Pages

Showing posts with label സാംസ്കാരികം. Show all posts
Showing posts with label സാംസ്കാരികം. Show all posts

Sunday, January 25, 2026

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ

2023 ൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആറാമത് എഡിഷനാണ് ഞാൻ കണ്ട ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്നാണ് എൻ്റെ വിശ്വാസം.2016 ൽ തുടങ്ങിയ KLF കാണാൻ ഇത്രയും കാലം വൈകിയത് എന്തു കൊണ്ട് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. ലിറ്ററേച്ചർ ഫെസ്റ്റിനെപ്പറ്റി കൂടുതൽ അറിഞ്ഞതും കേട്ടതും മക്കൾക്ക് അതിൽ താല്പര്യം തോന്നിയതും എല്ലാം 2023 ൽ ആയിപ്പോയി എന്നേ പറയാനുള്ളൂ.

ഡി.സി.ബുക്സിൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ സഹകരണത്തോടെ നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റുകളിൽ ഒന്നാണ് ഇത്. കോഴിക്കോടിന് യുനസ്കോയുടെ സാഹിത്യ നഗരം പദവി ലഭിക്കുന്നതിന് ഒരു കാരണം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആതിഥേയ നഗരം എന്നതാണ്. ഓരോ കൊല്ലം കഴിയും തോറും സെഷനുകളുടെ വൈവിധ്യവും ജനങ്ങളുടെ പങ്കാളിത്തവും കാരണം ലിറ്ററേച്ചർ ഫെസ്റ്റിവൽ കൂടുതൽ കൂടുതൽ ആകർഷകമായി മാറിയിരുന്നു.

ഒമ്പതാമത് KLF വാർത്തകൾ വരുന്നതിന് മുമ്പ് തന്നെ അത് എക്പീരിയൻസ് ചെയ്യണം എന്ന് മനസ്സിൽ കരുതിയിരുന്നു. ജനുവരി 23 വെള്ളിയാഴ്ച വൈകിട്ട് കോളേജിലെ സഹപ്രവർത്തകനും നല്ലൊരു വായനക്കാരനുമായ സുമേഷിനോട് എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞു. പത്ത് മിനിട്ടിനകം തന്നെ പോകാൻ തീരുമാനിച്ചു കൊണ്ട് ഇറങ്ങുകയും ചെയ്തു. സാഹിത്യത്തിൽ താല്പര്യമുള്ള മറ്റൊരു സഹപ്രവർത്തകനായ ജനീഷിനെ വിവരം അറിയിച്ചപ്പോൾ അദ്ദേഹവും ഞങ്ങളുടെ കൂടെ കൂടി. ഗതാഗതത്തിരക്ക് കാരണം ടൗണിൽ നിന്നും നടന്നാണ് ഞങ്ങൾ ഫെസ്റ്റിവൽ വേദിയായ ബീച്ചിലേക്ക് പോയത്. തിരിച്ചു പോന്നപ്പോഴും ടൗൺ വരെ നടക്കേണ്ടി വന്നു.

വിവിധ വേദികളിൽ എത്തി നോക്കി അവസാനം ഞങ്ങൾ എത്തിയത് 'എഴുത്തോല'യിലാണ്. പ്രോഗ്രാം ഷെഡ്യൂൾ കയ്യിലില്ലാത്തതിനാലും വേദിയിലിരിക്കുന്നവരെ മുഖപരിചയം ഇല്ലാത്തതിനാലും ആയിരുന്നു ഈ എത്തിനോട്ടം മാത്രം നടത്തിയത്. ബിഗ് സ്ക്രീനിൽ ആ സെഷനിൽ പങ്കെടുക്കുന്നവരുടെ പേര് കൂടി പ്രദർശിപ്പിച്ചിരുന്നെങ്കിൽ എന്നെപ്പോലുള്ള എത്തിനോട്ടക്കാർക്ക് ഉപകാരമാകുമായിരുന്നു എന്ന് തോന്നി.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആണെങ്കിലും മിക്ക വേദികളിലും കേട്ടത് ഇംഗ്ലീഷ് ആയിരുന്നു.'എഴുത്തോല'യിലും സ്ഥിതി വ്യത്യസ്തമായില്ല. കറുത്ത് തടിച്ച് ഒരു ആഫ്രിക്കൻ ഛായയുള്ള ആളായിരുന്നു അതിഥി.ബെൻ ജോൺസൺ ആണെന്ന് തോന്നുന്നതായി സുമേഷും ബ്രയാൻ ലാറ ആണോ എന്ന് ജനീഷും സംശയം പ്രകടിപ്പിച്ചപ്പോൾ ലിറ്ററേച്ചർ ഫെസ്റ്റിൽ ഈ സ്പോർട്സ് ഇതിഹാസങ്ങൾക്ക് എന്ത് കാര്യം എന്നായിരുന്നു എൻ്റെ ചിന്ത. സംസാരത്തിൽ കാനഡയും സ്പോർട്സും ലോക റെക്കാർഡും എല്ലാം കടന്നു പോയപ്പോൾ സാക്ഷാൽ ബെൻ ജോൺസൺ ആണ് സ്റ്റേജിൽ ഇരിക്കുന്നത് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. 

ഞാൻ ഒന്നാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് സിയോൾ ഒളിമ്പിക്സിലാണ് നൂറ് മീറ്റർ ഓട്ട മത്സരത്തിൽ ബെൻ ജോൺസണിൻ്റെ ആ മാസ്മരിക പ്രകടനം ഉണ്ടായത്. ലോകത്താദ്യമായി ഒരു മനുഷ്യൻ 9.79 സെക്കൻ്റിൽ 100 മീറ്റർ ഫിനിഷ് ചെയ്തു. മുൻ ഒളിമ്പിക്സുകളിൽ തുടർച്ചയായി മെഡൽ നേടിയ കാൾ ലൂയിസിനെയായിരുന്നു പിന്തള്ളിയത്. പക്ഷേ, വിജയാരവം അധികം നീണ്ടു നിന്നില്ല. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബെൻ ജോൺസൺ അയോഗ്യനാക്കപ്പെട്ടു. ഇത് സംബന്ധമായ ചോദ്യങ്ങൾ കാണികളിൽ ചിലർ ചോദിച്ചിരുന്നു. ഉത്തരം എനിക്ക് മനസ്സിലായില്ല. പിന്നീട് കൂടുതൽ സമയം ഞങ്ങൾ അവിടെ ഇരുന്നതുമില്ല.

ഫെസ്റ്റിവൽ നഗരിയുടെ കാഴ്ചകളും ആരവങ്ങളും കാണാനായി ഞങ്ങൾ വീണ്ടും നടന്നു. പഴയ ചില സഹപ്രവർത്തകരെയും നാട്ടുകാരെയും മറ്റും അവിടെ കണ്ടുമുട്ടി. സാധാരണ ജനങ്ങൾക്ക് അത്ര പെട്ടെന്ന് മനസ്സിലാകാത്ത ചർച്ചകളും സംവാദങ്ങളുമാണ് എല്ലാ വേദികളിലും നടക്കുന്നത്. എന്നാൽ ഫെസ്റ്റിവൽ എന്ന പേര്  അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന രൂപത്തിലായിരുന്നു ജന പ്രവാഹം. അടുത്ത ഫെസ്റ്റിവലിൽ ഡെലിഗേറ്റ് പാസ് എടുത്ത് കൂടുതലായി അറിയണം അനുഭവിക്കണം എന്നൊരു തോന്നൽ ഈ വർഷത്ത ഫെസ്റ്റിവൽ സന്ദർശനത്തിലൂടെ ഉണ്ടായി എന്നതാണ് നേട്ടം.



Thursday, June 19, 2025

വായനയാണ് ലഹരി

ഈ വർഷത്തെ വേനലവധിക്ക് തൊട്ട് മുമ്പ്, മുമ്പില്ലാത്ത വിധം പല സ്കൂൾ കാമ്പസുകളിലും നടന്ന സംഭവങ്ങൾ വേദനാജനകവും ഭീതിപ്പെടുത്തുന്നതുമായിരുന്നു. അതു കൊണ്ട് തന്നെ സ്കൂൾ പൂട്ടുന്ന ദിവസം കുട്ടികളെ രക്ഷിതാക്കൾ വന്ന് കൂട്ടിക്കൊണ്ടുപ്പോകണം എന്ന വിചിത്ര നിർദ്ദേശം വരെ നൽകപ്പെട്ട വർഷമായിരുന്നു ഇത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കൗമാരപ്രായക്കാരുടെ എണ്ണം അത്രയും ഭയാനകമായ തോതിൽ ഉയർന്നിരിക്കുന്നു എന്ന് മലയാളികൾ തിരിച്ചറിഞ്ഞ ഒരു സന്ദർഭം കൂടി ആയിരുന്നു അത്.

അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒഴിവ് ദിവസങ്ങൾ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പല രക്ഷിതാക്കളെയും പോലെ ഞാനും ആലോചിച്ചിരുന്നു. അപ്പോഴാണ് ഒരു വാട്സാപ്പ്  ഗ്രൂപ്പിൽ "കുട്ടികൾ ലഹരികളിൽ നിന്നും നവസാമൂഹിക പ്രശ്നങ്ങളിൽ നിന്നും മുക്തമാകണമെങ്കിൽ വായന ശീലമാകണം" എന്ന ടാഗ് ലൈനോട് കൂടി "വായനയാണ് ലഹരി" എന്ന ടൈറ്റിലിൽ പുസ്തക പ്രസാധകരായ ഹരിതം ബുക്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല വായനാ ചാലഞ്ച് പരിപാടിയുടെ അറിയിപ്പ് കണ്ടത്. എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഇരുപത് മുപ്പത്, നാൽപത് പുസ്തകങ്ങൾ വരെ വായിച്ച് അതിൻ്റെ വായനാക്കുറിപ്പും തയ്യാറാക്കി അയച്ച് കൊടുക്കുക എന്നതാണ് ടാസ്ക്. മാർച്ച് 30 മുതൽ മെയ് 31 വരെ രണ്ട് മാസക്കാലമായിരുന്നു ചലഞ്ച് കാലാവധി.

ചലഞ്ച് കണ്ട ഉടനെ ഒമ്പതാം ക്ലാസ് കഴിഞ്ഞ എൻ്റെ മൂന്നാമത്തെ മകൾ ലൂനയോടും മൂന്നാം ക്ലാസ് കഴിഞ്ഞ നാലാമത്തെ കുട്ടി ലിദുവിനോടും ഞാൻ വിഷയം അവതരിപ്പിച്ചു. കഴിഞ്ഞ വർഷം രണ്ട് പേരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീന്തൽ പരിശീലനത്തിന് ചേർത്ത് കൊണ്ടായിരുന്നു അവധിക്കാലം ഉപയോഗപ്പെടുത്തിയത്. ലൂന നീന്തൽ നന്നായി വശമാക്കുകയും ലിദു വെള്ളത്തിൽ ഇറങ്ങി മുങ്ങിക്കുളിക്കാനും  അൽപസ്വല്പം നീന്താനും ധൈര്യം കരസ്ഥമാക്കുകയും ചെയ്തതിനാൽ അത് പൂർണ്ണ വിജയമായി ഞാൻ കരുതുന്നു.കഴിഞ്ഞ വർഷത്തെപ്പോലെ ഈ ചാലഞ്ചിനും അവർ രണ്ട് പേരും "യെസ് " മൂളിയപ്പോൾ ശരിക്കും ഞെട്ടിയത് ഞാനായിരുന്നു.

ചാലഞ്ച് തുടങ്ങിയ ദിവസം തന്നെ എൻ്റെ ഹോം ലൈബ്രറിയിലെ ഒരു കുഞ്ഞു ഇംഗ്ലീഷ് പുസ്തകം വായിച്ചു തീർത്ത് കൊണ്ട് അതിനെപ്പറ്റി സ്വന്തം ശൈലിയിൽ ഒരു ചെറുകുറിപ്പും എഴുതി ലിദു മോൻ എന്നെ വീണ്ടും വിസ്മയിപ്പിച്ചു. അങ്ങനെ എൻ്റെ സ്വന്തം ലൈബ്രറിയിലെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ബാലകൃതികൾ എല്ലാം അവൻ്റെ വായനയിലൂടെ കടന്നു പോയി. ലൂന മോളും അവളുടെ പ്രായത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ ഹോം ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ചു. 

ലിദു മോന് വായന ശരിക്കും ലഹരിയായി മാറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. എൻ്റെ ശേഖരത്തിലെ ബാല സാഹിത്യ കൃതികൾ കഴിഞ്ഞതോടെ അവൻ അനിയൻ്റെ വീട്ടിലെ പുസ്തകശേഖരം തേടി ഇറങ്ങി. അവിടെ നിന്നും ഓരോ ആഴ്ചയും എട്ടും പത്തും പുസ്തകങ്ങൾ വീതം വായനക്കെടുത്ത് കൊണ്ടുവന്നു. ഇതിനിടയിൽ എൻ്റെ ഭാര്യാ വീട്ടിൽ വിരുന്ന് പോയപ്പോൾ അവിടെയുള്ള ബാലകൃതികളും അവൻ വായിച്ചു. വായിച്ചറിഞ്ഞ പല പുതിയ പദങ്ങളുടെയും അർത്ഥം ചോദിക്കാനും വായിച്ചതിനനുസരിച്ചുള്ള കഥാപാത്രങ്ങളെ വരയ്ക്കാനും ചില സംഭാഷണ ശകലങ്ങൾ സ്വയം രചിക്കാനും തുടങ്ങിയതോടെ ചലഞ്ച് കുറിക്ക് കൊണ്ടതായി എനിക്ക് ബോധ്യപ്പെട്ടു.

മെയ് 31 വരെയായിരുന്നു ചലഞ്ച്. മെയ് 25 മുതൽ ഞാൻ കുടുംബ സമേതം ഒരു ഡൽഹി - മണാലി യാത്ര പ്ലാൻ ചെയ്തിരുന്നു. അതിനാൽ തന്നെ രണ്ട് പേരും ചലഞ്ച് നേരത്തെ പൂർത്തിയാക്കി. ലൂന മോൾ ചലഞ്ച് ചെയ്ത ഇരുപത് പുസ്തകങ്ങൾ തന്നെ വായിച്ച് കുറിപ്പ് തയ്യാറാക്കി. എന്നാൽ ലിദു മോൻ ശരിക്കും ഞങ്ങളെ അമ്പരപ്പിച്ചു ; ഇരുപത് പുസ്തകങ്ങൾ ചലഞ്ച് ചെയ്ത അവൻ അമ്പത്തിയഞ്ച് ദിവസം കൊണ്ട് നൂറ് പുസ്തകങ്ങൾ വായിച്ചു പൂർത്തിയാക്കി കുറിപ്പും തയ്യാറാക്കി കഴിഞ്ഞിരുന്നു !

എൻ്റെ സ്കൂൾ പഠന കാലത്ത് ഹൈസ്കൂൾ ക്ലാസുകളിൽ എത്തിയ ശേഷമാണ് ഞാൻ സാഹിത്യ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. ഇടയ്ക്ക് വച്ച് ആ ശീലം  നഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ ഞാൻ അത് തിരിച്ചു പിടിച്ചു കഴിഞ്ഞു. മക്കളും സാഹിത്യ വായനാ കുതുകികളാണ് എന്നത് സന്തോഷം നൽകുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളോടുള്ള അവരുടെ പ്രണയം നിരവധി ക്ലാസിക് കൃതികളെ എൻ്റെ ഷോകേസിൽ എത്തിച്ചിട്ടുണ്ട്. അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഉള്ള ഒരു ഹോം ലൈബ്രറിയും എൻ്റെ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 

"Today a Reader Tomorrow a Leader " എന്നാണ് ഇംഗ്ലീഷിലെ ഒരു പഴമൊഴി പറയുന്നത്. ഈ വായനാദിനത്തിൽ എല്ലാവർക്കും വായന പുനരാരംഭിക്കാം.

ഇന്ന് പത്രത്തിൽ വന്നത് 

Monday, July 08, 2024

സുല്ലമിൻ്റെ സ്വന്തം എഴുത്ത്കാർ

മൂന്ന് സ്കൂളുകളിലായിട്ടാണ് ഞാൻ എൻ്റെ പത്താം ക്ലാസ് വരെയുള്ള പഠനം പൂർത്തിയാക്കിയത്. മൂത്താപ്പയും മൂത്തുമ്മയും അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച അരീക്കോട് ജി.എം.യു.പി സ്കൂളിൽ ഒന്ന് മുതൽ ആറ് വരെയും രണ്ട് അമ്മാവന്മാരും സേവനമനുഷ്ഠിച്ച സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്കൂളിൽ ഏഴാം ക്ലാസും പൂർത്തിയാക്കിയ ശേഷം, മൂത്താപ്പയുടെ മൂത്ത മകൻ സേവനമനുഷ്ഠിച്ചിരുന്ന മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ എട്ട് മുതൽ പത്ത് വരെയും പഠിച്ചു. എന്റെ ജ്യേഷ്ടത്തിക്കും അനിയന്മാർക്കും ഇത്തരം ഒരു ഭാഗ്യം ലഭിച്ചിരുന്നില്ല.    

ഞാൻ മലയാളത്തിൽ മോശമായത് കൊണ്ടോ അതല്ല ഉഷാറായത് കൊണ്ടോ എന്നറിയില്ല, മലയാളം ഒരു വിഷയമായി തന്നെ എന്നെ പഠിപ്പിക്കണം എന്ന എൻ്റെ പ്രിയപ്പെട്ട പിതാവിൻ്റെ നിർബന്ധം കാരണമാണ് മലയാളം ഒട്ടും പഠിപ്പിക്കാത്ത ഓറിയൻ്റൽ ഹൈസ്കൂളിൽ നിന്നും എന്നെ മറ്റൊരു സ്കൂളിലേക്ക് മാറ്റിച്ചേർത്തത് എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. ആ മാറ്റം വിവിധ ജാതി-മത വിഭാഗത്തിൽ പെട്ട കുട്ടികളുമായി ഇടപഴകാനും എൻ്റെ സംസാര ഭാഷ ശുദ്ധീകരിക്കാനും സഹായിച്ചു. സർവ്വോപരി എൻ്റെ പിതാവ് ഒരു പക്ഷേ സ്വപ്നം കണ്ടിരുന്ന എൻ്റെ രചനാ വൈഭവം നന്നായി പരിപോഷിപ്പിക്കാനും ആ മാറ്റം സഹായകമായി. ദിനപത്രങ്ങളിൽ നിരവധി മിഡിൽ പീസുകളും സാമൂഹ്യ മാധ്യമങ്ങളിൽ അനേകം കഥകളും യാത്രാ വിവരണങ്ങളും മറ്റ് കുറിപ്പുകളും പ്രസിദ്ധീകരിക്കാൻ എനിക്ക് അടിത്തറ ഇട്ട് തന്നതും ആ സ്കൂളിലെ പഠനവും അനുഭവങ്ങളും തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. പിതാവിൻ്റെ കാലശേഷമാണെങ്കിലും രണ്ട് പുസ്തകങ്ങൾ മലയാള സാഹിത്യലോകത്തിന് സംഭാവന ചെയ്ത് കൊണ്ട് എൻ്റെ പിതാവിൻ്റെ അഭിലാഷം സഫലീകരിക്കാൻ സാധിച്ചതിൽ ഇപ്പോൾ സന്തോഷം തോന്നുന്നു.

ഞാൻ ഏഴാം ക്ലാസ് മാത്രം പഠിച്ച സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിലാണ് എൻ്റെ മൂന്നാമത്തെ മകൾ ലൂന ഇപ്പോൾ പഠിക്കുന്നത്. ഞാൻ പഠിച്ചിരുന്ന കാലത്തിൽ നിന്നും എത്രയോ മുന്നോട്ട് പോയതിനാൽ ഇപ്പോൾ അവിടെ മലയാളം അഡീഷനൽ വിഷയമായി  പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല കുട്ടികളുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബും ലിറ്റററി ക്ലബ്ബും വായനക്കൂട്ടവും എല്ലാം ഉണ്ട്. താല്പര്യമുള്ള നിരവധി കുട്ടികളും ഉണ്ടെന്ന് അവയുടെ പ്രവർത്തന ചരിത്രങ്ങൾ വിളിച്ചോതുന്നു.

ഈ വർഷത്തെ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ഈ ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിൽ "സുല്ലമിൻ്റെ സ്വന്തം എഴുത്ത്കാർ" എന്ന വേറിട്ട ഒരു പരിപാടി കൂടി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ രക്ഷിതാക്കളിലെ എഴുത്ത്കാരെ ആദരിക്കുകയും അവരുമായി കുട്ടികൾക്ക് സാഹിത്യ സംവാദത്തിന് അവസരം നൽകുകയും ചെയ്യുന്നതായിരുന്നു പ്രസ്തുത പരിപാടി.

സാഹിത്യത്തിലേക്ക് സജീവമായി തിരിഞ്ഞ ശേഷം നാലഞ്ച് പുരസ്കാരങ്ങൾ ലഭിച്ചെങ്കിലും എൻ്റെ നാട്ടിൽ വച്ച് സാഹിത്യ രംഗത്തെ നേട്ടത്തിന് എനിക്ക് ഒരു ആദരവ് ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു. കുട്ടികളുമായി സംവദിക്കാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും സാധിച്ചതിൽ വളരെ സന്തോഷം തോന്നി. 

ഇത്തരം ഒരാശയം മുന്നോട്ട് വച്ച കോർഡിനേറ്റർ ജസ്ന ടീച്ചർക്കും സഹപ്രവർത്തകർക്കും പിന്നണി പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളുടെ അഭിരുചികൾ പരിപോഷിപ്പിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

Saturday, July 06, 2024

വായനയുടെ പ്രാധാന്യം

മലയാളക്കര വായനാ പക്ഷാചരണത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ ദൃശ്യരൂപത്തിലും ശബ്ദ രൂപത്തിലും വാർത്തകളും പുസ്തകങ്ങളും തള്ളുന്ന ഇക്കാലത്ത് വായനാ പക്ഷാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. സ്കൂൾ കുട്ടികൾക്കിടയിലെങ്കിലും വായനയുടെ നേരിട്ടുള്ള ഫലങ്ങളെപ്പറ്റി അവബോധമുണ്ടാക്കാൻ ഈ പക്ഷാചരണം സഹായിക്കും എന്നാണ് എന്റെ വിശ്വാസം.

"വായിച്ചാലും വളരും 
വായിച്ചില്ലെങ്കിലും വളരും, 
വായിച്ചു വളർന്നാൽ വിളയും 
വായിക്കാതെ വളർന്നാൽ വളയും" 

ഈ കുത്തുണ്ണിക്കവിത വായനയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി (സ)ക്ക് ദിവ്യ പ്രബോധനം ലഭിച്ചു കൊണ്ടുള്ള ആദ്യ കൽപന 'ഇഖ്റഅ്'  അഥവാ വായിക്കുക എന്നായിരുന്നു. 'പുസ്തകം വായിച്ചു വളരാത്തവൻ വെറും മൃഗമാണ് ‘ എന്നായിരുന്നു വിശ്വ സാഹിത്യകാരനായ ഷേക്സ്പിയർ പറഞ്ഞത്."പുസ്തകങ്ങൾ എന്റെ പ്രിയപ്പെട്ട കൂട്ടുകാരാണ്.എൻ്റെ വലിയ സമ്പത്തായി ഞാൻ കണക്കാക്കുന്നത് എൻ്റെ ഹോം ലൈബ്രറിയാണ്" എന്നാണ് നമ്മുടെ എല്ലാം പ്രിയങ്കരനായിരുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം സാർ പറഞ്ഞത്.ഇങ്ങനെ നിരവധി പ്രഗത്ഭർ വായനയുടെ മഹത്വത്തെപ്പറ്റി ഉണർത്തിയിട്ടുണ്ട്.

നന്നായി വായിക്കുന്ന ഒരാൾക്ക് നന്നായി എഴുതുവാനും കഴിയും.പുതിയ അറിവുകൾ കരസ്ഥമാക്കാനും പുതിയ ചിന്തകൾ രൂപപ്പെടുത്താനും പുതിയ ആശയങ്ങൾ ഉടലെടുക്കാനും വായന അനിവാര്യമാണ്. പുസ്തകവും പത്രങ്ങളും മാസികകളും മറ്റും കയ്യിലെടുത്ത് നേരിട്ടുള്ള വായനക്ക് മാത്രമേ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം സാധിക്കൂ എന്നാണ് എന്റെ അഭിപ്രായം.അതായത് അവയുമായി ഒരു ആത്മബന്ധം സൃഷ്ടിച്ചുള്ള വായനയായിരിക്കണം എന്ന് സാരം. 

വായനയുടെ വസന്തകാലം തിരിച്ചു പിടിച്ച സന്തോഷത്തിലാണ് ഞാൻ ഈ വർഷത്തെ വായനാദിനം പിന്നിടുന്നത്. ഇരുപത്തിയഞ്ച് പുസ്തകങ്ങൾ വായിക്കാൻ ലക്ഷ്യമിട്ട എനിക്ക് , കഴിഞ്ഞ വർഷം മുപ്പത് പുസ്തകങ്ങൾ വായിച്ച് പൂർത്തിയാക്കാൻ സാധിച്ചിരുന്നു. അതിനാൽ തന്നെ ഈ വർഷം വായനക്ക് ലക്ഷ്യമിട്ടത് മുപ്പത്താറ് പുസ്തകങ്ങളാണ്. വർഷം പകുതി പിന്നിടുമ്പഴേക്കും ഇരുപത്തിയഞ്ച് പുസ്തകങ്ങളുടെ വായന പൂർത്തിയായതിനാൽ ഇത്തവണ അമ്പതെണ്ണം എങ്കിലും പൂർത്തിയാക്കാൻ സാധിക്കും എന്നാണ് എന്റെ ഉറച്ച വിശ്വാസം.

കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാനായി കുഞ്ഞു നാളിൽ തന്നെ അവർക്ക് ബാലകൃതികളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തിക്കൊടുക്കണം.എൻ്റെ സ്‌കൂൾ പഠന കാലത്തെ വേനലവധിക്കാലത്ത് (Click & Read) ബാപ്പയുടെ സ്‌കൂളിലെ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കൊണ്ട് വന്ന് വായിച്ചത് മനസ്സിൽ ഇന്നും പച്ച പിടിച്ച് നിൽക്കുന്നുണ്ട്.ബാപ്പ അന്ന് കാട്ടിത്തന്ന മാതൃക പിൻപറ്റി എൻ്റെ വീട്ടിലും ഞാൻ ഒരു ഹോം ലൈബ്രറി  (Click & Read) സെറ്റ് ചെയ്തിട്ടുണ്ട്.

 ഇത്തവണ, സ്കൂളിലെ വായനാദിന മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച ചെറിയ മോൻ ലിദുവിന് കൈനിറയെ സമ്മാനങ്ങളും ലഭിച്ചു. വായനയിലൂടെ മുന്നേറാൻ എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ, ആമീൻ

Friday, November 17, 2023

ഒ.വി.വിജയൻ സ്മാരക പുരസ്കാരം

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ എത്തിപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. പക്ഷെ,രണ്ട് വർഷവും രണ്ട് മാസവും നീണ്ട് നിന്ന ആ കോളേജിലെ എന്റെ സേവനം എനിക്ക് സമ്മാനിച്ചത് നിരവധി അനുഭവങ്ങളും സന്തോഷങ്ങളുമാണ്. എന്റെ എഴുത്തിനെയും മറ്റു പല സേവന പ്രവർത്തനങ്ങളെയും ചില എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളെയും ഇത്രയേറെ പ്രോത്സാഹിപ്പിച്ച സഹപ്രവർത്തകർ, ഞാൻ ഏറ്റവും കുറച്ച് കാലം മാത്രം സേവനമനുഷ്ഠിച്ച പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ളവരാണ്.

പാലക്കാട് ജോലി ചെയ്യുന്ന സമയത്ത്,ഒരു പ്രാദേശിക സാംസ്കാരിക കൂട്ടം ആ ജില്ലയിലെ ഉദ്യോഗസ്ഥർക്കായി ഒരു കഥാരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. ഞാനും അതിൽ പങ്കെടുത്തെങ്കിലും സമ്മാനം ഒന്നും ലഭിച്ചില്ല .ഞാൻ പാലക്കാട് നിന്നും ട്രാൻസ്ഫർ ആയതിനാൽ, അന്ന് അവർ ഉണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാൻ തീരുമാനിച്ചതായിരുന്നു. ആരോ എന്തിനോ എന്നെ തൽക്കാലം തടഞ്ഞു. അത് എന്റെ മൂന്നാമത്തെ മകൾ ലൂനയെ ഒരു അപൂർവ്വ സമ്മാനത്തിനിടയാക്കി.

പ്രസ്തുത ഗ്രൂപ്പിൽ നിന്നാണ്  ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം വിവിധ സാഹിത്യ മത്സരങ്ങൾ നടത്തുന്ന വിവരം എനിക്ക് ലഭിച്ചത്. അതിൽ മകൾക്ക് പങ്കെടുക്കാൻ പറ്റിയ ഒരു ഇനമായി പുസ്തകാസ്വാദനക്കുറിപ്പെഴുത്തും ഉണ്ടായിരുന്നു.മുൻ പരിചയം ഇല്ലെങ്കിലും ഈയിടെ അവൾ വായിച്ച 'ആടുജീവിതം' എന്ന നോവലിനെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കി നോക്കാൻ ഞാൻ അവളോട് പറഞ്ഞു.രണ്ട് പേജോളം വരുന്ന ഒരു കുറിപ്പിലൂടെ അവൾ ആ പുസ്തകത്തിന്റെ ഉള്ളടക്കം ഭംഗിയായി എഴുതി.അത്യാവശ്യം വരുത്തേണ്ട മാറ്റങ്ങൾ ഞാൻ നിർദ്ദേശിച്ചു. അങ്ങനെ ഫൈനൽ കുറിപ്പ് അവസാന തീയ്യതിയായ നവംബർ എട്ടിന് ഇ-മെയിൽ മുഖാന്തിരം അയച്ചു കൊടുത്തു.

ഫെബ്രുവരി 12 ന് ഞാൻ വീട്ടിലെ കൃഷിപ്പണികൾ ചെയ്തു കൊണ്ടിരിക്കെ മേൽ മത്സരത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ ഉണ്ണി അമയമ്പലത്തിന്റെ ഫോൺ വിളി വന്നു. ഇന്ത്യൻ റൈറ്റേഴ്സ് ഫോറം അഖില കേരള അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഒ വി വിജയൻ സ്മാരക  പുരസ്കാരത്തിനായുള്ള പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ  അബിയ്യ ഫാത്തിമക്ക് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയായിരുന്നു അത്. ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം മാതൃഭൂമി ബുക്സിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനവിതരണം നടത്തും എന്നും അറിയിച്ചു.അപ്പോൾ തന്നെ ഞാൻ കുടുംബ സമേതം യാത്രക്കുള്ള ടിക്കറ്റും റിസർവ്വ് ചെയ്തു.

കുടുംബ സമേതം ഞാൻ തിരുവനന്തപുരത്ത് വരുന്നു എന്ന വിവരം, എന്റെ സുഹൃത്തും കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചതുമായ ശശി സാറെ വിളിച്ചറിയിച്ചു. അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്തുള്ള കൃഷി ഭവനത്തിൽ വെറും നൂറു രൂപക്ക് താമസവും റെഡിയായി. അന്നത്തെ ഉച്ചഭക്ഷണവും പ്രോഗ്രാം വെന്യുവിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള ദൗത്യവും അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. മാത്രമല്ല രണ്ട് പുസ്തകങ്ങളും വില പിടിപ്പുള്ള ഒരു പാർക്കർ പേനയും  അദ്ദേഹത്തിന്റെ സമ്മാനമായി ലൂന മോൾക്ക് നൽകുകയും ചെയ്തു.

മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റും പുസ്തകങ്ങളും അടങ്ങിയ ഒ.വി.വിജയൻ സ്മാരക ശിശുദിന പുരസ്കാരം സാഹിത്യകാരി ശ്രീമതി ഗിരിജ സേതുനാഥിൽ നിന്ന് ലൂന മോൾ ഏറ്റുവാങ്ങി.ശ്രീ. ഒ.വി.വിജയൻ ബാല്യകാലം ചെലവഴിച്ച അരീക്കോട് എന്ന എന്റെ ഗ്രാമത്തിലേക്ക് എത്തുന്ന അദ്ദേഹത്തിന്റെ പേരിലുള്ള ആദ്യത്തെ പുരസ്കാരമാണിത് എന്നതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനം തോന്നുന്നു.  ബാല സാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം, നോവലിസ്റ്റ് ബി മുരളി, സുനിൽ സി ഇ, ഹരിദാസ് ബാലകൃഷ്ണൻ എന്നിവരോടൊപ്പം ചടങ്ങിൽ സംസാരിക്കാൻ എനിക്കും അവസരം ലഭിച്ചു.

തക്ക സമയത്തുള്ള ചില മാർഗ്ഗ ദർശനങ്ങൾ മക്കളെ വളരെയധികം പ്രചോദിപ്പിക്കും. ദൈവത്തിന് നന്ദിയും സ്തുതിയും.

Wednesday, January 18, 2023

സാഹിത്യവും കലയും

സാഹിത്യവും കലയും തലക്ക് പിടിച്ചവരുടെ കൂട്ടത്തിൽ ഞാനുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് എന്റെ ഉത്തരം. എന്നാൽ ഇത് രണ്ടും തലക്ക് തട്ടിയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട് എന്നാണ് എന്റെ വിശ്വാസം. ഇത് രണ്ടും തലക്ക് തോണ്ടിയവരുടെ കൂട്ടത്തിൽ എന്റെ കുടുംബവും ഉണ്ട് എന്നാണ് എന്റെ അനുഭവം.

2012 ലെ പ്രഥമ കൊച്ചിൻ ബിനാലെയിൽ (Click & Read)  അപ്രതീക്ഷിതമായി എത്തിയ എന്റെ കുടുംബത്തിന് 2016-ലെ ബിനാലെ  (Click & Read) കാണണം എന്ന ആഗ്രഹം ജനിച്ചെങ്കിൽ അത് കലയുടെ ഒരു വാസന അടുത്ത് കൂടെ പോയതിന്റെ ലക്ഷണം കൊണ്ട് തന്നെയാണ്.2022 ബിനാലെ ആരംഭിച്ചു കഴിഞ്ഞു; കൊച്ചി വരെ പോകണം എന്ന് കുടുംബം പറയാൻ തുടങ്ങിയതും തലയിൽ കല കയറിയത് കൊണ്ടാണ്.

സാഹിത്യത്തിൽ കുടുംബാംഗങ്ങൾ അത്ര കണ്ട് മുന്നോട്ട് എത്തിയില്ലെങ്കിലും എന്റെ ബ്ലോഗെഴുത്തുകൾക്ക് നിറഞ്ഞ പിന്തുണ എന്നും അവരിൽ നിന്ന് ലഭിക്കാറുണ്ട്. ബ്ലോഗ് കുറിപ്പുകളിലൂടെ രണ്ട് പുസ്തകങ്ങൾ പുറത്തിറക്കാനും എനിക്ക് സാധിച്ചു. ഒന്നാമത്തെ പുസ്തകമായ 'അമ്മാവന്റെ കൂളിംഗ് എഫക്ടിന് " കെ.എസ്. വിശ്വനാഥൻ സ്മാരക അവാർഡും രണ്ടാമത്തെ പുസ്തകമായ "ഓത്തുപള്ളി "ക്ക് പേരക്ക നോവൽ പുരസ്കാരവും ലഭിക്കുകയും ചെയ്തു.

കെ.എസ്. വിശ്വനാഥൻ സ്മാരക അവാർഡ് കോട്ടയത്ത് വച്ച് ഏറ്റുവാങ്ങി  കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ വീട്ടിൽ എത്തിയതായിരുന്നു ഞാൻ.

"മക്കൾക്ക് KLF കാണണം പോലും " കട്ടൻ ചായ തരുന്നതിനിടയിൽ ഭാര്യ എന്നോട് സൂചിപ്പിച്ചു. 

കോഴിക്കോട് ബീച്ചിൽ ഡി.സി ബുക്സ് നടത്താറുള്ള വാർഷിക സാഹിത്യ ഉത്സവമാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റ് അഥവാ KLF. 2016ലാണ് KLFന്റെ തുടക്കം. മഹാമാരി കാരണം ഇടക്ക് മുടങ്ങിപ്പോയതിനാൽ ഇത് ആറാമത് ഫെസ്റ്റ് ആണ്. കൾച്ചറൽ പ്രോഗ്രാമുകൾ അടക്കം 248 സെഷനുകളാണ് നാല് ദിവസത്തെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്.ഈ വർഷത്തെ ഫെസ്റ്റിന്റെ അവസാന ദിവസമായതിനാൽ നല്ല തിരക്കും, പോരാത്തതിന് രണ്ട് ദിവസത്തെ ഉറക്കവും ഉള്ളതിനാൽ അന്നേരം ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

മക്കൾ സാധാരണ ആവശ്യപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരാവശ്യമായതിനാലും ഇതുവരെ നടന്ന ഒരു ലിറ്ററേച്ചർ ഫെസ്റ്റിലും പങ്കെടുത്തിട്ടില്ലാത്തതിനാലും ഞാൻ ഒരു പുനരാലോചന നടത്തി. അങ്ങനെ, നോബൽ സമ്മാനജേതാക്കളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും വരുന്ന ഒരു ഫെസ്റ്റ് സ്വന്തം മുറ്റത്ത് നടക്കുമ്പോൾ, അത് കാണാൻ പോകുന്നത് തന്നെ കലയോടും സാഹിത്യത്തോടും കാണിക്കുന്ന ബഹുമാനമാണ് എന്ന തിരിച്ചറിവിൽ ഞാനും കുടുംബ സമേതം ലിറ്ററേച്ചർ ഫെസ്റ്റിൽ എത്തി.

സെഷൻ നടക്കുന്ന വേദികളിലേക്കൊന്നും തന്നെ അടുക്കാൻ പറ്റാത്ത തിരക്കായതിനാൽ ഫെസ്റ്റ് നഗരിയിലെ കാഴ്ചകൾ കണ്ട്, മക്കൾക്കും എനിക്കും ഇഷ്ടപ്പെട്ട കുറെ പുസ്തകങ്ങളും വാങ്ങി ഞങ്ങളും അതിന്റെ ഭാഗമായി.

എഴുത്തുകാരൻ എന്ന നിലക്ക് ഏതെങ്കിലും ഒരു കാലത്ത് എനിക്കും ഈ ഫെസ്റ്റിന്റെ ഭാഗമാകാൻ ദൈവം അവസരം തന്നേക്കാം എന്ന പ്രതീക്ഷയും കുടുംബത്തോട് പങ്ക് വച്ച് രാത്രി വൈകി ഞങ്ങൾ നാട്ടിലേക്ക് മടങ്ങി.


Thursday, June 04, 2020

മാപ്പിളപ്പാട്ടും മലയാള സിനിമയും

                 കൊറോണക്കാലത്തെ ലോക്ക് ഡൗൺ വിരസത അകറ്റാൻ വ്യക്തികളും സംഘടനകളും ഒക്കെ പല തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. എനിക്ക് സാധിക്കുന്ന മൽസരങ്ങളിൽ എല്ലാം ഞാൻ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലക്ടറുടെ പ്രതിദിന മത്സരങ്ങൾ, ജനമൈത്രി പോലീസിൻ്റെ സാഹിത്യ മത്സരങ്ങൾ, ഇൻസൈറ്റ് ഫൗണ്ടേഷൻ്റെ ഉപന്യാസ രചനാ മത്സരം, ഗുഡ് എർത് ഓർഗനൈസേഷൻ്റെ ജീവലോക നിരീക്ഷണ റിപ്പോർട്ട് തയ്യാറാക്കൽ മത്സരം, റിയ ടിവീസ് യൂ ട്യൂബ് ചാനലിൻ്റെ കഥാ മത്സരം, സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വായനാ മത്സരം, കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ പ്രശ്നോത്തരി മത്സരം , ഫാർമേഴ്‌സ് ക്ലബ്ബ്, കൃഷിത്തോട്ടം ഗ്രൂപ്പ് fb കൂട്ടായ്മ, അംഗനവാടി, യൂത്ത് കോൺഗ്രസ് എന്നിവയുടെ പച്ചക്കറിത്തോട്ട മത്സരം അങ്ങനെ അങ്ങനെ എല്ലാ തരത്തിലുള്ള മത്സരങ്ങളിലും ഞാൻ ഒരു കൈ നോക്കി.

                ഇതിൽ സാംസ്കാരിക വകുപ്പിന്റെ കീഴിൽ മോയിൻകുട്ടി വൈദ്യർ അക്കാദമി സംഘടിപ്പിച്ച "മാപ്പിളപ്പാട്ടും മലയാള സിനിമയും" എന്ന ഓൺലൈൻ പ്രശ്‍നോത്തരി മത്സരത്തിൽ, പ്ലാറ്റുഫോമ്  വിട്ട ട്രെയിനിൽ ചാടിക്കയറുന്ന പോലെയായിരുന്നു അവസാന മണിക്കൂറിലെ എന്റെ പ്രവേശനം. ജീവിതത്തിൽ ആകെക്കൂടി കണ്ട ഇരുപത്തഞ്ചോളം സിനിമകളും ബി എഡിന് പഠിക്കുന്ന കാലത്ത് സംഘത്തിൽ ചേർന്ന് പാടിയ "സംകൃത പമഗിരി " എന്ന മാപ്പിളപ്പാട്ടും പിന്നെ കുട്ടിക്കാലത്ത് കേട്ട ചില ഗാനങ്ങളും ആയിരുന്നു ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള ആത്മധൈര്യം പകർന്നത്

               ഒരു ദിനം ഒറ്റ ചോദ്യം ആയിരുന്നു ഉണ്ടായിരുന്നത്. ചോദ്യം ടെക്സ്റ്റ്, ചിത്രം ഓഡിയോ, വീഡിയോ ഫോർമാറ്റുകളിൽ ലഭിക്കും. ഉത്തരം ടെക്സ്റ്റായി നൽകിയാൽ മതി. ഉച്ചയ്ക്ക് 12 മണിക്ക് ചോദ്യം ലഭിക്കും. ഉച്ചതിരിഞ്ഞ് ഒരു മണിക്കു മുമ്പായി ഉത്തരം അയക്കണം. ഒരു മണിക്ക് ശേഷം ലഭിക്കുന്ന ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല.  ഇതായിരുന്നു ആദ്യത്തെ നിർദ്ദേശം. അങ്ങനെ മെയ് 12 ന് ആദ്യത്തെ ചോദ്യം വന്നു.

 "ഉമ്മ എന്ന ചിത്രത്തിൽ പി.ഭാസ്ക്കരൻ രചിച്ച് എം.എസ് ബാബുരാജ് .സംഗീതം നൽകി എ.എം. രാജയും, പി. ലീലയും ചേർന്നു പാടിയ  എക്കാലത്തേയും ഒരു ഹിറ്റ് ഗാനമുണ്ട്.ആ  ഗാനം ഏതാണ്?"

             ഞാൻ കിട്ടിയാൽ ഉത്തരം പോയാൽ പോഴത്തരം എന്ന മട്ടിൽ ഒരു ഉത്തരം കാച്ചി. അത് ശരിയായി!! പിന്നാലെ അടുത്ത നിർദ്ദേശം വന്നു.

 "അമേരിക്ക ഉൾപ്പടെ വിവിധ രാഷ്ട്രങ്ങളിലുള്ള മലയാളികൾ പങ്കെടുക്കുന്ന
ഒറ്റ ചോദ്യം പ്രശ്നോത്തരിയിൽ ചോദ്യങ്ങൾ അയക്കുന്ന സമയത്തിൽ മാറ്റം വരുത്താൻ നിർബന്ധിതമായിരിക്കുന്നു. അതു പ്രകാരം ഇനി മുതൽ ഇന്ത്യൻ സമയം രാവിലെ 10 മണിക്ക് ഗ്രൂപ്പിൽ ചോദ്യമെത്തും.
ഇന്ത്യൻസമയം 11 മണിക്കു മുമ്പായി ഉത്തരം അയക്കുക. മറ്റു രാജ്യങ്ങളിൽ താമസിക്കുന്നവർ ചോദ്യമെത്തി ഒരു മണിക്കൂറിന്നകം ഉത്തരം അയക്കുക "

          ഒന്നാം ഘട്ടത്തിൽ 7 ശരിയുത്തരങ്ങളിൽ കുറയാതെ ലഭിച്ചവർ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടി. 118ൽ നിന്ന് 21 ലേക്ക് ഒരു കൂപ്പുകുത്തൽ !പിന്നാലെ അടുത്ത നിർദ്ദേശം വന്നു.

" രണ്ടാം ഘട്ടം പഞ്ചദിന പ്രശ്നോത്തരിയാണ്.ചോദ്യം ഇന്ത്യൻ സമയം രാവിലെ 10.30 ന് ഗ്രൂപ്പിൽ എത്തും. അര മണിക്കൂറിന്നകം അഥവാ 11 മണിക്കു മുമ്പ് ഉത്തരം ലഭിച്ചിരിക്കണം. ഓർമ്മിക്കുക: ഉത്തരത്തോടൊപ്പം സമയ കൃത്യതയും പ്രധാനമാണ്."

                 അങ്ങനെ അതും കഴിഞ്ഞു.ഒന്നാം ഘട്ടത്തിലെ കുറഞ്ഞത് 7 സ്കോറും രണ്ടാം ഘട്ടത്തിൽ കുറഞ്ഞത് 5 സ്കോറും ചേർത്ത് 12 സ്കോറിൽ കുറയാത്തവർക്കാണ് മൂന്നാം ഘട്ടം യോഗ്യത.12 പേർ യോഗ്യത നേടി. 15 മാർക്കോടെ അരീക്കോടനും മൂന്നാം റൗണ്ടിൽ കയറി !

             മൂന്നാം ഘട്ടം ത്രൈ ദിന  പ്രശ്നോത്തരിയാണ്. ഉത്തരം അയക്കാൻ അനുവദിക്കുന്ന സമയം 15 മിനിറ്റ് .ചോദ്യം ഇന്ത്യൻ സമയം രാവിലെ 10.45 ന് ഗ്രൂപ്പിൽ എത്തും. കാൽ മണിക്കൂറിന്നകം അഥവാ 11 മണിക്കു മുമ്പ് ഉത്തരം  നൽകണം.

             അതും കഴിഞ്ഞു. ഒന്നാം ഘട്ടത്തിലെ കുറഞ്ഞത് 7 സ്കോറും രണ്ടാം ഘട്ടത്തിൽ കുറഞ്ഞത് 5 സ്കോറും  മൂന്നാം ഘട്ടത്തിൽ കുറഞ്ഞത് 3 സ് കോറും ചേർത്ത് 15 സ്കോറിൽ കുറയാത്തവർ ഫൈനൽ മത്സരത്തിലേക്ക് കയറി. 8 പേർ യോഗ്യത നേടിയതിൽ 17 മാർക്കോടെ ഒന്ന് ഞാനും !!

             ഫൈനൽ മത്സരത്തിൽ ഒറ്റ ചോദ്യം ആയിരുന്നു ഉണ്ടായിരുന്നത്. ഉത്തരം അയക്കാൻ അനുവദിക്കുന്ന സമയം 15 മിനിറ്റ് .ചോദ്യം ഇന്ത്യൻ സമയം രാവിലെ 10.45 ന് ഗ്രൂപ്പിൽ എത്തും. കാൽ മണിക്കൂറിന്നകം അഥവാ 11 മണിക്കു മുമ്പ് ഉത്തരം  നൽകണം.

ചോദ്യം  ഇതായിരുന്നു -

"അനശ്വരപ്രണയത്തിൻ്റെ ഉദാത്ത ശില്പങ്ങളാണ് റോമിയോ - ജൂലിയറ്റ്, ഷാജഹാൻ - മുംതാസ്, ഹുസ്നുൽ ജമാൽ - ബദറുൽ മുനീർ, രമണൻ - ചന്ദ്രിക തുടങ്ങിയവയൊക്കെ.കളിയാക്കലെങ്കിലും യുവമിഥുനങ്ങളെ മജ്നു - ലൈലയാക്കി സമാനമായ പ്രണയം  തൻ്റെ വരികളിൽ ചാലിച്ച് മലയാളിക്ക് സമർപിച്ച പി.ഭാസ്ക്കരൻ മാഷെ നമുക്കോർമിക്കാം.
എ) ആ പാട്ടിൻ്റെ പല്ലവി എഴുതുക? ബി) ചിത്രം ഏത്? സി ) സംഗീത സംവിധായകൻ ആര്?"


           പി.ഭാസ്ക്കരൻ മാഷ് ലൈല മജ്‌നു  എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതിയത് ഗൂഗിളമ്മ പറഞ്ഞ് തന്നു. ഫൈനൽ മത്സരത്തിൽ അങ്ങനെ ഒരു ഡയറക്ട് ചോദ്യം വരില്ലെങ്കിലും ഞാൻ അത് കാച്ചി.പക്ഷെ ഇത്തവണ ഉത്തരം പച്ച തൊട്ടില്ല." കോളേജ് ലൈല കോളടിച്ചു ...ചേലുള്ള കണ്ണാൽ കോളടിച്ചു " എന്നതായിരുന്നു ഉത്തരം.

           ഈ അഖില ലോക  മത്സരത്തിൽ ഒന്നാം സ്ഥാനക്കാരൻ നേടിയത് 22  മാർക്ക്.. 17 മാർക്കോടെ നാലാം സ്ഥാനത്ത് ഞാനും  ഫിനിഷ് ചെയ്ത സന്തോഷവാർത്ത അറിയിക്കുന്നു.
            കേരള സർക്കാർ സാംസ്കാരിക വകുപ്പ് നിർദ്ദേശിച്ചത് പ്രകാരം കോവിഡ്- 19 ലോക് ഡൗൺ വിരസത അനുഭവിക്കുന്നവരെ സാംസ്കാരിക ഉണർവിനാൽ ശാരീരിക അകലത്തിൽ സാമൂഹിക ഒരുമ സാധ്യമാക്കാൻ വൈദ്യർ അക്കാദമി ആവിഷ്ക്കരിച്ചതായിരുന്നു ഈ പ്രശ്നോത്തരി.
സമ്മാനങ്ങളെക്കാൾ വിവരവിനിമയം സാധ്യമാകുന്ന മത്സരം ആയിരുന്നു ഇത്. പങ്കെടുക്കുന്നവർക്കെല്ലാം പുത്തൻ അറിവുകളാണ് ലഭിച്ചത്. മലയാള സിനിമയിൽ ഇത്രയും ഇമ്പമേറിയ മാപ്പിള പാട്ടുകൾ ഉണ്ടായിരുന്നു എന്ന് ഞാനും തിരിച്ചറിഞ്ഞത് ഈ  പ്രശ്നോത്തരിയിലൂടെയാണ്.

Saturday, June 22, 2019

പേപ്പര്‍ ബിറ്റ്സ് (Paper Bits)

കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ (മാനാഞ്ചിറ ടൌണ്‍ഹാളിന് പിന്‍‌വശം) നടക്കുന്ന Paper Bits' എന്ന കൊളാഷ് പ്രദര്‍ശനം കാണാന്‍ പോവുമ്പോള്‍ എനിക്ക് വലിയ പ്രതീക്ഷകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കാരണം കൊളാഷ് തയ്യാറാക്കിയത് ഡൌണ്‍സിന്‍ഡ്രൊം എന്ന ക്രോമോസോം അബ്നോര്‍മാലിറ്റി ബാധിച്ച ഒരു വ്യക്തിയായിരുന്നു. എന്നാല്‍ എന്റെ മുന്‍‌ധാരണകള്‍ മുഴുവന്‍ ആ ദര്‍ശനം മാറ്റി മറിച്ചു.
സാധാരണ ഗതിയില്‍ സമൂഹത്തില്‍ പാര്‍ശ്വ‌വല്ക്കരിക്കപ്പെട്ട് വീട്ടിനുള്ളില്‍ തന്നെ അടഞ്ഞു കൂടാന്‍ വിധിക്കപ്പെടുന്ന ഇത്തരം ജന്മങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് ബിമല്‍ ശംസ് എന്ന ഈ വ്യക്തി. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിറഞ്ഞ പ്രോത്സാഹനം കിട്ടിയപ്പോള്‍ കാന്‍‌വാസില്‍ വിരിഞ്ഞത് നിരവധി അത്ഭുത ചിത്രങ്ങളായിരുന്നു.
ഒരു ചിത്രം മനസ്സില്‍ രൂപപ്പെട്ടാല്‍ അതിനാവശ്യമായ പേപ്പറുകള്‍ പഴയ മാഗസിനുകളില്‍ നിന്ന് തപ്പിയെടുത്ത് കുഞ്ഞ് കുഞ്ഞ് കഷ്ണങ്ങളാക്കി സൂക്ഷിച്ച് വയ്ക്കും. പിന്നെ അവ ചേര്‍ത്തുവച്ച് അവന്റെ മനസ്സിലെ ആശയം ആവിഷ്കരിക്കുന്നു. ‘വിഷു ട്രീസ്’ ന്റെ ഭംഗി സാധാരണ കൊളാഷില്‍ പോലും ഇത്ര മനോഹരമാകില്ല എന്നാണ് എന്റെ അഭിപ്രായം.ഇത്തരത്തിലുള്ള നാല്പതോളം കൊളാഷുകളാണ് പ്രദര്‍ശനത്ത്iന് വച്ചിരിക്കുന്നത്.പ്രദര്‍ശനത്തിന് Paper Bits എന്ന പേര്‍ ഇട്ടതും ബിമല്‍ ആണെന്നറിയുമ്പോള്‍ ആസ്വാദകന്റെ ആശ്ചര്യം കൂടുന്നു.
ചേര്‍ത്ത് പിടിച്ച് സെല്‍ഫി എടുത്തപ്പോഴും കൈ പിടിച്ച് കുലുക്കി അഭിനന്ദിച്ചപ്പോഴും നിഷ്കളങ്കമായ ആ മനസ്സില്‍ നിന്നും നന്ദി വാക്കുകള്‍ പുറപ്പെട്ടു. തിരിച്ച് പേര് ചോദിക്കാനും മറ്റും ബിമല്‍ കാണിക്കുന്ന മിടുക്ക് തീര്‍ച്ചയായും പ്രതീക്ഷാവഹമാണ്.
ഓട്ടിസം പോലെയുള്ള വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളുടെ അഛനമ്മമാര്‍ക്കും ബന്ധുക്കള്‍ വലിയൊരു പ്രചോദനമാണ് ബിമലിന്റെ നേട്ടം. ദൈവം കനിഞ്ഞുനല്‍കിയ വിവിധ അനുഗ്രഹങ്ങള്‍ ആവോളം ആസ്വദിക്കുന്നവര്‍ക്ക് കണ്ണ് തുറന്ന് നോക്കാനുള്ള ഒരവസരവും ഈ കൊച്ചുകലാകാരനിലൂടെ കൈവരുന്നു. ഇനി ഇങ്ങനെയൊരു പ്രദര്‍ശനം എന്ന് നമ്മുടെ മുമ്പില്‍ എത്തും എന്ന് നിശ്ചയമില്ലാത്തതിനാല്‍ സാധ്യമാവുന്നവര്‍ എല്ലാവരും ഒന്ന് കാണാനും ഈ കലാകാരനെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുക. ജൂണ് 23 വരെയാണ് കോഴിക്കോട്ടെ പ്രദര്‍ശനം.

Monday, January 29, 2018

ഹോം ലൈബ്രറി

              എന്റെ ബാപ്പയും ഉമ്മയും ഹൈസ്കൂൾ  അദ്ധ്യാപകരായിരുന്നതിനാൽ ഞങ്ങളുടെ കുട്ടിക്കാലം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു. പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പരന്ന വായനക്കും ഞങ്ങളെ ശീലിപ്പിച്ചിരുന്നു. വീട്ടിൽ സ്വന്തമായി ഒരു ലൈബ്രറി ഉണ്ടായിരുന്നത് ഞങ്ങളുടെ വീട്ടിൽ മാത്രമായിരുന്നു. എന്റെ മൂത്താപ്പമാരും മൂത്തുമ്മമാരും അമ്മാവന്മാരും എല്ലാം അദ്ധ്യാപകരായിട്ടും അവിടെയൊന്നും കാണാത്തതായിരുന്നു ഈ ഹോം ലൈബ്രറി.

             മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾക്കൊപ്പം തന്നെ ശാസ്ത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ ഉണ്ടായിരുന്നു. വിജ്ഞാനകോശങ്ങളും ചരിത്രപുസ്തകങ്ങളും എല്ലാം ഉണ്ടായിരുന്നു. പുസ്തകം വാങ്ങിക്കൊണ്ടു വരുന്നത് ബാപ്പ തന്നെയായിരിക്കും.അത് പൊതിയേണ്ടതും നമ്പറിട്ട് രെജിസ്റ്ററിൽ ചേർക്കേണ്ടതും എന്റെ ഡ്യൂട്ടി ആണ്.തുണിത്തരങ്ങൾ വാങ്ങുമ്പോൾ അത് ഇട്ടുതരുന്ന കടലാസ് കവർ , പഴയ കലണ്ടറുകൾ, മോഡേൺ ബ്രഡ്ഡിന്റെ കവർ, വാരാന്തപതിപ്പുകൾ,ആഴ്ചപതിപ്പിന്റെ പുറം ചട്ട തുടങ്ങിയവയായിരുന്നു പുസ്തകം പൊതിയാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ.

                2008 ജൂണിൽ എന്റെ പ്രിയപ്പെട്ട പിതാവ് മരിക്കുമ്പോൾ ആ ലൈബ്രറിയിൽ അറുനൂറിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഇന്നും അവയിൽ ഭൂരിഭാഗവും തറവാട്ടിലുണ്ട്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ പുതിയതായി വീട് എടുക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വന്ന രണ്ട് ആശയങ്ങൾ ഇവയായിരുന്നു - ഫർണ്ണീച്ചർ മുക്തമായ ഒരു നമസ്കാരമുറിയും കുട്ടികളുടെ വായന കം ലൈബ്രറി റൂമും വീട്ടിൽ ഉണ്ടായിരിക്കണം.

                   ലക്ഷങ്ങൾ ചെലവാക്കി നിർമ്മിക്കുന്ന പല വീടുകൾക്കും ഈ രണ്ട് റൂമുകളും കാണാറില്ല. ഒരു ബെഡ് റൂമിനോളം വലിപ്പമുള്ള എന്റെ നമസ്കാരമുറി എന്നെയും കുടുംബത്തെയും എന്നും ദൈവത്തോട് അടുപ്പിക്കുന്നു. തറവാട്ടിൽ അങ്ങനെ ഒരു മുറി ഇല്ലായിരുന്നു.അതുകാരണം അനുഭവപ്പെട്ട ബുദ്ധിമുട്ടാണ് എനിക്ക് വെളിച്ചം നൽകിയത് (തറവാട് പൊളിച്ച് അനിയൻ പുതിയ വീട് വച്ചു താമസം തുടങ്ങി. എന്റെ കാഴ്ചപ്പാട് അല്ല അവന്റേത് എന്നതിനാൽ ഈ രണ്ട് റൂമുകളും അവിടെ ഇല്ല).

              പലരും സ്ലോപ് ആക്കി വാർത്ത് ഉപയോഗശൂന്യമാക്കുന്ന കാർപോർച്ചിന്റെ മുകൾ ഭാഗത്ത് (ഫസ്റ്റ് ലാന്റിങിൽ - സിവിൽ എഞ്ചിനീയറിംഗിൽ അതിന് പ്രത്യേക പേര് ഉണ്ട്) ആണ് എന്റെ ലൈബ്രറി റൂം. വീട്ടിൽ താമസം തുടങ്ങിയിട്ട് ഏഴ് വർഷം കഴിഞ്ഞെങ്കിലും പല കാരണങ്ങളാൽ ഈ മുറി ഒന്ന് രൂപപ്പെടുത്തിയെടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല.  എന്റെ മനസ്സിലെ ലൈബ്രറിയുടെ ചിത്രം ആശാരിമാരും പെയിന്റർമാരും ഇൻഡസ്ട്രിയൽ പണിക്കാരും ഇലക്ട്രീഷ്യന്മാരും കൂടി ഇപ്പോൾ മുഴുവനാക്കി തന്നു.
                  അകത്ത് ചെറിയ ഒരു കോണി വഴി മുകളിൽ സംവിധാനിച്ച (മുമ്പ് ഉണ്ടായിരുന്ന റാക്ക് - ഇന്ന് വീടിന്റെ സൌന്ദര്യം ഇല്ലാതാക്കും എന്ന് പറഞ്ഞ് ഒഴിവാക്കുന്നത്) അലമാരകളിലെ പുസ്തകം എടുക്കാം. കുട്ടികൾക്ക് പേടി കൂടാതെ ഉയരത്തിൽ കയറി ഇരിക്കുകയും ചെയ്യാം.
ഈ ഫോട്ടോ എടുത്തത് നഫ്സൽ കാവനൂർ 
                 
                    താഴെ മൂന്ന് മക്കൾക്കും വായിക്കാനുള്ള സൌകര്യവും അവരുടെ പുസ്തകങ്ങളും ബാഗുകളും മറ്റു പഠന സാമഗ്രികളും സൂക്ഷിക്കാനുള്ള ഇടവും ഉണ്ടാക്കിക്കൊടുത്തു. ഒപ്പം ഇന്റെർനെറ്റ് കണക്ഷനോട് കൂടിയ കമ്പ്യൂട്ടർ സംവിധാനവും ഒരുക്കി. ചെറിയ അലങ്കാര വസ്തുക്കൾ അടുക്കി വച്ച് മോടി കൂട്ടാൻ കുഞ്ഞു റാക്കുകളും പിടിപ്പിച്ചു. അലമാര ഉണ്ടാക്കുമ്പോഴുണ്ടായ വേസ്റ്റ് കഷ്ണങ്ങളിൽ നിന്ന്, ഇരിക്കാനുള്ള മൂന്ന് സ്റ്റൂളുകളും ഒരു വേസ്റ്റ് ബാസ്ക്കറ്റും കൂടി ഉണ്ടാക്കി.
                                      
                ഫോട്ടോയിൽ കാണുന്നത് മുൻ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറും ഇപ്പോൾ കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ QIP ഡെപ്യൂട്ടി ഡയരക്ടറും ആയ എന്റെ സുഹൃത്ത് പി സഫറുല്ല മാസ്റ്റർ എന്റെ ലൈബ്രറി സന്ദർശിക്കുന്നതാണ്. ഇപ്പോൾ പലരും ഹോം ലൈബ്രറിയുടെ മാതൃക കാണാൻ വീട്ടിൽ വരുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു - വായനയെ തിരികെക്കൊണ്ടു വരാൻ ഒരു കൈ സഹായം ചെയ്യാൻ സാധിക്കുന്നതിൽ.

Friday, March 31, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016

              കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016  ലെ അവസാന കാഴ്ചകള്‍ക്ക് വിരാമമിട്ട് ഞങ്ങള്‍ കായല്‍കരയില്‍ അല്പ നേരം വിശ്രമിച്ചു. ദൂരെ വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ കാണാമായിരുന്നു. പത്രത്തില്‍ വായിച്ചറിഞ്ഞ വല്ലാര്‍പ്പാടമാണ് കണ്‍‌മുന്നില്‍ കാണുന്നതെന്ന് ഞാന്‍ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു.
              ഇതിനിടയില്‍ അന്ന് നാട്ടിലേക്ക് മടങ്ങേണ്ട എന്നും, രാത്രി ഖൈസിന്റെ ഫ്ലാറ്റില്‍ തങ്ങാം എന്നും പ്ലാന്‍ ചെയ്തു കഴിഞ്ഞിരുന്നു. ആ വിവരം ഖൈസിനെ വിളിച്ച് അറിയിക്കുകയും ഞങ്ങള്‍ എത്തേണ്ട സ്ഥലം അവന്‍ കൃത്യമായി പറഞ്ഞ് തരികയും ചെയ്തു.          
           അല്പ നേരത്തെ കാറ്റുകൊള്ളലിനാണ് ഇരുന്നതെങ്കിലും കൂടുതല്‍ കൊതുക് കടിയാണ് കൊള്ളുന്നത് എന്ന് മനസ്സിലായതോടെ ഞങ്ങള്‍ ആസ്പിന്‍ വാളിന്റെ ഗേറ്റിലേക്ക് നീങ്ങി. വഴിയില്‍ ഒരു ഇന്‍സ്റ്റലേഷന്‍ പോലെ കണ്ട സോഫയില്‍ എല്ലാരും കൂടി ഒന്നുകൂടി വിശ്രമിച്ചു. ഇവിടെയും അധിക നേരം ഇരിക്കാന്‍ ബിനാലെ അധികൃതര്‍ സമ്മതിച്ചില്ല. അല്പമകലെ ഭൂമി കുലുക്കത്തില്‍ വീണ പോലെ ഒരു വലിയ സ്ലാബ് മറിഞ്ഞ് കിടക്കുന്നത് കണ്ടു.അടുത്ത് പോയി നോക്കിയപ്പോള്‍ അതും ഒരു ഇന്‍സ്റ്റലേഷന്‍ ആയിരുന്നു!!!
           മട്ടാഞ്ചേരി സിനഗോഗ് കാണാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞായറാഴ്ച അവധിയാണെന്ന ഊബറ് ഡ്രൈവറുടെ തെറ്റായ വിവരണത്തില്‍ അത് നഷ്ടമായി. വെള്ളി, ശനി ദിവസങ്ങളിലാണ് സിനഗോഗിന് അവധി(കൂടുതല്‍ വിവരങ്ങള്‍ ഇവിടെ) . ഇനിയും വൈകിയാല്‍ ബോട്ട് യാത്രയും നഷ്ടമാകും എന്നതിനാല്‍  ഞങ്ങള്‍ ഫെറി ലക്ഷ്യമാക്കി നടത്തം തുടങ്ങി. പൌരാണികതയുടെ ഗതകാല സ്മരണകള്‍ പേറുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ള ആ നടത്തം വളരെ ഹൃദ്യമായിത്തോന്നി.
         നാല് രൂപ ബോട്ട് ടിക്കറ്റ് എടുക്കാന്‍ അരമണിക്കൂര്‍ ക്യൂവില്‍ നിന്ന് വീണ്ടും കൊതുകു കടി കൊണ്ടു. അപ്പോഴേക്കും കായലില്‍ സന്ധ്യ പരന്ന് തുടങ്ങിയിരുന്നു. വല്ലാര്‍പാടത്ത് ദീപനാളങ്ങള്‍ കണക്കെ ലൈറ്റുകള്‍ മിന്നിത്തുടങ്ങി.ഇരുട്ടും പ്രകാശവും ചേര്‍ന്ന് കായലില്‍ മനോ‍ഹര ചിത്രങ്ങള്‍ വരക്കാനും തുടങ്ങി.

              ബോട്ടില്‍ കയറിയപ്പോഴേക്കും കായല്‍ ഇരുട്ടില്‍ മുങ്ങി. കായലിന്റെ എല്ലാ ഭാഗത്തും നിയോണ്‍ ബള്‍ബുകള്‍ മഞ്ഞപ്രകാശം പരത്തി. ലിദുമോന്റെ ആദ്യത്തെ ബോട്ട് സവാരിയും ഈ യാത്രയിലൂടെ സാധ്യമായി.
              പത്തോ പതിനഞ്ചോ മിനുട്ട് യാത്രക്ക് ശേഷം ബോട്ട് എറണാകുളം ജെട്ടിയില്‍ എത്തി.ഊബറ് ടാക്സി വിളിച്ച് നേരെ എന്റെ ആതിഥേയന്‍ ഖൈസിനൊപ്പം ചേര്‍ന്നതോടെ ഈ വര്‍ഷത്തെ ഞങ്ങളുടെ ബിനാലെ യാത്രക്കും സമാപനമായി. ഇനിയും കാ‍ണാനുള്ള ബിനാലെ വേദികളില്‍ ഇതേ ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 29 വരെ കയറാമെന്നതിനാല്‍ ടിക്കറ്റുകള്‍ ഖൈസിന് നല്‍കി പിറ്റേ ദിവസം ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി. 


             “അടുത്തത് ഇനി ആലപ്പുഴയിലേക്ക്” - മടക്ക യാത്രക്കിടയില്‍ മക്കള്‍ അവരുടെ ആഗ്രഹം പ്രകടിപ്പിച്ചു. 
“ഇന്‍ഷാ അല്ലാഹ്” ഞാന്‍ സമ്മതം മൂളി.


Monday, March 20, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016 - ആസ്പിന്‍ വാള്‍ 2

                   ആസ്പിന്‍ വാളിലെ കാഴ്ചകള്‍ വിസ്മയാവഹമാണ്. സാധാരണ ഇന്‍സ്റ്റലേഷനുകളില്‍ നിന്നും വ്യത്യസ്തമായി നിറവും ശബ്ദവും വെളിച്ചവും എല്ലാം ഉപയോഗിച്ചുകൊണ്ടുള്ള വിവിധ കലാകാരന്മാരുടെ ഭാവനകള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ കൊച്ചിന്‍ മുസ്‌രിസ് ബിനാലെ എന്ന് പറയാതിരിക്കാന്‍ വയ്യ. 
                അങ്ങനെ എത്തിപ്പെട്ടതാണ് ഈ ഇരുട്ട് മുറിയിലും. പക്ഷെ ഇടക്ക് വരുന്ന റോസ് വെളിച്ചത്തില്‍ കസേരയിലിരിക്കുന്ന ഒരു മനുഷ്യന്‍ തെളിഞ്ഞു കാണുന്നുണ്ട്. അത് യഥാര്‍ത്ഥ മനുഷ്യനല്ല എന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് അറിഞ്ഞത് - ഒരു മെഴുക് പ്രതിമ ! നാം അതിനടുത്ത് നില്‍ക്കുന്നതിനനുസരിച്ച് അത് ഉരുകിത്തീരുമത്രേ!
                 ശിതീകരിച്ച മുറിയായതിനാല്‍ അവിടെ കുറച്ച് നേരം തങ്ങാമെന്നുണ്ടായിരുന്നു.  പക്ഷെ അയാള്‍ ഉരുകിത്തീര്‍ന്നാല്‍ എന്റെ പിന്നാലെ മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും ഒക്കെ കഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഒന്നും കാണാനുണ്ടാകില്ലല്ലോ ...? ഞാനും കുടുംബവും മെല്ലെ അടുത്ത് മുറിയിലേക്ക് നീങ്ങി.

                 പല വലിപ്പത്തിലുള്ള പല ജാതി ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് അടുത്തടുത്ത് തൂക്കിയിട്ടിരിക്കുന്നു. ഏത് നോക്കണം , എന്തിന് നോക്കണം എന്ന് സംശയിച്ചു. കുറെ സെല്‍ഫി ഭ്രാന്തന്മാര്‍ ഇവിടെ നിന്നും സെല്‍ഫി എടുക്കുന്നത് കണ്ടു. പത്ത് വര്‍ഷം മുമ്പ് വരെ പല വീടുകളുടെയും, സ്കൂളിന്റെയും ചുമരുകളില്‍ നിറഞ്ഞാടിയിരുന്നതും ഈ രൂപത്തിലുള്ള നമ്മുടെ  ചിത്രങ്ങളായിരുന്നു എന്ന് അവര്‍ക്ക് അറിയില്ലായിരിക്കാം.
                      അലേഷ് ഷ്‌റ്റെയ്ഗറിന്റെ ‘ദ പിരമിഡ് ഓഫ് എക്സൈല്‍ഡ്’ പുറത്ത് നിന്ന് നോക്കിയാല്‍ ഒരു കൂറ്റന്‍ പിരമിഡ് ആണ്. ഒരു വാതിലിലൂടെ അകത്ത് കടന്നപ്പോഴാണ് അതിനുള്ളിലെ ഇരുട്ട് മനസ്സിലായത്. അല്പ നേരം സംശയിച്ച് നിന്നു , ടോര്‍ച്ച് അടിക്കണോ വേണ്ടേ എന്ന്. പിന്നെ രണ്ടും കല്പിച്ച് അതിനുള്ളിലൂടെ നടന്നു. മങ്ങിയ വെളിച്ചത്തില്‍ ഉയരുന്ന പ്രത്യേക ഗീതങ്ങള്‍ എന്തിനെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു. പുറത്തേക്കുള്ള വഴി കണ്ടെത്തിയപ്പോഴേക്കും പിന്നിലുള്ളവര്‍ മൊബൈല്‍ ഫ്ലാഷ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ വരുന്നത് കണ്ടു. അവര്‍ക്ക് ഇത് ഒട്ടും ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല എന്ന് തീര്‍ച്ച.


                 ചിലിയിലെ കവിയായ റൌള്‍ സുരിറ്റ (Raul Zurita)യുടെ  "Sea of Pain" എന്ന ഇന്‍സ്റ്റലേഷന്‍ ലോകത്തിലെ മുഴുവന്‍ അഭയാര്‍ത്ഥികളുടെയും ദു:ഖം പങ്കു വയ്ക്കുന്ന ഒന്നാണ്. ഒരു മുറി നിറയെ വെള്ളം നിറച്ചുള്ള ഈ ഇന്‍സ്റ്റലേഷനിലൂടെ നടന്നു നീങ്ങുമ്പോള്‍ ഐലന്‍ കുര്‍ദിയും മറ്റു നിഷ്കളങ്കരായ നിരവധി ജീവിതങ്ങളും നമ്മുടെ മനോമുകുരത്തില്‍ അശ്രുകണങ്ങള്‍ സൃഷ്ടിക്കും. യഥാര്‍ത്ഥ ജീവിതത്തില്‍ ഈ പലായനം സൃഷ്ടിക്കുന്ന ഭീതിയും സാഹസികതയും മനസ്സിലാക്കിത്തരാന്‍ റൌള്‍ സുരിറ്റക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്.

                    ‘ദ പിരമിഡ് ഓഫ് എക്സൈല്‍ഡ്’ , "Sea of Pain" , ‘ഡാ‍ന്‍സ് ഓഫ് ഡെത്ത്’ എന്നിവയാണ് കൊച്ചിന്‍ മുസ്‌രിസ് ബിനാലെയില്‍ നിര്‍ബന്ധമായും കാണേണ്ട ഇന്‍സ്റ്റലേഷനുകള്‍ എന്ന് ഇവിടെ വായിച്ചിരുന്നു. ഇതില്‍ മൂന്നാമത്തേത് കാണാന്‍ കൊതിക്കുമ്പോഴേക്കും സമയം ആറ് മണിയായിരുന്നു. കൃത്യം ആറ് മണിക്ക് തന്നെ ലൈറ്റുകള്‍ അണയാനും മുറികള്‍ക്ക് താഴ് വീഴാനും തുടങ്ങി. ഒഴിവ് ദിനമായിട്ടു പോലും ഇത്രയും കൃത്യമായി അടച്ചുപൂട്ടിയതിലുള്ള പ്രതിഷേധവും ‘ഡാ‍ന്‍സ് ഓഫ് ഡെത്ത്’ കാണാന്‍ സാധിക്കാത്തതിലുള്ള അമര്‍ഷവും മനസ്സില്‍ അടക്കി ഈ വര്‍ഷത്തെ ബിനാലെ കാഴ്ചകള്‍ക്ക് തിരശീലയിട്ട് ഞങ്ങള്‍ കായല്‍ തീരത്തേക്ക് നീങ്ങി
(വേറെ നിരവധി ഇന്‍സ്റ്റലേഷനുകള്‍ കണ്ടിട്ടുണ്ട്....എല്ലാം കൂ‍ടി ഇവിടെ നിരത്താന്‍ വയ്യ).

Friday, February 24, 2017

മകരനിലാവ് കൂട്ടായ്മ

            അതിരപ്പിള്ളിയിൽ നിന്നും ചാലക്കുടി എത്താൻ ഒരു മണിക്കൂറിലധികം യാത്ര ചെയ്യണം. മടക്ക യാത്രക്കിടക്ക് അന്നത്തെ എന്റെ ആതിഥേയനും എന്റെ വളണ്ടിയർ സെക്രട്ടറിയുമായ അബ്ദുൽ വാസിഹിനെ വിളിച്ചു. ചാലക്കുടിയിൽ എത്തിയിട്ട് ഇനി അവന്റെ നാട്ടിലേക്കുള്ള ബസ് കിട്ടാൻ സാധ്യതയില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം അവൻ പറഞ്ഞു.കുഴഞ്ഞ് മറിഞ്ഞ ഒരു പോംവഴിയും അവൻ പറഞ്ഞെങ്കിലും ഞാൻ അത് ശ്രദ്ധിച്ചില്ല. വരുമ്പോൾ കാണാം എന്ന നിലക്ക് വിട്ടു.

           രാത്രി 7:15ന് ചാലക്കുടി സ്റ്റാന്റിൽ എത്തിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലായി.ബസ് സ്റ്റാന്റിൽ ഒരു കയ്യിൽ എണ്ണാവുന്ന അത്രയും ബസ്സുകൾ പോലും ഇല്ല!അടുത്ത സ്റ്റെപ് എന്ത് എന്ന് ചോദിക്കാനായി വാസിഹിനെ വിളിച്ചപ്പോൾ അവൻ ഔട്ട് ഓഫ് കോർപ്പറേഷൻ ഏരിയയും!!ഭാഗ്യത്തിന് അവന്റെ ഉപ്പയെ ഫോണിൽ കിട്ടി.
സ്റ്റാന്റിൽ “മഹാമായ” ഉണ്ടോ എന്ന് നോക്കാൻ അദ്ദേഹം പറഞ്ഞത് എനിക്ക് മനസ്സിലാകാത്തതിനാൽ ഞാൻ ഉറക്കെ ചോദിച്ചു “മഹാമായയോ?”

“അതേ...ഇതാണ് മഹാമായ..!!” എന്റെ മുന്നിൽ നിന്ന കാക്കി കുപ്പായക്കാരൻ പറഞ്ഞു.അദ്ദേഹത്തിന്റെ ബസ്സിന്റെ പേര് ആയിരുന്നു മഹാമായ.ആ നാട്ടിലേക്കുള്ള അവസാന ബസ് ഞങ്ങളെയും കാത്ത് കിടന്നത് പോലെ!! അതെ, ദൈവത്തിന്റെ സഹായത്തിന് ഞാൻ വീണ്ടും നന്ദി പറഞ്ഞു.

             അങ്ങനെ വാസിഹിന്റെ വീട്ടിലെത്തി അവരുടെ പുത്തൻ‌ചിറ കോട്ടക്കപ്പാടത്ത് മകര നിലാവ് കൂട്ടായ്മയിൽ പങ്കെടുത്തു. ജൈവ അരി കൊണ്ട് ഉണ്ടാക്കിയ കഞ്ഞിയും അതിലേക്ക് തന്നെ വിളമ്പിയ ചക്കപ്പുഴുക്കും ഇടിച്ചക്ക തോരനും ഇപ്പോഴും എന്റെ വായയിൽ വെള്ളമൂറിക്കുന്നു.നാടിന്റെ പല ഭാഗത്ത് നിന്നുമുള്ള പരിസ്ഥിതി പ്രവർത്തകരും ബന്ധുക്കളും പങ്കെടുത്ത രസകരമായ ഒരു കൂട്ടായ്മയായി എനിക്ക് അത് അനുഭവപ്പെട്ടു.ആണും പെണ്ണുമടക്കം  നിരവധി പേർ ഞങ്ങളെ വന്ന് പരിചയപ്പെട്ടു. മൈക്ക് വച്ചുള്ള ഘോര ഘോര പ്രസംഗവും മറ്റും ഇല്ലാത്ത, മറ്റുള്ളവരെ ശല്യം ചെയ്യാതെ നാടൻ പാട്ടും നല്ല ചിന്തകളും പങ്കു വച്ച് കൊണ്ടുള്ള, ജാതി മത ഭേദമന്യേയുള്ളതും ഒരു വ്യക്തി നേതൃത്വം നൽകുന്നതുമായ ആ കൂട്ടായ്മയിൽ അധികം സമയം ചെലവഴിക്കാൻ കഴിയാത്തത് എനിക്ക് നഷ്ടമായിത്തോന്നി.

              വാസിഹിന്റെ കൊച്ചാപ്പയുടെ (ഉമ്മയുടെ അനിയത്തിയുടെ ) വീട്ടിലായിരുന്നു അന്ന് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. തലേ ദിവസം പാലുകാച്ചൽ നടന്ന വീട്ടിൽ ആദ്യത്തെ അതിഥികളായി ഞങ്ങൾ എത്തുമ്പോൾ അതൊരു സാധാരണ വീട് മാത്രമായി തോന്നി.പക്ഷേ സ്നേഹം കൊണ്ട് ഞങ്ങളെ വീർപ്പ് മുട്ടിച്ച ഞങ്ങളുടെ ആതിഥേയൻ ഒരു പുലിയാണെന്ന് പിറ്റേന്ന് ഇറങ്ങാൻ നേരത്താണ് മനസ്സിലായത്.

              നിരവധി രാജ്യങ്ങളുടെ നാണയങ്ങളും കറൻസിയും ശേഖരിക്കുകയും പ്രദർശനം നടത്തുകയും ചെയ്യുന്ന ഒരു വ്യക്തി. നിരവധി രാജ്യങ്ങളുടെ സ്റ്റാമ്പുകൾ ശേഖരിക്കുകയും പ്രദർശനം നടത്തുകയും ചെയ്യുന്ന ഒരു വ്യക്തി. പല രാജ്യങ്ങളിലെയും കറൻസികളെപ്പറ്റിയും സ്റ്റാമ്പിനെപ്പറ്റിയും ഉള്ള ആധികാരിക വിവരങ്ങളും അറിയപ്പെടാത്ത വിവരങ്ങളും നൽകുന്ന വ്യക്തി.കൌതുകം ഇതിൽ മാത്രമല്ല , പല തരത്തിലുള്ള കുപ്പികൾ ശേഖരിക്കുന്നതിലും ഉണ്ട്!!

             പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സ്റ്റാമ്പ് അധിഷ്ടിതമായ നിരവധി  സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് സദാ പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ മുഴുവൻ മനസ്സിലാക്കാൻ ദിവസങ്ങളോളം കൂടെ താമസിക്കേണ്ടി വരും എന്ന് എനിക്ക് തോന്നി. അറിഞ്ഞ വിവരങ്ങളും കൊണ്ട് ഞാനും കുടുംബവും അവരോട് സലാം പറഞ്ഞിറങ്ങി.

Friday, February 10, 2017

ബിനാലെ കാണാന്‍...

2012ല്‍ ആണ് കൊച്ചിന്‍ മുസ്രിസ് ബിനാലെ ആരംഭിച്ചത്. 12/12/12 എന്ന തീയതിയുടെ കൌതുകം കാരണം അന്നാണ് അത് ഉത്ഘാടനം ചെയ്യപ്പെട്ടത്. അന്ന് കേരള ജനതക്ക് എന്നല്ല ഇന്ത്യന്‍ ജനതക്ക് തന്നെ ഇത് എന്താണ് സംഭവം എന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് ബിനാലെ വീണ്ടും 2014ല്‍ എത്തി.ഡിസംബറില്‍ ആരംഭിച്ച് 100 ദിവസത്തിലധികം അത് കൊച്ചിയില്‍ ആറാടി.എന്നിട്ടും കേരള ജനത അതിന് വലിയ പ്രാധാന്യം നല്‍കിയില്ല എന്ന് തോന്നുന്നു - ആര്‍ക്കെങ്കിലും മനസ്സിലാകുന്ന സംഗതി ആണെങ്കില്‍ അല്ലേ അങ്ങോട്ട് അടുക്കൂ !!

ആദ്യ ബിനാലെ കണ്ട അല്പം ചില കേരളീയ കുടുംബങ്ങളില്‍ ഒന്ന് എന്റെതാണ് എന്ന് ഞാന്‍ അഭിമാനപൂര്‍വ്വം പറയാറുണ്ട് - എനിക്കും അന്ന് ഒന്നും മനസ്സിലായില്ല എന്നത് സത്യം തന്നെ. അന്നത്തെ ചില ഇന്‍സ്റ്റലേഷനുകളെപ്പറ്റി ഇതാ ഇവിടെ സവിസ്തരം പറഞ്ഞിട്ടുണ്ട്.

അന്ന് എന്റെ മൂത്ത മകള്‍ എട്ടാം ക്ലാസ്സിലും രണ്ടാമത്തെ മോള്‍ നാലാം ക്ലാസ്സിലും മൂന്നാമള്‍ പൊടിമോളും ആയിരുന്നു. ആ ബിനാലെ ഓര്‍മ്മയില്‍ അല്പമെങ്കിലും തങ്ങി നില്‍ക്കുന്ന മൂത്ത മോള്‍ ലുലുവിന് ഈ വര്‍ഷവും ബിനാലെ കാണാന്‍ ആഗ്രഹം !! അടുത്ത ബിനാലെക്ക് ഇനിയും രണ്ട് വര്‍ഷം കാത്ത് നില്‍ക്കണം എന്നതിനാലും ഈ ശനിയാഴ്ച എനിക്ക് തൃശൂര്‍ ചാലക്കുടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഉള്ളതിനാലും ഇതു തന്നെ നല്ല അവസരം എന്ന് തീരുമാനമായി.അങ്ങനെ  ലുലുവിന് പ്ലസ് ടു മോഡല്‍ പരീക്ഷ നടക്കുകയാണെങ്കിലും ഞങ്ങള്‍ ബിനാലെ കാണാന്‍ നാളെ എറണാകുളത്തേക്ക്...

എന്റെ ബ്ലോഗിന്റെ അതേ ടൈറ്റില്‍ പോലെയുള്ള  മനോരാജ്യത്തില്‍  ബിനാലെ കണ്ട അനുഭവം വായിച്ചു. ആദ്യ ബിനാലെ കണ്ട എന്റെ അതേ അവസ്ഥ തന്നെയാണ് ദിവാകരന്‍‌ജിക്ക് എന്ന് മനസ്സിലായി. ബാക്കി ഇനി ഞാന്‍ കണ്ടതിന് ശേഷം പറയാം , ഇന്‍ഷാ അല്ലാഹ്.

Saturday, January 09, 2016

പൂരം കൊടിയിറങ്ങുമ്പോള്‍....

കാല്പന്ത് കളിയിലൂടെ ദേശാന്തരവാര്‍ത്തകളില്‍ നിറഞ്ഞ്  നിന്ന അരീക്കോട്....
വെള്ളപ്പട്ടാളത്തെ നെഞ്ചുവിരിച്ച് നേരിട്ട ഏറനാടന്‍ പെരുമ ഉറങ്ങുന്ന അരീക്കോട്....
ഇതിഹാസകാരന്‍ ഒ.വി.വിജയന്‍ സ്കൂള്‍പഠനം ആരംഭിച്ച അരീക്കോട്....
മഹാകവി മുണ്ടമ്പ്ര ഉണ്ണിമമ്മദിന്റെ മാപ്പിളകാവ്യങ്ങള്‍ പെയ്തിറങ്ങിയ അരീക്കോട്....
ചാലിയാറിന്റെ താരാട്ട് കേട്ട് കേട്ടുറങ്ങിയിരുന്ന അരീക്കോട്....
ഇന്നലെ വരെ ഇതൊക്കെയായിരുന്നു എന്റെ നാടിനെപ്പറ്റി ഞാന്‍ കേട്ടതും പറഞ്ഞതും.പക്ഷേ മലപ്പുറം റവന്യൂ ജില്ലാ കലോത്സവം എന്റെ നാട്ടില്‍ കൊടിയിറങ്ങുമ്പോള്‍ എല്ലാവരും സൂചിപ്പിച്ചത് മറ്റൊന്നായിരുന്നു – ഈ നാടിന്റെ ആതിഥേയത്വം.

അഞ്ച് ദിവസങ്ങളിലായി എണ്ണായിരത്തില്പരം മത്സരാര്‍ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും അനുഭവിച്ചറിഞ്ഞത് ഈ നാടിന്റെ അറിയപ്പെടാത്ത ഒരു നന്മയായിരുന്നു. നാട്ടിലെ യുവാക്കള്‍ സന്നദ്ധ സേവകരായി സ്വയം മുന്നോട്ട് വന്നപ്പോള്‍ ,സ്കൂളിന് ചുറ്റുമുള്ള വീട്ടുകാര്‍ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മേക്കപ്പിനും മറ്റും സൌകര്യം ഒരുക്കി.കുടുംബശ്രീ പ്രവര്‍ത്തകര്‍ കലാനഗരിയിലെ ശുചീകരണം ഏറ്റെടുത്തപ്പോള്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അതിഥികള്‍ക്കാവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാനായി നെട്ടോട്ടമോടി.അങ്ങനെ എല്ലാവരും കൂട്ടമായി പ്രവര്‍ത്തിച്ചപ്പോള്‍ അത് നാടിന്റെ നന്മയായി അതിഥികള്‍ തിരിച്ചറിഞ്ഞു.

ഇതുവരെയുള്ള കലോത്സവത്തില്‍ നിന്നും ഞങ്ങളുടെ ഈ കലോത്സവത്തിന് മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ടായിരുന്നു.ഉത്ഘാടന വേദിയിലെ അതിഥികളെ സ്വാഗതം ചെയ്തപ്പോള്‍ ബൊക്കക്ക് പകരം നല്‍കിയത് കെ.പി.കേശവമേനോന്‍ എഴുതിയ ജീവിതചിന്തകള്‍ എന്ന പുസ്തകമായിരുന്നു.കൂടാതെ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് മംഗള്‍‌യാനെപ്പറ്റിയുള്ള  പുസ്തകവും.വായനാപ്രിയനായ എന്റെ സുഹൃത്ത് , അരീക്കോട്ടുകാരനായ മലപ്പുറം ജില്ലാ വിദ്യാഭ്യ്യാസ ഓഫീസര്‍ പി.സഫറുല്ല മാസ്റ്ററുടെ തല ഈ പരിഷ്കാരത്തിന്  പിന്നില്‍ ഉണ്ടാകും എന്ന് തീര്‍ച്ച.


ജില്ലാകലോത്സവം കൊടിയിറങ്ങിയപ്പോള്‍ അരീക്കോട്ടുകാരുടെ സ്വപ്നം ഇനി അതുക്കും മേലെയാണ്. മറ്റേതോ നാടുകളില്‍ അരങ്ങേറിയ സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധി ഇനങ്ങളില്‍ വെന്നിക്കൊടി പാറിപ്പിച്ച വിദ്യാര്‍ഥീ ചരിത്രമുള്ള ഈ നാട്ടില്‍ വച്ച് ഒരു സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തണം.അരീക്കോട്ടുകാരുടെ നന്മ കേരളമാകെ അറിയണം.ജില്ലാ പഞ്ചായത്ത് ഈ ആവശ്യത്തോട് അനുഭാവം പ്രകടിപ്പിച്ചതിനാല്‍ ഇനി മലപ്പുറത്തിന് ലഭിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാന്‍ ഞങ്ങള്‍ക്കാകും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

Monday, January 04, 2016

കലയുടെ മാമാങ്കം അരീക്കോട്ട്

              അരീക്കോട് എന്നാൽ ഫുട്ബാളിന്റെ നാട് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്റെ നാടിന്റെ ഈ പ്രത്യേകതയെപ്പറ്റി ഞാൻ ഇതുവരെ ബ്ലോഗിൽ എഴുതിയിട്ടില്ല എങ്കിലും പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് ഓര്മ്മ.കായിക രംഗത്ത് നേരത്തെ ശ്രദ്ധിക്കപ്പെട്ടതിനാൽ സംസ്ഥാന തലത്തിലുള്ള മൽസരങ്ങൾ പലതും ഇവിടെ അരങ്ങേറിയിട്ടുണ്ട്. എന്നാൽ കലാരംഗത്തും അരീക്കോടിന്റെ പേർ പതിപ്പിച്ച നിരവധി പേർ കഴിഞ്ഞ്  പോയിട്ടുണ്ട് , നിലവിൽ ജീവിക്കുന്നവരും ഉണ്ട്.

            അരീക്കോട്ടെ കലാസ്നേഹികൾക്ക് കലാവിരുന്ന് ഒരുക്കിക്കൊണ്ട്  മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്  അരീക്കോട് ഗവ. ഹയര് സെക്കന്ററി സ്കൂളിൽ ഈ ഞായറാഴ്ച തിരി തെളിഞ്ഞു. എന്റെ നാട് ഇതുവരെ കാണാത്ത വർണ്ണാഭമായ ഘോഷയാത്രയോടെയായിരുന്നു തുടക്കം.



           ഞാൻ ആദ്യാക്ഷരം കുറിച്ച ജി.എം.യു.പി സ്കൂളിൽ നിന്നാരംഭിച്ച ഘോഷയാത്ര സമാപിച്ചത് എന്റെ പിതാവ് സര്ക്കാര് സേവനത്തിന് വിരാമമിട്ട  അരീക്കോട് ഗവ. ഹയര് സെക്കന്ററി സ്കൂളിൽ ആയിരുന്നു. എകദേശം 2 കിലോമീറ്ററിലധികം നടന്ന് കുട്ടികളും പങ്കെടുത്തവരും എല്ലാം വെള്ളം കുടിച്ചിരിക്കും എന്നത് സത്യം.




          അരീക്കോടിന്റെ മണ്ണിൽ ആദ്യമായെത്തുന്ന കലമാമാങ്കത്ത്തിൽ ഞാനും അഭിമാനിക്കുന്നു. ഉത്ഘാടന വേദിയിലെ ആദ്യത്തെ ചടങ്ങായ പ്രാർത്ഥനാ ഗാനത്തിന്റെ ടീം അംഗമായി എന്റെ മൂത്തമകൾ ഐഷനൗറയും സ്റ്റേജിൽ പാടി .വരും ദിവസങ്ങളിൽ സംഘഗാന മത്സരത്തിലും അവളും ടീമും മാറ്റുരക്കുന്നുണ്ട്.രണ്ടാമത്തെ മകൾ ഏഴാം ക്ലാസ്സുകാരി ആതിഫ ജുംലയും ഇത്തവണ വേദിയിൽ കയറുന്നു. ഹിന്ദി കഥാരചനയിലും ഉർദു , അറബി സംഘഗാനങ്ങളിലും അവൾ മത്സരിക്കുന്നു. എന്റെ നാട്ടിൽ ,എന്റെ നാട്ടുകാര്ക്ക് മുമ്പിൽ, വ്യത്യസ്ത സ്കൂളുകളെ പ്രതിനിധീകരിച്ച്, എന്റെ പിതാവിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് കര്മ്മ ഭൂമിയായ സ്കൂളിൽ എന്റെ മക്കൾ മത്സരിക്കുമ്പോൾ ഒരു പിതാവെന്ന നിലയിൽ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.


Sunday, November 23, 2014

വായനക്കൂട്ടം ഒത്തുചേരൽ - നവംബർ

അരീക്കോട് വായനക്കൂട്ടത്തിന്റെ മാസാന്ത ഒത്തുചേരൽ വൈ.എം.എ ഹാളിൽ മലപ്പുറം ഡി.ഇ.ഒ ശ്രീ.പി.സഫറുല്ലയുടെ നേതൃത്വത്തിൽ നടന്നു. സാഹിത്യകാരി പ്രൊഫ. ഹൃദയകുമാരി ടീച്ചറുടേയും ഹാസ്യ‌സാഹിത്യകാരനും മുൻ കളക്ടറുമായ ശ്രീ.സനൽകുമാറിന്റേയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. പുതിയതായി ചേർന്ന അംഗങ്ങൾ സ്വയം പരിചയപ്പെടുത്തി. ശേഷം വായനക്കൂട്ടാംഗങ്ങളുടെ വായനാനുഭവങ്ങൾ പങ്കു വച്ചു.

ഡി.ഇ.ഒ ശ്രീ.പി.സഫറുല്ല പരിചയപ്പെടുത്തിയത് ശ്രീ.വി.സി.സി ജോർജ്ജ് എഴുതിയ ‘മൂല്യദർശനം ക്ലാസ്സുകളിൽ’ എന്ന പുസ്തകമായിരുന്നു. തമിഴ് സാഹിത്യത്തിലെ ബൈബിൾ എന്നറിയപ്പെടുന്ന തിരുവള്ളുവരുടെ ‘തിരുക്കുറൾ’ പ്രതിപാദിക്കുന്ന ചിന്താശകലങ്ങളും ഡി.ഇ.ഒ പങ്കു വച്ചു. തമിഴ് ജനത ഈ ഗ്രന്ഥത്തെയും ഗ്രന്ഥകർത്താവിനേയും മനസ്സിൽ കുടിയിരുത്തുന്ന രീതിയും സ്വന്തം അനുഭവത്തിൽ നിന്നും അദ്ദേഹം വിശദീകരിച്ചപ്പോൾ അത് ഈ വായനക്കൂട്ടത്തിന് നവ്യാനുഭവമായി.

ബ്ലോഗിൽ നിന്നും അച്ചടിച്ച ആദ്യ കൃതിയായ  നമ്മുടെ വിശാലമനസ്കന്റെ ‘കൊടകരപുരാണം’ ആയിരുന്നു ഞാൻ പരിചയപ്പെടുത്തിയത്.ഗ്രന്ഥകാരന്റെ കുട്ടിക്കാലഅനുഭവങ്ങളും മറ്റും ഹൃദ്യമായി അവതരിപ്പിച്ചതും വിശാലന്റെ അവതരണ ശൈലിയും വായനക്കൂട്ടത്തിൽ പങ്കുവച്ചപ്പോൾ തങ്ങളുടെ കുട്ടിക്കാലവും കടലാസിലേക്ക് പകർത്താൻ അംഗങ്ങൾക്ക് പ്രചോദനമായി.

അരീക്കോട് നിന്നും ആദ്യമായി ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ച ശ്രീ.എം.പി.ബി ഷൌക്കത്ത് തന്റെ ആദ്യത്തെ എഴുത്തനുഭവവും പങ്കുവച്ചു.മലയാളം പഠനം എൽ.പി.ക്ലാസ്സുകളിൽ വച്ച് തന്നെ  നിന്നു പോയതിനാൽ തന്റെ എഴുത്തിൽ വരുന്ന അക്ഷരത്തെറ്റുകളെക്കുറിച്ചുള്ള വ്യാകുലത അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെ ഇപ്പോൾ പുറത്തിറക്കിയ “ഒരു ദേശാടനപക്ഷിയുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ കഥകൾ ആരും അറിയാതെ സേഫിനകത്ത് സൂക്ഷിക്കേണ്ടി വന്ന ഗതികേടും അദ്ദേഹം പങ്കുവച്ചു. ഒരു മുഴുസമയ വ്യാപാരിയായ താൻ, വലിയ ജ്യേഷ്ടനിൽ നിന്നുള്ള പ്രചോദനം കാരണം ഇന്നും എഴുത്തും രചനയും തുടരുന്നതായി ശ്രീ.ഷൌക്കത്ത് പറഞ്ഞു.വ്യാപാര മനസ്സ് ആയതിനാൽ കൂടുതൽ വരുമാനം ലഭിക്കുന്ന പരസ്യചിത്രങ്ങളുടെ സ്ക്രിപ്റ്റ് എഴുത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു.




 ശ്രീ.എം.കെ രാമചന്ദ്രൻ എഴുതിയ ‘ദേവഭൂമിയിലൂടെ’ എന്ന പുസ്തകമായിരുന്നു ശ്രീ.വിവേക് പരിചയപ്പെടുത്തിയത്.കേദാർനാഥിനെപറ്റി പ്രതിപാദിക്കുന്ന ഈ പുസ്തകം ഹിമാലയത്തെപറ്റിയും അവിടെ സന്യസിക്കുന്ന വിവിധ മുനിമാരെപ്പറ്റിയും അടുത്തറിയാൻ സഹായകമാണ്. ഭാരതസംസ്കാരത്തെപറ്റി കൂടുതൽ അറിയാൻ ശ്രീ.എം.കെ രാമചന്ദ്രന്റെ ഈ സീരീസിലുള്ള പുസ്തകങ്ങളുടെ പിന്തുണയും വിവേക് പങ്കു വച്ചു.

തീ പിടിച്ച മനുഷ്യ ചിന്തകളുടെ കഥ പറയുന്ന ദൊസ്തോവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന പുസ്തകവും ആനന്ദിന്റെ ‘ആൾക്കൂട്ടവും’ തമ്മിലുള്ള ബന്ധം ഗവേഷണ വിഷയമാക്കുന്ന കോഴിക്കോട് സർവ്വകലാശാലാ വിദ്യാർത്ഥി കൂടിയായ സമീർ കാവാട്ട് ആ വായനാനുഭവങ്ങൾ അടുത്ത കൂടിച്ചേരലിൽ  പങ്കുവയ്ക്കാമെന്നേറ്റു.

കവിതാലോകത്ത് അരീക്കോടിന്റെ പേര് പതിപ്പിച്ച ശ്രീ.വിശ്വൻ അരീക്കോട് തന്റെ കവിതാസമാഹാരമായ ‘നോവുകൾ, നൊമ്പരങ്ങൾ’ എന്ന കൃതി പരിചയപ്പെടുത്തി.പ്രസ്തുത കൃതിയിലെ അവസാനത്തെ കവിത ‘മലാല’യിൽ മലാലക്ക് നോബൽ സമ്മാനം ലഭിക്കുന്നതിനെപറ്റി മുൻ‌കൂട്ടി  പരാമർശം നടത്തിയത് ഹിന്ദു അടക്കമുള്ള പത്രങ്ങൾ പ്രാധാന്യത്തോടെ സുവാദമാക്കിയത് ശ്രീ.വിശ്വൻ പങ്കുവച്ചു.

                   


അരീക്കോട്ട് നിന്നുമുള്ള മറ്റൊരു കവിയും സിനിമാ‍ഗാന രചയിതാവുമായ ശ്രീ.വാസു അരീക്കോട് ‘മൌനനമ്പരം’ എന്ന തന്റെ കവിതാസമാഹാരത്തിൽ നിന്നുള്ള അമ്മ എന്ന കവിത ആലപിച്ചു.കുട്ടിക്കാലത്ത് തന്റെ വായനക്ക് വളമേകിയ സ്ഥാപനങ്ങൾ വൈ.എം.എ യും വൈ.എം.ബിയും ആയിരുന്നു എന്ന് അദ്ദേഹം സ്മരിച്ചു.അന്ന് മനുഷ്യനെ സംസ്കരിക്കാനുതകുന്നവയായിരുന്നു സാഹിത്യസൃഷ്ടികൾ എന്ന് രമണനിലെ ‘കാനനഛായയിൽ ആടുമേക്കാൻ ...’ എന്ന ഗാനവും ഇന്നത്തെ ‘പലവട്ടം കാത്തുനിന്നു ഞാൻ കോളേജിൻ മൈതാനത്ത്...‘ എന്ന പുതിയ ഗാനവും താരത‌മ്യം ചെയ്ത് അദ്ദേഹം സമർത്ഥിച്ചു.



യാത്രകളിലൂടെ ഇന്ത്യയുടെ വിവിധഭാഗങ്ങൾ അരിച്ചുപെറുക്കിയ സഹദേവൻ മാസ്റ്റർ തന്റെ കേദാർനാഥ്-ബദരീനാഥ് യാത്രാനുഭവങ്ങൾ ആണ് ആദ്യം പങ്കുവച്ചത്. അപകടം നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെയുള്ള കേരള സംഘത്തിന്റെ നടന്നുകയറ്റം വായനക്കൂട്ടം ശ്വാസമടക്കിപ്പിടിച്ച് ശ്രവിച്ചു.ശേഷം ഇന്ത്യൻ  ആംഗലേയ സാഹിത്യകാരനായ ശ്രീ.ആർ.കെ നാരായണിന്റെ ‘എ ടൈഗർ ഫോർ മാൽഗുഡി’ എന്ന പുസ്തകത്തിലെ രസകരമായ വായനാനുഭവവും പങ്കുവച്ചു.

കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തേടാനുള്ള നിർദ്ദേശത്തോടെയായിരുന്നു ഷീജ ടീച്ചർ അവതരണം ആരംഭിച്ചത്. സി.രാധാകൃഷ്ണന്റെ ‘പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും’ എന്ന പുസ്തകവും അകാലത്തിൽ പൊലിഞ്ഞ ടി.വി.കൊച്ചുബാവയുടെ ‘വൃദ്ധസദനം’ എന്ന കൃതിയും വായനക്കൂട്ടത്തിന് മുമ്പിൽ ടീച്ചർ പരിചയപ്പെടുത്തി.വൃദ്ധസദനത്തിലെ സിറിയക് തോമസ് എന്ന കഥാപാത്രം നൽകുന്ന പോസിറ്റീവ് എനർജി ചിന്തകൾ ടീച്ചർ അനുസ്മരിച്ചു.



 വിദ്യാർത്ഥിയായ ആൽ‌വിൻ  പി ജോർജ്ജ് പരിചയപ്പെടുത്തിയത് രണ്ട് ഇംഗ്ലീഷ് കൃതികളായിരുന്നു.’അയാം നുജൂദ് ഡൈവോർസ്‌ഡ് അറ്റ് ടെൻ’ എന്ന കൃതിയും ‘അയാം മലാല’ എന്ന കൃതിയും.കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വിശദീകരിക്കുന്ന ഈ രണ്ട് കൃതികളും എല്ലാവരും വായിക്കണം എന്നും ആൽ‌വിൻ നിർദ്ദേശിച്ചു.


അടുത്ത ഒത്തുചേരലിന് കാർമ്മികത്വം വഹിക്കേണ്ടവരുടെ സാധ്യതാലിസ്റ്റ് യോഗത്തിൽ ചർച്ച ചെയ്തു.നിർദ്ദേശിക്കപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടാൻ നിർദ്ദേശം വച്ചവരെത്തന്നെ ചുമതലപ്പെടുത്തി.കൂടുതൽ സമയം കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി അവലംബിക്കേണ്ട പുതിയ മാർഗ്ഗങ്ങളും യോഗത്തിൽ ആരാഞ്ഞു. ചർച്ചകൾ ക്രോഡീകരിച്ച് സഫറുല്ല മാസ്റ്റർ സമാപനപ്രസംഗം നടത്തി.

Monday, November 03, 2014

വായനയുടെ വസന്തകാലത്തിലേക്ക്...

19/10/2014 ഞായറാഴ്ച അരീക്കോട് വൈ.എം.എ വായനശാലയുടെ ആഭിമുഖ്യത്തിൽ അരീക്കോടും ചുറ്റു ഭാഗത്തുമുള്ള എല്ലാതരം വായനക്കാരുടേയും ഒരു കൂട്ടായ്മ സംഘടിപ്പിച്ചു.നാട്ടുകാരനും മലപ്പുറം ജില്ലാ വിദ്യഭ്യാസ ഓഫീസറും (ഡി.ഇ.ഒ) സർവ്വോപരി നല്ലൊരു വായനക്കാരനുമായ ശ്രീ.സഫറുള്ള.പി നേതൃത്വം നൽകിയ കൂട്ടായ്മ, കുട്ടികളും വൃദ്ധരും ഉദ്യോഗസ്ഥരും തൊഴിലന്വേഷകരും അദ്ധ്യാപകരും വിദ്യാർത്ഥികളും തുടങ്ങീ സമൂഹത്തിന്റെ നാനാതുറകളിൽ‌പെട്ടവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


പങ്കാളികളുടെ പരസ്പര പരിചയപ്പെടലിന് ശേഷം നടന്ന ചർച്ചയിൽ ഓരോ അംഗവും വായിച്ച ഒരു പുസ്തകം/കഥയെപറ്റി സംസാരിക്കുകയും അതിലെ ഏറ്റവും ആകർഷകമായ ഭാഗത്തെപറ്റി പറയുകയും ചെയ്തു.ഇത് അംഗങ്ങൾക്കിടയിൽ വിവിധ പുസ്തകങ്ങളെപറ്റി കൂടുതൽ അവബോധം ഉണ്ടാക്കാൻ സഹായിച്ചു.

ഡി.ഇ.ഒ ശ്രീ.പി സഫറുല്ലയായിരുന്നു ആദ്യ അവതാരകൻ.എഡ്വേർഡ് ഡി ബോണോ രചിച്ച ലാറ്ററൽ തിങ്കിംഗ് എന്ന രസകരമായ വായനാനുഭൂതി പകരുന്ന ഇംഗ്ലീഷ് പുസ്തകമായിരുന്നു അദ്ദേഹം പരിചയപ്പെടുത്തിയത്.താൻ വായിച്ച സംഗതികൾ വളരെ സരസമായി അവതരിപ്പിച്ച എന്റെ സുഹൃത്ത് കൂടിയായ ശ്രീ.സഫറുള്ള മാസ്റ്റർ ഒരു സർവ്വകലാശാലയാണെന്ന് പലരും പറയുന്നതിലെ സത്യം തെളിയിച്ചു.വിദ്യാർത്ഥിയായ അനസ് കാവനൂർ ബെന്യാമീനിന്റെ ആടുജീവിതത്തിലെ വെള്ളത്തിന്റെ ഉപയോഗം വായിച്ച ശേഷം തന്റെ ജീവിതത്തിൽ ഇക്കാര്യത്തിൽ വന്ന ചിന്ത പങ്കു വച്ചു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും ഇപ്പോൾ അരീക്കോട് നിവാസിയുമായ ശ്രീ യൂസഫ് അൻസാരി പെരിന്തൽ‌മണ്ണക്കടുത്ത് ചെറുകാടിലെ തന്റെ ബാല്യകാല വായനാ സ്മരണകൾ പുതുക്കി.ഒപ്പം അറേബ്യൻ സാഹിത്യരംഗത്തെ വിസ്ഫോടനത്തെപറ്റിയും സദസ്സിന് പരിചയപ്പെടുത്തി.

അദ്ധ്യാപകനായ   ശ്രീ.സുബ്രമണ്യൻ പരന്ന വായനക്കാരനല്ലെങ്കിലും തന്നെ ആകർഷിച്ച ദിവാസ്വപ്നം എന്ന പുസ്തകത്തെപറ്റി സംസാരിച്ചു.മറ്റൊരു അദ്ധ്യാപകനായ  ശ്രീ.സഹദേവന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന പുസ്തകങ്ങൾ പൌളൊ കൊയിലോയുടെ ആൽക്കെമിസ്റ്റും നാസ്തികനായ ദൈവവും ആയിരുന്നു.ഷെർലോക് ഹോംസ് കഥകളുടെ അവതരണ രീതി ഇഷ്ടപ്പെടുന്ന എടവണ്ണക്കാരൻ സിയാദിന് അന്തരിച്ച ശ്രീ.പത്മരാജന്റെ ‘പ്രതിമയും രാജകുമാരിയും’ എന്ന കഥയും വളരെ ഇഷ്ടപ്പെട്ടു.പള്ളിയിൽ ജോലി ചെയ്യുന്ന ശ്രീ.മൻസൂർ കോട്ട എല്ലാ പത്രങ്ങളുടേയും വായനക്കാരനായിരുന്നു.

രാകേഷ് പൂവത്തിക്കൽ എന്ന പേരിൽ എഴുതുന്ന വിദ്യാർത്ഥിയായ രാകേഷിനെ ആകർഷിച്ചത് എം.ടിയുടെ ‘നിന്റെ ഓർമ്മക്ക്’ എന്ന കഥയാണ്.അരീക്കോടൻ എന്ന ഞാൻ വായന മരിക്കുന്നില്ല എന്ന് സ്വന്തം ബ്ലോഗിലെ സന്ദർശക കണക്കെടുപ്പിലൂടെ സമർത്ഥിച്ചു.ഒപ്പം ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ എന്റെ രചനകളിൽ ചെലുത്തുന്ന സ്വാധീനവും പങ്ക് വച്ചു.കുട്ടിക്കാലത്ത് ബീഡിതെറുക്കുന്നതോടൊപ്പം ആദ്യമായി വായിച്ച നളചരിതം ആട്ടക്കഥ വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച ശ്രീ.മുസ്തഫ അനുസ്മരിച്ചു.

ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന ഇരയായ ശ്രീ.കുത്ബുദ്ദീൻ അൻസാരിയെ നേരിട്ട് ഇന്റർവ്യൂ ചെയ്ത് പ്രസ്തുത കലാപത്തെപ്പറ്റി പുസ്തകം രചിച്ച അരീക്കോട്ടുകാരൻ സഹീദ് റൂമിയെ ആകർഷിച്ചത് ശ്രീ.എം.മുകുന്ദന്റെ ‘ഹരിദ്വാറിൽ മണിമുഴങ്ങുമ്പോൾ‘ എന്ന കൃതിയാണ്. ശ്രീ.എ.പി. കുഞ്ഞാമു വിവർത്തനം ചെയ്ത ‘ഇവർ തീവ്രവാദികൾ‘ എന്ന പുസ്തകം വായിച്ച ശേഷം ഉറക്കം ലഭിക്കാതെ പോയതും ശ്രീ.സഹീദ് അനുസ്മരിച്ചു.

ഇങ്ങനെ വായനയുടെ വിശാലമായ ലോകവും അത് സൃഷ്ടിക്കുന്ന മന:സംഘർഷങ്ങളും മനം‌മാറ്റങ്ങളും ചിന്തകളും എല്ലാം പങ്ക് വച്ച ഈ വായനക്കൂട്ടം എന്റെ ജീവിതത്തിൽ ഒരു പുതിയ അനുഭവമായി.വായനയെ പ്രോത്സാഹിപ്പിക്കുന്ന നാട്ടിലെ നല്ലൊരു കൂട്ടായ്മയിൽ അംഗമാകാനും കുറേ നല്ല വായനക്കാരെ പരിചയപ്പെടാനും ഒപ്പം ഇത്തരം കാര്യങ്ങൾ പരിപോഷിപ്പിച്ച് നല്ലൊരു സംസ്കാരം വളർത്താനും ഈ കൂട്ടായ്മ പ്രാപ്തമാകും എന്ന് പ്രതീക്ഷിക്കുന്നു.

സ്കൂൾ/കോളേജ്  കുട്ടികൾക്കിടയിൽ വായനയും മലയാളം എഴുത്തും കത്തെഴുത്തും പ്രോത്സാഹിപിക്കുന്നതിന്റെ ആവശ്യകതയും കൂട്ടായ്മ ചർച്ച ചെയ്തു. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന മത്സരങ്ങളും മറ്റും സംഘടിപ്പിക്കാനും ഭാവി പരിപാടികളിൽ ചർച്ച നടന്നു.കൂട്ടായ്മയുടെ ഭാഗമായി ഒരു ബ്ലോഗ് ആരംഭിക്കാനും ബ്ലോഗിന് “സർഗ്ഗതീരം” എന്ന് പേരിടാനും തീരുമാനിച്ചു.ശ്രീ.പി.സഫറുള്ള ചർച്ച ക്രോഡീകരിച്ച് സമാപനപ്രസംഗം നടത്തി.