Pages

Tuesday, January 31, 2023

2022 ഒരു തിരിഞ്ഞുനോട്ടം

ഒരു പേജ് കൂടി ഭൂമിയിലെ വർഷങ്ങളുടെ കണക്കുപുസ്തകത്തിൽ നിന്ന് മറിച്ചിടപ്പെട്ടിരിക്കുന്നു. വർഷാന്ത്യത്തിലോ ആദ്യത്തിലോ ഉള്ള ഒരു തിരിഞ്ഞുനോട്ടം പതിവ് പോലെ തുടരുകയാണ്.ചെയ്തു കൂട്ടിയ കാര്യങ്ങളും വിജയം വരിച്ച സംഗതികളും പരാജയം സംഭവിച്ച ഇടങ്ങളും എല്ലാം അപഗ്രഥനം ചെയ്യുന്നത് പുതിയ വർഷത്തിലെ പ്രതീക്ഷകൾക്ക് വിത്തിടും. കരുത്തുറ്റള്ളതാക്കി അവയെ വളർത്താൻ ഇത് സഹായിക്കുകയും ചെയ്യും.

വീട്ടിലെ ലൈബ്രറിയും ബ്ലോഗ് എഴുത്തും വായനയും എല്ലാം പരിപോഷിപ്പിക്കലായിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാന ലക്ഷ്യമായി തീരുമാനിച്ചിരുന്നത്. ഇരുപത്തഞ്ചോളം പുസ്തകങ്ങൾ എന്റെ ഹോം ലൈബ്രറിയിൽ എത്തിച്ചും ബ്ലോഗ് പോസ്റ്റുകളുടെ എണ്ണത്തിൽ പതിവ് പോലെ സെഞ്ച്വറി തികച്ചും ലക്ഷ്യത്തോട്  ഏറെ അടുത്തെത്തിയെങ്കിലും വായന വളരെയധികം കുറഞ്ഞുപോയി എന്നത് ആശങ്കയുണർത്തുന്നു.ഈ വർഷം വായിച്ച പുസ്തകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. പേരിൽ ക്ലിക്ക് ചെയ്താൽ ആ പുസ്തകത്തെപ്പറ്റിയുള്ള എന്റെ വായനാനുഭവം കൂടി വായിക്കാം.

 
2022 ലെ ബാലൻസ് അടക്കം ഈ വർഷം 25 പുസ്തകങ്ങൾ എങ്കിലും വായിക്കണം എന്നാണ് പുതിയ ലക്ഷ്യം.
 
ഒരു പുസ്തകം കൂടി പ്രസിദ്ധീകരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. പേരക്ക ബുക്സിന്റെ നോവൽ അവാർഡ് നേടിയ "ഓത്തുപള്ളി", മലയാളം ബ്ലോഗിങ്ങിന്റെ ആരംഭകാലത്ത് ബ്ലോഗിൽ പ്രസിദ്ധീകരിച്ച നോവൽ തന്നെയാണ്. ഞാൻ എഡിറ്ററായിക്കൊണ്ട് ഒരു പുസ്തകവും ഒരു സ്വന്തം പുസ്തകവും കൂടി പ്രസിദ്ധീകരിച്ച് സാഹിത്യ മണ്ഡലത്തിൽ കാലുറപ്പിച്ച് ചവിട്ടാനും പുതിയ വർഷത്തിൽ ലക്ഷ്യമിടുന്നു.

ബ്ലോഗിങ്ങിനൊപ്പം തന്നെ രണ്ട് വർഷമായി വ്ലോഗിങ്ങും ഞാൻ തുടർന്നു വരുന്നു. പ്രൊഫഷനൽ കോഴ്സുകളുടെ പ്രവേശന സംബന്ധമായ വീഡിയോകളാണ് ചെയ്ത് കൊണ്ടിരുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ, വിവിധ യുണിവേഴ്സിറ്റികളുടെ ഡിഗ്രി പ്രവേശനത്തെപ്പറ്റിയും വീഡിയോ ചെയ്യാൻ തോന്നിയത് ഒരു വഴിത്തിരിവ് തന്നെയായി മാറി. പതിനായിരം സബ്സ്ക്രൈബർമാരിൽ നിന്ന് ഇരുപത്തി അയ്യായിരത്തിൽ എത്തിക്കുക എന്ന എന്റെ ഈ വർഷത്തെ ലക്ഷ്യവും കവിഞ്ഞ്, വർഷം  അവസാനിക്കുമ്പോൾ അത് 27700 ൽ എത്തി. ആയിരം ഡോളർ വരുമാനം എന്ന ലക്ഷ്യം തൊള്ളായിരത്തി പതിനൊന്ന് ഡോളറിൽ എത്തി നിന്നു. എങ്കിലും ഞാൻ ഖുശിയാണ്.

കുടുംബസമേതം നിരവധി യാത്രകളും ഈ വർഷം സാദ്ധ്യമായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാശ്മീർ എന്ന, ഭൂമിയിലെ സ്വർഗ്ഗത്തിലേക്കുള്ള യാത്ര തന്നെ. ജീവിതത്തിൽ ഇന്നേ വരെ ലഭിക്കാത്ത ആതിഥേയത്വങ്ങൾ ഏറ്റ് വാങ്ങിയ ആ യാത്ര ഇപ്പോഴും മനസ്സിൽ മഞ്ഞ് പുതച്ച് കിടക്കുന്നു. ഇതിന്റെ യാത്രാവിവരണം വായിച്ച് ഒരു സഹപ്രവർത്തകൻ ഒരു മാസത്തിലധികം നീണ്ട കാശ്മീർ ടൂർ നടത്തി തിരിച്ചെത്തി.മറ്റു ചിലർ ഈ വർഷത്തെ വെക്കേഷനിൽ യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞു.

ചങ്ങാതിമാർക്കൊപ്പം വയനാട്, പതങ്കയം വെള്ളച്ചാട്ടം, രായിരനല്ലൂർ മല തുടങ്ങീ പിക്നിക് സ്‌പ്പോട്ടുകളും കുടുംബത്തോടൊപ്പം പാലക്കാട്, കടലുണ്ടി, ഇരിങ്ങൽ തുടങ്ങീ വിനോദ സഞ്ചാര കേന്ദ്രങ്ങളും  സന്ദർശിക്കാൻ ഈ വർഷം സാധിച്ചു.കാശ്മീർ യാത്രയുടെ മുന്നോടിയായി ആഗ്രയിലും ഡൽഹിയിലും കൂടി ഒന്ന് കറങ്ങി.

ലിദു മോന്റെ പ്രൈമറി സ്‌കൂൾ പഠനാരംഭം, അദ്ധ്യാപകനായുള്ള എന്റെ തിരിച്ചുവരവ്, അന്താരാഷ്ട്ര കോൺഫറൻസിലെ പേപ്പർ അവതരണം,വകുപ്പുതല ഉദ്യോഗക്കയറ്റം തുടങ്ങിയ ജീവിതത്തിലെ പല പ്രധാന വഴിത്തിരിവുകളും ഈ വർഷം സംഭവിച്ചു.

മറ്റു തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ട പച്ചക്കറി കൃഷി തിരിച്ചു പിടിക്കാനും ഈ വർഷം സാധിച്ചു.കൃഷി വകുപ്പിന്റെ മൺചട്ടി കൃഷിക്ക് ഒരു ഉപഭോക്താവായി ഞാനും തെരഞ്ഞെടുക്കപ്പെട്ടു. വൈവാഹിക ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇരുപത്തി അഞ്ച് മൺചട്ടികളിൽ കൃഷി ആരംഭിച്ച് കഴിഞ്ഞു.കഴിഞ്ഞ വർഷത്തെപ്പോലെ കപ്പ പച്ച പിടിച്ചില്ല.വിവാഹ വാർഷിക മരമായി 2020ൽ വച്ച ആയുർജാക്കിൽ കടിഞ്ഞൂൽ ചക്കകൾ ഉണ്ടായതും പോയ വർഷത്തിലെ സന്തോഷങ്ങളിൽ പെട്ടതാണ്.

തിരിഞ്ഞുനോട്ടം വെറുതെയല്ല,പ്രതീക്ഷകൾ കാത്തു സൂക്ഷിക്കാനും പ്രചോദനമാകാനും വേണ്ടിയാണ്. പുതുവർഷത്തിൽ ദൈവം വിധിച്ചത് ഇനി എന്തൊക്കെ എന്ന് കാത്തിരിക്കാം.

Monday, January 30, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 19

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ...

നാടോടിക്കാറ്റ് എന്ന സിനിമക്ക് വേണ്ടി ശ്രീ യൂസഫലി കേച്ചേരി എഴുതിയ ഈ വരികളാണ് ഇന്നലെ വീട്ടിൽ തിരിച്ച് കയറുമ്പോൾ എൻറെ മനസ്സിൽ ഓടി എത്തിയത്. ഒരു വലിയ പ്രോഗ്രാം കഴിഞ്ഞ് വീട്ടിലെത്തിയതല്ല ഞാൻ,മറിച്ച് ഞാനടക്കം വെറും ഇരുപത്തി ഒന്ന് പേർ മാത്രം പങ്കെടുത്ത ഒരു പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ശേഷം വന്ന് കയറിയതായിരുന്നു. പക്ഷെ ആ സംഗമം യുഗങ്ങളായി ആഗ്രഹിച്ച ഒന്നായിരുന്നു.ഇരുപതാം നൂറ്റാണ്ടിൽ തമ്മിൽ കണ്ട് മറന്നുപോയ, മനസ്സിന്റെ അറകളിൽ എവിടെയോ ക്ലാവ് പിടിച്ച് കിടക്കുന്ന ചില ചിത്രങ്ങൾ മിനുക്കി എടുക്കാനുള്ള ഒരു എളിയ ശ്രമം.1994ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മലപ്പുറം സെന്ററിൽ നിന്ന് ബി.എഡ് പഠനം പൂർത്തിയാക്കിയവരുടെ ഒരു സംഗമമായിരുന്നു അത്.

ഇരുപത്തിയെട്ട് വർഷത്തെ വിടവ് ഞങ്ങളിൽ പല മാറ്റങ്ങളും വരുത്തിക്കഴിഞ്ഞിരുന്നു.സേവനകാലാവധി അവസാനിച്ച് മറ്റു മേഖലകളിലേക്ക് തിരിഞ്ഞവർ,ഇപ്പോഴും പല സ്‌കൂളുകളിലുമായി മലപ്പുറം ജില്ലയിൽ തന്നെ സേവനമനുഷ്ഠിക്കുന്നവർ,അദ്ധ്യാപക രംഗം വിട്ട് മറ്റു പല വകുപ്പുകളിലേക്കും ചേക്കേറിയവർ അങ്ങനെ വിവിധങ്ങളായ തുറകളിൽ പ്രവർത്തിക്കുന്നവരായിരുന്നു സംഗമത്തിൽ പങ്കെടുത്ത എല്ലാവരും.

മലപ്പുറം പാലസ് ഹോട്ടലിന് മുകളിൽ പ്രവർത്തിച്ചിരുന്ന ബി.എഡ് സെന്ററിൽ നിന്ന് 1994 ഡിസമ്പറിൽ പടി ഇറങ്ങിയ ശേഷം ഇതുവരെ പരസ്പരം കണ്ടുമുട്ടാത്തവരായിരുന്നു വന്നവരിൽ പലരും. കാലചക്രത്തിന്റെ കറക്കം, തലയിലും മുഖത്തും ശരീരത്തിലും മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും മനസ്സിനെ പിടികൊടുക്കാൻ അവർ തയ്യാറായിരുന്നില്ല.പഴയ അതേ ആവേശത്തോടെ ആ നല്ല ദിനങ്ങൾ ഒരിക്കൽ കൂടി ഓർത്തെടുക്കാൻ എല്ലാവരും ശ്രമിച്ചപ്പോൾ പ്രായം റിവേഴ്‌സ് ഗിയറിൽ ഓടാൻ തുടങ്ങി.പെട്ടെന്ന് തന്നെ എല്ലാവരും ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളായി മാറി.സെന്ററിന്റെ അകത്തളങ്ങളിൽ അന്ന് പാറിപ്പറന്ന പൂമ്പാറ്റകൾ വീണ്ടും ചിറകടിച്ചു.ആ ബട്ടർഫ്‌ളൈ എഫക്ടിൽ ഇരുപത്തിഎട്ട് വർഷം അലിഞ്ഞില്ലാതായി.

സ്വയം പരിചയപ്പെടുത്തലും ഓർമ്മകളുടെ അയവിറക്കലും കലാപരിപാടികളും ഭാവിപരിപാടികളുടെ ആസൂത്രണവും കഴിഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞ് കവിഞ്ഞിരുന്നു.ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഭക്ഷണം കൊണ്ട് വയറ് കൂടി നിറഞ്ഞതോടെ എല്ലാം ഗംഭീരമായി അവസാനിച്ചു. എന്നിട്ടും അവിടം വിടാൻ പലർക്കും മനസ്സിനെ പറിച്ചെടുത്ത് പോരേണ്ടി വന്നു. സൂഫിവര്യൻ ജലാലുദ്ദീൻ റൂമിയുടെ വരികളാണ് അപ്പോൾ ഓർമ്മ വന്നത്.

"വിടപറയുന്നത് കണ്ണുകൊണ്ട് സ്നേഹിക്കുന്നവർക്ക് മാത്രം.കാരണം മനസ്സും മനസ്സും കൊണ്ട് സ്നേഹിക്കുന്നവർക്ക് വേർപിരിയൽ എന്നൊന്നില്ല"

Friday, January 27, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 18

ബാല്യകാലത്തേക്ക് ഒരു യാത്ര പോകണമെങ്കിൽ അന്നത്തെ ചില കഥകൾ ഓർത്തെടുക്കേണ്ടി വരും. അല്ലെങ്കിൽ അന്ന് ചിരപരിചിതമായിരുന്ന ചില സാധനങ്ങളുടെ ചിത്രങ്ങൾ കണ്ടാലും മതിയാകും. എന്നാൽ കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ പ്രസ്തുത കലാലയത്തിന്റെ ഗേറ്റ് കണ്ടാൽ മതിയാകും. അതല്ലെങ്കിൽ ഒരു സഹപാഠി സംഗമം നടത്തിയാലും മതി.

1992-ലാണ് വിദ്യാർത്ഥി എന്ന ലേബലിൽ ഞാൻ ഫാറൂഖ് കോളേജിന്റെ പടികൾ ഇറങ്ങിപ്പോന്നത്. പിന്നീട് ഒരു രക്ഷിതാവ് എന്ന നിലയിലും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിലും ആ കാമ്പസിൽ കാലുകുത്തിയിട്ടുണ്ട്. വിദ്യാർത്ഥി കാലഘട്ടത്തിലെ ഓർമ്മകൾ പുതുക്കാൻ അന്ന് ഒപ്പം പഠിച്ച ആരെയെങ്കിലും ഒക്കെ സന്ദർശിക്കുകയോ കിട്ടാവുന്ന അത്ര സഹപാഠികളെ വിളിച്ച് കൂട്ടി ഒരിടത്ത് ഒന്ന് കൂടുകയോ ആയിരുന്നു പതിവ്. എന്നാൽ കേരളം കണ്ട രണ്ട് മഹാ പ്രളയങ്ങളും, ശേഷം ലോകം തന്നെ വിറങ്ങലിച്ച് നിന്ന കോവിഡ് മഹാമാരിയും ഇതെല്ലാം തടസ്സപ്പെടുത്തി.

2018 ൽ മാനാഞ്ചിറ സ്ക്വയറിൽ ആയിരുന്നു ഞങ്ങളുടെ ബിരുദ ക്ലാസിന്റെ അവൈലബിൾ അംഗങ്ങളുടെ ലാസ്റ്റ് മീറ്റ്.അതിന് ശേഷം, പലരുടെയും കണക്കിലും ഡയറിയിലും ഇല്ലാത്ത രണ്ട് വർഷം കൊഴിഞ്ഞു പോയി.പിന്നെയും രണ്ട് വർഷം കൂടി   കഴിഞ്ഞപ്പോൾ ഒരു ഒത്തുകൂടൽ ആലോചന നടന്നു, ബട്ട് പ്രാക്ടിക്കൽ ആയില്ല.അതിനാൽ അടുത്ത ആലോചന വന്ന ഉടനെ അത് പ്രാക്ടിക്കലും ആക്കി.

1992 ൽ ബിരുദം നേടിയ ശേഷം ഒരു സംഗമത്തിലും പങ്കെടുക്കാൻ കഴിയാതിരുന്ന കല്ലായിക്കാരി ഹസീന, ദുബായിയിൽ നിന്നും ലാന്റ് ചെയ്തിട്ടുണ്ട് എന്ന വിവരം കിട്ടി നാലാം ദിവസം തന്നെ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചു കൊണ്ട് ഇത്തവണത്തെ റിപബ്ലിക് ദിന അവധി എല്ലാവരും കൂടി ഗംഭീരമാക്കി. കോഴിക്കോട് ഗോകുലം മാളിൽ നടന്ന ഒത്തുചേരലിൽ പങ്കെടുക്കാൻ സർപ്രൈസ് ആയി ഇത്തവണ എത്തിയത് കോയമ്പത്തൂരിൽ താമസമാക്കിയ റഹ്മത്തുന്നീസ ആയിരുന്നു.

ഫാറൂഖ് കോളേജിലെ വിവിധ ഓർമ്മകളും അദ്ധ്യാപകരോടുള്ള ചോദ്യങ്ങളും സമര ദിവസങ്ങളിലെ നേരമ്പോക്കുകളും എല്ലാം ഒരിക്കൽ കൂടി ഓർമ്മയിലൂടെ തിരതല്ലി വന്നു.പന്ത്രണ്ടരക്ക് തുടങ്ങിയ ഓർമ്മകളുടെ വേലിയേറ്റത്തിനിടക്ക് ആമാശയത്തിന്റെ ആവശ്യങ്ങളും നിറവേറ്റി.വൈകിട്ട് നാലരയ്ക്ക്, അനിവാര്യമായ വേർപിരിയൽ എല്ലാവരിലും സങ്കടം പരത്തിയെങ്കിലും ഇനിയും ഒത്തുകൂടാം എന്ന മോഹത്തിൽ അത് ഒതുക്കി.

അന്ന് വൈകിട്ട് തന്നെ യാദൃശ്ചികമായി വിളിക്കപ്പെട്ട ഫാറൂഖ് കോളേജിലെ പഴയ കലാസാഹിതി അംഗങ്ങളുടെ ഒരു മീററിംഗും ഹോട്ടൽ അളകാപുരിയിൽ വിളിച്ച് ചേർത്തിരുന്നു.എൻ്റെ നോവലിന് അവതാരിക എഴുതിയ എൻ.പി ഹാഫിസ് മുഹമ്മദ് സാർ,ഒടിയൻ സിനിമയുടെ തിരക്കഥാകൃത്ത് നരേന്ദ്രവർമ്മ,കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുരേഷ് ഒ .പി തുടങ്ങിയവർ പങ്കെടുത്ത ആ യോഗവും ഓർമ്മകളിൽ പല ചിത്രങ്ങളെയും വീണ്ടും വരച്ചു. 

സുഹൃത്ത് വലയം ഒരു ദിവസത്തെ എങ്ങനെയൊക്കെ ഊർജ്ജം നിറക്കുന്നു എന്നത് അനുഭവിച്ചറിഞ്ഞ ഒരു ദിവസമായി ഞാൻ ഈ ജനുവരി 26 നെ ഡയറിയിൽ രേഖപ്പെടുത്തുന്നു.

Thursday, January 26, 2023

വിശ്വാസി ഓർമ്മിക്കേണ്ടത്

 2022 ൽ പുസ്തക വായന തുലോം കുറവായിരുന്നു. അതിനാൽ തന്നെ ഈ വർഷം മാസത്തിൽ രണ്ട് പുസ്തകങ്ങൾ എന്ന രീതിയിൽ ചുരുങ്ങിയത് ഇരുപത്തിയഞ്ച് പുസ്തകങ്ങൾ എങ്കിലും വായിക്കണം എന്നാണ് എന്റെ തീരുമാനം. എത്രത്തോളം പ്രാവർത്തികമാകും എന്നത് കാലം തെളിയിക്കട്ടെ.

മതപരമായ കാര്യങ്ങളിൽ കുടുംബാംഗങ്ങൾക്കിടയിൽ നിരന്തരമായ ഉത്ബോധനം നടത്തുക എന്ന ലക്ഷ്യത്തോടെയും ആഴ്ചയിൽ ഒരിക്കലെങ്കിലും എല്ലാവരും അൽപനേരം ഒരുമിച്ചിരിക്കുക എന്ന ഉദ്ദേശ്യത്തോടെയും ഞാൻ ആവിഷ്കരിച്ച ഒരു പരിപാടിയാണ് എല്ലാ ശനിയാഴ്ചയും മഗ്‌രിബ് നമസ്കാരം കഴിഞ്ഞുള്ള പുസ്തക പാരായണവും ചർച്ചയും. പതിനഞ്ചോ ഇരുപതോ മിനിട്ട് മാത്രം നീളുന്ന ഒരു പരിപാടിയായതിനാൽ ബോറടിക്കുകയും ഇല്ല. നാലഞ്ച് പുസ്തകങ്ങൾ ഈ പരിപാടിയിലൂടെ മുഴുവനാക്കി കഴിഞ്ഞു.

പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പി.എം.എ ഗഫൂറിന്റെ "വിശ്വാസി ഓർമ്മിക്കേണ്ടത് " എന്ന പുസ്തകമാണ് ഈ വർഷം വായിച്ച് മുഴുവനാക്കിയ ആദ്യ പുസ്തകം. പുതിയ അറിവ് പകരുകയല്ല, നമ്മുടെ ഉള്ളിലുള്ള അറിവിനെ ഉണർത്തുകയാണ് ഈ കൃതി ചെയ്യുന്നത് എന്ന് പുറംചട്ടയിൽ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. 

ഇസ്‌ലാം മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സാമൂഹിക ഇടപെടലുകളും പ്രവർത്തനങ്ങളും എന്തൊക്കെ , എങ്ങനെയൊക്കെ നടത്താം എന്നതിനെ പറ്റിയുള്ള ഉത്ബോധനങ്ങൾ അടങ്ങിയ നാൽപത്തിയേഴ് കുറിപ്പുകളുടെ സമാഹാരമാണ് ഈ കൃതി. ദൈവ സ്മരണകൾ നിലനിർത്തി ജീവിതം ക്രമീകരിക്കാൻ ഈ പുസ്തക വായനയിലൂടെ സാധിക്കും  എന്നാണ് എന്റെ അഭിപ്രായം.

പുസ്തകം : വിശ്വാസി ഓർമ്മിക്കേണ്ടത്
രചയിതാവ് : പി.എം.എ.ഗഫൂർ
പ്രസാധകർ: യുവത ബുക്ക് ഹൗസ്
പേജ്: 140
വില : Rs 80

Wednesday, January 18, 2023

സാഹിത്യവും കലയും

സാഹിത്യവും കലയും തലക്ക് പിടിച്ചവരുടെ കൂട്ടത്തിൽ ഞാനുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് എന്റെ ഉത്തരം. എന്നാൽ ഇത് രണ്ടും തലക്ക് തട്ടിയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട് എന്നാണ് എന്റെ വിശ്വാസം. ഇത് രണ്ടും തലക്ക് തോണ്ടിയവരുടെ കൂട്ടത്തിൽ എന്റെ കുടുംബവും ഉണ്ട് എന്നാണ് എന്റെ അനുഭവം.

2012 ലെ പ്രഥമ കൊച്ചിൻ ബിനാലെയിൽ (Click & Read)  അപ്രതീക്ഷിതമായി എത്തിയ എന്റെ കുടുംബത്തിന് 2016-ലെ ബിനാലെ  (Click & Read) കാണണം എന്ന ആഗ്രഹം ജനിച്ചെങ്കിൽ അത് കലയുടെ ഒരു വാസന അടുത്ത് കൂടെ പോയതിന്റെ ലക്ഷണം കൊണ്ട് തന്നെയാണ്.2022 ബിനാലെ ആരംഭിച്ചു കഴിഞ്ഞു; കൊച്ചി വരെ പോകണം എന്ന് കുടുംബം പറയാൻ തുടങ്ങിയതും തലയിൽ കല കയറിയത് കൊണ്ടാണ്.

സാഹിത്യത്തിൽ കുടുംബാംഗങ്ങൾ അത്ര കണ്ട് മുന്നോട്ട് എത്തിയില്ലെങ്കിലും എന്റെ ബ്ലോഗെഴുത്തുകൾക്ക് നിറഞ്ഞ പിന്തുണ എന്നും അവരിൽ നിന്ന് ലഭിക്കാറുണ്ട്. ബ്ലോഗ് കുറിപ്പുകളിലൂടെ രണ്ട് പുസ്തകങ്ങൾ പുറത്തിറക്കാനും എനിക്ക് സാധിച്ചു. ഒന്നാമത്തെ പുസ്തകമായ 'അമ്മാവന്റെ കൂളിംഗ് എഫക്ടിന് " കെ.എസ്. വിശ്വനാഥൻ സ്മാരക അവാർഡും രണ്ടാമത്തെ പുസ്തകമായ "ഓത്തുപള്ളി "ക്ക് പേരക്ക നോവൽ പുരസ്കാരവും ലഭിക്കുകയും ചെയ്തു.

കെ.എസ്. വിശ്വനാഥൻ സ്മാരക അവാർഡ് കോട്ടയത്ത് വച്ച് ഏറ്റുവാങ്ങി  കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ വീട്ടിൽ എത്തിയതായിരുന്നു ഞാൻ.

"മക്കൾക്ക് KLF കാണണം പോലും " കട്ടൻ ചായ തരുന്നതിനിടയിൽ ഭാര്യ എന്നോട് സൂചിപ്പിച്ചു. 

കോഴിക്കോട് ബീച്ചിൽ ഡി.സി ബുക്സ് നടത്താറുള്ള വാർഷിക സാഹിത്യ ഉത്സവമാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റ് അഥവാ KLF. 2016ലാണ് KLFന്റെ തുടക്കം. മഹാമാരി കാരണം ഇടക്ക് മുടങ്ങിപ്പോയതിനാൽ ഇത് ആറാമത് ഫെസ്റ്റ് ആണ്. കൾച്ചറൽ പ്രോഗ്രാമുകൾ അടക്കം 248 സെഷനുകളാണ് നാല് ദിവസത്തെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്.ഈ വർഷത്തെ ഫെസ്റ്റിന്റെ അവസാന ദിവസമായതിനാൽ നല്ല തിരക്കും, പോരാത്തതിന് രണ്ട് ദിവസത്തെ ഉറക്കവും ഉള്ളതിനാൽ അന്നേരം ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

മക്കൾ സാധാരണ ആവശ്യപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരാവശ്യമായതിനാലും ഇതുവരെ നടന്ന ഒരു ലിറ്ററേച്ചർ ഫെസ്റ്റിലും പങ്കെടുത്തിട്ടില്ലാത്തതിനാലും ഞാൻ ഒരു പുനരാലോചന നടത്തി. അങ്ങനെ, നോബൽ സമ്മാനജേതാക്കളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും വരുന്ന ഒരു ഫെസ്റ്റ് സ്വന്തം മുറ്റത്ത് നടക്കുമ്പോൾ, അത് കാണാൻ പോകുന്നത് തന്നെ കലയോടും സാഹിത്യത്തോടും കാണിക്കുന്ന ബഹുമാനമാണ് എന്ന തിരിച്ചറിവിൽ ഞാനും കുടുംബ സമേതം ലിറ്ററേച്ചർ ഫെസ്റ്റിൽ എത്തി.

സെഷൻ നടക്കുന്ന വേദികളിലേക്കൊന്നും തന്നെ അടുക്കാൻ പറ്റാത്ത തിരക്കായതിനാൽ ഫെസ്റ്റ് നഗരിയിലെ കാഴ്ചകൾ കണ്ട്, മക്കൾക്കും എനിക്കും ഇഷ്ടപ്പെട്ട കുറെ പുസ്തകങ്ങളും വാങ്ങി ഞങ്ങളും അതിന്റെ ഭാഗമായി.

എഴുത്തുകാരൻ എന്ന നിലക്ക് ഏതെങ്കിലും ഒരു കാലത്ത് എനിക്കും ഈ ഫെസ്റ്റിന്റെ ഭാഗമാകാൻ ദൈവം അവസരം തന്നേക്കാം എന്ന പ്രതീക്ഷയും കുടുംബത്തോട് പങ്ക് വച്ച് രാത്രി വൈകി ഞങ്ങൾ നാട്ടിലേക്ക് മടങ്ങി.


Saturday, January 14, 2023

ഡൽഹി ടൂറിസം

ആറ് ദിവസത്തെ കാശ്മീർ സന്ദർശനം കഴിഞ്ഞ് പാനിപ്പത്തിലൂടെ പത്ത് മണിയോടെ ഞങ്ങൾ ന്യൂഡൽഹിയിലെത്തി. നാട്ടിലേക്കുള്ള ട്രെയിൻ വൈകിട്ടായതിനാൽ ഡൽഹി ഒന്ന് കറങ്ങാം എന്നായിരുന്നു പദ്ധതി. പക്ഷേ ആർക്കും അതിന് താല്പര്യം ഇല്ലാത്തതിനാൽ വീണ്ടും റഈസിന്റെ വീട്ടിലേക്ക് തിരിക്കാനും അവിടെ അല്പനേരം വിശ്രമിക്കാനും തീരുമാനിച്ചു. 

ടാക്സി വിളിക്കാനായി പഹാഡ്ഗഞ്ച് സൈഡിലേക്കുള്ള കവാടത്തിലൂടെ പുറത്തിറങ്ങിയ എന്റെ കണ്ണിൽ ഡൽഹി ടൂറിസത്തിന്റെ ആ ചെറിയ വാതിൽ എങ്ങനെയോ പതിഞ്ഞു.വാതിലിന് പുറത്ത് ഏതാനും ചില ബ്രോഷറുകൾ വെയിൽ കൊണ്ട് നരച്ച് കിടക്കുന്നതും ഞാൻ ശ്രദ്ധിച്ചു. സൗജന്യമായി ലഭിക്കുന്ന ടൂറിസ്റ്റ് ഇൻഫർമേഷൻ ബ്രോഷറുകൾ ശേഖരിക്കുന്നത് എന്റെ ഒരു ഹോബിയാണ്. ബേപ്പൂർ ഫെസ്റ്റിൽ നിന്ന് കിട്ടിയ കേരള ടൂറിസം ബ്രോഷറുകൾ പല വിവരങ്ങളും സ്വായത്തമാക്കാനും കൈമാറാനും എന്നെ സഹായിച്ചിട്ടുണ്ട്. 

ബ്രോഷറുകൾ എടുക്കാനായി ഞാൻ അതിനടുത്തേക്ക് ചെന്നപ്പോഴാണ് ആ ഇടുങ്ങിയ വാതിലിനടുത്ത് തടിച്ച ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടത്. ഒരു പുഞ്ചിരിയോടെ അവർ എന്നെ അകത്തേക്ക് ക്ഷണിച്ചു. അൽപമകലെ കാത്തിരുന്ന കുടുംബാംഗങ്ങൾക്ക് ഇവിടെയുണ്ട് എന്നൊരു സിഗ്നൽ നൽകി ഞാൻ .ആ മുറിയിലേക്ക് കയറി. ഞാൻ കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞതോടെ ആ സ്ത്രീയുടെ മുഖത്ത് ഒരു പൂർണ്ണ ചന്ദ്രൻ വിരിഞ്ഞു.എന്റെ മുഖത്ത് അതിന്റെ നിലാവും വെട്ടിത്തിളങ്ങി.

ഡൽഹിയിലെ വിവിധ ടൂറിസ്റ്റ് അട്രാക്ഷനുകൾ അറിയാമായിരുന്നെങ്കിലും ഞാൻ അവയെപ്പറ്റി ഹിന്ദിയിൽ തന്നെ വെറുതെ ചോദിച്ചു. ഡൽഹി മുഴുവൻ കറങ്ങാൻ കുറഞ്ഞ നിരക്കിൽ ടാക്സി ഏർപ്പാടാക്കിത്തരാം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒറ്റക്കല്ല കൂടെ ഒരു സംഘം ഉണ്ടെന്നും അവർ പുറത്ത് നിൽക്കുന്നുണ്ട് എന്നും ഞാൻ പറഞ്ഞു. ആ മുറിക്കകത്ത് ഒട്ടും സ്ഥലമില്ലെങ്കിലും അവരെ എല്ലാം അങ്ങോട്ട് വിളിക്കാൻ എന്നെ നിർബന്ധിച്ചു. കൂട്ടത്തിലെ ഏറ്റവും ചെറിയ രണ്ട് മക്കളെ വിളിച്ച് തൽക്കാലം ഞാൻ അവരെ തൃപ്തിപ്പെടുത്തി. കുട്ടികൾക്കും എനിക്കും മിഠായി തന്ന് അവർ സ്വീകരിച്ചു.

മൃദുല ഠാക്കൂർ എന്നാണ് പേരെന്നും ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ആണെന്നും അവർ സ്വയം പരിചയപ്പെടുത്തി.ശേഷം നരച്ച ബ്രോഷറുകളിൽ നിന്ന് താരതമ്യേന നല്ലതെന്ന് തോന്നുന്ന ചിലത് എടുത്ത് എനിക്ക് തന്നു. അവരുടെ  വിവരണത്തെപ്പറ്റി ഒരു ഫീഡ്ബാക്ക്  നൽകാനും ആവശ്യപ്പെട്ടു.

ഡൽഹിയിൽ ഞാൻ വരുന്നത് എട്ടാം തവണയാണെന്നും കഴിഞ്ഞ വർഷവും വന്നിരുന്നു എന്നും അറിയിച്ചപ്പോൾ അവർക്ക് സന്തോഷമായി. രാഷ്ട്രപതിയിൽ നിന്നും അവാർഡ് സ്വീകരിക്കുന്ന ഫോട്ടോ കൂടി കാണിച്ചതോടെ അവരുടെ വാ പിളർന്നു. അവർക്കായി പോലീസ് കൊണ്ടു കൊടുത്ത ഭക്ഷണം കഴിക്കാൻ എന്നെയും ക്ഷണിച്ചു. ഞാനത് സ്നേഹപൂർവ്വം നിരസിച്ചു.

ഡൽഹിയിൽ ഇനി വരുമ്പോഴും വിളിക്കണമെന്നും സുഹൃത്തുക്കളോടും പറയണമെന്നും പറഞ്ഞു കൊണ്ട് അവരുടെ നമ്പർ തന്നു. എന്റെ പൂർണ്ണ മേൽ വിലാസവും അവർ എഴുതി വാങ്ങി. സുപ്രഭാതവും ശുഭദിനാശംസകളും നേർന്നുകൊണ്ട് ആ ബന്ധം ഇപ്പോഴും നിലനിൽക്കുന്നു.


Wednesday, January 04, 2023

സ്വപ്നത്തുടക്കം

"2022 വർഷത്തിന്റെ പ്രഥമ ദിനം ഒരു ശനിയാഴ്ചയായിരുന്നു. എന്റെ ലൈബ്രറിയും ബ്ലോഗ് എഴുത്തും വായനയും എല്ലാം പരിപോഷിപ്പിക്കലാണ് ഈ വർഷത്തെ ലക്ഷ്യമായി തീരുമാനിച്ചത്. ഒരു പുസ്തകം കൂടി അച്ചടിക്കൂട്ടിൽ കയറ്റാനുള്ള പ്രാരംഭ നടപടികളും ആസൂത്രണം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ സാഹിത്യ മണ്ഡലത്തിലാണ് ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നത് "

കഴിഞ്ഞ വർഷം ജനുവരിയിൽ എന്റെ ബ്ലോഗിൽ ഞാൻ കുറിച്ചിട്ട വരികളാണിത്. പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

"ഓത്തുപള്ളി " എന്ന നോവൽ പ്രസിദ്ധീകരിച്ചു കൊണ്ടും ബ്ലോഗിൽ വിവിധങ്ങളായ വിഷയങ്ങളിൽ, ഈ വർഷവും നൂറ് പോസ്റ്റുകൾ പബ്ലിഷ് ചെയ്തും ആറ് പുസ്തകങ്ങൾ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയും ഇരുപത്തഞ്ചോളം പുസ്തകങ്ങൾ ഹോം ലൈബ്രറിയിലേക്ക്  വാങ്ങിയും ഈ ലക്ഷ്യത്തോട് ഞാൻ നൂറ് ശതമാനം കൂറ് പുലർത്തി.

മലയാള സാഹിത്യ മണ്ഡലത്തിൽ കാല് കുത്താൻ എന്നെ പ്രാപ്തനാക്കിയ "അമ്മാവന്റെ കൂളിംഗ് എഫക്ട് " എന്ന പുസ്തകത്തിന്  അക്ഷര നഗരിയിൽ നിന്ന് തന്നെ ആദ്യ അവാർഡ് ലഭിച്ച വാർത്ത കൂടി വന്നതോടെ 2023 ന്റെ തുടക്കവും ഗംഭീരമായി. പുസ്തകം വാങ്ങിയും വായിച്ചു അഭിപ്രായം പറഞ്ഞും പ്രോത്സാഹിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. (പുസ്തകം ആവശ്യമുളളവർ 100 രൂപ 9447842699 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്യുക ).

Monday, January 02, 2023

ഞാനും ഗൂഗിളമ്മായിയും

Salt & Camphor എന്ന യൂട്യൂബ് ചാനലിലൂടെ ഞാൻ നൽകുന്ന ചില വിവരങ്ങൾ ഒന്ന് കൂടി വ്യക്തമായി, എന്റെ വായിൽ നിന്നും അവരുടെ സ്വന്തം ചെവിയിലേക്ക് നേരിട്ട് കേൾക്കാൻ ചിലർക്ക് വല്ലാതെ കൊതിയാവാറുണ്ട്. അങ്ങനെ അടങ്ങാത്ത ആഗ്രഹമുള്ള പലരും ഫോൺ നമ്പർ ചോദിച്ച് കമന്റിടാറുണ്ട്.ചാനലിന്റെ ഇൻട്രോ വീഡിയോയിലും പല വീഡിയോകളുടെയും ഡിസ്‌ക്രിപ്‌ഷൻ ബോക്സിലും  മിക്ക പഴയ വീഡിയോകളിലും എല്ലാം ഞാൻ ഫോൺ നമ്പർ കുമ്പളങ്ങാ വലിപ്പത്തിൽ ഇട്ടിട്ടുണ്ട്.എന്നിട്ടും ആവശ്യപ്പെടൽ വീണ്ടും വീണ്ടും വന്നതോടെ ഞാൻ എന്നെത്തന്നെ ഗൂഗിളിൽ ഒന്ന് തപ്പി നോക്കി.

ശരിക്കും പറഞ്ഞാൽ ഞാൻ തന്നെ ഞെട്ടിപ്പോയി.ദൈവമേ, ഈ പാവം എന്നെപ്പറ്റി എന്തൊക്കെ വിവരങ്ങളാ ഈ ഗൂഗിളമ്മായി ലോകം മുഴുവൻ പറഞ്ഞ് പരത്തുന്നത്. അതിലൊന്ന് ദേ താഴെ -

"രണ്ടാഴ്ചത്തെ അദ്ധ്യാപകൻ,എൻ.എസ്.എസ് നെ വിപ്ലവീകരിക്കുന്നു" എന്ന് പച്ച മലയാളത്തിൽ പറയാവുന്ന ഈ വാർത്ത ഇംഗ്ലീഷിലായതുകൊണ്ട് അധികമാരും കണ്ടില്ല. പത്രറിപ്പോർട്ടർ പലതും ചോദിച്ച് പോയ അന്ന് മുതൽ രണ്ട് മാസം ഞാൻ ഈ പത്രം കഷ്ടപ്പെട്ട് അരിച്ച് പെറുക്കി വായിച്ചെങ്കിലും ഈ റിപ്പോർട്ട് കണ്ടിരുന്നേ ഇല്ല (മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).

അടുത്തത് കണ്ടപ്പോൾ ഞാൻ ശരിക്കും രോമാഞ്ചകഞ്ചുകമണിഞ്ഞു.2013 ൽ  ഇന്ദിരാഗാന്ധി ദേശീയ അവാർഡ് രാഷ്ട്രപതി ശ്രീ പ്രണബ്‌ മുഖർജിയിൽ നിന്നും ഞാൻ സ്വീകരിക്കുന്ന ഫോട്ടോ ആണ്.അത് കണ്ടതിലല്ല പുളകിനായത്;"The Hindu Images" എന്ന പേരിൽ ഹിന്ദു ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫർ വി.സുദർശൻ എടുത്ത ഫോട്ടോക്ക് ഇട്ട വില!!ഒറ്റത്തവണ ഉപയോഗിക്കാനാണെങ്കിൽ മീഡിയം സൈസ് ഇമേജിന് വില വെറും 9074 രൂപാ മാത്രം.എവിടെയെങ്കിലും പ്രദർശിപ്പിക്കാനോ പ്രതിഷ്ഠിക്കാനോ ഒക്കെ ആണെങ്കിൽ  (Non Exclusive ഉപയോഗത്തിനാണെങ്കിൽ) ചുരുങ്ങിയത് മൂന്ന് മാസം എടുക്കണം;അതിന് വില വെറും 37000 രൂപ.ഇനി ഒരു വർഷത്തേക്കാണെങ്കിൽ 58250 രൂപാ മാത്രം!എന്നിട്ട് കുട്ടയിലേക്കിടണോ (Add to Cart) എന്നൊരു ചോദ്യവും.


ഇത്രയും വിലയുള്ള ഈ ഫോട്ടോയാണ് കഴിഞ്ഞ ഒമ്പത് വർഷമായി ചോദിക്കുന്നവനും ചോദിക്കാത്തവനും ഒക്കെ അയച്ച് കൊടുക്കുന്നതും വാട്സ്ആപ്പിൽ ഞാൻ അംഗമായത് മുതൽ ആർക്കും സേവ് ചെയ്യാവുന്ന രൂപത്തിൽ ഡി.പി ആക്കി വയ്ക്കുന്നതും എന്നോർത്തപ്പോൾ ചെറിയൊരു നെഞ്ചു വേദന അനുഭവപ്പെട്ടോ?

ഇന്ന് വരെ ഉണ്ടായിരുന്ന വേറൊരു വേദന ഇതോടെ മാറുകയും ചെയ്തു.അവാർഡ് സെറിമണിയുടെ മുഴുവൻ ഫോട്ടോയും അടങ്ങിയ സി.ഡി അന്ന് മേടിച്ചത് പ്രിൻസിപ്പാൾ വിദ്യാസാഗർ സാർ തന്ന 300 രൂപ കൊടുത്തായിരുന്നു.അപ്പോൾ, വളണ്ടിയർമാരടക്കം എഴുപതോളം പേരുടെ ഫോട്ടോയുള്ള ആ സി.ഡിയുടെ വില ഇപ്പോൾ എത്രയാ? എന്റെ ദൈവമേ??ഒറ്റ സി.ഡി എന്നെ കോടിപതിയാക്കി!!!