Pages

Tuesday, November 08, 2022

മിനി ഗോവ

നാടുകളനവധി തെണ്ടിയുട്ടെണ്ടെങ്കിലും ഗോവ ഇന്നും ഞാൻ എത്തിപ്പെടാത്ത സ്ഥലങ്ങളിൽ ഒന്നാണ്.കടൽതീരവും അതോടനുബന്ധിച്ചുള്ള ടൂറിസവും വ്യവസായവും ആണ് ഗോവയിൽ കാണാനുള്ളത് എന്ന് മനസ്സിൽ ആരോ പറഞ്ഞിട്ടതിനാലാണ് ആ വഴി പോകാൻ മനസ്സ് വരാത്തത്.എന്നാൽ പോർട്ടുഗീസ് ആധിപത്യത്തിന്റെ നിരവധി ശേഷിപ്പുകൾ ഗോവയിലുണ്ട്. അതിനാൽ  തന്നെ പുരാതന കാലത്തേക്ക് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കും ഗോവ ഇഷ്ടമാകും.

ഗോവ കാണാനുള്ള ആഗ്രഹം മനസ്സിൽ നട്ടു വളർത്തിക്കൊണ്ട് വരുമ്പോഴാണ് കേരളത്തിൽ ഒരു മിനി ഗോവ ഉണ്ടെന്ന് അറിഞ്ഞത്.അതും വീട്ടിൽ നിന്ന് വെറും എഴുപത് കിലോമീറ്റർ ദൂരത്തിൽ, രണ്ട് മണിക്കൂർ ഡ്രൈവ് ചെയ്‌താൽ എത്താവുന്ന അത്രയും അടുത്ത്!!കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് ഇരിങ്ങലിലാണ് മിനി ഗോവ സ്ഥിതി ചെയ്യുന്നത്.കോട്ടപ്പുറം ബീച്ച് ആണ് ഇന്ന് മിനി ഗോവ എന്നും പാവപ്പെട്ടവന്റെ ഗോവ എന്നും ഒക്കെ അറിയപ്പെടുന്നത്.

എന്തുകൊണ്ട് ഈ പേര് വന്നു എന്നത് എനിക്കജ്ഞാതമാണ്.പക്ഷെ ഗോവ താവളമാക്കിയിരുന്ന പോർട്ടുഗീസുകാരെ വിറപ്പിച്ച കുഞ്ഞാലി മരക്കാർ താമസിച്ചിരുന്നത് ഇവിടെ നിന്ന് ഒരു വിളിപ്പാടകലെ മാത്രമായിരുന്നു എന്നത് ഈ പേരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഗവേഷണം നടത്തേണ്ടി വരും.
പേരുകേട്ട വടകര സാന്റ്ബാഗ്‌സിന്റെ മറു തീരമാണ് മിനി ഗോവ.

മിനി ഗോവ എന്ന് ഗൂഗിൾ മാപ്പിൽ പരതി നോക്കിയാലോ റോഡിൽ കാണുന്ന സൈൻ ബോർഡുകളിൽ നോക്കിയാലോ നിങ്ങൾക്ക് മിനി ഗോവയിൽ എത്താൻ സാധ്യമല്ല.കാരണം ഇപ്പറഞ്ഞ സ്ഥലത്തൊന്നും മിനി ഗോവ സ്ഥാനം പിടിച്ചിട്ടില്ല.പയ്യോളിക്കടുത്ത് കടലാമ സംരക്ഷണത്തിന് പേരുകേട്ട  കൊളാവിപ്പാലം  (Click & Read) കഴിഞ്ഞുവേണം മിനി ഗോവയിൽ എത്താൻ. കൊളാവിപ്പാലത്ത് നിന്നും രണ്ട് കിലോമീറ്റർ കൂടി കടലിന് സമാന്തരമായി മുന്നോട്ട് പോയാൽ വിശാലമായ ഒരു സ്വകാര്യ പറമ്പിൽ റോഡ് അവസാനിക്കും. കാർ പാർക്കിംഗിനുള്ള ഏരിയയാണ് അത്. സമീപത്തെ വീട്ടുകാരാണ് ഈ സ്ഥലം ഒരുക്കിയിരിക്കുന്നത്. 20 രൂപയാണ് പാർക്കിംഗ് ചാർജ്ജ്.

വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി നടന്നു. പോകുന്ന വഴിയിൽ ഏതോ കാലത്ത് കരക്കടിഞ്ഞ ഒരു കപ്പലിന്റെ (അല്ലെങ്കിൽ വലിയൊരു ബോട്ടിന്റെ ) യന്ത്രഭാഗങ്ങൾ കാണാം. തുരുമ്പെടുത്ത് നശിച്ച് പോകുന്ന അത് എന്തുകൊണ്ട് ആരും തിരിഞ്ഞ് നോക്കുന്നില്ല എന്നത് ദുരൂഹമാണ്.


 ഒരാൾക്ക് മാത്രം കടന്ന് പോകാവുന്ന കുറ്റിക്കാടുകൾക്കിടയിലൂടെയുള്ള വഴിയും താണ്ടി ഞങ്ങൾ മനോഹരമായ ഒരു കനോപിയിലേക്ക് പ്രവേശിച്ചു. വീതിയേറിയ വഴിക്ക് പന്തലിട്ട പോലെ ഇരുവശത്ത് നിന്നും വളർന്ന് നിൽക്കുന്ന അധികം ഉയരമില്ലാത്ത മരങ്ങൾ. ആ വഴിയുടെ അവസാനത്തിൽ എത്തുമ്പോൾ കാണുന്ന വിശാലമായ പഞ്ചാരമണൽപ്പരപ്പും ഹരിതാഭമായ കണ്ടൽകാടുകളും ചേർന്നൊരുക്കിയ പ്രകൃതി രമണീയമായ സ്ഥലമാണ് മിനി ഗോവ. 

"സേവ് ദി ഡേറ്റ് " വീഡിയോക്കാരുടെ പറുദീസയാണ് മിനി ഗോവ. കുറ്റ്യാടിപ്പുഴ കടലിൽ വന്ന് ചേരുന്ന ഈ സ്ഥലം നേരിട്ട് കാണുന്ന പോലെ അത്ര സുരക്ഷിതമല്ല. ആഴം കുറഞ്ഞ സ്ഥലമെന്ന് തോന്നുമെങ്കിലും വെള്ളത്തിൽ ഇറങ്ങുന്നത് അപകടം ക്ഷണിച്ച് വരുത്തും.

തേക്കടിയിൽ കാണുന്ന പോലെയുള്ള മരക്കുറ്റികളും ഇടതൂർന്ന് വളർന്ന് നിൽക്കുന്ന കണ്ടൽക്കാടുകളും തറ പോലെ ഉറച്ച മണൽപ്പരപ്പും പുഴയും കടലും എല്ലാം കൂടി സൃഷ്ടിച്ചെടുക്കുന്ന സൗന്ദര്യം വാക്കുകൾക്കതീതമാണ്. സഞ്ചാരികൾ ഏറെയൊന്നും എത്തിപ്പെടാത്തതിനാൽ മനസ്റ്റ് നിറയും വരെ പ്രകൃതി ആസ്വദിക്കാനും സാധിക്കും. 

വീഡിയോ ഷൂട്ടിംഗിനും മറ്റും എത്തുന്നവരും കുടുംബ സമേതം എത്തുന്നവരും  ഉച്ചഭക്ഷണം ആവശ്യമുണ്ടെങ്കിൽ പാർക്കിംഗ് ഏരിയയിലെ വീട്ടിൽ നേരത്തെ പറഞ്ഞ് ഏൽപ്പിക്കണം (ഫോൺ:9846807049).അടുത്തെവിടെയും ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളില്ല.നേരം ഇരുട്ടുന്നതിന് മുമ്പ് ഇവിടെ നിന്ന് തിരിച്ച് പോകുന്നതാണ് ഉത്തമം. ആൾ താമസമുള്ള സ്ഥലങ്ങളിൽ നിന്ന് ഏറെ അകലെ ആയതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. 

കോഴിക്കോട് ജില്ലയിൽ ഇങ്ങനെ ഒരു സ്ഥലം ഉള്ളതായി പലർക്കും അറിയില്ല. ഒരിക്കൽ ഇവിടെ എത്തിയാൽ മിനി ഗോവ നിങ്ങളെ വീണ്ടും മാടി വിളിക്കും എന്ന് തീർച്ചയാണ്.


 

1 comments:

Areekkodan | അരീക്കോടന്‍ said...

ഒരിക്കൽ ഇവിടെ എത്തിയാൽ മിനി ഗോവ നിങ്ങളെ വീണ്ടും മാടി വിളിക്കും എന്ന് തീർച്ചയാണ്.

Post a Comment

നന്ദി....വീണ്ടും വരിക