Pages

Thursday, June 27, 2013

നോസ് അല്ല മൂക്ക്

എന്റെ ചെറിയ അനിയന്റെ മോന്‍ മുന്നയും  എന്റെ ചെറിയ മോള്‍ ലൂനയും സമപ്രായക്കാരാണ് - മൂന്ന് വയസ്സ്.ഇന്നലെ മുന്ന എന്റെ വീട്ടില്‍ വന്നു.അവന്റെ വീട്ടില്‍ നഴ്സറിയില്‍ പോകുന്ന ആരോ ഉള്ളതിനാല്‍ പല ഇംഗ്ലീഷ് പദങ്ങളും അവന്‍ പഠിച്ചിട്ടുണ്ട്.അവന്‍ അത് വിളമ്പുകയാണ്.

മൂക്കില്‍ തൊട്ടു കൊണ്ട് മുന്ന : നോസ്

ലൂന : നോസ് അല്ലെടാ മൂക്ക് എന്നാ....

മുന്ന: മൂക്ക് അല്ല നോസ്

ലൂന: നോസ് അല്ല മൂക്ക്
അവസാനം രണ്ടാളും കച്ചറയായി.ഉടന്‍ മുന്ന : പുതുപ്പാടിയില്‍ (അവന്റെ ഉമ്മയുടെ നാട്) ഇതിന് നോസ് എന്നാ പറയാ....!!!

Tuesday, June 25, 2013

ദൈവത്തിന്റെ വികൃതികള്‍ വീണ്ടും

“വാട്ട് ഇസ് എ സ്ട്രൈറ്റ് ലൈന്‍ ?” എന്ന ചോദ്യമാണ് ഒരു പക്ഷേ എന്നെ ഒരു എഞ്ചിനീയര്‍ ആകുന്നതില്‍ നിന്നും തടഞ്ഞത്.അല്ലെങ്കിലും ആ ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ അറിയാത്തവന്‍ എങ്ങനെ എഞ്ചിനീയര്‍ ആകും എന്ന് പലര്‍ക്കും സംശയമുണ്ടാകും.പക്ഷേ ഇത് , ഞാന്‍ സെക്കന്റ് ഗ്രൂപ്പെടുത്ത് പഠിക്കുമ്പോള്‍ അഡീഷണല്‍ മാത്‌സ് എന്ന സര്‍ക്കസ് കൂടി കളിച്ച് എഞ്ചിനീയറിംഗ് എന്‍ട്രന്‍സും കൂടി എഴുതി ആ വഴിയിലും ഒരു പരീക്ഷണം നടത്താനുള്ള  ശ്രമത്തിനിടയിലായിരുന്നു എന്നതിനാല്‍ ആ സംശയം അസ്ഥാനത്താണ്.

ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ ഗേറ്റ് എന്റെ മുമ്പില്‍ കൊട്ടിയടച്ചെങ്കിലും ദൈവത്തിന്റെ വികൃതികള്‍  ,ഒരു അധ്യാപകന്‍ എന്ന നിലയില്‍ എന്നെ ആ ഗേറ്റിലൂടെ കടത്തിവിട്ടു!ഒരു മുഴുസമയ അധ്യാപകന്‍ അല്ല എന്നതിനാല്‍ കാമ്പസിലെ മറ്റ് അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും എന്നെ തിരിച്ചറിയുക പോലും ചെയ്യില്ലായിരുന്നു.കമ്പ്യൂട്ടര്‍ ലാബിന്റെ നാല് ചുമരുകള്‍ക്കിടയില്‍ ബൂലോകത്ത് മാത്രം ഒതുങ്ങിപ്പോകുമായിരുന്ന എന്റെ കഷണ്ടി ദൈവത്തിന്റെ വികൃതികള്‍ കേരളം മുഴുവന്‍ പരസ്യമാക്കി!ഒരു എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലയില്‍ ആയിരുന്നു ഈ പരസ്യപ്പെടുത്തല്‍.

മാത്‌സ് അധ്യാപകന്റെ അന്നത്തെ ചോദ്യമാണ് മാത്‌സ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാനും എന്റെ എഞ്ചിനീയറിംഗ് സ്വപ്നങ്ങള്‍ ചിറകറ്റ് വീഴാനും ഇടയാക്കിയത്. ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ ഹോസ്റ്റല്‍ ജീവിതം അനുഭവിക്കാനുള്ള അവസരവും അതോടെ എനിക്ക് നഷ്ടമായി. എന്നാല്‍ ഈ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പദവി കേരളത്തിലെ ഐ.ഐ.ടി എന്നറിയപ്പെടുന്ന സി.ഇ.ടി യിലെ ഹോസ്റ്റലില്‍   താമസിക്കാനും അവസരം നല്‍കിയപ്പോള്‍ അത് ദൈവത്തിന്റെ മറ്റൊരു വികൃതിയായി തോന്നി.ഇനിയും എന്തൊക്കെ  വികൃതികള്‍ കാണാനിരിക്കുന്നു ആവോ?

മൂന്നാമൂഴം


എന്റെ കാമ്പസ് ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങള്‍ എന്നോ കഴിഞ്ഞു പോയി.പക്ഷേ ഇന്നും ഞാന്‍ ആ നിമിഷങ്ങള്‍ പല സമയത്തും അനുഭവിക്കുന്നു – നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തനത്തിലൂടെ.വീണ്ടും ഒരു വര്‍ഷം കൂടി പ്രോഗ്രാം ഓഫീസര്‍ കാലാവധി നീട്ടിക്കിട്ടിയതോടെ നാലാം വര്‍ഷവും എന്‍.എസ്.എസ് ജി.ഇ.സി യൂണിറ്റിനെ ചുമലിലേറ്റാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.

എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന് കീഴില്‍ വര്‍ഷം തോറും നടക്കുന്ന ഒരു പ്രക്രിയയാണ് പ്രോഗ്രാം ഓഫീസര്‍മാരുടെ വാര്‍ഷിക സംഗമം.കളമശ്ശേരിയും കൊട്ടിയവും ബാര്‍ട്ടണ്‍ ഹില്ലും കഴിഞ്ഞ് വീണ്ടും അത് തിരുവനന്തപുരത്ത് അരങ്ങേറുമ്പോള്‍ അതില്‍ പങ്കെടുക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു.

ഇതോടൊപ്പം എനിക്ക് സ്വയം അഭിമാനം തോന്നിയ ചില നിമിഷങ്ങള്‍ ഈ പ്രോഗ്രാം ഓഫീസര്‍ മീറ്റിങ്ങില്‍ ഉണ്ടായി.അതിലാദ്യത്തേത് 150 ഓളം വരുന്ന പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് എന്‍.എസ്.എസ് റെഗുലര്‍ ആക്ടിവിറ്റിയെക്കുറിച്ച് ഒരു ക്ലാസ്സ് എടുക്കാന്‍ അവസരം ലഭിച്ചപ്പോഴാണ്.ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അത് അടുക്കും ചിട്ടയോടും കൂടി മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ അടക്കമുള്ള പലരും തന്ന അനുമോദനം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാക്കാന്‍ ഉതകുന്ന വിധത്തില്‍ അവതരിപ്പിച്ചപ്പോള്‍ അത് പലര്‍ക്കും നേരിട്ട് പകര്‍ത്തുവാനുള്ള ഒരു പ്രചോദനം കൂടിയായി.

വീണ്ടൂം എനിക്ക് അഭിമാനം തോന്നിയത് തുടര്‍ച്ചയായി മൂന്നാം തവണയും ഞാന്‍ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. എന്റെ സഹ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിലര്‍പ്പിച്ച വിശ്വാസം , തുടര്‍ന്നും ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി.

ഒരു പ്രോഗ്രാം ഓഫീസറെ സംബന്ധിച്ചിടത്തോളം നാല് വര്‍ഷമാണ് ഗവ. ഓഫ് ഇന്ത്യ നിര്‍ദ്ദേശക തത്വ പ്രകാരം പരമാവധി കാലാവധി. നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇത് എന്റെ ഈ കാമ്പസിലെ അവസാന വര്‍ഷങ്ങള്‍ കൂടിയാണെന്ന തിരിച്ചറിവ് എനിക്ക് തരുന്നത് ഒരു പോസിറ്റീവ് എനര്‍ജിയാണ് – കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാനുള്ള പോസിറ്റീവ് എനര്‍ജി. അതിന് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.


Monday, June 17, 2013

യുദ്ധങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ ?

പഴയ പുതിയ കാര്‍ ഒരാഴ്ചക്ക് ശേഷം ഞാന്‍ ഒന്ന് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു. കാറ് ഗമയില്‍ കയറി നിന്നിരുന്നത് ലുലു മോളുടെ ചെരിപ്പില്‍ ആയതിനാലായിരുന്നു അതി രാവിലെ തന്നെ ഒന്ന് സ്റ്റാര്‍ട്ടാക്കാനുള്ള എന്റെ ശ്രമം. ആദ്യത്തെ ശ്രമം പാളിയതിനാല്‍ ഒന്ന് കൂടി നോക്കി.88 മോഡലും 2000 മോഡലും കഴിഞ്ഞ് 2007 മോഡല്‍ ആയതിനാല്‍ ഇത് സ്റ്റാര്‍ട്ടാക്കാന്‍ വേറെ ഏതെങ്കിലും കുന്ത്രാണ്ടം തിരിക്കണോ എന്ന് എനിക്കും ചെറിയ ഒരു സംശയം തോന്നിയിരുന്നു.അപ്പോഴാണ് ഭാര്യയുടെ വക ഒരു ചോദ്യം - സ്റ്റാര്‍ട്ട് ആവാഞ്ഞിട്ടോ അതോ നിങ്ങള്‍ക്ക് എയിമ്‌ ഇല്ലാഞ്ഞിട്ടോ? പെണ്ണിനോട് വയസ്സും ആണിനോട് ഡ്രൈവിംഗ് എക്പീരിയന്‍സും ചോദിക്കരുതെന്ന ആഗോള നിയമം അവള്‍ കാറ്റില്‍ പറത്തിയതിനാല്‍ എന്റെ മറുപടി പെട്ടെന്നായിരുന്നു - മോഡല്‍ ഏത് ആയാലും ചാവി തിരിച്ചാല്‍ വണ്ടി സ്റ്റാര്‍ട്ട് ആവണം!!!

പിറ്റേന്ന് ഉച്ചക്ക് ശേഷം ഭാര്യക്ക് പി.എസ്.സി പരീക്ഷ ഉള്ളതിനാല്‍ കാറെടുത്ത് എന്റെ ഡ്രൈവിംഗ് എക്പീരിയന്‍സ് അവള്‍ക്ക് ഒന്നു കൂടി തെളിയിച്ചു കൊടുക്കാമെന്ന് ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി.അല്ലെങ്കിലും TSG 8683 കൊണ്ട് താമരശ്ശേരി ചുരം പുഷ്പക വിമാനം പോലെ കയറിയ നമ്മളെയാണോ ഇവളിട്ട് കൊട്ടുന്നത്.പക്ഷേ അപ്പോളും പത്രാസ് പോകുന്നത് അവള്‍ക്ക് തന്നെ - പത്തമ്പത് പി.എസ്.സി പരീക്ഷ ബസ്സില്‍ പോയി എഴുതിയ എനിക്കല്ലേ പി.എസ്.സി പരീക്ഷ എഴുതാന്‍ കാറില്‍ വന്നിറങ്ങുന്നതിന്റെ ഗെറ്റപ് മനസ്സിലാകൂ,അപ്പോള്‍ പിന്നെ ഒരു ടോംസ്വയര്‍ ടെക്നിക്ക് പ്രയോഗിക്കണം.ഞാന്‍ അതിന്റെ ആലോചനയിലായി.അന്ന് രാത്രി പി.എസ്.സി പരീക്ഷക്ക് പോകുന്നതായിരുന്നു ഡൈനിംഗ് ടേബിളിലെ വട്ടമേശ ചര്‍ച്ച.

”പരീക്ഷക്ക് ഒരു പന്ത്രണ്ടരക്കെങ്കിലും പോകേണ്ടി വരും ട്ടോ...” ഞാന്‍ പറഞ്ഞു.

“അപ്പോ നിങ്ങള്‍ പോരുന്നില്ലേ?”

“നിന്നെ ഒരു തവണ ആ കുന്നിന്റെ നെറുകയില്‍ ഞാന്‍ എത്തിച്ചതല്ലേ? ഇനി നീ ഒറ്റക്ക് പോയാല്‍ മതി,,,:“ ഞാന്‍ വെറുതെ ഒന്ന് തട്ടി.

“ബസ്സിന് പോയി അവിടെ ഇറങ്ങി പിന്നെ ഓട്ടോയില്‍ കയറി....അതൊക്കെ പണിയല്ലേ?”

“ആ പിന്നെ ഡ്രൈവിംഗ് എക്പീരിയന്‍സ് ഇല്ലാത്ത ഞാന്‍ ബസ്സുകള്‍ പറക്കുന്ന ഹൈവേയിലേക്ക് കാറും കൊണ്ട് കയറേ...:എങ്കില്‍ പിന്നെ പൊടി പോലുമുണ്ടാകില്ല കണ്ടു പിടിക്കാന്‍“

“ഏയ്,,,കാറെടുത്ത് പോയാല്‍ നമുക്ക് കുട്ടികളേയും കൂട്ടാം....മുമ്പത്തെ പരീക്ഷക്ക് പോയപ്പോള്‍ അവരെ കൂട്ടാതിരുന്ന സങ്കടവും തീര്‍ക്കാം...ഉള്ള എക്പീരിയന്‍സ് മതി...”

അവസാനം പറഞ്ഞത് എനിക്കിട്ട് കൊട്ടിയതാണെങ്കിലും അവള്‍ വഴിക്ക് വരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ അടുത്ത വടി ഇട്ടു - “എത്ര കിലോമീറ്ററ് ഓടണം എന്നാ വിചാരം?”

“ഇരുനൂറ് രൂപ മതിയാകില്ലേ?:

“ഇരുനൂറ്റമ്പത് വേണ്ടിവരും...”

“അത്രയുള്ളോ...അത് നിങ്ങള്‍ക്ക് മറ്റന്നാള്‍ ശമ്പളം കിട്ടുമ്പോള്‍ എടുത്താല്‍ പോരേ?”

പെണ്ണുങ്ങളുടെ ഓരോ കണക്കുകൂട്ടലുകള്‍!

“എടീ മറ്റന്നാള്‍ ശമ്പളം കിട്ടുന്നതിന് ഇന്ന് പെട്രോള്‍ അടിക്കുന്ന ഒരു പമ്പും ലോകത്തില്‍ ഇല്ല,,,”

“എങ്കില്‍ ഞാന്‍ കടമായി തരാം...”

“അങ്ങനെ വഴിക്ക് വാ ....ആ കാശ് ഇങ്ങെടുക്ക്....ലോണ്‍ എല്ലാ ബാങ്കുകളും വര്‍ഷാവസാനം എഴുതിത്തള്ളും...അക്കൂട്ടത്തിലേക്ക് ഇതും അങ്ങ് വരവ് വച്ചേക്കുക...”

“കാശ് ഓണ്‍ ഡെലിവെറി എന്നാണ് ആധുനിക പോളിസി...പമ്പില്‍ നിന്ന് പെട്രോള്‍ അടിക്കുമ്പോ ഞാന്‍ കാശ് കൊടുക്കാം...”

“ഓ....അങ്ങനെയാണോ...ശരി ശരി...”

“യുദ്ധങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി...” അത് വരെ മിണ്ടാതിരുന്ന ലുലുമോള്‍ പറഞ്ഞു.

“വെറും യുദ്ധമല്ല....ലോക മഹായുദ്ധം...”

പിറ്റേന്ന് കാര്‍ സ്റ്റാര്‍ട്ടാക്കിയപ്പോള്‍ ടാങ്കില്‍ ആവശ്യത്തിലധികം പെട്രോള്‍!!!അതിനാല്‍ അവളുടെ കാ‍ശ് ആ മണി പേഴ്സില്‍ തന്നെ സുഖമായി കിടന്നുറങ്ങി.

Saturday, June 15, 2013

ഒരു സ്വപ്ന സാക്ഷാല്‍ക്കാരം

രാജഗിരി സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ കാമ്പസില്‍ ഞാന്‍ ആദ്യമായി കാലു കുത്തിയത് 2010ല്‍ ടെക്നിക്കല്‍ സെല്‍ എന്‍.എസ്.എസ് ന് കീഴിലുള്ള റെഡ് റിബ്ബണ്‍ ക്ലബ്ബ് അംഗങ്ങള്‍ക്കായുള്ള പരിശീലനത്തിന്റെ കണ്ടിജന്റ് ലീഡര്‍ ആയിട്ടായിരുന്നു.കുട്ടികളുടെ കൂടെ തന്നെയുള്ള സഹവാസവും പരിശീലനത്തിന്റെ ആസ്വാദ്യതയും കാമ്പസിന്റെ മനോഹാരിതയും എന്നെ അന്ന് വളരെ ആകര്‍ഷിച്ചു.

2011-ല്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള 6 ദിവസത്തെ പരിശീലനത്തിനായി ഞാന്‍ വീണ്ടും രാജഗിരിയില്‍ എത്തി.പഴയതുപോലെ പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ലഭിച്ച ഉത്തേജനവും പരിശീലനത്തിന്റെ ഹരവും രസവും ആ വഴി പോകുമ്പോള്‍ എപ്പോഴെങ്കിലും വീണ്ടും  രാജഗിരിയിലേക്ക് വരണം എന്ന സ്വപ്നം അന്നേ മനസ്സിലിട്ടു.ആദ്യ ക്യാമ്പിന്റെ മധുരിക്കുന്ന സ്മരണകള്‍ ഉറങ്ങുന്ന പല സ്ഥലങ്ങളില്‍ ഒന്നായ മെസ്സ്‌ഹാളില്‍ എന്നെ കണ്ടുമുട്ടിയ കാന്റീന്‍ ജീവനക്കാരന്‍ സണ്ണിച്ചായന്‍ അന്ന് എന്നെ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്തു.

ഇന്നലെ (2013 ജൂണ്‍ 14) ഞാന്‍ വീണ്ടും രാജഗിരിയില്‍ കാലു കുത്തി. ആദ്യ ക്യാമ്പിന്റെ അവസാന സെഷന്‍ ആയ ഫോട്ടോ എടുക്കല്‍ നടന്ന സിമന്റ് പടവുകളിലൂടെ നെഞ്ചുയര്‍ത്തി ഞാന്‍ ചെന്നത് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ ഒരു സെഷന്‍ കൈകാര്യം ചെയ്യാനായിരുന്നു.ഈ പരിശീലന പദ്ധതിയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ‘ഇന്ററാക്ഷന്‍ വിത് സക്സസ്ഫുള്‍ പ്രോഗ്രാം ഓഫീസേഴ്സ്’ ‘ എന്ന സെഷനിലേക്കായിരുന്നു ഞാന്‍ ക്ഷണിക്കപ്പെട്ടത്. ആദ്യമായി ഉള്‍പ്പെടുത്തിയ ഈ പരിപാടിയിലെ ആദ്യ രംഗം തന്നെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.ഒപ്പം രാജഗിരിയില്‍ വീണ്ടും എത്തണമെന്ന എന്റെ സ്വപ്നം അഭിമാനാര്‍ഹമായ രൂപത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍ പറ്റിയതില്‍ വളരെയധികം സന്തോഷിക്കുകയും ചെയ്യുന്നു(മെസ്സ് ഹാളീല്‍ ഇത്തവണയും സണ്ണിച്ചായനെ കണ്ടുമുട്ടി).

Wednesday, June 12, 2013

അരങ്ങേറ്റം

ഈ നാല്പതാം വയസ്സില്‍ എന്ത് അരങ്ങേറ്റം എന്നായിരിക്കും . സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ഉപദേശക സമിതിയിലേക്ക് എന്നെ തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ഈ വര്‍ഷത്തെ ആദ്യ യോഗത്തില്‍ തന്നെ എന്റെ അരങ്ങേറ്റം നടന്നു.അവസാന ഇനമായ നന്ദി പ്രകാശനത്തിന്റെ ചുമതലയായിരുന്നു എനിക്ക് കിട്ടിയത്.ബൂലോകത്തെ മുഴുവന്‍ സുഹൃത്തുക്കളുടേയും ഉപദേശ-നിര്‍ദ്ദേശങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Sunday, June 09, 2013

ബസ് കാത്ത്നില്‍പ് കേന്ദ്രം!!!

വെയ്റ്റിംഗ് ഷെഡില്‍ ബസ് കാത്ത് നില്‍ക്കുന്ന പോക്കരാക്കയുടെ അടുത്തേക്ക് വന്ന മറ്റൊരു യാത്രക്കാരന്റെ പ്രതികരണം -
“ശ്ശോ....ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലല്ലോ....”

പോക്കരാക്ക: അതെല്ലടോ മത്തങ്ങാ വലിപ്പത്തില്‍ മുകളില്‍ എഴുതി വച്ചത്....ബസ് കാത്ത്നില്‍പ് കേന്ദ്രം!!!

പവറ്

KSRTC സ്റ്റാന്റ് - കുടിച്ചു പൂസായ ഒരാള്‍ എന്‍‌ക്വയറി കൌണ്ടറിലെത്തി.മുന്നില്‍ പാര്‍ക്ക് ചെയ്ത ബസ് ചൂണ്ടി ചോദിച്ചു - “ ഈ ബസ്സ് എപ്പ്ഴാ പുഴപ്പെടുന്നേ?”

“10:10ന്”

“ഇപ്പോ സമേം ത്രായി...?”

“10:20”

“ങേ!! ഞാന്‍ കുടിച്ച സാധനത്തിന്റെ ഒരു പവറ് കണ്ടോ....പോയ ബസ്സിനെയല്ലേ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്...!”

Sunday, June 02, 2013

പുതിയ (പഴയ) കാര്‍

 എന്റെ ജീവിതത്തിലെ TSG 8683 എന്ന എന്റെ കഥാപാത്രം കൂടിയായ എന്റെ സ്വന്തം കാറ് വിറ്റ് , വിലയിലും സ്വഭാവത്തിലും നിറത്തിലും അതിന്റെ നേര്‍ വിപരീതമായ മറ്റൊരു ‘സാധനം’ അനിയന്റെ കെയര്‍ ഓഫില്‍ എന്റെ കാര്‍ പോര്‍ച്ചിനെ അലങ്കരിച്ചിരുന്നു. ഈ ‘പുത്തന്‍’ സാധനം ഒരു പോസ്റ്റിനുള്ള മരുന്ന് പോലും തന്നിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ.KL 11 P 6275 എന്ന കറുമ്പനായ അവനേയും ഇന്നലെ നാടു കടത്തി.ജൂണ്‍ 1 മുതല്‍ മറ്റൊരു സെക്കന്റ് ഹാന്റ്  മെറൂണ്‍ മാരുതി ആള്‍ട്ടോ എന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്യുന്നു.ഓടിച്ചു നോക്കിയിട്ട് ബാക്കി കാര്യങ്ങള്‍.

ദൈവത്തിന്റെ പരീക്ഷണങ്ങള്‍


ചില കാര്യങ്ങള്‍ കേട്ടാല്‍ ഇതൊക്കെ ഒരേ കുടുംബത്തില്‍ സംഭവിക്കുമോ എന്ന് തോന്നിപ്പോകും.അത്തരം ഒരു അനുഭവമാണ് താഴെ പറയുന്നത്. ഈ പോസ്റ്റ് പോസ്റ്റി തറവാട്ടില്‍ നിന്നും ഞാന്‍ എന്റെ വീട്ടില്‍ എത്തിയപ്പോള്‍ വീടിന് മുന്നില്‍ ഒരു സ്ത്രീയും അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയും നില്‍ക്കുന്നുണ്ടായിരുന്നു.വീട്ടില്‍ വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഡീല്‍ ചെയ്യുന്നത് ഭാര്യ ആയതിനാല്‍ ഞാന്‍ അവളോട് വിവരം അറിയിച്ചു.അവള്‍ വന്ന് നോക്കി എന്നോട് പറഞ്ഞു.

“ഇത് ഞാന്‍ അന്ന് പറഞ്ഞ ആ സ്ത്രീ ആണ്” 

എനിക്ക് പെട്ടെന്ന് പിടി കിട്ടിയില്ല.ഉടന്‍ ഭാര്യ വിശദീകരിച്ചു – “ ഭര്‍ത്താവ് മരത്തില്‍ നിന്ന് വീണ.” അപ്പോഴും എനിക്ക് പിടി കിട്ടാത്തതിനാല്‍ ഞാന്‍ ആ ഭാഗത്തേക്ക് പോയില്ല.ഭാര്യ അവരുമായി പലതും സംസാരിക്കുന്നത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ഫ്ലാഷ് ബാക്ക് മിന്നിത്തുടങ്ങി.ഞാനും ആ സ്ത്രീയുടെ അടുത്തെത്തി അവരുടെ സംസാരം ശ്രദ്ധിച്ചു.

സംസാരത്തില്‍ നിന്നും അവര്‍ താമസിക്കുന്നത് സര്‍ക്കാര്‍ അനുവദിച്ച പറമ്പില്‍ ആണെന്നും ഭര്‍ത്താവ് മരത്തില്‍ നിന്ന് വീണ് കിടപ്പിലാണെന്നും മൂത്ത മകന്‍ ഇപ്പോള്‍ എട്ടാം ക്ലാസ്സിലേക്ക് ജയിച്ചെന്നും മനസ്സിലാക്കി.മറ്റൊരു മകള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നതായും അറിഞ്ഞു.ഇവര്‍ പാലക്കാടുകാര്‍ ആണെന്നും ഇപ്പോള്‍ കിഴിശ്ശേരിക്കടുത്ത് പുല്പറ്റയില്‍ ആണ് താമസം എന്നും പറഞ്ഞു.ഈ കുടുംബത്തെ പോറ്റാന്‍ ഈ സ്ത്രീ പുറത്ത് പോകുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.പക്ഷേ.

‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്ന് പറഞ്ഞ പോലെ മെലിഞ്ഞൊട്ടിയ അവരെ കണ്ടാല്‍ തന്നെ ഒരു ജോലിയും എടുക്കാന്‍ അവര്‍ക്ക് സാധിക്കും എന്ന് തോന്നുന്നില്ല.പ്രഷര്‍ താഴ്ന്നു പോയി ഇടക്കിടക്ക് തലവേദന വരുന്ന അസുഖമാണ് അവര്‍ക്ക് എന്ന് സംസാരത്തിലൂടെ അറിഞ്ഞു.രണ്ടാമത്തെ മകള്‍ക്ക് മാറാരോഗം ഒന്നും ഇല്ല എങ്കിലും ഇടക്കിടക്ക് ഓരോ അസുഖം വന്നു കൊണ്ടിരിക്കുന്നു.ഇപ്പോള്‍ നല്ല പനി പിടിച്ച് വീട്ടില്‍ കിടപ്പിലാണ്,(അമ്മ മക്കള്‍ക്ക് അന്നം തേടിയുള്ള യാത്രയിലും).

നിങ്ങള്‍ക്ക് സൌജന്യമായി അരി കിട്ടുമല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് ,മാനസിക രോഗിയായ ഭര്‍ത്താവിന്റെ അമ്മ റേഷന്‍ കാര്‍ഡ് കത്തിച്ച വിവരം അവര്‍ പറഞ്ഞത്. ചെര്‍പ്പുളശ്ശേരിയിലെ ചവളര എന്നോ മറ്റോ പേരുള്ള സ്ഥലത്തെ റേഷന്‍കാര്‍ഡായിരുന്നു ഉണ്ടായിരുന്നത്.ആ റേഷന്‍കാര്‍ഡ് നമ്പര്‍ കിട്ടിയാല്‍ പുതിയ കാര്‍ഡ് ഉണ്ടാക്കാം , പക്ഷേ അതിന് ഈ കുടുംബത്തെ ഇവിടെ ഇട്ട് ചെര്‍പ്പുളശ്ശേരിയില്‍ പോകാന്‍ സാധിക്കുന്നില്ല.

ഷീറ്റ് മേഞ്ഞ വീടിന്റെ ചുമര്‍ കട്ടകള്‍ കൊണ്ടാണ് കെട്ടിയത് എന്നും കഴിഞ്ഞ ആഴ്ച അതില്‍ വൈദ്യുതി ലഭിച്ചതിനാല്‍ മണ്ണെണ്ണ വാങ്ങുന്നതില്‍ നിന്നും തല്‍ക്കാലം ആശ്വാസം കിട്ടി എന്നും അവര്‍ പറഞ്ഞു.അഞ്ച് വയസ്സിനിടയില്‍ ഒപ്പമുള്ള കുഞ്ഞും മറ്റൊരു പരീക്ഷണഘട്ടം താണ്ടി.വീട്ടില്‍ നിന്ന് തന്നെ പാമ്പ് കടിയേറ്റു.കടിയേറ്റ ഭാഗം നീല നിറമായെങ്കിലും ഇര വിഴുങ്ങിയ പാമ്പ് ആയതിനാല്‍ വിഷം ഇറങ്ങിയില്ല എന്ന് ഡോക്ടര്‍ പറഞ്ഞു പോലും. 

എട്ടാം ക്ലാസ്സിലേക്ക് ജയിച്ച മകനെ ദൂരെ സ്കൂളുകളിലേക്ക് പറഞ്ഞയക്കാന്‍ സാധ്യമല്ലാത്തതിനാല്‍ അടുത്തുള്ള പൂക്കൊളത്തൂര്‍ സ്കൂളില്‍ ചേര്‍ത്തു.നല്ല പഠിക്കുന്ന കുട്ടി ആയതിനാല്‍ നേരത്തെ പഠിച്ച സ്കൂളിലെ ഒരദ്ധ്യാപകന്‍ നോട്ട്പുസ്തകങ്ങളും ബാഗും കുടയും വാങ്ങിക്കൊടുത്തു. അവിടെ യൂണിഫോം വാങ്ങാന്‍ ഇനി ആരെങ്കിലും കനിയണം.

ഈ വിവരങ്ങള്‍ എല്ലാം കേട്ടപ്പോള്‍ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ഒട്ടും ഏല്‍ക്കാത്ത എന്റെ ഭാഗ്യം ഞാനും കുടുംബവും തിരിച്ചറിഞ്ഞു.ഞങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ അപ്പോള്‍ തന്നെ ചെയ്തു കൊടുത്തെങ്കിലും അതെല്ലാം ഒരു താല്‍ക്കാലിക ശമനം മാത്രമാണെന്ന ചിന്ത എന്നെ ഇപ്പോഴും അലട്ടുന്നു(ഇന്ന് പത്രത്തില്‍ കണ്ട കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ പരസ്യ പ്രകാരം റീജ്യണല്‍ ഡയരക്ടറെ ബന്ധപ്പെട്ടെങ്കിലും അവിടെയും ചില കടമ്പകള്‍ ഉള്ളതിനാല്‍ എത്രത്തോളം മുന്നോട്ട് പോകും എന്ന് തീര്‍ച്ചയില്ല).

ഒരു അധ്യയന വര്‍ഷം കൂടി

നാളെ ജൂണ്‍ മൂന്ന്. ഒരു അധ്യയന വര്‍ഷം കൂടി ആരംഭിക്കുന്നു.പ്രവേശനോത്സവവും മിഠായി വിതരണവും മറ്റും നടത്തി , ഒന്നാം ക്ലാസ്സില്‍ വാവിട്ടു കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കാന്‍ ഒരു പാട് പൊടിക്കൈകളുമായി കുറേ അധ്യാപികാ-അധ്യാപകന്മാര്‍ രംഗപ്രവേശം ചെയ്യുന്ന ദിനം. ഇതൊന്നും ഇല്ലാത്ത കാലത്ത് സ്കൂളില്‍ പോയവരില്‍ പെട്ടവനാണ് ഞാനും.ഒന്നാം ക്ലാസ്സില്‍ അന്ന് ഒന്നാം തരം കരച്ചില്‍ നടത്തിയിരുന്നോ എന്നൊന്നും എനിക്ക് ഓര്‍മ്മയില്ല.പക്ഷേ സ്കൂളില്‍ പോകാനുള്ള  എന്റെ ഉത്സാഹം ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്.

ബാപ്പയും ഉമ്മയും അധ്യാപകന്മാരായതിനാല്‍ പുസ്തകം, കുട, സ്ലേറ്റ്, പെന്‍സില്‍ എന്നിവയെല്ലാം സ്കൂള്‍ തുറക്കുന്നതിന് മുമ്പേ കയ്യില്‍ എത്തുമായിരുന്നു.ഒന്നാം ക്ലാസ്സിലെ എന്റെ സ്ലേറ്റ് ഒരു പോറലും ഏല്‍ക്കാതെ നാലാം ക്ലാസ് വരെ എന്റെ സഹചാരിയായി കൂടെയുണ്ടായിരുന്നു.എന്നാല്‍ പലരുടേയും സ്ലേറ്റുകള്‍ വക്ക് പൊട്ടിയിരുന്നതും ചിലരുടെ സ്ലേറ്റിന്റെ മരഫ്രെയിമുകള്‍ തന്നെ പൊട്ടിപ്പോയിരുന്നതും ഇന്ന് ഞാന്‍ ഓര്‍ക്കുന്നു(പത്തിരി എന്നായിരുന്നു അത്തരം സ്ലേറ്റുകളുടെ വിളിപ്പേര്).അശ്രദ്ധയാണ് ഈ സ്ലേറ്റ് പൊട്ടലിന്റെ കാരണം എന്ന ധാരണയില്‍ അത്തരം കുട്ടികള്‍ക്ക് അധ്യാപകന്റെ അടുത്ത് നിന്നും കണക്കിന് ശകാരം കിട്ടിയിരുന്നതും എനിക്കോര്‍മ്മയുണ്ട്.പക്ഷേ അവരുടെ ആരുടേയും വീട്ടിലെ സ്ഥിതി എന്തെന്ന് ആരായാന്‍ എനിക്ക് അന്ന് പക്വത വന്നിട്ടില്ലായിരുന്നു.ശകാരിക്കുന്ന അധ്യാപകര്‍ അത് ആരാഞ്ഞിരുന്നോ എന്നറിയില്ല.

ഇന്ന്  കുട്ടിയെ സ്കൂളില്‍ പറഞ്ഞു വിടുമ്പോള്‍ ഒരു രക്ഷിതാവിന്റെ പോക്കറ്റില്‍ നിന്നും ചെലവാകുന്ന പണം എത്രയെന്ന് ആ രക്ഷിതാവിന് മാത്രമേ അറിയൂ. സര്‍ക്കാര്‍ സ്കൂളില്‍ ആണെങ്കില്‍ പുസ്തകവും ഭക്ഷണവും സൌജന്യമായി ലഭിക്കും എന്നത് തീര്‍ച്ചയായും പലര്‍ക്കും ആശ്വാസം തന്നെയാണ്.ഒരു നേരത്തെ ഉപ്പ്മാവ് ലഭിക്കാന്‍ വേണ്ടി , തനിക്ക് കിട്ടുന്ന ഉപ്പ്മാവ് മുഴുവന്‍ കഴിക്കാതെ വീട്ടിലെ അനിയനോ അനിയത്തിക്കോ വേണ്ടി ബാക്കി വയ്ക്കുന്ന നിരവധി പേര്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു.പട്ടിണിയുടെ ആ ദിനങ്ങള്‍ എനിക്ക് അജ്ഞാതമായിരുന്നു.പക്ഷേ ഓരോ അധ്യയനവര്‍ഷം കടന്ന് വരുമ്പോളും അവര്‍  ആ വറുതിയുടെ നാളുകള്‍ ഓര്‍മ്മിക്കുന്നുണ്ടാകാം.ഇന്ന് അവരുടെ മക്കള്‍ സ്കൂളീലേക്ക് പോകുമ്പോള്‍ താനനുഭവിച്ച വേദന തന്റെ മക്കള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ പാടുപെടുന്ന ഒരു പാട് രക്ഷിതാക്കള്‍ പല സ്ഥലത്തും ഉണ്ട്.

ഇന്നലെ കോളേജില്‍ നിന്നും മടങ്ങുമ്പോള്‍ കണ്ട കാഴ്ച ഞാന്‍ കുടുംബത്തോട് പങ്ക് വച്ചു.ഈര്‍ച്ചമില്ലില്‍ സ്വന്തം തോളില്‍ ഒരു തെങ്ങിന്റെ തടി ഏറ്റി നില്‍ക്കുന്ന ഒരാള്‍.ആ ഭാരം താങ്ങി നില്‍ക്കുമ്പോളും അയാളുടെ ചുണ്ടില്‍ ഒരു  പുഞ്ചിരി ഉണ്ടായിരുന്നു.ഒരു പക്ഷേ നാളെ സ്കൂളിലേക്ക് പോകുന്ന മകനെ/മകളെ നല്ല നിലയില്‍ പറഞ്ഞയക്കാന്‍ പാടുപെടുന്ന ഒരു അച്ഛന്‍ ആയേക്കാം അയാള്‍.ഇങ്ങനെ അധ്വാനിച്ചാണ് പല കുടുംബത്തിലും ദിവസങ്ങള്‍ കഴിഞ്ഞു പോകുന്നത് എന്ന് ആ വീട്ടുകാര്‍ അറിഞ്ഞിരുന്നെങ്കില്‍ എന്ന് മനസ്സില്‍ പറഞ്ഞുപോയി.

ഓർമ്മയിലെ മായാത്ത പൊട്ടുകൾ


ജീവിതത്തിൽ ഒരു മടക്കയാത്ര സാധ്യമാണെങ്കിൽ നാല്പത് കഴിഞ്ഞ ഏതൊരാളും തെരഞ്ഞെടുക്കുന്നത് പഴയ ആ എൽ.പി. സ്കൂളിലെ ഉയരം കുറഞ്ഞ ബെഞ്ചിൽ ഇരിക്കുന്ന പ്രായമായിരിക്കും.ഓർമ്മയിലെ മായാത്ത പൊട്ടായി ആ ക്ലാസ്സും അതിലെ കാലൊടിഞ്ഞ ബെഞ്ചും മുക്കാലി ബോർഡും അത് തുടക്കുന്ന ശീലക്കഷ്ണം കുത്തി നിറച്ച ഒരു ഡെസ്റ്ററും പിന്നെ ഒരു ‘കുമാരൻ’ മാഷും ഇല്ലാത്ത മനസ്സുകൾ,  ജീവിച്ചിരിക്കുന്ന ഒരാൾക്കും ഉണ്ടാകില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

തറയും പറയും പഠിപ്പിച്ച ആ നല്ല ദിനങ്ങൾ ഇന്നും ‘തറ പറ‘യുമ്പോൾ ഇടക്കെങ്കിലും കയറി വരുന്നു. അന്നത്തെ ‘കുമാരൻ മാഷെ‘ കാണുമ്പോൾ നാമറിയാതെ തന്നെ മുണ്ട് താഴ്ത്തുന്നു. നാല്പത് കഴിഞ്ഞിട്ടും നാം ഒന്നാം ക്ലാസ്സിലെ കൊച്ചുകുട്ടിയായി ഒരു നിമിഷ നേരത്തേക്ക് മാറിപ്പോകുന്നു.

എന്റെ ഓർമ്മയിലെ സ്കൂൾ ജീവിതം ആരംഭിക്കുന്നത് അരീക്കോട് ജി.എം.യു.പി സ്കൂളിൽ ആണ്. അന്ന് സ്കൂൾ മുറ്റത്തുണ്ടായിരുന്ന വലിയ ചീനിമരവും മറ്റും ഏതൊക്കെയോ പോസ്റ്റുകളിൽ ഒരു ഓർമ്മത്തെറ്റുപോലെ ഞാൻ ഓർത്തുപോയിട്ടുണ്ട്.ഇന്ന് ആ ചീനി മരം പോയി പകരം ഒരു ഉങ്ങ് മരം തണൽ വിരിച്ച് നിൽക്കുന്നത് ഇടക്കിടക്ക് ഞാൻ കാണാറുണ്ട്.

1977-78 അധ്യയന വർഷത്തിലാണ് ഞാൻ ഒന്നാം ക്ലാസ്സിൽ ഈ വിദ്യാലയത്തിൽ കാലുകുത്തുന്നത്. എന്റെ ക്ലാസ്സ് ടീച്ചറായിരുന്ന അമാനു മാസ്റ്റർ ഒരു വാഹനാപകടത്തിൽ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു(ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകട്ടെ).1982-83 ൽ ആറാം ക്ലാസ് വരെ ഈ സ്കൂളിൽ ഞാൻ പഠനം തുടർന്നു.അന്ന് ഉച്ച സമയത്ത് ലഭിച്ചിരുന്ന ഉപ്പ്മാവിന്റെ രുചി ഈ നാല്പതാം വയസ്സിലും നാവിൽ കിനിഞ്ഞിറങ്ങുന്നു.സ്കൂളിൽ നിന്നിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് ,തസ്രാക്കിന്റെ ഇതിഹാസം രചിച്ച ശ്രീ.ഒ.വി.വിജയൻ പഠിച്ച സ്കൂളിലാണ് ഞാനും പഠിച്ചത് എന്ന് മനസ്സിലായത്. ഇതിഹാസകാരന്റെ സഹപാഠിയായിരുന്ന ശ്രീ എൻ.വി.അഹമ്മദ്കുട്ടി മാസ്റ്റർ എന്റെ അധ്യാപകനും ആയിരുന്നു.

ദിവസങ്ങൽക്ക് മുമ്പ് എന്റെ രണ്ടാമത്തെ മകളെ ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ ചേർക്കാനായി ഞാൻ പോയി. പുതിയ ബിൽഡിംഗും ഓഫീസും ഗ്രൌണ്ടും  അധ്യാപകരും എല്ലാം കൂടി എന്റെ പഴയ സ്കൂൾ ആകെ മാറിപ്പോയിരിക്കുന്നു.മോളെ ചേർത്തിയ ശേഷം ആ പഴയ ഓർമ്മകളിലേക്ക് അല്പ നേരം ഒന്ന് ഊളിയിടാൻ അവളുടെ തോളിൽ കയ്യിട്ട് ഞാൻ ഒന്ന് ചുറ്റിനടന്നു. ആറ് വിരലുള്ള വേലായുധൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ഇരുന്ന മുറിയും എന്നും പൂർണ്ണഗർഭണനായ പ്യൂൺ ചിന്നേട്ടൻ ബെൽ മുഴക്കാനായി ആഞ്ഞടിച്ചിരുന്ന ഇരുമ്പ് പലകയും ഇന്നില്ല. എന്റെ പഴയ ഒന്നാം ക്ലാസ്സ് വശങ്ങൾ മുഴുവൻ ചുമർ കെട്ടി ഭദ്രമാക്കിയിരിക്കുന്നു.അബ്ദുള്ള ജിന്നിനെ കണ്ട ചക്കൻ‌തൊടു കാട് കാണ്മാനേ ഇല്ല. പൊട്ടൻ‌കരീം പൊട്ടിച്ചിരിച്ച ഗ്രൌണ്ടിൽ പുതിയ കെട്ടിടം ഉയർന്നു വന്നു.പക്ഷേ ഞാൻ ആ സ്കൂളിൽ അവസാനമായി പഠിച്ച ആറാം ക്ലാസ്സ് അതേ പോലെ ഒരു മൂലയിൽ സ്വയം ഒതുങ്ങി കൂടിയിരിക്കുന്നു.ഏഴാം ക്ലാസ്സ് അവിടെ ഉണ്ടായിരുന്നിട്ടും ഒരക്ഷരം മിണ്ടാതെ ഞാൻ ആ പടി ഇറങ്ങിപ്പോയതിന് എന്റെ പ്രിയപ്പെട്ട ആറാം ക്ലാസ്സ് മുറി കെറുവിച്ച് നിൽക്കുന്ന പോലെ തോന്നി.

ബാല്യകാല ഓർമ്മയിലെ തിരകളെ തഴുകി മനസ്സെന്ന കൊച്ചുവള്ളം മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങവേ എന്റെ മൊബൈൽഫോൺ റിംഗ് ചെയ്തു - അടുത്ത ഒരു ബന്ധു അർജന്റായി മാർക്ക് ലിസ്റ്റ് അറ്റസ്റ്റ് ചെയ്യാൻ വീട്ടിൽ കാത്ത് നിൽക്കുന്നു എന്ന സന്ദേശം. ഇന്ന് ഒരു ഗസറ്റഡ് ഓഫീസറായി ഇരിക്കുമ്പോൾ , എന്നെ ഞാനാക്കിയ ആ മുറ്റത്ത് നിന്ന് എനിക്ക് കണ്ണും മനസ്സും പറിച്ചെടുത്ത് പോരേണ്ടി വന്നു. സാരമില്ല , തലമുറകൾക്ക് ഒരു പാട് അനുഭവങ്ങൾ പകരാൻ ഇനിയും എന്റെ സ്കൂൾ ബാക്കിയുണ്ടല്ലോ.