Pages

Monday, December 30, 2019

അനുഭവമേ ഗുരു

               2019 ഡിസംബര്‍ 26ന് വേണ്ടി ലോകം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി എന്നെനിക്കറിയില്ല.മാസങ്ങള്‍ക്ക് മുമ്പെ തന്നെ വാട്‌സാപ്പില്‍ ഒരു സന്ദേശം വന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു - “ഒന്നര ലക്ഷം പേർ വയനാട്ടിലേക്ക് , പീടിക വരാന്തകൾ അടക്കം ബുക്ക്‌ഡ്‌“ . എനിക്കത് കിട്ടിയത് ഒരു കോൺഗ്രസ് കാരനിൽ നിന്നായതിനാൽ, മെസേജ് വായിക്കാതെ രാഹുലും പ്രിയങ്കയും കൂടി വയനാട്ടില്‍ വരുന്നുണ്ടാകും എന്ന് ഞാൻ ഊഹിച്ചു . പിന്നീടാണ് അത് ആകാശത്തെ ഒരു വിസ്മയം കാണാനുള്ളതാണെന്ന് മനസ്സിലായത്.

               ഡിസംബർ 26ന് വലയ സൂര്യഗ്രഹണം നടക്കും എന്നും, ലോകത്ത് തന്നെ അത് ഏറ്റവും വ്യക്തമായി കാണാൻ പറ്റുന്നത് വയനാട്ടിലെ കല്പറ്റയിൽ നിന്നാണെന്നും വാന ശാസ്ത്രജ്ഞർ പ്രവചിച്ചതനുസരിച്ച് ഡിസംബര്‍ 26ന് ജനങ്ങൾ വയനാട്ടിലേക്ക് ഒഴുകുന്നതിനെപ്പറ്റിയായിരുന്നു പ്രസ്തുത മെസേജ്. അമേരിക്കയുടെ NASA  അടക്കം നിരവധി രാജ്യങ്ങളുടെ വാന നിരീക്ഷണ സംവിധാനങ്ങൾ കല്പറ്റയിൽ അണി നിരക്കുകയും ചെയ്തു.

              വയനാട് എഞ്ചിനീയറിംഗ് കോളേജിന്റെ സുൽത്താൻ ബത്തേരിയിൽ വച്ച് നടക്കുന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പിൽ ഡിസംബർ 25ന് രാത്രി ക്ലാസ് എടുക്കാനുള്ളതിനാൽ പിറ്റേ ദിവസം നടക്കുന്ന വലയ സൂര്യഗ്രഹണം എനിക്കും കാണാം എന്ന് ഞാൻ പ്രതീക്ഷിച്ചു.

               എന്നാൽ ഡിസംബർ 26ന് കല്പറ്റയുടെ ആകാശം മേഘാവൃതമായി.. വർഷങ്ങളായി ഈ അപൂർവ്വ പ്രതിഭാസത്തെ വരവേൽക്കാൻ നിൽക്കുന്ന മനുഷ്യന്റെ മുഴുവൻ പ്രവർത്തനങ്ങളും ദൈവത്തിന്റെ ഒരു ചെറിയ ഇടപെടലിൽ വൃഥാവിലായി. സാങ്കേതിക വിദ്യ എത്ര കണ്ട് പുരോഗമിച്ചിട്ടും മേഘം തുളച്ച് കടന്ന് ദൃശ്യം കാണാനുള്ള സൌകര്യം പൊതുജനങ്ങൾക്ക് ലഭിച്ചില്ല. വലിയ വാർത്ത സൃഷ്ടിച്ച് കല്പറ്റയിൽ ഒത്ത് ചേർന്നവർ നിരാശരായപ്പോൾ തൊട്ടടുത്ത പട്ടണമായ മാനന്തവാടിയിൽ വ്യക്തമായി കാണുകയും ചെയ്തു !

              സുൽത്താൻ ബത്തേരിയിലായിരുന്ന എനിക്കും ഗ്രഹണം കാണാൻ സാധിച്ചില്ല. ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിനിടയിൽ ഗ്രഹണം നിരീക്ഷിക്കാം എന്നായിരുന്നു കരുതിയത്. ആശുപത്രിയിലെ സ്റ്റാഫും പരിചയക്കാരനുമായ അബിൻ ആഴ്ചകൾക്ക് മുമ്പെ വാങ്ങി വച്ച, ഗ്രഹണം നിരീക്ഷിക്കാനുള്ള സോളാർ ഫിൽറ്റർ കാണിച്ച് തരുകയും ചെയ്തു. സൂര്യനെ മറച്ച് ചന്ദ്രൻ വന്നതിന്റെ ലക്ഷണങ്ങൾ കണ്ടെങ്കിലും മേഘാവൃതമായ ആകാശത്ത് സൂര്യന്റെ തെളിച്ചം കണ്ടതേ ഇല്ല.

            8 മണി മുതല്‍ 11 മണി വരെ സമയമുള്ളതിനാൽ അതിനിടക്ക് എപ്പോഴെങ്കിലും ആകാശം തെളിയും എന്ന് ഞാന്‍ പ്രതീക്ഷിച്ചു.അതിനിടക്ക് ആശുപത്രിയിൽ വർക്ക് ചെയ്തുകൊണ്ടിരുന്ന ഒരു വളണ്ടിയർ തല കറങ്ങി വീണു.ഇടുങ്ങിയ ഒരു ഇരുമ്പ് ഗോവണി വഴി മാത്രം കയറിപ്പോകാവുന്ന തരം ഒരു ഹാളിലായിരുന്നു കുട്ടി വീണത്. ആയതിനാൽ പൊക്കിയെടുത്ത് താഴെ കൊണ്ടുവരാനും പ്രയാസം. തടിയിലും പൊക്കത്തിലും നല്ല സൈസ് ഉള്ള അബിൻ തന്നെ ആ കുട്ടിയെ ഒറ്റക്ക് പൊക്കിയെടുത്ത് സാവധാനം താഴെ എത്തിച്ചു. നെബുലൈസേഷൻ നൽകുന്നതിനിടയിൽ ചില അസ്വസ്ഥതകൾ കാണിച്ചതിനാൽ കുട്ടിയെ എത്രയും പെട്ടെന്ന് പുതിയ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.

             ഡ്രൈവറായ അബിൻ തന്നെ ആമ്പുലൻസ് എടുക്കാൻ ശ്രമിച്ചെങ്കിലും വണ്ടി സ്റ്റാർട്ട് ആയില്ല. അല്പ സമയം ഉന്തിയും തള്ളിയും സ്റ്റാർട്ട് ആക്കി സൈറൺ മുഴക്കി കൊണ്ട് ആമ്പുലൻസ് പുതിയ ബ്ലോക്കിലേക്ക് പാഞ്ഞു. കാഷ്വാലിറ്റിയിൽ നിരീക്ഷണത്തിനിടക്ക് കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ ഇ.സി.ജിയും എടുക്കേണ്ടി വന്നു. ഇതെല്ലാം കൂടി കഴിഞ്ഞപ്പോഴേക്കും ആകാശം നന്നായി തെളിഞ്ഞിരുന്നു. ഗ്രഹണ സമയം കഴിയുകയും ചെയ്തിരുന്നു.  കാലേകൂട്ടി വാങ്ങിവച്ച ഗ്രഹണ നിരീക്ഷണ ഫിൽറ്റർ അപ്പോഴും അബിനിന്റെ പോക്കറ്റിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.

              നാം എത്ര കണ്ട് പ്ലാന്‍ ചെയ്താലും ദൈവത്തിന്റെ ചില ഇടപെടലുകള്‍ എല്ലാം മാറ്റിമറിക്കും എന്ന് മനസ്സിലാക്കിത്തന്ന അനുഭവമേ ഗുരു.

6 comments:

Areekkodan | അരീക്കോടന്‍ said...

2019ലെ അവസാന പോസ്റ്റ്...മണ്മറയുന്ന വര്‍ഷത്തെ നൂറാം പോസ്റ്റും !

ആനന്ദ് ശ്രീധരം said...

അത് ശരിയാണ്.. നമ്മൾ വിചാരിക്കുന്നത് മാത്രം നടന്നാൽ പിന്നെ ജീവിതമുണ്ടോ.. അവിടെ അനിശ്ചിതത്വം ഉണ്ട്..അപ്രതീക്ഷിതം ഉണ്ട്...അപ്രവചനീയത ഉണ്ട്.. ഇതെല്ലാം ആ ശക്തിയുടെ കൈകളിൽ... പ്രപഞ്ചമെന്നോ ദൈവമെന്നോ വിളിക്കാവുന്ന സൃഷ്ടിയിൽ...

Areekkodan | അരീക്കോടന്‍ said...

ആനന്ദ്...അതെ, അതാണല്ലോ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്

Muralee Mukundan , ബിലാത്തിപട്ടണം said...

നാം എത്ര കണ്ട് പ്ലാന്‍ ചെയ്താലും ദൈവത്തിന്റെ ചില ഇടപെടലുകള്‍ എല്ലാം മാറ്റിമറിക്കും എന്ന് മനസ്സിലാക്കിത്തന്ന അനുഭവമേ ഗുരു.

Cv Thankappan said...

ഗ്രഹപ്പിഴത്തന്നെ....
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

തങ്കപ്പേട്ടാ...ഇതാണോ ഗ്രഹപ്പിഴ ?

Post a Comment

നന്ദി....വീണ്ടും വരിക