Pages

Thursday, November 21, 2019

സിന്ധു മണ്ഡോദരി

“സിന്ധു ടീച്ചർ ഉടൻ അസംബ്ലിയുടെ മുൻ നിരയിലേക്ക് എത്തിച്ചേരേണ്ടതാണ് “ മൈക്കിലൂടെയുള്ള അനൌൺസ്മെന്റ് ഉയരുമ്പോൾ സ്കൂൾ വളപ്പിൽ കാർ പാർക്കിംഗിനുള്ള സ്ഥലം അന്വേഷിച്ച് കാറുമായി വട്ടം കറങ്ങുകയായിരുന്നു സിന്ധു ടീച്ചർ.

‘ഈ ജബ്ബാർ മാഷിനെക്കൊണ്ട് തോറ്റു…മാവേലി വരുന്ന പോലെയാ വരവ്… വരുന്ന അന്ന് ആ ജാംബവാൻ ശകടം, വിമാനം പാർക്ക് ചെയ്യുന്ന പോലെ ഒരേക്കർ സ്ഥലം കയ്യേറും…അടക്കി ഒതുക്കി പാർക്ക് ചെയ്യണം എന്ന് എത്ര പറഞ്ഞാലും….’ സിന്ധു ടീച്ചർ ആത്മഗതം ചെയ്തു. കിട്ടിയ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ടീച്ചർ വേഗം സ്റ്റാഫ് റൂമിലേക്കോടി. സീറ്റിൽ ബാഗ് വച്ച് കണ്ണാടിയിൽ നോക്കി പൌഡറും കുറിയും യഥാസ്ഥാനത്ത് തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തി അസംബ്ലി മൈതാനത്തേക്ക് വച്ച് പിടിച്ചു.ഓടുന്നതിനിടയിൽ അസംബ്ലിയിൽ പറയാനുള്ളത് ടീച്ചർ ഒന്ന് കൂടി ഓർമ്മിച്ചെടുത്തു….

’ടോപിന് പോകാൻ ടൂർ സ്കോറർക്കുള്ള 87 ബാച്ച് വക സമ്മാനം….ഛെ…തെറ്റിയല്ലോ…‘

‘ചെയർമാൻ വാട്സാപ്പിൽ അയച്ച് തന്നിരുന്നു….ഫോൺ ബാഗിനകത്തും ആയിപ്പോയി….ഛെ… ടോപ്സ്കോറർക്ക് പോകാൻ ടൂറിന്…. അമ്മേ… ഇതിന്ന് കൊളമാകുമല്ലോ…‘ സിന്ധ്ധു ടീച്ചർ ആത്മഗതം ചെയ്തു.

അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞ് ഹെഡ്മാസ്റ്റർ ഗീർവാണം വിടാൻ തുടങ്ങിയിരുന്നു.കുട്ടികളുടെ പിറകിൽ സിന്ധു ടീച്ചറുടെ തല കണ്ടതോടെ ഹെഡ്മാസ്റ്റർ പ്രധാന വിഷയത്തിലേക്ക് കടന്നു.

“ഇന്ന് നാം ഇവിടെ കൂടിയതിന് വലിയൊരു ഉദ്ദേശം കൂടിയുണ്ട്…നിങ്ങളുടെ എല്ലാവരുടെയും പ്രിയങ്കരിയായ അധ്യാപിക സിന്ധു ടീച്ചറുടെ….” ഹെഡ്മാസ്റ്റർ ഒന്ന് നിർത്തി. ഇന്നലെ വരെ സിന്ധു ടീച്ചർ സ്റ്റാഫ് റൂമിൽ പ്രത്യേകിച്ച് ഒന്നും പറയാത്തതിനാൽ ടീച്ചർമാരെല്ലാം പരസ്പരം നോക്കി. വലിയ എന്തോ ഒരു കാര്യം മൂടി വച്ചതിന് എല്ലാവർക്കും സിന്ധു ടീച്ചറോട്  പെട്ടെന്നൊരു അരിശം തോന്നി.

“….സിന്ധു ടീച്ചർ മുന്നോട്ട് വരൂ…“ ഹെഡ്മാസ്റ്റർ ടീച്ചറെ ക്ഷണിച്ചു.

“സിന്ധു ടീച്ചർ നമ്മുടെ സ്കൂളിൽ തന്നെ പഠിച്ച് ഇവിടെത്തന്നെ ജോലി നേടി ഇന്ന് സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് “ ഹെഡ്മാസ്റ്റർ സിന്ധു ടീച്ചറെ വാനോളം ഉയർത്തുമ്പോൾ സഹാദ്ധ്യാപികമാർ മുറുമുറുക്കാൻ തുടങ്ങി….’ പ്ഫൂ!! ഇവിടെ പഠിച്ചിട്ടും ഇവിടെ തന്നെ പഠിപ്പിക്കാനെത്തിയ വിഡ്ഢി കൂശ്മാണ്ഠം എന്നാ പറയേണ്ടത്…‘

“സിന്ധു ടീച്ചറുടെ പത്താം ക്ലാസ് കൂട്ടുകാർ ഏർപ്പെടുത്തിയ ഒരു അവാർഡ്… അതിനെപ്പറ്റി സിന്ധു ടീച്ചർ തന്നെ നിങ്ങളോട് സംസാരിക്കും…സ്നേഹപൂർവ്വം ടീച്ചറെ ക്ഷണിക്കുന്നു….” ഹെഡ്മാസ്റ്റർ പറഞ്ഞ് നിർത്തി.

“ ഹാവൂ….ഒരു വാണം കത്തിയമർന്നു…അടുത്ത വാണം ദേ ഇപ്പോ കത്താൻ തുടങ്ങും…“ അസംബ്ലിയിൽ നിന്ന് ആരോ പറഞ്ഞു.

“പ്രിയപ്പെട്ട കുട്ടികളേ….ഞാനീ സ്കൂളിൽ നിന്ന് SSC കഴിഞ്ഞ ഒരു വിദ്യാർത്ഥിനിയാണ്…“

“കൂയ് കൂയ്…SSLC ആണെന്ന് പോലും അറിയില്ല…കൂയ്…..കൂയ്” അസംബ്ലിയിൽ നിന്നും കൂകി വിളികൾ ഉയർന്നു.

“അല്ല…നിങ്ങൾ പറയുന്നതല്ല ശരി….ഞങ്ങളുടെ ബാച്ച് എസ്.എസ്.എൽ.സി ആയിരുന്നില്ല. എസ്.എസ്.സി ആയിരുന്നു.‘എല്‍’ ഇല്ലാത്തവര്‍. ഞങ്ങളുടെ കൂട്ടായ്മ കൂടിയാലോചിച്ച് പത്താം ക്ലാസിലെ മിടുക്കർക്ക് ഒരു ധനസഹായം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്…ഇക്കഴിഞ്ഞ ഓണപ്പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് ടോപ്സ്കോറർ പോകാനുള്ള സഹായം …“

“ഹ ഹ ഹാ….. ടോപ്സ്കോറർ പോകാനുള്ള സഹായമോ…?“ കുട്ടികൾ ആർത്ത് ചിരിച്ചു.

“സോറി…സോറി….ഏറ്റവും കൂടുതൽ ടൂർ പോയ കുട്ടിക്ക് ടോപ് സ്കോറർ ആകാനുള്ള സഹായം….” ടീച്ചർ തിരുത്തിപ്പറഞ്ഞു.

“ഹ ഹ ഹാ…പിന്നേം തെറ്റി..”

“ഷട്ട് അപ്…യൂ കണ്ട്രി ഫെലോസ്….” സിന്ധു ടീച്ചർ രോഷാകുലയായി.

“ഹ ഹ ഹാ….” കുട്ടികൾ പിന്നെയും ആർത്ത് ചിരിച്ചു.

“ബഹളം വയ്ക്കരുത്.... മിടുക്കിക്കുട്ടി റിയക്ക് ഞാനും എന്റെ കൂട്ടുകാരും ചേർന്ന് നൽകുന്ന സമ്മാനം…എന്തിനാ, എങ്ങിനാ എന്നൊന്നും ഇനി ചോദിക്കണ്ട…..നൽകാൻ വേണ്ടീ ഹെഡ്മാസ്റ്ററെ ആദരപൂർവ്വം ക്ഷണിക്കുന്നു. ഏറ്റു വാങ്ങാൻ റിയയെയും…….”

ഹെഡ്മാസ്റ്റർ കാഷ് അവാർഡ് നൽകി, പരിപാടി കഴിഞ്ഞപ്പോഴേക്കും ടീച്ചറുടെ നെറ്റിയിലെ കുങ്കുമപ്പൊട്ട് സാരിയില്‍ ചിത്രം വര തുടങ്ങിയിരുന്നു.

13 comments:

Areekkodan | അരീക്കോടന്‍ said...

സിന്ധു ടീച്ചറും കുട്ട്യേളും....

മാധവൻ said...

മാഷേ സിന്ധു ട്ടീച്ചർ തകർത്തു ട്ടോ.അസംബ്ലി രസായി.

Areekkodan | അരീക്കോടന്‍ said...

വഴിമരങ്ങള്‍...വായനക്കും അഭിപ്രായത്തിനും നന്ദി

© Mubi said...

ടീച്ചർക്ക് കാറ് പാർക്ക് ചെയ്യാൻ സ്ഥലവും കൊടുക്കില്ല, പിന്നെ ആകെ ടെൻഷനായതോണ്ടല്ലേ?? പാവം :)

Geetha said...

പാവം സിന്ധു ടീച്ചർ... സിന്ധു മണ്ഡോദരി... നല്ല പേര്.

Areekkodan | അരീക്കോടന്‍ said...

Mubi...സമയത്തിന് വന്നാൽ പാർക്ക് ചെയ്യാൻ സ്ഥലം കിട്ടും !!

Geethaji...ഏയ് പാവമൊന്നുമല്ല. ടീച്ചർ ആള് പുലിയാ.

Areekkodan | അരീക്കോടന്‍ said...

ഗീതാജി...പേര് ടീച്ചർ തന്നെ ഇട്ടതാ !!!

Typist | എഴുത്തുകാരി said...

പാവം ടീച്ചർ!

Areekkodan | അരീക്കോടന്‍ said...

Typist Chechi...സിന്ധു ടീച്ചർ ആള് പുലിയാ.

Cv Thankappan said...

സമ്മാനം…എന്തിനാ, എങ്ങിനാ എന്നൊന്നും ഇനി ചോദിക്കണ്ട…..തടിത്തപ്പി........
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ഹ ഹ ഹാ

Muralee Mukundan , ബിലാത്തിപട്ടണം said...

പാവം സിന്ധു ടീച്ചർ....

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... എനിക്കല്ലേ സിന്ധു ടീച്ചറെ അറിയൂ

Post a Comment

നന്ദി....വീണ്ടും വരിക