Pages

Monday, December 30, 2019

അനുഭവമേ ഗുരു

               2019 ഡിസംബര്‍ 26ന് വേണ്ടി ലോകം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി എന്നെനിക്കറിയില്ല.മാസങ്ങള്‍ക്ക് മുമ്പെ തന്നെ വാട്‌സാപ്പില്‍ ഒരു സന്ദേശം വന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു - “ഒന്നര ലക്ഷം പേർ വയനാട്ടിലേക്ക് , പീടിക വരാന്തകൾ അടക്കം ബുക്ക്‌ഡ്‌“ . എനിക്കത് കിട്ടിയത് ഒരു കോൺഗ്രസ് കാരനിൽ നിന്നായതിനാൽ, മെസേജ് വായിക്കാതെ രാഹുലും പ്രിയങ്കയും കൂടി വയനാട്ടില്‍ വരുന്നുണ്ടാകും എന്ന് ഞാൻ ഊഹിച്ചു . പിന്നീടാണ് അത് ആകാശത്തെ ഒരു വിസ്മയം കാണാനുള്ളതാണെന്ന് മനസ്സിലായത്.

               ഡിസംബർ 26ന് വലയ സൂര്യഗ്രഹണം നടക്കും എന്നും, ലോകത്ത് തന്നെ അത് ഏറ്റവും വ്യക്തമായി കാണാൻ പറ്റുന്നത് വയനാട്ടിലെ കല്പറ്റയിൽ നിന്നാണെന്നും വാന ശാസ്ത്രജ്ഞർ പ്രവചിച്ചതനുസരിച്ച് ഡിസംബര്‍ 26ന് ജനങ്ങൾ വയനാട്ടിലേക്ക് ഒഴുകുന്നതിനെപ്പറ്റിയായിരുന്നു പ്രസ്തുത മെസേജ്. അമേരിക്കയുടെ NASA  അടക്കം നിരവധി രാജ്യങ്ങളുടെ വാന നിരീക്ഷണ സംവിധാനങ്ങൾ കല്പറ്റയിൽ അണി നിരക്കുകയും ചെയ്തു.

              വയനാട് എഞ്ചിനീയറിംഗ് കോളേജിന്റെ സുൽത്താൻ ബത്തേരിയിൽ വച്ച് നടക്കുന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പിൽ ഡിസംബർ 25ന് രാത്രി ക്ലാസ് എടുക്കാനുള്ളതിനാൽ പിറ്റേ ദിവസം നടക്കുന്ന വലയ സൂര്യഗ്രഹണം എനിക്കും കാണാം എന്ന് ഞാൻ പ്രതീക്ഷിച്ചു.

               എന്നാൽ ഡിസംബർ 26ന് കല്പറ്റയുടെ ആകാശം മേഘാവൃതമായി.. വർഷങ്ങളായി ഈ അപൂർവ്വ പ്രതിഭാസത്തെ വരവേൽക്കാൻ നിൽക്കുന്ന മനുഷ്യന്റെ മുഴുവൻ പ്രവർത്തനങ്ങളും ദൈവത്തിന്റെ ഒരു ചെറിയ ഇടപെടലിൽ വൃഥാവിലായി. സാങ്കേതിക വിദ്യ എത്ര കണ്ട് പുരോഗമിച്ചിട്ടും മേഘം തുളച്ച് കടന്ന് ദൃശ്യം കാണാനുള്ള സൌകര്യം പൊതുജനങ്ങൾക്ക് ലഭിച്ചില്ല. വലിയ വാർത്ത സൃഷ്ടിച്ച് കല്പറ്റയിൽ ഒത്ത് ചേർന്നവർ നിരാശരായപ്പോൾ തൊട്ടടുത്ത പട്ടണമായ മാനന്തവാടിയിൽ വ്യക്തമായി കാണുകയും ചെയ്തു !

              സുൽത്താൻ ബത്തേരിയിലായിരുന്ന എനിക്കും ഗ്രഹണം കാണാൻ സാധിച്ചില്ല. ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിനിടയിൽ ഗ്രഹണം നിരീക്ഷിക്കാം എന്നായിരുന്നു കരുതിയത്. ആശുപത്രിയിലെ സ്റ്റാഫും പരിചയക്കാരനുമായ അബിൻ ആഴ്ചകൾക്ക് മുമ്പെ വാങ്ങി വച്ച, ഗ്രഹണം നിരീക്ഷിക്കാനുള്ള സോളാർ ഫിൽറ്റർ കാണിച്ച് തരുകയും ചെയ്തു. സൂര്യനെ മറച്ച് ചന്ദ്രൻ വന്നതിന്റെ ലക്ഷണങ്ങൾ കണ്ടെങ്കിലും മേഘാവൃതമായ ആകാശത്ത് സൂര്യന്റെ തെളിച്ചം കണ്ടതേ ഇല്ല.

            8 മണി മുതല്‍ 11 മണി വരെ സമയമുള്ളതിനാൽ അതിനിടക്ക് എപ്പോഴെങ്കിലും ആകാശം തെളിയും എന്ന് ഞാന്‍ പ്രതീക്ഷിച്ചു.അതിനിടക്ക് ആശുപത്രിയിൽ വർക്ക് ചെയ്തുകൊണ്ടിരുന്ന ഒരു വളണ്ടിയർ തല കറങ്ങി വീണു.ഇടുങ്ങിയ ഒരു ഇരുമ്പ് ഗോവണി വഴി മാത്രം കയറിപ്പോകാവുന്ന തരം ഒരു ഹാളിലായിരുന്നു കുട്ടി വീണത്. ആയതിനാൽ പൊക്കിയെടുത്ത് താഴെ കൊണ്ടുവരാനും പ്രയാസം. തടിയിലും പൊക്കത്തിലും നല്ല സൈസ് ഉള്ള അബിൻ തന്നെ ആ കുട്ടിയെ ഒറ്റക്ക് പൊക്കിയെടുത്ത് സാവധാനം താഴെ എത്തിച്ചു. നെബുലൈസേഷൻ നൽകുന്നതിനിടയിൽ ചില അസ്വസ്ഥതകൾ കാണിച്ചതിനാൽ കുട്ടിയെ എത്രയും പെട്ടെന്ന് പുതിയ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.

             ഡ്രൈവറായ അബിൻ തന്നെ ആമ്പുലൻസ് എടുക്കാൻ ശ്രമിച്ചെങ്കിലും വണ്ടി സ്റ്റാർട്ട് ആയില്ല. അല്പ സമയം ഉന്തിയും തള്ളിയും സ്റ്റാർട്ട് ആക്കി സൈറൺ മുഴക്കി കൊണ്ട് ആമ്പുലൻസ് പുതിയ ബ്ലോക്കിലേക്ക് പാഞ്ഞു. കാഷ്വാലിറ്റിയിൽ നിരീക്ഷണത്തിനിടക്ക് കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ ഇ.സി.ജിയും എടുക്കേണ്ടി വന്നു. ഇതെല്ലാം കൂടി കഴിഞ്ഞപ്പോഴേക്കും ആകാശം നന്നായി തെളിഞ്ഞിരുന്നു. ഗ്രഹണ സമയം കഴിയുകയും ചെയ്തിരുന്നു.  കാലേകൂട്ടി വാങ്ങിവച്ച ഗ്രഹണ നിരീക്ഷണ ഫിൽറ്റർ അപ്പോഴും അബിനിന്റെ പോക്കറ്റിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.

              നാം എത്ര കണ്ട് പ്ലാന്‍ ചെയ്താലും ദൈവത്തിന്റെ ചില ഇടപെടലുകള്‍ എല്ലാം മാറ്റിമറിക്കും എന്ന് മനസ്സിലാക്കിത്തന്ന അനുഭവമേ ഗുരു.

Friday, December 27, 2019

നാട്ടിന്‍‌പുറം നന്മകളാല്‍ സ‌മൃദ്ധം

               മാസങ്ങള്‍ക്ക് മുമ്പ് വാട്‌സാപ്പില്‍ ഒരു കുടുംബത്തിന്റെ അനുഭവം പങ്കു വച്ചത് ഞാന്‍ കണ്ടിരുന്നു. മലപ്പുറം ജില്ലയെപ്പറ്റി അവരുടെ മുന്‍ ധാരണയും അനുഭവിച്ചതും തമ്മിലുള്ള അന്തരം ആ പോസ്റ്റ് വായിച്ച എല്ലാവരും മനസ്സിലാക്കി.  മലപുറം ജില്ലയിലെ തൃപ്പനച്ചി എന്ന ഒരു കുഗ്രാമത്തില്‍ നിന്ന് അവര്‍ നേരിട്ട് അനുഭവിച്ച മനുഷ്യത്വം ആയിരുന്നു ആ കുറിപ്പില്‍. അത്യാവശ്യമായി എവിടെയോ പോകുന്ന വഴിയില്‍ കാറ്‌ കേടുവന്നതും തൃപ്പനച്ചിക്കാരനായ ഒരാള്‍ മുന്‍‌പരിചയം പോലും ഇല്ലാത്ത അവര്‍ക്ക് സ്വന്തം കാറിന്റെ താക്കോല്‍ നല്‍കിയതും അവരുടെ പരിപാടി കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും കാര്‍ നന്നാക്കി വച്ചതും പൈസ കൊടുത്തപ്പോള്‍ വാങ്ങാന്‍ കൂട്ടാക്കാത്തതും തുടങ്ങീ ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവങ്ങള്‍ ആയിരുന്നു അവര്‍ അന്ന് പങ്കു വച്ചത്.

               ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ കാറും തൃപ്പനച്ചിയില്‍ വച്ച് പഞ്ചറായി. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ്, മറ്റുള്ളവര്‍ ചൂണ്ടി കാണിച്ചപ്പോള്‍ ഞാന്‍ ആ വിവരം അറിഞ്ഞത്. സ്കൂട്ടറില്‍ വന്ന ഒരാള്‍ തൊട്ടടുത്ത് ഒരു കട ഉണ്ടെന്നും നിര്‍ഭാഗ്യവശാല്‍ അവരുടെ നമ്പര്‍ കയ്യിലില്ല എന്നും അറിയിച്ചു. അദ്ദേഹം മറ്റൊരു വഴിയെ തിരിഞ്ഞ് പോവുകയും ചെയ്തു. ഞാന്‍ വണ്ടി സൈഡാക്കി ഉമ്മയെ തൊട്ടടുത്ത് കണ്ട വീട്ടിലാക്കി. പെട്ടെന്ന് എന്റെ വീടിന്റെ മരപ്പണികള്‍ മുഴുവന്‍ എടുത്ത ആശാരി, തൃപ്പനച്ചിക്കാരന്‍ സുധീഷിനെപ്പറ്റി എനിക്കോര്‍മ്മ വന്നു. ഫോണെടുത്ത് വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ പത്ത് മിനുട്ടിനകം ആളെയും കൊണ്ട് എത്താം എന്ന മറുപടി കിട്ടി.

              സുധീഷിനെയും പ്രതീക്ഷിച്ച് ഞാന്‍ കാത്തിരിക്കുന്നതിനിടയില്‍ മെറ്റല്‍ നിറച്ച ഒര്‍ ട്രിപ്പര്‍ ലോറി വന്ന് എന്റെ വണ്ടിയുടെ അടുത്ത് സൈഡാക്കി. ഡ്രൈവര്‍ സീറ്റില്‍ നിന്നും ഒരാള്‍ തല പുറത്തേക്കിട്ട് ചോദിച്ചു.

“നിങ്ങള്‍ക്ക് ആളെ കിട്ടിയോ ?”

ആരാ ഈ ക്ഷേമാന്വേഷകന്‍ എന്ന് നോക്കിയപ്പോള്‍ നേരത്തെ സ്കൂട്ടറില്‍ പോയ ആള്‍ !

          അല്പ സമയത്തിനകം തന്നെ സുധീഷ് ഒരു മെക്കാനിക്കിനെയും കൂട്ടി സ്ഥലത്തെത്തി. പഞ്ചറായ ടയര്‍ അഴിച്ച്  വണ്ടിയില്‍ ഉണ്ടായിരുന്ന സ്റ്റെപ്പിനി ടയര്‍ ഫിറ്റ് ചെയ്തു. ജാക്കി റിലീസ് ചെയ്ത് ടയര്‍ നിലം തൊട്ടപ്പോള്‍ അതില്‍ കാറ്റ് വളരെ കുറവ് ! പോകുന്ന വഴിക്ക് കാറ്റ് അടിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മെക്കാനിക്ക് ഒരു സംശയം പ്രകടിപ്പിച്ചു. ഉടന്‍ വീണ്ടും സുധീഷ് ഇടപെട്ടു.

“ടയര്‍ അഴിക്ക്...നമുക്ക് കാറ്റടിച്ച് കൊണ്ട് വന്ന് ഫിറ്റ് ചെയ്യാം...”

           അങ്ങനെ ഫിറ്റ് ചെയ്ത ടയര്‍ അഴിച്ചെടുത്ത് അവര്‍ വീണ്ടും ബൈക്കില്‍ കൊണ്ടുപോയി. ഏറ്റവും അടുത്തുള്ള പഞ്ചര്‍ കടയില്‍ നിന്നും കാറ്റ് നിറച്ച് തിരിച്ചു വന്ന് ടയര്‍ വീണ്ടും ഫിറ്റ് ചെയ്ത് റെഡിയാക്കിത്തന്നു. തൊട്ടടുത്ത വീട്ടിലാക്കിയിരുന്ന ഉമ്മയെ ഞാന്‍ വിളിക്കാന്‍ ചെന്നപ്പോഴേക്കും അവരുടെ വക ചായയും റെഡി ! ഉമ്മയെ കണ്ട്, സുധീഷ് സ്വന്തം ബൈക്കില്‍ തിരിച്ച് പോകുമ്പോള്‍ എന്റെ മനസ്സിലൂടെ വീണ്ടും പണ്ടത്തെ ആ കോപി എഴുത്തിന്റെ വരികള്‍ ഓളം തള്ളി....നാട്ടിന്‍‌പുറം നന്മകളാല്‍ സ‌മൃദ്ധം.

Monday, December 23, 2019

ലേഡി ഡ്രൈവര്‍

           2017 ആഗസ്ത് 17ന് എന്റെ മൂത്ത മകള്‍ ലുലുവിന് 18 വയസ്സ് തികഞ്ഞപ്പോള്‍ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പതിനെട്ടിന്റെ കളികള്‍ ഞാന്‍ അതില്‍ പറഞ്ഞിരുന്നു. പതിനെട്ട് തികഞ്ഞാല്‍  പ്രധാനമായും ലഭിക്കുന്ന അവകാശങ്ങള്‍ ഇവയൊക്കെയാണ്.

1. ബാങ്ക് അക്കൌണ്ട് തുടങ്ങല്‍ 
2. വോട്ടവകാശം .
3. ലൈസൻസ് .
4. വിവാഹം.

       കുഞ്ഞായിരിക്കുമ്പോഴേ തുടങ്ങിയ ലുലുവിന്റെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൌണ്ട്, 18 തികഞ്ഞ ഉടനെ മേജര്‍ ആക്കി മാറ്റി. അതോടെ അവള്‍ക്ക് എ.ടി.എം കാര്‍ഡും കിട്ടി. ഇപ്പോള്‍ ആ അക്കൌണ്ടിലെ പണമിടപാടുകള്‍ സ്വയം ചെയ്യുന്നു.

         18 തികഞ്ഞ ഉടനെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ ഞാന്‍ മോളോട് പറഞ്ഞു. അപേക്ഷിച്ച പ്രകാരം കാര്‍ഡ് പെട്ടെന്ന് തന്നെ കിട്ടുകയും ചെയ്തു. പക്ഷെ ഒരു തെരഞ്ഞെടുപ്പ് വരാന്‍ 2019 വരെ കാത്തിരിക്കേണ്ടി വന്നു. സ്ഥാനാര്‍ത്ഥിയായി കിട്ടിയത് രാജ്യത്തെ തന്നെ താരസ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയെയും ! അങ്ങനെ കന്നി വോട്ടും ചെയ്തു.

          18 തികഞ്ഞാല്‍ ആണ്‍കുട്ടികള്‍ ആദ്യം കണ്ണു വയ്ക്കുന്നത് ലൈസന്‍സിലാണ്. റ്റു വീലറ് നിര്‍ബന്ധമായും ഫോര്‍ വീലര്‍ ഒപ്ഷനലായും ഇന്നത്തെ എല്ലാ ആണ്‍കുട്ടികളും സ്വപ്നം കാണുന്നുണ്ട്. എന്റെ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ഞാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും അവള്‍ തെന്നിമാറി. ഞാന്‍ തന്നെ ഡ്രൈവിംഗ് പഠിച്ചത് മുപ്പത്തി അഞ്ചാം വയസ്സിലോ മറ്റോ ആണ്. പെണ്ണാണെങ്കിലും 18 തികഞ്ഞാല്‍ മക്കളെക്കൊണ്ട് ലൈസന്‍സ് എടുപ്പിക്കണം എന്ന് മനസ്സില്‍ ഞാന്‍ അന്നേ കുറിച്ചിട്ടിരുന്നു. ഇപ്പോള്‍ അതും സഫലമായി. ലുലു ഇന്നലെ റ്റൂ വീലര്‍ ലൈസന്‍സിനും ഫോര്‍ വീലര്‍ ലൈസന്‍സിനും അര്‍ഹയായി - അല്‍ഹംദുലില്ലാഹ്. എനിക്ക് റ്റൂ വീലര്‍ അറിയാത്തതിനാല്‍ എന്റെ വീട്ടിലെ ആദ്യ റ്റൂ വീലര്‍ ലൈസന്‍സി കൂടിയായി ലുലു മോള്‍.

           പെണ്‍‌കുട്ടികളെ സംബന്ധിച്ചിടത്തോളം 18 കടന്നാല്‍ അടുത്തത് വിവാഹം ആണ്. പക്ഷെ അക്കാര്യത്തില്‍ ഞാന്‍ അല്പം പിന്നോട്ട് നില്‍ക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞിട്ട് മതി വിവാഹം എന്നാണ് എന്റെ ഇപ്പോഴത്തെ നിലപാട്. ദൈവം മറ്റെന്തെങ്കിലും വിധിച്ചാല്‍ അത് നടപ്പാവും.

          ദീര്‍ഘദൂര ഡ്രൈവിംഗില്‍ എന്നെ സഹായിക്കാന്‍ ഒരാളുണ്ടായ സന്തോഷം പങ്കുവയ്ക്കുന്നു.

Monday, December 16, 2019

ഒരു രൂപാ നോട്ട് വീണ്ടും !

         പതിവ് പോലെ കോഴിക്കോട്ടേക്കുള്ള സ്ഥിരം ബസ്സില്‍ കയറി ചാര്‍ജ്ജ് കൊടുത്ത് ബാക്കി വാങ്ങാനായി ഞാന്‍ കാത്തിരുന്നു. പതിവില്‍ നിന്ന് വിപരീതമായി കണ്ടക്ടര്‍ കീശയില്‍ കയ്യിട്ട് ഒരു നോട്ടെടുത്ത് എന്റെ നേരെ നീട്ടി. ഒരു നിമിഷം ഞാന്‍ എന്റെ ബാല്യകാലത്തേക്കും അന്നത്തെ അരീക്കോട് അങ്ങാടിയിലേക്കും ഊളിയിട്ടെത്തി. കാരണം കണ്ടക്ടര്‍ എനിക്ക് ബാക്കി തന്നത് ഒരു രൂപയുടെ നോട്ട് ആയിരുന്നു.

            വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്രത്യക്ഷമായതും ഇപ്പോള്‍ എവിടെയും കാണാന്‍ പോലും കിട്ടാത്തതുമായ ഒരു രൂപയുടെ നോട്ട് ഞാന്‍ തിരിച്ചും മറിച്ചും നോക്കി. പുതിയ നോട്ട് തന്നെയാണ്. 2017ല്‍ അച്ചടിച്ചത്. 1994ല്‍ ആയിരുന്നു ഇതിന് മുമ്പ് അവസാനമായി ഒരു രൂപ നോട്ട് അച്ചടിച്ചിരുന്നത്. ഇപ്പോള്‍ ഇടക്കിടക്ക് ഈ നോട്ട് കിട്ടാറുണ്ട് എന്ന് കണ്ടക്ടര്‍ പറഞ്ഞു. എന്റെ ശേഖരത്തില്‍ പഴയ ഒന്ന് , രണ്ട്,അഞ്ച്,പത്ത്,നൂറ് രൂപാ നോട്ടുകള്‍ ഉണ്ട്. പക്ഷെ പുതിയത് കണ്ടപ്പോള്‍ വളരെ കൌതുകം തോന്നി.
              രൂപയുടെ ചിഹ്നം മാറിയിട്ടുണ്ട് എന്നല്ലാതെ ഒരു രൂപാ നോട്ടിന് മറ്റൊരു മാറ്റവും വന്നിട്ടില്ല. റിസര്‍വ് ബാങ്ക് അല്ല ഇപ്പോഴും ഒരു രൂപ നോട്ട് ഇറക്കുന്നത്. ഗവണ്മെന്റ് ഓഫ് ഇന്ത്യയാണ്. അതിനാല്‍ തന്നെ ഫിനാന്‍സ് സെക്രട്ടറിയുടെ ഒപ്പാണ് ഇപ്പോഴും നോട്ടില്‍ ഉള്ളത്. സാഗര്‍ സ‌മ്രാട്ട് ഓയില്‍ റിഗ് ആണ് അന്നും ഇന്നും നോട്ടിലെ ചിത്രം. 

             നാലാം ക്ലാസില്‍ പഠിക്കുന്ന മോളെ വിളിച്ച് ഞാന്‍ ഈ ഒരു രൂപ നോട്ട് കാണിച്ചു കൊടുത്തു. മേല്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. നേരിട്ട് കണ്ട് മനസ്സിലാക്കിയതിനാല്‍ അവളുടെ മനസ്സില്‍ ഈ വിവരങ്ങളില്‍ ചിലതെങ്കിലും കൊത്തി വച്ചിട്ടുണ്ടാകും എന്ന് തീര്‍ച്ച.

Saturday, December 14, 2019

മുറ്റത്തെ കൃഷ്ണനും അബൂബക്കറും

              കൃഷ്ണൻ മാഷും അബൂബക്കർ മാഷും കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ എന്റെ സഹപ്രവർത്തകരാണ്. മാത്രമല്ല രണ്ട് പേരും ‘നാടെവിടെയാ?’ എന്ന ചോദ്യത്തിന് മറുപടി നൽകാറ് അരീക്കോട് എന്നാണ്. പക്ഷെ രണ്ട് പേരും താമസിക്കുന്നത് അരീക്കോട് നിന്നും ഏതാനും കിലോമീറ്ററുകൾ അപ്പുറമാണ്.

               കൃഷിയിൽ അതീവ താല്പര്യമുള്ളവരാണ് രണ്ട് പേരും എന്നതും ഞങ്ങളെ പരസ്പരം അടുപ്പിക്കുന്നു. ലക്ഷദ്വീപ് യാത്രയിൽ എന്റെ കൂടെയുണ്ടായിരുന്ന അബൂബക്കർ മാഷ് അവസാന ദിവസം രണ്ട് ചാക്ക് ഒക്കത്ത് വച്ച് വന്ന ഓർമ്മ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ദ്വീപിലെ തെങ്ങിൻ തൈകൾ ആയിരുന്നു ആ ചാക്കിൽ ! കൃഷ്ണൻ മാഷാകട്ടെ , കോളേജിൽ ലഭിക്കുന്ന ഒഴിവ് സമയം വിനിയോഗിച്ച് കാമ്പസിൽ വാഴയും കപ്പയും നടും. സ്വന്തമായി പരിപാലിക്കും. വിളവെടുത്താൽ നോക്കി നിന്നവർക്കും അഭിപ്രായം പറഞ്ഞവർക്കും അടുത്ത് കൂടി പോയവർക്കും എല്ലാം ദാനം ചെയ്യുകയും ചെയ്യും !

                കൃഷ്ണൻ മാഷ് ഒരു തവണ കാമ്പസിൽ വാഴക്കന്ന് വയ്ക്കുമ്പോൾ , പതിവ് പോലെ ഞാനും അടുത്ത് കൂടി. നേന്ത്രവാഴക്കന്ന് ആയിരുന്നു വച്ച് കൊണ്ടിരുന്നത്. മിക്ക ദിവസങ്ങളിലും വീട്ടിലേക്ക് നേന്ത്രപ്പഴം വാങ്ങിയിരുന്ന എനിക്ക് അപ്പോൾ മനസ്സിൽ ഒരാശ ഉദിച്ചു. ഒരു കന്ന് വീട്ടിൽ കൊണ്ട് പോയി നട്ടാലെന്താ ? കൃഷ്ണൻ മാഷോട് വിവരം പറയേണ്ട താമസം ഒരു വാഴക്കന്ന് എനിക്ക് തന്നു.

                കന്ന് കൊണ്ട് വന്ന് തൊട്ടടുത്ത ശനിയാഴ്ച ഞാൻ അത് നട്ടു. മഴക്കാലം അല്ലാത്തതിനാൽ അവൻ പ്രതിഷേധത്തോടെ മൌനവ്രതം ആരംഭിച്ചു. വളർച്ചയും തളർച്ചയും ഇല്ലാതെയുള്ള ആ നില്പ് മാസങ്ങളോളം നീണ്ടു. വെള്ളത്തിന് ക്ഷാമം നേരിട്ടതിനാൽ ഞാൻ അവനെ അധികം ശ്രദ്ധിച്ചതും ഇല്ല. ബട്ട് , ഒരു ദിവസം അവൻ പിണക്കം മാറി വളർന്നുയരാൻ തുടങ്ങി.

               അതിനിടക്കാണ് ഞാൻ എന്നോ പറഞ്ഞ ഒരു വാക്കിന്റെ പിന്നാലെ കൂടി, അപ്രതീക്ഷിതമായി അബൂബക്കർ മാഷ് രണ്ട് കദളിവാഴത്തൈകൾ കൊണ്ട് വന്നത്. സ്നേഹപൂർവ്വം തന്ന ആ സമ്മാനവും മുറ്റത്ത് സ്ഥലമുണ്ടാക്കി ഞാൻ നട്ടു. അത്യാവശ്യം വളർന്ന തൈകളായിരുന്നതിനാൽ വേനൽ മഴ കിട്ടിയതോടെ കദളിയും കുതിക്കാൻ തുടങ്ങി. അങ്ങനെ കൃഷ്ണനും അബൂബക്കറും മുറ്റത്തെ അയൽ‌വാസികളായി.

               ഒരു ദിവസം അപ്രതീക്ഷിതമായി കൃഷ്ണൻ ഇല ഒടിച്ചു. അടുത്ത ദിവസങ്ങളിൽ കൃഷ്ണൻ ബാക്കി ഇലകളും വാട്ടാൻ തുടങ്ങി. അവസാനം സ്വന്തം ശരീരവും പൊളിച്ച് കാട്ടി. താമസിയാതെ മുറ്റത്തെ എന്റെ കൃഷ്ണൻ എന്നെ വിട്ട് പിരിഞ്ഞു. പുതിയ കുഴി കുത്തി ഞാൻ പുതിയ കൃഷ്ണനെയും കാത്തിരിക്കുകയാണ് ഇപ്പോൾ. നേന്ത്ര തന്നെ വേണം എന്നതിനാൽ കുഴി ഇപ്പോഴും കാലിയാണ്.

               അബൂബക്കർമാർ രണ്ടും പുതിയ ഭൂമി കിട്ടിയ ആവേശത്തിലാണ്. കൃഷ്ണന് നൽകിയ പോലെ പച്ചപ്പുല്ലും , ചാണകപ്പൊടിയും, എല്ലുപൊടിയും, വെള്ളവും ഒപ്പം സ്നേഹത്തോടെയുള്ള  തലോടലും നൽകി അവരെ രണ്ടു പേരെയും ഞാനും മക്കളും വളർത്തുന്നു. മുറ്റത്ത് നെഞ്ച് വിരിച്ച് നിൽക്കുന്ന കദളി വാഴകൾ , അബൂബക്കർ മാസ്റ്ററെ എന്നും എന്റെ മനസ്സിലേക്ക് എത്തിക്കുന്നു.

Monday, December 09, 2019

സൌഹൃദം പൂക്കുന്ന വഴികൾ - 7

             നാഷണൽ സർവീസ് സ്കീം എനിക്ക് നൽകിയ സൌഹൃദങ്ങളുടെ ആഴവും പരപ്പും ഇപ്പോഴും എനിക്ക് നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ള പല ബന്ധങ്ങളും സ്ഥിരമായി നിലനിർത്തുന്നത് കൊണ്ടാവാം ഒരു സ്ഥലത്ത് ചെന്ന് പെട്ടുപോകുമെന്ന് എനിക്ക് ഒരു പേടിയേ ഇല്ല.  നാഷണൽ സർവീസ് സ്കീമിനെപ്പോലെ സമാന്തര കലാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് സമൂഹ്യ സേവനാവസരം നൽകാനുദ്ദേശിച്ച് ആരംഭിച്ച സോഷ്യൽ സർവീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസർമാർക്കുള്ള പരിശീലന പരിപാടിയിൽ ഒരു ക്ലാസ് എടുക്കാൻ പെരുംമ്പാവൂരിനടുത്ത് വെങ്ങോലയിലെ സ‌മൃദ്ധി ഗ്രാമത്തിൽ എത്തിയതായിരുന്നു ഞാൻ.

               പിറ്റെ ദിവസം മോൾക്ക്, കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിൽ TIFR ന്റെ പി.ജി പ്രവേശന പരീക്ഷ ഉള്ളതിനാൽ സുഹൃത്ത് നിസാം സാറിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ഞാൻ മടങ്ങിയത്. അന്നവിടെ തങ്ങി എന്ന് മാത്രമല്ല തൊട്ടടുത്ത് തന്നെ താമസിക്കുന്ന ഡിഗ്രി സഹപാഠി ഖൈസിനെ വിവരമറിയിക്കുകയും ചെയ്തു. പിറ്റെ ദിവസം പ്രാതൽ തയ്യാറാക്കി , എന്നെയും തേടി ഖൈസ് നിസാം സാറെ വീട്ടിലെത്തി. അങ്ങനെ ഞാൻ ഖൈസിന്റെ പുതിയ വീട്ടിലെത്തി. ഡിഗ്രിക്ക് പഠിക്കുന്ന അന്ന് മുതലേയുള്ള അവന്റെ ഉമ്മയുമായുള്ള സൌഹൃദം പുതുക്കി. എന്റെ വീട്ടിലെ എല്ലാവരുടെയും പുതിയ വിവരങ്ങൾ ഉമ്മ അന്വേഷിച്ചറിയുകയും ചെയ്തു.
               വൈകിട്ട് അഞ്ച് മണിക്കേ എനിക്ക് കാലടിയിൽ എത്തേണ്ടതുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പാലാരിവട്ടത്ത് താമസിക്കുന്ന ഞങ്ങളുടെ രണ്ട് പേരുടെയും ക്ലാസ്‌മേറ്റ് ശ്രീജയെ പറ്റി ഖൈസ് പറഞ്ഞത്. എങ്കിൽ അവളെയും സന്ദർശിച്ച ശേഷം കാലടിയിലേക്ക് തിരിക്കാം എന്ന് ഞാൻ തീരുമാനിച്ചു. ശ്രീജയെ സന്ദർശിച്ച് തിരിച്ച് വന്ന് ഊണ് കഴിഞ്ഞ ശേഷം പോയാൽ മതിയെന്ന് ഖൈസ് പറഞ്ഞതനുസരിച്ച് ഞാൻ പ്ലാൻ മാറ്റി.

            ശ്രീജയുടെ പാലാരിവട്ടത്തെ വീടിനകത്ത് പ്രവേശിക്കുന്നത് വരെ മൂന്ന് വർഷം മുമ്പ് കണ്ട ഒരു മുഖമായിരുന്നു മനസ്സിൽ നിറഞ്ഞ് നിന്നിരുന്നത്. 1992ൽ ഡിഗ്രി കഴ്ഞ്ഞിറങ്ങുമ്പോഴുള്ള ശ്രീജയുടെ ചിത്രമേ ഖൈസിന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ.ശ്രീജയെ കണ്ട ഞാനും ഖൈസും ശരിക്കും ഞെട്ടി. മാസങ്ങളായി ബോൺ ടി.ബി എന്ന അസുഖം ബാധിച്ച് ശരീരം ഏറെ ശോഷിച്ച നിലയിൽ ഒരു വാക്കറിൽ താങ്ങി വന്ന ഷീജ തന്നെ അക്കാര്യം ചോദിക്കുകയും ചെയ്തു.

             ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ എത്തിയ സമയം വളരെ നല്ലതാണെന്ന് തോന്നി. കാരണം പ്രത്യേകിച്ച് ആരും സ്വന്തമെന്ന് പറയാനില്ലാത്ത ആ വലിയ പട്ടണത്തിൽ , എന്തെങ്കിലും എമെർജൻസി വന്നാൽ വിളിക്കാനും ഒരു കൈ സഹായം നൽകാനും ശ്രീജയുടെ കുടുംബത്തിന് ഒരാളുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഈ സന്ദർശനം സഹായകമായി എന്ന് അവളുടെ ഭർത്താവിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി. പണം എത്രയുണ്ടായാലും ആത്മാർത്ഥ സൌഹൃദങ്ങൾ നൽകുന്ന ആശ്വാസം അതൊന്ന് വേറെത്തന്നെ.

ജീവിതത്തിലെ മുൾപാതകൾ

             എന്റെ പഴയ ഒരു പത്താം ക്ലാസ് സഹപാഠിനിയുടെ ജീവിതകഥ കേട്ട് ഞാൻ ഞെട്ടിത്തരിച്ചിരുന്ന ഒരു ദിവസം കടന്നുപോയി. ജീവിതത്തിലെ മുൾപാതകൾ കടന്ന് ഇന്നവൾ പട്ടുമെത്തയിൽ കിടക്കുന്നു എന്ന് പറയാൻ എനിക്ക് ധൈര്യമില്ല. പക്ഷെ വന്ന വഴി ഓർക്കുന്നതോടൊപ്പം ഇനിയുള്ളവർക്ക് അങ്ങനെ ഒരു വഴി ഉണ്ടാകരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആ നല്ല മനസ്സിനെ ഹൃദയംഗമമായി ഞാൻ അഭിനന്ദിക്കുന്നു.

              പത്താം ക്ലാസ് എന്ന് പറയുന്നത് ഒരു ഒറിജിനൽ പത്ത് തന്നെ ആയിരുന്ന കാലം ഉണ്ടായിരുന്നു. ഗ്രേഡും മാർക്കും വാരിയും കോരിയും കൊടുക്കുന്ന കാലത്തിന് മുമ്പുള്ള ഒരു എസ്.എസ്.എൽ.സി കാലം. പത്താം ക്ലാസ് പാസാകാനുള്ള മിനിമം മാർക്കായ 210 ഒപ്പിക്കാൻ കുട്ടികൾ പെടാപാട് പെടുന്ന ഒരു കാലം. ജയിച്ചവരെക്കാളും തോറ്റവർ ഉണ്ടായിരുന്ന ഒരു പരീക്ഷാക്കാലം. റാങ്ക് കിട്ടിയ കുട്ടികളുടെ പോസ്റ്റ്കാർഡ് വലിപ്പത്തിലുള്ള ഫോട്ടോകൾ പത്രത്തിന്റെ ഒന്നാം പേജിൽ നിറഞ്ഞ് നിന്നിരുന്ന കാലം (മിക്കവരും കണ്ണട വച്ചവരായതിനാൽ കോത്താമ്പികൾ എന്നായിരുന്നു അവരെ വിളിച്ചിരുന്നത്).

              അങ്ങനെയുള്ള ഒരു കാലത്താണ് എന്റെ സഹപാഠിനിയുടെ തലയിൽ കുടുംബ ഭാരം കൂടി വീഴുന്നത്. ഉമ്മക്ക് പുറമെ നാല് അനിയത്തിമാരും കൂടി ഉണ്ടായിരുന്ന കുടുംബം പുലർത്താൻ ആ പത്താം ക്ലാസുകാരി അതിരാവിലെ എണീറ്റ് സമീപത്തുള്ള അടക്കാ കളത്തിലേക്ക് പായും. രണ്ടര മണിക്കൂറോളം അടക്ക പൊളിച്ചതിന് ശേഷം അതു വരെ ഇട്ടിരുന്ന വസ്ത്രം അലക്കി കുളിയും കഴിഞ്ഞ് യൂനിഫോമിട്ട് സ്കൂളിലേക്ക് പോകും. ഉച്ചക്ക് ഭക്ഷണം കഴിച്ചിരുന്നോ ഇല്ലേ എന്ന് അവൾ പറഞ്ഞില്ല. അത് മന:പൂർവ്വം മറന്നതായിരിക്കും. വൈകിട്ട് സ്കൂൾ വിട്ട് വീണ്ടും അടക്കാകളത്തിൽ എത്തി ആറര വരെ വീണ്ടും അടക്ക പൊളിക്കുന്ന പണി.

              സന്ധ്യയോടെ വീട്ടിലെത്തി യൂനിഫോം അലക്കിയിടും. ദേഹം കഴുകി രാവിലെ അലക്കിയിട്ട വസ്ത്രം വീണ്ടും ധരിക്കും. പിറ്റേ ദിവസവും ഇതേ പരിപാടി തുടരും. ധരിക്കാനുള്ളത് ഒറ്റ വസ്ത്രം മാത്രം. സ്കൂൾ യൂനിഫോമും ഒന്ന് മാത്രം. എല്ലാ ദിവസവും അലക്കി ഉണക്കി അത് തന്നെ ധരിക്കണം. ഇതിനിടയിൽ അനിയത്തിമാരുടെ ഓരോരോ ആവശ്യങ്ങൾ പൊങ്ങി വരും. ഇത്താത്ത എന്ന നിലയിൽ അത് നിറവേറ്റി കൊടുക്കാൻ, ഓരോ ദിവസവും കിട്ടുന്ന ഇരുപത്തഞ്ച് പൈസയും അമ്പത് പൈസയും പൊന്നുപോലെ ഒരുക്കി കൂട്ടിയ ആ കഥ കേട്ടപ്പോൾ എന്റെ മനസ്സ് പിടഞ്ഞു. ഈ പണി എടുക്കുന്നത് സ്വന്തം സഹപാഠിയുടെ പിതാവിന്റെ പറമ്പിനടുത്ത് ആയിരുന്നു എന്ന സത്യം അവളറിഞ്ഞത് , ഒരു ദിവസം ‘മുതലാളി’യായി സഹപാഠി തന്നെ വന്നപ്പോഴാണ് ! പിന്നീട് അപ്പുറത്തെ പറമ്പിൽ ‘മുതലാളി’ വരുന്ന ദിവസങ്ങളിൽ അവൾ പുറംതിരിഞ്ഞിരുന്ന് ജോലി ചെയ്ത് കുടുംബം പുലർത്തിയ ഈ കഥ കേൾക്കാൻ എന്റെ കൂടെ അന്നത്തെ ‘മുതലാളി’യും ഉണ്ടായിരുന്നു.

               സ്വന്തം അധ്വാനം കൊണ്ട് ഉന്നത വിദ്യാഭ്യാസം നേടി എന്റെ സഹപാഠിനി കടൽ കടന്നു. മോശമല്ലാത്ത ഒരു ജോലി സമ്പാദിച്ച് പത്ത് വർഷം പ്രവാസിയായി  കഴിഞ്ഞു. ഇതിനിടയിൽ സ്വന്തം കല്യാണവും അനിയത്തിമാരുടെ കല്യാണവും എല്ലാം ഭംഗിയായി നടത്തി. സർക്കാർ ജോലി ലഭിച്ചതിനാൽ പ്രവാസം നിർത്തി നാട്ടിലെത്തി. ഇടയിലെപ്പോഴോ ഭർത്താവ് പിരിഞ്ഞുപോയി. പക്ഷേ കനൽ‌പാതയിലൂടെയുള്ള ജീവിതം പഠിപ്പിച്ച പാഠങ്ങൾ ഉൾകൊണ്ട് അവൾ തളരാതെ മുന്നേറി. ഇന്ന് സ്വന്തം കാലിൽ നട്ടെല്ല് വിരിച്ച് നിവർന്ന് നിന്നുകൊണ്ട് കടന്നു വന്ന പാതകൾ അവൾ വ്യക്തമായി ഓർമ്മിക്കുന്നു. ഒപ്പം തന്റെ അനുഭവം മറ്റൊരാൾക്ക് ഉണ്ടാകരുത് എന്ന നിശ്ചയത്തോടെ ഞങ്ങളുടെ എസ്.എസ്.സി കൂട്ടായ്മക്ക് സാമ്പത്തികമായും ശാരീരികമായും പിന്തുണയും തരുന്നു.

              പ്രിയ സഹോദരീ... ജീവിതത്തിൽ ഇത്തരം പരീക്ഷണങ്ങൾ നേരിടാത്ത എനിക്ക് നിന്നെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. ഞാൻ നേടിയ എല്ലാ പുരസ്കാരങ്ങൾക്കും മേലെ നിന്റെ ജീവിതാനുഭവത്തെ ഞാൻ പ്രതിഷ്ഠിക്കുന്നു. അഭിനന്ദനങ്ങൾ എന്ന വാക്കിൽ ഒതുക്കാതെ അതിനെ ഞാൻ മനസ്സിൽ ബഹുമാനമായി സൂക്ഷിക്കുന്നു.

Tuesday, December 03, 2019

സന്തോഷ നിമിഷങ്ങൾ

            എനിക്ക് നാഷണൽ സർവീസ് സ്കീമിന്റെ ബാലപാഠങ്ങൾ ഓതി തന്നത് വകയിൽ എന്റെ  ഇക്കാക്കയായി തന്നെ വരുന്ന യൂസഫലി സാർ ആയിരുന്നു. അദ്ദേഹമായിരുന്നു എന്റെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന 87-89 കാലഘട്ടത്തിലായിരുന്നു അത്. പ്രീഡിഗ്രി രണ്ടാം വർഷ്ത്തിൽ എത്തിയപ്പോഴാണ് ആദ്യമായി ദശദിന ക്യാമ്പിൽ പങ്കെടുത്തത്. കോട്ടക്കലിനടുത്ത് സ്വാഗതമാട് ആയിരുന്നു ക്യാമ്പ്. ഉറങ്ങുന്നവർക്ക് താടിയും മീശയും വരക്കുകയും മറ്റും ചെയ്യുന്ന ചില ‘ഭീകര പ്രവർത്തനങ്ങളും’ ചില കലാപരിപാടികളും ഒരു റോഡ് വെട്ടിയതും ഒക്കെയാണ് ക്യാമ്പിനെപ്പറ്റി എന്റെ ഓർമ്മ.പിന്നീട് ഡോക്ടർമാരായി മാറിയ റിഷികേഷും സഫറുള്ളയും ആയിരുന്നു എന്റെ ക്ലാസിൽ നിന്നും ആ ക്യാമ്പിൽ പങ്കെടുത്തവർ.

                പ്രീഡിഗ്രി പാസായി ഫിസിക്സ് ഡിഗ്രിക്ക് ഞാൻ ഫാറൂഖ് കോളേജിൽ ചേർന്നു. അവിടെയും എൻ.എസ്.എസ് ൽ ഞാൻ അംഗമായി. എന്റെ മുൻ അനുഭവങ്ങളും ബാപ്പയുടെ പ്രേരണയും ഒക്കെ ആയിരിക്കാം അതിന് കാരണം. നിർഭാഗ്യവശാൽ എന്റെ ക്ലാസിൽ നിന്ന് ആരും തന്നെ എൻ.എസ്.എസ് ൽ ചേർന്നില്ല. ഇവിടെയും രണ്ടാം വർഷത്തിലോ അതോ മൂന്നാം വർഷത്തിലോ എന്നറിയില്ല, കോഴിക്കോട് കുറ്റിച്ചിറ എം.എം.ഹൈസ്കൂളിൽ നടന്ന ദശദിന ക്യാമ്പിൽ പങ്കെടുത്തു. എന്റെ ഗ്രൂപ്പിൽ നിന്നും മെസ്സിലേക്കുള്ള അംഗമായി തെരഞ്ഞെടുത്ത ദിവസം ചപ്പാത്തി വളരെ ഈസിയായി പലകയിൽ ഇട്ട് വട്ടം കറക്കി പരത്തി അന്ന് മാൻ ഓഫ് ദ് ഡെ ആയത് എന്റെ ഓർമ്മയിലുണ്ട്. വീട്ടിൽ പത്തിരിയും ചപ്പാത്തിയും പരത്തിയിരുന്ന എനിക്ക് അത് ഒട്ടും പ്രയാസമായി തോന്നിയിരുന്നില്ല എന്നതാണ് സത്യം.

               ഇക്കഴിഞ്ഞ ദിവസം ഞാൻ ആ രണ്ട് ഓർമ്മകളിലേക്കും ഒന്ന് കൂടി തിരിച്ചു പോയി. ഞാൻ വളണ്ടിയർ ആയി സേവനമനുഷ്ടിച്ച അതേ ഫാറൂഖ് കോളേജിലെ പുതിയ എൻ.എസ്.എസ് വളണ്ടിയർമാർക്ക് നാഷണൽ സർവീസ് സ്കീമിനെ പരിചയപ്പെടുത്തി അവരുടെ പ്രവർത്തനങ്ങൾക്ക് അടിത്തറ നൽകുക എന്ന കർമ്മം ഇത്തവണ ഏൽപ്പിച്ചത് എന്നെയായിരുന്നു. മുമ്പ് ഒരു തവണ ഫാറൂഖ് കോളേജിന്റെ സപ്തദിന ക്യാമ്പിലും മറ്റൊരു തവണ എൻ.എസ്.എസ് ന്റെ തന്നെ ഒരു പ്രോഗ്രാമിലും പങ്കെടുത്തിരുന്നു എങ്കിലും ഓറിയെന്റേഷൻ എന്ന അടിസ്ഥാന ശില ഇടാൻ എത്തിയത് ആദ്യമായിട്ടായിരുന്നു. സേവനമനുഷ്ടിച്ച യൂനിറ്റിലെ പുതു തലമുറക്കായി സേവനപാഠങ്ങൾ ചൊല്ലിക്കൊടുക്കുക എന്നത് മനസ്സിന് വലിയ സന്തോഷം തന്നു.
             2013ൽ നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് നാഷണൽ അവാർഡ് കിട്ടിയ ശേഷം മേൽ പറഞ്ഞ രണ്ട് കോളേജിലെയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് ഞാൻ എഴുത്ത് അയച്ചിരുന്നു - എനിക്ക് നാഷണൽ സർവീസ് സ്കീമിന്റെ ബാലപാഠങ്ങൾ ഓതി തന്ന കോളേജുകളിലെ കുട്ടികളുമായി സംവദിക്കാനുള്ള ഒരവസരം ചോദിച്ചുകൊണ്ട്. ആറ് വർഷം കഴിഞ്ഞ് എന്റെ അനിയന്റെ ഭാര്യ ഫാറൂഖ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയി വന്നപ്പോൾ എങ്കിലും ആ അവസരം ലഭിച്ചതിൽ വളരെ സന്തോഷം. എന്റെ പിൻ‌ഗാമികളായ വളണ്ടിയർമാർ ക്ലാസ് വളരെയധികം ആസ്വദിച്ചു എന്ന് അവരുടെ മുഖം വിളിച്ചോതുന്നത് കണ്ടു കൊണ്ടാണ് ക്ലാസ് കഴിഞ്ഞ് രാജാ ഗേറ്റിലൂടെ കാമ്പസിൽ നിന്നും പുറത്ത് കടന്നത്.
               ഈ അസുലഭ അവസരം ഒരുക്കിത്തന്ന ദൈവത്തിന് സ്തുതി.

Friday, November 29, 2019

ജീ‌എം ചേച്ചി

“നീ എമറാൾഡ് പാലസ് എന്ന് തന്നെയല്ലേ കൊടുത്തത് ?”
എത്ര ഡ്രൈവ് ചെയ്തിട്ടും ലൊക്കേഷൻ എത്താതായപ്പോൾ കത്തുന്ന വയറിന്റെ സ്വാഭാവിക പ്രതികരണത്തോടൊപ്പം മഹ്‌റൂഫിന്റെ ശബ്ദം ഒന്ന് കൂടി ഉയർന്നു. ഒപ്പമുള്ളവർ ആഡിറ്റോറിയത്തിൽ എത്തി വെട്ടൽ ആരംഭിച്ചു എന്ന് കൂടി അറിഞ്ഞതോടെ മഹ്രൂഫിന്റെ കാൽ ആക്സിലറേറ്ററിൽ ശക്തിയായി അമരാൻ തുടങ്ങി.

“തിരൂർ - മലപ്പുറം റോഡ് എന്നാണല്ലോ കാണിക്കുന്നത്...” ഞാൻ മറുപടി പറഞ്ഞു.

“തിരൂർ - മലപ്പുറം റോഡോ ? ഇത് തിരിച്ച് മലപ്പുറത്തേക്ക് തന്നെ എത്താനാ സാധ്യത.നീ ആ ഡെസ്റ്റിനേഷൻ ഒന്ന് കൂടി ചെക്ക് ചെയ്യൂ” മെഹ്‌റൂഫ് സംശയം പ്രകടിപ്പിച്ചു.

മെഹ്രൂഫ് അങ്ങനെ പറഞ്ഞപ്പോൾ എനിക്കും സംശയമായി.അറിയാതെ സമ്മർ പാലസ് എന്നെങ്ങാനും കൊടുത്തിട്ടുണ്ടോ. വണ്ടി ലെഫ്റ്റിലേക്ക് തന്നെ തിരിക്കാനാണ് നിർദ്ദേശം കിട്ടിക്കൊണ്ടിരിക്കുന്നത്. അതായത് വന്ന വഴിയുടെ പാരലൽ ആയിട്ട് !! 

 “എമറാൾഡ് പാലസ് എന്ന് തന്നെയാ കൊടുത്തത്..” ചെക്ക് ചെയ്ത ശേഷം ഞാൻ പറഞ്ഞു.

“നമുക്ക് ആരോടെങ്കിലും ചോദിക്കാം...” കുടൽ കരിഞ്ഞ മഹ്‌റൂഫ് വണ്ടി സൈഡാക്കി.

“ചേട്ടാ...എമറാൾഡ് പാലസ് എവിടെയാ ?” വഴിയരികിൽ കണ്ട ആളോട് ഞാൻ ചോദിച്ചു.

“ആരാ നിങ്ങളെ ഈ വഴി വിട്ടത് ?” മറുചോദ്യം ഞങ്ങളെ ഞെട്ടിച്ചു.

“അത്...അത്...ആ ചേച്ചി !!” ഞാൻ മടിച്ച് മടിച്ച് പറഞ്ഞു. മെഹ്രൂഫ് എന്റെ മുഖത്തേക്ക് ഒന്ന് തറപ്പിച്ച് നോക്കി. ‘എ ഹംഗ്രി മാൻ ഇസ് ആൻ ആംഗ്രി മാൻ’ എന്ന് ആരോ പറഞ്ഞത് പെട്ടെന്ന് എനിക്ക് ഓർമ്മയിൽ വന്നു.

“ഇനി ഒരു കാര്യം ചെയ്യ്...ഫസ്റ്റ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് ...അടുത്ത ജംഗ്ഷനിൽ നിന്ന് വീണ്ടും ഇടത്തോട്ട് ... പിന്നെ ഒരു പോക്കറ്റ് റോഡ്...അവിടെ നിന്നും വീണ്ടും ഇടത്തോട്ട് ...“ അയാൾ ഓരോ ഇടത്തോട്ട് പറയുമ്പോഴും മെഹ്രൂഫും ഇടത്തോട്ട് പിരിയുന്നത് ഞാൻ ശ്രദ്ധിച്ചു. അവസാനം മെഹ്‌റൂഫ് സീറ്റിൽ ഒരു ‘റ’ പോലെയായി !

“അതായത് ഫുൾ ഇടത്തോട്ട് തന്നെ...എന്നിട്ട് ?” ഞാൻ ചോദിച്ചു.

“അപ്പോ നിങ്ങൾ ദേ അവിടെ എത്തും....പിന്നെ സ്ട്രൈറ്റ് പോയാ മതി !” വണ്ടിയുടെ പിന്നിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു.

“ഒ..കെ...“ താങ്ക്സ് പറഞ്ഞ് മെഹ്‌റൂഫ് വണ്ടി എടുത്തു.

“അല്ലാ...ഒന്നര മണിക്കൂറായി ഞാൻ ഡ്രൈവ് ചെയ്യുന്നു....വണ്ടി എവിടെയും നിർത്തിയിട്ടും ഇല്ല....പിന്നെ ഏത് ചേച്ചിയുടെ കാര്യമാ നീ അയാളോട് പറഞ്ഞത് ?” ഡ്രൈവിംഗിനിടയിൽ മെഹ്‌റൂഫ് ആകാംക്ഷയോടെ ചോദിച്ചു.

“ അതോ..? അത്...ജീയം ചേച്ചി...ഒരു ചേച്ചി പറഞ്ഞ് തന്നു എന്ന് പറയുമ്പം കേൾക്കുന്ന ആൾക്കും ഒരു ഹരം പിടിക്കും... അതാ അങ്ങനെ പറഞ്ഞത്...” ഞാൻ പറഞ്ഞു.

“ജീഎം ചേച്ചിയോ? അതാരാ...?”

“ജി ഫോർ ഗൂഗിൾ...എം ഫോർ മാപ്....ഗൂഗിൾ മാപ് ചേച്ചി....ഇൻ ഷോർട്ട്.... ജീയം ചേച്ചി...” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞപ്പോഴേക്കും എമറാൾഡ് പാലസിൽ എത്തിയതിനാൽ ഹംഗ്രി മാൻ അറ്റാക്കിൽ നിന്ന് ഞാൻ തലനാരിഴക്ക് രക്ഷപ്പെട്ടു.

Wednesday, November 27, 2019

മത്തൻ പൂ തോരൻ

             കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഉച്ചക്കുള്ള ഉപ്പേരിയോ കറിയോ അല്ലെങ്കിൽ രണ്ടും കൂടിയോ വീട്ടുമുറ്റത്ത് നിന്നോ തൊടിയിൽ നിന്നോ ഉള്ള എന്തെങ്കിലും ഇലയോ കായോ ആണ്. ചീര, മത്തനില, കുമ്പളയില, മുളകില, മധുരക്കിഴങ്ങ് ഇല, മുരിങ്ങ, കോവക്ക ഇല അങ്ങനെ നിരവധി ഇലകൾ .... വെണ്ട , വഴുതന , കോവക്ക, വാഴക്കൂമ്പ് , വാഴപ്പിണ്ടി, കായ, പപ്പായ എന്നിവ കൊണ്ടുള്ള ഉപ്പേരികൾ... ഇതിലേക്ക് ചേർക്കാനുള്ള കാന്താരിയും പച്ചമുളകും പറമ്പിൽ നിന്ന് തന്നെ.

             ഇന്ന് പതിവ് പോലെ രാവിലെ മുറ്റത്തേക്കിറങ്ങിയപ്പോൾ കണ്ടത് മത്തൻ വള്ളിയിലെ മഞ്ഞ പൂക്കളാണ്. മത്തൻ വള്ളി നീണ്ടു പടർന്ന് പോകാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു കായ പോലും പിടിക്കാത്തതിനാൽ ഇല നുള്ളി കറിയോ തോരനോ വയ്ക്കും. അതിനെപ്പറ്റി ഒരു ദിവസം , പുതുതായി രൂപം കൊണ്ട എന്റെ പത്താം ക്ലാസ് ഗ്രൂപ്പിൽ ഒരു പോസ്റ്റിട്ടപ്പോഴാണ് പഴയ സഹപാഠി ശ്രീലത മത്തൻ പൂ തോരൻ വയ്ക്കുന്നതിനെപ്പറ്റി പറഞ്ഞത്. ഇന്ന് ഇത്രയും പൂ കണ്ട ഉടനെ അതോർമ്മ വന്നു. ഭാര്യയോട് വിവരം പറഞ്ഞ് തോരൻ ഉണ്ടാക്കാൻ കളമൊരുക്കി.

              ഭാഗ്യത്തിന് പൂക്കൾ എല്ലാം ആൺ വർഗ്ഗത്തിൽ പെട്ടതായിരുന്നു. ഏഴോ എട്ടോ എണ്ണം വിരിഞ്ഞത് ഉണ്ട്. ഇന്നലെ വിരിഞ്ഞ് വാടിയത് വേറെയും. ഞാൻ ഫ്രെഷ് പൂക്കൾ മാത്രം വള്ളിയിൽ നിന്നും അടർത്തി.
             നന്നായി കഴുകിയ ശേഷം പൂക്കൾ ചെറുതാക്കി അരിഞ്ഞു.  അല്പം എണ്ണ ചൂടാക്കി കറിവേപ്പിലയിട്ട് വഴറ്റി അതിലേക്ക് ഇതിട്ടു. ആവശ്യമായ ഉപ്പും മഞ്ഞൾപൊടിയും കൂടി ചേർത്ത് ഇളക്കിയ ശേഷം അല്പ നേരം അടച്ചു വച്ചു. ഇതിലേക്ക് തേങ്ങയും കാന്താരിയും കൂടി മിക്സിയിൽ അരച്ചെടുത്ത കൂട്ട് ചേർത്ത് ഇളക്കി പിന്നെയും അല്പ നേരം സ്റ്റൌവിൽ വച്ചു. അഞ്ചു മിനുട്ട് കൊണ്ട് തോരൻ റെഡി (ഈ ചെയ്തികളെല്ലാം ഭാര്യ വക).
             പൂക്കൾ കുറവായതിനാൽ തോരൻ വളരെ കുറഞ്ഞു പോയി. ഒന്ന് രണ്ട് തവണ ഞങ്ങൾ രണ്ട് പേരും കൂടി ടേസ്റ്റ് നോക്കിയതോടെ പാത്രം കാലിയായി ! സംഭവം ഏതായാലും കിടിലൻ ആണ്. അതുകൊണ്ട് തന്നെ അല്പം കൂടി മത്തൻ വീട്ടുവളപ്പിൽ കുത്താൻ തീരുമാനിച്ചു. ഇതിലേക്ക് മുട്ട കൂടി ചേർത്താൽ ഒന്നു കൂടി ഉത്സാഹിച്ച് കഴിക്കും എന്ന് പറയപ്പെടുന്നു. പക്ഷേ പൂവിന്റെ ടേസ്റ്റ് മുട്ടയിൽ കലങ്ങിപ്പോകും എന്ന് ഞാൻ ഭയക്കുന്നു. കുമ്പളപ്പൂവും വയ്ക്കാം എന്ന് പറയുന്നു - ദൈവത്തിനറിയാം !

               അപ്പോൾ മത്തൻ ഉണ്ടായില്ലെങ്കിലും ഇലയും പൂവും എടുത്ത് നന്നായി തട്ടിക്കോ. സൂപ്പർ ടേസ്റ്റാ.

Tuesday, November 26, 2019

മിഠായിത്തെരുവിലൂടെ...

                ജോലി കോഴിക്കോട് ആയതിനാൽ അരീക്കോട്ട്കാരനായ ഞാൻ, ആഴ്ചയിൽ അഞ്ച് ദിവസവും മിഠായിത്തെരുവ് ഒരു നോക്ക് കാണാറുണ്ട്. തെരുവിലേക്ക് നോക്കി നിൽക്കുന്ന തെരുവിന്റെ കഥാകാരൻ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമ കാണുമ്പോൾ അദ്ദേഹത്തിന്റെ നിരവധി കഥകളും കഥാപാത്രങ്ങളും മനസ്സിൽ ഓടി എത്തും. ഈ അടുത്ത് വായിച്ച നാടൻ പ്രേമം പൊറ്റക്കാടിനെ ഒന്നു കൂടി ഹൃദിസ്ഥനാക്കി.

               മിഠായിത്തെരുവിന് S M Street എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്. മിഠായിയുടെ Sweet ഉം തെരുവിന്റെ street ഉം മനസ്സിലായെങ്കിലും അതിനിടക്ക് കയറിക്കൂടിയ  M എന്തിനാണെന്ന് അറിയാത്തതിനാൽ സ്വീറ്റ് മിഠായി തെരുവ് എന്നൊക്കെ പറഞ്ഞ് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു ! ‘കാന്താരി ഹൽ‌വ’ വിൽക്കുന്ന ഇന്നത്തെ കോഴിക്കോട്ട് അന്ന് Sweet അല്ലാത്ത മിഠായി വിൽക്കുന്ന വല്ല തെരുവും ഉണ്ടായിരുന്നോ എന്നറിയില്ല. വളരെക്കാലത്തിന്  ശേഷമാണ് S M Street എന്നാൽ Sweet Meat Street ആണെന്ന് മനസ്സിലായത്.

                സാമൂതിരി രാജാവിന്റെ കാലത്തോളം പഴക്കമുള്ളതാണ് മിഠായിത്തെരുവിന്റെ കഥ. ഗുജറാത്തി വ്യാപാരികൾ ധാരാളമായുണ്ടായിരുന്ന സ്ഥലമായിരുന്നു കോഴിക്കോട്. ഇന്നും ഗുജറാത്തി തെരുവും ഗുജറാത്തി സ്കൂളും എല്ലാം കോഴിക്കോട്ടുണ്ട്. ഗുജറാത്തികളുടെ പലഹാരമായിരുന്ന ഹ‌ൽ‌വ പൊതുജനങ്ങൾക്ക് കൂടി രുചിക്കാൻ സൌകര്യപ്പെടുന്ന വിധത്തിൽ ഹൽ‌വ കടകൾ തുടങ്ങാൻ സാമൂതിരി രാജാവ് ആവശ്യപ്പെടുകയും അങ്ങനെ ഇന്നത്തെ മിഠായിത്തെരുവിൽ കച്ചവടം ആരംഭിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

               മാംസം മുറിക്കുന്നപോലെ കത്തികൊണ്ട് ഹൽ‌വ മുറിക്കുന്നത് കണ്ട ഏതോ ഒരു വിദേശി ഇതിനെ മധുരമുള്ള മാംസം എന്നർത്ഥത്തിൽ Sweet Meat എന്ന് വിളിച്ചു. അങ്ങനെ Sweet Meat വിൽക്കുന്ന തെരുവ് Sweet Meat Street അഥവാ S M Street ആയി. ഇന്ന് ‌ഹൽ‌വ കടകൾക്കൊപ്പം മറ്റു നിരവധി ഷോപ്പുകളും പ്രവർത്തിക്കുന്ന മിഠായിത്തെരുവ് കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നാണ്.

               കേരളത്തിലെ ഏക പാർസി ആരാധനാലയമായ Parsi Anju Amman Baug സ്ഥിതി ചെയ്യുന്നതും മിഠായിത്തെരുവിലാണ്. ഏകദേശം 200 വർഷത്തോളം പഴക്കമുള്ളതാണ് ഈ ആരാധനാലയം. 

             2017 ഡിസംബറിൽ പുതുക്കിയ മിഠായിത്തെരുവ് ജനങ്ങൾക്കായി തുറന്ന് കൊടുത്തു. കല്ലുകൾ പാകി നവീകരിച്ച തെരുവിലൂടെ ഗതാഗതം പൂർണ്ണമായും വിലക്കി. പ്രായമായവരെ അങ്ങോട്ടും ഇങ്ങോട്ടും സൌജന്യമായി കൊണ്ടുപോകാനായി ഒരു ഇലക്ട്രിക് റിക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ തെരുവുകൾക്ക് സമാനമായ ഒരു കാഴ്ചയാണ് ഇന്ന് മിഠായിത്തെരുവിന്റെ മുഖം. മാനാഞ്ചിറ സ്ക്വയറിനോടടുത്തുള്ള പ്രവേശന മുഖത്ത് യാത്രക്കാർക്ക് വിശ്രമിക്കാനുള്ള വിവിധ തരം സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


Thursday, November 21, 2019

സിന്ധു മണ്ഡോദരി

“സിന്ധു ടീച്ചർ ഉടൻ അസംബ്ലിയുടെ മുൻ നിരയിലേക്ക് എത്തിച്ചേരേണ്ടതാണ് “ മൈക്കിലൂടെയുള്ള അനൌൺസ്മെന്റ് ഉയരുമ്പോൾ സ്കൂൾ വളപ്പിൽ കാർ പാർക്കിംഗിനുള്ള സ്ഥലം അന്വേഷിച്ച് കാറുമായി വട്ടം കറങ്ങുകയായിരുന്നു സിന്ധു ടീച്ചർ.

‘ഈ ജബ്ബാർ മാഷിനെക്കൊണ്ട് തോറ്റു…മാവേലി വരുന്ന പോലെയാ വരവ്… വരുന്ന അന്ന് ആ ജാംബവാൻ ശകടം, വിമാനം പാർക്ക് ചെയ്യുന്ന പോലെ ഒരേക്കർ സ്ഥലം കയ്യേറും…അടക്കി ഒതുക്കി പാർക്ക് ചെയ്യണം എന്ന് എത്ര പറഞ്ഞാലും….’ സിന്ധു ടീച്ചർ ആത്മഗതം ചെയ്തു. കിട്ടിയ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ടീച്ചർ വേഗം സ്റ്റാഫ് റൂമിലേക്കോടി. സീറ്റിൽ ബാഗ് വച്ച് കണ്ണാടിയിൽ നോക്കി പൌഡറും കുറിയും യഥാസ്ഥാനത്ത് തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തി അസംബ്ലി മൈതാനത്തേക്ക് വച്ച് പിടിച്ചു.ഓടുന്നതിനിടയിൽ അസംബ്ലിയിൽ പറയാനുള്ളത് ടീച്ചർ ഒന്ന് കൂടി ഓർമ്മിച്ചെടുത്തു….

’ടോപിന് പോകാൻ ടൂർ സ്കോറർക്കുള്ള 87 ബാച്ച് വക സമ്മാനം….ഛെ…തെറ്റിയല്ലോ…‘

‘ചെയർമാൻ വാട്സാപ്പിൽ അയച്ച് തന്നിരുന്നു….ഫോൺ ബാഗിനകത്തും ആയിപ്പോയി….ഛെ… ടോപ്സ്കോറർക്ക് പോകാൻ ടൂറിന്…. അമ്മേ… ഇതിന്ന് കൊളമാകുമല്ലോ…‘ സിന്ധ്ധു ടീച്ചർ ആത്മഗതം ചെയ്തു.

അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞ് ഹെഡ്മാസ്റ്റർ ഗീർവാണം വിടാൻ തുടങ്ങിയിരുന്നു.കുട്ടികളുടെ പിറകിൽ സിന്ധു ടീച്ചറുടെ തല കണ്ടതോടെ ഹെഡ്മാസ്റ്റർ പ്രധാന വിഷയത്തിലേക്ക് കടന്നു.

“ഇന്ന് നാം ഇവിടെ കൂടിയതിന് വലിയൊരു ഉദ്ദേശം കൂടിയുണ്ട്…നിങ്ങളുടെ എല്ലാവരുടെയും പ്രിയങ്കരിയായ അധ്യാപിക സിന്ധു ടീച്ചറുടെ….” ഹെഡ്മാസ്റ്റർ ഒന്ന് നിർത്തി. ഇന്നലെ വരെ സിന്ധു ടീച്ചർ സ്റ്റാഫ് റൂമിൽ പ്രത്യേകിച്ച് ഒന്നും പറയാത്തതിനാൽ ടീച്ചർമാരെല്ലാം പരസ്പരം നോക്കി. വലിയ എന്തോ ഒരു കാര്യം മൂടി വച്ചതിന് എല്ലാവർക്കും സിന്ധു ടീച്ചറോട്  പെട്ടെന്നൊരു അരിശം തോന്നി.

“….സിന്ധു ടീച്ചർ മുന്നോട്ട് വരൂ…“ ഹെഡ്മാസ്റ്റർ ടീച്ചറെ ക്ഷണിച്ചു.

“സിന്ധു ടീച്ചർ നമ്മുടെ സ്കൂളിൽ തന്നെ പഠിച്ച് ഇവിടെത്തന്നെ ജോലി നേടി ഇന്ന് സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് “ ഹെഡ്മാസ്റ്റർ സിന്ധു ടീച്ചറെ വാനോളം ഉയർത്തുമ്പോൾ സഹാദ്ധ്യാപികമാർ മുറുമുറുക്കാൻ തുടങ്ങി….’ പ്ഫൂ!! ഇവിടെ പഠിച്ചിട്ടും ഇവിടെ തന്നെ പഠിപ്പിക്കാനെത്തിയ വിഡ്ഢി കൂശ്മാണ്ഠം എന്നാ പറയേണ്ടത്…‘

“സിന്ധു ടീച്ചറുടെ പത്താം ക്ലാസ് കൂട്ടുകാർ ഏർപ്പെടുത്തിയ ഒരു അവാർഡ്… അതിനെപ്പറ്റി സിന്ധു ടീച്ചർ തന്നെ നിങ്ങളോട് സംസാരിക്കും…സ്നേഹപൂർവ്വം ടീച്ചറെ ക്ഷണിക്കുന്നു….” ഹെഡ്മാസ്റ്റർ പറഞ്ഞ് നിർത്തി.

“ ഹാവൂ….ഒരു വാണം കത്തിയമർന്നു…അടുത്ത വാണം ദേ ഇപ്പോ കത്താൻ തുടങ്ങും…“ അസംബ്ലിയിൽ നിന്ന് ആരോ പറഞ്ഞു.

“പ്രിയപ്പെട്ട കുട്ടികളേ….ഞാനീ സ്കൂളിൽ നിന്ന് SSC കഴിഞ്ഞ ഒരു വിദ്യാർത്ഥിനിയാണ്…“

“കൂയ് കൂയ്…SSLC ആണെന്ന് പോലും അറിയില്ല…കൂയ്…..കൂയ്” അസംബ്ലിയിൽ നിന്നും കൂകി വിളികൾ ഉയർന്നു.

“അല്ല…നിങ്ങൾ പറയുന്നതല്ല ശരി….ഞങ്ങളുടെ ബാച്ച് എസ്.എസ്.എൽ.സി ആയിരുന്നില്ല. എസ്.എസ്.സി ആയിരുന്നു.‘എല്‍’ ഇല്ലാത്തവര്‍. ഞങ്ങളുടെ കൂട്ടായ്മ കൂടിയാലോചിച്ച് പത്താം ക്ലാസിലെ മിടുക്കർക്ക് ഒരു ധനസഹായം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്…ഇക്കഴിഞ്ഞ ഓണപ്പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് ടോപ്സ്കോറർ പോകാനുള്ള സഹായം …“

“ഹ ഹ ഹാ….. ടോപ്സ്കോറർ പോകാനുള്ള സഹായമോ…?“ കുട്ടികൾ ആർത്ത് ചിരിച്ചു.

“സോറി…സോറി….ഏറ്റവും കൂടുതൽ ടൂർ പോയ കുട്ടിക്ക് ടോപ് സ്കോറർ ആകാനുള്ള സഹായം….” ടീച്ചർ തിരുത്തിപ്പറഞ്ഞു.

“ഹ ഹ ഹാ…പിന്നേം തെറ്റി..”

“ഷട്ട് അപ്…യൂ കണ്ട്രി ഫെലോസ്….” സിന്ധു ടീച്ചർ രോഷാകുലയായി.

“ഹ ഹ ഹാ….” കുട്ടികൾ പിന്നെയും ആർത്ത് ചിരിച്ചു.

“ബഹളം വയ്ക്കരുത്.... മിടുക്കിക്കുട്ടി റിയക്ക് ഞാനും എന്റെ കൂട്ടുകാരും ചേർന്ന് നൽകുന്ന സമ്മാനം…എന്തിനാ, എങ്ങിനാ എന്നൊന്നും ഇനി ചോദിക്കണ്ട…..നൽകാൻ വേണ്ടീ ഹെഡ്മാസ്റ്ററെ ആദരപൂർവ്വം ക്ഷണിക്കുന്നു. ഏറ്റു വാങ്ങാൻ റിയയെയും…….”

ഹെഡ്മാസ്റ്റർ കാഷ് അവാർഡ് നൽകി, പരിപാടി കഴിഞ്ഞപ്പോഴേക്കും ടീച്ചറുടെ നെറ്റിയിലെ കുങ്കുമപ്പൊട്ട് സാരിയില്‍ ചിത്രം വര തുടങ്ങിയിരുന്നു.

അലി അക്ബർ ഏലിയാസ് രാമചന്ദ്രൻ

             എന്റെ ആദ്യത്തെ സർക്കാർ ജോലിയിൽ ഡോക്ടർ ഒഴികെ മറ്റുള്ളവരുടെ എല്ലാവരുടെയും ശമ്പള ബില്ല് എഴുതുന്നത് ഞാൻ തന്നെയായിരുന്നു. ജോലിയിൽ കയറിയ ഉടൻ ആയതിനാൽ ഉരുട്ടി ഉരുട്ടി എഴുതി, സ്വന്തം ശമ്പളത്തിന്റെ വലിപ്പം മറ്റുള്ളവരുടെ ശമ്പളത്തിന്റെ വലിപ്പവുമായി തട്ടിച്ച് നോക്കാനും ബില്ലിന്റെ സൂക്ഷ്മ പരിശോധന നടത്താനും എല്ലാം അന്ന് വലിയ ആവേശമായിരുന്നു.

            സർവീസ് മാറി മാറി കോളേജിൽ എത്തിയപ്പോൾ ഞാന്‍ ഒരു ഗസറ്റഡ് ഓഫീസറായി.പണ്ട് ഡോക്ടർ സ്വന്തം ശമ്പളം മാത്രം എഴുതിയ പോലെ ഞാനും എന്റെ മാത്രം ശമ്പളം എഴുതുന്ന സ്വാർത്ഥനായി മാറി, അല്ല എന്നെ അങ്ങനെ മാറ്റി.അങ്ങനെ നിരവധി കടലാസുകൾ സ്ഥാനത്തും അസ്ഥാനത്തും ബലിയാടായി. എനിക്കായി ഒട്ടനവധി മരങ്ങൾ  ഭൂമിയുടെ ഏതൊക്കെയോ കോണിൽ രക്തസാക്ഷിത്വം വരിച്ചു

              അങ്ങനെ കാലചക്രം പലവട്ടം കറങ്ങി. കോഴിക്കോട് ആറ് വർഷം സേവനമനുഷ്ടിച്ച് ഞാൻ വീണ്ടും വയനാട് എഞ്ചിനീയറിംഗ് കോളേജിൽ എത്തി. മല ഇറങ്ങിയ പണ്ടത്തെ സഹപ്രവർത്തകർ പലരും വീണ്ടും മല കയറി തിരിച്ചെത്തി. എന്റെ ജില്ലക്കാരനായ അലി അക്ബറ് സാറും, ഞാൻ എത്തി ഒരു വർഷം കഴിഞ്ഞ് ശ്രീകൃഷ്ണപുരത്ത് നിന്നും വയനാട്ടിൽ തിരിച്ചെത്തി. ഔദ്യോഗിക ഫോർമാലിറ്റികൾ പലതും പൂർത്തിയാക്കാനുള്ളതു കൊണ്ട് സ്ഥലം മാറ്റം കിട്ടി വരുന്നവർക്ക് മിക്കവാറും ശമ്പളം കിട്ടുന്നത് ഒന്നോ രണ്ടോ മാസം കഴിഞ്ഞായിരിക്കും. അലി അക്ബർ സാർക്കും ആ പതിവ് മാറിയില്ല.

             ട്രഷറി അക്കൌണ്ട് പാലക്കാട് നിന്നും വയനാട്ടിലേക്ക് മാറ്റാത്തതുകൊണ്ട് ജൂലൈ മാസവും ശമ്പളമില്ല എന്ന് അക്ബർ സാറ് മനസ്സിൽ ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാലും സർക്കാർ ജീവനക്കാരനല്ലേ ,  ഒരു ശീലം പോലെ സ്പാർക്ക് അക്കൌണ്ട് വെറുതെ തുറന്നു നോക്കാൻ ഒരു ജിജ്ഞാസ ഉണ്ടായി. പരിചയം പുതുക്കാനാണ് തുറന്നതെങ്കിലും സാലറി ഡീറ്റയിത്സ് കണ്ട് അലി സാർ ഞെട്ടിപ്പോയി.ജൂലായിലെ ശമ്പളം ആഗസ്റ്റ് 11ന് സാറെ അക്കൌണ്ടിൽ എത്തിയിട്ടുണ്ട് ! ശമ്പളത്തിന്റെ കാര്യത്തിൽ അന്നു വരെ ഒരു പേപ്പറും നീക്കിയിട്ടില്ലാത്തതിനാൽ അലി സാർ ചിന്താവിഷ്ടനായി. എങ്ങനെ ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാത്തതിനാൽ ശമ്പള ബിൽ തയ്യാറാക്കുന്ന ഓഫീസ് ക്ലർക്ക് റോയിയെ സമീപിച്ചു. സംഗതി ശരിയാണ് - ബിൽ പാസായിട്ടുണ്ട്, പാലക്കാട് നിന്നും വയനാട്ടിലേക്ക് ഇതുവരെ വരാത്ത അക്കൌണ്ടിലേക്ക് പണം പോയിട്ടും ഉണ്ട് !

             സംഗതി നമ്മളൊക്കെ കമ്പ്യൂട്ടർ സയൻസ് അറിയുന്നവരാണെങ്കിലും എല്ലാം ഓൺലൈനാക്കുമ്പോൾ ഉണ്ടാകുന്ന ഇതുപോലെയുള്ള അനുഭവങ്ങൾ തലയിൽ ഇടിത്തീ വീഴ്ത്തും. ശമ്പളം പോയ വഴി അന്വേഷിച്ച് പോയില്ലെങ്കിൽ രണ്ട് മാസത്തെ ശമ്പളം ഗോപി ആയത് തന്നെ. പാസ്സായ ബിൽ സംബന്ധമായ വിവരങ്ങൾ എല്ലാം ശേഖരിച്ച് അലി സാർ വേഗം ട്രഷറിയിൽ എത്തി പരിശോധിച്ചപ്പോൾ ഞെട്ടലിന്റെ വോൾട്ടത വീണ്ടും കൂടി. അലി അക്ബറിന്റെ ശമ്പളം ക്രെഡിറ്റ് ചെയ്തിരിക്കുന്നത് ഒരു രാമചന്ദ്രന്റെ അക്കൌണ്ടിലേക്ക് ! കാരണം മറ്റൊന്നുമല്ല , സാറിന്റെ പാലക്കാട്ടെ  അക്കൌണ്ട് നമ്പറും വയനാട്ടിലെ രാമചന്ദ്രന്റെ അക്കൌണ്ട് നമ്പറും ഒന്നായിരുന്നു!പൊട്ടൻ കമ്പ്യൂട്ടറിനുണ്ടോ അക്കൌണ്ട് നമ്പറിൽ നിന്ന് അക്ബറിനെയും രാമചന്ദ്രനെയും തിരിച്ചറിയുന്നു.

              കാശ് കൂട് വിട്ട് കൂട് മാറിപ്പോയി എന്നുറപ്പായതിനാൽ ട്രഷറി അധികൃതരും പ്രതിസന്ധിയിലായി. ട്രഷറിയിൽ നിന്ന് തന്നെ നമ്പർ തപ്പിയെടുത്ത് ഫോൺ വിളിച്ചപ്പോൾ, രാമചന്ദ്രൻ പാൽ‌വെളിച്ചം സ്വദേശി ആണെന്നും റിട്ടയേഡ് ഹെഡ്‌മാസ്റ്റർ ആണെന്നും മനസ്സിലായി. എന്തോ ഭാഗ്യത്തിന് അദ്ദേഹം അപ്പോൾ മാനന്തവാടിയിൽ തന്നെ ഉണ്ടായിരുന്നു. ട്രഷറി ഓഫീസറുടെ നിർദ്ദേശ പ്രകാരം അദ്ദേഹം ട്രഷറിയിൽ എത്തി. ഓഫീസർ അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചു. ചെക്ക് ബുക്ക് അന്ന് അദ്ദേഹത്തിന്റെ കയ്യിലില്ലായിരുന്നു.പുതിയ ചെക്ക് ബുക്ക് വാങ്ങി, അലി സാറുടെ ശമ്പളം എഴുതിയ ചെക്ക്, സാറിന്റെ കയ്യിൽ ഏല്പിച്ച് അദ്ദേഹം തിരിച്ചു പോയി.

               പെട്ടെന്ന് മനസ്സിൽ ഓടിയെത്തിയത് ഇതിന്റെ നേർ വിപരീതമായ ഒരു സംഭവമാണ്. തിരുവനന്തപുരം SUT ആശുപത്രിയുടെ അടുത്തെത്തി ആശുപത്രിയിലേക്ക് വഴി ചോദിച്ചപ്പോൾ നേരെ എതിർദിശയിലേക്ക് തിരിച്ചു വിട്ട അനുഭവം. അർഹതപ്പെടാത്തത് വേണ്ട എന്ന് തീരുമാനിക്കുന്ന രാമചന്ദ്രൻ മാഷെപ്പോലെയുള്ള നന്മ‌മരങ്ങൾ ഇനിയും ഇനിയും വളർന്ന് വരട്ടെ.

Saturday, November 16, 2019

കള്ളനും പോലീസും

          കള്ളനും പോലീസും എന്നും ഒരുമിച്ചാണ് സഹവാസം. സിനിമയുടെ പേരിലായാലും കളിയുടെ പേരിലായാലും യഥാർത്ഥ ജീവിതത്തിലായാലും കാർട്ടൂൺ-സീരിയൽ രംഗത്തായാലും ഒക്കെ ഈ വഴിപിരിയാത്ത കൂട്ടുകെട്ട് കാണാം.
            എന്റെ കുട്ടിക്കാലത്തെ ഒരു നാടൻ കളിയുടെ പേരായിരുന്നു കള്ളനും പോലീസും. കളിയിൽ ഒരു കള്ളനേ ഉണ്ടാകാറുള്ളൂ. അവനെ പിടിക്കാൻ നിരവധി പോലീസുകാരുണ്ടാകും (ഔദ്യോഗിക സംവിധാനം ഒന്നും അറിയാത്ത അന്ന് കള്ളൻ ഒന്നു മതി എന്നും അവനെ പിടിക്കാൻ കുറെ പോലീസ് വേണമെന്നും പറഞ്ഞത് ആരാണാവോ?).
            കള്ളൻ ആകാൻ പലരും താല്പര്യപ്പെടാറില്ല.കാരണം പോലീസിന്റെ അടുത്ത് നിന്ന് നല്ല തല്ല് കിട്ടും എന്നത് തന്നെ. പക്ഷേ കായബലവും വേഗതയും ഉള്ളവർ സ്വയം കള്ളന്മാരായി മുന്നോട്ട് വരാറും ഉണ്ട്. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ ഒന്ന് മുതൽ പത്ത് വരെ എണ്ണിയോ വിരൽ പൊട്ടിച്ച് അതിൽ പിടിപ്പിച്ചോ മറ്റോ ഒക്കെയാണ് കള്ളനെ തീരുമാനിക്കുക.
            കള്ളൻ നിരായുധനായി എവിടെയെങ്കിലും നിൽക്കും. കമ്യൂണിസ്റ്റ് അപ്പയുടെ ഇലയോട് കൂടിയ തണ്ടുമായി കുറെ പോലീസുകാരും ഉണ്ടാകും. കള്ളന്റെ പിന്നാലെ ഓടി കയ്യിലെ തണ്ടു കൊണ്ട് കള്ളനെ തല്ലുക എന്നതാണ് പോലീസിന്റെ പണി. തല്ലി തല്ലി ഇലയെല്ലാം പൊഴിഞ്ഞ് തണ്ട് മാത്രമായാലും ചില പോലീസുകാർ വടി മാറ്റില്ല. അത്തരം വടി കൊണ്ട് അടി കിട്ടിയാൽ പിന്നെ കള്ളനും പോലീസും തമ്മിൽ വാക് തർക്കം തുടങ്ങും. അത് കയ്യാങ്കളിയിൽ എത്തുന്നതോടെ കളി പിരിച്ചു വിടും.
             യു.പി സ്കൂളിൽ പഠിച്ചിരുന്ന കാലത്ത്, പുഴവയ്ക്കത്ത് മണ്ണ് തുരന്ന് ഗുഹ പോലെ ആക്കാൻ സാധിക്കുമായിരുന്നു. അത്തരം ഗുഹകളെ ജയിൽ ആയി സങ്കൽപ്പിക്കും. പിടിക്കപ്പെട്ട കള്ളന്റെ കൈ കമഴ്ത്തിപ്പിടിച്ച് അതിൽ കല്ല് കയറ്റി വയ്ക്കുന്ന ശിക്ഷാരീതിയും അന്ന് ഉണ്ടായിരുന്നു. കള്ളന് കാവൽ നിന്ന പോലീസ് നായയുടെ വേഷവും ഒരിക്കൽ കളിയിൽ എനിക്ക് കിട്ടിയിരുന്നു! കള്ളൻ എത്ര ശക്തനാണെങ്കിലും അന്ന് ജയിൽ ചാടാൻ പറ്റുമായിരുന്നില്ല.ജയിൽ ചാടിയാല്‍ കളിയിൽ നിന്നും പുറത്താക്കും.
             ഇന്നും കുട്ടികൾ കള്ളനും പോലീസും കളിക്കുന്നുണ്ട്. ഓടാനും പിടിക്കാനും ഒക്കെ മടി ആയതിനാൽ തടി അനങ്ങാത്ത കളിയാണെന്ന് മാത്രം. തുണ്ട് പേപ്പറിൽ രാജാവ് , പോലീസ്, മന്ത്രി, കള്ളൻ,ഭടൻ എന്നൊക്കെ എഴുതി അതിൽ നിന്ന് ഓരോന്ന് എല്ലാവരും എടുക്കും. പോലീസ് എന്ന നറുക്ക് കിട്ടുന്നവൻ ബാക്കി എല്ലാവരുടെയും നറുക്കുകൾ ഏതെന്ന് കൃത്യമായി പറയണം. കിട്ടിയ നറുക്കുകൾക്ക് അനുസരിച്ച് ഓരോരുത്തരുടെയും പോയന്റ് എഴുതി വയ്ക്കും. കള്ളനെ കൃത്യമായി പറഞ്ഞാൽ പോലീസിന് ബോണസ് പോയിന്റും കിട്ടും. കൃത്യമായി പറയാൻ സാധിച്ചില്ലെങ്കിൽ പോലീസിന്റെ പോയിന്റ് കള്ളന് കിട്ടും . കള്ളന്റെ “പൂജ്യം” പോലീസിനും.
                ഞങ്ങളുടെ കുട്ടിക്കാലത്ത് ഔട്ട്‌ഡോര്‍ ഗെയിം ആയിരുന്ന കള്ളനും പോലീസും ഇന്‍‌ഡോര്‍ ഗെയിം ആയതോടെ നല്ലൊരു വ്യായാമാവസരം കൂടി നഷ്ടമായി.

Wednesday, November 13, 2019

ചെമ്പകക്കൊമ്പിലെ പ്യൂപ്പ

          ബൂലോകത്ത് ഞാൻ പിച്ച വച്ച് നടക്കുന്ന കാലത്തേ കൂട്ടിന് കിട്ടിയ അയൽനാട്ടുകാരനായിരുന്നു ബ്ലോഗർ ഫൈസൽ കൊണ്ടോട്ടി. രണ്ട് തവണ ഫൈസലിന്റെ വീട്ടിൽ പോയി ആ ബന്ധം ഒന്നുകൂടി ഊഷ്മളമാക്കി അന്നേ ഉറപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫൈസലിന്റെ പ്രവാസ ജീവിതത്തിലെ ഒഴിവുകളും എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒഴിവുകളും റെയിൽ പാളങ്ങൾ കണക്കെ കൂട്ടിമുട്ടാതെ പോയതിനാൽ , നേരിട്ട് കണ്ടിട്ട് നാളേറെയായി.

            അങ്ങനെയിരിക്കെയാണ് ഫൈസലിന്റെ ആദ്യനോവൽ ‘ചെമ്പകക്കൊമ്പിലെ പ്യൂപ്പ‘യെപ്പറ്റി ഞങ്ങളുടെ കോളേജിലെ അദ്ധ്യാപകൻ കൂടിയായിരുന്ന കെ.ഇ.എൻ സാർ ഒരു കുറിപ്പ് എഴുതിയത് ശ്രദ്ധയിൽ പെട്ടത്.അതിന്റെ ഏതാനും ദിവസങ്ങൾ മുമ്പ് ഡി.സി ബുക്സും മാതൃഭൂമി ബുക്സും സന്ദർശിച്ചപ്പോൾ ഈ നോവൽ ശ്രദ്ധയിൽ പെടാതിരുന്നത് എന്തുകൊണ്ട് എന്ന് ഞാൻ ആലോചിച്ചു. ഫൈസലിനോട് തന്നെ അന്വേഷിച്ചപ്പോഴാണ് പുസ്തകം 2019 ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ എട്ടിന് പ്രകാശനം ചെയ്യൂ എന്ന് അറിഞ്ഞത്.   
               ‘ചെമ്പകക്കൊമ്പിലെ പ്യൂപ്പ‘ എന്ന നോവല്‍ ഏതൊരാളും ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കും എന്ന് തീര്‍ച്ചയാണ്.ആഫ്രിക്കയിലെ  വോള്‍സാന എന്ന സാങ്കല്പിക രാജ്യത്തിന്റെ തലസ്ഥാനമായ നൊബറ്റ്സിയയില്‍ ഉന്നത പഠനത്തിന് പോകുന്ന ദളിത് വിദ്യാര്‍ത്ഥിനി രജനിയുടെ , ജീവിതത്തോടുളള പടവെട്ടല്‍ വായനക്കാരില്‍ ആകാംക്ഷ നിറച്ചു കൊണ്ട് വളരെ ഹൃദ്യമായിത്തന്നെ ഫൈസൽ അവതരിപ്പിക്കുന്നു. ഒരു പ്യൂപ്പയുടെ ജീവിതഘട്ടങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധികളോട് താരതമ്യം ചെയ്തു കൊണ്ടുളള നോവലിന്റെ പുരോഗതി പുതിയൊരു വായനാനുഭവം സമ്മാനിക്കുന്നു. ഉന്മൂലനം ചെയ്യപ്പെട്ട ജാതിചിന്തകള്‍ ഫണം വിടര്‍ത്തിയാടുന്ന ആധുനിക ലോകത്തെയും നോവല്‍ വരച്ച് കാണിക്കുന്നു. ഒപ്പം നിരവധി സമകാലിക സംഭവങ്ങളും പ്രാദേശിക ചരിത്രവും സമര്‍ത്ഥമായി കോര്‍ത്തിണക്കിയിരിക്കുന്നു. ജാതി ചിന്ത ഉണ്ടാക്കുന്ന ഉച്ച നീചത്വങ്ങള്‍ക്കെതിരെയുളള ഒരു പെണ്‍പോരാട്ടത്തിന്റെ കഥ പറയുന്ന ചെമ്പകക്കൊമ്പിലെ പ്യൂപ്പ വായനക്കാര്‍ ഹൃദയത്തോട് ചേര്‍ക്കും. ഗ്രീൻ ബുക്സിന്റെ നോവൽ മത്സരത്തിൽ പ്രോത്സാഹാനാർത്ഥം പരിഗണിക്കപ്പെട്ട കൃതിയാണിത് എന്നത് അതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.
               പ്രകാശനത്തിന് മുമ്പെ തന്നെ പുസ്തകം എനിക്ക് തപാലിൽ കിട്ടി. പുസ്തകത്തിന്റെ മേൽ പറഞ്ഞ വായനാനുഭവം വീഡിയോ രൂപത്തിൽ ഞാൻ ഫൈസലിന് നൽകി. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അത് പ്ലേ ചെയ്യാം എന്ന് ഫൈസൽ പറയുകയും ചെയ്തു. കാണിച്ചോ ഇല്ലേ എന്നറിയില്ല.
              ചെന്നൈ ഐ.ഐ.ടി യിൽ ഇക്കഴിഞ്ഞ ദിവസം മരിച്ച ഫാത്തിമ ലതീഫും ജാതി മത വേർതിരിവിന്റെ ഇരയായിരുന്നു എന്ന് കേൾക്കുമ്പോൾ ഫൈസലിന്റെ നോവൽ വീണ്ടും സാമൂഹ്യ പ്രസക്തമായി മാറുന്നു.


പുസ്തകം         : ചെമ്പകക്കൊമ്പിലെ പ്യൂപ്പ 
രചയിതാവ്  :  ഫൈസല്‍ കൊണ്ടോട്ടി
പ്രസാധകര്‍  : ഗ്രീന്‍ ബുക്സ്
പേജ്                 : 208
വില                 : 245 രൂപ

Saturday, November 09, 2019

രക്തദാനം നമ്പര്‍ 14

           ഞാൻ ജോലി ചെയ്യുന്നത് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ. അനിയൻ ജോലി ചെയ്യുന്നത് ഫാറൂഖ് ട്രെയിനിംഗ് കോളേജിലും. അതായത് രണ്ട് പേരും കോഴിക്കോട് ജില്ലയിൽ (മറ്റൊരു അനിയൻ കോഴിക്കോട് ജില്ലാ എം‌പ്ലോയ്‌മെന്റ് ഓഫീസറായും ജോലി ചെയ്യുന്നു). പക്ഷേ ഇന്നലെ സാമൂഹിക സേവന രംഗത്ത് ഒരുമിച്ച് ഒരു പ്രവർത്തനം നടത്താൻ ഞങ്ങൾക്ക് ഒരവസരം കിട്ടി.
            ഞാൻ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് ആയിരുന്നു പ്രസ്തുത വേദി. ഈയിടെ രൂപീകരിച്ച ഞങ്ങളുടെ എസ്.എസ്.സി കൂട്ടായ്മയുടെ ഒരു സാമൂഹ്യ പ്രവർത്തനം എന്ന നിലക്ക് അതിന്റെ ചെയർമാനായ ഞാനും സഹപാഠികളായ ഷാഹിദ് , ജാഫർ, ഷുകൂർ,അബ്ബാസ്, രാധാകൃഷ്ണൻ എന്നിവരും രക്തദാനത്തിനായി സ്കൂളിലെത്തി. ക്യാമ്പിന്റെ സംഘാടന സഹായം നൽകിയത് അരീക്കോട് സൌഹൃദം ക്ലബ്ബ് ആയിരുന്നു. അതിന്റെ പ്രെസിഡണ്ട് ആകട്ടെ എന്റെ അനിയൻ ഡോ.അഫീഫ് തറവട്ടത്തും.
              ഞാൻ എന്റെ ജീവിതത്തിലെ പതിനാലാമത് രക്തദാനം നിർവ്വഹിക്കുമ്പോൾ തൊട്ടടുത്ത ബ്ലീഡിംഗ് ടേബിളിൽ അനിയൻ അവന്റെ മുപ്പത്തിഅഞ്ചാമത്തെ ദാനവും നടത്തുന്നുണ്ടായിരുന്നു.

Monday, November 04, 2019

സൌഹൃദം പൂക്കുന്ന വഴികള്‍ - 6

                     2018 മാർച്ച് മാസത്തിലാണ് ഉന്നത് ഭാരത് അഭിയാൻ (UBA) എന്ന ഒരു പദ്ധതിയുടെ പ്രൊജക്ട് കൺസൽട്ടന്റായി വയനാട് പുൽപ്പള്ളി സ്വദേശി ശീതൾ മേരി ജോസ് എന്റെ കോളേജിൽ താൽക്കാലിക നിയമനം നേടുന്നത്. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എനിക്ക് UBA യുടെ പ്രവർത്തനത്തിലും മോശമല്ലാത്ത ഒരു റോൾ ലഭിച്ചു. UBAയുടെ ഫണ്ട് ഉപയോഗിച്ച് NSS സഹകരണത്തോടെ നടത്തുന്ന പരിപാടികളുടെ റിപ്പോർട്ടുകൾ തയ്യാറാക്കുക എന്ന ജോലിയായിരുന്നു ശീതളിന്റെ പ്രധാന കർത്തവ്യം. അതിനാൽ തന്നെ എന്റെ തൊട്ടടുത്ത സീറ്റും അവൾക്ക് കിട്ടി.
                 ഏപ്രിൽ - മെയ് അവധിയായതിനാൽ ഞാൻ പിന്നെ ജൂണിലാണ് കോളേജിൽ പോയത്.സ്ഥലം മാറ്റം കിട്ടിയതോടെ ജൂൺ ആദ്യവാരത്തിൽ തന്നെ ഞാൻ വയനാട് വിട്ടു. വെറും ഒരു മാസത്തെ പരിചയം മാത്രമേ ഉള്ളൂവെങ്കിലും ആ വേർപിരിയൽ ശീതളിനും എനിക്കും ഏറെ പ്രയാസകരമായി തോന്നി. ഇടക്കെപ്പോഴുമെങ്കിലുള്ള ഫോൺ വിളിയിൽ പിന്നീടും ആ സൌഹൃദം നിലനിന്നു പോയി. എങ്കിലും അവളുടെ കല്യാണം ആയപ്പോൾ കോളേജിൽ നിന്നും ക്ഷണിക്കപ്പെട്ട ഒരു കയ്യിൽ എണ്ണാവുന്നവരിൽ ഒന്നാമൻ ഞാൻ തന്നെയായി. അങ്ങനെ ഇക്കഴിഞ്ഞ ശനിയാഴ്ച വരന്റെ നാടായ കണ്ണൂർ, ചൊവ്വയിൽ ആ മംഗള കർമ്മം നടന്നു.
               1998ൽ MScക്ക് തളിപ്പറമ്പ് പഠിക്കുന്ന കാലത്ത് കണ്ണൂർ പരിചയമുണ്ടായിരുന്നെങ്കിലും, കാലം ആ ഓർമ്മകൾ മിക്കവാറും തേച്ചുമാച്ചിരുന്നു. അതിനാൽ തന്നെ സ്ഥലത്തെപ്പറ്റിയും മറ്റും ഒരു ധാരണയുണ്ടാക്കാൻ 1994ൽ PGDCAക്ക് ഒരുമിച്ച് പഠിച്ച കണ്ണൂർകാരി ബിന്ദു മാധവന് ഒരു വാട്സാപ് സന്ദേശം നൽകി. അവൾ ചൊവ്വയിലാണ് ജോലി ചെയ്യുന്നത് എന്ന് ധരിച്ചാണ് സന്ദേശം നൽകിയത്.വഴി കൃത്യമായി പറഞ്ഞ് തന്നതിനൊപ്പം ബിന്ദു അവളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. 12 മണി മുതൽ 4 മണി വരെ അവൾക്ക് PSC എക്സാം ഡ്യൂട്ടി ഉണ്ടെന്നും കൂടി പറഞ്ഞതോടെ 25 വർഷത്തിന് ശേഷമുള്ള ആ കൂടിക്കാഴ്ച നടക്കില്ല എന്ന്  തീരുമാനമായി.
              പക്ഷെ , ദൈവഹിതം മറ്റൊന്നായിരുന്നു. ഞാൻ വണ്ടി കയറി അല്പം കഴിഞ്ഞ് ബിന്ദു വീണ്ടും എന്നെ വിളിച്ചു. അവളുടെ ഡ്യൂട്ടി മറ്റാർക്കോ നൽകി എന്നും, കല്യാണവുമായി ബന്ധപ്പെട്ട് എന്റെ പരിപാടികൾ കഴിയുമ്പോൾ വിളിക്കണം എന്നും ഓഡിറ്റോറിയത്തിൽ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോകാമെന്നും പറഞ്ഞപ്പോൾ 25 വർഷത്തെ ഗ്യാപ് 25 സെക്കന്റ് കൊണ്ട് ഇല്ലാതായി.
            കല്യാണ ചെക്കനെയും പെണ്ണിനെയും കണ്ട് ഭക്ഷണവും കഴിച്ച് കഴിഞ്ഞപ്പോഴേക്കും സമയം രണ്ട് മണിയോട് അടുത്തിരുന്നു. ഇതിനിടയിൽ തന്നെ ബിന്ദു എന്നെ വിളിക്ക്കുകയും ചെയ്തിരുന്നു. അവൾ ആവശ്യപ്പെട്ട പോലെ ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങുന്നതിന്റെ മുമ്പ് ഞാൻ അവൾക്ക് ഫോൺ ചെയ്തു. കോരിച്ചൊരിയുന്ന പേമാരിയിൽ ബിന്ദു പെട്ടെന്ന് വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ബട്ട് , പേമാരിയെയും വെള്ളക്കെട്ടിനെയും ബ്ലോക്കിനെയും മറികടന്ന് 10 മിനുട്ടിനുള്ളിൽ കാറുമായി ബിന്ദു എത്തി. ഞാനും ഹാഷിറും കാറിൽ കയറി ചൊവ്വ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. യാത്രയിലുടനീളം പഴയ സുഹൃത്തുക്കളും എന്റെ കണ്ണൂർ കലാലയ ദിനങ്ങളും മറ്റും മറ്റും സംസാര വിഷയമായി.
            ആറ് കിലോമീറ്ററോളാം യാത്ര ചെയ്ത് കാറ് ഒരു വലിയ വീടിന് മുന്നിൽ നിർത്തി. പല സുഹൃത്തുക്കളുടെയും വീട്ടിൽ പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് എന്റെ ഓർമ്മയിൽ വരുന്നില്ല. ചെടികളും മരങ്ങളും പുൽതകിടിയും കൊണ്ട് ഹരിതാഭമായ ഒരു വീട്. അതിവിശാലമായ പൂമുഖത്തെ അലങ്കരിക്കുന്നത് വെർട്ടിക്കൽ റോസ് ഗാർഡനും ഓർക്കിഡ് ചെടികളും മറ്റ് അലങ്കാര ചെടികളും. മാഗസിനുകളിൽ കണ്ട് മാത്രം പരിചയമുള്ള ഒരു വീട് ഞാൻ നേരിട്ട് അനുഭവിക്കുന്ന പോലെ.
           നല്ലൊരു ആപ്പിൾ ജ്യൂസും നട്‌സും തന്ന് ബിന്ദു ആതിഥേയത്വവും അവിസ്മരണീയമാക്കി. വീട്ടിലെ മുഴുവൻ റൂമുകളും കാണിച്ച് തരാനും ബിന്ദു മടി കാണിച്ചില്ല. എനിക്ക് നമസ്കരിക്കണം എന്ന് പറഞ്ഞപ്പോൾ മാസ്റ്റർ ബെഡ്‌റൂമിൽ തന്നെ പായ വിരിച്ച് തന്നത് മനസ്സിൽ എന്നും മായാതെ നിലനിൽക്കും. ഏകദേശം ഒരു മണിക്കൂർ ഞങ്ങൾ അവിടെ ചെലവഴിച്ചു.
            ഒരു കാലത്ത് ചെടികൾ എനിക്കൊരു വീൿനെസ്സ് ആയിരുന്നു. എവിടെപ്പോയാലും എന്റെ വീട്ടിലില്ലാത്ത ചെടി കണ്ടാൽ അതിന്റെ കൊമ്പോ തൈയോ വിത്തോ ചോദിച്ച് വാങ്ങലും അത് നട്ട് വളർത്തിയുണ്ടാക്കലും ഒരു ഹോബി തന്നെയായിരുന്നു. ഇന്നും എന്റെ മുറ്റത്തെ ചെടികൾ പലതും പല സുഹൃത്തുക്കളെയും ഓർമ്മിക്കാൻ കൂടി ഉതകുന്നതാണ്. ഡിഗ്രിക്ക് കൂടെ പഠിച്ചിരുന്ന മഞ്ചേരിക്കാരൻ രജീഷിന്റെയും പി.ജി ക്ക് കൂടെ പഠിച്ചിരുന്ന തളിപ്പറമ്പുകാരി സബിതയുടെയും വീട്ടിൽ നിന്ന് പതിനഞ്ച് കൊല്ലങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന ചെടികൾ ഇന്നും എന്റെ വീടിനെ അലങ്കരിക്കുന്നു. ബിന്ദുവിനോടും ഞാൻ ഈ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ ഒരു തോട്ടം ഉണ്ടാക്കാനുള്ള അത്രയും നിമിഷങ്ങൾക്കകം മുന്നിലെത്തി !
               മടക്കയാത്രയും ട്രെയിനിലാണ് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്. വീണ്ടും ഞങ്ങളെ സ്റ്റേഷനിൽ എത്തിക്കാൻ ബിന്ദു കാറെടുത്തു. സമയം പിന്നെയും ധാരാളം ഉള്ളതിനാൽ ബിന്ദുവിന്റെ ഹസ്ബന്റ് നടത്തുന്ന പാരലൽ കോളേജ് സന്ദർശിക്കാൻ അവൾ ക്ഷണിച്ചു. അനിയേട്ടൻ ഉണ്ടെങ്കിൽ കാണാമെന്നും കൂടി പറഞ്ഞപ്പോൾ ആ ക്ഷണവും ഞങ്ങൾ സ്വീകരിച്ചു.
              കണ്ണൂർ പഴയ ബസ് സ്റ്റാന്റിനോട് ചേർന്നുള്ള കോളേജ് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനത്തിന് മുന്നിൽ ബിന്ദു കാർ നിർത്തി. അകത്ത് പ്രവേശിച്ചതു മുതൽ എന്റെ അമ്പരപ്പ് ആരംഭിച്ചു. ഒരു പാരലൽ കോളേജ് ഇത്രയും വലിയ സെറ്റപ്പിൽ. ചെറിയൊരു ട്യൂഷൻ സെന്ററായി ആരംഭിച്ച് ഇന്ന് 5000 ത്തിലധികം കുട്ടികൾ പഠിക്കുന്ന വലിയൊരു സ്ഥാപനമായി വളർന്നതിന്റെ പിന്നിലുള്ളത് അർപ്പണ ബോധവും കഠിനാധ്വാനവും മാത്രം. ചെയർമാൻ കൂടിയായ ബിന്ദുവിന്റെ അനിയേട്ടൻ ഒരു ഘനഗംഭീരൻ ആയിരിക്കും എന്ന് സ്വാഭാവികമായും ഞാൻ പ്രതീക്ഷിച്ചു. തൊട്ടടുത്ത് നിർമ്മിക്കുന്ന പുതിയ നാലുനില കെട്ടിടം കണ്ട് മടങ്ങുമ്പോൾ അനിയേട്ടൻ അവിടെ എത്തി.
കടപ്പാട് : ഗൂഗിൾ
               പരിചയപ്പെട്ട് അടുത്ത നിമിഷം തന്നെ ഞാൻ ആ നല്ല മനസ്സിന്റെ ആരാധകനായി.അതിഥികളായ ഞങ്ങളോടും സ്ഥാപനത്തിലെ മറ്റു സ്റ്റാഫിനോടും പുതിയ കെട്ടിടത്തിന്റെ പണിക്കാരോടും എല്ലാം വളരെ നർമ്മത്തോടെയുള്ള സംഭാഷണം അദ്ദേഹത്തിന്റെ ഉയരം എന്റെ മനസ്സിൽ വീണ്ടും വീണ്ടും വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ചെയർമാന്റെ കാബിനകത്തെ ട്രോഫികൾ സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും വിളിച്ചോതി. തമാശയായിട്ടാണേങ്കിലും (!) ഉയർച്ചയെല്ലാം  ബിന്ദുവിന്റെ വരവോടെയാണെന്ന് പറയാനും അനിയേട്ടൻ കാണിച്ച മനസ്സ് അഭിനന്ദനം അർഹിക്കുന്നു.
              ചായ സൽക്കാരം കൂടി കഴിഞ്ഞ് അഞ്ചുമണിയുടെ ട്രെയിൻ പിടിക്കാൻ ധൃതിയിൽ ഇറങ്ങുമ്പോഴാണ് ഹാഷിർ എന്തോ തിരയുന്നത് കണ്ടത്.അവന്റെ  ചെരിപ്പ്  ആരോ മാറി ഇട്ട് പോയിരിക്കുന്നു. ഓഫീസിൽ നിന്നും അപ്പോൾ ഇറങ്ങിപ്പോയ ഏതാനും സ്റ്റാഫുകളെ വിളിച്ച് അനിയേട്ടൻ തന്നെ, കാലിലെ ഷൂ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഒപ്പം സ്റ്റാഫിൽ ഒരാളെ തൊട്ടടുത്ത ചെരിപ്പ് കടയിലേക്ക് പറഞ്ഞ് വിട്ട് കുറച്ചെണ്ണം അർജന്റ് ആയി ഡിസ്‌പ്ലേ ചെയ്യാനും. തൽക്കാലം ഇടാനായി നല്ലൊരു ചെരിപ്പ് ഹാഷിറിന് വാങ്ങിക്കൊടുത്ത് സ്വന്തം വണ്ടിയിൽ ഞങ്ങളെ കയറ്റുമ്പോൾ സമയം 4.50 ആയിരുന്നു.
             ടിക്കറ്റ് എടുത്തിട്ടില്ലാത്തതിനാൽ സ്റ്റേഷനിൽ എത്താനും ടിക്കറ്റ് എടുക്കാനും കൂടിയുള്ള സമയം ഇല്ലായിരുന്നു. അതിനും പരിഹാരം ഉടനടിയുണ്ടായി.ട്രെയിനിന് പോകുന്ന കോളേജിലെ ഏതോ സ്റ്റാഫിനെ വിളിച്ച് അവർ ടിക്കറ്റ് എടുക്കുമ്പോൾ രണ്ട് കോഴിക്കോട് ടിക്കറ്റ് കൂടി എടുക്കാൻ ഏർപ്പാടാക്കി. അവരുടെ ട്രെയിൻ പോകുന്നതിന് മുമ്പ് ഞങ്ങൾ എത്തുമോ എന്നതായി അടുത്ത പ്രശ്നം. സ്റ്റേഷനിൽ എത്തിയതും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന പ്രസ്തുത സ്റ്റാഫിനേയും തേടി ബിന്ദു ഇറങ്ങി ഓടി.ആൾക്കൂട്ടത്തിനിടയിൽ നിന്ന് അയാളെ കണ്ടെത്തി ടിക്കറ്റ് ഞങ്ങൾക്ക് കൈമാറുമ്പോൾ ഞാൻ വീണ്ടും ആ നല്ല മനസ്സുകളെ നമിച്ചു. സൌഹൃദം വളരെ വളരെ ഹൃദ്യമായ ഒരനുഭവം തന്ന ഒരു ദിവസം കൂടി എന്റെ ജീവിതത്തിലൂടെ കടന്നുപോയി.
                സോഷ്യൽ മീഡിയ സജീവമാകുന്നതിന്റെ മുമ്പുള്ള സൌഹൃദത്തിന്റെ ആഴവും ആത്മാർത്ഥതയും ആണ് അന്ന് ഞാൻ നേരിട്ടനുഭവിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം സൌഹൃദങ്ങൾ ഇനിയും പൂത്തുലയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Monday, October 28, 2019

കണ്ണനെത്തേടി വൃന്ദാവനത്തിൽ...

             മൈസൂർ പാലസ് കഴിഞ്ഞാൽ പിന്നെ മൈസൂർ അറിയപ്പെടുന്നത് വൃന്ദാവനത്തിന്റെ പേരിലായിരിക്കും. മൈസൂരിലെ വൃന്ദാവനവും ബാംഗ്ലൂരിലെ ലാൽബാഗും കുട്ടിക്കാലത്തേ എനിക്ക് അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകുന്നതായിരുന്നു. ഇപ്പോഴത്തെ കുട്ടികളും ഒരു പക്ഷെ ആ പ്രയാസം നേരിടുന്നുണ്ടായിരിക്കാം. 
              കാവേരി നദിക്ക് കുറുകെയുള്ള KRS എന്ന കൃഷ്ണരാജ സാഗർ അണക്കെട്ടിന് താഴെയാണ് വൃന്ദാവൻ എന്ന മനോഹര പൂങ്കാവനം.  ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ പിതാവ് എന്നറിയപ്പെടുന്ന സർ എം.വിശേശ്വരയ്യ, കൃഷ്ണരാജ വോഡയാറിന്റെ ഭരണ കാലത്ത് നിർമ്മിച്ചതാണ് KRS Dam. മൈസൂർ പട്ടണത്തിൽ നിന്ന് 25 കിലോമീറ്ററോളം അകലെയാണ് വൃന്ദാവൻ.
              150 ഓളം ഏക്കറിൽ പരന്ന് കിടക്കുന്ന വൃന്ദാവനത്തിൽ വൈകിട്ട് കയറുന്നതാണ് അഭികാമ്യം. വൈകിട്ട് കയറിയാൽ രാത്രി നടക്കുന്ന മ്യൂസിക്കൽ ഫൌണ്ടൈൻ കൂടി ദർശിക്കാം. ദിവസം രണ്ട് ഷോ ആണ് ഉണ്ടാവാറ് എന്നറിയുന്നു. വിവിധ നിറത്തിൽ കുളിച്ച് നിൽക്കുന്ന മറ്റു ഫൌണ്ടനുകളും രാത്രി കണ്ണിന് സദ്യ ഒരുക്കും. 

           മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് പ്രവേശന ഫീസ്. മ്യൂസിക്കൽ ഫൌണ്ടൈൻ കാണാൻ പ്രത്യേക ഫീസ് ഒന്നും ഇല്ല. എന്നും ഒരേ തരം ഷോ ആണോ എന്നറിയില്ല, ഞങ്ങൾ കണ്ട ഷോ അറുബോറൻ ആയിരുന്നു. ഇതിലു മികച്ച ഷോ മലപ്പുറം കോട്ടക്കുന്നിൽ ഉണ്ടായിരുന്നു !

            ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് എന്ന മൈസൂർ മൃഗശാല ഇന്ത്യയിലെ പഴയ കാഴ്ച ബംഗ്ലാവുകളിൽ പെട്ട ഒന്നാണ്. 250 ഏക്കറിലധികം സ്ഥലത്ത് പരന്ന് കിടക്കുന്ന മൃഗശാല നൂറ്റി ഇരുപത്തഞ്ചാം വാർഷികം ആഘോഷിച്ചത് 2 വർഷം മുമ്പാണ്.  സിംഹവും കടുവയും അനാകോണ്ടയും രാജവെമ്പാലയും സീബ്രയും ജിറാഫും ഒട്ടകപക്ഷിയും എല്ലാം ഈ മൃഗശാലയിലുണ്ട്.ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും നടന്ന് കാണാനുള്ള അത്രയും ഉണ്ട് വിസ്തീർണ്ണം. പക്ഷെ ഇത്തവണ പല മൃഗങ്ങളുടെ വാസ സ്ഥലങ്ങളും ഒഴിഞ്ഞ് കിടക്കുന്നതായി കണ്ടു.
        രാവിലെ 8.30ന് മൃഗശാല തുറക്കും. മുതിർന്നവർക്ക് 80 രൂപയും 5 വയസ്സു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 40 രൂപയും ആണ് പ്രവേശന ഫീസ്. ക്യാമറക്കും പ്രത്യേക ഫീസ് ഉണ്ട്. ചൊവ്വാഴ്ച അവധി ആണെന്നത് മൈസൂരിലേക്ക് വിനോദയാത്ര പ്ലാൻ ചെയ്യുന്നവർ പ്രത്യേകം ഓർമ്മിക്കുക. സിറ്റിയുടെ ഹൃദയഭാഗത്ത് തന്നെ സ്ഥിതി ചെയ്യുന്നതിനാൽ പാലസ് കാണാൻ വരുന്നവർക്ക് മൃഗശാല കൂടി കാണാം. പാലസിൽ നിന്നും മൃഗശാലയിലേക്ക് ഒരു കുതിരവണ്ടി യാത്ര കൂടി ആയാൽ ഭേഷായി.
       പണ്ടൊരു കാലത്ത് മണിക്കൂറുകളോളം ഫോൺ ചെയ്ത് ‘എന്തൊക്കെയോ’ വിളിച്ച് പറഞ്ഞിരുന്ന ഒരു ബ്ലോഗർ സുഹൃത്ത് ഉണ്ടായിരുന്നു. പലരും അദ്ദേഹത്തിന്റെ ഫോൺ വിളി ഒരു തവണ എങ്കിലും ‘അനുഭവി‘ച്ചിട്ടുണ്ടാകും. വിനോദ് കുട്ടത്ത് എന്ന മലയാളി ബ്ലോഗർ താമസിക്കുന്നത് മൈസൂർ ആണെന്ന് നേരത്തെ അറിയാമായിരുന്നു. മൈസൂർ മൃഗശാലയിൽ നിന്നും ഇറങ്ങുന്നതിന്റെ തൊട്ട് മുമ്പ് വിനോദിനെയും കുടുംബത്തെയും കണ്ടുമുട്ടി.
                 
             മൈസൂരിൽ മുമ്പ് പോയപ്പോഴുന്നും ഞാൻ കേൾക്കാത്ത ഒരു സ്ഥലമാണ് കരൺ‌ജി ലേക്ക്. പേര് കേട്ടപ്പോൾ അതൊരു പ്രൈവറ്റ് പരിപാടിയാണെന്നാണ് തോന്നിയത്. മൃഗശാലക്ക് സമീപം തന്നെയാണ് ഇതും സ്ഥിതി ചെയ്യുന്നത്.Zoo authority യുടെ കീഴിൽ തന്നെയുള്ളതാണ് കരൺ‌ജി ലേക്കും.  മാത്രമല്ല കോമ്പോ ടിക്കറ്റ് എടുത്ത് മൃഗശാലക്കകത്ത് കൂടി കരൺജി ലേക്കിലേക്ക് പ്രവേശിക്കുകയും ചെയ്യാം. ലേക്കിലേക്ക് മാത്രമായുള്ള പ്രവേശന ഫീസ് മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയും ആണ്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവേശന സമയം. ചൊവ്വാഴ്ച ഇവിടെയും അവധിയാണ്.
                 പേരിൽ ലേക്ക് ഉണ്ടെങ്കിലും തടാകം മുഴുവൻ കാട് മൂടി കിടക്കുകയാണ്. വീതിയേറിയ നടപ്പാതക്ക് ഇരുവശവും പെയിന്റടിച്ച് ഭംഗിയാക്കിയ പാം മരങ്ങൾ നമ്മെ മുന്നോട്ട് മാടി വിളിച്ചു കൊണ്ടെ ഇരിക്കും. മുൻ ധാരണ ഇല്ലാത്തതിനാൽ കയറി ചെല്ലുന്നിടത്തുള്ള കുട്ടികളുടെ പാർക്ക് ആണ് കാണാനുള്ളത് എന്ന് തെറ്റിദ്ധരിച്ചു അവിടെ ഇരുന്നു. തൊട്ടപ്പുറത്ത് നിന്ന് മയിലുകളുടെ ശബ്ദം തുടർച്ചയായി കേട്ടപ്പോഴാണ് എണീറ്റ് പോയി നോക്കാൻ തോന്നിയത്. തൊട്ടപ്പുറത്ത് ഒരു മയിൽ സങ്കേതം തന്നെയായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. ഇത്രയും അടുത്ത് മയിലുകൾ സ്വൈര്യവിഹാരം നടത്തുന്നത് ആദ്യമായിട്ടാണ് അനുഭവിച്ചത്. മാത്രമല്ല കാലങ്ങളായി ഞങ്ങളിൽ പലരും കാണാൻ ആഗ്രഹിക്കുന്ന മയിലിന്റെ പീലി വിടർത്തൽ നിരവധി തവണ തൊട്ടു മുന്നിൽ കാണാനും സാധിച്ചു.തണ്ണീർതടമായതിനാൽ നിരവധി ദേശാടന പക്ഷികളുടെ ഇഷ്ട സങ്കേതം കൂടിയാണ് കരൺ‌ജി ലേക്ക്.
              മലയാളികൾ നടത്തുന്ന മഹാരാജ ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ താമസം. അതിന് തൊട്ടടുത്താണ് പ്രസിദ്ധമായ സെന്റ് ഫിലോമിന ചർച്ച്. മുമ്പ് പോയപ്പോഴെല്ലാം മൈസൂരിൽ താമസം ഉണ്ടെങ്കിൽ അത് ഈ ഹോട്ടലിൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ആ സന്ദർഭങ്ങളിൽ എല്ലാം ചർച്ചിലും കയറിയിരുന്നു.
            ഇത്തവണ മോണിംഗ് വാക്കിനിടയിലാണ് ചർച്ചിന് മുമ്പിലെത്തിയത്. ചർച്ചും പരിസരവും ചുറ്റി കാണുന്നതിനിടക്ക് അങ്ങകലെയുള്ള സ്ട്രീറ്റ് ലൈറ്റും മേരി മാതാവിന്റെ ശിരസും തമ്മിൽ കിരീടം വച്ച പോലെ ഒത്തുചേർന്നത് ലുലു നോട്ട് ചെയ്തു. സ്റ്റ്രീറ്റ് ലൈറ്റ് അണയും മുമ്പ് അവൾ അത് ക്യാമറയിൽ പകർത്തി.
          ഇന്ത്യയിലെ തന്നെ വലിയ ചർച്ചുകളിൽ ഒന്നാണ് സെന്റ് ഫിലോമിന ചർച്ച്. 200 വർഷത്തിലധികം പഴക്കമുണ്ടെന്ന് ചരിത്രം പറയുന്നു. ചർച്ചിന്റെ ഇരട്ട ഗോപുരങ്ങൾ ജർമ്മനിയിലെ വാസ്തുശില്പ രീതിയിലുള്ളതാണ്. അത് തന്നെയാണ് ചർച്ചിന്റെ മുഖ്യ ആകർഷണവും. ചർച്ചിനകത്ത് പ്രവേശിച്ച് അണ്ടർ ഗ്രൌണ്ടിലേക്കിറങ്ങി കാഴ്ചകൾ കണ്ട് ടണൽ പോലെയുള്ള പാതയിലൂടെ പുറത്തേക്കിറങ്ങാം. കുർബാന നടക്കുന്ന സമയത്ത് ഒഴികെ മറ്റേത് സമയത്തും ഏത് മതസ്ഥർക്കും ചർച്ചിനകത്ത് സൌജന്യമായി പ്രവേശിക്കാം. 
             കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം പോലെ കർണ്ണാടകയിലുണ്ടായ പ്രളയത്തിൽ രംഗൻ‌തിട്ടു പക്ഷി സങ്കേതത്തിലും വെള്ളം കയറിയിരുന്നു. സങ്കേതം അടച്ചിട്ടതിനാൽ അവിടെ ഇത്തവണയും പോയില്ല. മൈസൂരിലെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ച് കൊണ്ട് രണ്ട് ദിവസത്തെ ഞങ്ങളുടെ പരിപാടിക്ക് പരിസമാപ്തിയായി.


Wednesday, October 23, 2019

ടിപ്പു ഓർമ്മകളിൽ ശ്രീരംഗപ്പട്ടണത്തിലൂടെ....

           കാവേരി നദിയാൽ ചുറ്റപ്പെട്ടതും മൈസൂർ പട്ടണത്തിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ളതുമായ ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് ശ്രീരംഗപ്പട്ടണം. രംഗനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ശ്രീരംഗപ്പട്ടണ എന്ന പേര് കിട്ടിയത്. മൈസൂർ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം കൂടിയായിരുന്നു ശ്രീരംഗപ്പട്ടണ. കോട്ട കെട്ടി സംരക്ഷിച്ച തലസ്ഥാനം ഇന്ന് ഒരു ഗ്രാമം പോലെ ഉറങ്ങിക്കിടക്കുന്നു. ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട നിരവധി ഓർമ്മ ശിലകളാണ് ശ്രീരംഗപ്പട്ടണത്തെ ആകർഷണ കേന്ദ്രമാക്കുന്നത്.

           പഴയ ശ്രീരംഗപ്പട്ടണം കോട്ടയുടെ അവശിഷ്ടങ്ങൾ അങ്ങുമിങ്ങും ഇപ്പോഴും തല ഉയർത്തി നിൽക്കുന്നത് കാണാം.  ബ്രിട്ടീഷുകാർ ഈ കോട്ട തകർത്ത് കയറിയ സ്ഥലം ഇന്നും കണ്ണീർ പൊഴിച്ച് നിൽക്കുന്ന പോലെ തോന്നും. ടിപ്പുവിന് വെടിയേറ്റ വാട്ടർഗേറ്റ് അവിടെ മാർക്ക് ചെയ്തത് ഞങ്ങൾ ബസ്സിലിരുന്ന് തന്നെ വീക്ഷിച്ചു. അല്പമകലെയായി ആ ധീര ദേശാഭിമാനിയുടെ മയ്യിത്ത് കാണപ്പെട്ട സ്ഥലവും അടയാളപ്പെടുത്തിയിട്ടുണ്ട്.
         ദാരിയ ദൌലത്ത് ബാഗ് എന്ന പൂന്തോട്ടത്തിന് നടുവിൽ 1784ൽ ടിപ്പു സുൽത്താൻ നിർമ്മിച്ച ദാരിയ ദൌലത്ത് എന്ന സമ്മർ പാലസ് ആണ് ശ്രീരംഗപ്പട്ടണത്തെ പ്രധാന നിർമ്മിതികളിൽ ഒന്ന്. തേക്ക് മരത്തിൽ തീർത്തതാണ് ഈ കൊട്ടാരം. ടിപ്പു സുൽത്താന്റെ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളും ആയുധങ്ങളും മറ്റു ചില പെയിന്റിംഗുകളും പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമാണ് ഇന്ന് സമ്മർ പാലസ്. 25 രൂപയാണ് പ്രവേശന ഫീസ്.
             യുദ്ധത്തിലോ മറ്റോ പിടിയിലാകുന്ന ബ്രിട്ടീഷ് ഓഫീസർമാരെ തടവുകാരാക്കി വച്ചിരുന്ന സ്ഥലം വാട്ടർ ജയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. ചുമരിലുള്ള കൽ‌തുറുങ്കിലേക്ക് ഇരു കൈകളും ബന്ധിപ്പിച്ച് തൊട്ടപ്പുറത്തുള്ള കാവേരി നദിയിൽ നിന്ന് ജയിലിലേക്ക് വെള്ളം കയറ്റി ആണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്.പക്ഷേ ഈ പൈശാചിക രീതിയിൽ ജീവൻ നഷ്ടപ്പെട്ടത് കേണൽ ബെയ്‌ലിക്ക് മാത്രമാണെന്ന് ചരിത്രം പറയുന്നു. അതുകൊണ്ട് തന്നെ ഇന്ന് വാട്ടർ ജയിൽ അറിയപ്പെടുന്നത് Bailey's Dungeon എന്നാണ്. അക്കാലത്ത് എങ്ങനെയോ അകത്തേക്ക് പതിച്ച ഒരു പീരങ്കി ഇന്നും അവിടെ കാണാം.
                  1787ൽ നിർമ്മിച്ച മസ്ജിദുൽ ജാമിയ എന്ന ജുമാ മസ്ജിദ് ആണ് മറ്റൊരാകർഷണം. പഴമ നിലനിർത്തിക്കൊണ്ട് ഇന്നും അവിടെ ആരാധനാ കർമ്മങ്ങളും മത പഠനവും നടന്നു കൊണ്ടിരിക്കുന്നു.ഉച്ച സമയമായതിനാൽ ഞങ്ങളും അവിടെ നിന്ന് നമസ്കാരം നിർവ്വഹിച്ചു. പള്ളിക്ക് ചുറ്റുമുള്ള കബറിടങ്ങൾ ആരുടെതാണെന്ന് ഇപ്പോഴും എനിക്കജ്ഞാതമാണ്. പള്ളിച്ചുമരിലെ പേർഷ്യൻ ലിപിയിലുള്ള എഴുത്തുകളിൽ ഒന്ന് അല്ലാഹുവിന്റെ 99 നാമങ്ങളാണ് എന്ന് പറയപ്പെടുന്നു.
              ടിപ്പു സുൽത്താനും പിതാവ് ഹൈദരാലിയും മാതാവ് ഫാത്തിമ ബീഗവും അന്ത്യ നിദ്ര കൊള്ളുന്ന മനോഹരമായ കെട്ടിടമാണ് Gumbaz. ദാരിയ ദൌലത്ത് ബാഗ്  പോലെയുള്ള വിശാലമായ ഒരു പൂന്തോട്ടത്തിലാണ് ഇതും സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിലെ മൂന്ന് മഖ്ബറകളിൽ മദ്ധ്യത്തിലുള്ളത് ഹൈദരാലിയുടെതാണ്. ഗുംബസിന് ചുറ്റും മറ്റു നിരവധി കബറുകൾ കൂടി കാണാം. ടിപ്പു സുൽത്താന്റെ മക്കളുടെയും മറ്റു ബന്ധുക്കളുടെയും ആണ് അവ എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
            ശ്രീരംഗപ്പട്ടണത്തിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയാണ് ദക്ഷിണേന്ത്യയിലെ ത്രിവേണി സംഗമം എന്നറിയപ്പെടുന്ന ‘സംഗമ’ സ്ഥിതി ചെയ്യുന്നത്. കാവേരി നദിയും ലോൿപവാനി നദിയും ഹേമവതി നദിയും ഇവിടെ സംഗമിക്കുന്നു. ശേഷം തമിഴ് നാട്ടിലെ മേട്ടൂർ ഡാമിലേക്ക് ഒഴുകുന്നു. ബലിയിടൽ കർമ്മവും മറ്റു ആരാധനാ കർമ്മങ്ങളും ഇവിടെ കാണാൻ സാധിക്കും. 

Tuesday, October 22, 2019

കൊട്ടാരങ്ങളുടെ നാട്ടിൽ...

              ഞാൻ ആദ്യമായി വിനോദയാത്ര പോയത്  ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്നാണ് എന്റെ ഓർമ്മ.മൈസൂരിലേക്കായിരുന്നു ആ യാത്ര. താമരശ്ശേരി ചുരം കയറുമ്പോൾ ഹെയർ പിൻ വളവുകളെപ്പറ്റിയും ചങ്ങല മരത്തെപ്പറ്റിയും പറഞ്ഞ് തന്നതും മൈസൂരില്‍ ഒരു “ഓപണ്‍” ഹോട്ടലില്‍ ഭക്ഷണം കഴിച്ചതും ആ സമയത്ത് കുരങ്ങന്മാര്‍ ഇറങ്ങി വന്നതും ഇന്നും ഓര്‍മ്മയിലുണ്ട്. ആദ്യമായി ബാപ്പ യാത്രാകുറിപ്പ് എഴുതിപ്പിച്ചതും അന്നായിരുന്നു. പിന്നെ ബ്ലോഗ് തുടങ്ങിയ ശേഷമാണ് യാത്രാകുറിപ്പുകള്‍ എഴുതുന്നത്.

             പിന്നീട് ഡിഗ്ഗ്രി ഫൈനല്‍ ഇയറിന് സ്റ്റഡി ടൂറ് ആയും വിവാഹം കഴിഞ്ഞ് കുടുംബ സമേതം നാല് തവണയും മൈസൂരില്‍ എത്തിയിരുന്നു. പക്ഷെ  ഇത്തവണ എത്തിയത് ഒരു മെഗാ സംഘമായിട്ടായിരുന്നു - ഭാര്യാ കുടുംബത്തിലെ അംഗങ്ങളുമായി. പുലര്‍ച്ചെ 4 മണിക്ക് പുറപ്പെട്ട ഞങ്ങള്‍ 11 മണിയോടെ മൈസൂരെത്തി.
               കൊട്ടാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന മൈസൂരില്‍ ഏഴ് കൊട്ടാരങ്ങള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. പക്ഷെ മിക്ക പേര്‍ക്കും അറിയാവുന്നത് വോഡയാര്‍ രാജവംശത്തിന്റെ മൈസൂര്‍ പാലസും ടിപ്പു സുല്‍ത്താന്റെ സമ്മര്‍ പാലസും മാത്രമാണ്. എനിക്ക് അറിയാവുന്ന മൂന്നാമത്തെ കൊട്ടാരം ഇന്ന് ആർട്ട് ഗ്യാലറി ആയി പ്രവർത്തിക്കുന്ന ജഗൻമോഹൻ പാലസ് ആണ്. മറ്റുള്ളവയെപ്പറ്റി ഗൂഗിൾ നൽകുന്ന വിവരങ്ങൾ മാത്രം.

              1897നും 1912നും ഇടയിൽ നിർമ്മിതമായതാണ് മൈസൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൈസൂർ പാലസ്. താജ്‌മഹൽ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് ഇവിടെയാണ്. വർഷത്തിൽ ഏകദേശം 6 ലക്ഷം പേർ മൈസൂർ പാലസ് സന്ദർശിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. അമ്പ വിലാസ് പാലസ് എന്നും ഇതിന് പേരുണ്ടത്രെ.
             പാലസിന്റെ സൌത്ത് ഗേറ്റിലൂടെ ഞങ്ങൾ അകത്ത് പ്രവേശിച്ചു. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 30 രൂപയും ആണ് പ്രവേശന ഫീസ്. ക്യാമറ ഉപയോഗിച്ചാല്‍ ഭീമമായ പിഴ ഈടാക്കിയിരുന്നു. അതിനാല്‍ കയ്യിലുണ്ടായിരുന്ന DSLR ക്യാമറ ഡ്രൈവറെ ഏല്‍പ്പിച്ചാണ്  അകത്ത് കയറിയത്. പക്ഷേ എല്ലാവരും മൊബൈലും ക്യാമറയും ഉപയോഗിച്ച് ഫോട്ടോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ എനിക്ക് സംശയം തോന്നി. അകത്തെ ഒരു ജീവനക്കാരനോട് അന്വേഷിച്ചപ്പോഴാണ് ക്യാമറ ഉപയോഗം സൌജന്യമാക്കിയത് അറിഞ്ഞത്.

             രാജകുടുംബം ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളുടെ പ്രദര്‍ശനവും (ആയുധങ്ങള്‍ , വസ്ത്രങ്ങള്‍, സംഗീത ഉപകരണങ്ങള്‍ തുടങ്ങിയവ) വോഡയാര്‍  രാജാക്കന്മാരുടെ ചിത്രങ്ങളും സൈനിക നീക്കങ്ങളുടെയും യുദ്ധങ്ങളുടെയും ചുമര്‍ചിത്രങ്ങളും ആണ് പാലസിനകത്ത് കാണാനുള്ളത്. വിവിധതരം കൊത്തുപണികളും നിര്‍മ്മാണ വൈദഗ്ദ്യവും ആസ്വദിക്കാന്‍ സാധിക്കുന്നവര്‍ക്ക് മൈസൂര്‍ പാലസ് കണ്ണിന് സദ്യ ഒരുക്കും. രാജസദസ്സ് കൂടുന്ന രണ്ട് ദര്‍ബാര്‍ ഹാളുകളും കുടുംബയോഗം ചേരുന്ന ഹാളും കൊത്തുപണി വിസ്മയങ്ങള്‍ തന്നെയാണ്.
          നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് വരുന്ന ദസറയുടെ വേദിയാണ് മൈസൂര്‍ പാലസ്. ദസറയോടനുബന്ധിച്ച് ദീപാലംകൃതമായ കൊട്ടാരം നോക്കി നിന്നു പോകും എന്ന് പറയപ്പെടുന്നു. ചാമുണ്ടി മലയില്‍ കയറി കാണുന്ന സാധാരണ രാത്രിയിലെ ദീപം തെളിച്ച കൊട്ടാരം തന്നെ സ്വര്‍ണ്ണ വര്‍ണ്ണ്മാണ്. ദസറ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൌജന്യമായി കൊട്ടാരം കാണാം..
Illuminated Mysore Palace






             വോഡയാർ രാജവംശത്തിന്റെ ഇഷ്ട ദേവതയായിരുന്നു ചാമുണ്ഠേശ്വരി. മൈസൂർ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെ ചാമുണ്ടി മലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുര ഭരിച്ചിരുന്ന നാട് എന്നർത്ഥത്തിൽ മഹിഷുരു എന്നതിൽ നിന്നാണ് മൈസൂർ എന്ന നാമം കിട്ടിയത് എന്ന് പറയപ്പെടുന്നു. മൈസൂർ കൊട്ടാരത്തിൽ നിന്നും നോക്കിയാൽ കാണുന്ന ഏക മലയാണ് ചാമുണ്ടി മല.

             ചാമുണ്ഠേശ്വരി ക്ഷേത്രവും നന്തി എന്ന കാള പ്രതിമയും കയ്യിൽ വാളുമായി  പാമ്പിനെ വെട്ടാനൊരുങ്ങുന്ന ഒരു പ്രതിമയും ആണ് ചാമുണ്ടിയെക്കുറിച്ച് എന്റെ കുട്ടിക്കാല ഓർമ്മയിൽ ഉള്ളത്. വളരെക്കാലത്തിന് ശേഷം ഇത്തവണത്തെ ടൂറിലാണ് ദീപാലംകൃതമായ മൈസൂർ പട്ടണത്തിന്റെ ഭംഗി ആസ്വദിക്കാൻ രാത്രി ഞങ്ങൾ ചാമുണ്ടി മല കയറിയത്. ക്ഷേത്രത്തിൽ ഒരു ഉത്സവം നടക്കുന്നതിനാൽ ക്ഷേത്ര സന്ദർശനം ഒഴിവാക്കി.ചാമുണ്ടി മലയിൽ നിന്നുള്ള മൈസൂർ പട്ടണ രാത്രിക്കാഴ്ച പതിവ് പോലെ ഹൃദ്യമായി.

(ശ്രീരംഗപ്പട്ടണത്തിലൂടെ.... ടിപ്പു സുൽത്താന്റെ ഓർമ്മകളിൽ...)