Pages

Wednesday, March 25, 2020

കടലാസുതോണി

           ഈ വര്‍ഷത്തെ ആദ്യ വേനല്‍ മഴ ഇന്ന് ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ചത് എന്റെ കുഞ്ഞുമോനായിരുന്നു. മുറ്റത്ത് കൂടി കുത്തിയൊഴുകിയ മഴവെള്ളത്തിലേക്ക് ഏറെ നേരം അവന്‍ നോക്കിയിരുന്നപ്പഴേ അവന്റെ കുഞ്ഞു മനസ്സില്‍ രൂപപ്പെടുന്ന ചിന്തകള്‍ ഞാന്‍ മനസ്സിലാക്കി.
            മഴ ഒന്ന് ശമിച്ചപ്പോള്‍ ഇന്നലെ വരെ കുത്തിയിരുന്ന് വരച്ചിരുന്ന പേപ്പറും കൊണ്ട് അവന്‍ ഓടിയെത്തി.
“അബ്ബാ....തോണിയുണ്ടാക്കിത്തരണം...”

              കൊണ്ട്‌വന്ന പേപ്പര്‍ കൊണ്ട് ഞാന്‍ ആറ് കുഞ്ഞു കടലാസു തോണികള്‍ ഉണ്ടാക്കിക്കൊടുത്തു. മഴ ഒന്നമര്‍ന്നപ്പോള്‍ അവന്‍ തോണികളുമായി വെള്ളത്തിലിറങ്ങി. ഓരോ തോണിയും വെള്ളത്തിലിട്ട് അവന്‍ അവയെ നോക്കി നില്‍ക്കുമ്പോള്‍ ഞാനും നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പിലേക്ക് തോണി തുഴഞ്ഞ് പോയി.
           അന്ന് തോണിയുണ്ടാക്കാന്‍ ഇന്നത്തെപ്പോലെ എ4 പേപ്പറുകള്‍ സുലഭമായിരുന്നില്ല. മള്‍ട്ടികളര്‍ നോട്ടീസുകളും അന്നുണ്ടായിരുന്നില്ല. ആകെ ലഭിക്കുന്നത് വീട്ടില്‍ വരുത്തുന്ന മാതൃഭൂമി പത്രം മാത്രം. അതു കൊണ്ട് തോണി ഉണ്ടാക്കി കുത്തിയൊലിക്കുന്ന വെള്ളത്തില്‍ വയ്ക്കുമ്പോഴേക്കും ചായയില്‍ മുക്കിയ ബിസ്കറ്റ് പോലെ കുഴഞ്ഞ് പോകും.
           എന്റെ ഏക സഹോദരി എട്ടാം ക്ലാസ്സില്‍ എത്തിയപ്പോഴാണ് നോട്ടുപുസ്തകങ്ങള്‍ അവളുടെ സ്കൂള്‍ ജീവിതത്തിന്റെ ഭാഗമായത്.  അന്ന് മുതല്‍ നോട്ടുപുസ്തകങ്ങളുടെ നടുപ്പേജുകള്‍ തോണികള്‍ ഉണ്ടാക്കാന്‍ സംവരണം ചെയ്യപ്പെട്ടവയായി. പുസ്തകത്തിന്റെ മറ്റെവിടെന്നെങ്കിലും പേജ് പറിച്ചാല്‍ മറ്റൊന്ന് കൂടി സൌജന്യമായി കിട്ടിയിരുന്നു! അന്ന് മുതലാണ് കടലാസു തോണികള്‍ ചലിക്കുന്നത് കാണാന്‍ സാധിച്ചതും. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് നീങ്ങുന്ന തോണികള്‍ കൌതുകത്തോടെ നോക്കി നിന്ന ആ ബാല്യകാലം ഈ ഒരു പോസിലൂടെ എന്റെ മോന്‍ എന്റെ മനോമുകുരത്തില്‍ എത്തിക്കുന്നു.
             കടലാസ് തോണികളി കഴിഞ്ഞപ്പോള്‍ അവന്‍ ഒരു പ്രസ്ഥാവന കൂടി നടത്തി....
“ അബ്ബാ.... എന്റെ വീട്ടില്‍ മാത്രമേ പുഴയുള്ളൂ !!”.

ശരിയാണ് , അവന്റെ കളിക്കൂട്ടുകാര്‍ മൂന്ന് പേരുടെയും വീടുകളുടെ മുറ്റം ഇന്റര്‍ലോക്ക് ചെയ്തതിനാല്‍ ഇതുപോലെ വെള്ളം ഒഴുകുന്നുണ്ടായിരുന്നില്ല! പ്രകൃതി സംരക്ഷണാര്‍ത്ഥം മുറ്റം അതേപടി നിലനിര്‍ത്തിയ എനിക്കും ആ നിമിഷം ഏറെ അഭിമാനം തോന്നി.

12 comments:

Areekkodan | അരീക്കോടന്‍ said...

ഓരോ തോണിയും വെള്ളത്തിലിട്ട് അവന്‍ അവയെ നോക്കി നില്‍ക്കുമ്പോള്‍ ഞാനും നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പിലേക്ക് തോണി തുഴഞ്ഞ് പോയി.

Muralee Mukundan , ബിലാത്തിപട്ടണം said...

കടലാസ് വഞ്ചികൾ അന്നത്തെയും
ഇന്നത്തെയും ഓർമ്മകകളിൽ നീന്തി
തുടിക്കുകയാണിവിടെ.. 

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അതൊരു വല്ലാത്ത കാലം തന്നെ.

uttopian said...

സത്യം.. കടലാസ് തോണികൾ നമ്മളെ കാലത്തിൽ പിറകിലേക്ക് കൊണ്ടുപോകുന്നു. ഇപ്പോഴും ഇതൊക്കെ കുട്ടികളുടെ കളികളിൽ പെടുന്നു എന്നറിയുന്നതിൽ ചെറുതല്ലാത്ത സന്തോഷം.

Cv Thankappan said...

ഹൗ! ചൂടുത്തന്നെ ഇവിടെ. മഴ പെയ്തിട്ടില്ലാ. കടലാസുത്തോണിയും, ഓലപ്പമ്പരവും... കുട്ടികൾക്കിന്നെറേയിഷ്ടം ടോയ്സ് കടകളിന്നുള്ള ഐറ്റങ്ങളാ...
എന്നാലും കൊച്ചു മക്കൾക്ക് കടലാസുകൊണ്ട് തോണിയും,പട്ടവും, വിമാനവും ഉണ്ടാക്കി കൊടുക്കും.
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

ഉട്ടോപ്പിയാ... ഇത്തരം പഴയ പല കളികളും എൻ്റെ വീട്ടിൽ പുനർജനിക്കാറുണ്ട്.

തങ്കപ്പേ ട്ടാ... കൊച്ചു മക്കൾക്കൊപ്പം കളിക്കാൻ നല്ല രസായിരിക്കും അല്ലേ?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അതെ..ഇന്ന് പുഴയും തോടും ചിലരുടെ മുറ്റത്ത് മാത്രമേയുള്ളൂ.. ഉള്ളയിടത്ത് കടലാസ് തോണിയും കുട്ടികളെയും കാണാനും കഴിയില്ല..

Areekkodan | അരീക്കോടന്‍ said...

മുഹമ്മെദ്ക്കാ...അത് ശരിയാ.

രാജേശ്വരി said...

ഇത് വായിക്കുമ്പോൾ സന്തോഷം. വീട്ടുമുറ്റത്തു കൂടി ഒരു പുഴ ഒഴുകുന്നത് കാണാൻ കുഞ്ഞു മോന് ഭാഗ്യം ഉണ്ടായല്ലോ. കടലാസ് വഞ്ചികൾ ഒരുപാട് ഒഴുക്കിയിട്ടുണ്ട്, ചെറുപ്പത്തിൽ.
നല്ല പോസ്റ്റ്‌ 👌

Areekkodan | അരീക്കോടന്‍ said...

അല്‍മിത്ര...എനിക്കും സന്തോഷായി

Bipin said...

മോൻ്റെ കൂടെ കൂടിയത് കൊണ്ട് തോണി കളി നടന്നു

Areekkodan | അരീക്കോടന്‍ said...

ബി പിനേ ട്ടാ... ഇതൊക്കെ തന്നെയല്ലേ രസം '

Post a Comment

നന്ദി....വീണ്ടും വരിക