Pages

Tuesday, November 27, 2007

അര്‍മാന്‍ മോല്യാര്‍ കോഴിക്കോട്ടേക്ക്‌....

അര്‍മാന്‍ മോല്യാര്‍ വണ്ടിക്കാരനെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. "ഞമ്മളെ മന്‌സ്‌ലായോ..?" "ഇല്ല.." "ഇന്റെ പേര്‌ സൈതാലി.....അന്നൊര്‌ക്കെ ങളെ കല്ലായീല്‌........" "ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാ*....അന്നെപറ്റി ഇപ്പംങ്ങട്ട്‌ പറഞ്ഞ്‌ട്ടേ ള്ളൂ...നൂറായുസാ..."മോല്യാര്‍ സന്തോഷത്തോടെ പറഞ്ഞു. "ഉം....എന്താ ബിസേസിച്ച്‌...ഇന്ന് കല്ലായ്‌ക്ക്‌ ബെര്‌ണ്‌ണ്ടോ?" "ഇല്ലല്ല....ഞമ്മക്ക്‌ ഒര്‌ കാര്യം ചോയ്ച്ചാന്‌ണ്ടായ്‌നി....." "ഉം....എത്താ..." "ജ്ജ്‌ എടക്കൊക്കെ കോയ്ക്കോട്ട്‌ക്ക്‌ പോണതല്ലേ...?" "ആ....മാസത്ത്‌ലൊര്‌ക്കെ..." "ആ....അന്റെ ബണ്ടീല്‌ എന്നെങ്ക്‌ലും കുട്ട്യേള്‌ കേറീന്യോ..?" "കുട്ട്യേള്‌ കേറീന്യോന്ന് ചോയ്ച്ചാല്‌...??" "തന്താര്‌ ഒപ്പംള്ളതല്ല....ഒര്‌ പത്ത്‌ പയ്മൂന്ന്‌ ബയസായ ഏതേലും ...?" "ആ....അത്‌ പറഞ്ഞപ്പളാ ച്ച്‌ ഓര്‍മ്മ ബെന്നത്‌.....ഒര്‌ കുണ്ടന്‍ ഞമ്മളെ ബണ്ടീ കേറീട്ട്‌ ഞമ്മള്‌കോയ്ക്കോട്ടെത്ത്യപ്പളാ ഓനെ കണ്ടതെന്നെ..." "ങ്‌ഹേ!!!" മോല്യാരും അവറാനും മോലികാക്കയും മുഖത്തോട്‌ മുഖം നോക്കി. "ന്നട്ടോ..?' "അന്ന് ഞമ്മള്‌ ഓനോട്‌ ചോയ്ചപ്പം ഓന്‍ അരീക്കോട്ട്‌ത്തെ ഏതോ ഒര്‌ സെലം പറഞ്ഞി...." "ങ്‌ഹേ!!" മോല്യാര്‍ വീണ്ടും ഞെട്ടി. "ന്നട്ട്‌ ഓനെ ജ്ജ്‌ എത്താക്കി..?' "എത്താ...ങളെ ബാക്കിള്ളതാ ആ കുണ്ടന്‍..?" "ഓന്‌ പ്പം യൗട്യാന്ന് അനക്കറിയോ?" മോലികാക്ക ആകാംക്ഷയോടെ ചോദിച്ചു. "ങള്‌ സബൂറാക്‌*.....ഞമ്മള്‌ ഓനെ നല്ലൊര്‌ സെലത്തന്യാ ആക്യെ....ഞമ്മള്‌ കയ്ഞ്ഞ മാസം പോയപ്പളും ഓന്‍ ഔടെ തെന്നെ ണ്ടായീനി....അന്ന് ഓന്റെ മൊയലാളി* ഓന്റെ ബാക്കിള്ളോലെ അറ്യോന്ന് ചോയ്ച്ചും ചെയ്ത്‌...ന്നട്ട്‌ ന്നോട്‌ അന്വേസിക്കാനും പറഞ്ഞി....." സൈതാലി വിവരിച്ചു. "അല്‍ഹംദുലില്ലാഹ്‌....കറക്ട്‌ അന്നെത്തന്നെ ഞമ്മക്ക്‌ കിട്ടിം ചെയ്ത്‌...." "ആ...ങക്ക്‌ ആ കുണ്ടനെപ്പറ്റി എത്തേലും അറ്യോ..?' സൈതാലി തിരിച്ച്‌ ചോദിച്ചു. "അറ്യോന്നോ......ഞമ്മള്‌ ബിചാരിച്ച്‌ണ കുണ്ടനാണെങ്കി ആ കുണ്ടന്റെ എളാപ്പേ ഈ നിക്ക്‌ണ അവറാന്‍.....ഞമ്മളന്ന് കല്ലായി പോയെത്‌ ഈ നിക്ക്‌ണ മോലിന്റെ മോളായിട്ട്‌ ഓന്റെ കല്ല്യാണം നടത്താന്‌ള്ള സമ്മതം ചോയ്ച്ചാനാ..." അര്‍മാന്‍ മോല്യാര്‍ അവറാനെയും മോലികാക്കയെയും ചൂണ്ടിക്കൊണ്ട്‌ വണ്ടിക്കാരനോട്‌ പറഞ്ഞു. "പടച്ചോന്റെ ഓരോ ഖുദ്രത്ത്‌കളേ*......സുബാനള്ളാ...." വണ്ടിക്കാരന്‍ പറഞ്ഞു. "മോലീ....ന്ന ഒര്‌ കാര്യം ചെജ്ജാ.....ജ്ജും ഔറാനും കുടീക്കെന്നെ പൊയ്ക്കോ.....ഞമ്മള്‌ കോയ്ക്കോട്ടൊന്ന് പോയ്‌നോക്കെട്ടെ.....ന്നട്ട്‌ അബൂനിം കൂട്ടി ങട്ട്‌ ബെര.....ഇന്‍ശാഅള്ള...."അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "ആ....എല്ലാരിം കൂടി കണ്ടാ ഓനും ചെലപ്പം* പേടിച്ചും..." "ആ...അതെന്നെ..." "ന്നാ....കേറിന്‍ മോല്യാരെ...." "സരി...സരി.....അസലാമലൈക്കും..." വണ്ടിയിലേക്ക്‌ കയറിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "വലൈകുമുസ്സലാം..." അവറാനും മോലികാക്കയും സലാം മടക്കി. അര്‍മാന്‍ മോല്യാരെയും വഹിച്ചുകൊണ്ട്‌ സൈതാലിയുടെ കാളവണ്ടി കോഴിക്കോട്‌ ലക്ഷ്യമാക്കി കുതിച്ചു.ഭൂതകാല സ്മരണകളും ഭാവികാല പരിപാടികളും കാളക്കുളമ്പടികള്‍ക്കൊപ്പം മോല്യാരുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. (തുടരും) ***************************** ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാ = ആശ്ചര്യ ജനകമായി പറയുന്നത്‌ സബൂറാക്‌ = ക്ഷമിക്ക്‌ മൊയലാളി = മുതലാളി ഖുദ്രത്ത്‌കള്‍= കഴിവുകള് ‍ചെലപ്പം= ഒരു പക്ഷേ

Monday, November 26, 2007

ദി ലാസ്റ്റ്‌ ബെല്‍

‍ആളൊഴിഞ്ഞ ഒരു മൂലയില്‍ കെട്ടിത്തൂക്കിയ ആ ഇരുമ്പ്‌ തകിടിന്റെ നേരെ പ്യൂണ്‍ പ്രദീപന്‍ ,ചെറിയൊരു ചുറ്റികയുമായി നടന്നു.കൊല്ലങ്ങളോളം അടി ഏറ്റുവാങ്ങി , കുഴിഞ്ഞുപോയ ഇരുമ്പ്‌ തകിടിലേക്കും ശേഷം വാച്ചിലേക്കും നോക്കിക്കൊണ്ട്‌ പ്രദീപന്‍ അല്‍പ നേരം നിന്നു. 'ബെല്‍......ലാസ്റ്റ്‌ ബെല്‍........ദി ലാസ്റ്റ്‌ ബെല്‍....' പ്രദീപന്റെ മനസ്സ്‌ മന്ത്രിച്ചു. "മരണമണി മുഴക്കൂ.....സമയമായി....." എവിടെ നിന്നോ ശബ്ദമുയര്‍ന്നു. "ഒട്‌ക്കത്തെ ബെല്ല്‌.....അടിച്ചങ്ങ്‌ തുലക്ക്‌..." മറ്റെവിടെ നിന്നോ കേട്ടു. അഭിപ്രായങ്ങള്‍ ഉയരുന്നതിന്നിടയില്‍ വന്യമായ ആവേശത്തോടെ പ്രദീപന്റെ കയ്യിലെ ചുറ്റിക ഇരുമ്പ്‌ തകിടില്‍ആഞ്ഞാഞ്ഞ്‌ പതിച്ചു..."ടി.....ണിം.....ണിം.....ണിം.....ണിം.....ണിം.....ണിം.....ണിം....." "മതി....മതി...." ശബ്ദം കേട്ട്‌ , അടി നിര്‍ത്തി പ്രദീപന്‍ നിന്ന് കിതച്ചു. 17-10-2007 ന്‌ പ്രദീപന്‍ അടിച്ച ആ അവസാന ബെല്ലോടെ എട്ട്‌ വര്‍ഷമായി പ്രവര്‍ത്തിച്ച്‌ വന്നിരുന്ന ആ പഴകിയ കെട്ടിടത്തില്‍ നിന്ന് ഞങ്ങളുടെ കോളേജ്‌ പടി ഇറങ്ങി.

Saturday, November 17, 2007

വെള്ളിയാഴ്ചയിലെ അന്വേഷണം

പിറ്റേ ദിവസം അസര്‍ നമസ്കാരത്തിന്‌ ശേഷം അര്‍മാന്‍ മോല്യാരും അവറാനും മോലികാക്കയും കൂടി റോട്ടിലേക്കിറങ്ങി.പോക്കുവെയിലേറ്റ്‌ ചെമ്മണ്‍ പാത കൂടുതല്‍ ചുവന്നിരുന്നു.പാടത്തും പറമ്പിലും ജോലി കഴിഞ്ഞ്‌ കൈക്കോട്ടും വാക്കത്തിയും തൊപ്പിക്കുടയുമായി ആള്‍ക്കാര്‍ വീട്ടിലേക്ക്‌ മടങ്ങിക്കൊണ്ടിരുന്നു.പറവകള്‍ കലപില കൂട്ടി കൂടണഞ്ഞു കൊണ്ടിരുന്നു.ദിനാന്ത്യത്തിന്റെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട്‌ മൂവര്‍ സംഘം റോഡില്‍ കാത്തിരുന്നു. "വെള്ള്യായ്ചത്തെ അന്വേസണം ഫലിക്കും ന്നാ..." മൗനം ഭംഞ്ജിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "ഋണിം.....ഋണിം.....ഋണിം....." ശബ്ദം കേട്ട്‌ അര്‍മാന്‍ മോല്യാര്‍ നോക്കി. "ആ....ഒര്‌ ബണ്ടി ബെര്‌ണ്‌ണ്ട്‌.." അര്‍മാന്‍ മോല്യാര്‍ പറഞ്ഞു.വണ്ടി അടുത്തെത്തിയപ്പോള്‍ അര്‍മാന്‍ മോല്യാര്‍ കയ്യിലെ കുട നീട്ടി.വണ്ടിക്കാരന്‍ വണ്ടി നിര്‍ത്തി. "ഞമ്മക്കൊര്‌ കാര്യം ചോയ്ച്ചന്‌ണ്ടായീനി..." മോല്യാര്‍ വണ്ടിക്കാരനോട്‌ പറഞ്ഞു. "എന്നാ കാറ്യം.." വെറ്റില ചവച്ചുകൊണ്ട്‌ വണ്ടിക്കാരന്‍ ചോദിച്ചു. "അന്റെ ബണ്ടി ഇപ്പം യൗട്‌ക്കാ പോണെ?" "കോളിക്കോട്ട്‌.." "അണ്ണാച്ച്യാ ല്ലേ..?" "ഫൂ....അണ്ണാച്ചി നിങ്ക *$്‌%^..." എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ വണ്ടിക്കാരന്‍ കാര്‍ക്കിച്ചു തുപ്പി.പെട്ടെന്ന് മാറിയതിനാല്‍ അര്‍മാന്‍ മോല്യാര്‍ വെറ്റിലച്ചാറില്‍ നിന്നും രക്ഷപ്പെട്ടു. വണ്ടിക്കാരന്‍ ചാട്ടവാറു കൊണ്ട്‌ കാളകള്‍ക്ക്‌ രണ്ട്‌ കൊടുത്തതോടെ വണ്ടി ഓടിത്തുടങ്ങി. "ഒര്‌ മര്യാദിം ല്ലാത്ത പഹേന്‍..." അവറാനെയും മോലികാക്കയേയും നോക്കി അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "കാളേളൊപ്പം കജ്ജ്‌ണോലല്ലേ...." മോലികാക്ക സമാധാനിപ്പിച്ചു. "പച്ചേങ്കില്‌ നല്ല മന്‌സമ്മാരും ണ്ട്‌..." "ആ.....എല്ലത്ത്‌ലും ണ്ടല്ലോ ഒര്‌ രണ്ടാം തെരം...." അവറാനും മോല്യാരെ സമാധാനിപ്പിച്ചു. "ഞമ്മള്‌ അന്ന് കല്ലായീക്ക്‌ പോയ ആ ബണ്ടിക്കാരന്‍.....ഓന്റെ പേര്‌ ഞാന്‌ ചോയ്ച്ചാനും മറന്ന്‌.....ഓന്‍ നല്ലൊര്‌ മന്‌സനൈനി..." മോല്യാരും അവറാനും മോലികാക്കയും പിന്നെയും കാത്തിരുന്നു. "എത്താ ഇന്ന് ബണ്ട്യേളൊന്നും കാണ്‌ണ്‌ല്ലല്ലോ..." അക്ഷമനായ മോല്യാര്‍ പറഞ്ഞു. "ആ.....കൊറച്ചേരും കൂടി കാത്ത്ന്നോക്കാ....മഗ്‌രിബായ ഞമ്മക്ക്‌ പോകാം..." മോലികാക്ക പറഞ്ഞു. "ഋണിം.....ഋണിം.....ഋണിം....." വണ്ടിയുടെ ശബ്ദം കേട്ട്‌ എല്ലാവരും നോക്കി. "ആ....അതാ ബെര്‌ണ്‌ ഒര്‌ ബണ്ടി...." "മൊല്യാരെ.....ബണ്ടിക്കാരന്‍ മുര്‍ക്കാന്‍ തിന്ന്‌ണ്ടെങ്കി കൊറച്ച്‌ മാറിന്നാണ്ടി..." അവറാന്‍ ഓര്‍മ്മിപ്പിച്ചു. മൂന്ന് പേരെ കണ്ട്‌ വണ്ടിക്കാരന്‍ വണ്ടി നിര്‍ത്തി.വണ്ടിയിലേക്ക്‌ നോക്കിയ അര്‍മാന്‍ മോല്യാര്‍ക്ക്‌ ആ മുഖം എവിടെയോ പരിചയമുള്ള പോലെ തോന്നി. "ആരിത്‌..? മോല്യാരോ...?അസ്സലാമലൈക്കും..." വണ്ടിക്കാരന്‍ പറഞ്ഞു. "വലൈകുമുസ്സലാം.." ആളെ മനസ്സിലായില്ലെങ്കിലും അര്‍മാന്‍ മോല്യാര്‍ സലാം മടക്കി.

മൊബൈല്‍ കവറേജ്‌

വെറുതേ നടക്കാനിറങ്ങിയപ്പോളാണ്‌ റോഡരികിലെ കൂറ്റന്‍മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ വലിച്ചു കെട്ടിയ ബാനര്‍ നമ്പൂരിയുടെ ശ്രദ്ധയില്‍ പെട്ടത്‌. " റിലയന്‍സ്‌ മൊബൈല്‍ കവറേജ്‌ ഇപ്പോള്‍ ഇവിടെയും " 'വിഡ്ഢികൂശ്മാണ്ഡങ്ങള്‍...!!! അത്രേം ഉയരത്ത്‌ല്‌ വലിഞ്ഞ്‌ കേറി ഫോണ്‍ വിളിക്കാന്‍ ആര്‍ക്കേലും സാധിക്ക്വോ...' നമ്പൂരി ആത്മഗതം ചെയ്തു.

Tuesday, November 13, 2007

മൂന്നംഗ അന്വേഷണ കമ്മീഷന്‍

അര്‍മാന്‍ മോല്യാരും മോലികാക്കയും അവറാനുംകൂടി കുറേ നേരം കുത്തിയിരുന്ന് ആലോചിച്ചു.നീണ്ട മൗനം ഭംഞ്ജിച്ചുകൊണ്ട്‌ അവറാന്‍ ചോദിച്ചു. "ഇത്തറ ചെറ്‌പ്പത്ത്‌ലേ ഓന്‍ നാട്‌ ബ്‌ടാന്‍ എത്താ കാര്യം?" "അ...ആ......ആ ബീരം ജ്ജ്‌ അറ്‌ഞ്ഞ്‌ട്ട്‌ല്ലേ?" "ഏത്‌ ബീരം?""ഓന്‍ ഞമ്മളെ ഓത്തള്ളീല്‌ ബെരല്‌ണ്ടായ്‌നി........അയിന്റെ ടക്ക്‌ ഓന്‌ ഒര്‌ മൊഹബത്ത്‌.....ഇതാ ഈ മോലിന്റെ മോള്‌ സൈനബാനോട്‌.." "ന്നട്ട്‌..?" " ഓത്തള്ളീല്‌ ഇങ്ങനത്തെ കുലുമാല്‌ ഞമ്മള്‌ണ്ടോ സമ്മയിക്ക്‌ണ്‌? ഞമ്മളീ ബീരം രണ്ട്‌ കുടീലും അങ്ങട്ട്‌ അറീച്ചി....പച്ചേങ്കില്‌ കൊറച്ചീസം കയ്‌ഞ്ഞപ്പം അത്‌ മാണ്ടില്ലയ്നി ന്ന് ഒര്‌ തോന്നല്‌....ഓന്‌ ഇസ്ടാണെങ്കി ഇസ്ലാമ്‌ല്‌ പറഞ്ഞ മാതിരി അങ്ങട്ട്‌കെട്ടിക്കോട്ടെ...."അര്‍മാന്‍ മോല്യാര്‍ വിശദീകരിച്ചു. "ഇത്‌ നല്ല കത.." അവറാന്‍ ഒന്ന് കൂടി ചെവി കൂര്‍പ്പിച്ചു. "ന്നട്ട്‌ ഞമ്മള്‌ തന്നെ ഓന്റെ ബാപ്പാന്റെ ബാക്കിള്ളോലിം തേടി കല്ലായീല്‌ പോയി....ചെക്കെന്റെ വകേല്‌ള്ള ആരോടെങ്ക്‌ലും ബീരം പറ്യണ്ടേന്ന് ബിചാരിച്ചാ പോയത്‌..." "ന്നട്ട്‌ ആരീലും കണ്ടോ..?' "കണ്ടോന്നോ...ഓന്റെ ഒര്‌ മൂത്താപ്പാനെ കണ്ട്‌.....ശരിക്കും ഒര്‌ ദജ്ജാല്‌*...മൂപ്പറ്‌ക്കാകെ അറ്യണ്ട്യെ അറനെപ്പറ്റ്യാ....അത്‌ ഞമ്മളെ നാട്ട്‌ല്‌ല്ലാന്ന് പറഞ്ഞപ്പം കേട്ടോ മോലീ.....മൂപ്പര്‌ ചോയ്ച്ചാ അറല്ലാതെ പിന്നെത്ത്‌ കല്ല്യാണാന്ന്...." "പിന്നെ മൂപ്പരെ ഒര്‌ അന്‌സന്‍* കൂടി ണ്ട്‌....കോയ്ക്കോട്ടൗട്യോ ചായമക്കാനി നടത്താണ്‌.....യൗട്യാന്ന് മൂപ്പര്‍ക്ക്‌ ഒരു പുടിം ല്ല....പിന്നെ ഞമ്മക്ക്‌ണ്ടോപുടി ക്‌ട്ട്‌ണ്‌...ഹ...ഹ...ഹാ....." മോല്യാര്‍ പറഞ്ഞു കൊണ്ടിരുന്നു. "അല്ല ആ കിസ്സ ഒക്കെ ഞമ്മക്ക്‌ പിന്നെ പറ്യാ....ഇപ്പം ഞമ്മള്‌ ഇനി അബൂനെ യൗട്യാ തെര്യാ ന്ന് പറി..." മോലികാക്ക ഇടപെട്ടു. "അന്ന് ഓന്‍ പുത്തഞ്ചെത്തൈ* കൂട്യാ പോയെ.....അപ്പം ന്റെ തംസ്യം ഓന്‍ ഏതേലും ബണ്ടീ കേറ്യാണ്ട്‌ പോയിട്ട്‌ണ്ടാവും ന്നാ..." അവറാന്‍ പറഞ്ഞു. "ആ....അത്‌ സരിയാ..." മോലികാക്ക പിന്താങ്ങി. "ആ...ഇച്ചും തോന്ന്‌ണ അതെന്ന്യാ......മോന്തിക്ക്‌ ബണ്ടീ കേറ്യാ അവ്വല്‌ സുബൈക്ക്‌ കോയ്ക്കോട്ടെത്താ...ഒര്‌ ഇന്‍സും* കാണുംല്ല...."അര്‍മാന്‍ മോല്യാര്‍ അഭിപ്രായപ്പെട്ടു. "അപ്പം ന്നാല്‌ ഞമ്മക്ക്‌ കോയ്ക്കോട്ടൊന്ന് പോയോക്ക്യാലോ?" അവറാന്‍ നിര്‍ദ്ദേശിച്ചു. "അങ്ങനണ്ട്‌ പോയ്‌ട്ട്‌ എത്താ കാര്യം....കോയ്ക്കോട്ട്‌ യൗട്യാ ഓനെ ഞമ്മള്‌ തെര്യാ....ഔസാനം* മാമയ്ദര്‍മാന്‍ കൊണ്ടോട്ടി പോയ മാതിരി ഇങ്ങട്ട്‌ പോരണ്ടി ബെരും..." അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "പിന്നെ പ്പം എത്താ ചെയ്യാ...?" മോലികാക്ക ചോദിച്ചു. ""ഇച്ച്‌ ഒര്‌ ഐഡ്യ തോന്ന്‌ണ്‌....ഞമ്മളെ ഇതിക്കൂടെ പോണെ ബണ്ടിക്കാരോട്‌ ഒന്ന് ചോയ്ച്ചോക്ക്യാലോ?" "എത്ത്‌?" "ഓലെ ആരേലും ബണ്ടീല്‌ കൊറച്ച്‌ മാസം മുന്നെ ഇങ്ങനെ ഒര്‌ കുണ്ടന്‍ കേറീന്യോന്ന്..." "ആ.....അത്‌ നല്ല ഐഡ്യാ...." "നാളെപ്പം ബെള്ള്യായ്ചല്ലേ....കൊറേ ബണ്ടിക്കാര്‌ നാളെ പോകും....നാളെ അസര്‍ നിസ്കരിച്ച്‌ട്ട്‌ ഞമ്മക്ക്‌ റോട്ട്ക്ക്‌ എറങ്ങാ.....ന്നട്ട്‌ ബെര്‌ണ ബണ്ടിക്കാരോടൊക്കെ ണ്ട്‌ അന്വേസിച്ച്‌ നോക്കാ.....അവറാനും ബെരെണ്ടി...." മോല്യാര്‍ നിര്‍ദ്ദേശിച്ചു. "സരി...സരി..."മോല്യാരുടെ നിര്‍ദ്ദേശം അവറാനും മോലികാക്കയും സ്വീകരിച്ചു. (തുടരും) *********************** ദജ്ജാല്‌ = ഭീകരന്‍ അന്‌സന്‍ = അനിയന് ‍പുത്തഞ്ചെത്തൈ = പുതിയറോഡ്‌ ഇന്‍സ്‌ = മനുഷ്യന്‍ ഔസാനം = അവസാനം

പെണ്ണൊരുമ്പെട്ടാല്‍....

അലക്കാനിട്ട ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന്‌ അന്നും ലോട്ടറി ടിക്കറ്റ്‌ കിട്ടിയപ്പോള്‍ അവള്‍ സഹികെട്ട്‌ പറഞ്ഞു. "നിങ്ങളീ ലോട്ടറിക്ക്‌ ദിവസവും തുലക്കുന്ന കാശ്‌ മതി മാസത്തില്‍ എനിക്കൊരു സാരി വാങ്ങാന്‍....." "ഇത്തവണ കൂടി നീ ക്ഷമിക്ക്‌.....ഇനി ഞാന്‍ വാങ്ങില്ല.....സത്യം.." അയാള്‍ ഭാര്യയെ സമാധാനിപ്പിച്ചു. പിറ്റേ ദിവസവും അവള്‍ക്ക്‌ ഭര്‍ത്താവിന്റെ കീശയില്‍ നിന്ന് ലോട്ടറി ടിക്കറ്റ്‌ ലഭിച്ചു.അവള്‍ ദ്വേഷ്യത്തോടെ ഭര്‍ത്താവിന്റെ അടുത്തെത്തി. "മണ്ണാങ്കട്ട.....ഇനി വാങ്ങില്ല എന്ന്‌ സത്യം ചെയ്തിട്ട്‌.....ഇതാ തൊണ്ടി..." ടിക്കറ്റ്‌ ഉയര്‍ത്തി കാണിച്ചുകൊണ്ട്‌ കോപത്തോടെ അവള്‍ പറഞ്ഞു. "അത്‌...അത്‌...." വാക്കുകള്‍ കിട്ടാതെ അയാള്‍ പരുങ്ങി. "വേണ്ട...വേണ്ട .....ഇനി നിങ്ങളുടെ വാക്ക്‌ എനിക്ക്‌ കേള്‍ക്കുകയേ വേണ്ട..."അവള്‍ തീര്‍ത്തു പറഞ്ഞു. "എടീ കടക്കു മുന്നില്‍ ഒരുത്തന്‍ നാലായിരം നാലായിരം എന്ന് വിളിച്ചു കൂവുമ്പോള്‍ ഒന്നു കൂടി എടുത്ത്‌ നോക്കാന്‍ ഒരു ഉള്‍പ്രേരണ.....പോയാല്‍ പത്ത്‌ രൂപ.....കിട്ടിയാല്‍ നാലായിരം രൂപ............നിനക്ക്‌...." അയാള്‍ ഒന്ന് നിര്‍ത്തി. "എനിക്ക്‌...??" അവള്‍ക്ക്‌ അറിയാന്‍ ആകാംക്ഷയായി. "നിനക്ക്‌ നാല്‌ സാരിയും..." "എങ്കില്‍ ചേട്ടന്‍ മുടങ്ങാതെ ടിക്കറ്റെടുത്തോളൂ.....ഒരു ദിവസം പോലും മറന്നേക്കരുത്‌.....മറന്നാലുണ്ടല്ലോ....ഞാന്‍....ങാഹാ....."

Sunday, November 11, 2007

‍നമ്പൂരിയുടെ ചായകുടി

ഒറ്റക്ക്‌ ഹോട്ടലില്‍ കയറിയ നമ്പൂരി വെയിറ്ററോട്‌ : ഒര്‌ സ്പെഷ്യല്‍ ചായ....ഒര്‌ ചായ.....കടിക്കാന്‍ ഒര്‌ ബണ്ണും.... രണ്ട്‌ ചായ ആര്‍ക്കൊക്കെ എന്ന് മനസ്സിലാകാതെ വെയിറ്റര്‍ ചോദിച്ചു : ഒരു ചായ ആര്‍ക്കാ....? നമ്പൂരി : സ്പെഷ്യല്‍ ചായ നോമിന്‌.....മറ്റേ ചായ നീ കൊണ്ടുവരാന്‍ പോകുന്ന ഉണക്ക ബണ്ണിനും...

അബു തിരിച്ചറിയപ്പെടുന്നു

ഒരു ഞായറാഴ്ച ദിവസം.നാട്ടില്‍ എന്തോ കാരണത്താല്‍ കടകളെല്ലാം അടച്ചിരുന്നു.കോയാക്കയുടെ മക്കാനിയിലും അന്ന് ആളനക്കം ഉണ്ടായില്ല.ഉമ്മയെ സ്വപ്നത്തില്‍ ദര്‍ശിച്ചതിനാല്‍ അബു അന്ന് മ്ലാനവദനനായിരുന്നു.അബുവിനെ ശ്രദ്ധിച്ച കോയാക്ക അബുവിലെ മാറ്റം നിരീക്ഷിച്ചു.അവന്റെ വിവരങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ കോയാക്ക തീരുമാനിച്ചു. "അബോ.." കോയാക്ക വിളിച്ചു. "ഉം..." അബു ഒന്ന് മൂളി "ഇവടെ വാ..." മക്കാനിയിലെ ഒരു മേശക്കടുത്തിട്ട ബെഞ്ചില്‍ കോയാക്ക ഇരുന്നു.അബുവിനോടും തൊട്ടടുത്ത്‌ തന്നെ ഇരിക്കാന്‍ കോയാക്ക ആംഗ്യം കാട്ടി.അബു അത്‌ അനുസരിച്ചു. "എന്താ അന്റെ മൊഖത്ത്‌ ഒര്‌ മ്ലാനം..?" "എത്തുല്ല..." കണ്ണ്‍ തുടച്ചുകൊണ്ട്‌ അബു പറഞ്ഞു. "നീ ഇവടെ വന്ന്ട്ട്‌ എത്ര കാലായീന്ന് അറ്യോ..?" "ഇച്ച്‌ ബീരംല്ല..." "ആ...ഇമ്മിണി കാലായി...." "ഉം.." "അനക്ക്‌ പൊരേ പോവാന്‍ പൂതിണ്ടോ..?"അബു ഒന്നും മിണ്ടിയില്ല. "ഉമ്മാനെ കാണണ്ടേ..?"മറുപടി കിട്ടാതായപ്പോള്‍ കോയാക്ക അബുവിനെ നോക്കി.അബുവിന്റെ കണ്ണില്‍ നിന്നുംകണ്ണീര്‍ ഉറ്റി വീണു. "നെന്റെ ഉമ്മാന്റെ പേരെന്താ?" "ബീഫാത്തു..." "ഉപ്പാന്റെ പേരോ...?" "അത്‌...അത്‌...?" പേര്‌ കിട്ടാതെ അബു തപ്പിത്തടഞ്ഞു. "നെന്റെ പൊര എവിട്യാ...?" "പോത്താഞ്ചീരീല്‌..." "അതെവിട്യാ...പോത്താഞ്ചീരി...?" "അരീക്കോട്ടാ..." "ആ...അനക്ക്‌ പിന്നെ പൊരേല്‌ ആരൊക്കെണ്ട്‌...?" "ഇമ്മ മാത്രം..." "അപ്പം ബാപ്പാന്റെ ബാക്കിള്ളോലൊന്നും ഇല്ലേ....?" "ണ്ട്‌..." "അവരൊക്കെ എവിട്യാ..?" "അത്‌..അത്‌...ബെടെ അട്‌ത്താ...." "ങേ!!! ഇവിടെ അട്‌ത്തോ..?" കോയാക്ക ഒന്ന് ഞെട്ടി. "ആ....സെലത്ത്‌ന്റെ* പേര്‌ ഇച്ച്‌ ക്‌ട്ട്‌ണ്‌ല്ല.." "അപ്പം....ആരാ അന്നോട്‌ അത്‌ പറഞ്ഞെ..?" "അത്‌ ഞാന്‍ നാട്‌ ബ്‌ട്ട ദീസം അര്‍മാന്‍ മോല്യാരും ഇന്റെ ബണ്ടീല്‌ണ്ടായീനി....മോല്യാര്‌ ന്നെ കണ്ട്‌ല... ന്റെ ബാപ്പാന്റെ ബാക്കിള്ളോലെ കാണാന്‍ ബയ്ക്കല്‌* എറങ്ങി.....കോയ്ക്കോട്‌ എത്ത്‌ണേന്റെ കൊറച്ച്‌ മുമ്പ്‌ല്‌...." അബു പറഞ്ഞു. "കല്ലായീലാ...?" കോയാക്ക ചോദിച്ചു. "ആ...അതെന്നെ...അതെന്നെ....കല്ലായി...." പേര്‌ കിട്ടിയ ആഹ്ലാദത്തോടെ അബു പറഞ്ഞു. "യാ റബ്ബുല്‍ ആലമീനായ തമ്പുരാനേ..." കോയാക്ക ഉറക്കെ വിളിച്ചു. "എത്താ..ങള്‌ പടച്ചോനെക്കെ ബിള്‍ച്ച്‌ണ്‌..." അബുവിന്‌ ഒന്നും മനസ്സിലായില്ല. "ഒന്നുംല്ല.." കണ്ണീര്‍ തുടച്ചുകൊണ്ട്‌ കോയാക്ക പറഞ്ഞു. "മോനേ....അബോ...നീ ഇങ്ങട്ട്‌ അട്‌ത്ത്‌ വന്നേ...." അബു കോയാക്കയുടെ അടുത്തേക്ക്‌ വന്നു.കോയാക്ക അബുവിനെ കെട്ടിപ്പിടിച്ച്‌ തേങ്ങി.ഒന്നും മനസ്സിലാകാതെ അബു തരിച്ചു നിന്നു. (തുടരും...) ************************************* സെലത്ത്‌ന്റെ = സ്ഥലത്തിന്റെ ബയ്ക്കല്‌ = വഴിയില്‍