Pages

Monday, December 09, 2019

ജീവിതത്തിലെ മുൾപാതകൾ

             എന്റെ പഴയ ഒരു പത്താം ക്ലാസ് സഹപാഠിനിയുടെ ജീവിതകഥ കേട്ട് ഞാൻ ഞെട്ടിത്തരിച്ചിരുന്ന ഒരു ദിവസം കടന്നുപോയി. ജീവിതത്തിലെ മുൾപാതകൾ കടന്ന് ഇന്നവൾ പട്ടുമെത്തയിൽ കിടക്കുന്നു എന്ന് പറയാൻ എനിക്ക് ധൈര്യമില്ല. പക്ഷെ വന്ന വഴി ഓർക്കുന്നതോടൊപ്പം ഇനിയുള്ളവർക്ക് അങ്ങനെ ഒരു വഴി ഉണ്ടാകരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആ നല്ല മനസ്സിനെ ഹൃദയംഗമമായി ഞാൻ അഭിനന്ദിക്കുന്നു.

              പത്താം ക്ലാസ് എന്ന് പറയുന്നത് ഒരു ഒറിജിനൽ പത്ത് തന്നെ ആയിരുന്ന കാലം ഉണ്ടായിരുന്നു. ഗ്രേഡും മാർക്കും വാരിയും കോരിയും കൊടുക്കുന്ന കാലത്തിന് മുമ്പുള്ള ഒരു എസ്.എസ്.എൽ.സി കാലം. പത്താം ക്ലാസ് പാസാകാനുള്ള മിനിമം മാർക്കായ 210 ഒപ്പിക്കാൻ കുട്ടികൾ പെടാപാട് പെടുന്ന ഒരു കാലം. ജയിച്ചവരെക്കാളും തോറ്റവർ ഉണ്ടായിരുന്ന ഒരു പരീക്ഷാക്കാലം. റാങ്ക് കിട്ടിയ കുട്ടികളുടെ പോസ്റ്റ്കാർഡ് വലിപ്പത്തിലുള്ള ഫോട്ടോകൾ പത്രത്തിന്റെ ഒന്നാം പേജിൽ നിറഞ്ഞ് നിന്നിരുന്ന കാലം (മിക്കവരും കണ്ണട വച്ചവരായതിനാൽ കോത്താമ്പികൾ എന്നായിരുന്നു അവരെ വിളിച്ചിരുന്നത്).

              അങ്ങനെയുള്ള ഒരു കാലത്താണ് എന്റെ സഹപാഠിനിയുടെ തലയിൽ കുടുംബ ഭാരം കൂടി വീഴുന്നത്. ഉമ്മക്ക് പുറമെ നാല് അനിയത്തിമാരും കൂടി ഉണ്ടായിരുന്ന കുടുംബം പുലർത്താൻ ആ പത്താം ക്ലാസുകാരി അതിരാവിലെ എണീറ്റ് സമീപത്തുള്ള അടക്കാ കളത്തിലേക്ക് പായും. രണ്ടര മണിക്കൂറോളം അടക്ക പൊളിച്ചതിന് ശേഷം അതു വരെ ഇട്ടിരുന്ന വസ്ത്രം അലക്കി കുളിയും കഴിഞ്ഞ് യൂനിഫോമിട്ട് സ്കൂളിലേക്ക് പോകും. ഉച്ചക്ക് ഭക്ഷണം കഴിച്ചിരുന്നോ ഇല്ലേ എന്ന് അവൾ പറഞ്ഞില്ല. അത് മന:പൂർവ്വം മറന്നതായിരിക്കും. വൈകിട്ട് സ്കൂൾ വിട്ട് വീണ്ടും അടക്കാകളത്തിൽ എത്തി ആറര വരെ വീണ്ടും അടക്ക പൊളിക്കുന്ന പണി.

              സന്ധ്യയോടെ വീട്ടിലെത്തി യൂനിഫോം അലക്കിയിടും. ദേഹം കഴുകി രാവിലെ അലക്കിയിട്ട വസ്ത്രം വീണ്ടും ധരിക്കും. പിറ്റേ ദിവസവും ഇതേ പരിപാടി തുടരും. ധരിക്കാനുള്ളത് ഒറ്റ വസ്ത്രം മാത്രം. സ്കൂൾ യൂനിഫോമും ഒന്ന് മാത്രം. എല്ലാ ദിവസവും അലക്കി ഉണക്കി അത് തന്നെ ധരിക്കണം. ഇതിനിടയിൽ അനിയത്തിമാരുടെ ഓരോരോ ആവശ്യങ്ങൾ പൊങ്ങി വരും. ഇത്താത്ത എന്ന നിലയിൽ അത് നിറവേറ്റി കൊടുക്കാൻ, ഓരോ ദിവസവും കിട്ടുന്ന ഇരുപത്തഞ്ച് പൈസയും അമ്പത് പൈസയും പൊന്നുപോലെ ഒരുക്കി കൂട്ടിയ ആ കഥ കേട്ടപ്പോൾ എന്റെ മനസ്സ് പിടഞ്ഞു. ഈ പണി എടുക്കുന്നത് സ്വന്തം സഹപാഠിയുടെ പിതാവിന്റെ പറമ്പിനടുത്ത് ആയിരുന്നു എന്ന സത്യം അവളറിഞ്ഞത് , ഒരു ദിവസം ‘മുതലാളി’യായി സഹപാഠി തന്നെ വന്നപ്പോഴാണ് ! പിന്നീട് അപ്പുറത്തെ പറമ്പിൽ ‘മുതലാളി’ വരുന്ന ദിവസങ്ങളിൽ അവൾ പുറംതിരിഞ്ഞിരുന്ന് ജോലി ചെയ്ത് കുടുംബം പുലർത്തിയ ഈ കഥ കേൾക്കാൻ എന്റെ കൂടെ അന്നത്തെ ‘മുതലാളി’യും ഉണ്ടായിരുന്നു.

               സ്വന്തം അധ്വാനം കൊണ്ട് ഉന്നത വിദ്യാഭ്യാസം നേടി എന്റെ സഹപാഠിനി കടൽ കടന്നു. മോശമല്ലാത്ത ഒരു ജോലി സമ്പാദിച്ച് പത്ത് വർഷം പ്രവാസിയായി  കഴിഞ്ഞു. ഇതിനിടയിൽ സ്വന്തം കല്യാണവും അനിയത്തിമാരുടെ കല്യാണവും എല്ലാം ഭംഗിയായി നടത്തി. സർക്കാർ ജോലി ലഭിച്ചതിനാൽ പ്രവാസം നിർത്തി നാട്ടിലെത്തി. ഇടയിലെപ്പോഴോ ഭർത്താവ് പിരിഞ്ഞുപോയി. പക്ഷേ കനൽ‌പാതയിലൂടെയുള്ള ജീവിതം പഠിപ്പിച്ച പാഠങ്ങൾ ഉൾകൊണ്ട് അവൾ തളരാതെ മുന്നേറി. ഇന്ന് സ്വന്തം കാലിൽ നട്ടെല്ല് വിരിച്ച് നിവർന്ന് നിന്നുകൊണ്ട് കടന്നു വന്ന പാതകൾ അവൾ വ്യക്തമായി ഓർമ്മിക്കുന്നു. ഒപ്പം തന്റെ അനുഭവം മറ്റൊരാൾക്ക് ഉണ്ടാകരുത് എന്ന നിശ്ചയത്തോടെ ഞങ്ങളുടെ എസ്.എസ്.സി കൂട്ടായ്മക്ക് സാമ്പത്തികമായും ശാരീരികമായും പിന്തുണയും തരുന്നു.

              പ്രിയ സഹോദരീ... ജീവിതത്തിൽ ഇത്തരം പരീക്ഷണങ്ങൾ നേരിടാത്ത എനിക്ക് നിന്നെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. ഞാൻ നേടിയ എല്ലാ പുരസ്കാരങ്ങൾക്കും മേലെ നിന്റെ ജീവിതാനുഭവത്തെ ഞാൻ പ്രതിഷ്ഠിക്കുന്നു. അഭിനന്ദനങ്ങൾ എന്ന വാക്കിൽ ഒതുക്കാതെ അതിനെ ഞാൻ മനസ്സിൽ ബഹുമാനമായി സൂക്ഷിക്കുന്നു.

7 comments:

Areekkodan | അരീക്കോടന്‍ said...

പക്ഷേ കനൽ‌പാതയിലൂടെയുള്ള ജീവിതം പഠിപ്പിച്ച പാഠങ്ങൾ ഉൾകൊണ്ട് അവൾ തളരാതെ മുന്നേറി. ഇന്ന് സ്വന്തം കാലിൽ നട്ടെല്ല് വിരിച്ച് നിവർന്ന് നിന്നുകൊണ്ട് കടന്നു വന്ന പാതകൾ അവൾ വ്യക്തമായി ഓർമ്മിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

എ ബോൾഡ് വുമൺ ...!

Areekkodan | അരീക്കോടന്‍ said...

Muraliji...Yes, Really bold

Cv Thankappan said...

തളരാതെ നിശ്ചയദാർഡ്യത്തോടെ മുന്നേറിയാൽ വിജയം നിശ്ചയം!
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അതെ.ജീവിക്കുന്ന ഉദാഹരണമാണവള്‍

ഉസ്മാൻ said...

ആബിദ് ബായ്. കദനകഥ കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു. ഓരോ സഹപാഠിയുടെയും ഗ്രഹ സന്ദര്‍ശനം ഓരോ അദ്ധ്യായങ്ങളായി പുറത്ത് വരട്ടെ.

Areekkodan | അരീക്കോടന്‍ said...

ശരിക്കും ഓരോ സന്ദര്‍ശനത്തിലും അറിയുന്ന കാര്യങ്ങള്‍ കണ്ണ് നിറക്കും. ദൈവം കാക്കട്ടെ

Post a Comment

നന്ദി....വീണ്ടും വരിക