Pages

Saturday, February 28, 2009

കഷണ്ടിത്തലയിലെ ചെന്നിത്തല!

17/2/2009.ഞാന്‍ സുഹൃത്തിണ്റ്റെ കൂടെ ബൈക്കില്‍ കോളേജില്‍ നിന്ന്‌ മാനന്തവാടിയിലേക്ക്‌ മടങ്ങി വരികയായിരുന്നു.രമേശ്‌ ചെന്നിത്തലയുടെ കേരള രക്ഷാമാര്‍ച്ച്‌ മാനന്തവാടി ടൌണില്‍ എത്തിച്ചര്‍ന്ന സമയമായിരുന്നു അത്‌.എണ്റ്റെ താമസസ്ഥലം ടൌണിലെത്തുന്നതിന്‌ മുമ്പായതിനാല്‍ ഞാന്‍ ബൈക്കില്‍ നിന്നും ഇറങ്ങി.മൊബൈലിലൂടെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ നേരെ മുന്നിലേക്കാണ്‌ ഞാന്‍ ഇറങ്ങിയത്‌.എണ്റ്റെ സുന്ദരകഷണ്ടിത്തല അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അയാള്‍ ഫോണിലൂടെ പറഞ്ഞുകൊണ്ടിരുന്നത്‌ ഇങ്ങനെയായിരുന്നു...

"എടാ ഞാനിപ്പോള്‍ ചെന്നിത്തല കണ്ടുകൊണ്ടിരിക്കുകയാണ്‌ !!!"

Friday, February 27, 2009

ഇവിടെയും ഞാന്‍ തന്നെയാണോ പ്രതി?

അല്‍പ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ എണ്റ്റെ ഈ പോസ്റ്റില്‍ ഞാനായിരുന്നു പ്രതി.ആ പോസ്റ്റ്‌ ഇട്ടതിണ്റ്റെ പിറ്റേ ആഴ്ച നടന്ന ഒരു സംഭവം ഇവിടെ പോസ്റ്റുന്നു.

ഗസറ്റഡ്‌ ഓഫീസര്‍ എന്ന 'ഉന്നത(തല)' പദവി ഉള്ളവര്‍ക്ക്‌ വേറെ ഒരു പണിയും ഇല്ലാത്തതിനാലാവും അവര്‍ ട്രഷറിയില്‍ ചെന്ന്‌ സ്വന്തം ശമ്പളം നേരിട്ട്‌ കൈപറ്റണം എന്ന പൊല്ലാപ്പ്‌ പിടിച്ച പണി ഗവണ്‍മണ്റ്റ്‌ നല്‍കിയത്‌.ശമ്പള ദിവസം എല്ലാവര്‍ക്കും സന്തോഷ ദിനമാകുമ്പോള്‍ അത്‌ വാങ്ങാന്‍ ട്രഷറിയില്‍ ചെന്ന്‌ കാത്തുകെട്ടി കിടക്കുന്നത്‌ ഓര്‍ക്കുമ്പോള്‍ പലപ്പോഴും ദ്വേഷ്യം വരും.

ഏതായാലും ശമ്പളത്തിണ്റ്റെ തിരക്കും ആരവവും കഴിഞ്ഞ ഒരു ദിവസമാണ്‌ ഞാന്‍ ലീവ്‌ വിറ്റ്‌ കാശാക്കാന്‍(നമ്മുടെ നാട്ടില്‍ എന്തൊക്കെ വില്‍ക്കാം എന്നാ നിങ്ങള്‍ കരുതിയത്‌?) ഞാന്‍ ട്രഷറിയില്‍ പോയത്‌.ഏതോ പരീക്ഷയുടെ ഫീസടക്കുന്ന വിദ്യാര്‍ത്ഥികളുടെ നീണ്ട നിരയാണ്‌ എന്നെ സ്വാഗതം ചെയ്തത്‌. അതിനിടക്ക്‌, സര്‍വീസില്‍ നിന്നും അടുത്തൂണ്‍ പറ്റി ശിഷ്ട കാലം ട്രഷറി വരാന്തയില്‍ ക്യൂ നില്‍ക്കാന്‍ വിധിക്കപെട്ട കുറേ വാധ്യാന്‍മാരും.

"സറണ്ടര്‍ ബില്‍ ഇന്ന്‌ കൊടുക്കാന്‍ പറ്റുമോ?" ഞാന്‍ 'May I Help me'-യുടെ അടുത്ത്‌ ചോദിച്ചു.

"ചലാനിണ്റ്റെ തിരക്കാണ്‌.ഏതായാലും സാറ്‌ ബില്ല്‌ കൊടുക്കൂ... അല്‍പം താമസം ഉണ്ടാകും ട്ടോ"

അങ്ങിനെ പത്തര മണിക്ക്‌ ഞാന്‍ ബില്ല്‌ നല്‍കി.'അല്‍പം താമസം' ഉള്ളതിനാല്‍ ഞാന്‍ പുറത്ത്‌ പോയി ഇരുന്ന്‌ മറ്റൊരു പോസ്റ്റ്‌ എഴുതി.ശേഷം ട്രഷറിക്കകത്തുള്ള ബെഞ്ചിണ്റ്റെ ഒരറ്റത്ത്‌ കാത്തിരിപ്പ്‌ ആരംഭിച്ചു.ഒരു മണിക്കൂറ്‍ കഴിഞ്ഞും വിളിക്കാത്തതിനാല്‍ ഞാന്‍ വീണ്ടും 'May I Help me'-യെ സമീപിച്ച്‌ ബില്ല്ളിണ്റ്റെ സ്ഥിതി അന്വേഷിച്ചു.

"ബില്ല്‌ ഞാന്‍ അങ്ങോട്ട്‌ വിട്ടിട്ടുണ്ട്‌ സാര്‍...ചലാന്‍ തിരക്ക്‌ കാരണമായിരിക്കും വൈകുന്നത്‌... "

ഞാന്‍ നോക്കുമ്പോള്‍ എണ്റ്റെ ബില്ല്‌, അന്ന്‌ ട്രഷറി ഓഫീസറുടെ ചാര്‍ജ്ജുള്ള വിദ്വാണ്റ്റെ മുന്നില്‍ ഉണ്ട്‌.പുള്ളി കുത്തിയിരുന്ന്‌ ചലാന്‍ ചെക്ക്‌ ചെയ്യുകയാണ്‌.ഒരു കെട്ട്‌ ചലാന്‍ ചെക്ക്‌ ചെയ്ത്‌ ഒപ്പിട്ട്‌ നല്‍കുമ്പോഴേക്ക്‌ അടുത്ത കെട്ട്‌ എത്തും.അതങ്ങിനെ തുടരുന്നു.എണ്റ്റെ സ്ഥിതിയെക്കാളും കഷ്ടമായിരുന്നു രാവിലെ തന്നെ ബില്ല്‌ നല്‍കി കാത്തിരിക്കുന്ന കുറേ വൃദ്ധന്‍മാരുടേയും വൃദ്ധകളുടേയും സ്ഥിതി.

പന്ത്രണ്ട്‌ മണി ആയിട്ടും ബില്ല്‌ അനങ്ങാപാറ നയം തുടര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും 'May I Help me'-യെ സമീപിച്ചു.അദ്ദേഹം ഒരു പ്യൂണിനോട്‌ പറഞ്ഞ്‌ ബില്ല്‌ ഒപ്പിടാന്‍ പാകത്തില്‍ വച്ചുകൊടുത്തു.അങ്ങിനെ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്‌ ഒപ്പിട്ട എണ്റ്റെ ബില്ലും ഒപ്പം വേറെ കുറേ ബില്ലുകളും കൌണ്ടറില്‍ എത്തി.ഇനി താമസമുണ്ടാകില്ല എന്ന ധാരണയില്‍ ഞാനും കൌണ്ടറിനടുത്ത്‌ തിക്കിതിരക്കാന്‍ തുടങ്ങി(പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ റിലീസായ 1921കാണാന്‍ ടിക്കറ്റിന്‌ തിരക്കിയ ഓര്‍മ്മകള്‍ ആ സമയം അയവിറക്കാനായി).

കൌണ്ടറില്‍ ഒച്ചിണ്റ്റെ വേഗത്തില്‍ കാശ്‌ സ്വീകരിക്കുന്ന ഒരാള്‍.അയാളുടെ നേരെ നീളുന്നത്‌ നാലോ അഞ്ചോ കൈകള്‍.ഓരോന്നിലും പത്തും പതിനഞ്ചും ചലാനുകളും (എങ്കില്‍ നത്തിന്‌ കണ്ണെത്ര എന്ന്‌ ചോദിക്കരുത്‌).വെള്ളിയാഴ്ച ആയതിനാല്‍ സമയം പന്ത്രണ്ടര ആയപ്പോള്‍ ഞാന്‍ ആദ്യമായി പ്രതികരിച്ചു. "ഹലോ...ആ ബില്ലുകളും ഒന്ന്‌ എടുക്കൂന്ന്‌...".

അയാള്‍ കേട്ട ഭാവം നടിച്ചില്ല.സമയം വീണ്ടും ഇഴഞ്ഞു നീങ്ങി.അതിനിടയില്‍ വന്ന പുതിയ പല ബില്ലുകളും എണ്റ്റെ ബില്ലിണ്റ്റെ താഴെ സ്ഥലം പിടിച്ചു.അപ്പോഴാണ്‌ അവിടെ പ്യൂണായി ജോലി ചെയ്യുന്ന ഒരു സ്ത്രീയൂടെ വേണ്ടപ്പെട്ട ആരുടെയോ ബില്ല്‌ ആ സ്ത്രീ തന്നെ കൊണ്ടുവച്ചത്‌.ഒന്നുമറിയാത്തപോലെ അവര്‍ പുതിയ ബില്ല്‌ ഏറ്റവും മുകളില്‍ കൊണ്ടുവച്ചു.അപ്പോള്‍ എനിക്ക്‌ പ്രതികരിക്കാതിരിക്കാനായില്ല.ഞാന്‍ അല്‍പം ശബ്ദമുയര്‍ത്തി തന്നെ പറഞ്ഞു.

"ഹേയ്‌...അതിന്‌ മുമ്പ്‌ വന്നവര്‍ ഇവിടെ നില്‍ക്കുന്നുണ്ട്‌... "

"ഇല്ല എന്ന്‌ ഞാന്‍ പറഞ്ഞില്ലല്ലോ...പെന്‍ഷന്‍കാരുടെ ബില്ല്‌ ആദ്യം നല്‍കണം എന്നാണ്‌"

എന്നെ ഒന്ന്‌ ആക്കി ചിരിച്ചുകൊണ്ട്‌ ആ സ്ത്രീ പറഞ്ഞു.കാഷ്യര്‍ ആ ബില്ലിലെ കാശ്‌ നല്‍കുകയും ചെയ്തു.അവര്‍ക്ക്‌ മുമ്പില്‍ വന്ന,ആള്‍സ്വാധീനം ഇല്ലാത്ത പാവം പെന്‍ഷന്‍കാര്‍ അപ്പോഴും തങ്ങളുടെ ഊഴവും കാത്ത്‌ നില്‍പ്പുണ്ടായിരുന്നു.പ്രതികരിച്ചതിണ്റ്റെ ഫലം എനിക്കും കിട്ടി.ഒരു മണിയായിട്ടും എണ്റ്റെ ബില്ലിന്‌ ഒരനക്കവും സംഭവിച്ചില്ല.പരിഹാസച്ചിരിയോടെ എന്നെ നോക്കികൊണ്ടിരുന്ന എല്ലാവരുടേയും ഇടയില്‍ നിന്ന്‌ ഞാന്‍ വെള്ളിയാഴ്ച ജുമുഅയില്‍ പങ്കെടുക്കാനായി മെല്ലെ സ്ഥലം വിട്ടു.

ഇവിടെ, പ്രതികരിച്ച എണ്റ്റെ അനുഭവം, അടുത്ത തവണ എന്നെ എന്തിനായിരിക്കും പ്രേരിപ്പിക്കുക? ഇവിടെയും ഞാന്‍ തന്നെയാണോ പ്രതി?

Wednesday, February 18, 2009

ബാലേട്ടനും മക്കളും -4

ബാലേട്ടനും മക്കളും എന്ന ഈ കുറിപ്പിണ്റ്റെ മൂന്നാം ഭാഗം എഴുതിയ ദിവസം.ബാലേട്ടണ്റ്റെ കുടുംബത്തിലേക്ക്‌ സന്തോഷത്തിണ്റ്റെ ദിനങ്ങള്‍ തിരിച്ചെത്തുന്നതായിരുന്നു ആ പോസ്റ്റിലെ പ്രതിപാദ്യ വിഷയം.പക്ഷേ അന്ന്‌ രാത്രി നടന്ന ഈ സംഭവം എണ്റ്റെ പ്രതീക്ഷകളെ മുഴുവന്‍ പാളം തെറ്റിച്ചു. രാത്രി ഞാന്‍ കമ്പ്യൂട്ടറില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്ന്‌ ബാലേട്ടണ്റ്റെ മകള്‍ എണ്റ്റെ ഭാര്യയുടെ അടുത്ത്‌ വന്ന്‌ എന്തോ പറഞ്ഞു.ഞാനത്‌ കേട്ടിട്ടേ ഇല്ലായിരുന്നു.അല്‍പ സമയത്തിന്‌ ശേഷം ഭാര്യ എണ്റ്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു. "അപ്പുറത്ത്‌ വീണ്ടും പ്രശ്നം തുടങ്ങിയിരിക്കുന്നു.നിങ്ങള്‍ ഒന്ന്‌ പോയി പറഞ്ഞു നോക്ക്‌... " "എന്താ പ്രശ്നം?"ഞാന്‍ ചോദിച്ചു. "അനി വീണ്ടും കുടിച്ച്‌ വന്നിരിക്കുന്നു... അച്ചാച്ചനും അനിയും തമ്മിലുള്ള ബഹളം കേള്‍ക്കുന്നില്ലേ?" അപ്പോഴാണ്‌ ഞാന്‍ ആ ബഹളം ശ്രദ്ധിച്ചത്‌.ബാലേട്ടനോടും മകന്‍ അനിയോടും സംസാരിക്കാന്‍ ഒരവസരം കാത്ത്‌ നിന്ന എനിക്ക്‌ ഇത്‌ തന്നെ നല്ല അവസരം എന്ന്‌ തോന്നി.പക്ഷേ രണ്ടാളും കുടിച്ച്‌ അപാര ഫോമില്‍ നല്ല സംസ്‌കൃത പദപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ ഞാന്‍ എങ്ങനെ കയറിച്ചെല്ലും എന്ന ചിന്ത എന്നെ അലട്ടി.കൂടാതെ ഞാന്‍ പറയുന്നത്‌ കേള്‍ക്കാന്‍ ഈ രണ്ട്‌ കുടിയന്‍മാര്‍ക്കും സന്‍മനസ്സുണ്ടാകുമോ എന്ന ചിന്തയും.വരുന്നത്‌ വരട്ടെ എന്ന്‌ കരുതി ഞാന്‍ ബാലേട്ടണ്റ്റെ വീട്ടിലേക്ക്‌ കയറി. റൂമിലിരിക്കുന്ന അനിയോട്‌ അമ്മയും ഏക സഹോദരിയും കയര്‍ത്ത്‌ സംസാരിക്കുന്നു.അച്ഛന്‍ പിന്നില്‍ നിന്നും തെറി അഭിഷേകവും നടത്തുന്നു. "ഇനി കുടിക്കില്ല എന്ന്‌ കരഞ്ഞ്‌ പറഞ്ഞിട്ടല്ലേ നിന്നെ ഈ വീട്ടിലേക്ക്‌ കയറ്റിയത്‌.എന്നിട്ടിപ്പോ കുടിച്ച്‌ കയറി വന്നിരിക്കുന്നു.." അനിയുടെ സഹോദരി പറയുന്നത്‌ ഞാന്‍ കേട്ടു. "ആരാടീ കുടിച്ചത്‌?" അനിയുടെ തിരിച്ചുള്ള ചോദ്യം എന്നെ പരുങ്ങലിലാക്കി. "ആരാന്നോ?കണ്ടാലറിഞ്ഞൂടെ നീ കുടിച്ചിട്ടുണ്ടോ ഇല്ലേ എന്ന്‌?"അമ്മയുടെ വായില്‍ നിന്നായിരുന്നു ഈ വാക്കുകള്‍. "ഹും.-------ണ്റ്റെ മോന്‍."അച്ചാച്ചണ്റ്റെ വായ അടങ്ങി നിന്നതേ ഇല്ല. "അച്ചാച്ചാ...ഒരു മിണ്ട്ട്‌..." ഞാന്‍ അച്ചാച്ചനെ പുറത്തേക്ക്‌ വിളിച്ചു. "എന്താ....എന്നെ ഉപദേശിക്കാനാണെങ്കി വേണ്ട..."ആ മറുപടി എന്നെ ആദ്യമൊന്ന്‌ തളര്‍ത്തിയെങ്കിലും ധൈര്യം സംഭരിച്ച്‌ ഞാന്‍ പറഞ്ഞു "ഇല്ല...അച്ചാച്ചനെ ഉപദേശിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.എണ്റ്റെ അച്ഛണ്റ്റെ പ്രായത്തോളം വരുന്ന അച്ചാച്ചനെ ഞാന്‍ ഉപദേശിക്കുന്നില്ല. പക്ഷേ എനിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാനുള്ള സന്‍മനസ്സ്‌ ഉണ്ടാകണം" "ങാ..ശരി... " "ഞാന്‍ അനിയോടൊന്ന്‌ സംസാരിക്കട്ടെ?" "നന്നാവൂലെ മാഷേ ...മക്കളൊന്നും ഗുണം പിടിക്കില്ല...ഇവനെയൊക്കെ ഉപദേശിച്ചിട്ട്‌ ഒരു കാര്യവും ഇല്ല... " "എന്നാലും ഞാന്‍ ഒന്ന്‌ ശ്രമിക്കട്ടെ അച്ചാച്ചാ...അനിയെ ഞാന്‍ ഒന്ന്‌ പുറത്ത്‌ കൊണ്ടു പോകട്ടെ... " "ങാ..." ആ പിടിവള്ളിയില്‍ ഞാന്‍ അനിയെ എണ്റ്റെ റൂമിലേക്ക്‌ കൊണ്ടുപോയി.ദീര്‍ഘനേരം അനിയോട്‌ ഞാന്‍ സംസാരിച്ചു.അച്ഛണ്റ്റെ തെറിവിളികളാണ്‌ തണ്റ്റെ ജീവിതത്തിലെ താളപ്പിഴകള്‍ക്ക്‌ കാരണമായി അവന്‍ നിരത്തിയത്‌.സഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്തെ ഈ തെറിവിളികള്‍ കേള്‍ക്കാതിരിക്കാനാണ്‌ വീട്‌ വിട്ടിറങ്ങിയത്‌.പക്ഷേ അന്ന്‌ കൂടെ നിന്നവര്‍ കൈ വിടുകയും അസുഖം പിടികൂടുകയും ചെയ്തതോടെ തിരിച്ചുവരവല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതായി. ഏകദേശം രണ്ടു മണിക്കൂറ്‍ നേരത്തെ സംസാരത്തിനിടയില്‍ മുഴുവന്‍, അച്ഛണ്റ്റെ ചീത്തവിളിയെ പറ്റിയാണ്‌ അനി കൂടുതല്‍ പരാതിപ്പെട്ടത്‌.അതിനാല്‍ ഇനി അതിന്‌ കൂടുതല്‍ അവസരമുണ്ടാക്കാതെ പ്രവര്‍ത്തിക്കണം എന്ന്‌ അനിയെ ഓര്‍മ്മിപ്പിച്ചു.ശേഷം ഞാന്‍ അച്ചാച്ചണ്റ്റെ അടുത്ത്‌ പോയി പറഞ്ഞു. "അച്ചാച്ചാ....ഒരു കാര്യം പറഞ്ഞോട്ടെ... " "പറയാം ...വളരെ ചുരുക്കി മാത്രം.നൂറ്‌ വാക്കില്‍ പറയാനുള്ളത്‌ രണ്ട്‌ വാക്കിലൊതുക്കണം...."വീണ്ടും എന്നെ തളര്‍ത്തിയ മറുപടി.എങ്കിലും ഞാന്‍ പറഞ്ഞു. "ശരി...രണ്ടു ദിവസത്തേക്ക്‌ അച്ചാച്ചന്‍ അനിയെ ചീത്ത പറയരുത്‌...എന്നേയും(ഇത്‌ ഒരു മുന്‍കൂറ്‍ ജാമ്യം ആയിരുന്നു).. " അല്‍പ നേരത്തെ മൌനത്തിന്‌ ശേഷം അച്ചാച്ചന്‍ പറഞ്ഞു."ശരി...ഗുഡ്‌നൈറ്റ്‌.. " "ഓകെ...ഗുഡ്‌നൈറ്റ്‌.." സമാധാനത്തോടെ ഞാന്‍ അവിടെ നിന്നിറങ്ങി. രണ്ട്‌ ദിവസമല്ല രണ്ടാഴ്ച പിന്നിട്ടിട്ടും പിന്നീടിതുവരെ ആ വീട്ടില്‍ നിന്ന്‌ അപശബ്ദങ്ങള്‍ കേട്ടിട്ടില്ല എന്നത്‌ എനിക്ക്‌ ഏറെ സന്തോഷം പകരുന്നു.

Tuesday, February 17, 2009

ഫ്ളുവന്‍സിയുടെ രഹസ്യം

"An ant....an apple...an aeroplane....an arrow...." എണ്റ്റെ LKG ക്കാരി മകള്‍ പുസ്തകമെടുത്ത്‌ വായിച്ചു കൊണ്ടിരിക്കുകയാണ്‌.

'ഹൊ...ഇത്ര ചെറുപ്പത്തിലേ ഇതെല്ലാം പഠിക്കാനോ?അതും കേരള സിലബസ്സില്‍ പഠിച്ചിട്ട്‌ ഇത്ര ഫ്ലുവണ്റ്റ്‌ ആയി...' നാലാം ക്ളാസ്സില്‍ വച്ച്‌ ആദ്യമായി ഇംഗ്ളീഷ്‌ അക്ഷരങ്ങള്‍ കണ്ട എനിക്ക്‌ ആശ്ചര്യം തോന്നി.

"ഓ...ഭയങ്കര പഠിത്തമാണല്ലോ....ant എന്ന് പറഞ്ഞാലെന്താ?"മൂത്തവള്‍ ഇളയവളോട്‌ ചോദിച്ചു.

"എറ്‌മ്പ്‌"

"കറക്ട്‌.... അപ്പോള്‍ അമ്പിന്‌ എന്താ പറയാ?"അവളുടെ അടുത്ത ചോദ്യം

ഇത്തവണ LKGക്കാരി ചെറുതായി പരുങ്ങി - ഉത്തരം വായില്‍ തത്തിക്കളിച്ചിട്ടും പുറത്തേക്ക്‌ വരാത്തത്‌ പോലെ.

"വേഗം പറ....അമ്പിനെന്താ പറയാ?" മൂത്തവള്‍ ധൃതി കൂട്ടി.

"നിക്ക്‌...നിക്ക്‌....ഞാന്‍ ചൊല്ലി നോക്കട്ടെ!!An ant....an apple...an aeroplane....an arrow....ആ...കിട്ടി....കിട്ടി....arrow!!!"

അപ്പോഴാണ്‌ LKG ഇംഗ്ളീഷ്‌ വായനയുടെ ഫ്ലുവന്‍സിയുടെ രഹസ്യം ഞാന്‍ മനസ്സിലാക്കിയത്‌.

Thursday, February 12, 2009

സ്വപ്നസാക്ഷാല്‍ക്കാരത്തിണ്റ്റെ രണ്ടാംഘട്ടം

അത്യുന്നതനായ ദൈവത്തിന്‌ വീണ്ടും സ്തുതി.10/2/2009ചൊവ്വാഴ്ച, ഞാന്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടിണ്റ്റെ മുകള്‍നിലയുടെ മെയിന്‍സ്ളാബിണ്റ്റെ വാര്‍ക്കല്‍ കഴിഞ്ഞു.അങ്ങിനെ ഒരു സ്വപ്നത്തിണ്റ്റെ രണ്ടാംഘട്ടവും സാക്ഷാല്‍കൃതമായി.സാമ്പത്തികമായി സഹായിച്ച ബന്ധുക്കളേയും സുഹൃത്തുക്കളേയും നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം സര്‍വ്വശക്തനായ ദൈവം അവര്‍ക്ക്‌ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

യഥാര്‍ത്ഥ പ്രതി ആര്‌?

ഇക്കഴിഞ്ഞ ദിവസം ഞാന്‍ ബസ്സില്‍ നാട്ടിലേക്ക്‌ പോകുകയായിരുന്നു.താമരശേരിയില്‍ നിന്നും അരീക്കോട്ടേക്കുള്ള ബസ്‌ കയറിയ ഞാന്‍ ആദ്യം കണ്ട ഒഴിഞ്ഞ സീറ്റില്‍ ചെന്നിരുന്നു.മൂന്ന്‌ പേര്‍ക്കിരിക്കാവുന്ന ആ സീറ്റില്‍ ഒരു മുതിര്‍ന്ന ആളും ഒരു കുട്ടിയുമാണ്‌ ഇരുന്നിരുന്നത്‌.എന്നിട്ടും വണ്ണം കുറഞ്ഞ ഞാന്‍ ചെന്നിരുന്നപ്പോള്‍ എനിക്കവിടെ ഇരിക്കാന്‍ വളരെ പ്രയാസം തോന്നി.അതിനാല്‍ മുമ്പില്‍ ഡോറിനടുത്ത്‌ ഒരാള്‍ മാത്രമിരിക്കുന്ന സീറ്റിലേക്ക്‌ ഞാന്‍ മാറിയിരുന്നു.അദ്ദേഹമാകട്ടെ തണ്റ്റെ കയ്യിലുള്ള ഒരു ബാഗ്‌ സീറ്റില്‍ വച്ചാണ്‌ ഇരിക്കുന്നത്‌!ഞാന്‍ സീറ്റില്‍ ഇരുന്നിട്ടും അയാള്‍ ബാഗ്‌ എടുത്തില്ല.അല്‍പം ഞെരുങ്ങി ഇരിക്കേണ്ടി വന്നെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.

ബസ്‌ അരീക്കോട്‌ എത്താനായപ്പോഴാണ്‌ സ:പിണറായി വിജയണ്റ്റെ നവകേരള മാര്‍ച്ച്‌ അരീക്കോട്ടെത്തുന്നത്‌.അത്‌ കാണാനായും ബസില്‍ നിന്ന്‌ ഇറങ്ങാനായും ഞാന്‍ സീറ്റില്‍ നിന്ന്‌ എണീറ്റു.അപ്പോള്‍ പിന്നില്‍ നിന്നും ഒരാള്‍ ഓടി വന്ന്‌ എന്നോട്‌ ചോദിച്ചു.

"ഇറങ്ങുകയാണോ?"

ഞാന്‍ അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി.ഉടന്‍ അയാള്‍ ആ സീറ്റില്‍ ഇരുന്നു.സീറ്റിലെ ഞെരുക്കം അനുഭവപ്പെട്ട അയാള്‍ ഒപ്പം ഇരിക്കുന്ന ആളുടെ ബാഗ്‌ സീറ്റില്‍ വച്ചത്‌ കണ്ടു.അയാളോട്‌ ബാഗ്‌ എടുത്ത്‌ മാറ്റാന്‍ ആവശ്യപ്പെട്ടു.

"ഇത്‌ എണ്റ്റെ കൈ വയ്ക്കാനാ..." അയാള്‍ മറുപടി പറഞ്ഞു.

"ങേ!!കൈ വയ്ക്കാനോ?അതിനെന്തിനാ ബാഗ്‌?അതെടുത്ത്‌ മറ്റെവിടെയെങ്കിലും വച്ചാല്‍ ശരിക്കും ഇരുന്നു കൂടേ?"

"ഞാനത്‌ വെറുതെ വച്ചതല്ല...കൈക്ക്‌ സുഖമില്ലാത്തതുകൊണ്ട്‌ വച്ചതാ...നിങ്ങള്‍ക്ക്‌ സൌകര്യമില്ലെങ്കില്‍ ഇവിടെ ഇരിക്കണ്ട.അയാള്‍ ഇത്ര നേരം ഇവിടെ ഇരുന്നതാണല്ലോ?പിന്നെ നിങ്ങള്‍ക്ക്‌ മാത്രമെന്താ പ്രശ്നം?"

എന്നെ ചൂണ്ടിക്കൊണ്ട്‌ സീറ്റില്‍ ആദ്യം ഇരുന്നിരുന്ന ആള്‍ പറഞ്ഞു.

"ങാ...എന്നാല്‍ മിണ്ടാതിരിക്ക്‌.വായിലെ നാവ്‌ എന്ന സാധനം അടക്കി വച്ച്‌ സംസാരിക്കണം.അത്‌... "

പിന്നെ അവിടെ സംസാരം മുറുകുന്നതാണ്‌ ഞാന്‍ കേട്ടത്‌. ഞാന്‍ ബസ്സില്‍ നിന്നിറങ്ങുമ്പോള്‍, പുതുതായി അവിടെ ഇരുന്ന ആള്‍ ചെവി മൂടി കെട്ടിയിട്ടുണ്ട്‌.ഒപ്പമിരിക്കുന്നയാള്‍ക്ക്‌ ഒരു കൊട്ട്‌ കൂടി കൊടുത്തുകൊണ്ട്‌ അയാള്‍ വീണ്ടും പറഞ്ഞു.

"അനാവശ്യമായ ഒരു ശബ്ദവും കേള്‍ക്കാന്‍ വയ്യ....സംസാരം പോലും... "

സ്വാഭാവികമായും ബസ്സില്‍ നിന്നിറങ്ങിക്കഴിഞ്ഞപ്പോള്‍ എനിക്ക്‌ ചില സംശയങ്ങള്‍ വന്നു.

ഇവിടെ യഥാര്‍ത്ഥ പ്രതി ആര്‌? ആദ്യം തന്നെ പ്രതികരിക്കാതിരുന്ന ഞാനോ? സീറ്റില്‍ വിശാലമായി ഇരുന്നതിനെ മാന്യമായി ന്യായീകരിക്കാത്ത യാത്രക്കാരനോ? അതോ വായിലെ നാവ്‌ അടക്കിവയ്ക്കണം എന്ന്‌ പറഞ്ഞ്‌ കൂടുതല്‍ സംസാരമുണ്ടാക്കിയ മറ്റേ യാത്രക്കാരനോ?

Wednesday, February 04, 2009

ങേ!!! ഇത്‌ സത്യമോ ?

"ങേ!!! "

"ഇത്‌ സത്യമോ ? "

"അതോ സത്യം പറഞ്ഞപോലെ അസത്യമോ?"

'ഒരു കള്ളനെ ഞാന്‍ പടി ഇറക്കി വിട്ടാണ്‌ ഈ സത്യവാനെ ഇവിടെ പിടിച്ചിരുത്തിയത്‌.

അവനും കള്ളം പറയുന്നുണ്ടോ?'

ഇന്ന്‌ രാവിലെ എണ്റ്റെ ബ്ളോഗിലെ ഹിറ്റ്‌ കൌണ്ടര്‍ കാണിച്ചത്‌ 30003എന്ന മാന്ത്രിക സംഖ്യ!!!(ഇത്രയും പേര്‍ ഇവിടെ വന്നു എന്ന്‌!!!)പക്ഷേ എണ്റ്റെ പോസ്റ്റുകളിലെ കമണ്റ്റുകളുടെ എണ്ണം നോക്കുമ്പോള്‍ എനിക്കിത്‌ വിശ്വാസം വരുന്നില്ല.(വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന്‌ ആത്മഗതം).

ഏതായാലും ഇനി ഒരു പെരുങ്കള്ളന്‍ വരുന്ന വരെ ഇവന്‍ തന്നെ ഇവിടെ ഇരിക്കട്ടെ അല്ലേ?

ബലേട്ടനും മക്കളും - 3

രണ്ടാഴ്ച മുമ്പാണ്‌ എണ്റ്റെ അയല്‍വാസി ബാലേട്ടണ്റ്റെ കുടുംബത്തിണ്റ്റെ ദുരവസ്ഥ (മദ്യപാനം മൂലമുള്ള) ഞാന്‍ ബൂലോകത്തിണ്റ്റെ മുന്നില്‍ വിവരിച്ചത്‌.അന്ന്‌ ശ്രീ. സാഗര്‍ പറഞ്ഞതനുസരിച്ച്‌ ബാലേട്ടനുമയി ഒന്ന്‌ സംസാരിച്ചാലോ എന്ന്‌ ഞാന്‍ ആലോചിച്ചു.പക്ഷേ മുന്‍കോപിയായ ബാലേട്ടനോട്‌ സംസാരിക്കാന്‍ എല്ലാര്‍ക്കുമെന്നപോലെ എനിക്കും ചെറിയൊരു ഭയം.എങ്കിലും ഞാന്‍ പറഞ്ഞാല്‍ ബാലേട്ടന്‍ ശ്രദ്ധിക്കുമെന്ന ആത്മവിശ്വാസത്തില്‍ ഒരവസരത്തിനായി ഞാന്‍ കാത്തു നിന്നു.

സര്‍വ്വീസ്‌ കാലയളവിണ്റ്റെ ഏകദേശം കാല്‍ ഭാഗത്തോളം സസ്‌പെന്‍ഷന്‍ വാങ്ങിയ ബാലേട്ടന്‍ സര്‍വ്വീസ്‌ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനായി കേസും കോടതിയുമായി നടക്കുകയായിരുന്നു.തടഞ്ഞ്‌ വച്ച ആനുകൂല്യങ്ങളില്‍ ചെറിയൊരു ഭാഗം രണ്ട്‌ മാസം മുമ്പ്‌ ബാലേട്ടന്‌ ലഭിച്ചു.ഇക്കഴിഞ്ഞ ആഴ്ച നല്ലൊരു സംഖ്യ കൂടി ബാലേട്ടന്‌ കിട്ടി.കുടുംബത്തില്‍ സന്തോഷം പടര്‍ത്തിയ അന്ന്‌ തന്നെ, സര്‍വ്വീസ്‌ ആനുകൂല്യമായി ലഭിക്കേണ്ട മറ്റൊരു വന്‍തുക കൂടി പാസ്സായ വിവരവും ലഭിച്ചു.

നല്ലൊരു ജോലി ഉണ്ടായിരുന്നിട്ടും മദ്യപാനവും കമ്പനി കൂടലും കാരണം സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട്‌ വാടകവീട്ടില്‍ താമസിച്ച്‌ വരേണ്ടി വന്നതിനാല്‍ തറവാട്ടിലെ മറ്റ്‌ കുടുംബങ്ങളില്‍ നിന്ന്‌ കടുത്ത അവമതി നേരിടാനായിരുന്നു ബാലേട്ടണ്റ്റേയും കുടുംബത്തിണ്റ്റേയും വിധി.സ്വന്തമായി ഒരു വീട്‌ പോലും ഇല്ലാത്തവര്‍ എന്ന അവഗണന പേറാന്‍ വിധിക്കപ്പെട്ടവരായിരുന്നു ബാലേട്ടണ്റ്റെ ഭാര്യയും മക്കളും.ഈ അവസ്ഥക്ക്‌ അറുതിവരുത്താന്‍ ,പണം ലഭിച്ചതിണ്റ്റെ പിറ്റേന്ന്‌ തന്നെ ബാലേട്ടന്‍ വീട്‌ എന്ന സ്വപ്നവുമായി എഞ്ചിനീയറെ കാണാന്‍ പോയി.അന്ന്‌ തന്നെ നല്ലൊരു പ്ളാനുമായാണ്‌ ബാലേട്ടന്‍ തിരിച്ചെത്തിയത്‌.തീര്‍ച്ചയായും ആ തീരുമാനത്തില്‍ എനിക്കും വളരെ സന്തോഷം തോന്നി.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഒരു വൈകുന്നേരം ഞങ്ങള്‍ അച്ഛമ്മ എന്ന്‌ വിളിക്കുന്ന ബാലേട്ടണ്റ്റെ ഭാര്യ വളരെ സന്തോഷത്തൊടെ എണ്റ്റെ ഭാര്യയുടെ അടുത്ത്‌ വന്ന്‌ പറഞ്ഞു.

"മോളെ....അവന്‍ വന്നു...അനി... !!"

"ങേ!!". എണ്റ്റെ ഭാര്യ ഞെട്ടി.കാരണം ഇനി അച്ഛണ്റ്റെ മൂക്കില്‍ പഞ്ഞി വയ്ക്കാനേ ഈ വീട്ടിലേക്ക്‌ കയറൂ എന്ന്‌ പറഞ്ഞ്‌ ഇറങ്ങിപ്പോയതായിരുന്നു അനി.ഏതായാലും അവന്‍ തിരിച്ചു വന്നതില്‍ നൊന്തു പെറ്റ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.

വിവാഹപ്രായം എത്തി നില്‍ക്കുന്ന മകള്‍ക്ക്‌ നല്ല നല്ല ആലോചനകളും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു.സ്വന്തം വീട്‌ എന്ന സ്വപ്നം ആദ്യം സാക്ഷാല്‍ക്കരിച്ച്‌ അതില്‍ കുറച്ച്‌ കാലം താമസിച്ചതിന്‌ ശേഷം മതി വിവാഹം എന്നാണ്‌ മകളുടെ അഭിപ്രായം.ഇത്രയും കാലം, വീടില്ലാത്തവര്‍ എന്ന അവഗണന എത്ര ആഴത്തില്‍ അവര്‍ അനുഭവിച്ചിരുന്നു എന്നതിണ്റ്റെ ബഹിര്‍സ്ഫുരണമായിരുന്നു ആ മകളുടെ ഈ തീരുമാനത്തിണ്റ്റെ പിന്നില്‍ എന്ന്‌ വ്യക്തം.

ഏതായാലും എല്ലാം നല്ല നിലയിലേക്ക്‌ തിരിച്ചു വരുന്നു എന്നതിണ്റ്റെ ശുഭ സൂചനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.അയല്‍വാസി എന്ന നിലയില്‍ എനിക്കും ഇപ്പോള്‍ വളരെ സന്തോഷം തോന്നുന്നു.മദ്യം ഇനിയും ആ കുടുംബത്തില്‍ ദുരന്തം വിതക്കാതിരിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കാം.