Pages

Saturday, September 15, 2012

ലോഹിതദാസ് തിരക്കഥാപുരസ്കാരം ജി.മനുവിന്

എനിക്ക് അവാര്‍ഡ് കിട്ടുന്നതിന്റെ സന്തോഷം പോലെ തന്നെയാണ് എന്റെ സുഹൃത്തിന് അവാര്‍ഡ് കിട്ടി എന്ന് അറിയുന്നതും.എന്‍.എസ്.എസ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്  ലഭിച്ചപ്പോഴും അതിന് മുമ്പേ മറ്റു അവാര്‍ഡുകള്‍ ലഭിച്ചപ്പോഴും നേരിട്ടും എസ്.എം.എസ് ആയും മെയില്‍ വഴിയും ബ്ലോഗ് വഴിയും എല്ലാം നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചപ്പോള്‍ ആ സന്തോഷം ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്.

ഹര്‍ത്താല്‍ ദിനത്തിലാണ് പത്രങ്ങള്‍ വിസ്തരിച്ച് ഒന്ന് വായിക്കാനായത്.അപ്പോഴാണ് 13/9/2012 വ്യാഴാഴ്ചയിലെ മനോരമ ദിനപത്രത്തില്‍ (കോഴിക്കോട് എഡിഷന്‍) പരിചിതമായ മൂന്ന് മുഖങ്ങള്‍ കണ്ടത്.അതില്‍ ഒരു മുഖം എന്റേത് തന്നെയായിരുന്നു!രണ്ടാമത്തെ മുഖം എന്റെ വളണ്ടിയര്‍ ആയിരുന്ന അപര്‍ണ്ണയുടേത് (സ്റ്റേറ്റ് അവാര്‍ഡ് നേടി എന്ന പ്രാദേശിക വാര്‍ത്തയോടൊപ്പം). മൂന്നാമത്തെ മുഖം ബ്ലോഗര്‍ ജി.മനു വിന്റേത്.

അതേ സുഹൃത്തുക്കളേ, ഗ്രാഫിക്സ് സംഘടനയുടെ ലോഹിതദാസ് തിരക്കഥാപുരസ്കാരം മനുവിന്റെ ‘കച്ചറ’ക്ക് ലഭിച്ചിരിക്കുന്നു.മുമ്പ് ‘അസ്നക്ക്’ എന്ന കവിതക്ക് ഗായത്രീ പുരസ്കാരവും ലഭിച്ചിരുന്നു.റേഡിയോ മാംഗോയില്‍ സൂപ്പര്‍ഹിറ്റ് ആയി മുന്നേറുന്ന കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റിന്റെ പ്രൊഡ്യൂസര്‍ ആണ് ഇപ്പോള്‍ മനു.

നേരിട്ട് വിളീച്ച് ഇനിയും ‘കച്ചറ’കള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുക - 8129359029

Tuesday, September 04, 2012

ഡോളറില്‍ ചവിട്ടി നടക്കുന്ന പോലെ....

              ഡോളറില്‍ ചവിട്ടി നടക്കണമെങ്കില്‍ അമേരിക്കയില്‍ തന്നെ പോകേണ്ടിവരും (ഡോളര്‍ കീശയില്‍ നിന്ന് വീണുപോകാന്‍ സാധ്യതയുള്ളത് അവിടെ മാത്രമാണ്).പക്ഷേ ഡോളറില്‍ ചവിട്ടി നടക്കുന്ന പോലെ നടക്കണമെങ്കില്‍ പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ പോയാല്‍ മതിയെന്ന് ഇന്നലെ എനിക്ക് മനസ്സിലായി.

             മലാപറമ്പ് ജംഗ്ഷനില്‍ ബസ് ട്രാഫിക് സിഗ്നലില്‍ കുടുങ്ങിയ ഉടനെ ഞാന്‍ ചാടിയിറങ്ങി.കാരണം ജംഗ്‌ഷന്‍ ക്രോസ് ചെയ്ത് രണ്ടടി മുന്നോട്ട് വച്ചാല്‍ ഇടത്ത് കാണുന്ന റോഡിന് വിമന്‍സ് പോളിയുടെ മുന്നിലൂടെയുള്ള സ്ട്രൈറ്റ് റോഡിന്റെ  സ്വാഭാവിക വളവും തിരിവും അനുസരിച്ച് കുറച്ചധികം നടന്നാല്‍ പ്രോവിഡന്‍സ് വിമന്‍സ് കോളേജിലേക്കുള്ള റോഡിലേക്ക് എത്താം എന്ന ഒരു സങ്കല്പം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.(ആരും ഇത് ബൈഹാര്‍ട്ട് ആക്കണ്ട, ഇപ്പോള്‍ അതിലും നല്ല വഴി ഉണ്ട്).

              അങ്ങനെ ഒരു ഏമാനോടും ഒരു പൂമോനോടും ചോദിക്കാതെ പത്ത് മണിക്ക് തന്നെ ഞാന്‍ ആ റോഡിലൂടെ ഉലാത്തി മുന്നോട്ട് നീങ്ങി.കുറേ നടന്നപ്പോള്‍ എന്റെ തലയുടെ മുകളില്‍ ഒരു ഓവര്‍ ബ്രിഡ്ജ് പ്രത്യക്ഷപ്പെട്ടു.തലയുടെ മുകളില്‍ ആണെങ്കില്‍ ഓവര്‍ ബ്രിഡ്‌ജും കാലിന് താഴെ ആണെങ്കില്‍ ഓവ് ബ്രിഡ്‌ജും ആയിരിക്കും എന്നത് പണ്ടേ എന്റെ കണ്‍‌സപ്റ്റാണ്.തലയുടെ മുകളില്‍ രണ്ടാള്‍ പൊക്കത്തില്‍ പോകുന്ന പാലമായതിനാല്‍ ഞാന്‍ അത് ഏതോ പാലമായിരിക്കും എന്ന് കരുതി വീണ്ടും മുന്നോട്ട് നടന്നു.പാലത്തിന്റെ അരികിലൂടെ നല്ലൊരു നടപ്പാത ഉണ്ടായിരുന്നെങ്കിലും എനിക്ക് പാലത്തിന്റെ മുകളില്‍ എത്തേണ്ട ആവശ്യം ഇല്ല എന്നതിനാല്‍ ഞാന്‍ അത് മൈന്റ് ചെയ്തില്ല.അല്പം കൂടി മുന്നോട്ട് എത്തിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച പോലെ വലത്തോട്ട് ഒരു റോഡ് ഇറക്കമിറങ്ങി വരുന്നത് കണ്ടു(അരീക്കോടാ നിന്റെ ഓര്‍മ്മ ശക്തിയെ ഞാന്‍ നീണാള്‍ വാഴ്ത്തുന്നു...എന്റെ മനസ്സില്‍ നിന്നും പൊങ്ങിയ ഒരശരീരി ഞാന്‍ മാത്രം കേട്ടു).

             പ്രോവിഡന്‍സ് വിമന്‍സ് കോളേജ് എന്ന ജാംബവാന്റെ കാലത്തെ ഒരു നാനോടൈപ് ബോഡ് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും വഴി തൈറ്റിയില്ല എന്നുറപ്പിച്ച് ഞാന്‍ ഐശ്വര്യമായി  ഇടത് കാല്‍ വച്ച് വലതു റോഡിലേക്ക് കയറി.20 മീറ്റര്‍ നടന്നതും വാഹനങ്ങള്‍ ചീറിപ്പായുന്ന ഒരു റോഡിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു!
“ങേ!!!ഇതേതാ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു റോഡ്...!!” 
തൊട്ടടുത്ത നിമിഷം ഞാന്‍ താഴേക്ക് നോക്കി.ഞാന്‍ മൈന്റ് ചെയ്യാതെ വിട്ട പാലത്തിന്റെ അരികിലൂടെയുള്ള നടപ്പാത ഞാന്‍ നില്‍ക്കുന്നിടത്ത് അവസാനിക്കുന്നു!വെറുതെ കുറേ കൂടി മുന്നോട്ട് പോയത് മിച്ചം.പക്ഷേ അതിലും വലിയ ഒരു കാഴ്ച പിന്നീട് ആണ് ഞാന്‍ കണ്ടത്.എന്റെ കണ്ണെത്തും ദൂരത്ത് ഞാന്‍ ബസ്സിറങ്ങിയ സ്ഥലം!!!!എന്നു വച്ചാല്‍ സാക്ഷാല്‍ ഡോളര്‍ സിമ്പലിന്റെ  'S'ലൂടെ നടന്നതിന് ശേഷം അതിന്റെ നടുവിലൂടെയുള്ള പാലം കണ്ട പ്രതീതി!

             അതേ സുഹൃത്തുക്കളേ മലാപറമ്പ് - പൂളാടിക്കുന്ന് ബൈപാസ് തുറന്നതോടെ പ്രോവിഡന്‍സ് വിമന്‍സ് കോളേജിലേക്ക് എത്താന്‍ വളരെ എളുപ്പമാണ്.ഇനി ആര്‍ക്കും എന്റെ ബുദ്ധി തോന്നരുത് എന്ന് മാത്രം.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: സിറ്റി പോലീസ് കമ്മീഷണറുടെ ക്യാമ്പ് ഓഫീസും കോളേജിനടുത്തായതിനാല്‍ അല്പം ശ്രദ്ധ ആരോഗ്യത്തിന് നല്ലതാണ്.

Monday, September 03, 2012

ഉസ്താദും അരീക്കോടനും !

            ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കും എന്ന് മുന്‍‌കൂട്ടി പറയാന്‍ കഴിയാത്തത് തന്നെയാണ് ഈ ജീവിതത്തിന്റെ ത്രില്ലും. ഒരിക്കലും മുന്‍‌കൂട്ടി അറിയാതെ സംസ്ഥാന ഗവണ്മെന്റിന്റെ ഒരവാര്‍ഡ് വാങ്ങുന്ന എന്റെ കുടുംബത്തിലെ ആദ്യത്തെയാളായി ഞാന്‍ മാറിയത് ,എന്റെ മുമ്പ് കുടുംബത്തില്‍ ഇതിലും കേമന്മാര്‍ ഒന്നും ഉണ്ടാകാഞ്ഞിട്ടല്ല.സിനിമകള്‍ ഒട്ടുമുക്കാലും കാണുന്ന മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം കണ്ട എനിക്ക് തന്നെ ഹിന്ദി സൂപ്പര്‍ സ്റ്റാറിന്റെ കൂടെ ഇരിക്കാന്‍ യോഗം ഉണ്ടായതും അങ്ങനെയാണ്. സാക്ഷാല്‍ രേവതി വരെ റോസാപൂ തരാന്‍ മാത്രം എന്റെ കഷണ്ടി സുന്ദരമാണ് എന്ന് ഞാന്‍ മനസ്സിലാക്കിയതും അതിലൂടെയാണ്.

             ബൂലോകത്ത് ഞാന്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ അരീക്കോടന്‍ മഹോത്സവവും ബ്ലോഗിലെ എന്റെ  അറുനൂറാം പോസ്റ്റ് ഇടുന്നതിന്റെയും ആലോചനകള്‍ നടക്കുമ്പോഴും ഇത്രയും അപ്രതീക്ഷിതമായ ഒരു ഒത്തുചേരല്‍  ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആഗസ്ത് മാസം എന്റെ ജന്മം കൊണ്ടും സ്റ്റേറ്റ് അവാര്‍ഡിലൂടെ ഇപ്പോള്‍ കര്‍മ്മം കൊണ്ടും ലോകമഹായുദ്ധത്തിലെ കറുത്ത ഏടുകള്‍ കൊണ്ടും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ കൊണ്ടും എല്ലാം പ്രശസ്തിയുള്ളതിനാല്‍ 2011-ലെയും അതിന്‌മുമ്പ് 2010-ലെയും പോലെ വാര്‍ഷിക പോസ്റ്റിന് ബുദ്ധിമൂട്ടേണ്ടി വരില്ല എന്ന് ആരോ മനസ്സില്‍ പറഞ്ഞു.

             അങ്ങനെയിരിക്കുമ്പോഴാണ് പാലിയേറ്റീവ് കെയര്‍ കോഴിക്കോട് സിറ്റി ക്ലിനിക് കിടപ്പിലായ രോഗികളുടെ ഒരു സംഗമം പ്രോവിഡന്‍സ് കോളേജില്‍ വച്ച് നടത്തുന്നതായും അതില്‍ എന്റെ പങ്കാളിത്തം നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നും അതിന്റെ ഭാരവാഹികള്‍ അറിയിച്ചത്.പാലിയേറ്റീവ് കെയര്‍ രംഗത്ത് വലുതായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എങ്കിലും ഇത്തരം പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നത് എന്റെ പതിവായിരുന്നു.പക്ഷേ സംഗമത്തിന്റെ പേര് ഉസ്താദ് ഹോട്ടല്‍ പാലിയേറ്റീവ് കെയര്‍ സംഗമം എന്നതിന്റെ പൊരുള്‍ ഫോണില്‍ കൂടി ക്ലിയര്‍ ചെയ്യാന്‍ എനിക്ക് സാധിച്ചില്ല.

              മുമ്പും കോഴിക്കോട് സിറ്റി ക്ലിനിക്കിന്റെ ഇത്തരം പരിപാടികളില്‍ ചില സര്‍പ്രൈസുകള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് ചില സംഗതികള്‍ മണത്തു. അതിനാല്‍ കൃത്യസമയത്തിന് മുമ്പ് തന്നെ ഞാന്‍ വേദിയിലെത്തി.പ്രസ്തുത സിനിമയില്‍ എനിക്ക് പരിചയമുള്ളത് തിലകന്‍ ചേട്ടന്‍ മാത്രമായതിനാലും അദ്ദേഹം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ആയതിനാലും അദ്ദേഹം ഇവിടെ വരും എന്ന് പ്രതീക്ഷ ഒട്ടും ഇല്ലായിരുന്നു.ഞാന്‍ എത്തി അല്പ സമയത്തിനകം തന്നെ ചില ബുജികള്‍ സ്ഥലത്തെത്തിയതും എന്റെ ശ്രദ്ധയില്‍ വന്നെങ്കിലും അവരെയാരേയും പോസ്റ്ററില്‍ കണ്ട പരിചയം പോലും ഇല്ലായിരുന്നു.

               അല്പ സമയത്തിനകം പരിപാടി ആരംഭിച്ചു.അവതാരക ക്ഷമാപണത്തോടെ തുടങ്ങി പ്രോവിഡന്‍സ് കോളേജിന്റെ സ്വകാര്യ അഭിമാനം എന്ന പേരില്‍ ഒരാളെ ക്ഷണിച്ചു.സാക്ഷാല്‍ ശ്രീമതി അഞലി മേനോന്‍.അതെ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥാകൃത്തും ‘മഞ്ചാടിക്കുരു‘വിന്റെ സംവിധായകയുമായ അഞലി മേനോന്‍.തിലകന്‍ ചേട്ടന്‍ കിടപ്പിലായതിനാല്‍ സിനിമയിലെ അഭിനേതാക്കള്‍ ആരും എത്തില്ല എന്ന് അറിയിച്ചതോടൊപ്പം രോഗികള്‍ക്കായി അവര്‍ ഒരു സര്‍പ്രൈസ് വാര്‍ത്ത അറിയിക്കാന്‍ അടുത്തയാളെ ക്ഷണിച്ചു.ചെറിയൊരു താടിയുമായി ഉയരം കുറഞ്ഞ ഒരു ചെറുപ്പക്കാരന്‍ അഥവാ പയ്യന്‍ വേദിയിലെത്തി.

“ഞാന്‍ അന്‍‌വര്‍ റഷീദ്...സര്‍പ്രൈസ് മറ്റൊന്നുമല്ല നിങ്ങള്‍ക്കായി ഞങ്ങളുടെ  ഉസ്താദ് ഹോട്ടല്‍ ഇന്നിവിടെ പ്രദര്‍ശിപ്പിക്കുന്നതാണ്....”

“ങേ. ഉസ്താദ് ഹോട്ടലിന്റെ സംവിധായകന്‍ അന്‍‌വര്‍ റഷീദോ ?”

എല്ലാവരും മൂക്കത്ത് വിരല്‍ വച്ച് ചോദിച്ചുപോയി.

അതേ സുഹൃത്തുക്കളേ രാജമാണിക്യവും അണ്ണന്‍ തമ്പിയും ഒക്കെ ആക്കി മമ്മൂട്ടിയെ അഭിനയിപ്പിച്ച അന്‍‌വര്‍ റഷീദ് ഇതാ ഇന്ന് അരീക്കോടന്റെ  കൂടെ !!!