Pages

Monday, June 17, 2019

ഗോലിയും വളപ്പൊട്ടും

              സന്മാർഗ്ഗ കഥാമാല എന്ന കഥാപരമ്പരയിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഗോലിയും വളപ്പൊട്ടും‘.

             നല്ല വഴിയെ നടക്കുന്ന ആളുകളുടെ എണ്ണം വല്ലാതെ കുറഞ്ഞിരിക്കുന്നു എന്നും അതിനുള്ള കാരണം ആ വഴികളുടെ മഹത്വം പറഞ്ഞു തരാനും അതിലേക്ക് കൈചൂണ്ടിത്തരാനും വരേണ്ടവർ സമൂഹത്തിൽ കുറഞ്ഞ് പോയതാണെന്നും തിരിച്ചറിഞ്ഞ് കഥാകാരൻ രചിച്ച 37 കഥകളുടെ ഒരു സമാഹാരമാണ് ഗോലിയും വളപ്പൊട്ടും. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകത്തെവിടെയും പ്രചരിച്ചിട്ടുള്ള ഒട്ടേറെ സന്മാർഗ്ഗകഥകളുടെ സത്തെടുത്ത് കുട്ടികൾക്ക് രുചിക്കും വിധത്തിൽ മാറ്റിപ്പണിഞ്ഞുണ്ടാക്കിയവയാണ് ഇതിലെ കഥകൾ എന്ന് രചയിതാവ് ആമുഖക്കുറിപ്പിൽ പറയുന്നു.

            എല്ലാ കഥകളിലും നിറഞ്ഞ് നിൽക്കുന്നത് പുതിയ തലമുറയെ നന്മയുടെയും വിവേകത്തിന്റെയും മഹത്വത്തിന്റെയും നേർക്ക് കൈപിടിച്ച് നടത്താനുള്ള ചെറുതല്ലാത്ത ഒരാഗ്രഹമാണ്. മാതൃഭൂമിയുടെത്തന്നെ ബാലപ്രസിദ്ധീകരണമായ ബാലഭൂമിയിലെ കഥാപംക്തിക്ക് വേണ്ടി എഴുതിയ കഥകളാണ് ഇതിൽ ഒട്ടുമിക്കതും. അതിനാൽ തന്നെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം ഒരു കാല്പനികത നിറഞ്ഞവയാണ്. എങ്കിലും കുട്ടികൾക്ക് വായിക്കാനും രസിക്കാനും സാധിക്കും.ചന്ദ്രൻ ചൂലിശ്ശേരിയുടെ ചിത്രീകരണവും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും.

               കഥകൾ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശികളും കഥകൾ കേൾക്കാൻ കൊതിക്കുന്ന കുട്ടികളും ഇല്ലാത്ത ഇന്നത്തെ കാലത്ത്, സ്വന്തം മക്കൾ നല്ല ഗുണത്തോടെ വളരണം എന്നാഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കൾക്കും വായിക്കാനും വായിക്കാൻ ഉപദേശിക്കാവുന്നതുമായ ഒരു പുസ്തകമാണ് ഇത് എന്നതിൽ സംശയമില്ല. മുതിർന്നവർ നിരവധി സന്മാർഗ്ഗ കഥകൾ കേൾക്കുകയും വായിക്കുകയും ചെയ്തവരായതിനാൽ ഒരു പക്ഷേ വിരസത തോന്നും. പക്ഷെ സ്വന്തം മക്കൾക്ക് പറഞ്ഞു കൊടുക്കാനെന്ന ആവശ്യേന വായിച്ചാൽ രസകരമാകും. മുതിർന്നവരെക്കാൾ കുട്ടികളാവട്ടെ ഈ കഥകളുടെ വായനക്കാർ എന്നാണ് കഥാകാരന്റെ ആഗ്രഹം. കാരണം എല്ലാ മുദ്രകളെയും എന്നന്നേക്കുമായി മനസ്സിൽ ഊട്ടിയുറപ്പിക്കുന്ന കുട്ടിക്കാലത്തു തന്നെയാണ് ഈ കഥകൾ പ്രസരിപ്പിക്കുന്ന വെളിച്ചം ഒരാൾ ഹൃദയത്തിൽ ഏറ്റെടുക്കേണ്ടത്.

പുസ്തകം : ഗോലിയും വളപ്പൊട്ടും
രചയിതാവ് : സുഭാഷ് ചന്ദ്രൻ
പ്രസാധകർ : മാതൃഭൂമി ബുക്സ്
പേജ് : 111
വില : 100 രൂപ

5 comments:

Areekkodan | അരീക്കോടന്‍ said...

കഥകൾ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശികളും കഥകൾ കേൾക്കാൻ കൊതിക്കുന്ന കുട്ടികളും ഇല്ലാത്ത ഇന്നത്തെ കാലത്ത്, സ്വന്തം മക്കൾ നല്ല ഗുണത്തോടെ വളരണം എന്നാഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കൾക്കും വായിക്കാനും വായിക്കാൻ ഉപദേശിക്കാവുന്നതുമായ ഒരു പുസ്തകമാണ് ഇത് എന്നതിൽ സംശയമില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

കഥകൾ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശികളും കഥകൾ കേൾക്കാൻ കൊതിക്കുന്ന കുട്ടികളും ഇല്ലാത്ത ഇന്നത്തെ കാലത്ത്, സ്വന്തം മക്കൾ നല്ല ഗുണത്തോടെ വളരണം എന്നാഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കൾക്കും വായിക്കാനും വായിക്കാൻ ഉപദേശിക്കാവുന്നതുമായ ഒരു പുസ്തകമാണ് ഇത് എന്നതിൽ സംശയമില്ല.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

© Mubi said...

വായിക്കാനും പറയാനും ആർക്കും നേരല്യ... ഇവിടെ ലൈബ്രറിയിൽ കുട്ടികൾക്ക് ഒരു ഫോൺ ഇൻ പരിപാടിയുണ്ട്. ഫോൺ ചെയ്‌താൽ കുട്ടികൾക്ക് കഥ കേൾക്കാം.

Areekkodan | അരീക്കോടന്‍ said...

മുബീ...വായനയെ കൊല്ലാന്‍ പല മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്.അക്ഷരങ്ങള്‍ തെറ്റാതെ പ്രയോഗിക്കാന്‍ വായിച്ച് തന്നെ വളരണം.

Post a Comment

നന്ദി....വീണ്ടും വരിക