Pages

Monday, December 30, 2019

അനുഭവമേ ഗുരു

               2019 ഡിസംബര്‍ 26ന് വേണ്ടി ലോകം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി എന്നെനിക്കറിയില്ല.മാസങ്ങള്‍ക്ക് മുമ്പെ തന്നെ വാട്‌സാപ്പില്‍ ഒരു സന്ദേശം വന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു - “ഒന്നര ലക്ഷം പേർ വയനാട്ടിലേക്ക് , പീടിക വരാന്തകൾ അടക്കം ബുക്ക്‌ഡ്‌“ . എനിക്കത് കിട്ടിയത് ഒരു കോൺഗ്രസ് കാരനിൽ നിന്നായതിനാൽ, മെസേജ് വായിക്കാതെ രാഹുലും പ്രിയങ്കയും കൂടി വയനാട്ടില്‍ വരുന്നുണ്ടാകും എന്ന് ഞാൻ ഊഹിച്ചു . പിന്നീടാണ് അത് ആകാശത്തെ ഒരു വിസ്മയം കാണാനുള്ളതാണെന്ന് മനസ്സിലായത്.

               ഡിസംബർ 26ന് വലയ സൂര്യഗ്രഹണം നടക്കും എന്നും, ലോകത്ത് തന്നെ അത് ഏറ്റവും വ്യക്തമായി കാണാൻ പറ്റുന്നത് വയനാട്ടിലെ കല്പറ്റയിൽ നിന്നാണെന്നും വാന ശാസ്ത്രജ്ഞർ പ്രവചിച്ചതനുസരിച്ച് ഡിസംബര്‍ 26ന് ജനങ്ങൾ വയനാട്ടിലേക്ക് ഒഴുകുന്നതിനെപ്പറ്റിയായിരുന്നു പ്രസ്തുത മെസേജ്. അമേരിക്കയുടെ NASA  അടക്കം നിരവധി രാജ്യങ്ങളുടെ വാന നിരീക്ഷണ സംവിധാനങ്ങൾ കല്പറ്റയിൽ അണി നിരക്കുകയും ചെയ്തു.

              വയനാട് എഞ്ചിനീയറിംഗ് കോളേജിന്റെ സുൽത്താൻ ബത്തേരിയിൽ വച്ച് നടക്കുന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പിൽ ഡിസംബർ 25ന് രാത്രി ക്ലാസ് എടുക്കാനുള്ളതിനാൽ പിറ്റേ ദിവസം നടക്കുന്ന വലയ സൂര്യഗ്രഹണം എനിക്കും കാണാം എന്ന് ഞാൻ പ്രതീക്ഷിച്ചു.

               എന്നാൽ ഡിസംബർ 26ന് കല്പറ്റയുടെ ആകാശം മേഘാവൃതമായി.. വർഷങ്ങളായി ഈ അപൂർവ്വ പ്രതിഭാസത്തെ വരവേൽക്കാൻ നിൽക്കുന്ന മനുഷ്യന്റെ മുഴുവൻ പ്രവർത്തനങ്ങളും ദൈവത്തിന്റെ ഒരു ചെറിയ ഇടപെടലിൽ വൃഥാവിലായി. സാങ്കേതിക വിദ്യ എത്ര കണ്ട് പുരോഗമിച്ചിട്ടും മേഘം തുളച്ച് കടന്ന് ദൃശ്യം കാണാനുള്ള സൌകര്യം പൊതുജനങ്ങൾക്ക് ലഭിച്ചില്ല. വലിയ വാർത്ത സൃഷ്ടിച്ച് കല്പറ്റയിൽ ഒത്ത് ചേർന്നവർ നിരാശരായപ്പോൾ തൊട്ടടുത്ത പട്ടണമായ മാനന്തവാടിയിൽ വ്യക്തമായി കാണുകയും ചെയ്തു !

              സുൽത്താൻ ബത്തേരിയിലായിരുന്ന എനിക്കും ഗ്രഹണം കാണാൻ സാധിച്ചില്ല. ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിനിടയിൽ ഗ്രഹണം നിരീക്ഷിക്കാം എന്നായിരുന്നു കരുതിയത്. ആശുപത്രിയിലെ സ്റ്റാഫും പരിചയക്കാരനുമായ അബിൻ ആഴ്ചകൾക്ക് മുമ്പെ വാങ്ങി വച്ച, ഗ്രഹണം നിരീക്ഷിക്കാനുള്ള സോളാർ ഫിൽറ്റർ കാണിച്ച് തരുകയും ചെയ്തു. സൂര്യനെ മറച്ച് ചന്ദ്രൻ വന്നതിന്റെ ലക്ഷണങ്ങൾ കണ്ടെങ്കിലും മേഘാവൃതമായ ആകാശത്ത് സൂര്യന്റെ തെളിച്ചം കണ്ടതേ ഇല്ല.

            8 മണി മുതല്‍ 11 മണി വരെ സമയമുള്ളതിനാൽ അതിനിടക്ക് എപ്പോഴെങ്കിലും ആകാശം തെളിയും എന്ന് ഞാന്‍ പ്രതീക്ഷിച്ചു.അതിനിടക്ക് ആശുപത്രിയിൽ വർക്ക് ചെയ്തുകൊണ്ടിരുന്ന ഒരു വളണ്ടിയർ തല കറങ്ങി വീണു.ഇടുങ്ങിയ ഒരു ഇരുമ്പ് ഗോവണി വഴി മാത്രം കയറിപ്പോകാവുന്ന തരം ഒരു ഹാളിലായിരുന്നു കുട്ടി വീണത്. ആയതിനാൽ പൊക്കിയെടുത്ത് താഴെ കൊണ്ടുവരാനും പ്രയാസം. തടിയിലും പൊക്കത്തിലും നല്ല സൈസ് ഉള്ള അബിൻ തന്നെ ആ കുട്ടിയെ ഒറ്റക്ക് പൊക്കിയെടുത്ത് സാവധാനം താഴെ എത്തിച്ചു. നെബുലൈസേഷൻ നൽകുന്നതിനിടയിൽ ചില അസ്വസ്ഥതകൾ കാണിച്ചതിനാൽ കുട്ടിയെ എത്രയും പെട്ടെന്ന് പുതിയ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.

             ഡ്രൈവറായ അബിൻ തന്നെ ആമ്പുലൻസ് എടുക്കാൻ ശ്രമിച്ചെങ്കിലും വണ്ടി സ്റ്റാർട്ട് ആയില്ല. അല്പ സമയം ഉന്തിയും തള്ളിയും സ്റ്റാർട്ട് ആക്കി സൈറൺ മുഴക്കി കൊണ്ട് ആമ്പുലൻസ് പുതിയ ബ്ലോക്കിലേക്ക് പാഞ്ഞു. കാഷ്വാലിറ്റിയിൽ നിരീക്ഷണത്തിനിടക്ക് കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ ഇ.സി.ജിയും എടുക്കേണ്ടി വന്നു. ഇതെല്ലാം കൂടി കഴിഞ്ഞപ്പോഴേക്കും ആകാശം നന്നായി തെളിഞ്ഞിരുന്നു. ഗ്രഹണ സമയം കഴിയുകയും ചെയ്തിരുന്നു.  കാലേകൂട്ടി വാങ്ങിവച്ച ഗ്രഹണ നിരീക്ഷണ ഫിൽറ്റർ അപ്പോഴും അബിനിന്റെ പോക്കറ്റിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.

              നാം എത്ര കണ്ട് പ്ലാന്‍ ചെയ്താലും ദൈവത്തിന്റെ ചില ഇടപെടലുകള്‍ എല്ലാം മാറ്റിമറിക്കും എന്ന് മനസ്സിലാക്കിത്തന്ന അനുഭവമേ ഗുരു.

Friday, December 27, 2019

നാട്ടിന്‍‌പുറം നന്മകളാല്‍ സ‌മൃദ്ധം

               മാസങ്ങള്‍ക്ക് മുമ്പ് വാട്‌സാപ്പില്‍ ഒരു കുടുംബത്തിന്റെ അനുഭവം പങ്കു വച്ചത് ഞാന്‍ കണ്ടിരുന്നു. മലപ്പുറം ജില്ലയെപ്പറ്റി അവരുടെ മുന്‍ ധാരണയും അനുഭവിച്ചതും തമ്മിലുള്ള അന്തരം ആ പോസ്റ്റ് വായിച്ച എല്ലാവരും മനസ്സിലാക്കി.  മലപുറം ജില്ലയിലെ തൃപ്പനച്ചി എന്ന ഒരു കുഗ്രാമത്തില്‍ നിന്ന് അവര്‍ നേരിട്ട് അനുഭവിച്ച മനുഷ്യത്വം ആയിരുന്നു ആ കുറിപ്പില്‍. അത്യാവശ്യമായി എവിടെയോ പോകുന്ന വഴിയില്‍ കാറ്‌ കേടുവന്നതും തൃപ്പനച്ചിക്കാരനായ ഒരാള്‍ മുന്‍‌പരിചയം പോലും ഇല്ലാത്ത അവര്‍ക്ക് സ്വന്തം കാറിന്റെ താക്കോല്‍ നല്‍കിയതും അവരുടെ പരിപാടി കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും കാര്‍ നന്നാക്കി വച്ചതും പൈസ കൊടുത്തപ്പോള്‍ വാങ്ങാന്‍ കൂട്ടാക്കാത്തതും തുടങ്ങീ ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവങ്ങള്‍ ആയിരുന്നു അവര്‍ അന്ന് പങ്കു വച്ചത്.

               ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ കാറും തൃപ്പനച്ചിയില്‍ വച്ച് പഞ്ചറായി. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ്, മറ്റുള്ളവര്‍ ചൂണ്ടി കാണിച്ചപ്പോള്‍ ഞാന്‍ ആ വിവരം അറിഞ്ഞത്. സ്കൂട്ടറില്‍ വന്ന ഒരാള്‍ തൊട്ടടുത്ത് ഒരു കട ഉണ്ടെന്നും നിര്‍ഭാഗ്യവശാല്‍ അവരുടെ നമ്പര്‍ കയ്യിലില്ല എന്നും അറിയിച്ചു. അദ്ദേഹം മറ്റൊരു വഴിയെ തിരിഞ്ഞ് പോവുകയും ചെയ്തു. ഞാന്‍ വണ്ടി സൈഡാക്കി ഉമ്മയെ തൊട്ടടുത്ത് കണ്ട വീട്ടിലാക്കി. പെട്ടെന്ന് എന്റെ വീടിന്റെ മരപ്പണികള്‍ മുഴുവന്‍ എടുത്ത ആശാരി, തൃപ്പനച്ചിക്കാരന്‍ സുധീഷിനെപ്പറ്റി എനിക്കോര്‍മ്മ വന്നു. ഫോണെടുത്ത് വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ പത്ത് മിനുട്ടിനകം ആളെയും കൊണ്ട് എത്താം എന്ന മറുപടി കിട്ടി.

              സുധീഷിനെയും പ്രതീക്ഷിച്ച് ഞാന്‍ കാത്തിരിക്കുന്നതിനിടയില്‍ മെറ്റല്‍ നിറച്ച ഒര്‍ ട്രിപ്പര്‍ ലോറി വന്ന് എന്റെ വണ്ടിയുടെ അടുത്ത് സൈഡാക്കി. ഡ്രൈവര്‍ സീറ്റില്‍ നിന്നും ഒരാള്‍ തല പുറത്തേക്കിട്ട് ചോദിച്ചു.

“നിങ്ങള്‍ക്ക് ആളെ കിട്ടിയോ ?”

ആരാ ഈ ക്ഷേമാന്വേഷകന്‍ എന്ന് നോക്കിയപ്പോള്‍ നേരത്തെ സ്കൂട്ടറില്‍ പോയ ആള്‍ !

          അല്പ സമയത്തിനകം തന്നെ സുധീഷ് ഒരു മെക്കാനിക്കിനെയും കൂട്ടി സ്ഥലത്തെത്തി. പഞ്ചറായ ടയര്‍ അഴിച്ച്  വണ്ടിയില്‍ ഉണ്ടായിരുന്ന സ്റ്റെപ്പിനി ടയര്‍ ഫിറ്റ് ചെയ്തു. ജാക്കി റിലീസ് ചെയ്ത് ടയര്‍ നിലം തൊട്ടപ്പോള്‍ അതില്‍ കാറ്റ് വളരെ കുറവ് ! പോകുന്ന വഴിക്ക് കാറ്റ് അടിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മെക്കാനിക്ക് ഒരു സംശയം പ്രകടിപ്പിച്ചു. ഉടന്‍ വീണ്ടും സുധീഷ് ഇടപെട്ടു.

“ടയര്‍ അഴിക്ക്...നമുക്ക് കാറ്റടിച്ച് കൊണ്ട് വന്ന് ഫിറ്റ് ചെയ്യാം...”

           അങ്ങനെ ഫിറ്റ് ചെയ്ത ടയര്‍ അഴിച്ചെടുത്ത് അവര്‍ വീണ്ടും ബൈക്കില്‍ കൊണ്ടുപോയി. ഏറ്റവും അടുത്തുള്ള പഞ്ചര്‍ കടയില്‍ നിന്നും കാറ്റ് നിറച്ച് തിരിച്ചു വന്ന് ടയര്‍ വീണ്ടും ഫിറ്റ് ചെയ്ത് റെഡിയാക്കിത്തന്നു. തൊട്ടടുത്ത വീട്ടിലാക്കിയിരുന്ന ഉമ്മയെ ഞാന്‍ വിളിക്കാന്‍ ചെന്നപ്പോഴേക്കും അവരുടെ വക ചായയും റെഡി ! ഉമ്മയെ കണ്ട്, സുധീഷ് സ്വന്തം ബൈക്കില്‍ തിരിച്ച് പോകുമ്പോള്‍ എന്റെ മനസ്സിലൂടെ വീണ്ടും പണ്ടത്തെ ആ കോപി എഴുത്തിന്റെ വരികള്‍ ഓളം തള്ളി....നാട്ടിന്‍‌പുറം നന്മകളാല്‍ സ‌മൃദ്ധം.

Monday, December 23, 2019

ലേഡി ഡ്രൈവര്‍

           2017 ആഗസ്ത് 17ന് എന്റെ മൂത്ത മകള്‍ ലുലുവിന് 18 വയസ്സ് തികഞ്ഞപ്പോള്‍ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പതിനെട്ടിന്റെ കളികള്‍ ഞാന്‍ അതില്‍ പറഞ്ഞിരുന്നു. പതിനെട്ട് തികഞ്ഞാല്‍  പ്രധാനമായും ലഭിക്കുന്ന അവകാശങ്ങള്‍ ഇവയൊക്കെയാണ്.

1. ബാങ്ക് അക്കൌണ്ട് തുടങ്ങല്‍ 
2. വോട്ടവകാശം .
3. ലൈസൻസ് .
4. വിവാഹം.

       കുഞ്ഞായിരിക്കുമ്പോഴേ തുടങ്ങിയ ലുലുവിന്റെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൌണ്ട്, 18 തികഞ്ഞ ഉടനെ മേജര്‍ ആക്കി മാറ്റി. അതോടെ അവള്‍ക്ക് എ.ടി.എം കാര്‍ഡും കിട്ടി. ഇപ്പോള്‍ ആ അക്കൌണ്ടിലെ പണമിടപാടുകള്‍ സ്വയം ചെയ്യുന്നു.

         18 തികഞ്ഞ ഉടനെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ ഞാന്‍ മോളോട് പറഞ്ഞു. അപേക്ഷിച്ച പ്രകാരം കാര്‍ഡ് പെട്ടെന്ന് തന്നെ കിട്ടുകയും ചെയ്തു. പക്ഷെ ഒരു തെരഞ്ഞെടുപ്പ് വരാന്‍ 2019 വരെ കാത്തിരിക്കേണ്ടി വന്നു. സ്ഥാനാര്‍ത്ഥിയായി കിട്ടിയത് രാജ്യത്തെ തന്നെ താരസ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയെയും ! അങ്ങനെ കന്നി വോട്ടും ചെയ്തു.

          18 തികഞ്ഞാല്‍ ആണ്‍കുട്ടികള്‍ ആദ്യം കണ്ണു വയ്ക്കുന്നത് ലൈസന്‍സിലാണ്. റ്റു വീലറ് നിര്‍ബന്ധമായും ഫോര്‍ വീലര്‍ ഒപ്ഷനലായും ഇന്നത്തെ എല്ലാ ആണ്‍കുട്ടികളും സ്വപ്നം കാണുന്നുണ്ട്. എന്റെ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ഞാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും അവള്‍ തെന്നിമാറി. ഞാന്‍ തന്നെ ഡ്രൈവിംഗ് പഠിച്ചത് മുപ്പത്തി അഞ്ചാം വയസ്സിലോ മറ്റോ ആണ്. പെണ്ണാണെങ്കിലും 18 തികഞ്ഞാല്‍ മക്കളെക്കൊണ്ട് ലൈസന്‍സ് എടുപ്പിക്കണം എന്ന് മനസ്സില്‍ ഞാന്‍ അന്നേ കുറിച്ചിട്ടിരുന്നു. ഇപ്പോള്‍ അതും സഫലമായി. ലുലു ഇന്നലെ റ്റൂ വീലര്‍ ലൈസന്‍സിനും ഫോര്‍ വീലര്‍ ലൈസന്‍സിനും അര്‍ഹയായി - അല്‍ഹംദുലില്ലാഹ്. എനിക്ക് റ്റൂ വീലര്‍ അറിയാത്തതിനാല്‍ എന്റെ വീട്ടിലെ ആദ്യ റ്റൂ വീലര്‍ ലൈസന്‍സി കൂടിയായി ലുലു മോള്‍.

           പെണ്‍‌കുട്ടികളെ സംബന്ധിച്ചിടത്തോളം 18 കടന്നാല്‍ അടുത്തത് വിവാഹം ആണ്. പക്ഷെ അക്കാര്യത്തില്‍ ഞാന്‍ അല്പം പിന്നോട്ട് നില്‍ക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞിട്ട് മതി വിവാഹം എന്നാണ് എന്റെ ഇപ്പോഴത്തെ നിലപാട്. ദൈവം മറ്റെന്തെങ്കിലും വിധിച്ചാല്‍ അത് നടപ്പാവും.

          ദീര്‍ഘദൂര ഡ്രൈവിംഗില്‍ എന്നെ സഹായിക്കാന്‍ ഒരാളുണ്ടായ സന്തോഷം പങ്കുവയ്ക്കുന്നു.

Monday, December 16, 2019

ഒരു രൂപാ നോട്ട് വീണ്ടും !

         പതിവ് പോലെ കോഴിക്കോട്ടേക്കുള്ള സ്ഥിരം ബസ്സില്‍ കയറി ചാര്‍ജ്ജ് കൊടുത്ത് ബാക്കി വാങ്ങാനായി ഞാന്‍ കാത്തിരുന്നു. പതിവില്‍ നിന്ന് വിപരീതമായി കണ്ടക്ടര്‍ കീശയില്‍ കയ്യിട്ട് ഒരു നോട്ടെടുത്ത് എന്റെ നേരെ നീട്ടി. ഒരു നിമിഷം ഞാന്‍ എന്റെ ബാല്യകാലത്തേക്കും അന്നത്തെ അരീക്കോട് അങ്ങാടിയിലേക്കും ഊളിയിട്ടെത്തി. കാരണം കണ്ടക്ടര്‍ എനിക്ക് ബാക്കി തന്നത് ഒരു രൂപയുടെ നോട്ട് ആയിരുന്നു.

            വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായതും ഇപ്പോള്‍ എവിടെയും കാണാന്‍ പോലും കിട്ടാത്തതുമായ ഒരു രൂപയുടെ നോട്ട് ഞാന്‍ തിരിച്ചും മറിച്ചും നോക്കി. പുതിയ നോട്ട് തന്നെയാണ്. 2017ല്‍ അച്ചടിച്ചത്. 1994ല്‍ ആയിരുന്നു ഇതിന് മുമ്പ് അവസാനമായി ഒരു രൂപ നോട്ട് അച്ചടിച്ചിരുന്നത്. ഇപ്പോള്‍ ഇടക്കിടക്ക് ഈ നോട്ട് കിട്ടാറുണ്ട് എന്ന് കണ്ടക്ടര്‍ പറഞ്ഞു. എന്റെ ശേഖരത്തില്‍ പഴയ ഒന്ന് , രണ്ട്,അഞ്ച്,പത്ത്,നൂറ് രൂപാ നോട്ടുകള്‍ ഉണ്ട്. പക്ഷെ പുതിയത് കണ്ടപ്പോള്‍ വളരെ കൌതുകം തോന്നി.
              രൂപയുടെ ചിഹ്നം മാറിയിട്ടുണ്ട് എന്നല്ലാതെ ഒരു രൂപാ നോട്ടിന് മറ്റൊരു മാറ്റവും വന്നിട്ടില്ല. റിസര്‍വ് ബാങ്ക് അല്ല ഇപ്പോഴും ഒരു രൂപ നോട്ട് ഇറക്കുന്നത്. ഗവണ്മെന്റ് ഓഫ് ഇന്ത്യയാണ്. അതിനാല്‍ തന്നെ ഫിനാന്‍സ് സെക്രട്ടറിയുടെ ഒപ്പാണ് ഇപ്പോഴും നോട്ടില്‍ ഉള്ളത്. സാഗര്‍ സ‌മ്രാട്ട് ഓയില്‍ റിഗ് ആണ് അന്നും ഇന്നും നോട്ടിലെ ചിത്രം. 

             നാലാം ക്ലാസില്‍ പഠിക്കുന്ന മോളെ വിളിച്ച് ഞാന്‍ ഈ ഒരു രൂപ നോട്ട് കാണിച്ചു കൊടുത്തു. മേല്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. നേരിട്ട് കണ്ട് മനസ്സിലാക്കിയതിനാല്‍ അവളുടെ മനസ്സില്‍ ഈ വിവരങ്ങളില്‍ ചിലതെങ്കിലും കൊത്തി വച്ചിട്ടുണ്ടാകും എന്ന് തീര്‍ച്ച.

Saturday, December 14, 2019

മുറ്റത്തെ കൃഷ്ണനും അബൂബക്കറും

              കൃഷ്ണൻ മാഷും അബൂബക്കർ മാഷും കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ എന്റെ സഹപ്രവർത്തകരാണ്. മാത്രമല്ല രണ്ട് പേരും ‘നാടെവിടെയാ?’ എന്ന ചോദ്യത്തിന് മറുപടി നൽകാറ് അരീക്കോട് എന്നാണ്. പക്ഷെ രണ്ട് പേരും താമസിക്കുന്നത് അരീക്കോട് നിന്നും ഏതാനും കിലോമീറ്ററുകൾ അപ്പുറമാണ്.

               കൃഷിയിൽ അതീവ താല്പര്യമുള്ളവരാണ് രണ്ട് പേരും എന്നതും ഞങ്ങളെ പരസ്പരം അടുപ്പിക്കുന്നു. ലക്ഷദ്വീപ് യാത്രയിൽ എന്റെ കൂടെയുണ്ടായിരുന്ന അബൂബക്കർ മാഷ് അവസാന ദിവസം രണ്ട് ചാക്ക് ഒക്കത്ത് വച്ച് വന്ന ഓർമ്മ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ദ്വീപിലെ തെങ്ങിൻ തൈകൾ ആയിരുന്നു ആ ചാക്കിൽ ! കൃഷ്ണൻ മാഷാകട്ടെ , കോളേജിൽ ലഭിക്കുന്ന ഒഴിവ് സമയം വിനിയോഗിച്ച് കാമ്പസിൽ വാഴയും കപ്പയും നടും. സ്വന്തമായി പരിപാലിക്കും. വിളവെടുത്താൽ നോക്കി നിന്നവർക്കും അഭിപ്രായം പറഞ്ഞവർക്കും അടുത്ത് കൂടി പോയവർക്കും എല്ലാം ദാനം ചെയ്യുകയും ചെയ്യും !

                കൃഷ്ണൻ മാഷ് ഒരു തവണ കാമ്പസിൽ വാഴക്കന്ന് വയ്ക്കുമ്പോൾ , പതിവ് പോലെ ഞാനും അടുത്ത് കൂടി. നേന്ത്രവാഴക്കന്ന് ആയിരുന്നു വച്ച് കൊണ്ടിരുന്നത്. മിക്ക ദിവസങ്ങളിലും വീട്ടിലേക്ക് നേന്ത്രപ്പഴം വാങ്ങിയിരുന്ന എനിക്ക് അപ്പോൾ മനസ്സിൽ ഒരാശ ഉദിച്ചു. ഒരു കന്ന് വീട്ടിൽ കൊണ്ട് പോയി നട്ടാലെന്താ ? കൃഷ്ണൻ മാഷോട് വിവരം പറയേണ്ട താമസം ഒരു വാഴക്കന്ന് എനിക്ക് തന്നു.

                കന്ന് കൊണ്ട് വന്ന് തൊട്ടടുത്ത ശനിയാഴ്ച ഞാൻ അത് നട്ടു. മഴക്കാലം അല്ലാത്തതിനാൽ അവൻ പ്രതിഷേധത്തോടെ മൌനവ്രതം ആരംഭിച്ചു. വളർച്ചയും തളർച്ചയും ഇല്ലാതെയുള്ള ആ നില്പ് മാസങ്ങളോളം നീണ്ടു. വെള്ളത്തിന് ക്ഷാമം നേരിട്ടതിനാൽ ഞാൻ അവനെ അധികം ശ്രദ്ധിച്ചതും ഇല്ല. ബട്ട് , ഒരു ദിവസം അവൻ പിണക്കം മാറി വളർന്നുയരാൻ തുടങ്ങി.

               അതിനിടക്കാണ് ഞാൻ എന്നോ പറഞ്ഞ ഒരു വാക്കിന്റെ പിന്നാലെ കൂടി, അപ്രതീക്ഷിതമായി അബൂബക്കർ മാഷ് രണ്ട് കദളിവാഴത്തൈകൾ കൊണ്ട് വന്നത്. സ്നേഹപൂർവ്വം തന്ന ആ സമ്മാനവും മുറ്റത്ത് സ്ഥലമുണ്ടാക്കി ഞാൻ നട്ടു. അത്യാവശ്യം വളർന്ന തൈകളായിരുന്നതിനാൽ വേനൽ മഴ കിട്ടിയതോടെ കദളിയും കുതിക്കാൻ തുടങ്ങി. അങ്ങനെ കൃഷ്ണനും അബൂബക്കറും മുറ്റത്തെ അയൽ‌വാസികളായി.

               ഒരു ദിവസം അപ്രതീക്ഷിതമായി കൃഷ്ണൻ ഇല ഒടിച്ചു. അടുത്ത ദിവസങ്ങളിൽ കൃഷ്ണൻ ബാക്കി ഇലകളും വാട്ടാൻ തുടങ്ങി. അവസാനം സ്വന്തം ശരീരവും പൊളിച്ച് കാട്ടി. താമസിയാതെ മുറ്റത്തെ എന്റെ കൃഷ്ണൻ എന്നെ വിട്ട് പിരിഞ്ഞു. പുതിയ കുഴി കുത്തി ഞാൻ പുതിയ കൃഷ്ണനെയും കാത്തിരിക്കുകയാണ് ഇപ്പോൾ. നേന്ത്ര തന്നെ വേണം എന്നതിനാൽ കുഴി ഇപ്പോഴും കാലിയാണ്.

               അബൂബക്കർമാർ രണ്ടും പുതിയ ഭൂമി കിട്ടിയ ആവേശത്തിലാണ്. കൃഷ്ണന് നൽകിയ പോലെ പച്ചപ്പുല്ലും , ചാണകപ്പൊടിയും, എല്ലുപൊടിയും, വെള്ളവും ഒപ്പം സ്നേഹത്തോടെയുള്ള  തലോടലും നൽകി അവരെ രണ്ടു പേരെയും ഞാനും മക്കളും വളർത്തുന്നു. മുറ്റത്ത് നെഞ്ച് വിരിച്ച് നിൽക്കുന്ന കദളി വാഴകൾ , അബൂബക്കർ മാസ്റ്ററെ എന്നും എന്റെ മനസ്സിലേക്ക് എത്തിക്കുന്നു.

Monday, December 09, 2019

സൌഹൃദം പൂക്കുന്ന വഴികൾ - 7

             നാഷണൽ സർവീസ് സ്കീം എനിക്ക് നൽകിയ സൌഹൃദങ്ങളുടെ ആഴവും പരപ്പും ഇപ്പോഴും എനിക്ക് നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ള പല ബന്ധങ്ങളും സ്ഥിരമായി നിലനിർത്തുന്നത് കൊണ്ടാവാം ഒരു സ്ഥലത്ത് ചെന്ന് പെട്ടുപോകുമെന്ന് എനിക്ക് ഒരു പേടിയേ ഇല്ല.  നാഷണൽ സർവീസ് സ്കീമിനെപ്പോലെ സമാന്തര കലാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് സമൂഹ്യ സേവനാവസരം നൽകാനുദ്ദേശിച്ച് ആരംഭിച്ച സോഷ്യൽ സർവീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസർമാർക്കുള്ള പരിശീലന പരിപാടിയിൽ ഒരു ക്ലാസ് എടുക്കാൻ പെരുംമ്പാവൂരിനടുത്ത് വെങ്ങോലയിലെ സ‌മൃദ്ധി ഗ്രാമത്തിൽ എത്തിയതായിരുന്നു ഞാൻ.

               പിറ്റെ ദിവസം മോൾക്ക്, കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിൽ TIFR ന്റെ പി.ജി പ്രവേശന പരീക്ഷ ഉള്ളതിനാൽ സുഹൃത്ത് നിസാം സാറിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ഞാൻ മടങ്ങിയത്. അന്നവിടെ തങ്ങി എന്ന് മാത്രമല്ല തൊട്ടടുത്ത് തന്നെ താമസിക്കുന്ന ഡിഗ്രി സഹപാഠി ഖൈസിനെ വിവരമറിയിക്കുകയും ചെയ്തു. പിറ്റെ ദിവസം പ്രാതൽ തയ്യാറാക്കി , എന്നെയും തേടി ഖൈസ് നിസാം സാറെ വീട്ടിലെത്തി. അങ്ങനെ ഞാൻ ഖൈസിന്റെ പുതിയ വീട്ടിലെത്തി. ഡിഗ്രിക്ക് പഠിക്കുന്ന അന്ന് മുതലേയുള്ള അവന്റെ ഉമ്മയുമായുള്ള സൌഹൃദം പുതുക്കി. എന്റെ വീട്ടിലെ എല്ലാവരുടെയും പുതിയ വിവരങ്ങൾ ഉമ്മ അന്വേഷിച്ചറിയുകയും ചെയ്തു.
               വൈകിട്ട് അഞ്ച് മണിക്കേ എനിക്ക് കാലടിയിൽ എത്തേണ്ടതുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പാലാരിവട്ടത്ത് താമസിക്കുന്ന ഞങ്ങളുടെ രണ്ട് പേരുടെയും ക്ലാസ്‌മേറ്റ് ശ്രീജയെ പറ്റി ഖൈസ് പറഞ്ഞത്. എങ്കിൽ അവളെയും സന്ദർശിച്ച ശേഷം കാലടിയിലേക്ക് തിരിക്കാം എന്ന് ഞാൻ തീരുമാനിച്ചു. ശ്രീജയെ സന്ദർശിച്ച് തിരിച്ച് വന്ന് ഊണ് കഴിഞ്ഞ ശേഷം പോയാൽ മതിയെന്ന് ഖൈസ് പറഞ്ഞതനുസരിച്ച് ഞാൻ പ്ലാൻ മാറ്റി.

            ശ്രീജയുടെ പാലാരിവട്ടത്തെ വീടിനകത്ത് പ്രവേശിക്കുന്നത് വരെ മൂന്ന് വർഷം മുമ്പ് കണ്ട ഒരു മുഖമായിരുന്നു മനസ്സിൽ നിറഞ്ഞ് നിന്നിരുന്നത്. 1992ൽ ഡിഗ്രി കഴ്ഞ്ഞിറങ്ങുമ്പോഴുള്ള ശ്രീജയുടെ ചിത്രമേ ഖൈസിന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ.ശ്രീജയെ കണ്ട ഞാനും ഖൈസും ശരിക്കും ഞെട്ടി. മാസങ്ങളായി ബോൺ ടി.ബി എന്ന അസുഖം ബാധിച്ച് ശരീരം ഏറെ ശോഷിച്ച നിലയിൽ ഒരു വാക്കറിൽ താങ്ങി വന്ന ഷീജ തന്നെ അക്കാര്യം ചോദിക്കുകയും ചെയ്തു.

             ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ എത്തിയ സമയം വളരെ നല്ലതാണെന്ന് തോന്നി. കാരണം പ്രത്യേകിച്ച് ആരും സ്വന്തമെന്ന് പറയാനില്ലാത്ത ആ വലിയ പട്ടണത്തിൽ , എന്തെങ്കിലും എമെർജൻസി വന്നാൽ വിളിക്കാനും ഒരു കൈ സഹായം നൽകാനും ശ്രീജയുടെ കുടുംബത്തിന് ഒരാളുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഈ സന്ദർശനം സഹായകമായി എന്ന് അവളുടെ ഭർത്താവിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി. പണം എത്രയുണ്ടായാലും ആത്മാർത്ഥ സൌഹൃദങ്ങൾ നൽകുന്ന ആശ്വാസം അതൊന്ന് വേറെത്തന്നെ.

ജീവിതത്തിലെ മുൾപാതകൾ

             എന്റെ പഴയ ഒരു പത്താം ക്ലാസ് സഹപാഠിനിയുടെ ജീവിതകഥ കേട്ട് ഞാൻ ഞെട്ടിത്തരിച്ചിരുന്ന ഒരു ദിവസം കടന്നുപോയി. ജീവിതത്തിലെ മുൾപാതകൾ കടന്ന് ഇന്നവൾ പട്ടുമെത്തയിൽ കിടക്കുന്നു എന്ന് പറയാൻ എനിക്ക് ധൈര്യമില്ല. പക്ഷെ വന്ന വഴി ഓർക്കുന്നതോടൊപ്പം ഇനിയുള്ളവർക്ക് അങ്ങനെ ഒരു വഴി ഉണ്ടാകരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആ നല്ല മനസ്സിനെ ഹൃദയംഗമമായി ഞാൻ അഭിനന്ദിക്കുന്നു.

              പത്താം ക്ലാസ് എന്ന് പറയുന്നത് ഒരു ഒറിജിനൽ പത്ത് തന്നെ ആയിരുന്ന കാലം ഉണ്ടായിരുന്നു. ഗ്രേഡും മാർക്കും വാരിയും കോരിയും കൊടുക്കുന്ന കാലത്തിന് മുമ്പുള്ള ഒരു എസ്.എസ്.എൽ.സി കാലം. പത്താം ക്ലാസ് പാസാകാനുള്ള മിനിമം മാർക്കായ 210 ഒപ്പിക്കാൻ കുട്ടികൾ പെടാപാട് പെടുന്ന ഒരു കാലം. ജയിച്ചവരെക്കാളും തോറ്റവർ ഉണ്ടായിരുന്ന ഒരു പരീക്ഷാക്കാലം. റാങ്ക് കിട്ടിയ കുട്ടികളുടെ പോസ്റ്റ്കാർഡ് വലിപ്പത്തിലുള്ള ഫോട്ടോകൾ പത്രത്തിന്റെ ഒന്നാം പേജിൽ നിറഞ്ഞ് നിന്നിരുന്ന കാലം (മിക്കവരും കണ്ണട വച്ചവരായതിനാൽ കോത്താമ്പികൾ എന്നായിരുന്നു അവരെ വിളിച്ചിരുന്നത്).

              അങ്ങനെയുള്ള ഒരു കാലത്താണ് എന്റെ സഹപാഠിനിയുടെ തലയിൽ കുടുംബ ഭാരം കൂടി വീഴുന്നത്. ഉമ്മക്ക് പുറമെ നാല് അനിയത്തിമാരും കൂടി ഉണ്ടായിരുന്ന കുടുംബം പുലർത്താൻ ആ പത്താം ക്ലാസുകാരി അതിരാവിലെ എണീറ്റ് സമീപത്തുള്ള അടക്കാ കളത്തിലേക്ക് പായും. രണ്ടര മണിക്കൂറോളം അടക്ക പൊളിച്ചതിന് ശേഷം അതു വരെ ഇട്ടിരുന്ന വസ്ത്രം അലക്കി കുളിയും കഴിഞ്ഞ് യൂനിഫോമിട്ട് സ്കൂളിലേക്ക് പോകും. ഉച്ചക്ക് ഭക്ഷണം കഴിച്ചിരുന്നോ ഇല്ലേ എന്ന് അവൾ പറഞ്ഞില്ല. അത് മന:പൂർവ്വം മറന്നതായിരിക്കും. വൈകിട്ട് സ്കൂൾ വിട്ട് വീണ്ടും അടക്കാകളത്തിൽ എത്തി ആറര വരെ വീണ്ടും അടക്ക പൊളിക്കുന്ന പണി.

              സന്ധ്യയോടെ വീട്ടിലെത്തി യൂനിഫോം അലക്കിയിടും. ദേഹം കഴുകി രാവിലെ അലക്കിയിട്ട വസ്ത്രം വീണ്ടും ധരിക്കും. പിറ്റേ ദിവസവും ഇതേ പരിപാടി തുടരും. ധരിക്കാനുള്ളത് ഒറ്റ വസ്ത്രം മാത്രം. സ്കൂൾ യൂനിഫോമും ഒന്ന് മാത്രം. എല്ലാ ദിവസവും അലക്കി ഉണക്കി അത് തന്നെ ധരിക്കണം. ഇതിനിടയിൽ അനിയത്തിമാരുടെ ഓരോരോ ആവശ്യങ്ങൾ പൊങ്ങി വരും. ഇത്താത്ത എന്ന നിലയിൽ അത് നിറവേറ്റി കൊടുക്കാൻ, ഓരോ ദിവസവും കിട്ടുന്ന ഇരുപത്തഞ്ച് പൈസയും അമ്പത് പൈസയും പൊന്നുപോലെ ഒരുക്കി കൂട്ടിയ ആ കഥ കേട്ടപ്പോൾ എന്റെ മനസ്സ് പിടഞ്ഞു. ഈ പണി എടുക്കുന്നത് സ്വന്തം സഹപാഠിയുടെ പിതാവിന്റെ പറമ്പിനടുത്ത് ആയിരുന്നു എന്ന സത്യം അവളറിഞ്ഞത് , ഒരു ദിവസം ‘മുതലാളി’യായി സഹപാഠി തന്നെ വന്നപ്പോഴാണ് ! പിന്നീട് അപ്പുറത്തെ പറമ്പിൽ ‘മുതലാളി’ വരുന്ന ദിവസങ്ങളിൽ അവൾ പുറംതിരിഞ്ഞിരുന്ന് ജോലി ചെയ്ത് കുടുംബം പുലർത്തിയ ഈ കഥ കേൾക്കാൻ എന്റെ കൂടെ അന്നത്തെ ‘മുതലാളി’യും ഉണ്ടായിരുന്നു.

               സ്വന്തം അധ്വാനം കൊണ്ട് ഉന്നത വിദ്യാഭ്യാസം നേടി എന്റെ സഹപാഠിനി കടൽ കടന്നു. മോശമല്ലാത്ത ഒരു ജോലി സമ്പാദിച്ച് പത്ത് വർഷം പ്രവാസിയായി  കഴിഞ്ഞു. ഇതിനിടയിൽ സ്വന്തം കല്യാണവും അനിയത്തിമാരുടെ കല്യാണവും എല്ലാം ഭംഗിയായി നടത്തി. സർക്കാർ ജോലി ലഭിച്ചതിനാൽ പ്രവാസം നിർത്തി നാട്ടിലെത്തി. ഇടയിലെപ്പോഴോ ഭർത്താവ് പിരിഞ്ഞുപോയി. പക്ഷേ കനൽ‌പാതയിലൂടെയുള്ള ജീവിതം പഠിപ്പിച്ച പാഠങ്ങൾ ഉൾകൊണ്ട് അവൾ തളരാതെ മുന്നേറി. ഇന്ന് സ്വന്തം കാലിൽ നട്ടെല്ല് വിരിച്ച് നിവർന്ന് നിന്നുകൊണ്ട് കടന്നു വന്ന പാതകൾ അവൾ വ്യക്തമായി ഓർമ്മിക്കുന്നു. ഒപ്പം തന്റെ അനുഭവം മറ്റൊരാൾക്ക് ഉണ്ടാകരുത് എന്ന നിശ്ചയത്തോടെ ഞങ്ങളുടെ എസ്.എസ്.സി കൂട്ടായ്മക്ക് സാമ്പത്തികമായും ശാരീരികമായും പിന്തുണയും തരുന്നു.

              പ്രിയ സഹോദരീ... ജീവിതത്തിൽ ഇത്തരം പരീക്ഷണങ്ങൾ നേരിടാത്ത എനിക്ക് നിന്നെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. ഞാൻ നേടിയ എല്ലാ പുരസ്കാരങ്ങൾക്കും മേലെ നിന്റെ ജീവിതാനുഭവത്തെ ഞാൻ പ്രതിഷ്ഠിക്കുന്നു. അഭിനന്ദനങ്ങൾ എന്ന വാക്കിൽ ഒതുക്കാതെ അതിനെ ഞാൻ മനസ്സിൽ ബഹുമാനമായി സൂക്ഷിക്കുന്നു.

Tuesday, December 03, 2019

സന്തോഷ നിമിഷങ്ങൾ

            എനിക്ക് നാഷണൽ സർവീസ് സ്കീമിന്റെ ബാലപാഠങ്ങൾ ഓതി തന്നത് വകയിൽ എന്റെ  ഇക്കാക്കയായി തന്നെ വരുന്ന യൂസഫലി സാർ ആയിരുന്നു. അദ്ദേഹമായിരുന്നു എന്റെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന 87-89 കാലഘട്ടത്തിലായിരുന്നു അത്. പ്രീഡിഗ്രി രണ്ടാം വർഷ്ത്തിൽ എത്തിയപ്പോഴാണ് ആദ്യമായി ദശദിന ക്യാമ്പിൽ പങ്കെടുത്തത്. കോട്ടക്കലിനടുത്ത് സ്വാഗതമാട് ആയിരുന്നു ക്യാമ്പ്. ഉറങ്ങുന്നവർക്ക് താടിയും മീശയും വരക്കുകയും മറ്റും ചെയ്യുന്ന ചില ‘ഭീകര പ്രവർത്തനങ്ങളും’ ചില കലാപരിപാടികളും ഒരു റോഡ് വെട്ടിയതും ഒക്കെയാണ് ക്യാമ്പിനെപ്പറ്റി എന്റെ ഓർമ്മ.പിന്നീട് ഡോക്ടർമാരായി മാറിയ റിഷികേഷും സഫറുള്ളയും ആയിരുന്നു എന്റെ ക്ലാസിൽ നിന്നും ആ ക്യാമ്പിൽ പങ്കെടുത്തവർ.

                പ്രീഡിഗ്രി പാസായി ഫിസിക്സ് ഡിഗ്രിക്ക് ഞാൻ ഫാറൂഖ് കോളേജിൽ ചേർന്നു. അവിടെയും എൻ.എസ്.എസ് ൽ ഞാൻ അംഗമായി. എന്റെ മുൻ അനുഭവങ്ങളും ബാപ്പയുടെ പ്രേരണയും ഒക്കെ ആയിരിക്കാം അതിന് കാരണം. നിർഭാഗ്യവശാൽ എന്റെ ക്ലാസിൽ നിന്ന് ആരും തന്നെ എൻ.എസ്.എസ് ൽ ചേർന്നില്ല. ഇവിടെയും രണ്ടാം വർഷത്തിലോ അതോ മൂന്നാം വർഷത്തിലോ എന്നറിയില്ല, കോഴിക്കോട് കുറ്റിച്ചിറ എം.എം.ഹൈസ്കൂളിൽ നടന്ന ദശദിന ക്യാമ്പിൽ പങ്കെടുത്തു. എന്റെ ഗ്രൂപ്പിൽ നിന്നും മെസ്സിലേക്കുള്ള അംഗമായി തെരഞ്ഞെടുത്ത ദിവസം ചപ്പാത്തി വളരെ ഈസിയായി പലകയിൽ ഇട്ട് വട്ടം കറക്കി പരത്തി അന്ന് മാൻ ഓഫ് ദ് ഡെ ആയത് എന്റെ ഓർമ്മയിലുണ്ട്. വീട്ടിൽ പത്തിരിയും ചപ്പാത്തിയും പരത്തിയിരുന്ന എനിക്ക് അത് ഒട്ടും പ്രയാസമായി തോന്നിയിരുന്നില്ല എന്നതാണ് സത്യം.

               ഇക്കഴിഞ്ഞ ദിവസം ഞാൻ ആ രണ്ട് ഓർമ്മകളിലേക്കും ഒന്ന് കൂടി തിരിച്ചു പോയി. ഞാൻ വളണ്ടിയർ ആയി സേവനമനുഷ്ടിച്ച അതേ ഫാറൂഖ് കോളേജിലെ പുതിയ എൻ.എസ്.എസ് വളണ്ടിയർമാർക്ക് നാഷണൽ സർവീസ് സ്കീമിനെ പരിചയപ്പെടുത്തി അവരുടെ പ്രവർത്തനങ്ങൾക്ക് അടിത്തറ നൽകുക എന്ന കർമ്മം ഇത്തവണ ഏൽപ്പിച്ചത് എന്നെയായിരുന്നു. മുമ്പ് ഒരു തവണ ഫാറൂഖ് കോളേജിന്റെ സപ്തദിന ക്യാമ്പിലും മറ്റൊരു തവണ എൻ.എസ്.എസ് ന്റെ തന്നെ ഒരു പ്രോഗ്രാമിലും പങ്കെടുത്തിരുന്നു എങ്കിലും ഓറിയെന്റേഷൻ എന്ന അടിസ്ഥാന ശില ഇടാൻ എത്തിയത് ആദ്യമായിട്ടായിരുന്നു. സേവനമനുഷ്ടിച്ച യൂനിറ്റിലെ പുതു തലമുറക്കായി സേവനപാഠങ്ങൾ ചൊല്ലിക്കൊടുക്കുക എന്നത് മനസ്സിന് വലിയ സന്തോഷം തന്നു.
             2013ൽ നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് നാഷണൽ അവാർഡ് കിട്ടിയ ശേഷം മേൽ പറഞ്ഞ രണ്ട് കോളേജിലെയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് ഞാൻ എഴുത്ത് അയച്ചിരുന്നു - എനിക്ക് നാഷണൽ സർവീസ് സ്കീമിന്റെ ബാലപാഠങ്ങൾ ഓതി തന്ന കോളേജുകളിലെ കുട്ടികളുമായി സംവദിക്കാനുള്ള ഒരവസരം ചോദിച്ചുകൊണ്ട്. ആറ് വർഷം കഴിഞ്ഞ് എന്റെ അനിയന്റെ ഭാര്യ ഫാറൂഖ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയി വന്നപ്പോൾ എങ്കിലും ആ അവസരം ലഭിച്ചതിൽ വളരെ സന്തോഷം. എന്റെ പിൻ‌ഗാമികളായ വളണ്ടിയർമാർ ക്ലാസ് വളരെയധികം ആസ്വദിച്ചു എന്ന് അവരുടെ മുഖം വിളിച്ചോതുന്നത് കണ്ടു കൊണ്ടാണ് ക്ലാസ് കഴിഞ്ഞ് രാജാ ഗേറ്റിലൂടെ കാമ്പസിൽ നിന്നും പുറത്ത് കടന്നത്.
               ഈ അസുലഭ അവസരം ഒരുക്കിത്തന്ന ദൈവത്തിന് സ്തുതി.