2019 ൽ എൻ്റെ പത്താം ക്ലാസ് കൂട്ടായ്മ 1987 എസ്.എസ്.സി ബാച്ചിന്റെ പ്രഥമ സംഗമം അരങ്ങേറിയപ്പോൾ ചെയർമാനായി തെരഞ്ഞെടുത്തത് എന്നെയായിരുന്നു.ഒരു ചാറ്റിംഗ് ഗ്രൂപ്പ് എന്നതിൽ നിന്ന് വ്യത്യസ്തമായി, നാടിനും നാട്ടുകാർക്കും ഉപയോഗപ്രദമായ കാര്യങ്ങൾ ചെയ്യുന്ന ഒരു ഗ്രൂപ്പ് എന്ന നിലയിലേക്ക് ഗ്രൂപ്പിനെ മാറ്റിയെടുക്കണം എന്നതായിരുന്നു എൻ്റെ ലക്ഷ്യം.ഭാഗ്യവശാൽ സമാന ചിന്താഗതിക്കാരായ നിരവധി പേർ ഗ്രൂപ്പിൽ ഉണ്ടായിരുന്നു.അതിനാൽ തന്നെ പ്രവർത്തന പദ്ധതി പങ്കുവയ്ക്കുന്ന വിഷൻ 20-20 സംഗമത്തിൽ അവതരിപ്പിച്ചപ്പോൾ എനിക്ക് വൻ പിന്തുണ തന്നെ ലഭിച്ചു.
ലക്ഷ്യമിട്ട പ്രകാരം തന്നെ ആദ്യം, പഠിച്ച സ്‌കൂളിലും പിന്നീട് ഗ്രൂപ്പിലെ അംഗങ്ങൾക്കിടയിലും ശേഷം സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തും അതും കഴിഞ്ഞ് നിയോജക മണ്ഡലവും പിന്നെ ജില്ലയും കടന്ന് ഞങ്ങളുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം അട്ടപ്പാടി വരെ എത്തി. ചെയ്യാൻ കഴിയുന്നതേ പറയൂ എന്നതും പറയുന്നത് ചെയ്യും എന്നതും ഗ്രൂപ്പംഗങ്ങൾക്ക് ആത്മവിശ്വാസം പകർന്നു.
ഗ്രൂപ്പ് ഏറ്റെടുത്ത ഏറ്റവും മികച്ചതും വെല്ലുവിളി ഏറിയതുമായ പ്രവർത്തനമായിരുന്നു പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്കുള്ള ഉപകരണ വിതരണം.ഉപകരണങ്ങൾ വാങ്ങാനുള്ള പണം സ്വരൂപിക്കാനായി ഗ്രൂപ്പംഗങ്ങളുടെ സ്കൂൾ ഓർമ്മക്കഥകൾ "പാഠം ഒന്ന് ഉപ്പാങ്ങ" എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. പുസ്തകത്തിൻ്റെ ഒന്നാം പതിപ്പിൻ്റെ വില്പനയിലൂടെ മൂന്ന് പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ആവശ്യപ്പെട്ട ഉപകരണങ്ങളും രണ്ട് യൂണിറ്റുകൾക്ക് ' ഗ്രൂപ്പ് നിശ്ചയിച്ച ഉപകരണങ്ങളും നൽകി.
വിവിധ പാലിയേറ്റീവ് യൂണിറ്റുകളിലെ ഉപകരണങ്ങളുടെ പരിമിതി നേരിട്ട് അറിഞ്ഞതോടെ പുസ്തകം രണ്ടാം പതിപ്പും പുറത്തിറക്കി. അഭ്യൂദയകാംക്ഷികൾ അകമഴിഞ്ഞ് പിന്തുണ നൽകിയപ്പോൾ രണ്ടാം പതിപ്പും മുഴുവനായും വിറ്റ് തീർന്നു. വില്പനയുടെ ലാഭം ഉപയോഗിച്ച് അഞ്ച് യൂണിറ്റുകൾക്കായി പതിനഞ്ച് എയർ ബെഡുകളും അഞ്ച് ബാക്ക് റെസ്റ്റുകളും വിതരണം ചെയ്തു. തങ്ങൾക്കും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ഉണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയെ കാണുന്നതും അറിയുന്നതും ആദ്യമായിട്ടാണ് എന്നായിരുന്നു പല പാലിയേറ്റീവ് കെയർ യൂണിറ്റ് ഭാരവാഹികളുടെയും പ്രതികരണം.
സംഗമങ്ങളും മിനിട്രിപ്പുകളും ഒത്തു ചേരലുകളും എല്ലാം നടത്തി ഈ കൂട്ടായ്മ മുന്നേറുന്നു. ഏറ്റവും പുതിയ ഒരു പ്രവർത്തനമായി എടുത്ത് കാണിക്കാൻ പറ്റുന്ന കാശ്മീർ ടൂറും കഴിഞ്ഞ് അംഗങ്ങൾ നാട്ടിൽ തിരിച്ചെത്തി. അതെ, ഇത് ഒരു വെറും കൂട്ടായ്മ അല്ല; സേവനത്തിലൂടെ ആനന്ദം കണ്ടെത്തുന്ന ആനന്ദത്തിലൂടെ സേവനം നടത്തുന്ന ഒരു സംഘം - ദ ടീം 87 SSC ഒരു വട്ടം കൂടി.



1 comments:
സേവനത്തിലൂടെ ആനന്ദം കണ്ടെത്തുന്ന ആനന്ദത്തിലൂടെ സേവനം നടത്തുന്ന ഒരു സംഘം
Post a Comment
നന്ദി....വീണ്ടും വരിക