Pages

Friday, November 29, 2019

ജീ‌എം ചേച്ചി

“നീ എമറാൾഡ് പാലസ് എന്ന് തന്നെയല്ലേ കൊടുത്തത് ?”
എത്ര ഡ്രൈവ് ചെയ്തിട്ടും ലൊക്കേഷൻ എത്താതായപ്പോൾ കത്തുന്ന വയറിന്റെ സ്വാഭാവിക പ്രതികരണത്തോടൊപ്പം മഹ്‌റൂഫിന്റെ ശബ്ദം ഒന്ന് കൂടി ഉയർന്നു. ഒപ്പമുള്ളവർ ആഡിറ്റോറിയത്തിൽ എത്തി വെട്ടൽ ആരംഭിച്ചു എന്ന് കൂടി അറിഞ്ഞതോടെ മഹ്രൂഫിന്റെ കാൽ ആക്സിലറേറ്ററിൽ ശക്തിയായി അമരാൻ തുടങ്ങി.

“തിരൂർ - മലപ്പുറം റോഡ് എന്നാണല്ലോ കാണിക്കുന്നത്...” ഞാൻ മറുപടി പറഞ്ഞു.

“തിരൂർ - മലപ്പുറം റോഡോ ? ഇത് തിരിച്ച് മലപ്പുറത്തേക്ക് തന്നെ എത്താനാ സാധ്യത.നീ ആ ഡെസ്റ്റിനേഷൻ ഒന്ന് കൂടി ചെക്ക് ചെയ്യൂ” മെഹ്‌റൂഫ് സംശയം പ്രകടിപ്പിച്ചു.

മെഹ്രൂഫ് അങ്ങനെ പറഞ്ഞപ്പോൾ എനിക്കും സംശയമായി.അറിയാതെ സമ്മർ പാലസ് എന്നെങ്ങാനും കൊടുത്തിട്ടുണ്ടോ. വണ്ടി ലെഫ്റ്റിലേക്ക് തന്നെ തിരിക്കാനാണ് നിർദ്ദേശം കിട്ടിക്കൊണ്ടിരിക്കുന്നത്. അതായത് വന്ന വഴിയുടെ പാരലൽ ആയിട്ട് !! 

 “എമറാൾഡ് പാലസ് എന്ന് തന്നെയാ കൊടുത്തത്..” ചെക്ക് ചെയ്ത ശേഷം ഞാൻ പറഞ്ഞു.

“നമുക്ക് ആരോടെങ്കിലും ചോദിക്കാം...” കുടൽ കരിഞ്ഞ മഹ്‌റൂഫ് വണ്ടി സൈഡാക്കി.

“ചേട്ടാ...എമറാൾഡ് പാലസ് എവിടെയാ ?” വഴിയരികിൽ കണ്ട ആളോട് ഞാൻ ചോദിച്ചു.

“ആരാ നിങ്ങളെ ഈ വഴി വിട്ടത് ?” മറുചോദ്യം ഞങ്ങളെ ഞെട്ടിച്ചു.

“അത്...അത്...ആ ചേച്ചി !!” ഞാൻ മടിച്ച് മടിച്ച് പറഞ്ഞു. മെഹ്രൂഫ് എന്റെ മുഖത്തേക്ക് ഒന്ന് തറപ്പിച്ച് നോക്കി. ‘എ ഹംഗ്രി മാൻ ഇസ് ആൻ ആംഗ്രി മാൻ’ എന്ന് ആരോ പറഞ്ഞത് പെട്ടെന്ന് എനിക്ക് ഓർമ്മയിൽ വന്നു.

“ഇനി ഒരു കാര്യം ചെയ്യ്...ഫസ്റ്റ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് ...അടുത്ത ജംഗ്ഷനിൽ നിന്ന് വീണ്ടും ഇടത്തോട്ട് ... പിന്നെ ഒരു പോക്കറ്റ് റോഡ്...അവിടെ നിന്നും വീണ്ടും ഇടത്തോട്ട് ...“ അയാൾ ഓരോ ഇടത്തോട്ട് പറയുമ്പോഴും മെഹ്രൂഫും ഇടത്തോട്ട് പിരിയുന്നത് ഞാൻ ശ്രദ്ധിച്ചു. അവസാനം മെഹ്‌റൂഫ് സീറ്റിൽ ഒരു ‘റ’ പോലെയായി !

“അതായത് ഫുൾ ഇടത്തോട്ട് തന്നെ...എന്നിട്ട് ?” ഞാൻ ചോദിച്ചു.

“അപ്പോ നിങ്ങൾ ദേ അവിടെ എത്തും....പിന്നെ സ്ട്രൈറ്റ് പോയാ മതി !” വണ്ടിയുടെ പിന്നിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു.

“ഒ..കെ...“ താങ്ക്സ് പറഞ്ഞ് മെഹ്‌റൂഫ് വണ്ടി എടുത്തു.

“അല്ലാ...ഒന്നര മണിക്കൂറായി ഞാൻ ഡ്രൈവ് ചെയ്യുന്നു....വണ്ടി എവിടെയും നിർത്തിയിട്ടും ഇല്ല....പിന്നെ ഏത് ചേച്ചിയുടെ കാര്യമാ നീ അയാളോട് പറഞ്ഞത് ?” ഡ്രൈവിംഗിനിടയിൽ മെഹ്‌റൂഫ് ആകാംക്ഷയോടെ ചോദിച്ചു.

“ അതോ..? അത്...ജീയം ചേച്ചി...ഒരു ചേച്ചി പറഞ്ഞ് തന്നു എന്ന് പറയുമ്പം കേൾക്കുന്ന ആൾക്കും ഒരു ഹരം പിടിക്കും... അതാ അങ്ങനെ പറഞ്ഞത്...” ഞാൻ പറഞ്ഞു.

“ജീഎം ചേച്ചിയോ? അതാരാ...?”

“ജി ഫോർ ഗൂഗിൾ...എം ഫോർ മാപ്....ഗൂഗിൾ മാപ് ചേച്ചി....ഇൻ ഷോർട്ട്.... ജീയം ചേച്ചി...” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞപ്പോഴേക്കും എമറാൾഡ് പാലസിൽ എത്തിയതിനാൽ ഹംഗ്രി മാൻ അറ്റാക്കിൽ നിന്ന് ഞാൻ തലനാരിഴക്ക് രക്ഷപ്പെട്ടു.

Wednesday, November 27, 2019

മത്തൻ പൂ തോരൻ

             കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഉച്ചക്കുള്ള ഉപ്പേരിയോ കറിയോ അല്ലെങ്കിൽ രണ്ടും കൂടിയോ വീട്ടുമുറ്റത്ത് നിന്നോ തൊടിയിൽ നിന്നോ ഉള്ള എന്തെങ്കിലും ഇലയോ കായോ ആണ്. ചീര, മത്തനില, കുമ്പളയില, മുളകില, മധുരക്കിഴങ്ങ് ഇല, മുരിങ്ങ, കോവക്ക ഇല അങ്ങനെ നിരവധി ഇലകൾ .... വെണ്ട , വഴുതന , കോവക്ക, വാഴക്കൂമ്പ് , വാഴപ്പിണ്ടി, കായ, പപ്പായ എന്നിവ കൊണ്ടുള്ള ഉപ്പേരികൾ... ഇതിലേക്ക് ചേർക്കാനുള്ള കാന്താരിയും പച്ചമുളകും പറമ്പിൽ നിന്ന് തന്നെ.

             ഇന്ന് പതിവ് പോലെ രാവിലെ മുറ്റത്തേക്കിറങ്ങിയപ്പോൾ കണ്ടത് മത്തൻ വള്ളിയിലെ മഞ്ഞ പൂക്കളാണ്. മത്തൻ വള്ളി നീണ്ടു പടർന്ന് പോകാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു കായ പോലും പിടിക്കാത്തതിനാൽ ഇല നുള്ളി കറിയോ തോരനോ വയ്ക്കും. അതിനെപ്പറ്റി ഒരു ദിവസം , പുതുതായി രൂപം കൊണ്ട എന്റെ പത്താം ക്ലാസ് ഗ്രൂപ്പിൽ ഒരു പോസ്റ്റിട്ടപ്പോഴാണ് പഴയ സഹപാഠി ശ്രീലത മത്തൻ പൂ തോരൻ വയ്ക്കുന്നതിനെപ്പറ്റി പറഞ്ഞത്. ഇന്ന് ഇത്രയും പൂ കണ്ട ഉടനെ അതോർമ്മ വന്നു. ഭാര്യയോട് വിവരം പറഞ്ഞ് തോരൻ ഉണ്ടാക്കാൻ കളമൊരുക്കി.

              ഭാഗ്യത്തിന് പൂക്കൾ എല്ലാം ആൺ വർഗ്ഗത്തിൽ പെട്ടതായിരുന്നു. ഏഴോ എട്ടോ എണ്ണം വിരിഞ്ഞത് ഉണ്ട്. ഇന്നലെ വിരിഞ്ഞ് വാടിയത് വേറെയും. ഞാൻ ഫ്രെഷ് പൂക്കൾ മാത്രം വള്ളിയിൽ നിന്നും അടർത്തി.
             നന്നായി കഴുകിയ ശേഷം പൂക്കൾ ചെറുതാക്കി അരിഞ്ഞു.  അല്പം എണ്ണ ചൂടാക്കി കറിവേപ്പിലയിട്ട് വഴറ്റി അതിലേക്ക് ഇതിട്ടു. ആവശ്യമായ ഉപ്പും മഞ്ഞൾപൊടിയും കൂടി ചേർത്ത് ഇളക്കിയ ശേഷം അല്പ നേരം അടച്ചു വച്ചു. ഇതിലേക്ക് തേങ്ങയും കാന്താരിയും കൂടി മിക്സിയിൽ അരച്ചെടുത്ത കൂട്ട് ചേർത്ത് ഇളക്കി പിന്നെയും അല്പ നേരം സ്റ്റൌവിൽ വച്ചു. അഞ്ചു മിനുട്ട് കൊണ്ട് തോരൻ റെഡി (ഈ ചെയ്തികളെല്ലാം ഭാര്യ വക).
             പൂക്കൾ കുറവായതിനാൽ തോരൻ വളരെ കുറഞ്ഞു പോയി. ഒന്ന് രണ്ട് തവണ ഞങ്ങൾ രണ്ട് പേരും കൂടി ടേസ്റ്റ് നോക്കിയതോടെ പാത്രം കാലിയായി ! സംഭവം ഏതായാലും കിടിലൻ ആണ്. അതുകൊണ്ട് തന്നെ അല്പം കൂടി മത്തൻ വീട്ടുവളപ്പിൽ കുത്താൻ തീരുമാനിച്ചു. ഇതിലേക്ക് മുട്ട കൂടി ചേർത്താൽ ഒന്നു കൂടി ഉത്സാഹിച്ച് കഴിക്കും എന്ന് പറയപ്പെടുന്നു. പക്ഷേ പൂവിന്റെ ടേസ്റ്റ് മുട്ടയിൽ കലങ്ങിപ്പോകും എന്ന് ഞാൻ ഭയക്കുന്നു. കുമ്പളപ്പൂവും വയ്ക്കാം എന്ന് പറയുന്നു - ദൈവത്തിനറിയാം !

               അപ്പോൾ മത്തൻ ഉണ്ടായില്ലെങ്കിലും ഇലയും പൂവും എടുത്ത് നന്നായി തട്ടിക്കോ. സൂപ്പർ ടേസ്റ്റാ.

Tuesday, November 26, 2019

മിഠായിത്തെരുവിലൂടെ...

                ജോലി കോഴിക്കോട് ആയതിനാൽ അരീക്കോട്ട്കാരനായ ഞാൻ, ആഴ്ചയിൽ അഞ്ച് ദിവസവും മിഠായിത്തെരുവ് ഒരു നോക്ക് കാണാറുണ്ട്. തെരുവിലേക്ക് നോക്കി നിൽക്കുന്ന തെരുവിന്റെ കഥാകാരൻ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമ കാണുമ്പോൾ അദ്ദേഹത്തിന്റെ നിരവധി കഥകളും കഥാപാത്രങ്ങളും മനസ്സിൽ ഓടി എത്തും. ഈ അടുത്ത് വായിച്ച നാടൻ പ്രേമം പൊറ്റക്കാടിനെ ഒന്നു കൂടി ഹൃദിസ്ഥനാക്കി.

               മിഠായിത്തെരുവിന് S M Street എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്. മിഠായിയുടെ Sweet ഉം തെരുവിന്റെ street ഉം മനസ്സിലായെങ്കിലും അതിനിടക്ക് കയറിക്കൂടിയ  M എന്തിനാണെന്ന് അറിയാത്തതിനാൽ സ്വീറ്റ് മിഠായി തെരുവ് എന്നൊക്കെ പറഞ്ഞ് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു ! ‘കാന്താരി ഹൽ‌വ’ വിൽക്കുന്ന ഇന്നത്തെ കോഴിക്കോട്ട് അന്ന് Sweet അല്ലാത്ത മിഠായി വിൽക്കുന്ന വല്ല തെരുവും ഉണ്ടായിരുന്നോ എന്നറിയില്ല. വളരെക്കാലത്തിന്  ശേഷമാണ് S M Street എന്നാൽ Sweet Meat Street ആണെന്ന് മനസ്സിലായത്.

                സാമൂതിരി രാജാവിന്റെ കാലത്തോളം പഴക്കമുള്ളതാണ് മിഠായിത്തെരുവിന്റെ കഥ. ഗുജറാത്തി വ്യാപാരികൾ ധാരാളമായുണ്ടായിരുന്ന സ്ഥലമായിരുന്നു കോഴിക്കോട്. ഇന്നും ഗുജറാത്തി തെരുവും ഗുജറാത്തി സ്കൂളും എല്ലാം കോഴിക്കോട്ടുണ്ട്. ഗുജറാത്തികളുടെ പലഹാരമായിരുന്ന ഹ‌ൽ‌വ പൊതുജനങ്ങൾക്ക് കൂടി രുചിക്കാൻ സൌകര്യപ്പെടുന്ന വിധത്തിൽ ഹൽ‌വ കടകൾ തുടങ്ങാൻ സാമൂതിരി രാജാവ് ആവശ്യപ്പെടുകയും അങ്ങനെ ഇന്നത്തെ മിഠായിത്തെരുവിൽ കച്ചവടം ആരംഭിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

               മാംസം മുറിക്കുന്നപോലെ കത്തികൊണ്ട് ഹൽ‌വ മുറിക്കുന്നത് കണ്ട ഏതോ ഒരു വിദേശി ഇതിനെ മധുരമുള്ള മാംസം എന്നർത്ഥത്തിൽ Sweet Meat എന്ന് വിളിച്ചു. അങ്ങനെ Sweet Meat വിൽക്കുന്ന തെരുവ് Sweet Meat Street അഥവാ S M Street ആയി. ഇന്ന് ‌ഹൽ‌വ കടകൾക്കൊപ്പം മറ്റു നിരവധി ഷോപ്പുകളും പ്രവർത്തിക്കുന്ന മിഠായിത്തെരുവ് കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നാണ്.

               കേരളത്തിലെ ഏക പാർസി ആരാധനാലയമായ Parsi Anju Amman Baug സ്ഥിതി ചെയ്യുന്നതും മിഠായിത്തെരുവിലാണ്. ഏകദേശം 200 വർഷത്തോളം പഴക്കമുള്ളതാണ് ഈ ആരാധനാലയം. 

             2017 ഡിസംബറിൽ പുതുക്കിയ മിഠായിത്തെരുവ് ജനങ്ങൾക്കായി തുറന്ന് കൊടുത്തു. കല്ലുകൾ പാകി നവീകരിച്ച തെരുവിലൂടെ ഗതാഗതം പൂർണ്ണമായും വിലക്കി. പ്രായമായവരെ അങ്ങോട്ടും ഇങ്ങോട്ടും സൌജന്യമായി കൊണ്ടുപോകാനായി ഒരു ഇലക്ട്രിക് റിക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ തെരുവുകൾക്ക് സമാനമായ ഒരു കാഴ്ചയാണ് ഇന്ന് മിഠായിത്തെരുവിന്റെ മുഖം. മാനാഞ്ചിറ സ്ക്വയറിനോടടുത്തുള്ള പ്രവേശന മുഖത്ത് യാത്രക്കാർക്ക് വിശ്രമിക്കാനുള്ള വിവിധ തരം സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


Thursday, November 21, 2019

സിന്ധു മണ്ഡോദരി

“സിന്ധു ടീച്ചർ ഉടൻ അസംബ്ലിയുടെ മുൻ നിരയിലേക്ക് എത്തിച്ചേരേണ്ടതാണ് “ മൈക്കിലൂടെയുള്ള അനൌൺസ്മെന്റ് ഉയരുമ്പോൾ സ്കൂൾ വളപ്പിൽ കാർ പാർക്കിംഗിനുള്ള സ്ഥലം അന്വേഷിച്ച് കാറുമായി വട്ടം കറങ്ങുകയായിരുന്നു സിന്ധു ടീച്ചർ.

‘ഈ ജബ്ബാർ മാഷിനെക്കൊണ്ട് തോറ്റു…മാവേലി വരുന്ന പോലെയാ വരവ്… വരുന്ന അന്ന് ആ ജാംബവാൻ ശകടം, വിമാനം പാർക്ക് ചെയ്യുന്ന പോലെ ഒരേക്കർ സ്ഥലം കയ്യേറും…അടക്കി ഒതുക്കി പാർക്ക് ചെയ്യണം എന്ന് എത്ര പറഞ്ഞാലും….’ സിന്ധു ടീച്ചർ ആത്മഗതം ചെയ്തു. കിട്ടിയ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ടീച്ചർ വേഗം സ്റ്റാഫ് റൂമിലേക്കോടി. സീറ്റിൽ ബാഗ് വച്ച് കണ്ണാടിയിൽ നോക്കി പൌഡറും കുറിയും യഥാസ്ഥാനത്ത് തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തി അസംബ്ലി മൈതാനത്തേക്ക് വച്ച് പിടിച്ചു.ഓടുന്നതിനിടയിൽ അസംബ്ലിയിൽ പറയാനുള്ളത് ടീച്ചർ ഒന്ന് കൂടി ഓർമ്മിച്ചെടുത്തു….

’ടോപിന് പോകാൻ ടൂർ സ്കോറർക്കുള്ള 87 ബാച്ച് വക സമ്മാനം….ഛെ…തെറ്റിയല്ലോ…‘

‘ചെയർമാൻ വാട്സാപ്പിൽ അയച്ച് തന്നിരുന്നു….ഫോൺ ബാഗിനകത്തും ആയിപ്പോയി….ഛെ… ടോപ്സ്കോറർക്ക് പോകാൻ ടൂറിന്…. അമ്മേ… ഇതിന്ന് കൊളമാകുമല്ലോ…‘ സിന്ധ്ധു ടീച്ചർ ആത്മഗതം ചെയ്തു.

അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞ് ഹെഡ്മാസ്റ്റർ ഗീർവാണം വിടാൻ തുടങ്ങിയിരുന്നു.കുട്ടികളുടെ പിറകിൽ സിന്ധു ടീച്ചറുടെ തല കണ്ടതോടെ ഹെഡ്മാസ്റ്റർ പ്രധാന വിഷയത്തിലേക്ക് കടന്നു.

“ഇന്ന് നാം ഇവിടെ കൂടിയതിന് വലിയൊരു ഉദ്ദേശം കൂടിയുണ്ട്…നിങ്ങളുടെ എല്ലാവരുടെയും പ്രിയങ്കരിയായ അധ്യാപിക സിന്ധു ടീച്ചറുടെ….” ഹെഡ്മാസ്റ്റർ ഒന്ന് നിർത്തി. ഇന്നലെ വരെ സിന്ധു ടീച്ചർ സ്റ്റാഫ് റൂമിൽ പ്രത്യേകിച്ച് ഒന്നും പറയാത്തതിനാൽ ടീച്ചർമാരെല്ലാം പരസ്പരം നോക്കി. വലിയ എന്തോ ഒരു കാര്യം മൂടി വച്ചതിന് എല്ലാവർക്കും സിന്ധു ടീച്ചറോട്  പെട്ടെന്നൊരു അരിശം തോന്നി.

“….സിന്ധു ടീച്ചർ മുന്നോട്ട് വരൂ…“ ഹെഡ്മാസ്റ്റർ ടീച്ചറെ ക്ഷണിച്ചു.

“സിന്ധു ടീച്ചർ നമ്മുടെ സ്കൂളിൽ തന്നെ പഠിച്ച് ഇവിടെത്തന്നെ ജോലി നേടി ഇന്ന് സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് “ ഹെഡ്മാസ്റ്റർ സിന്ധു ടീച്ചറെ വാനോളം ഉയർത്തുമ്പോൾ സഹാദ്ധ്യാപികമാർ മുറുമുറുക്കാൻ തുടങ്ങി….’ പ്ഫൂ!! ഇവിടെ പഠിച്ചിട്ടും ഇവിടെ തന്നെ പഠിപ്പിക്കാനെത്തിയ വിഡ്ഢി കൂശ്മാണ്ഠം എന്നാ പറയേണ്ടത്…‘

“സിന്ധു ടീച്ചറുടെ പത്താം ക്ലാസ് കൂട്ടുകാർ ഏർപ്പെടുത്തിയ ഒരു അവാർഡ്… അതിനെപ്പറ്റി സിന്ധു ടീച്ചർ തന്നെ നിങ്ങളോട് സംസാരിക്കും…സ്നേഹപൂർവ്വം ടീച്ചറെ ക്ഷണിക്കുന്നു….” ഹെഡ്മാസ്റ്റർ പറഞ്ഞ് നിർത്തി.

“ ഹാവൂ….ഒരു വാണം കത്തിയമർന്നു…അടുത്ത വാണം ദേ ഇപ്പോ കത്താൻ തുടങ്ങും…“ അസംബ്ലിയിൽ നിന്ന് ആരോ പറഞ്ഞു.

“പ്രിയപ്പെട്ട കുട്ടികളേ….ഞാനീ സ്കൂളിൽ നിന്ന് SSC കഴിഞ്ഞ ഒരു വിദ്യാർത്ഥിനിയാണ്…“

“കൂയ് കൂയ്…SSLC ആണെന്ന് പോലും അറിയില്ല…കൂയ്…..കൂയ്” അസംബ്ലിയിൽ നിന്നും കൂകി വിളികൾ ഉയർന്നു.

“അല്ല…നിങ്ങൾ പറയുന്നതല്ല ശരി….ഞങ്ങളുടെ ബാച്ച് എസ്.എസ്.എൽ.സി ആയിരുന്നില്ല. എസ്.എസ്.സി ആയിരുന്നു.‘എല്‍’ ഇല്ലാത്തവര്‍. ഞങ്ങളുടെ കൂട്ടായ്മ കൂടിയാലോചിച്ച് പത്താം ക്ലാസിലെ മിടുക്കർക്ക് ഒരു ധനസഹായം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്…ഇക്കഴിഞ്ഞ ഓണപ്പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് ടോപ്സ്കോറർ പോകാനുള്ള സഹായം …“

“ഹ ഹ ഹാ….. ടോപ്സ്കോറർ പോകാനുള്ള സഹായമോ…?“ കുട്ടികൾ ആർത്ത് ചിരിച്ചു.

“സോറി…സോറി….ഏറ്റവും കൂടുതൽ ടൂർ പോയ കുട്ടിക്ക് ടോപ് സ്കോറർ ആകാനുള്ള സഹായം….” ടീച്ചർ തിരുത്തിപ്പറഞ്ഞു.

“ഹ ഹ ഹാ…പിന്നേം തെറ്റി..”

“ഷട്ട് അപ്…യൂ കണ്ട്രി ഫെലോസ്….” സിന്ധു ടീച്ചർ രോഷാകുലയായി.

“ഹ ഹ ഹാ….” കുട്ടികൾ പിന്നെയും ആർത്ത് ചിരിച്ചു.

“ബഹളം വയ്ക്കരുത്.... മിടുക്കിക്കുട്ടി റിയക്ക് ഞാനും എന്റെ കൂട്ടുകാരും ചേർന്ന് നൽകുന്ന സമ്മാനം…എന്തിനാ, എങ്ങിനാ എന്നൊന്നും ഇനി ചോദിക്കണ്ട…..നൽകാൻ വേണ്ടീ ഹെഡ്മാസ്റ്ററെ ആദരപൂർവ്വം ക്ഷണിക്കുന്നു. ഏറ്റു വാങ്ങാൻ റിയയെയും…….”

ഹെഡ്മാസ്റ്റർ കാഷ് അവാർഡ് നൽകി, പരിപാടി കഴിഞ്ഞപ്പോഴേക്കും ടീച്ചറുടെ നെറ്റിയിലെ കുങ്കുമപ്പൊട്ട് സാരിയില്‍ ചിത്രം വര തുടങ്ങിയിരുന്നു.

അലി അക്ബർ ഏലിയാസ് രാമചന്ദ്രൻ

             എന്റെ ആദ്യത്തെ സർക്കാർ ജോലിയിൽ ഡോക്ടർ ഒഴികെ മറ്റുള്ളവരുടെ എല്ലാവരുടെയും ശമ്പള ബില്ല് എഴുതുന്നത് ഞാൻ തന്നെയായിരുന്നു. ജോലിയിൽ കയറിയ ഉടൻ ആയതിനാൽ ഉരുട്ടി ഉരുട്ടി എഴുതി, സ്വന്തം ശമ്പളത്തിന്റെ വലിപ്പം മറ്റുള്ളവരുടെ ശമ്പളത്തിന്റെ വലിപ്പവുമായി തട്ടിച്ച് നോക്കാനും ബില്ലിന്റെ സൂക്ഷ്മ പരിശോധന നടത്താനും എല്ലാം അന്ന് വലിയ ആവേശമായിരുന്നു.

            സർവീസ് മാറി മാറി കോളേജിൽ എത്തിയപ്പോൾ ഞാന്‍ ഒരു ഗസറ്റഡ് ഓഫീസറായി.പണ്ട് ഡോക്ടർ സ്വന്തം ശമ്പളം മാത്രം എഴുതിയ പോലെ ഞാനും എന്റെ മാത്രം ശമ്പളം എഴുതുന്ന സ്വാർത്ഥനായി മാറി, അല്ല എന്നെ അങ്ങനെ മാറ്റി.അങ്ങനെ നിരവധി കടലാസുകൾ സ്ഥാനത്തും അസ്ഥാനത്തും ബലിയാടായി. എനിക്കായി ഒട്ടനവധി മരങ്ങൾ  ഭൂമിയുടെ ഏതൊക്കെയോ കോണിൽ രക്തസാക്ഷിത്വം വരിച്ചു

              അങ്ങനെ കാലചക്രം പലവട്ടം കറങ്ങി. കോഴിക്കോട് ആറ് വർഷം സേവനമനുഷ്ടിച്ച് ഞാൻ വീണ്ടും വയനാട് എഞ്ചിനീയറിംഗ് കോളേജിൽ എത്തി. മല ഇറങ്ങിയ പണ്ടത്തെ സഹപ്രവർത്തകർ പലരും വീണ്ടും മല കയറി തിരിച്ചെത്തി. എന്റെ ജില്ലക്കാരനായ അലി അക്ബറ് സാറും, ഞാൻ എത്തി ഒരു വർഷം കഴിഞ്ഞ് ശ്രീകൃഷ്ണപുരത്ത് നിന്നും വയനാട്ടിൽ തിരിച്ചെത്തി. ഔദ്യോഗിക ഫോർമാലിറ്റികൾ പലതും പൂർത്തിയാക്കാനുള്ളതു കൊണ്ട് സ്ഥലം മാറ്റം കിട്ടി വരുന്നവർക്ക് മിക്കവാറും ശമ്പളം കിട്ടുന്നത് ഒന്നോ രണ്ടോ മാസം കഴിഞ്ഞായിരിക്കും. അലി അക്ബർ സാർക്കും ആ പതിവ് മാറിയില്ല.

             ട്രഷറി അക്കൌണ്ട് പാലക്കാട് നിന്നും വയനാട്ടിലേക്ക് മാറ്റാത്തതുകൊണ്ട് ജൂലൈ മാസവും ശമ്പളമില്ല എന്ന് അക്ബർ സാറ് മനസ്സിൽ ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാലും സർക്കാർ ജീവനക്കാരനല്ലേ ,  ഒരു ശീലം പോലെ സ്പാർക്ക് അക്കൌണ്ട് വെറുതെ തുറന്നു നോക്കാൻ ഒരു ജിജ്ഞാസ ഉണ്ടായി. പരിചയം പുതുക്കാനാണ് തുറന്നതെങ്കിലും സാലറി ഡീറ്റയിത്സ് കണ്ട് അലി സാർ ഞെട്ടിപ്പോയി.ജൂലായിലെ ശമ്പളം ആഗസ്റ്റ് 11ന് സാറെ അക്കൌണ്ടിൽ എത്തിയിട്ടുണ്ട് ! ശമ്പളത്തിന്റെ കാര്യത്തിൽ അന്നു വരെ ഒരു പേപ്പറും നീക്കിയിട്ടില്ലാത്തതിനാൽ അലി സാർ ചിന്താവിഷ്ടനായി. എങ്ങനെ ആലോചിച്ചിട്ടും ഒരു പിടിയും കിട്ടാത്തതിനാൽ ശമ്പള ബിൽ തയ്യാറാക്കുന്ന ഓഫീസ് ക്ലർക്ക് റോയിയെ സമീപിച്ചു. സംഗതി ശരിയാണ് - ബിൽ പാസായിട്ടുണ്ട്, പാലക്കാട് നിന്നും വയനാട്ടിലേക്ക് ഇതുവരെ വരാത്ത അക്കൌണ്ടിലേക്ക് പണം പോയിട്ടും ഉണ്ട് !

             സംഗതി നമ്മളൊക്കെ കമ്പ്യൂട്ടർ സയൻസ് അറിയുന്നവരാണെങ്കിലും എല്ലാം ഓൺലൈനാക്കുമ്പോൾ ഉണ്ടാകുന്ന ഇതുപോലെയുള്ള അനുഭവങ്ങൾ തലയിൽ ഇടിത്തീ വീഴ്ത്തും. ശമ്പളം പോയ വഴി അന്വേഷിച്ച് പോയില്ലെങ്കിൽ രണ്ട് മാസത്തെ ശമ്പളം ഗോപി ആയത് തന്നെ. പാസ്സായ ബിൽ സംബന്ധമായ വിവരങ്ങൾ എല്ലാം ശേഖരിച്ച് അലി സാർ വേഗം ട്രഷറിയിൽ എത്തി പരിശോധിച്ചപ്പോൾ ഞെട്ടലിന്റെ വോൾട്ടത വീണ്ടും കൂടി. അലി അക്ബറിന്റെ ശമ്പളം ക്രെഡിറ്റ് ചെയ്തിരിക്കുന്നത് ഒരു രാമചന്ദ്രന്റെ അക്കൌണ്ടിലേക്ക് ! കാരണം മറ്റൊന്നുമല്ല , സാറിന്റെ പാലക്കാട്ടെ  അക്കൌണ്ട് നമ്പറും വയനാട്ടിലെ രാമചന്ദ്രന്റെ അക്കൌണ്ട് നമ്പറും ഒന്നായിരുന്നു!പൊട്ടൻ കമ്പ്യൂട്ടറിനുണ്ടോ അക്കൌണ്ട് നമ്പറിൽ നിന്ന് അക്ബറിനെയും രാമചന്ദ്രനെയും തിരിച്ചറിയുന്നു.

              കാശ് കൂട് വിട്ട് കൂട് മാറിപ്പോയി എന്നുറപ്പായതിനാൽ ട്രഷറി അധികൃതരും പ്രതിസന്ധിയിലായി. ട്രഷറിയിൽ നിന്ന് തന്നെ നമ്പർ തപ്പിയെടുത്ത് ഫോൺ വിളിച്ചപ്പോൾ, രാമചന്ദ്രൻ പാൽ‌വെളിച്ചം സ്വദേശി ആണെന്നും റിട്ടയേഡ് ഹെഡ്‌മാസ്റ്റർ ആണെന്നും മനസ്സിലായി. എന്തോ ഭാഗ്യത്തിന് അദ്ദേഹം അപ്പോൾ മാനന്തവാടിയിൽ തന്നെ ഉണ്ടായിരുന്നു. ട്രഷറി ഓഫീസറുടെ നിർദ്ദേശ പ്രകാരം അദ്ദേഹം ട്രഷറിയിൽ എത്തി. ഓഫീസർ അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചു. ചെക്ക് ബുക്ക് അന്ന് അദ്ദേഹത്തിന്റെ കയ്യിലില്ലായിരുന്നു.പുതിയ ചെക്ക് ബുക്ക് വാങ്ങി, അലി സാറുടെ ശമ്പളം എഴുതിയ ചെക്ക്, സാറിന്റെ കയ്യിൽ ഏല്പിച്ച് അദ്ദേഹം തിരിച്ചു പോയി.

               പെട്ടെന്ന് മനസ്സിൽ ഓടിയെത്തിയത് ഇതിന്റെ നേർ വിപരീതമായ ഒരു സംഭവമാണ്. തിരുവനന്തപുരം SUT ആശുപത്രിയുടെ അടുത്തെത്തി ആശുപത്രിയിലേക്ക് വഴി ചോദിച്ചപ്പോൾ നേരെ എതിർദിശയിലേക്ക് തിരിച്ചു വിട്ട അനുഭവം. അർഹതപ്പെടാത്തത് വേണ്ട എന്ന് തീരുമാനിക്കുന്ന രാമചന്ദ്രൻ മാഷെപ്പോലെയുള്ള നന്മ‌മരങ്ങൾ ഇനിയും ഇനിയും വളർന്ന് വരട്ടെ.

Saturday, November 16, 2019

കള്ളനും പോലീസും

          കള്ളനും പോലീസും എന്നും ഒരുമിച്ചാണ് സഹവാസം. സിനിമയുടെ പേരിലായാലും കളിയുടെ പേരിലായാലും യഥാർത്ഥ ജീവിതത്തിലായാലും കാർട്ടൂൺ-സീരിയൽ രംഗത്തായാലും ഒക്കെ ഈ വഴിപിരിയാത്ത കൂട്ടുകെട്ട് കാണാം.
            എന്റെ കുട്ടിക്കാലത്തെ ഒരു നാടൻ കളിയുടെ പേരായിരുന്നു കള്ളനും പോലീസും. കളിയിൽ ഒരു കള്ളനേ ഉണ്ടാകാറുള്ളൂ. അവനെ പിടിക്കാൻ നിരവധി പോലീസുകാരുണ്ടാകും (ഔദ്യോഗിക സംവിധാനം ഒന്നും അറിയാത്ത അന്ന് കള്ളൻ ഒന്നു മതി എന്നും അവനെ പിടിക്കാൻ കുറെ പോലീസ് വേണമെന്നും പറഞ്ഞത് ആരാണാവോ?).
            കള്ളൻ ആകാൻ പലരും താല്പര്യപ്പെടാറില്ല.കാരണം പോലീസിന്റെ അടുത്ത് നിന്ന് നല്ല തല്ല് കിട്ടും എന്നത് തന്നെ. പക്ഷേ കായബലവും വേഗതയും ഉള്ളവർ സ്വയം കള്ളന്മാരായി മുന്നോട്ട് വരാറും ഉണ്ട്. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ ഒന്ന് മുതൽ പത്ത് വരെ എണ്ണിയോ വിരൽ പൊട്ടിച്ച് അതിൽ പിടിപ്പിച്ചോ മറ്റോ ഒക്കെയാണ് കള്ളനെ തീരുമാനിക്കുക.
            കള്ളൻ നിരായുധനായി എവിടെയെങ്കിലും നിൽക്കും. കമ്യൂണിസ്റ്റ് അപ്പയുടെ ഇലയോട് കൂടിയ തണ്ടുമായി കുറെ പോലീസുകാരും ഉണ്ടാകും. കള്ളന്റെ പിന്നാലെ ഓടി കയ്യിലെ തണ്ടു കൊണ്ട് കള്ളനെ തല്ലുക എന്നതാണ് പോലീസിന്റെ പണി. തല്ലി തല്ലി ഇലയെല്ലാം പൊഴിഞ്ഞ് തണ്ട് മാത്രമായാലും ചില പോലീസുകാർ വടി മാറ്റില്ല. അത്തരം വടി കൊണ്ട് അടി കിട്ടിയാൽ പിന്നെ കള്ളനും പോലീസും തമ്മിൽ വാക് തർക്കം തുടങ്ങും. അത് കയ്യാങ്കളിയിൽ എത്തുന്നതോടെ കളി പിരിച്ചു വിടും.
             യു.പി സ്കൂളിൽ പഠിച്ചിരുന്ന കാലത്ത്, പുഴവയ്ക്കത്ത് മണ്ണ് തുരന്ന് ഗുഹ പോലെ ആക്കാൻ സാധിക്കുമായിരുന്നു. അത്തരം ഗുഹകളെ ജയിൽ ആയി സങ്കൽപ്പിക്കും. പിടിക്കപ്പെട്ട കള്ളന്റെ കൈ കമഴ്ത്തിപ്പിടിച്ച് അതിൽ കല്ല് കയറ്റി വയ്ക്കുന്ന ശിക്ഷാരീതിയും അന്ന് ഉണ്ടായിരുന്നു. കള്ളന് കാവൽ നിന്ന പോലീസ് നായയുടെ വേഷവും ഒരിക്കൽ കളിയിൽ എനിക്ക് കിട്ടിയിരുന്നു! കള്ളൻ എത്ര ശക്തനാണെങ്കിലും അന്ന് ജയിൽ ചാടാൻ പറ്റുമായിരുന്നില്ല.ജയിൽ ചാടിയാല്‍ കളിയിൽ നിന്നും പുറത്താക്കും.
             ഇന്നും കുട്ടികൾ കള്ളനും പോലീസും കളിക്കുന്നുണ്ട്. ഓടാനും പിടിക്കാനും ഒക്കെ മടി ആയതിനാൽ തടി അനങ്ങാത്ത കളിയാണെന്ന് മാത്രം. തുണ്ട് പേപ്പറിൽ രാജാവ് , പോലീസ്, മന്ത്രി, കള്ളൻ,ഭടൻ എന്നൊക്കെ എഴുതി അതിൽ നിന്ന് ഓരോന്ന് എല്ലാവരും എടുക്കും. പോലീസ് എന്ന നറുക്ക് കിട്ടുന്നവൻ ബാക്കി എല്ലാവരുടെയും നറുക്കുകൾ ഏതെന്ന് കൃത്യമായി പറയണം. കിട്ടിയ നറുക്കുകൾക്ക് അനുസരിച്ച് ഓരോരുത്തരുടെയും പോയന്റ് എഴുതി വയ്ക്കും. കള്ളനെ കൃത്യമായി പറഞ്ഞാൽ പോലീസിന് ബോണസ് പോയിന്റും കിട്ടും. കൃത്യമായി പറയാൻ സാധിച്ചില്ലെങ്കിൽ പോലീസിന്റെ പോയിന്റ് കള്ളന് കിട്ടും . കള്ളന്റെ “പൂജ്യം” പോലീസിനും.
                ഞങ്ങളുടെ കുട്ടിക്കാലത്ത് ഔട്ട്‌ഡോര്‍ ഗെയിം ആയിരുന്ന കള്ളനും പോലീസും ഇന്‍‌ഡോര്‍ ഗെയിം ആയതോടെ നല്ലൊരു വ്യായാമാവസരം കൂടി നഷ്ടമായി.

Wednesday, November 13, 2019

ചെമ്പകക്കൊമ്പിലെ പ്യൂപ്പ

          ബൂലോകത്ത് ഞാൻ പിച്ച വച്ച് നടക്കുന്ന കാലത്തേ കൂട്ടിന് കിട്ടിയ അയൽനാട്ടുകാരനായിരുന്നു ബ്ലോഗർ ഫൈസൽ കൊണ്ടോട്ടി. രണ്ട് തവണ ഫൈസലിന്റെ വീട്ടിൽ പോയി ആ ബന്ധം ഒന്നുകൂടി ഊഷ്മളമാക്കി അന്നേ ഉറപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫൈസലിന്റെ പ്രവാസ ജീവിതത്തിലെ ഒഴിവുകളും എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒഴിവുകളും റെയിൽ പാളങ്ങൾ കണക്കെ കൂട്ടിമുട്ടാതെ പോയതിനാൽ , നേരിട്ട് കണ്ടിട്ട് നാളേറെയായി.

            അങ്ങനെയിരിക്കെയാണ് ഫൈസലിന്റെ ആദ്യനോവൽ ‘ചെമ്പകക്കൊമ്പിലെ പ്യൂപ്പ‘യെപ്പറ്റി ഞങ്ങളുടെ കോളേജിലെ അദ്ധ്യാപകൻ കൂടിയായിരുന്ന കെ.ഇ.എൻ സാർ ഒരു കുറിപ്പ് എഴുതിയത് ശ്രദ്ധയിൽ പെട്ടത്.അതിന്റെ ഏതാനും ദിവസങ്ങൾ മുമ്പ് ഡി.സി ബുക്സും മാതൃഭൂമി ബുക്സും സന്ദർശിച്ചപ്പോൾ ഈ നോവൽ ശ്രദ്ധയിൽ പെടാതിരുന്നത് എന്തുകൊണ്ട് എന്ന് ഞാൻ ആലോചിച്ചു. ഫൈസലിനോട് തന്നെ അന്വേഷിച്ചപ്പോഴാണ് പുസ്തകം 2019 ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ എട്ടിന് പ്രകാശനം ചെയ്യൂ എന്ന് അറിഞ്ഞത്.   
               ‘ചെമ്പകക്കൊമ്പിലെ പ്യൂപ്പ‘ എന്ന നോവല്‍ ഏതൊരാളും ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കും എന്ന് തീര്‍ച്ചയാണ്.ആഫ്രിക്കയിലെ  വോള്‍സാന എന്ന സാങ്കല്പിക രാജ്യത്തിന്റെ തലസ്ഥാനമായ നൊബറ്റ്സിയയില്‍ ഉന്നത പഠനത്തിന് പോകുന്ന ദളിത് വിദ്യാര്‍ത്ഥിനി രജനിയുടെ , ജീവിതത്തോടുളള പടവെട്ടല്‍ വായനക്കാരില്‍ ആകാംക്ഷ നിറച്ചു കൊണ്ട് വളരെ ഹൃദ്യമായിത്തന്നെ ഫൈസൽ അവതരിപ്പിക്കുന്നു. ഒരു പ്യൂപ്പയുടെ ജീവിതഘട്ടങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധികളോട് താരതമ്യം ചെയ്തു കൊണ്ടുളള നോവലിന്റെ പുരോഗതി പുതിയൊരു വായനാനുഭവം സമ്മാനിക്കുന്നു. ഉന്മൂലനം ചെയ്യപ്പെട്ട ജാതിചിന്തകള്‍ ഫണം വിടര്‍ത്തിയാടുന്ന ആധുനിക ലോകത്തെയും നോവല്‍ വരച്ച് കാണിക്കുന്നു. ഒപ്പം നിരവധി സമകാലിക സംഭവങ്ങളും പ്രാദേശിക ചരിത്രവും സമര്‍ത്ഥമായി കോര്‍ത്തിണക്കിയിരിക്കുന്നു. ജാതി ചിന്ത ഉണ്ടാക്കുന്ന ഉച്ച നീചത്വങ്ങള്‍ക്കെതിരെയുളള ഒരു പെണ്‍പോരാട്ടത്തിന്റെ കഥ പറയുന്ന ചെമ്പകക്കൊമ്പിലെ പ്യൂപ്പ വായനക്കാര്‍ ഹൃദയത്തോട് ചേര്‍ക്കും. ഗ്രീൻ ബുക്സിന്റെ നോവൽ മത്സരത്തിൽ പ്രോത്സാഹാനാർത്ഥം പരിഗണിക്കപ്പെട്ട കൃതിയാണിത് എന്നത് അതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.
               പ്രകാശനത്തിന് മുമ്പെ തന്നെ പുസ്തകം എനിക്ക് തപാലിൽ കിട്ടി. പുസ്തകത്തിന്റെ മേൽ പറഞ്ഞ വായനാനുഭവം വീഡിയോ രൂപത്തിൽ ഞാൻ ഫൈസലിന് നൽകി. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അത് പ്ലേ ചെയ്യാം എന്ന് ഫൈസൽ പറയുകയും ചെയ്തു. കാണിച്ചോ ഇല്ലേ എന്നറിയില്ല.
              ചെന്നൈ ഐ.ഐ.ടി യിൽ ഇക്കഴിഞ്ഞ ദിവസം മരിച്ച ഫാത്തിമ ലതീഫും ജാതി മത വേർതിരിവിന്റെ ഇരയായിരുന്നു എന്ന് കേൾക്കുമ്പോൾ ഫൈസലിന്റെ നോവൽ വീണ്ടും സാമൂഹ്യ പ്രസക്തമായി മാറുന്നു.


പുസ്തകം         : ചെമ്പകക്കൊമ്പിലെ പ്യൂപ്പ 
രചയിതാവ്  :  ഫൈസല്‍ കൊണ്ടോട്ടി
പ്രസാധകര്‍  : ഗ്രീന്‍ ബുക്സ്
പേജ്                 : 208
വില                 : 245 രൂപ

Saturday, November 09, 2019

രക്തദാനം നമ്പര്‍ 14

           ഞാൻ ജോലി ചെയ്യുന്നത് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ. അനിയൻ ജോലി ചെയ്യുന്നത് ഫാറൂഖ് ട്രെയിനിംഗ് കോളേജിലും. അതായത് രണ്ട് പേരും കോഴിക്കോട് ജില്ലയിൽ (മറ്റൊരു അനിയൻ കോഴിക്കോട് ജില്ലാ എം‌പ്ലോയ്‌മെന്റ് ഓഫീസറായും ജോലി ചെയ്യുന്നു). പക്ഷേ ഇന്നലെ സാമൂഹിക സേവന രംഗത്ത് ഒരുമിച്ച് ഒരു പ്രവർത്തനം നടത്താൻ ഞങ്ങൾക്ക് ഒരവസരം കിട്ടി.
            ഞാൻ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് ആയിരുന്നു പ്രസ്തുത വേദി. ഈയിടെ രൂപീകരിച്ച ഞങ്ങളുടെ എസ്.എസ്.സി കൂട്ടായ്മയുടെ ഒരു സാമൂഹ്യ പ്രവർത്തനം എന്ന നിലക്ക് അതിന്റെ ചെയർമാനായ ഞാനും സഹപാഠികളായ ഷാഹിദ് , ജാഫർ, ഷുകൂർ,അബ്ബാസ്, രാധാകൃഷ്ണൻ എന്നിവരും രക്തദാനത്തിനായി സ്കൂളിലെത്തി. ക്യാമ്പിന്റെ സംഘാടന സഹായം നൽകിയത് അരീക്കോട് സൌഹൃദം ക്ലബ്ബ് ആയിരുന്നു. അതിന്റെ പ്രെസിഡണ്ട് ആകട്ടെ എന്റെ അനിയൻ ഡോ.അഫീഫ് തറവട്ടത്തും.
              ഞാൻ എന്റെ ജീവിതത്തിലെ പതിനാലാമത് രക്തദാനം നിർവ്വഹിക്കുമ്പോൾ തൊട്ടടുത്ത ബ്ലീഡിംഗ് ടേബിളിൽ അനിയൻ അവന്റെ മുപ്പത്തിഅഞ്ചാമത്തെ ദാനവും നടത്തുന്നുണ്ടായിരുന്നു.

Monday, November 04, 2019

സൌഹൃദം പൂക്കുന്ന വഴികള്‍ - 6

                     2018 മാർച്ച് മാസത്തിലാണ് ഉന്നത് ഭാരത് അഭിയാൻ (UBA) എന്ന ഒരു പദ്ധതിയുടെ പ്രൊജക്ട് കൺസൽട്ടന്റായി വയനാട് പുൽപ്പള്ളി സ്വദേശി ശീതൾ മേരി ജോസ് എന്റെ കോളേജിൽ താൽക്കാലിക നിയമനം നേടുന്നത്. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എനിക്ക് UBA യുടെ പ്രവർത്തനത്തിലും മോശമല്ലാത്ത ഒരു റോൾ ലഭിച്ചു. UBAയുടെ ഫണ്ട് ഉപയോഗിച്ച് NSS സഹകരണത്തോടെ നടത്തുന്ന പരിപാടികളുടെ റിപ്പോർട്ടുകൾ തയ്യാറാക്കുക എന്ന ജോലിയായിരുന്നു ശീതളിന്റെ പ്രധാന കർത്തവ്യം. അതിനാൽ തന്നെ എന്റെ തൊട്ടടുത്ത സീറ്റും അവൾക്ക് കിട്ടി.
                 ഏപ്രിൽ - മെയ് അവധിയായതിനാൽ ഞാൻ പിന്നെ ജൂണിലാണ് കോളേജിൽ പോയത്.സ്ഥലം മാറ്റം കിട്ടിയതോടെ ജൂൺ ആദ്യവാരത്തിൽ തന്നെ ഞാൻ വയനാട് വിട്ടു. വെറും ഒരു മാസത്തെ പരിചയം മാത്രമേ ഉള്ളൂവെങ്കിലും ആ വേർപിരിയൽ ശീതളിനും എനിക്കും ഏറെ പ്രയാസകരമായി തോന്നി. ഇടക്കെപ്പോഴുമെങ്കിലുള്ള ഫോൺ വിളിയിൽ പിന്നീടും ആ സൌഹൃദം നിലനിന്നു പോയി. എങ്കിലും അവളുടെ കല്യാണം ആയപ്പോൾ കോളേജിൽ നിന്നും ക്ഷണിക്കപ്പെട്ട ഒരു കയ്യിൽ എണ്ണാവുന്നവരിൽ ഒന്നാമൻ ഞാൻ തന്നെയായി. അങ്ങനെ ഇക്കഴിഞ്ഞ ശനിയാഴ്ച വരന്റെ നാടായ കണ്ണൂർ, ചൊവ്വയിൽ ആ മംഗള കർമ്മം നടന്നു.
               1998ൽ MScക്ക് തളിപ്പറമ്പ് പഠിക്കുന്ന കാലത്ത് കണ്ണൂർ പരിചയമുണ്ടായിരുന്നെങ്കിലും, കാലം ആ ഓർമ്മകൾ മിക്കവാറും തേച്ചുമാച്ചിരുന്നു. അതിനാൽ തന്നെ സ്ഥലത്തെപ്പറ്റിയും മറ്റും ഒരു ധാരണയുണ്ടാക്കാൻ 1994ൽ PGDCAക്ക് ഒരുമിച്ച് പഠിച്ച കണ്ണൂർകാരി ബിന്ദു മാധവന് ഒരു വാട്സാപ് സന്ദേശം നൽകി. അവൾ ചൊവ്വയിലാണ് ജോലി ചെയ്യുന്നത് എന്ന് ധരിച്ചാണ് സന്ദേശം നൽകിയത്.വഴി കൃത്യമായി പറഞ്ഞ് തന്നതിനൊപ്പം ബിന്ദു അവളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. 12 മണി മുതൽ 4 മണി വരെ അവൾക്ക് PSC എക്സാം ഡ്യൂട്ടി ഉണ്ടെന്നും കൂടി പറഞ്ഞതോടെ 25 വർഷത്തിന് ശേഷമുള്ള ആ കൂടിക്കാഴ്ച നടക്കില്ല എന്ന്  തീരുമാനമായി.
              പക്ഷെ , ദൈവഹിതം മറ്റൊന്നായിരുന്നു. ഞാൻ വണ്ടി കയറി അല്പം കഴിഞ്ഞ് ബിന്ദു വീണ്ടും എന്നെ വിളിച്ചു. അവളുടെ ഡ്യൂട്ടി മറ്റാർക്കോ നൽകി എന്നും, കല്യാണവുമായി ബന്ധപ്പെട്ട് എന്റെ പരിപാടികൾ കഴിയുമ്പോൾ വിളിക്കണം എന്നും ഓഡിറ്റോറിയത്തിൽ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോകാമെന്നും പറഞ്ഞപ്പോൾ 25 വർഷത്തെ ഗ്യാപ് 25 സെക്കന്റ് കൊണ്ട് ഇല്ലാതായി.
            കല്യാണ ചെക്കനെയും പെണ്ണിനെയും കണ്ട് ഭക്ഷണവും കഴിച്ച് കഴിഞ്ഞപ്പോഴേക്കും സമയം രണ്ട് മണിയോട് അടുത്തിരുന്നു. ഇതിനിടയിൽ തന്നെ ബിന്ദു എന്നെ വിളിക്ക്കുകയും ചെയ്തിരുന്നു. അവൾ ആവശ്യപ്പെട്ട പോലെ ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങുന്നതിന്റെ മുമ്പ് ഞാൻ അവൾക്ക് ഫോൺ ചെയ്തു. കോരിച്ചൊരിയുന്ന പേമാരിയിൽ ബിന്ദു പെട്ടെന്ന് വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ബട്ട് , പേമാരിയെയും വെള്ളക്കെട്ടിനെയും ബ്ലോക്കിനെയും മറികടന്ന് 10 മിനുട്ടിനുള്ളിൽ കാറുമായി ബിന്ദു എത്തി. ഞാനും ഹാഷിറും കാറിൽ കയറി ചൊവ്വ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. യാത്രയിലുടനീളം പഴയ സുഹൃത്തുക്കളും എന്റെ കണ്ണൂർ കലാലയ ദിനങ്ങളും മറ്റും മറ്റും സംസാര വിഷയമായി.
            ആറ് കിലോമീറ്ററോളാം യാത്ര ചെയ്ത് കാറ് ഒരു വലിയ വീടിന് മുന്നിൽ നിർത്തി. പല സുഹൃത്തുക്കളുടെയും വീട്ടിൽ പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് എന്റെ ഓർമ്മയിൽ വരുന്നില്ല. ചെടികളും മരങ്ങളും പുൽതകിടിയും കൊണ്ട് ഹരിതാഭമായ ഒരു വീട്. അതിവിശാലമായ പൂമുഖത്തെ അലങ്കരിക്കുന്നത് വെർട്ടിക്കൽ റോസ് ഗാർഡനും ഓർക്കിഡ് ചെടികളും മറ്റ് അലങ്കാര ചെടികളും. മാഗസിനുകളിൽ കണ്ട് മാത്രം പരിചയമുള്ള ഒരു വീട് ഞാൻ നേരിട്ട് അനുഭവിക്കുന്ന പോലെ.
           നല്ലൊരു ആപ്പിൾ ജ്യൂസും നട്‌സും തന്ന് ബിന്ദു ആതിഥേയത്വവും അവിസ്മരണീയമാക്കി. വീട്ടിലെ മുഴുവൻ റൂമുകളും കാണിച്ച് തരാനും ബിന്ദു മടി കാണിച്ചില്ല. എനിക്ക് നമസ്കരിക്കണം എന്ന് പറഞ്ഞപ്പോൾ മാസ്റ്റർ ബെഡ്‌റൂമിൽ തന്നെ പായ വിരിച്ച് തന്നത് മനസ്സിൽ എന്നും മായാതെ നിലനിൽക്കും. ഏകദേശം ഒരു മണിക്കൂർ ഞങ്ങൾ അവിടെ ചെലവഴിച്ചു.
            ഒരു കാലത്ത് ചെടികൾ എനിക്കൊരു വീൿനെസ്സ് ആയിരുന്നു. എവിടെപ്പോയാലും എന്റെ വീട്ടിലില്ലാത്ത ചെടി കണ്ടാൽ അതിന്റെ കൊമ്പോ തൈയോ വിത്തോ ചോദിച്ച് വാങ്ങലും അത് നട്ട് വളർത്തിയുണ്ടാക്കലും ഒരു ഹോബി തന്നെയായിരുന്നു. ഇന്നും എന്റെ മുറ്റത്തെ ചെടികൾ പലതും പല സുഹൃത്തുക്കളെയും ഓർമ്മിക്കാൻ കൂടി ഉതകുന്നതാണ്. ഡിഗ്രിക്ക് കൂടെ പഠിച്ചിരുന്ന മഞ്ചേരിക്കാരൻ രജീഷിന്റെയും പി.ജി ക്ക് കൂടെ പഠിച്ചിരുന്ന തളിപ്പറമ്പുകാരി സബിതയുടെയും വീട്ടിൽ നിന്ന് പതിനഞ്ച് കൊല്ലങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന ചെടികൾ ഇന്നും എന്റെ വീടിനെ അലങ്കരിക്കുന്നു. ബിന്ദുവിനോടും ഞാൻ ഈ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ ഒരു തോട്ടം ഉണ്ടാക്കാനുള്ള അത്രയും നിമിഷങ്ങൾക്കകം മുന്നിലെത്തി !
               മടക്കയാത്രയും ട്രെയിനിലാണ് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്. വീണ്ടും ഞങ്ങളെ സ്റ്റേഷനിൽ എത്തിക്കാൻ ബിന്ദു കാറെടുത്തു. സമയം പിന്നെയും ധാരാളം ഉള്ളതിനാൽ ബിന്ദുവിന്റെ ഹസ്ബന്റ് നടത്തുന്ന പാരലൽ കോളേജ് സന്ദർശിക്കാൻ അവൾ ക്ഷണിച്ചു. അനിയേട്ടൻ ഉണ്ടെങ്കിൽ കാണാമെന്നും കൂടി പറഞ്ഞപ്പോൾ ആ ക്ഷണവും ഞങ്ങൾ സ്വീകരിച്ചു.
              കണ്ണൂർ പഴയ ബസ് സ്റ്റാന്റിനോട് ചേർന്നുള്ള കോളേജ് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനത്തിന് മുന്നിൽ ബിന്ദു കാർ നിർത്തി. അകത്ത് പ്രവേശിച്ചതു മുതൽ എന്റെ അമ്പരപ്പ് ആരംഭിച്ചു. ഒരു പാരലൽ കോളേജ് ഇത്രയും വലിയ സെറ്റപ്പിൽ. ചെറിയൊരു ട്യൂഷൻ സെന്ററായി ആരംഭിച്ച് ഇന്ന് 5000 ത്തിലധികം കുട്ടികൾ പഠിക്കുന്ന വലിയൊരു സ്ഥാപനമായി വളർന്നതിന്റെ പിന്നിലുള്ളത് അർപ്പണ ബോധവും കഠിനാധ്വാനവും മാത്രം. ചെയർമാൻ കൂടിയായ ബിന്ദുവിന്റെ അനിയേട്ടൻ ഒരു ഘനഗംഭീരൻ ആയിരിക്കും എന്ന് സ്വാഭാവികമായും ഞാൻ പ്രതീക്ഷിച്ചു. തൊട്ടടുത്ത് നിർമ്മിക്കുന്ന പുതിയ നാലുനില കെട്ടിടം കണ്ട് മടങ്ങുമ്പോൾ അനിയേട്ടൻ അവിടെ എത്തി.
കടപ്പാട് : ഗൂഗിൾ
               പരിചയപ്പെട്ട് അടുത്ത നിമിഷം തന്നെ ഞാൻ ആ നല്ല മനസ്സിന്റെ ആരാധകനായി.അതിഥികളായ ഞങ്ങളോടും സ്ഥാപനത്തിലെ മറ്റു സ്റ്റാഫിനോടും പുതിയ കെട്ടിടത്തിന്റെ പണിക്കാരോടും എല്ലാം വളരെ നർമ്മത്തോടെയുള്ള സംഭാഷണം അദ്ദേഹത്തിന്റെ ഉയരം എന്റെ മനസ്സിൽ വീണ്ടും വീണ്ടും വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ചെയർമാന്റെ കാബിനകത്തെ ട്രോഫികൾ സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും വിളിച്ചോതി. തമാശയായിട്ടാണേങ്കിലും (!) ഉയർച്ചയെല്ലാം  ബിന്ദുവിന്റെ വരവോടെയാണെന്ന് പറയാനും അനിയേട്ടൻ കാണിച്ച മനസ്സ് അഭിനന്ദനം അർഹിക്കുന്നു.
              ചായ സൽക്കാരം കൂടി കഴിഞ്ഞ് അഞ്ചുമണിയുടെ ട്രെയിൻ പിടിക്കാൻ ധൃതിയിൽ ഇറങ്ങുമ്പോഴാണ് ഹാഷിർ എന്തോ തിരയുന്നത് കണ്ടത്.അവന്റെ  ചെരിപ്പ്  ആരോ മാറി ഇട്ട് പോയിരിക്കുന്നു. ഓഫീസിൽ നിന്നും അപ്പോൾ ഇറങ്ങിപ്പോയ ഏതാനും സ്റ്റാഫുകളെ വിളിച്ച് അനിയേട്ടൻ തന്നെ, കാലിലെ ഷൂ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഒപ്പം സ്റ്റാഫിൽ ഒരാളെ തൊട്ടടുത്ത ചെരിപ്പ് കടയിലേക്ക് പറഞ്ഞ് വിട്ട് കുറച്ചെണ്ണം അർജന്റ് ആയി ഡിസ്‌പ്ലേ ചെയ്യാനും. തൽക്കാലം ഇടാനായി നല്ലൊരു ചെരിപ്പ് ഹാഷിറിന് വാങ്ങിക്കൊടുത്ത് സ്വന്തം വണ്ടിയിൽ ഞങ്ങളെ കയറ്റുമ്പോൾ സമയം 4.50 ആയിരുന്നു.
             ടിക്കറ്റ് എടുത്തിട്ടില്ലാത്തതിനാൽ സ്റ്റേഷനിൽ എത്താനും ടിക്കറ്റ് എടുക്കാനും കൂടിയുള്ള സമയം ഇല്ലായിരുന്നു. അതിനും പരിഹാരം ഉടനടിയുണ്ടായി.ട്രെയിനിന് പോകുന്ന കോളേജിലെ ഏതോ സ്റ്റാഫിനെ വിളിച്ച് അവർ ടിക്കറ്റ് എടുക്കുമ്പോൾ രണ്ട് കോഴിക്കോട് ടിക്കറ്റ് കൂടി എടുക്കാൻ ഏർപ്പാടാക്കി. അവരുടെ ട്രെയിൻ പോകുന്നതിന് മുമ്പ് ഞങ്ങൾ എത്തുമോ എന്നതായി അടുത്ത പ്രശ്നം. സ്റ്റേഷനിൽ എത്തിയതും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന പ്രസ്തുത സ്റ്റാഫിനേയും തേടി ബിന്ദു ഇറങ്ങി ഓടി.ആൾക്കൂട്ടത്തിനിടയിൽ നിന്ന് അയാളെ കണ്ടെത്തി ടിക്കറ്റ് ഞങ്ങൾക്ക് കൈമാറുമ്പോൾ ഞാൻ വീണ്ടും ആ നല്ല മനസ്സുകളെ നമിച്ചു. സൌഹൃദം വളരെ വളരെ ഹൃദ്യമായ ഒരനുഭവം തന്ന ഒരു ദിവസം കൂടി എന്റെ ജീവിതത്തിലൂടെ കടന്നുപോയി.
                സോഷ്യൽ മീഡിയ സജീവമാകുന്നതിന്റെ മുമ്പുള്ള സൌഹൃദത്തിന്റെ ആഴവും ആത്മാർത്ഥതയും ആണ് അന്ന് ഞാൻ നേരിട്ടനുഭവിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം സൌഹൃദങ്ങൾ ഇനിയും പൂത്തുലയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.