴുവനാകൂ.പോസ്റ്റ് ഇഷ്ടായതിൽ സന്തോഷം.
അതെ ഭായ് ഈ നൂറാം കോലു കളിയും ,
പുള്ളി കുത്തും ,ടായവും ,കിളിമാസും ,ചുട്ടിയും
കോലുമൊന്നും ഇപ്പഴത്തെ തലമുറക്കാർക്കൊന്നും അറിയുന്നുമില്ല അവർ കളിക്കുന്നുമില്ല....!
മുരളിയേട്ടാ...മ്യൂസിയങ്ങൾ ഉണ്ടായ പോലെ നാടൻ കളികൾക്കും എന്തെങ്കിലും ഉണ്ടാക്കേണ്ടി വരും.
മാഷേ കുട്ടിക്കാലത്ത് ഒരുപാടു കളിച്ചതാ ... ഈർക്കിൽ ഉപയോഗിച്ചു തന്നാ കളിച്ചത് .ഈയിടെ മക്കൾക്ക് കാണിച്ചു കൊടുത്തിരുന്നു.
നമ്മുടെ ssc ഗ്രൂപ്പില്‍ ഒരു നൂറ്റുംകോല്‍ മത്സരം വെച്ചാലോ?
ഉസ്മാനെ...മണ്മറഞ്ഞ ഒരുപാട് കളികൾ ഉണ്ട്. അവയിൽ ചിലതൊക്കെ സംഘടിപ്പിക്കുന്നത് രസായിരിക്കും.
Post a Comment
നന്ദി....വീണ്ടും വരിക