Pages

Saturday, April 25, 2020

ഇൻറർനെറ്റില്ലാ ലോകത്തെ ദാസനും വിജയനും

          ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചപ്പോൾ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ദാസനും വിജയനും.ദാസൻ സർക്കാർ ഗുമസ്തനും വിജയൻ കൂലിപ്പണിക്കാരനുമാണ്. ദാസൻ്റെ മകൻ നഗരത്തിലെ കോളജിലാണ് പഠിക്കുന്നത്. നടത്തത്തിനിടയിൽ അവർ പതിവ് സംസാരം തുടങ്ങി.

ദാസൻ: വിജയാ... ഇന്ന് മുതൽ ലോകത്തിന് പഴയ താളക്രമം ഉണ്ടായിത്തുടങ്ങും.

വിജയൻ: അതെന്താ? ലോക്ക് ഡൗൺ ഇളവ് കൊണ്ടോ?

ദാസൻ: അല്ല. ഇന്ന് മുതൽ ഇൻറർനെറ്റ് സേവനം ഇല്ലാതാവുകയാണ്. അതോടെ ലോകം തന്നെ ലോക്ക് ഡൗൺ ആകും.

വിജയൻ: അതെന്ത് നെറ്റാ ദാസാ..?

ദാസൻ: അത്... അതിപ്പം എങ്ങനാ പറഞ്ഞ് തരാ ...? ഒരു മിനുട്ട് ... ഒന്ന് ഗൂഗിൾ ചെയ്യട്ടെ... ( ഫോൺ എടുത്തതും) അയ്യോ... നെറ്റ് സേവനം ഇല്ലല്ലോ?

വിജയൻ: ഓ എനിക്ക് മനസ്സിലായി. ഫോണിൽ വാട്സാപ്പും ഫേസ്ബുക്കും നോക്കുന്നതല്ലേ ഇൻ്റർനെറ്റ്?

ദാസൻ: ആ... അങ്ങനെയെങ്കിൽ അങ്ങനെ .. വാട്സാപ്പും ഫേസ് ബുക്കും ഇല്ലാത്ത ജീവിതം... ഉപ്പില്ലാത്ത കഞ്ഞി പോലെയായിരിക്കും.

വിജയൻ: വാട്സാപ്പും ഫേസ്ബുക്കും ഇല്ലാതെയല്ലേ നിൻ്റെ മാതാപിതാക്കൾ നിന്നെ ഇത്രേം വളർത്തിയത്? അവർ നിന്നെ ശ്രദ്ധിച്ച പോലെ നിനക്ക് നിൻ്റെ മകനെ നോക്കാൻ സാധിക്കുന്നുണ്ടോ ഇപ്പോൾ? ഇതില് തോണ്ടി തോണ്ടി മനുഷ്യരുടെ ചൂണ്ട് വിരലിൻ്റെ ആകൃതി പോലും മാറിയില്ലേ?

ദാസൻ: അത് പറഞ്ഞപ്പഴാ ഓർത്തത്. മകൻ ഇന്ന് വിളിച്ചിരുന്നു. വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കാനുണ്ടത്രേ... ആ പുസ്തകം ലൈബ്രറിയിൽ ഉണ്ടോന്നറിയാൻ ഇനി അവിടെ നേരിട്ട് പോകുക തന്നെ വേണം പോലും. ഇൻറർനെറ്റില്ലാത്തതിൻ്റെ ദുരിതം.

വിജയൻ: ആ... അതോണ്ട് ഒരു നടത്തം കിട്ടിയില്ലേ? മാത്രമല്ല, ആവശ്യമുള്ള പുസ്തകം തിരയുന്നതിനിടക്ക് വേറെ വല്ല നല്ല പുസ്തകോം ശ്രദ്ധയിൽ പെട്ടാലോ?

ദാസൻ: അത് ശരിയാണല്ലാ! ഇനി ഇന്ന് അവൻ എങ്ങനെയെത്തും എന്നാ പിടി കിട്ടാത്തത്. ബസ് സമയം നെറ്റിൽ നോക്കി ഉറപ്പാക്കിയായിരുന്നു അവർ വരാറ്. ഇനിയിപ്പോ...?

വിജയൻ: ഇത് തന്നെയാ പ്രശ്നം.. നമ്മുടെ പല കഴിവുകളും നീ പറഞ്ഞ ഇൻ്റർനെറ്റിലൂടെ നഷ്ടമായി.നഗരത്തിലെ സ്റ്റാൻ്റിൻ്റെ ചുമരിൽ ബസ് സമയം മുഴുവൻ എഴുതി വച്ചത് നീയും ശ്രദ്ധിച്ചിട്ടില്ലേ? നമ്മുടെ കാഴ്ചയും ചിന്തയും ഒക്കെ ചുരുങ്ങിപ്പോയത് ഇപ്പോൾ മനസിലായോ?

ദാസൻ: ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നാത്തത് എന്തുകൊണ്ടായിരുന്നു വിജയാ?

വിജയൻ: ഓരോന്നിനും അതിൻ്റേതായ സമയം ഉണ്ട് ദാസാ... എല്ലാം വിരൽത്തുമ്പിൽ കിട്ടിയപ്പോ നമ്മൾ ചുറ്റുപാടും മറന്നു. നമ്മുടെ തലച്ചോറിന് വിശ്രമം നൽകി. ഒന്നും ഓർമ്മിച്ച് വയ്ക്കാതായി. നിൻ്റെ മോൻ്റെ മൊബൈൽ നമ്പർ നീ ഒന്ന് പറഞ്ഞെ...

ദാസൻ: അത്... അത് ... അവന് രണ്ട് മൂന്ന് നമ്പർ ഉണ്ട്. അതോണ്ട് എനക്കറിയില്ല.

വിജയൻ: ഹ ഹ ഹാ.. അത് തന്നെയാ പറഞ്ഞത്. അങ്ങനെയുള്ളവരൊക്കെ ഇനി കഷ്ടപ്പെടും.അവർ ലോകം അറിയാൻ പോകുന്നത് ഇന്ന് മുതലായിരിക്കും.

ദാസൻ: വിജയാ... നീ ഇന്ന് ഒന്നല്ല, ഒരു പാട് പാഠങ്ങൾ എന്നെ പഠിപ്പിച്ചു. ഇന്നത്തെ പ്രാതൽ എൻ്റെ വീട്ടിലാക്കാം.. ഞാൻ സ്നിഗ്ഗിയിലേക്ക് ഒരു ഓർഡർ കൊടുക്കട്ടെ...

വിജയൻ: അതെന്താ സ്നിഗ്ഗി?

ദാസൻ: ഭക്ഷണം വിതരണം ചെയ്യുന്നവരാ.. ഓൺലൈനിൽ ഓർഡർ ചെയ്താ മതി.

വിജയൻ: എടാ പൊട്ടാ... അതിനും വേണ്ടേ നീ നേരത്തെ പറഞ്ഞ ആ വല... വാ.... നമുക്ക് മയമാക്കാൻ്റെ ചായക്കടയിൽ നിന്ന് ഓരോ കട്ടനടിച്ച് പിരിയാം.


Tuesday, April 21, 2020

ഒരു പെണ്ണ് കാണൽ കഥ.

          പത്താം ക്ലാസിൽ ഒന്നാം തരം തോൽവി നൂറ് ശതമാനം ഉറപ്പിച്ചതിനാൽ നേരത്തെ തന്നെ കാദർ പാസ്പോർട്ട് റെഡിയാക്കി വച്ചിരുന്നു. മലബാറിലെ സാധാരണ മുസ്ലിം കുടുംബത്തിലെ പതിവ് ആചാരപ്രകാരം പത്താം ക്ലാസ് തോറ്റാൽ അടുത്തത് ഗൾഫിലേക്കുള്ള പറക്കലായിരുന്നു. കാദറും ഈ ആചാരം തെറ്റിച്ചില്ല. മൂന്ന് വർഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയപ്പോഴേക്കും വയസ്സ് കല്യാണപ്രായത്തിൻ്റെ ബൗണ്ടറി കടന്നത് കാദറും വീട്ടുകാരും തിരിച്ചറിഞ്ഞു. ഗൾഫിൽ നിന്ന് വന്ന, കല്യാണം കഴിക്കാത്ത പയ്യൻമാരുടെ വീടിന് ചുറ്റും ബ്രോക്കർമാർ വട്ടമിട്ട് പറക്കുന്ന കാലമായതിനാൽ ലാൻ്റിംഗിൻ്റെ രണ്ടാം ദിവസം തന്നെ കാദറിന് പെണ്ണ് കാണാൻ പോകേണ്ടി വന്നു.

പേടി ഇല്ലെങ്കിലും ഉള്ളിലെന്തോ ഒരു മാന്തൽ ഉള്ളതിനാൽ സമപ്രായക്കാരനായ, അമ്മാവൻ്റെ മകനെയും കൂട്ടാൻ കാദർ തീരുമാനിച്ചു. പെണ്ണ് കാണൽ അവനും ഒരു എക്സ്പീരിയൻസ് ആകുമല്ലോ എന്ന കാദറിൻ്റെ ടോം സൊയർ ട്രിക്കിൽ അവൻ വീണു.

അങ്ങനെ കാദറും ഖാദറും (അതായിരുന്നു അമ്മാവൻ്റെ മകൻ്റെ പേര്) കുളിച്ചൊരുങ്ങി ബ്രോക്കർ പോക്കർ പറഞ്ഞ വീടിന് മുന്നിലെത്തി.

"നീ മുന്നിൽ നടക്ക്'' കാദർ ഖാദറിനോട് പറഞ്ഞു.

" പെണ്ണ് കെട്ടുന്നത് നീയാ.. നീ നടക്ക് ..."

" അത് തന്ന്യാ ഞാനും പറഞ്ഞത്. ഇന്നത്തെ VIP ഞാനാ... നീ കണ്ടിട്ടില്ലേ മന്ത്രിൻ്റ മുന്നിൽ പോലിസ് വണ്ടി എസ്കോർട്ട് പോണത്. അത് പോലെ നീ മുന്നിൽ ഞാൻ പിന്നിൽ '''

"പൊട്ടാ... എസ്കോർട്ട് ന്ന് പറഞ്ഞാ തന്നെ പിന്നിലാ.. "

"ആ അങ്ങനാണെങ്കി ഞമ്മക്ക് രണ്ടാൾക്കും ഒപ്പം നടക്കാം ..‌ " ജാള്യത മാറ്റാൻ കാദർ പറഞ്ഞു.

" അസ്സലാമലെക്കും" കോലായിലിരുന്ന വൃദ്ധൻ്റെ നേരെ കാദർ സലാം പറഞ്ഞു.

"വലൈക്കു മുസ്സലാം.. ആരാ...?"

'ങേ!! സ്വന്തം വീട്ടിൽ പെണ്ണ് കാണാൻ വരുന്നത് അറിയാത്ത ഈ കിഴവൻ ആരാണാവോ?' കാദർ ആത്മഗതം ചെയ്തു.

" ഞാൻ കാദർ...ഇവൻ ഖാദർ " കാദർ പരിചയപ്പെടുത്തി.

"ഓ... കാദറാനി"

" കാദറാലി അല്ല ... കാദർ & ഖാദർ‌"

"ആ... എന്താ വേണ്ടത്?"

"ഞങ്ങള്'... ഞങ്ങള്.. പെണ്ണന്വേഷിച്ച് .." കാദർ പറഞ്ഞൊപ്പിച്ചു.

"ഓ... മടയിൽ കയറി തെരയാൻ വന്നതാ ല്ലേ... പോക്കരേ...പോക്കരേ... " വൃദ്ധൻ നീട്ടി വിളിച്ചപ്പോൾ ബ്രോക്കർ പോക്കർ ഇറങ്ങി വന്നു.

"അയ്യടാ.." വീട് മാറിപ്പോയത് അപ്പോഴാണ് കാദർ തിരിച്ചറിഞ്ഞത്.

" ഇന്നലെ ഞാൻ കൃത്യായി പറഞ്ഞതല്ലേ... പിന്നെന്തിനാ ഇങ്ങട്ട് കേറി ബന്നത്?'

" ഈ വഴിം ഇങ്ങള് കൃത്യായി പറഞ്ഞ് തന്നതല്ലേ ... ടെൻഷനിൽ അങ്ങട്ടുമിങ്ങട്ടും മാറിപ്പോയി"

"ആ... കൊയപ്പം ല്ല... അതാ... ആ രണ്ടാമത്തെ വീട്ടിൽ ഒരാളുണ്ട് ... ഇവിടം വരെ വന്ന സ്ഥിതിക്ക് കണ്ട് പോകാം.. ഒരു പക്ഷേ ഒത്താൽ ...? "

"ങാ.. ഒത്താലൊരു പോത്ത്, പോയാലൊരു ഓത്ത് " കാദർ പറഞ്ഞു.

"അതെന്നെ " ഒന്നും മനസ്സിലായില്ലെങ്കിലും ഖാദർ പിന്താങ്ങി.

"ങേ... അതെന്താ പറഞ്ഞത്?" പോക്കറിന് കാര്യം മനസ്സിലായില്ല

" അത് മലയാളത്തിലെ ഒരു കടംകഥയാ.. പത്താം ക്ലാസ് പാസായവർക്കേ തലേല് കേറൊള്ളു. വാ പോകാ...''

കാദർമാരും ബ്രോക്കർ പോക്കരും പെണ്ണിൻ്റെ വീട്ടുമുറ്റത്തെത്തി.പോക്കരെ കണ്ടതും ഗൃഹനാഥന് കാര്യം മനസ്സിലായി. മൂന്ന് പേരെയും സ്വീകരിച്ചിരുത്തി.

"മാളോ ... ഇപ്പം കൊണ്ടോയ ആ ചായങ്ങട്ട് എട്ത്താ..." ഗൃഹനാഥൻ അകത്തേക്ക് വിളിച്ച് പറഞ്ഞു.

"ങേ! " ഞെട്ടിക്കൊണ്ട് കാദർ പോക്കരിൻ്റെ മുഖത്തേക്ക് നോക്കി.

" അതേയ്... ഇവിടെ ഹോമിയോ ഗുളിക തിന്ന്ണ മാതിരിയാ കാണാൻ വരവ്... ഒന്ന് വീതം രണ്ട് മണിക്കൂർ ഇടവിട്ട്.. '' പോക്കർ പറഞ്ഞ് കഴിയും മുമ്പ് നല്ല തടിയും വണ്ണവുമുള്ള ഒരു സ്ത്രീ ചായയുമായി വന്നു.

"ഞാനിപ്പം വരാ ... ചായ അവടെ കൊട്..." പോക്കരിനെ ചൂണ്ടിപ്പറഞ്ഞ് കൊണ്ട് കാദർ പുറത്തിറങ്ങി ഓടി അല്പം ദൂരെ ചെന്ന് മറഞ്ഞ് നിന്നു.

ചായയും കുടിച്ച് ഖാദറിനോട് തൻ്റെ ബ്രോക്കർ ചരിത്രവും വിട്ട് മടങ്ങി വരുന്ന പോക്കറിൻ്റെ മുന്നിലേക്ക് കാദർ എടുത്തു ചാടി . അന്തം വിട്ട് നിന്ന പോക്കറിൻ്റെ മുഖത്ത് "ടപേ്" ഒന്ന് പൊട്ടി.

"മേലാൽ ഇപ്പണി ആരോടും ചെയ്യര്ത്.." കാദർ പറഞ്ഞു.

"എന്ത്? ബ്രോക്കർ പണിയോ?" മുഖം തടവിക്കൊണ്ട് പോക്കർ ചോദിച്ചു.

"അല്ല .. പെണ്ണ് കെട്ട്ണത് ഞാനാ... എൻ്റെ വല്യപ്പയല്ല.. "

"ആ.. അതിന്?''

' അയിന് ൻ്റെ ബയസും ഓളെ ബയസും കൂട്ടിക്കിയിച്ചാ ഇനിക്ക് കണക്കില് കിട്ട്യ മാർക്കേ കിട്ടാൻ പാടുള്ളൂ. .. ഇന്നെ ഒക്കത്ത് ബെക്ക്ണ പെണ്ണും ഇനിക്ക് ഒക്കത്ത് ബെക്കാൻ പറ്റണ പെണ്ണും ഞമ്മക്ക് മാണ്ടാ.. ബാ... മതി ഈ പെണ്ണ് കാണൽ... കല്യാണം ഞ്ഞി അട്ത്തെ ബെരവ്നാക്കാം...''

(NB: രണ്ടാം വരവിന് അപ്രതീക്ഷിതമായി കണ്ട പെൺകുട്ടിയെ കല്യാണം കഴിച്ച് കാദർ ഇപ്പോൾ സുഖമായി ജീവിക്കുന്നു)

Sunday, April 19, 2020

ഒരു കത്തിൻ്റെ കഥ

കാത്തിരിപ്പിൻ്റെ മുഷിപ്പിലായിരുന്നു അല്ലേ? വൈകി എത്തിയതിൽ ക്ഷമ ചോദിക്കുന്നു. വെറുതെ വൈകിയതല്ല. പല കാരണങ്ങളാൽ യാത്ര മുടങ്ങിപ്പോയി.

ആദ്യത്തെ തവണ ഞാൻ വീട്ടീന്ന് പുറപ്പെട്ടായിരുന്നു. അപ്പഴാ നമ്മുടെ ട്രമ്പത്തി പറഞ്ഞത് - തൻ്റെതല്ലാത്ത കാരണത്താൽ ഗീതേച്ചി നാട് വിടാന്ന്. തല്ക്കാലം എൻ്റെ യാത്രാ പ്ലാൻ മാറ്റാനും പറഞ്ഞു. ട്രമ്പത്തി പറഞ്ഞാ പിന്നെ ഇന്ത്യാ രാജ്യത്ത് അനുസരിക്കാതിരിക്കാൻ പറ്റോ? ഞാൻ തിരിച്ച് കയറി.

പിന്നെയും ഞാൻ വീട്ടീന്നിറങ്ങി. കേരളത്തിലെ ഒരു മഹാനഗരത്തിലെ ചുവന്ന പെട്ടിയിൽ ആദ്യരാത്രി കഴിച്ച് കൂട്ടി. എൻറ കൂടെ രണ്ടാണുങ്ങൾ ഉണ്ടായിരുന്നതിനാൽ ആ രാത്രിയിൽ ഞാൻ രക്ഷപ്പെട്ടു - അവർ തമ്മിൽ തർക്കിച്ച് നേരം വെളുത്തു ന്ന് !! പിറ്റേന്ന് അവർ അവരുടെ വഴിക്കും ഞാൻ എൻ്റെ വഴിക്കും പോയി. അവർ രണ്ട് പേരും ലക്ഷ്യത്തിലെത്തി ന്ന് കേട്ടു. ബട്ട് ഞാൻ ഒരു ഓണം കേറാ മൂലയിലെ ഓഫീസിൽ കുടുങ്ങിപ്പോയി. പെറ്റമ്മയുടെ പേരില്ലായിരുന്നെങ്കിലും പോറ്റമ്മയുടെ പേര് എൻ്റെ നെഞ്ചിൽ തന്നെ കൊത്തിവച്ചിരുന്നു. അവിടെയും ആൺക്കോയ്മ പത്തി വിടർത്തി. പോറ്റമ്മയുടെ ഭർത്താവിൻ്റെ പേര് എഴുതീട്ടില്ല പോലും !! സ്ഥലത്തെ പ്രധാന ദിവ്യയായിട്ടും കെട്ട്യോൻ്റെ പേര് നിർബന്ധാ ത്രെ. ഇതെന്തൊരു നാടാ? എന്നിട്ട് ഒരു കുറ്റവും ചെയ്യാത്ത എന്നെപ്പിടിച്ച് ഒരു മുറിയിൽ ക്വാറൻ്റയിനിൽ ഇട്ടിരിക്കുകയാ.. സാരം ല്യ... ഇപ്പോൾ കൊറോണ കാരണം നിങ്ങളാരും പുറത്തിറങ്ങുന്നില്ല എന്ന് ഞാൻ കേട്ടു. സ്വാതന്ത്ര്യത്തിൻ്റെ വില ഇപ്പോൾ നിങ്ങൾക്കും മനസ്സിലായില്ലേ?

ലോക്ക് ഡൗൺ കാലത്ത് തടവ് കാരെ മോചിപ്പിക്കുന്ന ഒരു പരിപാടി നടക്കുന്നതറിഞ്ഞ് ഞാനും ഒരപേക്ഷ കൊടുത്തു. അങ്ങനെ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി ഞാൻ ഇന്ന് മൂന്നാം തവണ യാത്ര പുറപ്പെടുകയാണ്. ഇനി ഒരു പെട്ടിയിലും കയറിച്ചെല്ലാൻ പറ്റില്ല. നോൺ സ്റ്റോപ്പായി പറക്കണം എന്നാ ഒരു നിർദ്ദേശം. പുതിയ പോറ്റമ്മ എവിടാണെങ്കിലും ആകാശവും കടലും താണ്ടി ഞാൻ ഗീതേച്ചിയെ കണ്ടെത്തും. അതിന് മുമ്പ് ട്രമ്പത്തിയെ കണ്ട് അനുഗ്രഹം വാങ്ങണം. പിന്നെ എൻ്റെ റൂട്ട് മാപ്പ് ഒരു കാരണവശാലും പുറത്ത് വിടാൻ പാടില്ല എന്ന് ഞാൻ ട്രമ്പത്തിയോട് പറഞ്ഞിട്ടുണ്ട്. കാരണം ഇനിയും ഇരുണ്ട പെട്ടിക്കകത്ത് ചടഞ്ഞിരിക്കുന്നതിലും ഭേദം കൊറോണ പിടിപെട്ട് ചാകുന്നത് തന്നെയാ... പക്ഷെ ട്രമ്പത്തിക്ക് ഒരു കട്ടൻ ചായ ഓഫർ ചെയ്താൽ റൂട്ട് മാപ്പ് കിട്ടും. അത്രയും പാവാ...

അപ്പോ ഇരു കയ്യും നീട്ടി എന്നെ സ്വീകരിക്കണ്ട. Keep distance... wash your hands regularly ... നാം അതിജീവിക്കും.

എന്ന്
സ്നേഹ പൂർവ്വം
(ഞാൻ )

Saturday, April 18, 2020

വെളുത്ത പതയിലെ കറുത്ത പൊട്ടുകൾ

24 വർഷം കാറ്റിൽ നിന്നും മഴയിൽ നിന്നും വെയിലിൽ നിന്നും എല്ലാം എന്നാലാവും വിധം ഞാൻ അതിനെ സംരക്ഷിച്ചു.എങ്കിലും കാറ്റും മഴയും വെയിലും കൊണ്ടിട്ടില്ല എന്ന് ഞാൻ പറയില്ല. പലരും പലതും പറഞ്ഞ് കളിയാക്കി. മെലിഞ്ഞൊട്ടിയ പ്രകൃതി ആയിരുന്നു ആദ്യകാലത്ത് എല്ലാവരും ചൂണ്ടിക്കാണിച്ച പോരായ്മ. വളർന്ന് വരുമ്പോൾ ശരിയാകും എന്ന് കരുതി ഞാൻ അത് മൈൻ്റ് ചെയ്തില്ല.

വളർന്ന് വരുംതോറും നിറവും മാറാൻ തുടങ്ങിയതോടെ കളിയാക്കലുകളുടെ കാഠിന്യമേറി. നേരെ മുഖത്ത് നോക്കി കളിയാക്കാൻ പലരും ധൈര്യം കാട്ടി. എൻ്റെ കഴിവിൻ്റെ പരമാവധി സംരക്ഷിച്ചിട്ടും എൻ്റെ പരിധിക്ക് പുറത്തായതിനെ എങ്ങനെ തടുക്കാനാ.. അതിനാൽ അതും ഞാൻ സഹിച്ചു.

അങ്ങനെ കോവിഡ് വിലസുന്ന കൊറോണ കാലം വന്നു. ലോകം മുഴുവൻ അവരവരുടെ വൃത്തത്തിലേക്കും ബിന്ദുവിലേക്കും മാത്രം കേന്ദ്രീകരിക്കാൻ തുടങ്ങി. ആർക്കും മറ്റൊരാളുടെ മുഖത്ത് നോക്കി കളിയാക്കാൻ സാധിച്ചില്ല. കാരണം എല്ലാവരും മാസ്ക് ഇട്ടായിരുന്നു പരസ്പരം കണ്ടുമുട്ടിയിരുന്നത്. കളിയാക്കിക്കൊണ്ടിരുന്നവരിൽ പലരും സ്വന്തം മുഖം ശരിക്ക് കണ്ടതും ഇപ്പഴാണ്. അതോട അവർ എല്ലാം നിർത്തി.

കളിയാക്കലുകൾ എല്ലാം പൂർണ്ണമായി അവസാനിച്ചു എന്ന് ഉറപ്പ് വരുത്താൻ ഞാൻ കണ്ണാടിക്ക് മുന്നിൽ ചെന്ന് ചോദിച്ചു - ഇനി ആർക്കെങ്കിലും പരിഹസിക്കാനുണ്ടോ? ഇല്ലെങ്കിൽ ഇതാ എൻ്റെ കഥ ഇവിടെ അവസാനിപ്പിക്കുകയാണ്. എൻ്റെ കയ്യിലെ ഏറ്റവും മൂർച്ചയുള്ള ആയുധം കൊണ്ട് തന്നെ കഴിഞ്ഞ 24 വർഷത്തെ പരിപാലനത്തിന് ഞാൻ അന്ത്യം കുറിച്ചു.

വെളുത്ത പതയിലെ കറുത്ത പൊട്ടുകളായി എൻ്റെ മീശ വാഷ്ബേസിനിലേക്ക് പതിച്ചു.

Tuesday, April 14, 2020

ഓർമ്മയിലെ കൊന്നമരങ്ങൾ

     വിഷു വരുന്നു എന്ന് എന്നെപ്പോലുള്ളവർ അറിയുന്നത് എവിടെയെങ്കിലും ഒക്കെ പൂത്ത് നിൽക്കുന്ന കൊന്നമരം കാണുമ്പോഴാണ്. ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം കാരണമാണോ അതോ ജനിതകമാറ്റം വരുത്തിയതോ എന്നറിയില്ല ഓണം കഴിഞ്ഞാൽ തന്നെ പൂക്കുന്ന കൊന്നകൾ കാണാം. അതിനാൽ വിഷു വരുന്നു എന്നതിന് പകരം വിഷു വരും എന്നാണ് കൊന്നകൾ ഇപ്പോൾ ഓർമ്മിപ്പിക്കുന്നത്. എൻ്റെ മനസ്സിൽ മായാതെ ഇടം പിടിച്ച ചില കൊന്നമരങ്ങളെപ്പറ്റിയാവട്ടെ ഇപ്രാവശ്യത്തെ വിഷു പോസ്റ്റ് .

കൊന്ന എന്ന് കേൾക്കുമ്പോഴും ഏത് കൊന്ന പൂത്തത് കാണുമ്പോഴും പതിനൊന്ന് വർഷം മുമ്പ് അന്തരിച്ച എൻ്റെ പിതാവ് എൻ്റെ മനസ്സിൽ ഓടിയെത്തും. ഞാനും എൻ്റെ പ്രിയ പിതാവും കൂടി കോഴിക്കോട്ടെ ഒരു എക്സിബിഷനിൽ നിന്ന് കൊണ്ടുവന്ന കൊന്നത്തൈ തറവാട് വീടിൻ്റെ മുറ്റത്ത് തന്നെ വച്ചു. നാലഞ്ച് വർഷം കൊണ്ട് തന്നെ അത് വളർന്ന് വലുതായി പൂത്തുലഞ്ഞു. എല്ലാ വർഷവും മാർച്ച് പകുതി മുതൽ മെയ് പകുതി വരെ ഞങ്ങളുടെ മുറ്റം സ്വർണ്ണവർണ്ണമായിരുന്നു. കണി ഒരുക്കാൻ നിരവധി പേർ കൊന്നപ്പൂ കൊണ്ട് പോകാറുമുണ്ടായിരുന്നു.
ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് അമ്മാവൻ്റെ വീട്ട് മുറ്റത്തും ഒരു കൊന്നത്തൈ നട്ടതും വളർന്ന് പൂവിട്ടതും. മെയിൻ റോഡ് സൈഡിൽ തന്നെയായതിനാൽ സ്വആ മരത്തിൽ നിന്നും നിരവധി പേർ പുക്കളിറുക്കാറുണ്ടായിരുന്നു. വസ്തു ഭാഗം വയ്ക്കൽ കഴിഞ്ഞപ്പോൾ അമ്മാവൻ സ്ഥലം വിറ്റു.അതോടെ ആ കൊന്നയും ഇല്ലാതായി. ബാപ്പയുടെ മരണ ശേഷം ഞങ്ങളുടെ സ്വത്തും ഭാഗം വച്ചു. തറവാട് വീട് അനിയൻ പൊളിച്ച് പുതുക്കിപ്പണിതതോടെ ഞങ്ങളുടെ കൊന്നമരവും കഥാവശേഷമായി.

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളജിൽ ജോയിൻ ചെയ്തതിൻ്റെ പിറ്റേ വർഷത്തെ പരിസ്ഥിതി ദിനത്തിൽ കാമ്പസിൽ വിവിധ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന കൂട്ടത്തിൽ എൻ്റെ ഡിപ്പാർട്ട്മെൻ്റിൻ്റെ മുമ്പിൽ ഒരു കൊന്ന ത്തൈ നട്ടിരുന്നു. വളണ്ടിയറായ അഫ്നാസ് ആയിരുന്നു തൈ നട്ടത്. അന്നത്തെ മുഖ്യാതിഥി മരത്തെ അഫ്നാസ് മരം എന്ന് വിളിച്ചു. വർഷങ്ങളായി അതും നേരത്തെ പൂക്കുന്നു.

2012 മെയ് മാസത്തിൽ ദേശീയോദ്ഗ്രഥന ക്യാമ്പിൽ പങ്കെടുക്കാനായി എൻ്റെ കോളേജിലെ 10 NSS വളണ്ടിയർമാരെയും കൊണ്ട് പോണ്ടിച്ചേരിയിൽ പോയിരുന്നു. ക്യാമ്പ് കഴിഞ്ഞ് നഗരം കാണാനായി ഇറങ്ങിയപ്പോൾ ഒരു തെരുവിൽ പൂത്തുലഞ്ഞ് നിന്ന കൊന്നമരം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
           പുത്തുലഞ്ഞ കൊന്നമരങ്ങൾ തരുന്നത് ഇങ്ങനെ പലതരം ഓർമ്മകളാണ്. ലോ ക്ക് ഡൗൺ കാരണം ഇപ്രാവശ്യം കാണാനായത് അരീക്കോട് പോലീസ് സ്റ്റേഷനിലെ കൊന്നമരം മാത്രമാണ്. ഓർമ്മകൾ എന്നിട്ടും മനസ്സിൽ ഇരമ്പി എത്തുന്നു.

എല്ലാവർക്കും വിഷു ആശംസകൾ (ഒരു പഴയ വിഷു ഓര്‍മ്മ  ഇവിടെ)

Sunday, April 12, 2020

മൈക്രോഗ്രീൻ

               വളരെക്കാലമായി കേട്ട് കൊണ്ടിരിക്കുന്ന ഒരു വാക്കാണ് മൈക്രോഗ്രീൻ. മൈക്രോസ്കോപ്പ്, മൈക്രോ മീറ്റർ എന്നൊക്കെ പഠന കാലത്ത് പരിചയപ്പെട്ട മൈക്രോകളാണ്. ഇത് ആ കുടുംബത്തിൽപ്പെട്ടതല്ല എന്ന് എനിക്ക് ധാരണയുണ്ടായിരുന്നു. കാരണം കൃഷി ഗ്രൂപ്പിലാണ്  ഇവൻ സംസാരവിഷയമായിക്കൊണ്ടിരുന്നത്.

              മൈക്രാഗ്രീനിനെപ്പറ്റിയുള്ള തള്ള് കൂടിക്കൂടി പച്ചക്കറിയിലെ താരം എന്നൊക്കെ പറയാൻ തുടങ്ങിയപ്പോഴാണ് ഞാനും ആളെ ഒന്ന് പരിചയപ്പെടാം എന്ന് കരുതിയത്. അങ്ങനെ അവൻ്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ വായിച്ചപ്പോൾ അത് അത്ര എളുപ്പമുള്ള പണി അല്ല എന്ന് മനസിലായി. ആ തിരിച്ചറിവാണ് അത് പുതിയൊരു രൂപത്തിൽ ചെയ്താലോ എന്നാരാശയം തോന്നിയത്.

           പണ്ട് മുതലേ ചെറുപയർ വയ്ക്കാൻ അത് വെള്ളത്തിലിടുന്ന പതിവ് വീട്ടിലുണ്ട്. രാവിലെയാവുമ്പോഴേക്ക് കുതിർന്ന പയറിൻ്റെ ഒന്ന് രണ്ട് മണികൾ വെറുതെ തിന്നാൻ ഒരു രസാണ്. അതേ സാധനം രണ്ട് ബീജ പത്രവും തണ്ടും തളിരിലയും ആയി പ്രമോഷൻ ലഭിക്കുന്നതാണ് മൈക്രോ ഗ്രീൻ എന്ന് പറയുന്നത്. വേഷവും പേരും മാറുന്നതോടൊപ്പം ഇവൻ്റെ ഗുണങ്ങളിലും വൻ മാറ്റങ്ങളാണ് ഇതോടെ സംഭവിക്കുന്നത്.

           സാധാരണ ഇലക്കറികളെക്കാൾ പത്തിരട്ടി പോഷക ഗുണം മുതൽ നിരവധി ഗുണങ്ങൾ വായിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ വളരെ എളുപ്പത്തിൽ ആദ്യം ചെറുപയറും പിന്നെ വൻപയറും ഉപയോഗിച്ച് ഞാനും വീട്ടിൽ മൈക്രോ ഗ്രീൻ ഉണ്ടാക്കി. തയ്യാറാക്കേണ്ട രീതി മുഴുവൻ ഈ വീഡിയോയിൽ ( Click here) ഉണ്ട്.

( കണ്ട് കഴിഞ്ഞാൽ ലൈക്ക്, ഷെയർ ,സബ്സ്കൈബ് എന്നീ കലാപരിപാടികൾ മറക്കണ്ട )

Microgreen is simple but powerful. ശ്രമിക്കു.. അഭിപ്രായം പറയു .

Wednesday, April 01, 2020

ഏപ്രിൽ ഒന്ന്

ഏപ്രിൽ ഒന്നിൻ്റെ പുലർകാല ശൈത്യം സാധാരണ ഗതിയിൽ ഒരു കാലത്തും സുഖകരമാകാറില്ല. കൊറോണ കാരണം അതിന് എന്തെങ്കിലും മാറ്റം വരുമോ എന്നറിയാൻ പതിവിന് വിപരീതമായി രാവിലെത്തന്നെ ഞാൻ മുറ്റത്ത് കണ്ണും നട്ടിരുന്നു. അന്നേരം അപ്രതീക്ഷിതമായാണ് ഇത്രയും നേരത്തെ വാട്സാപ്പ് യുണിവേഴ്സിറ്റിയിൽ ഞാൻ കയറിയത്.

 എന്നും മുകളിൽ നിൽക്കുന്ന ഗ്രൂപ്പ് ഇന്നും ടോപ്പിൽ തന്നെയുണ്ട് - 428 മെസേജ് ! പ്രീഡിഗ്രിക്ക് പഠിച്ച കോളേജിലെ കലാകാരൻമാരുടെ ഗ്രൂപ്പാണ്. ദിവസവും മൂന്ന് നേരം ഞാൻ ക്ലിയർ ചാറ്റടിച്ച് അണുവിമുക്തമാക്കും. എന്നാലും രാത്രി 11 മണിക്ക് നൂറോളം എണ്ണം വീണ്ടും ഉണ്ടാകും.

കലാകാരന്മാരുടെ ഗ്രൂപ്പ് കഴിഞ്ഞാ പിന്നെ എഴുത്ത് കാരുടെ ഗ്രൂപ്പിലേക്കാണ് കയറാറ്. ഇന്ന് അവിടെ കയറിയപ്പോൾ കണ്ടത് പോസ്റ്റിന് വേണ്ടി കെഞ്ചുന്ന എൻ്റെ മാമാട്ടിക്കുട്ടിയമ്മയെയാണ്. ശ്രീ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുച്ചീട്ട് കളിക്കാരൻ്റെ മകളിലെ എട്ടുകാലി മമ്മൂഞ്ഞ് നാട്ടിലെ സകല കാര്യങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പോലെ ഇന്നത്തെ പോസ്റ്റ് ഏറ്റെടുത്ത് ഞാൻ തിരിഞ്ഞതും ഭാര്യയുടെ ചോദ്യം വന്നു.

" ഇന്ന് കാലത്തേ തുടങ്ങീട്ടുണ്ടല്ലാ തോണ്ടാൻ''

" ഇന്ന് നിന്നെപ്പോലുള്ളവരുടെ ദിനമാ.. ''

" ആ മുഖ്യൻ പറഞ്ഞത് കേട്ടു ... പുരുഷന്മാർ വീട്ടിൽ സ്ത്രീകളെ സഹായിക്കണമെന്ന് ... ആ ഓല ഒന്ന് കറച്ചിട്ടോളു ... "

"ങേ!! "
മുഖ്യൻ്റെ നിർദ്ദേശം ഉടനടി പ്രാബല്യത്തിൽ വരുത്തിയ സ്ത്രീ എന്ന റിക്കാർഡ് അവൾ തട്ടിയെടുത്തു. കത്തിയുമായി ഞാൻ പിന്നാമ്പുറത്തേക്ക് നടന്നു. കൂട്ടിയിട്ട ഓലമടൽ എന്നെ നോക്കി ഇളിച്ചു. കത്തി കൊണ്ട് ആഞ്ഞ് വെട്ടി ഞാൻ അരിശം തീർത്തു. ഓലക്കൊടികൾ വെട്ടേറ്റ് നിലത്ത് വീണ് പിടഞ്ഞു. അയൽക്കാരി പെണ്ണുങ്ങൾ എന്നെ നോക്കി ചിരിക്കുന്നത് ഞാൻ മൈൻ്റ് ചെയ്തില്ല. അങ്ങനെ ഓലക്കൊടി കൂമ്പാരത്തിൻ്റെ നടുവിൽ വിയർത്ത് കുളിച്ച പ്രതിഷ്ഠയായി ഞാൻ നിൽക്കുമ്പോൾ ഭാര്യ വന്നു.

"ഏ മനുഷ്യാ...!! എന്താ ഈ ചെയ്ത് വച്ചിരിക്കുന്നത്? "

"നീ പറഞ്ഞതല്ലേ... ഓലക്കൊടി കറക്കാൻ ... "

" ഇങ്ങനെയാണോ ഓല കറക്കൽ? "

"ങേ! "
ഞാൻ വീണ്ടും ഞെട്ടി. ഓല കറക്കൽ എന്നാൽ ഇനി പശുവിനെ കറക്കൽ പോലെ മറ്റ് വല്ലതും ആണോ ദൈവമേ? അയലത്തെ പെണ്ണുങ്ങൾ നോക്കി ചിരിച്ചത് അതായിരുന്നോ? ഞാൻ ആലോചിച്ചു.

" മടലിലെ അഞ്ചാറ് കൊടികൾ കൂട്ടിപ്പിടിച്ച് വെട്ടി അട്ടി വയ്ക്കണം... അല്ലാതെ വെട്ടി നിരത്തി ഇടാനല്ല പറഞ്ഞത് .. "

"ആ... മുഖ്യൻ ഇന്നലെ പറഞ്ഞതിൻ്റെ തൊട്ടു താഴെ എഴുതി കാണിച്ചത് അതാ... ഭവിഷ്യത്തുകൾ നേരിടാൻ തയ്യാറാകണം എന്ന് ..."

"ങാ...വെട്ടിയിട്ടത് മുഴുവൻ കൃത്യമായി അട്ടിവച്ച് കെട്ടി വച്ചോ ..."

'എൻ്റെ മുഖ്യാ... ഹോസ്റ്റലിലെ റാഗിങ്ങിൽ പോലും ഇത്രയും കടുത്ത ശിക്ഷ കിട്ടിയിട്ടില്ല... കൊറോണ... ലോക്ക് ഡൗൺ... മണ്ണാങ്കട്ട... ഏപ്രിൽ ഒന്നും ...' പിറുപിറുത്തു കൊണ്ട് ഞാൻ ഓല ഓരോന്നോരോന്നായി അടുക്കി വച്ച് കെട്ടാക്കി.
(ചിരിക്കണ്ട... അഞ്ച് ഓലമടൽ വെട്ടിക്കറക്കി ക്രമത്തിൽ അട്ടിവച്ച് നോക്ക്... അതിലും ഭേദം ഒരു കിലോ കടുകിലെ മണി എണ്ണുന്നതാ..)