Pages

Sunday, June 02, 2013

ദൈവത്തിന്റെ പരീക്ഷണങ്ങള്‍


ചില കാര്യങ്ങള്‍ കേട്ടാല്‍ ഇതൊക്കെ ഒരേ കുടുംബത്തില്‍ സംഭവിക്കുമോ എന്ന് തോന്നിപ്പോകും.അത്തരം ഒരു അനുഭവമാണ് താഴെ പറയുന്നത്. ഈ പോസ്റ്റ് പോസ്റ്റി തറവാട്ടില്‍ നിന്നും ഞാന്‍ എന്റെ വീട്ടില്‍ എത്തിയപ്പോള്‍ വീടിന് മുന്നില്‍ ഒരു സ്ത്രീയും അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയും നില്‍ക്കുന്നുണ്ടായിരുന്നു.വീട്ടില്‍ വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഡീല്‍ ചെയ്യുന്നത് ഭാര്യ ആയതിനാല്‍ ഞാന്‍ അവളോട് വിവരം അറിയിച്ചു.അവള്‍ വന്ന് നോക്കി എന്നോട് പറഞ്ഞു.

“ഇത് ഞാന്‍ അന്ന് പറഞ്ഞ ആ സ്ത്രീ ആണ്” 

എനിക്ക് പെട്ടെന്ന് പിടി കിട്ടിയില്ല.ഉടന്‍ ഭാര്യ വിശദീകരിച്ചു – “ ഭര്‍ത്താവ് മരത്തില്‍ നിന്ന് വീണ.” അപ്പോഴും എനിക്ക് പിടി കിട്ടാത്തതിനാല്‍ ഞാന്‍ ആ ഭാഗത്തേക്ക് പോയില്ല.ഭാര്യ അവരുമായി പലതും സംസാരിക്കുന്നത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ഫ്ലാഷ് ബാക്ക് മിന്നിത്തുടങ്ങി.ഞാനും ആ സ്ത്രീയുടെ അടുത്തെത്തി അവരുടെ സംസാരം ശ്രദ്ധിച്ചു.

സംസാരത്തില്‍ നിന്നും അവര്‍ താമസിക്കുന്നത് സര്‍ക്കാര്‍ അനുവദിച്ച പറമ്പില്‍ ആണെന്നും ഭര്‍ത്താവ് മരത്തില്‍ നിന്ന് വീണ് കിടപ്പിലാണെന്നും മൂത്ത മകന്‍ ഇപ്പോള്‍ എട്ടാം ക്ലാസ്സിലേക്ക് ജയിച്ചെന്നും മനസ്സിലാക്കി.മറ്റൊരു മകള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നതായും അറിഞ്ഞു.ഇവര്‍ പാലക്കാടുകാര്‍ ആണെന്നും ഇപ്പോള്‍ കിഴിശ്ശേരിക്കടുത്ത് പുല്പറ്റയില്‍ ആണ് താമസം എന്നും പറഞ്ഞു.ഈ കുടുംബത്തെ പോറ്റാന്‍ ഈ സ്ത്രീ പുറത്ത് പോകുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.പക്ഷേ.

‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്ന് പറഞ്ഞ പോലെ മെലിഞ്ഞൊട്ടിയ അവരെ കണ്ടാല്‍ തന്നെ ഒരു ജോലിയും എടുക്കാന്‍ അവര്‍ക്ക് സാധിക്കും എന്ന് തോന്നുന്നില്ല.പ്രഷര്‍ താഴ്ന്നു പോയി ഇടക്കിടക്ക് തലവേദന വരുന്ന അസുഖമാണ് അവര്‍ക്ക് എന്ന് സംസാരത്തിലൂടെ അറിഞ്ഞു.രണ്ടാമത്തെ മകള്‍ക്ക് മാറാരോഗം ഒന്നും ഇല്ല എങ്കിലും ഇടക്കിടക്ക് ഓരോ അസുഖം വന്നു കൊണ്ടിരിക്കുന്നു.ഇപ്പോള്‍ നല്ല പനി പിടിച്ച് വീട്ടില്‍ കിടപ്പിലാണ്,(അമ്മ മക്കള്‍ക്ക് അന്നം തേടിയുള്ള യാത്രയിലും).

നിങ്ങള്‍ക്ക് സൌജന്യമായി അരി കിട്ടുമല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് ,മാനസിക രോഗിയായ ഭര്‍ത്താവിന്റെ അമ്മ റേഷന്‍ കാര്‍ഡ് കത്തിച്ച വിവരം അവര്‍ പറഞ്ഞത്. ചെര്‍പ്പുളശ്ശേരിയിലെ ചവളര എന്നോ മറ്റോ പേരുള്ള സ്ഥലത്തെ റേഷന്‍കാര്‍ഡായിരുന്നു ഉണ്ടായിരുന്നത്.ആ റേഷന്‍കാര്‍ഡ് നമ്പര്‍ കിട്ടിയാല്‍ പുതിയ കാര്‍ഡ് ഉണ്ടാക്കാം , പക്ഷേ അതിന് ഈ കുടുംബത്തെ ഇവിടെ ഇട്ട് ചെര്‍പ്പുളശ്ശേരിയില്‍ പോകാന്‍ സാധിക്കുന്നില്ല.

ഷീറ്റ് മേഞ്ഞ വീടിന്റെ ചുമര്‍ കട്ടകള്‍ കൊണ്ടാണ് കെട്ടിയത് എന്നും കഴിഞ്ഞ ആഴ്ച അതില്‍ വൈദ്യുതി ലഭിച്ചതിനാല്‍ മണ്ണെണ്ണ വാങ്ങുന്നതില്‍ നിന്നും തല്‍ക്കാലം ആശ്വാസം കിട്ടി എന്നും അവര്‍ പറഞ്ഞു.അഞ്ച് വയസ്സിനിടയില്‍ ഒപ്പമുള്ള കുഞ്ഞും മറ്റൊരു പരീക്ഷണഘട്ടം താണ്ടി.വീട്ടില്‍ നിന്ന് തന്നെ പാമ്പ് കടിയേറ്റു.കടിയേറ്റ ഭാഗം നീല നിറമായെങ്കിലും ഇര വിഴുങ്ങിയ പാമ്പ് ആയതിനാല്‍ വിഷം ഇറങ്ങിയില്ല എന്ന് ഡോക്ടര്‍ പറഞ്ഞു പോലും. 

എട്ടാം ക്ലാസ്സിലേക്ക് ജയിച്ച മകനെ ദൂരെ സ്കൂളുകളിലേക്ക് പറഞ്ഞയക്കാന്‍ സാധ്യമല്ലാത്തതിനാല്‍ അടുത്തുള്ള പൂക്കൊളത്തൂര്‍ സ്കൂളില്‍ ചേര്‍ത്തു.നല്ല പഠിക്കുന്ന കുട്ടി ആയതിനാല്‍ നേരത്തെ പഠിച്ച സ്കൂളിലെ ഒരദ്ധ്യാപകന്‍ നോട്ട്പുസ്തകങ്ങളും ബാഗും കുടയും വാങ്ങിക്കൊടുത്തു. അവിടെ യൂണിഫോം വാങ്ങാന്‍ ഇനി ആരെങ്കിലും കനിയണം.

ഈ വിവരങ്ങള്‍ എല്ലാം കേട്ടപ്പോള്‍ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ഒട്ടും ഏല്‍ക്കാത്ത എന്റെ ഭാഗ്യം ഞാനും കുടുംബവും തിരിച്ചറിഞ്ഞു.ഞങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ അപ്പോള്‍ തന്നെ ചെയ്തു കൊടുത്തെങ്കിലും അതെല്ലാം ഒരു താല്‍ക്കാലിക ശമനം മാത്രമാണെന്ന ചിന്ത എന്നെ ഇപ്പോഴും അലട്ടുന്നു(ഇന്ന് പത്രത്തില്‍ കണ്ട കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ പരസ്യ പ്രകാരം റീജ്യണല്‍ ഡയരക്ടറെ ബന്ധപ്പെട്ടെങ്കിലും അവിടെയും ചില കടമ്പകള്‍ ഉള്ളതിനാല്‍ എത്രത്തോളം മുന്നോട്ട് പോകും എന്ന് തീര്‍ച്ചയില്ല).

7 comments:

Areekkodan | അരീക്കോടന്‍ said...

ഈ വിവരങ്ങള്‍ എല്ലാം കേട്ടപ്പോള്‍ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ഒട്ടും ഏല്‍ക്കാത്ത എന്റെ ഭാഗ്യം ഞാനും കുടുംബവും തിരിച്ചറിഞ്ഞു.ഞങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ അപ്പോള്‍ തന്നെ ചെയ്തു കൊടുത്തെങ്കിലും അതെല്ലാം ഒരു താല്‍ക്കാലിക ശമനം മാത്രമാണെന്ന ചിന്ത എന്നെ ഇപ്പോഴും അലട്ടുന്നു

Abooraseel Ponnani said...

"ഈ വിവരങ്ങള്‍ എല്ലാം കേട്ടപ്പോള്‍ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ഒട്ടും ഏല്‍ക്കാത്ത എന്റെ ഭാഗ്യം ഞാനും കുടുംബവും തിരിച്ചറിഞ്ഞു."

എന്ന് പൂർണ്ണമായി പറയാനൊക്കുമോ?.. ഇത്തരം കാഴ്ചകൾ നേരിൽ കാണാനോ, കേട്ടറിയാനോ അവസരമുണ്ടായി എങ്കിൽ അതൊരു വലിയ പരീക്ഷണമല്ലേ?.

എന്തു ചെയ്യാൻ പറ്റും. സ്വന്തമായി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തുകൊടുക്കുക. ഒറ്റയ്ക്ക് സാധിക്കാത്ത കാര്യങ്ങൾ കൂട്ടംചേർന്നു ചെയ്തുകൊടുക്കാനുള്ള മാർഗ്ഗം സ്വീകരിക്കുക.

വായിച്ചപ്പോൾ വിഷമം തോന്നി. യൂണിഫോം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്നാശിക്കുന്നു.


Cv Thankappan said...

പാവങ്ങള്‍ക്ക് മുമ്പില്‍ തീര്‍ക്കുന്ന കടമ്പകള്‍......
ആശംസകള്‍

rubab said...

watch Malayalam news, dramas and your favorite Tv Channels ONline on Internet Live at.
http://alltvchannels.net/malayalam-channels

ajith said...

പരീക്ഷണജീവിതങ്ങള്‍

Echmukutty said...

ഇത്തരം ജീവിതങ്ങള്‍ എപ്പൊഴും നമ്മൂറ്റെ ചുറ്റിലും വന്ന് നില്‍ക്കുന്നുണ്ടാവും.. ചിലരൊക്കെ കാണും... പലരും കാണില്ല...

അഷ്‌റഫ്‌ സല്‍വ said...

നമുക്ക് ചുറ്റും നാം കാണാതെ പോകുന്ന കണ്ടില്ലെന്നു നടിക്കുന്ന എത്ര "ജീവിതങ്ങൾ"

Post a Comment

നന്ദി....വീണ്ടും വരിക