Pages

Saturday, June 22, 2019

പേപ്പര്‍ ബിറ്റ്സ് (Paper Bits)

കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ (മാനാഞ്ചിറ ടൌണ്‍ഹാളിന് പിന്‍‌വശം) നടക്കുന്ന Paper Bits' എന്ന കൊളാഷ് പ്രദര്‍ശനം കാണാന്‍ പോവുമ്പോള്‍ എനിക്ക് വലിയ പ്രതീക്ഷകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കാരണം കൊളാഷ് തയ്യാറാക്കിയത് ഡൌണ്‍സിന്‍ഡ്രൊം എന്ന ക്രോമോസോം അബ്നോര്‍മാലിറ്റി ബാധിച്ച ഒരു വ്യക്തിയായിരുന്നു. എന്നാല്‍ എന്റെ മുന്‍‌ധാരണകള്‍ മുഴുവന്‍ ആ ദര്‍ശനം മാറ്റി മറിച്ചു.
സാധാരണ ഗതിയില്‍ സമൂഹത്തില്‍ പാര്‍ശ്വ‌വല്ക്കരിക്കപ്പെട്ട് വീട്ടിനുള്ളില്‍ തന്നെ അടഞ്ഞു കൂടാന്‍ വിധിക്കപ്പെടുന്ന ഇത്തരം ജന്മങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് ബിമല്‍ ശംസ് എന്ന ഈ വ്യക്തി. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിറഞ്ഞ പ്രോത്സാഹനം കിട്ടിയപ്പോള്‍ കാന്‍‌വാസില്‍ വിരിഞ്ഞത് നിരവധി അത്ഭുത ചിത്രങ്ങളായിരുന്നു.
ഒരു ചിത്രം മനസ്സില്‍ രൂപപ്പെട്ടാല്‍ അതിനാവശ്യമായ പേപ്പറുകള്‍ പഴയ മാഗസിനുകളില്‍ നിന്ന് തപ്പിയെടുത്ത് കുഞ്ഞ് കുഞ്ഞ് കഷ്ണങ്ങളാക്കി സൂക്ഷിച്ച് വയ്ക്കും. പിന്നെ അവ ചേര്‍ത്തുവച്ച് അവന്റെ മനസ്സിലെ ആശയം ആവിഷ്കരിക്കുന്നു. ‘വിഷു ട്രീസ്’ ന്റെ ഭംഗി സാധാരണ കൊളാഷില്‍ പോലും ഇത്ര മനോഹരമാകില്ല എന്നാണ് എന്റെ അഭിപ്രായം.ഇത്തരത്തിലുള്ള നാല്പതോളം കൊളാഷുകളാണ് പ്രദര്‍ശനത്ത്iന് വച്ചിരിക്കുന്നത്.പ്രദര്‍ശനത്തിന് Paper Bits എന്ന പേര്‍ ഇട്ടതും ബിമല്‍ ആണെന്നറിയുമ്പോള്‍ ആസ്വാദകന്റെ ആശ്ചര്യം കൂടുന്നു.
ചേര്‍ത്ത് പിടിച്ച് സെല്‍ഫി എടുത്തപ്പോഴും കൈ പിടിച്ച് കുലുക്കി അഭിനന്ദിച്ചപ്പോഴും നിഷ്കളങ്കമായ ആ മനസ്സില്‍ നിന്നും നന്ദി വാക്കുകള്‍ പുറപ്പെട്ടു. തിരിച്ച് പേര് ചോദിക്കാനും മറ്റും ബിമല്‍ കാണിക്കുന്ന മിടുക്ക് തീര്‍ച്ചയായും പ്രതീക്ഷാവഹമാണ്.
ഓട്ടിസം പോലെയുള്ള വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളുടെ അഛനമ്മമാര്‍ക്കും ബന്ധുക്കള്‍ വലിയൊരു പ്രചോദനമാണ് ബിമലിന്റെ നേട്ടം. ദൈവം കനിഞ്ഞുനല്‍കിയ വിവിധ അനുഗ്രഹങ്ങള്‍ ആവോളം ആസ്വദിക്കുന്നവര്‍ക്ക് കണ്ണ് തുറന്ന് നോക്കാനുള്ള ഒരവസരവും ഈ കൊച്ചുകലാകാരനിലൂടെ കൈവരുന്നു. ഇനി ഇങ്ങനെയൊരു പ്രദര്‍ശനം എന്ന് നമ്മുടെ മുമ്പില്‍ എത്തും എന്ന് നിശ്ചയമില്ലാത്തതിനാല്‍ സാധ്യമാവുന്നവര്‍ എല്ലാവരും ഒന്ന് കാണാനും ഈ കലാകാരനെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുക. ജൂണ് 23 വരെയാണ് കോഴിക്കോട്ടെ പ്രദര്‍ശനം.

5 comments:

Areekkodan | അരീക്കോടന്‍ said...

ഓട്ടിസം പോലെയുള്ള വൈകല്യങ്ങള്‍‍ ബാധിച്ച കുട്ടികളുടെ അഛനമ്മമാര്‍‍ക്കും ബന്ധുക്കള്‍ വലിയൊരു പ്രചോദനമാണ് ബിമലിന്റെ നേട്ടം.

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ
ഇത്തരം പ്രദർശങ്ങൾ
ഓട്ടിസം പോലെയുള്ള വൈകല്യങ്ങള്‍‍
ബാധിച്ച കുട്ടികളുടെ അഛനമ്മമാര്‍‍ക്കും
ബന്ധുക്കള്‍ വലിയൊരു പ്രചോദനമാണ് ബിമലിന്റെ
നേട്ടം.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...തീർച്ചയായും.അത്തരം കുട്ടികളെയും കൊണ്ട് പലരും ഈ പ്രദർശനം കാണാൻ വരുന്നതും കണ്ടു.

© Mubi said...

ബിമലിന്റെ പ്രദർശനത്തെ കുറിച്ച് സൈറത്ത എഴുതിയതും വായിച്ചിരുന്നു. ഈ കുട്ടികൾക്ക് വേണ്ടത് പ്രചോദനമാണ്...

Areekkodan | അരീക്കോടന്‍ said...

Mubi...ഫാറൂഖ് കോളേജിന്റെ പിന്നില്‍ എസ്.എസ്. ഹോസ്റ്റലിനടുത്താണ് ഇവരുടെ വീട്.

Post a Comment

നന്ദി....വീണ്ടും വരിക