Pages

Monday, March 30, 2020

കൊറോണക്കാല കല

                കൊറോണക്കാലത്ത് ലോക്ക് ഡൌണ്‍ ആയി എന്തു ചെയ്യും എന്നറിയാതെ മൊബൈലും ടിവിയും ഉറ്ക്കവും ഒക്കെയായി തള്ളി നീക്കിയിട്ടും  സമയം ബാക്കി വരുന്ന നിരവധി ആള്‍ക്കാരുണ്ട്. ബട്ട് , എനിക്ക് ഇതുവരെ അങ്ങനെ ഒരു പ്രയാസം നേരിട്ടിട്ടില്ല എന്ന് മാത്രമല്ല സാധാരണ ചെയ്തിരുന്ന പലതും ചെയ്യാന്‍ പറ്റാതായോ എന്നൊരു സംശയവും ഉണ്ട്. ഈ 21 ദിവസക്കാലത്ത് പച്ചക്കരി കൃഷി ചെയ്തു കൂടെ എന്ന് മുഖ്യമന്ത്രി ചോദിക്കുന്നതിന് മുമ്പെ തന്നെ അത് തുടങ്ങിയിരുന്നു. അതിനിടയില്‍ അപ്രതീക്ഷിതമായി കണ്ടെത്തിയ (ഇത്രയും കാലം ഞാന്‍ എവിടെയും കണ്ടിട്ടില്ല) ഒരു കൃഷി രീതി പരിചയപ്പെടുത്തട്ടെ.
              
                  കുറെ കാലമായി ഒരു ചാക്ക് ചിരട്ട വിറകുപുരയില്‍ കിടക്കുന്നുണ്ടായിരുന്നു .പുകയില്ലാ അടുപ്പില്‍ ചിരട്ട കത്തിക്കുന്നത് നല്ലതല്ല എന്നതിനാല്‍ (ഭാര്യ പറഞ്ഞതാണ്) കിട്ടിയ വിലക്ക് കഴിഞ്ഞ വര്‍ഷം അഞ്ചാറ് ചാക്ക് വിറ്റ് ഒഴിവാക്കിയിരുന്നു. ഇത്തവണയും അതേ ആള്‍ ചാക്കുമായി വന്നപ്പോള്‍ ഇത് മറ്റ് രീതിയില്‍ ഉപയോഗപ്പെടുത്തുന്നത് എങ്ങനെ എന്നൊരു ചിന്ത മനസ്സില്‍ വന്നു. അധികം താമസിയാതെ എന്റെ മനസ്സില്‍ ഒരു ലഡു പൊട്ടി. പച്ചക്കറി വിത്ത് നടാനുള്ള സീഡ് ട്രേ ആയി ഉപയോഗിക്കാം എന്നൊരു ഐഡിയ. 

                അങ്ങനെ 21ദിവസ ജൈവ കൃഷിക്കായി 21 കണ്ണന്‍ ചിരട്ട തന്നെ തെരഞ്ഞെടുത്തു.അതു വേണ്ട ഒരു 30 എണ്ണം കിടക്കട്ടെ എന്ന് മനസ്സില്‍ നിന്ന് വിളി വന്നതിനാല്‍ അപ്പോള്‍ തന്നെ എണ്ണം കൂട്ടി.എല്ലാത്തിന്റെയും ഒരു കണ്ണ് നിഷ്കരുണം കുത്തിപൊട്ടിച്ച് മണ്ണ് നിറച്ചു. അപ്പോഴാണ് രണ്ട് അപ്പ്രന്റീസുകളുടെയും വരവ്. തലേ ദിവസം സൂഡോമൊണാസ് ലായനിയില്‍ ഇട്ട് വച്ചിരുന്ന വിത്തുകള്‍ അവര്‍ രണ്ട് പേരും കൂടി ചിരട്ടയില്‍ നട്ടു. ഉണ്ടമുളക്, കക്കിരി, വഴുതന, കുറ്റിബീന്‍സ്, പയറ്‌ എന്നിവയാണ്  ചിരട്ടയില്‍ നട്ടത്. 

               ചിരട്ടയില്‍ വിത്തിട്ടപ്പോഴാണ് അതിനെ നിരത്തി വയ്ക്കാനുള ബുദ്ധിമുട്ട് മനസ്സിലാക്കിയത്. പൂച്ചയും മറ്റും തട്ടി മറിക്കുമോ എന്ന പേടിയും...അങ്ങനെ ആലോചിച്ചപ്പോഴാണ് മെഡുല ഒബ്ലാങ്കട്ടയില്‍ ഒരു മിന്നല്‍...വെര്‍ട്ടിക്കല്‍ ഗാര്‍ഡനായി കയറില്‍ തൂ‍ക്കിയിടാം. പക്ഷെ കൊറോണ കാലത്ത് കയറ് എവിടുന്നാ? അടുത്ത നിമിഷം അതിനും പരിഹാരമായി.

                    എന്റെ കുട്ടിക്കാലത്ത് വാഴയുടെ പോളകള്‍ ഉമ്മ കയറാക്കുന്നത് കണ്ടിരുന്നു.‘ബായച്ചപ്പ കയറ്‌‘ എന്നായിരുന്നു ഞങ്ങളതിനെ പറഞ്ഞിരുന്നത്. അങ്ങനെ മുറ്റത്തെ വാഴയുടെ ഉണങ്ങിയ പോളകള്‍ ശേഖരിച്ച് ഒരു മണിക്കൂര്‍ നേരം വെത്തിലിട്ട് വച്ചു.പിന്നെ വീതി കുറച്ച് ചീന്തിയെടുത്തു. ശക്തിയായി വലിച്ച് ഉറപ്പ് പരീക്ഷിച്ചു.ഇനി ചിരട്ട അതില്‍ നിര്‍ത്താന്‍ എന്തു മാര്‍ഗ്ഗം എന്നാലോചിച്ചു.

                  മക്കളുടെ ഒഴിവാക്കിയ വളകള്‍ കെട്ടി ബെയ്സാക്കി വച്ചു. രണ്ട് വള കെട്ടിയപ്പോഴേക്കും അതത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞു. അതോടെ അടുത്ത വഴി തേടി.നാല് നാരെടുത്ത് നിശ്ചിത അകലത്തില്‍ ഒരുമിച്ച് കൂട്ടികെട്ടി ചിരട്ട അതില്‍ വച്ചു നോക്കി.യുറേക്കാ.... ഭാരം അഥവാ ഗ്രാവിറ്റി കാരണം ചിരട്ട സുന്ദരമായി സീറ്റിംഗായി. 

              കൊറോണ കാലമായതിനാല്‍ ഒറ്റയും തെറ്റയുമായി അയല്‍ക്കാര്‍ കാണാന്‍ വരുന്നു – ഫുള്‍ പ്രകൃതി ജന്യ വസ്തുക്കളാല്‍ നിര്‍മ്മിതമായ ചിരട്ടയിലെ പച്ചക്കറിത്തോട്ടം കാണാന്‍. മൂത്ത മകള്‍  ലുലുവിന്റെ ആശയങ്ങള്‍ക്കനുസരിച്ച്  ഇനി ഇതിനെ ഒന്ന് മോടി പിടിപ്പിക്കണം.   

15 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ ആലോചിച്ചപ്പോഴാണ് മെഡുല ഒബ്ലാങ്കട്ടയില്‍ ഒരു മിന്നല്‍...വെര്‍ട്ടിക്കല്‍ ഗാര്‍ഡനായി കയറില്‍ തൂ‍ക്കിയിടാം. പക്ഷെ കൊറോണ കാലത്ത് കയറ് എവിടുന്നാ? അടുത്ത നിമിഷം അതിനും പരിഹാരമായി.

Unknown said...

മനസ്സിൽ ആശയമുള്ള ധാരാളം ആളുകൾ നച്ചക്കിടയിൽ ഉണ്ട്. പക്ഷെ പ്രവർത്തനമണ്ഡലങ്ങളിൽ കാണാറില്ല. തിരിച്ചും, പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവരുണ്ട്, പക്ഷെ എങ്ങിനെ എന്നറിവില്ല. എന്നാൽ ഇവ രണ്ടും ആശയവും അത് പ്രാവർത്തികമാക്കാനുള്ള കഴിവും(സഹചര്യം പ്രധാനമാണ്) ഉള്ള ഒരു വ്യക്തിയാണ്.mr:abid- salute

Areekkodan | അരീക്കോടന്‍ said...

ആരാണാവോ ഈ അദൃശ്യൻ ?

സുധി അറയ്ക്കൽ said...

ആവോ...

Areekkodan | അരീക്കോടന്‍ said...

സുധീ...ഈ കൊറോണക്കാലത്ത് ഇവിടെ എങനെ എത്തി!

uttopian said...

ഇതിന്റെ ബാക്കിയുള്ള ഭാഗം വായിക്കാൻ വെയ്റ്റിങ്.. വിത്തുകൾ സ്യൂഡോമൊണാസ് ലായനിയിൽ മുക്കി വെക്കുന്നത് എന്തിനാ

Bipin said...

അടിപൊളി.ആ തലയിൽ ഇത്രയൊക്കെ ആശയങ്ങൾ നിറഞ്ഞിരുന്നോ?
ഇനിയും കർഫു നീട്ടിയാൽ അരീക്കോടൻ അടുത്ത നോബൽ അടിച്ചെടുക്കും.

എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ചെയ്യാത്തത് - ചെയ്യാൻ മറക്കുന്നത്. മനസിന് സന്തോഷം ഉണ്ടാകട്ടെ. തുടരുക. ആശംസകൾ.

Areekkodan | അരീക്കോടന്‍ said...

ഉട്ടോപ്പിയാ... ഇതിന് അടുത്ത ഭാഗം തൈ മുളച്ചാൽ മാറ്റി കുഴിച്ചിടണം എന്നത് തന്നെ. സുഡോ മൊണാസ് ലായനിയിൽ 6 മണിക്കുർ മുക്കി വച്ച വിത്ത് നട്ടാൽ മുളച്ച് വരുന്ന തൈക്ക് നല്ല കരുത്തുണ്ടാകും.

Areekkodan | അരീക്കോടന്‍ said...

ബിപിനേട്ടാ... ഈ തല കഷണ്ടിയായതിൻ്റെ കാരണം ഇപ്പോൾ പിടി കിട്ടിയില്ലേ?

Bipin said...

കിട്ടി കിട്ടിയേ

രാജേശ്വരി said...

നന്നായിരിക്കുന്നു വെർട്ടിക്കൽ ഗാർഡൻ design 👌

Cv Thankappan said...

ഭംഗിയായിട്ടുണ്ട്! ഈ രീതിയിൽ ചട്ടിയിൽചെയ്തുവരുന്നുണ്ട് ഞാനും...
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

അൽ മിത്ര... നന്ദി.

തങ്കപ്പേ ട്ടാ... നടക്കട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

ഉടൻ കാണാം വാഴപ്പോള നാരിൽ ഒരു ചിരട്ട തോട്ടം ...!

Areekkodan | അരീക്കോടന്‍ said...

ബിലാത്തി ജി ... നോക്കട്ടെ, എന്ത് ചെയ്യാം ന്ന്

Post a Comment

നന്ദി....വീണ്ടും വരിക