Pages

Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Thursday, April 30, 2026

കുടുംബ സംഗമം

കുടുംബ ജീവിതത്തിനും കുടുംബ ബന്ധത്തിനും ഒരു വിലയും കല്പിക്കാത്ത തലമുറയാണ് പുതിയ നൂറ്റാണ്ടിൽ ജനിച്ച ഭൂരിപക്ഷം കുട്ടികളും എന്നാണ് പൊതുവെയുള്ള അഭിപ്രായം. അതിനാൽ തന്നെ കല്യാണം കഴിച്ച് പുതിയ ഒരു കുടുംബം ഉണ്ടാക്കാനോ, കുടുംബ ബന്ധങ്ങൾ നിലനിർത്താനോ, മാതാപിതാക്കളെ കുടുംബത്തോടൊപ്പം സംരക്ഷിക്കാനോ ഈ പുതിയ തലമുറ പിന്നോട്ടാണ്. ഇത്തരം ഒരു തലമുറയുടെ തിരിച്ചറിവിന് വേണ്ടിയാണ് മിക്ക കുടുംബങ്ങളിലും ഇക്കാലത്ത് കുടുംബ സംഗമങ്ങൾ നടത്തുന്നത്.

2019 ലാണ് ഞങ്ങളുടെ കോളനിയുടെ കുടുംബ സംഗമം (Click & Read) അവസാനമായി നടന്നത്. അതിന് ശേഷം പ്രളയവും കൊറോണയും നാട്ടിൽ ഭീതി പടർത്തി കടന്ന് പോയി. കുടുംബത്തിലെ പലരും പല സമയങ്ങളിലായി ഇഹലോകവാസം വെടിയുകയും ചെയ്തു. എൻ്റെ ഉമ്മയുടെ തലമുറയിൽ ഉമ്മയും ഒരു ജ്യേഷ്ടത്തിയും ഒരു അനിയത്തിയും മൂന്ന് നാത്തൂന്മാരും മാത്രമാണ് ഇനി ബാക്കിയുള്ളത്. അവർക്ക് കുടുംബത്തിലെ പേര പേരകുട്ടികൾ അടക്കമുള്ളവരെ കാണാനും കുട്ടികൾക്ക് തങ്ങളുടെ കുടുംബത്തിലെ വല്ല്യ വല്യുമ്മമാരെ പരിചയപ്പെടാൻ അവസരം ഒരുക്കാനും കുടുംബത്തിലെ മറ്റംഗങ്ങൾക്ക് അൽപനേരം ഒരുമിച്ചിരുന്ന് ഓർമ്മ പുതുക്കാനും എല്ലാം ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു ഞങ്ങളുടെ അഞ്ചാം സംഗമം സംഘടിപ്പിച്ചത്.

പല പല ഡേറ്റുകളും നിർദ്ദേശിച്ച് അവസാനം ഭൂരിപക്ഷം പേർക്കും സൗകര്യ പ്രദമായ ദിവസം  എന്ന നിലയിലാണ് ഏപ്രിൽ 26 ഞായറാഴ്ച വൈകിട്ട് നാലര മണി മുതൽ രാത്രി ഒമ്പത് മണി വരെ സംഗമം നിശ്ചയിച്ചത്. ഔപചാരിക ചടങ്ങുകൾ ഒന്നും ഇല്ലാതെ തുടങ്ങിയ പരിപാടികൾക്ക് നിയതമായ ഒരു ഘടനയും നിശ്ചയിച്ചിരുന്നില്ല. എങ്കിൽ പോലും ഒരു തടസ്സവുമില്ലാതെ പരിപാടി മുന്നോട്ട് നീങ്ങി.

ഞങ്ങളുടെ കോളനിക്ക് ചുറ്റും താമസിച്ചിരുന്നതും ഇപ്പോൾ അവിടം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറിയതുമായ കുടുംബങ്ങളെയും കോളനിയിലെ വിവിധ വീടുകളിൽ വീട്ടുജോലി ചെയ്തവരെയും അതിഥികളായി സംഗമത്തിലേക്ക്  ക്ഷണിച്ചിരുന്നു. അവരുടെ അനുഭവങ്ങളും എൻ്റെ തലമുറയുടെ കുട്ടിക്കാല ഓർമ്മകളും ഒന്നാം തലമുറയുടെ ചരിത്രകഥനവും പങ്ക് വെച്ചതോടെ തന്നെ ഞങ്ങൾ പഴയ കുട്ടികളായി. ഇതിനെ ആസ്പദമാക്കി ലൈവ് പ്രശ്‌നോത്തരി നടത്തിക്കൊണ്ട് പുതിയ തലമുറയെയും ഒപ്പം കൂട്ടി. 

അതിഥികൾ അടക്കമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. ഒന്നാം തലമുറയെ പൊന്നാട അണിയിച്ച് ആദരിക്കുകയും കോളനി കുടുംബത്തിൽ നിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. 

കൂടിച്ചേരലിന് വേണ്ടിയുള്ള ഒരു പരിപാടി എന്നതിൽ നിന്ന് വ്യത്യസ്തമായി മറ്റു ചില ഉദ്ദേശ്യങ്ങൾ കൂടി ഈ സംഗമത്തിനുണ്ടായിരുന്നു. മുൻ കാലങ്ങളിൽ കോളനിയിലെ വിവിധ വീടുകളിൽ ജോലിക്ക് നിന്നവരും ഇപ്പോൾ അഗതികളായി കഴിയുന്നവരുമായവർക്ക് വേണ്ടിയുള്ള സഹായം നൽകലാണ് അതിൽ ഒന്നാമത്തേത്. വർഷത്തിൽ രണ്ട് തവണ സാമ്പത്തിക സഹായം നൽകാനാണ് ഉദ്ദേശ്യം. കോളനിയിലെ കുട്ടികളുടെ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് നിരന്തര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നതാണ് മറ്റൊരു ഉദ്ദേശ്യം.

എൻ്റെ മകൻ ലിദു മോൻ കരോക്കെ സഹായത്താൽ ജീവിതത്തിലാദ്യമായി ഒരു പാട്ട് പാടിയതും ഈ സംഗമത്തിലാണ്. വെറും രണ്ട് ദിവസത്തെ പരിശീലനം കൊണ്ട്, വലിയൊരു സദസ്സിന് മുന്നിൽ തുടക്കക്കാരൻ്റെ ഒരു പരിഭ്രമവും ഇല്ലാതെ അവൻ പാടിയത് ഞാനും ഭാര്യയും അത്ഭുതത്തോടെ കേട്ടിരുന്നു.

വരും തലമുറയുടെ സംഘ ശേഷിയും സർഗ്ഗശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷത്തിൽ ഒരിക്കൽ കുടുംബ സംഗമം നടത്തണം എന്നാണ് തീരുമാനം. ദൈവം അനുഗ്രഹിക്കട്ടെ.

Thursday, October 30, 2025

ദ ടീം 87 SSC ഒരു വട്ടം കൂടി

2019 ൽ എൻ്റെ പത്താം ക്ലാസ് കൂട്ടായ്മ 1987 എസ്.എസ്.സി ബാച്ചിന്റെ പ്രഥമ സംഗമം അരങ്ങേറിയപ്പോൾ ചെയർമാനായി തെരഞ്ഞെടുത്തത് എന്നെയായിരുന്നു.ഒരു ചാറ്റിംഗ് ഗ്രൂപ്പ് എന്നതിൽ നിന്ന് വ്യത്യസ്തമായി, നാടിനും നാട്ടുകാർക്കും ഉപയോഗപ്രദമായ കാര്യങ്ങൾ ചെയ്യുന്ന ഒരു ഗ്രൂപ്പ് എന്ന നിലയിലേക്ക് ഗ്രൂപ്പിനെ മാറ്റിയെടുക്കണം എന്നതായിരുന്നു എൻ്റെ ലക്ഷ്യം.ഭാഗ്യവശാൽ സമാന ചിന്താഗതിക്കാരായ നിരവധി പേർ ഗ്രൂപ്പിൽ ഉണ്ടായിരുന്നു.അതിനാൽ തന്നെ പ്രവർത്തന പദ്ധതി പങ്കുവയ്ക്കുന്ന വിഷൻ 20-20 സംഗമത്തിൽ അവതരിപ്പിച്ചപ്പോൾ എനിക്ക് വൻ പിന്തുണ തന്നെ ലഭിച്ചു.

ലക്ഷ്യമിട്ട പ്രകാരം തന്നെ ആദ്യം, പഠിച്ച സ്‌കൂളിലും പിന്നീട് ഗ്രൂപ്പിലെ അംഗങ്ങൾക്കിടയിലും ശേഷം സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തും അതും കഴിഞ്ഞ് നിയോജക മണ്ഡലവും പിന്നെ ജില്ലയും കടന്ന് ഞങ്ങളുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം അട്ടപ്പാടി വരെ എത്തി. ചെയ്യാൻ കഴിയുന്നതേ പറയൂ എന്നതും പറയുന്നത് ചെയ്യും എന്നതും ഗ്രൂപ്പംഗങ്ങൾക്ക് ആത്മവിശ്വാസം പകർന്നു. 

ഗ്രൂപ്പ് ഏറ്റെടുത്ത ഏറ്റവും മികച്ചതും വെല്ലുവിളി ഏറിയതുമായ പ്രവർത്തനമായിരുന്നു പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്കുള്ള ഉപകരണ വിതരണം.ഉപകരണങ്ങൾ വാങ്ങാനുള്ള പണം സ്വരൂപിക്കാനായി ഗ്രൂപ്പംഗങ്ങളുടെ സ്കൂൾ ഓർമ്മക്കഥകൾ "പാഠം ഒന്ന് ഉപ്പാങ്ങ" എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. പുസ്തകത്തിൻ്റെ ഒന്നാം പതിപ്പിൻ്റെ വില്പനയിലൂടെ മൂന്ന് പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ആവശ്യപ്പെട്ട ഉപകരണങ്ങളും രണ്ട് യൂണിറ്റുകൾക്ക് ' ഗ്രൂപ്പ് നിശ്ചയിച്ച ഉപകരണങ്ങളും നൽകി.

വിവിധ പാലിയേറ്റീവ് യൂണിറ്റുകളിലെ ഉപകരണങ്ങളുടെ പരിമിതി നേരിട്ട് അറിഞ്ഞതോടെ പുസ്തകം രണ്ടാം പതിപ്പും പുറത്തിറക്കി. അഭ്യൂദയകാംക്ഷികൾ അകമഴിഞ്ഞ് പിന്തുണ നൽകിയപ്പോൾ രണ്ടാം പതിപ്പും മുഴുവനായും വിറ്റ് തീർന്നു. വില്പനയുടെ ലാഭം ഉപയോഗിച്ച് അഞ്ച് യൂണിറ്റുകൾക്കായി പതിനഞ്ച് എയർ ബെഡുകളും അഞ്ച് ബാക്ക് റെസ്റ്റുകളും വിതരണം ചെയ്തു. തങ്ങൾക്കും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ഉണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയെ കാണുന്നതും അറിയുന്നതും ആദ്യമായിട്ടാണ് എന്നായിരുന്നു പല പാലിയേറ്റീവ് കെയർ യൂണിറ്റ് ഭാരവാഹികളുടെയും പ്രതികരണം.


സംഗമങ്ങളും മിനിട്രിപ്പുകളും ഒത്തു ചേരലുകളും എല്ലാം നടത്തി ഈ കൂട്ടായ്മ മുന്നേറുന്നു. ഏറ്റവും പുതിയ ഒരു പ്രവർത്തനമായി എടുത്ത് കാണിക്കാൻ പറ്റുന്ന കാശ്മീർ ടൂറും കഴിഞ്ഞ് അംഗങ്ങൾ നാട്ടിൽ തിരിച്ചെത്തി. അതെ, ഇത് ഒരു വെറും കൂട്ടായ്മ അല്ല; സേവനത്തിലൂടെ ആനന്ദം കണ്ടെത്തുന്ന ആനന്ദത്തിലൂടെ സേവനം നടത്തുന്ന ഒരു സംഘം - ദ ടീം 87 SSC ഒരു വട്ടം കൂടി.

 

Saturday, September 20, 2025

മധുരിക്കും ഓര്‍മ്മകളെ...

മധുരിക്കും ഓര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ...
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍....

മുമ്പ് പഠിച്ച സ്കൂളിലോ കലാലയത്തിലോ ഒരു വട്ടം കൂടി എത്തുമ്പോഴാണ് "കാരണവർ" എന്ന സിനിമയിലെ ഈ ഗാനം പലപ്പോഴും ഓർമ്മ വരാറ്. ഇന്നലെ എൻ്റെ നാട്ടിലെ പ്രഥമ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിയപ്പോൾ എൻ്റെ മനസ്സിലൂടെ ആരോ ഈ ഗാനം മൂളി.

ഞാൻ ഒരു വിദ്യാർത്ഥിയായി പഠിച്ചില്ല എങ്കിലും എനിക്ക് ഏറെ ഹൃദയ ബന്ധമുള്ള ഒരു സ്കൂളാണ് അരീക്കോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. എൻ്റെ വന്ദ്യപിതാവ് വളരെക്കാലം അദ്ധ്യാപകനായും പിന്നീട് ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിച്ച സ്കൂൾ,ഹയർ സെക്കൻഡറി ആയി ഉയർത്തിയപ്പോൾ ഞാൻ ഫിസിക്സ് അതിഥി അദ്ധ്യാപകനായി സേവനം ചെയ്ത സ്കൂൾ,എൻ്റെ മൂത്ത മകൾ ലുലു പ്ലസ് ടുവിന് പഠിച്ച സ്കൂൾ എന്നിവയാണ് ഇതിൽ എനിക്ക്  പ്രത്യക്ഷത്തിലുള്ള ബന്ധം. പക്ഷേ, അതിലുപരി എൻ്റെ കുട്ടിക്കാലത്തെ പുഷ്കലമാക്കിയ ഒരു ബന്ധം കൂടി ഈ സ്കൂളുമായി എനിക്കുണ്ട്.

ഞാനും അനിയനും യു പി സ്കൂളിൽ  പഠിക്കുന്ന കാലത്ത്, മദ്ധ്യവേനലവധി ആരംഭിച്ചാൽ ഞങ്ങളുടെ പിതാവ് ഞങ്ങളെ ഈ സ്കൂളിലേക്ക് അയക്കും.അവധിക്കാലത്ത് വായിക്കാനായി സ്കൂളിലെ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കാനാണ് ഇങ്ങനെ അയക്കുന്നത്. ജീവിതത്തിൽ ആദ്യമായി ലൈബ്രറി കണ്ടത് അന്നാണ്. കുറെ കഥാ പുസ്തകങ്ങളുമായി വീട്ടിൽ തിരിച്ചെത്തുന്ന ഞങ്ങൾ പിറ്റേന്ന് മുതൽ വായനയും തുടങ്ങും. ഞങ്ങൾ രണ്ട് പേരും ജ്യേഷ്ഠത്തിയും എല്ലാ പുസ്തകവും വായിച്ച് കഴിഞ്ഞാൽ അതെല്ലാം തിരിച്ച് കൊടുക്കും. വീണ്ടും പുതിയ പുസ്തകങ്ങൾ എടുക്കും. എൻ്റെ വായനയെയും എഴുത്തിനെയും രൂപപ്പെടുത്തിയത് ഈ കാലഘട്ടമാണ് എന്ന് ഞാൻ കരുതുന്നു.

ഇന്നലെ ഈ സ്കൂളിലെ യു.പി വിഭാഗത്തിലെ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനമായിരുന്നു. പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അദ്ധ്യാപകരും പി.ടി.എയും ഒരുമിച്ച് പ്രയത്നിച്ചാണ് പന്ത്രണ്ട് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റിയത്. അതിനാൽ തന്നെ ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കേണ്ടതും അവരിൽപ്പെട്ട ഒരാളാകണം എന്ന് സംഘാടകർ തീരുമാനിച്ചു. ബാപ്പയുടെ സ്മരണകൾ നിറഞ്ഞ് നിൽക്കുന്ന സ്കൂളായതിനാൽ ഒരു ക്ലാസ് റൂം സ്മാർട്ടാക്കാനുള്ള പ്രഥമ ദൗത്യം ഞങ്ങളുടെ കുടുംബമായിരുന്നു ഏറ്റെടുത്തിരുന്നത്. അതിനാൽ സ്നേഹനിധിയായ എൻ്റെ ഉമ്മ കൊല്ലത്തൊടി ആയിഷാബി ടീച്ചറെ ആയിരുന്നു ഉദ്ഘാടകയായി തെരഞ്ഞെടുത്തത്.

സ്കൂളിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചറുടെ സാന്നിദ്ധ്യത്തിൽ ഉമ്മ ആ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പഠനക്കാലത്തെപ്പറ്റി ഓർത്തെടുത്തും, ലഹരിയിൽ നിന്നും വിട്ടു നിൽക്കാൻ പുതിയ തലമുറയെ ഓർമ്മപ്പെടുത്തിയും, എൺപത്തിമൂന്ന് വയസ്സ് കഴിഞ്ഞ ഉമ്മ നല്ലൊരു പ്രസംഗം നടത്തി. ഉമ്മാക്ക് അകമ്പടി പോയ ഞാനും കുമ്പിടിയായി ചടങ്ങിൽ പങ്കെടുത്തു. പഴയ ലൈബ്രറി ഓർമ്മകൾ തിര തല്ലി വന്നതിനാൽ ഞാൻ എഴുതിയ മൂന്ന് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് നൽകിക്കൊണ്ട് പഴയ കടപ്പാടിൻ്റെ വളരെ ചെറിയ ഒരംശം കൂടി ഞാൻ നിറവേറ്റി.

വാൽ: വൈകിട്ട്, എൻ്റെ പഴയ സ്കൂളിൽ അപ്പുണ്ണി എന്ന കലാകാരൻ്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഒരു കൊച്ചു കുട്ടി എൻ്റെ അടുത്തേക്ക് ഓടി വന്ന് ചോദിച്ചു - "സാർ ഇന്ന് ഞങ്ങളുടെ സ്കൂളിൽ പുസ്തകം തന്ന സാറല്ലേ?". സന്തോഷം കൊണ്ട് ഞാനവനെ എന്നോട് ചേർത്ത് പിടിച്ച് തലയിൽ തലോടി.


Sunday, September 14, 2025

മുറ്റത്തൊരു Mercedes-Benz GLS SUV

എൻ്റെ പഞ്ചായത്തിലെ ബുദ്ധിപരമായ വൈകല്യമുള്ള കുട്ടികൾക്ക് വിവിധതരം തെറാപ്പികളും പരിശീലനവും നൽകുന്ന ഒരു സ്ഥാപനം സന്ദർശിച്ച അനുഭവം നാട്ടുകാരനും ബാല്യകാലം മുതലേ സുഹൃത്തുമായ ഡോ. ഫസലുറഹ്മാൻ എന്നോട് പങ്ക് വച്ചിരുന്നു. പ്രസ്തുത സ്ഥാപനത്തിന് ഒരു കൈതാങ്ങ് എന്ന നിലയിൽ കൂടുതൽ സൗകര്യപ്രദമായ ഒരു സ്ഥലത്ത് ശരിയായ പരിശീലനം ലഭിച്ചവരുടെ ശിക്ഷണത്തിൽ അരീക്കോട് ടൗൺ പരിസരത്ത് ഒരു സ്ഥാപനം തുടങ്ങുന്നതിനെപ്പറ്റി ഒന്നാലോചിക്കാനും അന്ന് ഫസൽ പറഞ്ഞു. തീർത്തും സൗജന്യമായി നൽകാൻ ഉദ്ദേശിക്കുന്ന പദ്ധതി ഇത്തരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആശ്വാസം ലഭിക്കുന്ന രൂപത്തിൽ വളരെ പ്ലാൻ ചെയ്തു നടപ്പിലാക്കുന്നതിനെപ്പറ്റിയും ഫസൽ സംസാരിച്ചു.

അങ്ങനെയാണ് യു.കെ യിലുള്ള ഫസൽ ഒരു ഓൺലൈൻ മീറ്റിംഗ് വിളിച്ചത്. വളരെ സ്തുത്യർഹമായ രീതിയിൽ ഇത്തരം ഒരു സ്ഥാപനം നടത്തി വരുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാൻ ഡോക്ടർ ഇദ്‌രീസ് വി ആയിരുന്നു മീറ്റിംഗിലെ ഒരു ക്ഷണിതാവ്. കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായിരിക്കെ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഡോക്ടറുമായി സഹകരിച്ച് പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നതിനാൽ ഞങ്ങൾ തമ്മിൽ മുൻ പരിചയം ഉണ്ടായിരുന്നു.പക്ഷെ, ഫസലിന് അത് അറിയുമായിരുന്നില്ല. 

രണ്ടാമത്തെ ക്ഷണിതാവ് ഞാൻ ധാരാളം കേട്ടറിഞ്ഞ പ്രമുഖനായ ഒരു ബിസിനസ്മാൻ ആയിരുന്നു. ദാരിദ്ര്യം പിടിച്ച കുട്ടിക്കാല അനുഭവങ്ങളിൽ നിന്ന് ജീവിതം പഠിച്ച് വളർന്ന് ഇന്ന് ലോകം മുഴുവൻ പടർന്ന് നിൽക്കുന്ന ദുബൈ ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ്  എന്ന സംരംഭത്തിൻ്റെ സി.ഇ.ഒ ആയ പി.സി.മുസ്തഫ ആയിരുന്നു അത്.ഇഡ്‌ലി - ദോശ മാവ് വിൽപന എന്ന ചെറിയ ഒരു സംരംഭത്തിലൂടെ ഹാർവാർഡ് കെന്നഡി സ്കൂളിൽ (പേര് സ്കൂൾ എന്നാണെങ്കിലും ഒന്നൊന്നര യൂണിവേഴ്സിറ്റിയാണ്) വിസിറ്റിംഗ് ഫാക്കൽറ്റി വരെ ആയി വളർന്ന ഈ വയനാട്ടുകാരൻ ഡോ.ഫസലിൻ്റെ ഹോസ്റ്റൽ മേറ്റുമായിരുന്നു.

മീറ്റിംഗിൽ ഞങ്ങൾ ധാരാളം കാര്യങ്ങൾ ചർച്ച ചെയ്തു. സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചും സ്റ്റാഫിനെക്കുറിച്ചും നടത്തിപ്പ് ഫണ്ടിനെക്കുറിച്ചും മേൽനോട്ടത്തെക്കുറിച്ചും സുദീർഘമായി തന്നെ എല്ലാവരും ആശയങ്ങൾ പങ്ക് വെച്ചു. ഇത്തരം ഒരു മീറ്റിംഗിൽ അത്രയും സമയം ചെലവഴിക്കാൻ വളരെ തിരക്കേറിയ ഇവർ കാണിച്ച ആവേശം എന്നെ വളരെയധികം അത്ഭുതപ്പെടുത്തി. ഒരു പ്രവർത്തന മാതൃക നേരിട്ട് കണ്ടറിയാൻ കോഴിക്കോട്ടെ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്ഥാപനം സന്ദർശിക്കാൻ നാട്ടിലുള്ള എന്നെ ഫസൽ ചുമതലപ്പെടുത്തുകയും ചെയ്തു.

ഞങ്ങളുടെ മീറ്റിംഗ് കഴിഞ്ഞ് രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷമാണ് എൻ്റെയും ഫസലിൻ്റെയും അദ്ധ്യാപകൻ കൂടിയായ പ്രൊഫ. കെ. കോയട്ടി സാറും മറ്റ് ചിലരും ചേർന്ന് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിനടുത്ത് "പാരഡൈസ്" എന്ന പേരിൽ അതി വിപുലമായ ഒരു പ്രൊജക്ട് ആരംഭിക്കുന്ന വിവരം കോയട്ടി സാറെ സന്ദർശിച്ച വേളയിൽ ഞാനറിഞ്ഞത്. ഫസലിനെ ഈ കാര്യം അറിയിച്ചപ്പോൾ ഞങ്ങളുടെ പ്ലാൻ തത്കാലം നിർത്തിവച്ചു.

മീറ്റിംഗ് പിരിയുന്നതിന് മുമ്പ് പി.സി. മുസ്തഫക്ക് എന്നെ ഫസൽ വിശദമായി പരിചയപ്പെടുത്തിക്കൊടുത്തു. അപ്പോഴാണ് എൻ്റെ അനിയൻ ഡോ.അഫീഫ് തറവട്ടത്തിൻ്റെ ക്ലാസ്മേറ്റാണ് പി.സി.മുസ്തഫ എന്നറിഞ്ഞത്. അവരുടെ ക്ലാസ് ഗ്രൂപ്പിൽ നടക്കുന്ന അനിയൻ്റെ 'കലാപ്രകടനങ്ങളും' മുസ്തഫ പരാമർശിച്ചു. 

ഇക്കഴിഞ്ഞ ദിവസം എൻ്റെ തൊട്ടടുത്ത പഞ്ചായത്തിലെ കോളേജിൽ ഒരു മോട്ടിവേഷൻ ക്ലാസിന് വന്നപ്പോൾ മുസ്തഫയെ അനിയൻ ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ അന്ന് ഓൺലൈനിൽ കണ്ട ആ പ്രതിഭ എൻ്റെ വീട്ടിലും എത്തി. സ്വീകരണ മുറിയിലെ ഷോകേസിൽ നിന്നും എൻ്റെ 'പിരാന്തുകൾ' ഒപ്പിയെടുത്ത മുസ്തഫയ്ക്ക് ഞാൻ എൻ്റെ മൂന്ന് പുസ്തകങ്ങളും കയ്യൊപ്പിട്ട് സമ്മാനിച്ചു. നല്ലൊരു വായനക്കാരനായ എൻ്റെ മകനെ ചേർത്ത് പിടിച്ച് അഭിനന്ദിക്കാനും ഈ "ഫോർബ്സ് ഇന്ത്യ ബിസിനസ് ടൈക്കൂൺ ഓഫ് ടുമോറോ" മറന്നില്ല.

ലോകത്തെ തന്നെ ഏറ്റവും വില കൂടിയ കാറുകളിൽ ഒന്നായ Mercedes-Benz GLS SUV സ്വന്തം വീട്ടുമുറ്റത്തെത്തിയ സന്തോഷത്തിൽ എൻ്റെ കുഞ്ഞുമോൻ ലിദുവും കാറിനൊപ്പം നിന്ന് നിരവധി ഫോട്ടോകളും എടുത്തു.


ചില സംഗതികൾ അങ്ങനെയാണ്. എവിടെയൊക്കെയോ കണ്ണി ചേർന്ന് ചേർന്ന് അപ്രതീക്ഷിതമായി അത് നമ്മിലേക്കെത്തും. അത് നമ്മുടെ ജീവിതത്തിലെ ഏറെ സന്തോഷമുള്ള നിമിഷങ്ങളായിരിക്കും എന്ന് അനുഭവത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞു.

Thursday, June 19, 2025

വായനയാണ് ലഹരി

ഈ വർഷത്തെ വേനലവധിക്ക് തൊട്ട് മുമ്പ്, മുമ്പില്ലാത്ത വിധം പല സ്കൂൾ കാമ്പസുകളിലും നടന്ന സംഭവങ്ങൾ വേദനാജനകവും ഭീതിപ്പെടുത്തുന്നതുമായിരുന്നു. അതു കൊണ്ട് തന്നെ സ്കൂൾ പൂട്ടുന്ന ദിവസം കുട്ടികളെ രക്ഷിതാക്കൾ വന്ന് കൂട്ടിക്കൊണ്ടുപ്പോകണം എന്ന വിചിത്ര നിർദ്ദേശം വരെ നൽകപ്പെട്ട വർഷമായിരുന്നു ഇത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കൗമാരപ്രായക്കാരുടെ എണ്ണം അത്രയും ഭയാനകമായ തോതിൽ ഉയർന്നിരിക്കുന്നു എന്ന് മലയാളികൾ തിരിച്ചറിഞ്ഞ ഒരു സന്ദർഭം കൂടി ആയിരുന്നു അത്.

അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒഴിവ് ദിവസങ്ങൾ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പല രക്ഷിതാക്കളെയും പോലെ ഞാനും ആലോചിച്ചിരുന്നു. അപ്പോഴാണ് ഒരു വാട്സാപ്പ്  ഗ്രൂപ്പിൽ "കുട്ടികൾ ലഹരികളിൽ നിന്നും നവസാമൂഹിക പ്രശ്നങ്ങളിൽ നിന്നും മുക്തമാകണമെങ്കിൽ വായന ശീലമാകണം" എന്ന ടാഗ് ലൈനോട് കൂടി "വായനയാണ് ലഹരി" എന്ന ടൈറ്റിലിൽ പുസ്തക പ്രസാധകരായ ഹരിതം ബുക്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല വായനാ ചാലഞ്ച് പരിപാടിയുടെ അറിയിപ്പ് കണ്ടത്. എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഇരുപത് മുപ്പത്, നാൽപത് പുസ്തകങ്ങൾ വരെ വായിച്ച് അതിൻ്റെ വായനാക്കുറിപ്പും തയ്യാറാക്കി അയച്ച് കൊടുക്കുക എന്നതാണ് ടാസ്ക്. മാർച്ച് 30 മുതൽ മെയ് 31 വരെ രണ്ട് മാസക്കാലമായിരുന്നു ചലഞ്ച് കാലാവധി.

ചലഞ്ച് കണ്ട ഉടനെ ഒമ്പതാം ക്ലാസ് കഴിഞ്ഞ എൻ്റെ മൂന്നാമത്തെ മകൾ ലൂനയോടും മൂന്നാം ക്ലാസ് കഴിഞ്ഞ നാലാമത്തെ കുട്ടി ലിദുവിനോടും ഞാൻ വിഷയം അവതരിപ്പിച്ചു. കഴിഞ്ഞ വർഷം രണ്ട് പേരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീന്തൽ പരിശീലനത്തിന് ചേർത്ത് കൊണ്ടായിരുന്നു അവധിക്കാലം ഉപയോഗപ്പെടുത്തിയത്. ലൂന നീന്തൽ നന്നായി വശമാക്കുകയും ലിദു വെള്ളത്തിൽ ഇറങ്ങി മുങ്ങിക്കുളിക്കാനും  അൽപസ്വല്പം നീന്താനും ധൈര്യം കരസ്ഥമാക്കുകയും ചെയ്തതിനാൽ അത് പൂർണ്ണ വിജയമായി ഞാൻ കരുതുന്നു.കഴിഞ്ഞ വർഷത്തെപ്പോലെ ഈ ചാലഞ്ചിനും അവർ രണ്ട് പേരും "യെസ് " മൂളിയപ്പോൾ ശരിക്കും ഞെട്ടിയത് ഞാനായിരുന്നു.

ചാലഞ്ച് തുടങ്ങിയ ദിവസം തന്നെ എൻ്റെ ഹോം ലൈബ്രറിയിലെ ഒരു കുഞ്ഞു ഇംഗ്ലീഷ് പുസ്തകം വായിച്ചു തീർത്ത് കൊണ്ട് അതിനെപ്പറ്റി സ്വന്തം ശൈലിയിൽ ഒരു ചെറുകുറിപ്പും എഴുതി ലിദു മോൻ എന്നെ വീണ്ടും വിസ്മയിപ്പിച്ചു. അങ്ങനെ എൻ്റെ സ്വന്തം ലൈബ്രറിയിലെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ബാലകൃതികൾ എല്ലാം അവൻ്റെ വായനയിലൂടെ കടന്നു പോയി. ലൂന മോളും അവളുടെ പ്രായത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ ഹോം ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ചു. 

ലിദു മോന് വായന ശരിക്കും ലഹരിയായി മാറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. എൻ്റെ ശേഖരത്തിലെ ബാല സാഹിത്യ കൃതികൾ കഴിഞ്ഞതോടെ അവൻ അനിയൻ്റെ വീട്ടിലെ പുസ്തകശേഖരം തേടി ഇറങ്ങി. അവിടെ നിന്നും ഓരോ ആഴ്ചയും എട്ടും പത്തും പുസ്തകങ്ങൾ വീതം വായനക്കെടുത്ത് കൊണ്ടുവന്നു. ഇതിനിടയിൽ എൻ്റെ ഭാര്യാ വീട്ടിൽ വിരുന്ന് പോയപ്പോൾ അവിടെയുള്ള ബാലകൃതികളും അവൻ വായിച്ചു. വായിച്ചറിഞ്ഞ പല പുതിയ പദങ്ങളുടെയും അർത്ഥം ചോദിക്കാനും വായിച്ചതിനനുസരിച്ചുള്ള കഥാപാത്രങ്ങളെ വരയ്ക്കാനും ചില സംഭാഷണ ശകലങ്ങൾ സ്വയം രചിക്കാനും തുടങ്ങിയതോടെ ചലഞ്ച് കുറിക്ക് കൊണ്ടതായി എനിക്ക് ബോധ്യപ്പെട്ടു.

മെയ് 31 വരെയായിരുന്നു ചലഞ്ച്. മെയ് 25 മുതൽ ഞാൻ കുടുംബ സമേതം ഒരു ഡൽഹി - മണാലി യാത്ര പ്ലാൻ ചെയ്തിരുന്നു. അതിനാൽ തന്നെ രണ്ട് പേരും ചലഞ്ച് നേരത്തെ പൂർത്തിയാക്കി. ലൂന മോൾ ചലഞ്ച് ചെയ്ത ഇരുപത് പുസ്തകങ്ങൾ തന്നെ വായിച്ച് കുറിപ്പ് തയ്യാറാക്കി. എന്നാൽ ലിദു മോൻ ശരിക്കും ഞങ്ങളെ അമ്പരപ്പിച്ചു ; ഇരുപത് പുസ്തകങ്ങൾ ചലഞ്ച് ചെയ്ത അവൻ അമ്പത്തിയഞ്ച് ദിവസം കൊണ്ട് നൂറ് പുസ്തകങ്ങൾ വായിച്ചു പൂർത്തിയാക്കി കുറിപ്പും തയ്യാറാക്കി കഴിഞ്ഞിരുന്നു !

എൻ്റെ സ്കൂൾ പഠന കാലത്ത് ഹൈസ്കൂൾ ക്ലാസുകളിൽ എത്തിയ ശേഷമാണ് ഞാൻ സാഹിത്യ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. ഇടയ്ക്ക് വച്ച് ആ ശീലം  നഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ ഞാൻ അത് തിരിച്ചു പിടിച്ചു കഴിഞ്ഞു. മക്കളും സാഹിത്യ വായനാ കുതുകികളാണ് എന്നത് സന്തോഷം നൽകുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളോടുള്ള അവരുടെ പ്രണയം നിരവധി ക്ലാസിക് കൃതികളെ എൻ്റെ ഷോകേസിൽ എത്തിച്ചിട്ടുണ്ട്. അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഉള്ള ഒരു ഹോം ലൈബ്രറിയും എൻ്റെ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 

"Today a Reader Tomorrow a Leader " എന്നാണ് ഇംഗ്ലീഷിലെ ഒരു പഴമൊഴി പറയുന്നത്. ഈ വായനാദിനത്തിൽ എല്ലാവർക്കും വായന പുനരാരംഭിക്കാം.

ഇന്ന് പത്രത്തിൽ വന്നത് 

Monday, May 05, 2025

കെ വി റാബിയ എന്ന വിളക്കുമാടം

മലയാളത്തിൻ്റെ അക്ഷര പുത്രി കെ.വി.റാബിയ വിട വാങ്ങി എന്ന വാർത്ത കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. റാബിയയെ ഒരു തവണ കണ്ടിരുന്നു എന്ന മുൻ പരിചയം മാത്രമുള്ള ഞാനും ഒട്ടും പരിചയമില്ലാത്ത എൻ്റെ ഭാര്യയും മക്കളും അവരെ സന്ദർശിച്ചത് ഈ ജനവരിയിൽ ആയിരുന്നു. മലബാർ കലാപ ഭൂമികൾ മക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ തിരൂരങ്ങാടിയിൽ പോയപ്പോഴാണ്, ചക്ര കസേരയിൽ ഇരുന്ന് നാടിൻ്റെ വെളിച്ചമായി രാഷ്ട്രപതി ഭവൻ വരെ എത്തിയ റാബിയയെ കുടുംബത്തിന് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ വെള്ളിലക്കാട്ട് എത്തിയത്.

തിരൂരങ്ങാടിയിൽ നിന്നും റാബിയയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചാൽ ഏത് ചെറിയ കുട്ടിയും പറഞ്ഞ് തരും. ആ ഇടുങ്ങിയ വഴി പിന്നിട്ട് ആ വീട്ടിൽ എത്തുമ്പഴാണ് പത്മശ്രീ പുരസ്കാരം വരെ ആ കുഗ്രാമത്തിൽ എത്തിയതിൻ്റെ കാരണം ശരിക്കും മനസ്സിലാവുക. 

ഞങ്ങൾ എത്തുമ്പോൾ ഉച്ച സമയം കഴിഞ്ഞിരുന്നു. അസുഖം അലട്ടുന്നത് അറിയുന്നതിനാൽ അനുവാദം കിട്ടിയ ശേഷം മാത്രമാണ് ഞങ്ങൾ വീട്ടിലേക്ക് കയറിയത്. സഹോദരിയുടെ മരുമകൾ ആയിരുന്നു അപ്പോൾ റാബിയയുടെ കൂടെ ഉണ്ടായിരുന്നത്. റൂമിൽ ബെഡിൽ കിടക്കുന്ന അവസ്ഥയിലാണ് ഞങ്ങളോട് അകത്തേക്ക് കയറാൻ പറഞ്ഞത്. ഞാനെഴുതിയ മൂന്ന് പുസ്തകങ്ങളും റാബിയക്ക് സമ്മാനിച്ച ശേഷം അൽപ സമയം മാത്രമേ ഞാനവിടെ ഇരുന്നുള്ളൂ. ആ അവസ്ഥയിൽ ഫോട്ടോ എടുക്കുന്നത് ശരിയായി തോന്നിയില്ല. അതിനാൽ റാബിയയുടെ കൂടെ ഞങ്ങളാരും ഫോട്ടോ എടുത്തില്ല.

ഞാൻ പുറത്തിറങ്ങിയെങ്കിലും എൻ്റെ ഭാര്യയെ റാബിയ സംസാരത്തിൽ കുരുക്കി. മാരകമായ കാൻസർ കാർന്ന് തിന്നുമ്പോഴു രോഗം ഉള്ളതായി താൻ ഇതുവരെ കരുതിയിട്ടേ ഇല്ല എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന റാബിയയുടെ മനക്കരുത്ത് വളരെ വലുതായിരുന്നു. ദേഹേഛകളെ വെടിയുക എന്നതായിരുന്നു റാബിയ എൻ്റെ ഭാര്യക്ക് നൽകിയ ഉപദേശം. നേരത്തെ പരിചയമുള്ള പോലെ ദീർഘ നേരം അവർ സംസാരിച്ചിരുന്നപ്പോൾ ഞാനും പോകാൻ തിരക്ക് കൂട്ടിയില്ല. സ്വീകരണ മുറിയിൽ മനോഹരമായി അടുക്കി വെച്ച പത്മശ്രീ പുരസ്കാരം മുതൽ യു.എൻ ഇന്റർനാഷണൽ അവാർഡ്, നാഷണൽ യൂത്ത് അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്കാരം,സംസ്ഥാന സർക്കാർ 'വനിതാരത്‌നം' അവാർഡ്  തുടങ്ങീ പുരസ്കാരങ്ങളിലൂടെ ഞാനും മക്കളും കണ്ണോടിച്ചു.

അവസാനം യാത്ര പറയാൻ നേരത്ത് പറഞ്ഞ രണ്ട് കാര്യങ്ങൾ മനസ്സിനെ ഇപ്പോഴും വിഷമിപ്പിക്കുന്നു. ഉച്ചക്ക് മുമ്പ് വന്നിരുന്നെങ്കിൽ കസേരയിൽ ഇരിക്കുന്ന എന്നെ കാണാനും ഫോട്ടോ എടുക്കാനും പറ്റുമായിരുന്നു എന്നായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് അവരുടെ പ്രയാസത്തിൻ്റെ മനോവേദനയായിരുന്നു - അവാർഡുകൾ കൊണ്ടൊന്നും ജീവിതം മുന്നോട്ട് നീക്കാൻ സാധിക്കില്ല.എൻ്റെ കയ്യിലുള്ള ചെറിയൊരു സംഖ്യ നൽകിയപ്പോൾ അവരത് സന്തോഷത്തോടെ സ്വീകരിച്ചതിൽ നിന്നും സാമ്പത്തികമായി അവർ നന്നായി പ്രയാസപ്പെട്ടിരുന്നു എന്നും എന്നാൽ അഭിമാനം കാരണം ആരോടും അത് പറഞ്ഞിരുന്നില്ല എന്നും എനിക്ക് മനസ്സിലായി.

രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിൽ ആയിരുന്നു ഞാൻ റാബിയയെ ആദ്യമായി സന്ദർശിച്ചത്. ചക്രക്കസേരയിലിരുന്ന് കേരളത്തിൻ്റെ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ പങ്കെടുത്ത് വെള്ളിലക്കാട് എന്ന തൻ്റെ സ്വന്തം ഗ്രാമത്തിൽ അക്ഷരത്തിൻ്റെ വെളിച്ചം വിതറിയും പിന്നീട് അംഗപരിമിതരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്കായി ‘ചലനം’ എന്ന സംഘടനയുണ്ടാക്കിയും റാബിയ ഒരു വിളക്കുമാടമായി പ്രഭ ചൊരിഞ്ഞ കാലമായിരുന്നു അത്. കൊല്ലം ജില്ലക്കാരനായ എൻ്റെ സുഹൃത്ത് ഷാജഹാൻ റാബിയയെക്കുറിച്ചുള്ള ഒരു ഫീച്ചർ പത്രത്തിൽ വായിച്ച് അവരെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തായ കൊടുവള്ളിക്കാരൻ ബഷീറിനെയും കൂട്ടിയായിരുന്നു അന്ന് ഞങ്ങൾ റാബിയയെ സന്ദർശിച്ചത്.

ഇഛാശക്തിയുണ്ടെങ്കിൽ ഏത് പരിമിതികളെയും മറി കടക്കാം എന്നതിന് നിരവധി തെളിവുകൾ നമുക്ക് മുന്നിൽ ഇട്ടു കൊണ്ട് കെ.വി.റാബിയ വിടവാങ്ങി. സർവ്വ ശക്തനായ ദൈവം അവരുടെ പ്രവർത്തനങ്ങൾക്ക് അർഹമായ പ്രതിഫലം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Saturday, April 26, 2025

സൗഹൃദം പൂക്കുന്ന വഴികൾ - 28

അങ്ങ് കാശ്മീരിൽ മതം ചോദിച്ച് വെടി വെച്ച് കൊന്നു എന്നതിൻ്റെ പുകിലും അക്രമികളിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ, ആരോപണ വിധേയമായ മതത്തിൽ പെട്ട രണ്ട് പേർ തന്നെ അകമഴിഞ്ഞ് സഹായിച്ചതിൻ്റെ വിവരണവും പലതരം ചർച്ചകൾക്ക് കാരണഭൂതമാകുമ്പോഴാണ് ഇന്ന് രാവിലെ അപ്രതീക്ഷിതമായി പഴയ സഹപാഠിയും സുഹൃത്തുമായ കൃഷ്ണകുമാർ എൻ്റെ വീട്ടിലെത്തുന്നത്.

1993 ലാണ് ഞാൻ കൃഷ്ണകുമാറിനെ പരിചയപ്പെടുന്നത്. ബി.എസ്.സി ഫിസിക്സ് കഴിഞ്ഞ് പി.ജി പ്രവേശനം കിട്ടാതെ ഞാനും ഊട്ടിയിൽ നിന്ന് ഫിസിക്സിൽ ഡിഗ്രി കഴിഞ്ഞ് മറ്റൊരു വഴിയുമില്ലാതെ കൃഷ്ണകുമാറും അലയുമ്പോൾ, കോഴിക്കോട് ഐ.എച്ച്.ആർ.ഡി.ഇ യിൽ കിട്ടിയ പി.ജി.ഡി.സി എ പ്രവേശനമാണ് ഞങ്ങളെ കൂട്ടുകാരാക്കിയത്. നല്ലളം ബസാറിലെ എളാമയുടെ വീട്ടിൽ നിന്ന് വരുന്ന അരീക്കോട്ടുകാരനായ ഞാനും ബേപ്പൂരിലെ അമ്മായിയുടെ വീട്ടിൽ നിന്ന് വരുന്ന നിലമ്പൂരുകാരനായ കൃഷ്ണകുമാറും എം.ഇ.എസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെരിന്തൽമണ്ണക്കാരൻ ശബീറും കൂട്ടാകാൻ അധിക സമയം വേണ്ടി വന്നില്ല.

അന്ന് കൃഷ്ണകുമാർ ഊണ് കൊണ്ടു വരാറായിരുന്നു പതിവ്. ഞാൻ ഊണ് കൊണ്ടു പോകാറുണ്ടായിരുന്നില്ല.കൃഷ്ണകുമാർ കൊണ്ടു വരുന്ന ഊണിൻ്റെ ഒരു ഭാഗം അവൻ എനിക്ക് തരാറായിരുന്നു പതിവ്. ഞങ്ങളുടെ സൗഹൃദത്തിൻ്റെ അടിവേര് ഉറച്ചത് പ്രസ്തുത പങ്കിടലിൽ നിന്നാണ് എന്നാണ് എന്റെ വിശ്വാസം.

കോഴ്സ് മുന്നോട്ട് പോകവെ തന്നെ അവൻ എൻ്റെ എളാമയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. കോഴ്സ് കഴിഞ്ഞ ശേഷവും ഒരു കൗമാര പ്രതിസന്ധി ഘട്ടത്തിൽ അഭിപ്രായം തേടാനായി  കൃഷ്ണകുമാർ എന്നെത്തേടി വീട്ടിൽ വന്നു. മറ്റൊരിക്കൽ ഞാൻ താൽക്കാലികമായി ജോലി ചെയ്തിരുന്ന അരിമ്പ്ര ഗവ. ഹൈസ്കൂളിലും വിദഗ്ദോപദേശത്തിനായി കൃഷ്ണകുമാർ വന്നു.

1996-ലെ എൽ.ഐ.സി. അസിസ്റ്റൻ്റ് പരീക്ഷയിൽ ഞങ്ങൾ രണ്ട് പേരും വിജയിച്ചു. എൻ്റെ ഇൻ്റർവ്യൂവിൻ്റെ പിറ്റേ ദിവസമായിരുന്നു അവൻ്റെ ഇൻ്റർവ്യൂ. ചോദ്യങ്ങളുടെ രീതി ഞാൻ അവനുമായി പങ്കിട്ടു. ഫലം വന്നപ്പോൾ ഞാൻ പുറത്തും അവൻ അകത്തുമായി. 1996 ൽ തന്നെ ഞാനും കേരള സർക്കാർ സർവ്വീസിൽ കയറി. 

1998-ൽ എൻ്റെ വിവാഹം കഴിഞ്ഞു. ഊട്ടിയായിരുന്നു ഹണിമൂൺ ആഘോഷിക്കാനായി അന്ന് കേരളീയർ തെരഞ്ഞെടുക്കുന്ന ഏക സ്ഥലം. ഊട്ടിയിൽ ബന്ധുക്കളുള്ള കൃഷ്ണകുമാർ അന്ന് എന്നെയും ഭാര്യയെയും ഊട്ടിയിലേക്ക് ക്ഷണിച്ചു. ഭാര്യക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായതിനാൽ കൃഷ്ണകുമാറിന്റെ ക്ഷണം സ്വീകരിച്ച് ഞാൻ ഒറ്റയ്ക്ക് പോയി. 'കിലുക്കം' ഷൂട്ട് ചെയ്ത വീടിനടുത്തായിരുന്നു അന്ന് താമസിച്ചത്. വർഷങ്ങൾക്ക് ശേഷം കിലുക്കത്തിലെ നായികയായ രേവതിയും ഞാനും ഒരേ വേദി പങ്കിട്ടു. അപ്രതീക്ഷിതമായി എൻ്റെ ഭാര്യയുടെ മുമ്പിൽ വച്ച് രേവതി എനിക്ക് ഒരു റോസാപ്പൂവ് സമ്മാനിക്കുകയും ചെയ്തു (ആ കഥ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക).

ഇരുപത്തി ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം മാസങ്ങൾക്ക് മുമ്പ് കൃഷ്ണകുമാർ വളണ്ടിയർ റിട്ടയർമെൻ്റ് വാങ്ങി. ഞാനിപ്പോഴും സർവ്വീസിൽ തുടരുന്നു. ഇന്ന് വീട്ടിൽ വന്നപ്പോഴും പതിനേഴ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ എൻ്റെ പിതാവിനെപ്പറ്റിയുള്ള ഓർമ്മകൾ കൃഷ്ണകുമാർ അയവിറക്കി.

നിരവധി സാമൂഹ്യ പരിഷ്കർത്താക്കളുടെ നാടായ ഉത്തരേന്ത്യയിൽ മാത്രമല്ല, ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ പോലും മതം മനുഷ്യരെ മദമിളക്കിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. യഥാർത്ഥ സൗഹൃദങ്ങൾക്കിടയിൽ മതവും ജാതിയും വേഷവും വർണ്ണവും ഒന്നും മതിലുകൾ തീർക്കില്ല എന്നതാണ് സത്യം. കാലം അത് എക്കാലത്തും തെളിയിച്ചു കൊണ്ടേയിരിക്കും. അത്തരം സൗഹൃദങ്ങൾ ഇനിയും പൂത്തുലയട്ടെ എന്നാഗ്രഹിക്കുന്നു, ആശംസിക്കുന്നു.

Wednesday, April 23, 2025

ലിഡർ നദി ചുവയ്ക്കുമ്പോൾ

ആട്ടിടയന്മാരുടെ താഴ്വര എന്നാണ് പഹൽഗാം അറിയപ്പെടുന്നത്. ആടുകളെപ്പോലെ തന്നെ നിഷ്കളങ്കമായ മനസ്സുള്ള ഒരു പറ്റം ജനങ്ങളാണ് ഇവിടത്തെ താമസക്കാർ.മിക്കവരുടെയും ജോലി ആടുമേക്കൽ തന്നെയാണ്.  പച്ച പുതച്ച് നിൽക്കുന്ന കുന്നുകളും പൈൻ മരങ്ങളും ദേവദാരു മരങ്ങളും ആപ്പിൾ തോട്ടങ്ങളും ഡെയ്സി പൂക്കൾ നിറഞ്ഞ് നിൽക്കുന്ന പുൽമേടുകളും മഞ്ഞ് പുതച്ച മലകളും ക്രിസ്റ്റൽ ക്ളീൻ ലിഡർ നദിയും ചേർന്ന്  സൃഷ്ടിച്ചെടുക്കുന്ന പ്രകൃതിയുടെ നിറക്കൂട്ട് സഞ്ചാരികളുടെ മനസ്സിൽ പഹൽഗാമിനോട് പെട്ടെന്ന് തന്നെ പ്രണയം ജനിപ്പിക്കും. പൈൻ മരങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞെത്തുന്ന മഞ്ഞ് കാറ്റും മഞ്ഞുരുകി ഒലിച്ചിറങ്ങി വരുന്ന ലിഡർ നദിയുടെ തണുപ്പും കൂടിയായാൽ സഞ്ചാരികളുടെ മനസ്സ് ഉന്മാദ നൃത്തമാടും.

പതിവ് പോലെ ഇന്നലെയും ആടുകളെ മേയ്ച്ചു കൊണ്ട് ആട്ടിടയന്മാർ കുടുംബ സമേതം ആ നദീ പരിസരത്ത് ഉണ്ടായിരുന്നു.അവരുടെ കുട്ടികൾ സഞ്ചാരികളെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു .ഈ പുഴക്കും നാടിനും അപ്പുറമുള്ള ലോകം അവർക്ക് അറിയുകയേ ഇല്ല.സ്കൂളുകളോ പാഠപുസ്തകങ്ങളോ അലട്ടാത്ത മനസ്സുമായി ആ കുഞ്ഞുങ്ങൾ ആ നദീതടത്തിൽ അലഞ്ഞു നടക്കുന്ന കാഴ്ച മനസ്സിനെ നീറിപ്പുകയ്ക്കുന്നു.ഇങ്ങനെ  ഒരു വിഭാഗം ലോകത്തെല്ലായിടത്തുമുണ്ട്.വലിയ വലിയ ആഗ്രഹങ്ങളില്ലാത്ത, ഒന്നോ രണ്ടോ കുതിരപ്പുറത്തൊതുങ്ങുന്ന സമ്പാദ്യങ്ങൾ മാത്രമുള്ള, ഒരു നൊമാഡിക് അഥവാ നാടോടി ജനത.

ആ ജനതയുടെ നെഞ്ചിലേക്ക് കൂടിയാണ് ബൈസരൺവാലിയിൽ ഭീകരർ ഇന്നലെ വെടിയുതിർത്തത്.വർഷങ്ങളായി പ്രയത്നിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പ്രയാസപ്പെടുന്ന ബകരീ വാലകളും ഘോഡ വാലകളും ചോര ചിന്തിയ വാലിയെ നോക്കി കണ്ണീരുതിർക്കുന്നു.ഒരു മാസം മുമ്പ് പഹൽഗാമിലെ ടാക്സി ഡ്രൈവർ നസാഖത്ത് ഖാൻ എന്നോട് പങ്കു വെച്ച സ്വപ്‌നങ്ങൾ മരീചികകളായി മാറിയിരിക്കുന്നു. എമറാൾഡ് ഗ്രീൻ നിറത്തിലുള്ള അതി സുന്ദരിയായ ലിഡർ നദി ചുവന്നു തുടുത്തിരിക്കുന്നു. നദിയിലെ വെള്ളത്തിന്റെ മരവിപ്പിക്കുന്ന തണുപ്പ് ബൈസരൺ വാലിയിൽ ചലനമറ്റുപോയവരുടെ രക്തത്തിന്റേത് കൂടിയാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ഉരുളൻ പാറക്കല്ലുകൾ ചിതറിക്കിടക്കുന്ന ആ നദീ തടത്ത് എത്ര നേരമിരുന്നാലും മതി വരാറില്ല. പക്ഷേ,ഇന്നലെ മുതൽ ആ നദിയിലേക്ക് നോക്കാൻ പോലും  മനസ്സിന് കരുത്തില്ല.

സ്വന്തം ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിനടുത്തിരുന്ന് വിതുമ്പുന്ന ആ സ്ത്രീയുടെ കാഴ്ച ഹൃദയമുള്ള എല്ലാവരുടെയും കണ്ണിൽ വെള്ളം നിറയ്ക്കും.എത്ര എത്ര സ്വപ്‌നങ്ങൾ നെയ്തിട്ടായിരിക്കും അവർ സ്വന്തം വീട്ടിൽ നിന്നും ഭൂമിയിലെ ഈ സ്വർഗ്ഗത്തിൽ എത്തിയിട്ടുണ്ടാവുക.അതിന്റെ വേദന അറിയാൻ ആ നിസ്സഹായത നമുക്കാണ് വന്നത് എന്ന് ഒരു വേള ചിന്തിച്ചാൽ മാത്രം മതി.മറ്റേതോ നാട്ടിൽ നിരപരാധിയായി മരിച്ചു വീണ ആ യുവാവിന്റെ കുടുംബത്തിന്റെ അവസ്ഥ ആലോചിച്ചാലും മതി.

നിരപരാധികൾക്ക് നേരെയുള്ള ആക്രമണം, അത് എന്തിന്റെ പേരിലാണെങ്കിലും അങ്ങേയറ്റം ക്രൂരമാണ്. അക്രമികൾ  മാതൃകാപരമായി തന്നെ ശിക്ഷിക്കപ്പെടണം.ലിഡർ നദി ചുവയ്ക്കുമ്പോൾ,ചില മുൻ ഭീകരാക്രമണങ്ങൾ നടന്ന സമയവുമായി ഇതിനെ താരതമ്യം ചെയ്താൽ ഒരു സംശയം കൂടി ബലപ്പെടുന്നു. രാജ്യത്തെ പ്രമുഖ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളിൽ കടന്നുകയറ്റം നടത്തുന്ന വഖഫ് ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ഒരു ശ്രദ്ധ തിരിക്കൽ ശ്രമം ഇതിന്റെ പിന്നിലുണ്ടോ? "ഇല്ല... ഒരിക്കലും ഇല്ല" എന്നായിരിക്കട്ടെ അതിന്റെ ഉത്തരം.

ബൈസരൺ വാലിയിൽ വെടിയേറ്റു മരിച്ചവർക്ക് മുമ്പിൽ നമ്രശിരസ്കനായി കൈകൂപ്പുന്നു;ആദരാജ്ഞലികൾ അർപ്പിക്കുന്നു.


Friday, December 27, 2024

മൂന്നാം പുസ്തക പ്രകാശനം

എൻ്റെ മൂന്നാമത്തെ പുസ്തകമായ "പാഠം ഒന്ന് ഉപ്പാങ്ങ" ഇക്കഴിഞ്ഞ ദിവസം പ്രകാശിതമായി. ടീം പോസിറ്റീവ് സംഘടിപ്പിക്കുന്ന പതിനൊന്നാമത് അരീക്കോട് പുസ്തകമേളയിൽ വച്ച് പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. പി.കെ. പാറക്കടവ് ആണ് പ്രകാശനം നിർവ്വഹിച്ചത്. അരീക്കോടിൻ്റെ ചരിത്രം പറയുന്ന 'ചാലിയാർ സാക്ഷി' എന്ന പുസ്തകത്തിൻ്റെ രചയിതാവ് ശ്രീ.മലിക് നാലകത്ത് ആണ് പുസ്തകം സ്വീകരിച്ചത്. എഴുത്ത്കാരി  ശ്രീമതി നജ്ല പുളിക്കൽ പുസ്തക പരിചയം നടത്തി. എൻ്റെ മലയാളം അദ്ധ്യാപകൻ രവീന്ദ്രൻ മാഷ്, എഴുത്ത്കാരായ എം.എ.സുഹൈൽ, അമ്മാർ കീഴുപറമ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു.

1987-ൽ എൻ്റെ കൂടെ മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിച്ച പതിനാല് പേർ പങ്ക് വച്ച  സ്കൂൾ ഓർമ്മകൾ കഥാ രൂപത്തിൽ എഴുതിയതാണ് "പാഠം ഒന്ന് ഉപ്പാങ്ങ". സ്കൂൾ കാലഘട്ടത്തിൽ പലരുടെയും ജീവിതത്തിൽ സംഭവിച്ചിരിക്കാൻ സാധ്യതയുള്ള നിരവധി കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഈ പുസ്തകത്തിൽ നർമ്മത്തിൽ ചാലിച്ച കഥകളായി ഇതൾ വിരിയുന്നു. കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായി  പലർക്കും ഇത് അനുഭവപ്പെടും എന്ന് പുസ്തക പ്രകാശനം നടത്തിയ ശ്രീ.പി.കെ.പാറക്കടവ് സാക്ഷ്യപ്പെടുത്തുന്നു.

വെറും ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നതിലുപരി നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ കൂടി നടത്തുന്ന ഒരു കൂട്ടമാണ് "ഒരു വട്ടം കൂടി " എന്ന ഈ കൊച്ചു സംഘം. സ്കൂൾ സ്ഥിതി ചെയ്യുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെയും, സ്കൂളിലെ അന്നത്തെ വിദ്യാർത്ഥികൾ താമസിച്ചിരുന്ന അരീക്കോട്, കിഴുപറമ്പ്, കാവനൂർ, എടവണ്ണ തുടങ്ങിയ പഞ്ചായത്തുകളിലെയും വിവിധ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകാനാണ് ഈ പുസ്തകത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും ഉപയോഗപ്പെടുത്തുന്നത്. 

എല്ലാവരും ഒരു കോപ്പി വാങ്ങി ഞങ്ങളുടെ ഈ സദുദ്യമത്തെ വിജയിപ്പിക്കണം എന്നഭ്യർത്ഥിക്കുന്നു. 125 രൂപ 9447842699 എന്ന നമ്പറിൽ പേ ചെയ്താൽ തപാൽ മാർഗ്ഗം പുസ്തകം വീട്ടിലെത്തും.

Tuesday, October 01, 2024

MEC7 ഹെൽത്ത് ക്ലബ്

നിത്യജീവിതം യന്ത്രവത്കൃതമായതോടെ ജീവിതശൈലീ രോഗങ്ങളും വർദ്ധിച്ചു. രോഗങ്ങൾക്കനുസരിച്ച് ആശുപത്രികളും കൂണ് പോലെ മുളച്ചു പൊന്തി. ജീവിതത്തിൻ്റെ ഭാഗമായി തീർന്ന യന്ത്രങ്ങൾ ഒന്നിനെയും പടി ഇറക്കാൻ സാധ്യമല്ലാത്ത വിധത്തിൽ സർവ്വ സാധാരണമായി. 

രോഗപ്രതിരോധ ബോധവൽക്കരണത്തിൻ്റെ ഫലമായി നാട്ടിലെങ്ങും ആരോഗ്യ കൂട്ടായ്മകളും പ്രഭാത നടത്ത കൂട്ടായ്മകളും വ്യായാമ കൂട്ടായ്മകളും എല്ലാം തുടക്കം കുറിച്ചു. ഉയർന്ന രക്തസമ്മർദ്ദം മൂന്ന് തവണ എൻ്റെ രക്തദാന മോഹങ്ങളെ തല്ലിക്കെടുത്തിയതോടെ ഒരു കൂട്ടായ്മയിലും ചേരാതെ ഞാനും പ്രഭാത കവാത്ത് ആരംഭിച്ചു. മഴക്കാലമായതോടെ ഞാനത് നിർത്തുകയും ചെയ്തു.

കവാത്ത് പുനരാരംഭിക്കാൻ ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങുമ്പോഴാണ് MEC7 ഹെൽത്ത് ക്ലബ്ബ് എന്നൊരു വ്യായാമ കൂട്ടായ്മ നാട്ടിൽ ആരംഭിക്കാൻ പോകുന്ന വിവരം അറിഞ്ഞത്. മൂത്ത മോളുടെ  കല്യാണത്തിരക്കിലായതിനാൽ ഒക്ടോബർ ഒന്ന് മുതൽ അതിൽ പങ്കെടുക്കാം എന്നും തീരുമാനിച്ചു.

മൾട്ടി എക്സർസൈസ് കോമ്പിനേഷൻ എന്നതിൻ്റെ ചുരുക്ക രൂപമാണ് MEC. എയ്റോബിക്സ്,ലളിത വ്യായാമങ്ങൾ, യോഗ, മെഡിറ്റേഷൻ, അക്യുപ്രഷർ, ശ്വസന വ്യായാമങ്ങൾ, ഫെയ്സ് മസാജ് തുടങ്ങി ഏഴ് വിഭാഗങ്ങളിൽപ്പെട്ട ഇരുപത്തി ഒന്ന് മിനുട്ട് കൊണ്ട് ചെയ്യേണ്ട ഇരുപത്തി ഒന്ന് തരം വ്യായാമ മുറകൾ ആണ് MEC7 ൽ ചെയ്യാനുള്ളത്. 1750 ശരീര ചലനങ്ങൾ ഈ ഇരുപത്തി ഒന്ന് മിനുട്ട് കൊണ്ട് ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ലിംഗ-പ്രായ ഭേദമന്യേ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന വ്യായാമങ്ങളാണ് ഇതിൽ ഭൂരിഭാഗവും എന്നതും പ്രധാന ആകർഷണമാണ്. 

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കാരനായ മുൻ സൈനിക ഉദ്യോഗസ്ഥൻ ശ്രീ.സലാഹുദ്ദീൻ ആണ് ഈ വ്യായാമമുറയുടെ ഉപജ്ഞാതാവ്. 2022 ലാണ് MEC7 ഹെൽത്ത് ക്ലബുകൾ വ്യാപകമായി പ്രചരിച്ചത്. ഇപ്പോൾ കേരളത്തിലും വിദേശത്തുമായി നൂറിലധികം MEC7 ഹെൽത്ത് ക്ലബുകൾ ദിവസവും വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളടക്കം ഇരുന്നൂറിൽ പരം ആൾക്കാർ ഇതിൽ പങ്കെടുക്കുന്നു എന്നത് ഈ വ്യായാമ മുറയുടെ സ്വീകാര്യത വിളിച്ചോതുന്നു. 

ഒക്ടോബർ ഒന്ന് മുതൽ ഞാനും MEC7 ഹെൽത്ത് ക്ലബിൽ അംഗമായി വ്യായാമങ്ങൾ ആരംഭിച്ചു. നിലവിൽ എൻ്റെ തൂക്കം 65 കി.ഗ്രാം ആണ്. ഇനി വരുന്ന മാറ്റങ്ങൾ വഴിയേ പറയാം, ഇൻഷാ അള്ളാഹ്.

Friday, September 27, 2024

കല്യാണ വിശേഷങ്ങൾ

എൻ്റെ വീടിൻ്റെ പ്ലാൻ വരയ്ക്കുമ്പോൾ രണ്ട് കാര്യങ്ങൾ അതിൽ നിർബന്ധമായും വേണം എന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു. ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും എൻ്റെ തറവാട്ടു വീട്ടിൽ ഇല്ലാതിരുന്ന ലൈബ്രറി ആയിരുന്നു അതിൽ ഒന്ന്. രണ്ടാമത്തേത് ഒരു നമസ്കാര മുറിയും. അവ രണ്ടും എൻ്റെ വീട്ടിൽ ഭംഗിയായി തന്നെ ഞാൻ സെറ്റ് ചെയ്തു.

മേൽ പറഞ്ഞ അതേ പോലെ എൻ്റെ മകളുടെ കല്യാണം നിശ്ചയിച്ചപ്പോൾ തന്നെ, പ്ലാസ്റ്റിക്കിനെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള ഒരു മാതൃക കാണിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ക്രോക്കറി പ്ലേറ്റുകൾ ഉപയോഗിച്ച് പലരും ഭാഗികമായി ഇതിന് ശ്രമിക്കാറുണ്ടെങ്കിലും വെള്ളം പ്ലാസ്റ്റിക് ബോട്ടിലുകളിൽ നൽകുന്നതിനാൽ അത് പൂർണ്ണമാകാറില്ല. അപ്പോഴാണ് കുപ്പിയിൽ വെള്ളം നിറച്ച് നൽകുന്ന ഒരു ഒപ്ഷൻ ഓഡിറ്റോറിയം ഉടമ കൂടിയായ മൻസൂർ അവതരിപ്പിച്ചത്. ബോട്ടിൽഡ് വാട്ടറിനെക്കാളും ഇതിന് ചെലവ് കുറവാണെന്നത് പലർക്കും അറിയില്ല. അങ്ങനെ, മനസ്സിലാകുന്നവർക്ക് മനസ്സിലാക്കാനായി കുപ്പിയിൽ വെള്ളം നൽകി ഒരു സന്ദേശം നൽകാൻ സാധിച്ചു.

കല്യാണപ്പരിപാടികളുടെ ഒരു അവലോകനം കൂടുംബത്തിൽ നടത്തുന്നതിനിടക്കാണ് ഭക്ഷണ ഹാളിൽ ഉടനീളം ഒരു പോസ്റ്റർ പതിച്ചു കണ്ടത് ഭാര്യ സൂചിപ്പിച്ചത്. ഫലസ്തീൻ ജനതയെ ഓർമ്മിപ്പിച്ചു കൊണ്ട്, ഭക്ഷണം പാഴാക്കരുത് എന്ന നിർദ്ദേശമായിരുന്നു പോസ്റ്ററിലെ വിഷയം. എൻ്റെയും അനിയൻമാരുടെയും മക്കളായിരുന്നു അവ പതിച്ചത് എന്ന് അപ്പോഴാണ് ഞങ്ങൾ പോലും അറിഞ്ഞത്. കുപ്പിയിൽ വെള്ളം കൊടുത്ത് ഞാൻ നൽകിയ സന്ദേശത്തെക്കാളും വലിയ ഒരു സന്ദേശം നൽകിയ മക്കളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു.

ഈയിടെ പല കല്യാണത്തിലും കാണുന്ന ഒരു പ്രവണതയാണ് രണ്ട് തരം ഭക്ഷണം എന്നത്. വരനും കൂട്ടരും വരുമ്പോൾ അവർക്കായി സ്പെഷ്യൽ ഭക്ഷണവും ക്ഷണിതാക്കളായി എത്തുന്നവർക്ക് മറ്റൊരു ഭക്ഷണവും നൽകുന്നത് നാട്ടുനടപ്പായി മാറിയിട്ടുണ്ട്. വരനും സംഘവും നിശ്ചയിച്ച സമയത്ത് എത്തിയില്ല എങ്കിൽ ഒരേ പന്തിയിൽ രണ്ട് തരം ഭക്ഷണം വിളമ്പുന്ന ഗതികേടിലേക്ക് ഇത് നീങ്ങും. ഈ പ്രത്യേക പന്തിയിൽ ഇരിക്കാൻ അവസരം കാത്തിരിക്കുന്ന വിരുതന്മാരും ഉണ്ട്. ഇതൊക്കെ ഒഴിവാക്കി, വരൻ അടക്കമുള്ള എല്ലാവർക്കും ഒരേ ഭക്ഷണം വിളമ്പി എൻ്റെ നയം ഞാൻ വ്യക്തമാക്കി.

എല്ലാത്തിൻ്റെയും കടിഞ്ഞാൺ കയ്യിലുണ്ടെങ്കിലും അനാവശ്യമായി അത് വലിച്ച് മുറുക്കാൻ എനിക്ക് താൽപര്യമില്ല. മക്കളുടെ യഥാർത്ഥമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. കല്യാണപ്പെണ്ണിൻ്റെ ആവശ്യങ്ങളിൽ ഒന്നായിരുന്നു അവളുടെ സ്റ്റേജ് എൻട്രിയിലെ വ്യത്യസ്തത. മറ്റുള്ളവർ കൈകൊട്ടി ആനയിക്കുന്നതിന് പകരം, സ്വയം ഒരു പാട്ട് പാടിക്കൊണ്ട് സ്റ്റേജിൽ കയറണം എന്നായിരുന്നു അവളുടെ ആഗ്രഹം. നന്നായി പാട്ട് പാടും എന്നതിനാൽ എനിക്കതിൽ ഒരു സന്ദേഹവും തോന്നിയില്ല. കല്യാണത്തിൻ്റെ പിരിമുറുക്കത്തിൽ നിന്ന് ഒന്ന് റിലാക്സ് ചെയ്യാൻ എല്ലാവർക്കും സാധിക്കുന്ന വിധത്തിൽ മനോഹരമായ ഒരു ഗാനം ആലപിച്ചു കൊണ്ട് അവൾ സ്റ്റേജിൽ നിൽക്കുന്ന വരൻ്റെ അടുത്തേക്ക് നടന്നു നീങ്ങി.

അങ്ങനെ പലർക്കും പല തരത്തിൽ ഇഷ്ടപ്പെട്ട ഒരു കല്യാണം നടത്താൻ സാധിച്ചതിൽ ദൈവത്തിന് വീണ്ടു വീണ്ടും സ്തുതികൾ അർപ്പിക്കുന്നു. ഒന്ന് ശ്രമിച്ചാൽ എല്ലാവർക്കും നടപ്പിൽ വരുത്താൻ സാധിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. നിർഭാഗ്യവശാൽ നമ്മുടെ ചിന്ത ആ വഴിയിൽ പലപ്പോഴും പോകാറില്ല. മേൽ പറഞ്ഞവയിൽ കൊള്ളാവുന്നത് സ്വീകരിക്കാം, തള്ളാവുന്നത് നിരാകരിക്കാം.

Tuesday, July 11, 2023

ചില നല്ല പിരാന്തുകൾ

വൃക്ഷത്തൈകൾ നടുന്നതിനെക്കുറിച്ച് സമൂഹം ഏറെ ബോധവാന്മാരായിട്ടുണ്ട് എന്നതിന് ഒരുദാഹരണമാണ് ജൂൺ അഞ്ചിന് നാട് തോറും നടക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങൾ.സ്‌കൂൾ കുട്ടികളും കോളേജ് കുമാരീ-കുമാരന്മാരും അയൽക്കൂട്ടങ്ങളും വിവിധ ക്ളബ്ബുകളും പരിസ്ഥിതി കൂട്ടായ്മകളും എല്ലാം നടുന്ന തൈകളുടെ കണക്കെടുത്താൽ ആമസോൺ കാടുകൾ പോലും ഒരു പക്ഷെ തോറ്റുപോകും. അതിനാൽ തന്നെ കാലങ്ങളായി ജൂൺ അഞ്ചിന് പ്രതീകാത്മകമായി ഒരു തൈ നടുകയും പിന്നീട് കൂട്ടമായോ ഒറ്റക്കോ വിശേഷാവസരങ്ങളിലോ തൈകൾ നടുക എന്നതുമാണ് ഞാൻ ചെയ്തുപോരുന്ന രീതി. 

വീട്ടിൽ തന്നെ ഫലവൃക്ഷ തൈകൾ മുളപ്പിച്ചെടുത്ത് അവ നടുന്നതായിരുന്നു എനിക്ക് ഏറെ ഇഷ്ടം.വീട്ടിൽ വാങ്ങുന്ന ഫലങ്ങളുടെ വിത്തുകളും പല സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന വിത്തുകളും ആണ് പ്രധാനമായും ഞാൻ ഉപയോഗിച്ച് വരുന്നത്. ഇതിൽ തന്നെ നാടൻ മാവുകൾക്കാണ് ഞാൻ ഏറെ പ്രാമുഖ്യം നൽകുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇങ്ങനെ മുളപ്പിച്ചെടുത്ത തൈകൾ അയൽക്കൂട്ടങ്ങൾക്കും കാർഷിക കൂട്ടായ്മകൾക്കും സുഹൃത്തുക്കൾക്കും ആവശ്യമുള്ളവർക്കും എല്ലാം സൗജന്യമായി വിതരണം ചെയ്യാനും സാധിക്കുന്നുണ്ട്.

പ്ലാസ്റ്റിക്ക് കവറിലാണ് സാധാരണ എല്ലാവരും വിത്തിടാറുള്ളത്.കവറിളക്കി മാറ്റി, തൈകൾ നട്ട് ആ കവർ അവിടെത്തന്നെ ഉപേക്ഷിച്ച് പോകുന്ന സ്വഭാവം കാരണം പരിസ്ഥിതി ദിനത്തിൽ ഭൂമിയിൽ നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന് കയ്യും കണക്കുമുണ്ടാകാറില്ല.ആയതിനാൽ ഞാൻ നൽകുന്ന തൈകൾ കാരണം അങ്ങനെ ഒരു പ്രശ്നം ഉണ്ടാകരുത് എന്ന ചിന്ത കൂടി എന്റെ മനസ്സിൽ കുടിയേറി.കോവിഡ് കാലത്ത് തോന്നിയ ഒരു ആശയ പ്രകാരം തൈകൾ ചിരട്ടയിലാക്കിക്കൊണ്ട് ഞാൻ ഒരു പരീക്ഷണം നടത്തി.പക്ഷെ പലർക്കും അതൊരു അസൗകര്യമായി അനുഭവപ്പെടുന്നതായി എനിക്ക് തോന്നി. അങ്ങനെ ഇത്തവണ വിത്തിടുന്നത് അല്പം വലിപ്പം കൂടിയ പേപ്പർ കപ്പുകളിലാക്കി.ഒരു തവണ ഉപയോഗിച്ച വലിയ പേപ്പർ കപ്പുകൾ കിട്ടാൻ പ്രയാസമായതിനാൽ പുതിയത് നൂറെണ്ണം വാങ്ങി ഞാനും മോനും കൂടി അതിൽ വിത്തിട്ടു.

ഞങ്ങളുടെ പ്രതീക്ഷകൾ പോലെ തന്നെ കപ്പുകളിൽ പുതുനാമ്പുകൾ പൊട്ടിത്തുടങ്ങി.ജൂൺ ആരംഭിച്ചിട്ടും മഴ മാറി നിന്നതിനാലും തൈകൾ വേണ്ടത്ര എണ്ണം തികയാതിരുന്നതിനാലും വിതരണം തൽക്കാലം മാറ്റിവച്ചു. ജൂലൈ ആദ്യത്തിൽ മഴ നന്നായി ലഭിച്ചതോടെ എന്റെ ആഗ്രഹങ്ങൾ വീണ്ടും തളിരിട്ടു. ഒരു പരീക്ഷണം എന്ന നിലയിൽ, ഇപ്പോൾ ജോലി ചെയ്യുന്ന പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ സ്റ്റാഫ് ക്ലബ്ബ് വാട്സാപ്പ് ഗ്രൂപ്പിൽ ഞാൻ ഇങ്ങനെ ഒരു പോസ്റ്റിട്ടു.

"വീട്ടിൽ മുളപ്പിച്ച നട്ട് ബട്ടർ,റോസാ ചാമ്പ (റോസ്‌ആപ്പിൾ),മാവ് തൈകൾ ഇന്ന് കോളേജിൽ കൊണ്ട് വരുന്നുണ്ട്.നട്ട് വളർത്തും എന്നുള്ളവർക്ക് കൊണ്ടുപോകാം .." 

ശേഷം ഈ ചെടികളിലെ പഴങ്ങളുടെ ചിത്രവും നൽകി.തുടർന്ന് അമ്പതോളം തൈകൾ പെട്ടിയിലാക്കി കാറിൽ കയറ്റി തിങ്കളാഴ്ച കോളേജിലെത്തിച്ചു.ബാക്കി വരുന്ന തൈകൾ കോളേജിന്റെ പരിസരത്ത് നടാനായി വീട്ടിൽ നിന്ന് തന്നെ ഒരു തൂമ്പയും ഞാൻ കാറിൽ കയറ്റി വച്ചു.

എന്റെ പ്രതീക്ഷകൾക്ക് അപ്പുറമുള്ള പ്രതികരണമായിരുന്നു ഗ്രൂപ്പിൽ നിന്നും ലഭിച്ചത്.അല്പമെങ്കിലും സ്ഥലമുള്ളവരും വിഷം തീണ്ടാത്ത പഴങ്ങൾ കഴിക്കണം എന്ന് ആഗ്രഹമുള്ളവരും എല്ലാം തൈകൾ കൊണ്ടുപോയി.എന്റെയും മൂത്ത മോളുടെയും ജന്മദിനമരമായി, ഞാൻ താമസിക്കുന്ന സ്റ്റാഫ് ഹോസ്റ്റൽ പരിസരത്ത് വയ്ക്കാൻ ഏതാനും തൈകൾ മാറ്റി വച്ചതിനാൽ, ആവശ്യപ്പെട്ട നിരവധി പേർക്ക് തൈകൾ നൽകാൻ സാധിച്ചതുമില്ല.വീട്ടിൽ ബാക്കിയുള്ള തൈകൾ കൂടി കൊണ്ടുവന്ന് മറ്റൊരിക്കൽ വിതരണം ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. 

നല്ല പിരാന്തുകൾ തുടരും എന്ന മുന്നറിയിപ്പോടെ.... 

Wednesday, May 31, 2023

പിറന്നാൾ കപ്പ

വിശേഷാവസരങ്ങളിൽ വീട്ടിലോ മറ്റെവിടെയെങ്കിലോ ഒരു തൈ വയ്ക്കുന്ന പതിവ് ഞാനിപ്പോഴും തുടരുന്നു.ദീർഘകാലം നിലനിൽക്കുന്ന ഫലവൃക്ഷത്തൈകളായിരുന്നു ഇതുവരെ നട്ടിരുന്നത്.ഇടക്ക് അതൊന്ന് മാറ്റിപ്പിടിച്ച് ചെങ്കദളി വാഴ വച്ചു.നാട്ടിൽ സാധാരണ കിട്ടാത്ത ഒരു പഴം എന്ന നിലയിലും കദളിപ്പഴത്തോട് പണ്ട് മുതലേ തോന്നിയ താല്പര്യം കാരണവും ആയിരുന്നു ആ മാറ്റം.

ഇത്തവണ ഞങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുപത്തിയഞ്ച് മൺചട്ടികളിൽ പച്ചക്കറി കൃഷിയായിരുന്നു ആരംഭിച്ചത്.തക്കാളി,വഴുതന,പച്ചമുളക്,കാബേജ്,ചീര എന്നിവ യഥേഷ്ടം ലഭിക്കുകയും ചെയ്തു. ഈ മാറ്റമാണ് ചെറിയ മകന്റെ എട്ടാം പിറന്നാളിനും ഒന്ന് മാറ്റിപ്പിടിക്കാൻ എന്നെ പ്രേരിപ്പിച്ചത്.കോവിഡ് കാലത്ത് പത്ത് പതിനഞ്ച് മൂട് കപ്പ നട്ടതും ആവശ്യമുള്ളപ്പോൾ അത് പറിച്ച് പുഴുങ്ങി മുറ്റത്ത് നിന്ന് തന്നെയുള്ള കാന്താരി മുളക് അരച്ച ചമ്മന്തി കൂട്ടിത്തിന്നതും ഒരിക്കൽ കൂടി എന്നിൽ പ്രലോഭനം സൃഷ്ടിച്ചു.പന്നിയും പെരുച്ചാഴിയും വിലസുന്നുണ്ടെങ്കിലും കപ്പയിൽ ഒരു ശ്രമം നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു.കൊച്ചുമോനും അത് ഏറെ ഇഷ്ടമായി.

കഴിഞ്ഞ വർഷം നട്ട ഒരു കപ്പയുടെ ശുഷ്കിച്ച ഒരു തണ്ട് മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്.അത് മുറിച്ച് തണ്ടുകളാക്കി.അങ്ങനെ എട്ടാം  പിറന്നാളിനോടനുബന്ധിച്ച് എട്ട് മൂട് കപ്പ മോൻ തന്നെ നട്ടു.

അന്ന് വൈകിട്ടാണ് എന്റെ സുഹൃത്തും കൃഷിയിൽ തല്പരനുമായ പി.കെ.അബ്ദുൽമുനീർ ചാലിയാറിന്റെ തീരത്ത് നട്ടു വളർത്തിയ കപ്പ വിളവെടുപ്പ് നടത്തിയത് വാട്സാപ്പ് ഗ്രൂപ്പിൽ കണ്ടത്.ഉടൻ അദ്ദേഹവുമായി ബന്ധപ്പെട്ട് അല്പം കൂടി കപ്പത്തണ്ടുകൾ സംഘടിപ്പിച്ചു.പിറ്റേ ദിവസം തന്നെ കപ്പ കൃഷി അല്പം വികസിപ്പിച്ചു.ഇപ്പോൾ പതിനഞ്ച് മൂട് കപ്പയായി.വേനൽ മഴ കൂടി ലഭിച്ചതോടെ കപ്പ നന്നായി വരുന്നു.പെരുച്ചാഴി മാന്തിയാലും പന്നി കുത്തിയാലും ഒരു മൂട് എങ്കിലും എനിക്കും കിട്ടും എന്ന പ്രതീക്ഷയോടെ ഞാനും മോനും അവയെ പരിപാലിച്ച് പോരുന്നു.



Sunday, October 17, 2021

വെണ്ടേക്കുംപൊയിൽ (എന്റെ അരീക്കോട് )

ചില സ്ഥലങ്ങളിൽ നമ്മൾ എത്തിപ്പെടുന്നത് വളരെ യാദൃശ്ചികമായിട്ടായിരിക്കും. സമയവും കാശും മുടക്കി നമ്മൾ നടത്തിയ എത്രയോ യാത്രകൾക്ക് പകരം ഈ പ്രദേശത്തേക്ക് ഒന്ന് വന്നാൽ മതിയായിരുന്നു എന്ന് അപ്പോൾ തോന്നിപ്പോകുന്ന വിധത്തിൽ ആ പ്രദേശങ്ങൾ നമ്മുടെ മനസ്സിൽ കുടിയേറുകയും ചെയ്യും. അങ്ങനെ അപ്രതീക്ഷിതമായി ഞാൻ എത്തിയ ഒരു സ്ഥലമാണ് വെണ്ടേക്കുംപൊയിൽ .

മലപ്പുറം ജില്ലയിൽ എന്റെ തൊട്ടടുത്ത പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണെങ്കിലും വെണ്ടേക്കുംപൊയിലിൽ എത്തണമെങ്കിൽ കോഴിക്കോട് ജില്ലയിലെ കൂമ്പാറയിലൂടെ കക്കാടം പൊയിൽ വഴി കയറിയിറങ്ങണം.ഞാൻ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി സർക്കാർ സർവ്വീസിൽ കയറിയ അന്ന് മുതൽ കേൾക്കുന്ന സ്ഥലമാണ് വെണ്ടേക്കുംപൊയിൽ . 

അന്ന് സർക്കാർ പദ്ധതി പ്രകാരം ആദിവാസികൾക്ക് ആടിനെ നൽകാറുണ്ടായിരുന്നു. ആട് ദാനം കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോൾ ഉടമകൾ  ഓരോരുത്തരായി മല ഇറങ്ങിവരും. ഇൻഷുർ ചെയ്ത് നൽകുന്ന ആടുകളുടെ ചെവിയിൽ കമ്മൽ പോലെ മെറ്റൽ കൊണ്ടുള്ള ഒരു വട്ടം അടിക്കാറുണ്ടായിരുന്നു. ആടിന്റെ ഉടമകൾ അത് അറുത്തെടുത്താണ്  ആശുപത്രിയിൽ വരുന്നത്.ആട് ചത്തു , ഇൻഷൂറൻസ് സംഖ്യ കിട്ടണം എന്ന ആവശ്യം ഉന്നയിക്കും. അവരുടെ ഊരിൽ പോയി ഇത് സത്യമാണോ എന്ന് നോക്കണമെങ്കിൽ അമ്പത് കിലോമീറ്ററോളം ചുറ്റിവളഞ്ഞ് പോകണം. ഇന്നത്തെപ്പോലെ വാഹന സൗകര്യം ഇല്ലതാനും. അന്നാണ് വെണ്ടേക്കുംപൊയിൽ എന്ന സ്ഥലം എന്റെ മനസ്സിൽ ഞാൻ ആദ്യമായി   അടയാളപ്പെടുത്തി ഇട്ടത്.

വെണ്ടേക്കുംപൊയിലിലെ കരിമ്പ ആദിവാസി കോളനിയിൽ, പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പഠന സാമഗ്രികൾ ആവശ്യമുണ്ട് എന്ന് വാർഡ് മെമ്പറും എന്റെ സഹപാഠിയുമായ ടെസ്സി സണ്ണി അറിയിച്ചത് പ്രകാരം അത് നൽകാനാണ് ഞങ്ങൾ കുറച്ച് പേർ ടെസ്സിയോടൊപ്പം അവിടെ എത്തിയത്. വാഹനം എത്തുന്നത് വരെ പോയ ശേഷം ഒരു ചവിട്ടടി പാതയിലൂടെ നടത്തം .അത് കഴിഞ്ഞ് നല്ലൊരു കയറ്റം നടന്ന് തന്നെ കയറി.അവിടവിടെയായി ചില വീടുകൾ കണ്ട് തുടങ്ങി.പിന്നെ നിരപ്പായ ഒരു സ്ഥലത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു വീടിന്റെ മുന്നിലെത്തി.അവിടെയാണ് ഞങ്ങൾ അന്വേഷിച്ച് നടക്കുന്ന പയ്യൻ. അവനെ വിളിച്ച് വരുത്തി സാമഗ്രികൾ കൈമാറി ഞങ്ങൾ തിരിച്ചിറങ്ങി.

ആ വീടിന് ചുറ്റുമുള്ള സ്ഥലങ്ങളും മലകളും ആയിരുന്നു എൻ്റെ മനസ്സ് നിറയെ.പ്രകൃതി അത്രത്തോളം അനുഗ്രഹിച്ച സുന്ദരമായ സ്ഥലം. മുറ്റത്തെ മുല്ലക്ക് മണമില്ലാത്തതിനാൽ ഈ പാവം മനുഷ്യർക്ക് അത് തിരിച്ചറിയാൻ പറ്റുന്നില്ല. അവർ താമസിക്കുന്ന സ്ഥലവും വീടും മറ്റൊരാൾക്ക് വിൽക്കാൻ സാധിക്കില്ല എന്നതിനാൽ ഈ സ്ഥലത്ത് സ്വകാര്യ വ്യക്തികൾ കയറില്ല എന്ന സമാധാനം മാത്രം ബാക്കിയുണ്ട്.ഇങ്ങനെ എത്ര എത്ര സ്ഥലങ്ങൾ നമ്മുടെ തൊട്ടടുത്ത് ആരും അറിയാതെ കിടക്കുന്നു.

Friday, August 20, 2021

മുറ്റത്തെ മരങ്ങൾ

"മൈ ബർത്ത്ഡേ ആൻ എർത്ത് ഡേ " എന്ന സ്വയം നിർമ്മിത പരിപാടിയിലൂടെ ജന്മദിനത്തിൽ ഒരു തൈ വയ്ക്കുന്ന പതിവ് പത്ത് വർഷമായി ഞാൻ തുടർന്ന് പോരുന്നു. എന്റെയും മക്കളുടെയും ബർത്ഡേകളിലും എന്റെ വിവാഹ വാർഷികത്തിലുമായി വച്ച മരങ്ങൾ ഇപ്പോൾ വീടിന് ചുറ്റും തണൽ വിരിച്ച് നിൽക്കുന്നു. അമ്പത്തി ഒന്നാം ജൻമദിനത്തിലും എന്റെ പതിവ് തെറ്റിച്ചില്ല. ഒരു വാഴത്തൈ നട്ടുകൊണ്ട് ആ ദിനവും രേഖപ്പെടുത്തി.

എന്റെ ഈ  പരിപാടി ഞാൻ സോഷ്യൽ മീഡിയയിലൂടെയും മറ്റും പല സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. അതു പ്രകാരം പലരും ചെയ്തു വരുന്നു. അങ്ങനെയാണ് വീടിന് ചുറ്റുമുള്ള മരങ്ങളുടെ എണ്ണവും ഇനവും ചോദിച്ചു കൊണ്ട് ഒരു സ്നേഹിത മെസേജ് അയച്ചത്. അന്നാണ് ഞാൻ ആദ്യമായി ഒരു കണക്കെടുപ്പ് നടത്തിയത്. ഒരേ തരം വൃക്ഷങ്ങൾ ഒറ്റ ഒരിനമായി എണ്ണിക്കൊണ്ട് ഞാൻ ആ ലിസ്റ്റ് തയ്യാറാക്കി. ആ ലിസ്റ്റാണ് താഴെ.

1.ബുഷ് ഓറഞ്ച്

2. പപ്പായ

3. മുന്തിരി

4. ചെറുനാരങ്ങ

5. ഞാവൽ

6. റമ്പൂട്ടാൻ

7. കശുമാവ്

8. പ്ലാവ് (നാടൻ)

9. മാങ്കോസ്റ്റിൻ

10. പ്ലാവ് ( വിയറ്റ്നാം ഏർളി )

11. പാഷൻ ഫ്രൂട്ട്

12. സ്റ്റാർ ഫ്രൂട്ട്

13. തെങ്ങ്

14. വാഴ (പൂവൻ )

15. പേരക്ക

16. ആത്തപ്പഴം

17. വാഴ (ചെങ്കദളി )

18. മാതോളി നാരങ്ങ

19. എഗ്ഗ് ഫ്രൂട്ട്

20. റോസ് ആപ്പിൾ (പനിനീർ ചാമ്പ)

21.മാവ് ( മൂവാണ്ടൻ )

22. ഇലഞ്ഞി

23. മാവ് (നാടൻ)

24. സീതപ്പഴം

25. പീനട്ട് ബട്ടർ 

26. ഇരുമ്പൻ പുളി 

27. മാവ് (കോഴിക്കോടൻ)

28.മാവ് (ഒട്ട് )

29. മാവ് (സേലൻ)

30. സപ്പോട്ട

31. ചാമ്പക്ക

32. ആപ്പിൾ ചാമ്പ

33. സ്റ്റാർ ആപ്പിൾ

ഇത് തയ്യാറാക്കാൻ എന്നെ പ്രേരിപ്പിച്ച ജ്യോതി ടീച്ചർക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇതിൽ പലതും ഫലങ്ങൾ തരാൻ തുടങ്ങി. പലതും അടുത്ത് തന്നെ പൂക്കും എന്ന പ്രതീക്ഷ നൽകുന്നു. പല ദീർഘദൂര യാത്രകളും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഈ പച്ചപ്പും തണുപ്പും നൽകുന്ന അനുഭൂതി ഒന്ന് വേറെത്തന്നെ.

Tuesday, August 18, 2020

കോവിഡ് കാല സന്തോഷങ്ങൾ - 2

ഇതേ തലക്കെട്ടിൽ ജൂലായ് അവസാനം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു (ഇവിടെ ക്ലിക്കിയാൽ വായിക്കാം - 39). വീണ്ടും ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ.

ലോക്ക് ഡൗൺ കാലത്തും വീട്ടിലിരിപ്പ് കാലത്തും ഔദ്യോഗിക കർത്തവ്യങ്ങൾ ചെയ്ത ശേഷമുള്ള സമയം ഞാൻ പല വിധത്തിലും വിനിയോഗിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനം ജൈവകൃഷിയും വിവിധ കൃഷി പരീക്ഷണങ്ങളുമായിരുന്നു.

 ജൈവകൃഷി നന്നായി വിളവ് തന്നതിനാൽ ഞാനും കുടുംബവും അത് വളരെയധികം ആസ്വദിച്ചു. ഇതോടൊപ്പം തന്നെ കൃഷി രംഗത്തെ വിവിധ മത്സരങ്ങളിലും ഞാൻ പങ്കെടുത്തു. പലതിൻ്റെയും ഫലപ്രഖ്യാപനം വരുമ്പോൾ എന്നെക്കാൾ കേമൻമാരായവർക്ക് സമ്മാനം കിട്ടി. എങ്കിലും അടുത്തതിൽ നേടി എടുക്കാം എന്ന ആത്മവിശ്വാസം എനിക്ക് വീണ്ടും വീണ്ടും പ്രചോദനം നൽകി.

അങ്ങനെ പരപ്പനാട് ഫാർമേഴ്സ് ക്ലബ് , പരപ്പനങ്ങാടി നടത്തിയ മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിക്കൊണ്ട് എൻ്റെ ജൈവ അടുക്കള തോട്ടത്തിന് ആദ്യ അംഗീകാരം നേടി. മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന തേൻവരിക്ക പ്ലാവിൻ തൈ ആയിരുന്നു സമ്മാനം (കൃഷിക്ക് നൽകേണ്ട സമ്മാനങ്ങൾ ഇങ്ങനെ തന്നെയായിരിക്കണം). എനിക്ക് വേണ്ടി എൻ്റെ സുഹൃത്ത് ഗോവിന്ദൻ സമ്മാനം ഏറ്റുവാങ്ങി

നാട്ടിലെ യൂത്ത് കോൺഗ്രസ് കമ്മറ്റി മത്സരം തുടങ്ങിയത് വൈകി ആയിരുന്നു. ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധം ഇല്ല എങ്കിലും ജൈവ കൃഷി ആര് നടത്തിയാലും പ്രോത്സാഹനം അർഹിക്കുന്നതിനാൽ ഈ മത്സരത്തിലും ഞാൻ പങ്കെടുത്തു. ഇതിനായി ഒരു കുഞ്ഞ് അടുക്കളതോട്ടം തന്നെ പുതുതായി വിത്തിട്ട് ഉണ്ടാക്കി. എനിക്കത് വരെ, അധികം വിളവ് ലഭിക്കാതിരുന്ന വെണ്ട നന്നായി ഉണ്ടായതിനാൽ ആ കൃഷി ഞങ്ങൾ ഏറെ ആസ്വദിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം തന്നെ ലഭിച്ചു.
ഇക്കൊല്ലം കോളേജിൽ NSS ൻ്റെ ചുമതല ഇല്ലാത്തതിനാൽ ആ വഴിയുള്ള അവാർഡ് ഉണ്ടാകില്ല എന്ന ധ്വനിയിൽ കുട്ടികൾ, കഴിഞ്ഞ ഏപ്രിൽ മാസം  ഒരു ട്രോൾ ഇറക്കിയിരുന്നു. അത് ഇപ്പോൾ ഏറെക്കുറെ സത്യമായി പുലർന്നു!

Monday, August 17, 2020

സൌഹൃദം പൂക്കുന്ന വഴികൾ - 8

1999 മുതൽ ആഗസ്ത് മാസം എൻ്റെ വീട്ടിൽ വിശേഷപ്പെട്ടതാണ്. ഞാൻ ജനിച്ചതും എൻ്റെ മൂത്ത മോൾ ജനിച്ചതും ഈ മാസത്തിലാണ് എന്നതാണതിന് കാരണം. ജന്മദിനം ആഘോഷമായി നടത്താറില്ല എന്നതിനാൽ ദിനങ്ങൾ പതിവ് പോലെ കടന്നു പോകും എന്ന് മാത്രം.

എൻ്റെ മുറ്റവും പറമ്പും ഒക്കെ നിറഞ്ഞെങ്കിലും , ജന്മദിനത്തിൽ തൈ വയ്ക്കുന്ന പരിപാടി നിർത്താൻ മനസ്സ് വന്നില്ല. ഉള്ള സ്ഥലത്ത് ഒരു തൈ വയ്ക്കണം എന്ന് പ്ലാൻ ചെയ്ത് നിൽക്കുമ്പോഴാണ് പഴയ പത്താം ക്ലാസ് സഹപാഠി അഷ്റഫ് ഒതായി അവൻ്റെ വീട്ടിൽ വയ്ക്കാൻ ഫലവൃക്ഷത്തൈകൾ ആവശ്യപ്പെട്ടത്. അങ്ങനെ എൻ്റെയും മോളുടെയും ജന്മദിന മരങ്ങളായി പനിനീർ ചാമ്പ, നാരങ്ങ, റെഡ് ചാമ്പ എന്നിവയുടെ തൈകൾ അഷ്റഫിന് കൈമാറി.
കൂടകൾ ഒരുക്കി വിവിധ തരം വിത്ത് പാകി തൈകൾ റെഡി ആക്കി വയ്ക്കുന്ന സ്വഭാവം ഉള്ളതിനാൽ മുള്ളാത്ത, പീനട്ട് ബട്ടർ, ലുബിക്ക എന്നിവയുടെ വിത്ത് ഞാൻ  നട്ടിരുന്നു. അവയിൽ പലതും മുളച്ച് വരുകയും ചെയ്തു. തൈ പരിപാലിച്ച് നട്ടുവളർത്തും എന്ന് ഉറപ്പ് പറയുന്നവർക്ക് നൽകാനും പിന്നെ എന്നെപ്പോലെ വിശേഷ ദിനങ്ങളിൽ തൈ വയ്ക്കുന്നവർക്കും വേണ്ടിയാണ് ഇത് ഒരുക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം പഴയ PGDCA സഹപാഠി ശബീർ പെരിന്തൽമണ്ണ, വീട്ടിൽ വന്നു. യാദൃശ്ചികമായി അനിയൻ്റെ മുറ്റത്തെ പീനട്ട് ബട്ടറിലെ കായ അവൻ്റെ ശ്രദ്ധയിൽ പെട്ടു . ദിവസങ്ങൾക്ക് മുമ്പ് അവൻ ഇതിൻ്റെ തൈ വാങ്ങി നട്ടത് പങ്ക് വച്ചപ്പോൾ എൻ്റെ ഒരു കൂടയിലെ തൈയും ഉമ്മയുടെ വക മൂന്ന് തൈകളും അവന് നൽകി.
മോളുടെ ജന്മദിന സമ്മാന മരമായി ഒരു സ്റ്റാർ ഫ്രൂട്ട് തൈ ശബീർ തിരിച്ച് എനിക്കും തന്നു. മുമ്പെപ്പഴോ ഞാൻ ചോദിച്ച പ്രകാരം എനിക്ക് വേണ്ടി അവൻ പരിപാലിച്ച് ,എൻ്റെ വീട്ടിൽ വന്ന് എന്നെ അതേല്പിക്കമ്പോൾ സൗഹൃദത്തിൻ്റെ വലക്കണ്ണികളുടെ മുറുക്കം ഞാൻ തിരിച്ചറിയുന്നു. ഓഫ് ലൈൻ സൗഹൃദങ്ങളുടെ മാധുര്യം ഒരിക്കൽ കൂടി നൽകിയ ദൈവത്തിന് സ്തുതി.

മറ്റൊരു PGDCA സൗഹൃദം ഇവിടെ CLICK...

Saturday, July 25, 2020

ലക്ഷ്യങ്ങൾ കൈവരിക്കാൻ...

          SSLC, +2 എന്നീ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ പല ഉയർന്ന ലക്ഷ്യങ്ങളും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. സിവിൽ സർവീസ് നേടുക, ഡോക്ടറാവുക, എഞ്ചിനീയറാവുക എന്നിങ്ങനെ പലർക്കും പല ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യത്തിൽ എത്താനുള്ള മാർഗ്ഗങ്ങളും അവരിൽ പലരും തീരുമാനിച്ചിട്ടുണ്ടാകും. ഇനി അതിനുള്ള കഠിന പ്രയത്നം ആരംഭിക്കാനിരിക്കുന്നു.

            പലരും ഉന്നത ലക്ഷ്യങ്ങൾ വച്ച് അത് പൂർത്തീകരിക്കാൻ സാധിക്കാതെ വന്നാൽ പല ഒഴിവ് കഴിവുകളും പറയും. എന്നാൽ താൻ നേരിട്ട പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും മറികടന്ന് ലക്ഷ്യത്തിലേക്ക് എത്തിയവനാരോ അവരാണ് യഥാർത്ഥ വിജയി.

           ഫ്ലോറൻസ് ചാഡ്‌വിക് എന്ന അമേരിക്കൻ നീന്തൽകാരിയെ നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ശേഷം കാറ്റലീന ചാനൽ നീന്തിക്കടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവർ. കൊലയാളി സ്രാവുകൾ വിലസുന്ന, മൂടൽമഞ്ഞ് നിറഞ്ഞ, അതിശൈത്യം അനുഭവപ്പെടുന്ന കാറ്റലീന ചാനൽ നീന്തിക്കടക്കുന്ന ആദ്യ വനിതയാവുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

         1952 ജൂലൈ ആദ്യവാരം അവർ ആദ്യശ്രമം നടത്തി. കരയിൽ നിന്നും അര മൈൽ ദൂരം മാത്രം ബാക്കി നിൽക്കെ മൂടൽമഞ്ഞും ശൈത്യക്കാറ്റും കാരണം അവർ ശ്രമം ഉപേക്ഷിച്ചു. വെറും അര മൈൽ ദൂരം മാത്രമേ താണ്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂവെങ്കിലും കാറ്റലീന ചാനൽ നീന്തിക്കടന്നതായി അന്ന് അവർ അവകാശപ്പെട്ടില്ല. രണ്ട് മാസം കഴിഞ്ഞ് അടുത്ത ശ്രമത്തിൽ, പുരുഷന്മാരുടെ റിക്കാർഡ് 2 മണിക്കൂർ വ്യത്യാസത്തിൽ ഭേദിച്ചു കൊണ്ട് അവർ കാതലീന ചാനൽ കീഴടക്കി.

          ഒരു ലക്ഷ്യം നമ്മൾ കുറിച്ചിട്ടുണ്ടെങ്കിൽ  അതിൽ എത്താനുള്ള ആത്മവിശ്വാസവും കഠിനപ്രയത്നവും ഉണ്ടെങ്കിൽ ലക്ഷ്യം സാധൂകരിക്കുക തന്നെ ചെയ്യും. ലോക ചരിത്രത്തിൽ ഇതിന് നിരവധി ഉത്തമോദാഹരണങ്ങളുണ്ട്. നമുക്കും നമ്മുടെ മക്കൾ ലക്ഷ്യം വച്ച ഉന്നത ലക്ഷ്യങ്ങൾ കൈവരിക്കാൻ പിന്തുണയും പ്രചോദനവും നൽകിയാൽ കഠിനപ്രയത്നത്തിലൂടെ അത് നേടാൻ സാധിക്കും. എല്ലാ വിജയികൾക്കും അതിന് സാധിക്കട്ടെ എന്നാശംസിക്കുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )  112/294

Sunday, July 19, 2020

ജീവിതം സന്തോഷപ്രദമാക്കുന്നത് എങ്ങനെ?

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്ത ഏറ്റവും നല്ല കർമ്മം എന്ത് എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരമായിരിക്കും ഉണ്ടാവുക. ഇന്നെ വരെ ചെയ്തതിൽ ഏറ്റവും നല്ലത് നിർണ്ണയിക്കാനുള്ള പ്രയാസമായിരിക്കാം അതിന് ഒരു കാരണം. എന്നാൽ പലരുടെയും ഉത്തരമാകാൻ സാധ്യതയുള്ള ഒന്ന് ഞാൻ പറയാം. മറ്റുള്ളവർക്ക് സന്തോഷം പകരാൻ ചെയ്ത കർമ്മമാണ് ഞാൻ ചെയ്തതിൽ വച്ചേറ്റവും നല്ലത്.

മറ്റൊരാളുടെ മുഖത്ത് പുഞ്ചിരി സൃഷ്ടിക്കാൻ ഉതകുന്ന ഒരു കർമ്മം നമ്മൾ ചെയ്യുന്നുവെങ്കിൽ അത് തന്നെയാണ് ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും നല്ല കർമ്മം എന്നാണ് എൻ്റെയും പക്ഷം. Smile increases your life miles എന്നാണ് പറയാറ്. അതായത് ഒരു പുഞ്ചിരി നിങ്ങളുടെ ജീവിതത്തെ മൈലുകളോളം വർദ്ധിപ്പിക്കുന്നു. നാം ഒരാൾക്കോ അയാളുടെ സമൂഹത്തിനോ സഹ ജീവികൾക്കോ ചെയ്ത ഉപകാരമായിരിക്കാം അയാളുടെ പുഞ്ചിരിക്ക് നിദാനം. നമ്മുടെ കർമ്മത്തിലൂടെ അയാളും ബന്ധപ്പെട്ടവരും നമ്മെയും നമ്മുടെ കുടുംബത്തെയും കാലങ്ങളോളം നന്ദിയോടെ ഓർത്ത് വയ്ക്കുന്നു. അത് തന്നെയാണ് നമ്മുടെ ജീവിതം മൈലുകളോളം വർദ്ധിക്കുന്നു എന്ന് പറഞ്ഞതിൻ്റെ സാരം.

തിയോസഫിക്കൽ സൊസൈറ്റി സ്ഥാപക മാഡം ബ്ലവസ്കി യാത്ര ചെയ്യുമ്പോൾ കയ്യിൽ ഒരു കുഞ്ഞു സഞ്ചി കരുതാറുണ്ടായിരുന്നു. പൂച്ചെടികളുടെ വിത്തുകളായിരുന്നു ആ സഞ്ചിയിൽ ഉണ്ടായിരുന്നത്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ആ സഞ്ചിയിൽ നിന്നും വിത്തുകളെടുത്ത് വഴിയിലുടനീളം വിതറുന്നത് മാഡത്തിൻ്റെ ഹോബിയായിരുന്നു. ഇത് കണ്ട് ഒരിക്കൽ ഒരു സഹയാത്രികൻ ചോദിച്ചു.
" മാഡം, നിങ്ങൾ എന്താണീ ചെയ്യുന്നത്?"

"ഞാൻ പൂച്ചെടികളുടെ വിത്തുകൾ വിതറുകയാണ് "

"നിങ്ങൾ ഇതുവഴി ഇനി കടന്നു പോകാൻ സാധ്യതയില്ലല്ലോ ... പിന്നെ എന്തിന് ഇത് ചെയുന്നു?"

" അതെ ... ഒരിക്കലും ഞാനിതുവഴി ഇനി വരാൻ സാധ്യതയില്ല. പക്ഷെ, ഈ വിത്തുകൾ മുളച്ച് വളർന്ന് വലുതായി അതിൽ പൂക്കൾ വിടരുമ്പോൾ അത് കാണുന്നവരിൽ സന്തോഷം ഉണ്ടാക്കും. പൂക്കളുടെ പൊടിയും തേനും നുകരാൻ വരുന്ന ജീവജാലങ്ങൾക്കും അത് സന്തോഷം പകരും. ഇങ്ങനെ മറ്റുള്ളവർക്ക് സന്തോഷം പകരാൻ വേണ്ടിയാണ് ഞാൻ ഈ കർമ്മം ചെയ്യുന്നത് "

ഒന്നാലോചിച്ച് നോക്കൂ... ഇങ്ങനെയുള്ള കുഞ്ഞു കർമ്മങ്ങളിലൂടെ എത്രയെത്ര സന്തോഷമുള്ള മുഖങ്ങൾ നമുക്ക് സൃഷ്ടിക്കാൻ സാധിക്കും? മനുഷ്യർക്ക് എന്നല്ല സർവ്വ ജീവജാലങ്ങൾക്കും ഉപകാരപ്രദമായ എന്തൊക്കെ നമുക്ക് ചെയ്യാം?

ഒരുദാഹരണത്തിന് വീടിൻ്റെ സമീപത്ത് ഒരു പാത്രത്തിൽ അൽപം വെള്ളം വച്ചാൽ പക്ഷികളും മൃഗങ്ങളും മറ്റ് ജീവജാലങ്ങളും അത് കുടിക്കാൻ വരും. വെള്ളം ലഭ്യമായ സ്ഥലം,  മറ്റ് ജീവികളോട് അവ സംവദിക്കും. അവരുടേതായ ഭാഷയിൽ നന്ദിയും അർപ്പിക്കുന്നുണ്ടാകും. നമുക്കത് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്ന് മാത്രം.

ഇത്തരം കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ നാം മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോൾ അത് നമ്മുടെ മനസ്സിനെയും സന്തോഷഭരിതമാക്കും. അങ്ങനെ സന്തോഷപ്രദമായ ഒരു മനസ്സ് ഉള്ളവരായി എല്ലാവർക്കും മാറാൻ സാധിക്കട്ടെ.

( വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

Friday, May 29, 2020

മൂവാണ്ടൻ മാവിൻ നെറുകയിൽ

       ഒട്ട് മാവിൽ ഉണ്ണിമാങ്ങ പിടിക്കാൻ തുടങ്ങിയ സമയത്ത് തന്നെ തൊട്ടടുത്തുള്ള മൂവാണ്ടൻ മാവിലും കണ്ണിമാങ്ങ പിടിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അത്രയും പൂക്കൾ ആദ്യഘട്ടത്തിൽ കണ്ടില്ലെങ്കിലും അപ്പഴും ഇപ്പഴും ഒക്കെയായി പെട്ടെന്ന് കാണുന്ന ഭാഗങ്ങളിൽ എല്ലാം പൂക്കുലകൾ നിറഞ്ഞിരുന്നു. അവ എല്ലാം കണ്ണിമാങ്ങയായി മാറുകയും ചെയ്തു. പക്ഷെ Survival of the fittest എന്ന പ്രകൃതി നിയമത്തിൽ അവയിൽ പലതും ഞെട്ടറ്റ് വീണു.

            കണ്ണിമാങ്ങ പ്രായം കഴിഞ്ഞവരും താഴേക്ക് വീഴാൻ തുടങ്ങിയതോടെ മനസ്സിൽ ഒരു ആശങ്ക നിറഞ്ഞു. നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും നന്നായി വെള്ളമൊഴിച്ച് കൊടുക്കാൻ തുടങ്ങി. അതോടെ കണ്ണിമാങ്ങ വീഴ്ച്ചയും കുറഞ്ഞ് കുറഞ്ഞ് വന്നത് ഞാൻ നിരീക്ഷിച്ചു മനസ്സിലാക്കി. ശേഷം  രണ്ട് മാവുകൾക്കും വെള്ളം സുലഭമായി നൽകിത്തുടങ്ങി.

            മൂവാണ്ടൻ മാവിൽ കയ്യെത്തും ഉയരത്തിലും ഒട്ടുമാവിൽ കാലെത്തും ഉയരത്തിലും ആയിരുന്നു മാങ്ങകൾ ഉണ്ടായിരുന്നത്. ഒരു ഭാഗത്തെ മാങ്ങകൾ അത്യാവശ്യം മൂപ്പെത്തിയപ്പോഴേക്കും അതേ കൊമ്പിൽ ഉണ്ണിമാങ്ങകൾ വീണ്ടും വിരിഞ്ഞ് തുടങ്ങിയതും കണ്ടു. കഴിഞ്ഞ വർഷം മുതലാണ് ഈ സ്വഭാവ വ്യത്യാസം കണ്ടു തുടങ്ങിയത്. 

           മാങ്ങ വലുതായതോടെ ഞെട്ടറ്റ് വീഴലും നിന്നു. ഏപ്രിൽ 27 ന് മൂവാണ്ടൻ മാവിൻ നെറുകയിൽ ഒരണ്ണാൻ ചിലച്ചപ്പോൾ , ആദ്യത്തെ  പഴുത്ത മാങ്ങ താഴെ വീണു. പിന്നീട് രണ്ട് ദിവസം വീതം ഇടവിട്ട് നാല് തവണ മാങ്ങ പറിച്ചപ്പോഴാണ് മാങ്ങയുടെ എണ്ണത്തിൽ നിലവിലുള്ള റിക്കാർഡ് തകർത്തത് തിരിച്ചറിഞ്ഞത്. ഇത് വരെ നൂറ്റമ്പതോളം മാങ്ങ കിട്ടി. 
            പതിവ് പോലെ, ബന്ധുക്കളും  അയൽവാസികളും സുഹൃത്തുക്കളും ഒക്കെയായി ഈ വർഷവും  ഇരുപതോളം കുടുംബം ഞങ്ങളുടെ മാങ്ങയുടെ രുചി അറിഞ്ഞു. എല്ലാവരോടും ഒരു അണ്ടിയെങ്കിലും മുളപ്പിച്ച്  നട്ടു വളർത്താൻ അപേക്ഷിക്കുകയും ചെയ്തു. ഇനി അടുത്ത വൃശ്ചികം വരെ കാത്തിരിപ്പാണ് , മാവ് വീണ്ടും പൂക്കാൻ. മൂവാണ്ടൻ മാവിൻ നെറുകയിൽ ഒരണ്ണാൻ വീണ്ടും ചിലക്കാൻ.