Pages

Saturday, February 27, 2016

മാമ്പൂക്കാലം

           പൂക്കാലം തുടങ്ങിയാല്‍ , ലക്കിടിയിലെ ജില്ലാ കവാടം കടക്കുമ്പോഴേ നാം വയനാടിനെ നമിച്ചുപോകും. മന്ദമാരുതന്റെ തോളിലേറി വരുന്ന ഉന്മാദ ഗന്ധങ്ങള്‍ ഏതെല്ലാം പൂക്കളില്‍ നിന്നാണ് എന്ന് വേര്‍തിരിച്ച് പറയാന്‍ പോലും ഒരു പക്ഷേ നമുക്കാവില്ല.എന്നാല്‍ വയനാടിന്റെ മക്കള്‍ അവ കൃത്യമായി  പറഞ്ഞ് തരും.

          എന്റെ വയനാട് ജീവിതത്തിന്റെ ഒന്നാം സീസണില്‍ ക്വാര്‍ട്ടേഴ്‌സിലേക്കുള്ള വഴിയരികില്‍ ഒരു കാപ്പിത്തോട്ടമുണ്ടായിരുന്നു.കാപ്പി പൂത്ത് നില്‍ക്കുന്നതിന്റെ ഭംഗി ജീവിതത്തില്‍ ആദ്യമായി അവിടെ നിന്നാണ് ഞാന്‍ ആസ്വദിച്ചത്.പച്ച ഇലകള്‍ക്കിടയില്‍ തൂവെള്ള നിറത്തില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന കാപ്പി പൂങ്കൂട്ടം ഏതൊരാളും നോക്കി നിന്ന് പോകും. രാത്രിയായാല്‍ ഇതേ പൂക്കള്‍ ആ പ്രദേശമാകെ സുഗന്ധപൂരിതമാക്കുകയും ചെയ്യും.

          ഇത്തവണ കാപ്പി പൂത്തത് ഞാന്‍ അറിഞ്ഞതേ ഇല്ല. കാരണം ആ സുഗന്ധവും കണ്‍കുളിര്‍മ്മയും നല്‍കുന്ന ഒരു തോട്ടവും പോകുന്ന വഴികളില്‍ ഇല്ലായിരുന്നു. എന്നാല്‍  മാവ് പൂത്തത്  എന്റെ ശ്രദ്ധ പെട്ടെന്ന് പിടിച്ചെടുത്തു.സാധാരണ എന്റെ നാട്ടിലൊക്കെ റോഡരികിലെ മാവ് നന്നായി പൂക്കാറുണ്ട്. വണ്ടികളില്‍ നിന്നും വമിക്കുന്ന വിഷവും കരിയും പുകയും എല്ലാം ഏറ്റുവാങ്ങുന്നത് കൊണ്ടാണ് ഈ പൂവിടല്‍ എന്നാണ് പൊതുവെ പറയാറ്‌. എന്നാല്‍ ഇത്തവണ വയനാട്ടില്‍ റോഡിലും പുരയിടത്തിലും തൊടിയിലും ഒക്കെ മാവ് പൂത്ത് നില്‍ക്കുന്നത് ഒരു ഒന്നൊന്നര കാഴ്ച തന്നെയായിരുന്നു. ഇത് മാവ് തന്നെയോ എന്ന് പോലും സംശയിച്ച സന്ദര്‍ഭങ്ങള്‍ വരെ ഉണ്ടായി.പൂകൊണ്ട് മൂടിയ മാവുകള്‍ !!

പനമരം ടൌണിലെ മാവ് പൂത്തപ്പോള്‍
          നാട്ടില്‍ അപ്പോഴേക്കും മാവിന്റെ ഒന്നാം ഘട്ട പൂക്കല്‍ കഴിഞ്ഞ് രണ്ടാം ഘട്ടം ആരംഭിച്ചിരുന്നു.അതിനാല്‍ തന്നെ അവിടെയും ഇവിടെയും ഒക്കെയായിട്ടായിരുന്നു പൂക്കുലകള്‍ ഉണ്ടായിരുന്നത്. എന്റെ മുറ്റത്തെ മാവും നേരത്തേ പൂത്തു. ഇപ്പോള്‍ അതില്‍ നിറയെ കണ്ണിമാങ്ങയും അവന്റെ ജ്യേഷ്ടന്മാരുമായി.ഇനി ഞങ്ങള്‍ പ്രതീക്ഷയോടെ കാത്ത് നില്‍ക്കുന്നു – വേനലവധിയാകാന്‍ , മുറ്റം നിറയെ കളിക്കുന്ന കുട്ടികളും മാനം നിറയെ തൂങ്ങുന്ന മാങ്ങകളും ഒരുക്കുന്ന കാഴ്ച വിരുന്നിനായി.


Thursday, February 25, 2016

അക്ബര്‍ മാഷും ഞാനും

             എന്റെ വായനയുടെ സുവര്‍ണ്ണ കാലത്ത് ( വര്‍ഷം കൃത്യമായി ഓര്‍മ്മയില്ല) ഞാന്‍ വായിച്ച ഒരു കഥയിലെ കഥാപാത്രത്തെ ഞാന്‍ പിന്നീട് പല സ്ഥലത്തും ഓര്‍മ്മിച്ചിരുന്നു. തനി ഗ്രാമീണനായ കാദര്‍കുട്ടി എന്നയാളുടെ ജീവിതകഥ ആയിരുന്നു അതിലെ ഇതിവൃത്തം.”കാദര്‍കുട്ടി ഉത്തരവ്” എന്ന ആ കഥ എഴുതിയ രസികനെ ഒരിക്കലെങ്കിലും കാണണം എന്ന് അന്ന് മനസ്സില്‍ പറഞ്ഞിരുന്നുവോ ആവോ ?

             2013 ഒക്ടോബര്‍ 8 . എന്റെ കോളേജിലെ വിദ്യാര്‍ത്ഥീ യൂണിയന്‍ ഉത്ഘാടന സുദിനം. പതിവ്പോലെ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര്‍ എല്ലാം സദസ്സിലും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് ഞാന്‍ സ്റ്റേജിലും ഇടം നേടി. ഉത്ഘാടന വേദിയില്‍ രണ്ട് താരങ്ങള്‍ വേറെയും ഉണ്ടായിരുന്നു. ഒന്നാമന്‍ ,യുവാക്കളുടെ ഹരമായിരുന്ന (?) സണ്ണി വെയ്ന്‍ എന്ന സിനിമാനടന്‍ (അയാളെപ്പറ്റി എനിക്കൊന്നും അറിയില്ല ). രണ്ടാമന്‍ എന്റെ മനസ്സില്‍ എന്നോ ഇടം പിടിച്ച നര്‍മ്മത്തിലൂടെ നാട്ടുകഥകള്‍ അവതരിപ്പിക്കുന്ന സാക്ഷാല്‍ കാദര്‍കുട്ടി ഉത്തരവിന്റെ കര്‍ത്താവ് അക്ബര്‍ മാഷ് എന്ന അക്ബര്‍ കക്കട്ടില്‍ !

              ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ ലോകത്തോട് അദ്ദേഹം വിടപറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വേദന.കാരണം അന്ന് വേദി പങ്കിട്ടതിനപ്പുറം ഒരു കര്‍മ്മം കൂടി അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു. സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള യൂണിയന്‍ വക പൊന്നാട എന്നെ അണിയിച്ചത് അക്ബര്‍ മാഷ് ആയിരുന്നു.കാദര്‍കുട്ടി ഉത്തരവ് വായിച്ച അന്ന് , ജീവിതത്തില്‍ ആ കഥാകൃത്തിനെ നേരില്‍ കണ്ട് കൈകൊടുക്കും എന്ന ഒരു നിശ്ചയം അറിയാതെ ഇട്ടത് 2013 ഒക്ടോബര്‍ 8ന്‍ പുലര്‍ന്നു.


പ്രിയപ്പെട്ട, അദ്ധ്യാപകനായ കഥാകാരന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍  ആദരാഞലികള്‍ അര്‍പ്പിക്കുന്നു.

Monday, February 15, 2016

വ്യത്യസ്തമായ ഒരു കേരളയാത്ര


രാഷ്ട്രീയ പാര്‍ട്ടികള്‍ കാസര്‍‌കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്രകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.പ്രമുഖ പാര്‍ട്ടികളുടെ യാത്രകള്‍ കഴിഞ്ഞ് നേതാക്കളും അനുയായികളും അടുത്ത തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇപ്പോള്‍ തന്നെ കണക്ക് കൂട്ടിത്തുടങ്ങി.

ഇനി ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് കണക്കുകളും നോക്കാതെ ഇക്കഴിഞ്ഞ ദിവസം ഒരു വ്യത്യസ്തമായ കേരളയാത്ര മലപ്പുറത്ത് നിന്നും ആരംഭിച്ചു.കൊട്ടും കുരവയും പ്രഭാഷണങ്ങളും ഒന്നും ഇല്ലാതെ ആരംഭിച്ച ആ കേരളയാത്ര  നയിക്കുന്നത് അരീക്കോടന്‍ എന്ന ഞാന്‍ തന്നെ !! വിവിധ ജില്ലകളിലെ എഞ്ചിനീയറിംഗ്/പോളീടെക്നിക്ക് കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം.ഒപ്പം അവര്‍ സമര്‍പ്പിച്ച അവാര്‍ഡ് നാമനിര്‍ദ്ദേശത്തിന്റെ നിജസ്ഥ്തി അറിയലും.

പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട് വഴി കണ്ണൂരില്‍ ഇന്നലെ ഒന്നാം ഘട്ടം സമാപിച്ചു. രണ്ടാം ഘട്ടത്തില്‍ പുനലൂര്‍ , തിരുവനന്തപുരം നാളെയും ത്രിശൂര്‍ , പാലക്കാട് മറ്റന്നാളും നടക്കും.പിന്നെ ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം എറണാകുളവും കൂടി തീര്‍ക്കുന്നതോടെ ഈ കേരള യാത്ര മദ്ധ്യകേരളത്തില്‍ സമാപിക്കും !!


ഒന്നും പിടി കിട്ടിയില്ല അല്ലേ ? അതെ, ഇത് വടക്കും തെക്കും നടത്തി, ഒരാളെയും ബുദ്ധിമുട്ടിക്കാതെ മദ്ധ്യത്തില്‍ സമാപിക്കുന്ന വ്യത്യസ്തമായ ഒരു കേരളയാത്ര !!

Monday, February 08, 2016

സഹാനുഭൂതിയുടെ രണ്ട് നേര്‍ക്കാഴ്ചകള്‍

          സാമൂഹ്യതിന്മകള്‍ നിറഞ്ഞാടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവരും സമ്മതിക്കും. “ചെകുത്താന്മാര്‍” വാഴുന്ന കാമ്പസ്സുകളും ചെന്നായ്ക്കള്‍ മേയുന്ന ഉത്സവപ്പറമ്പുകളും സമീപകാല കേരളത്തിന്റെ ചിത്രങ്ങളാണ്. ഇത്തരം സാമൂഹ്യതിന്മകള്‍ മാധ്യമങ്ങള്‍ കൊണ്ടാടുമ്പോള്‍ തന്നെ നന്മയുടെ ചെറു കൈതിരികള്‍ അങ്ങുമിങ്ങും തലനീട്ടുന്നുണ്ട് എന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.

          ജനുവരി അഞ്ചാം തീയതി എന്‍.എസ്.എസ് ന്റെ സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനായി ഞാന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.അതിരാവിലെ കോഴിക്കോട് റെയില്‍‌വെ സ്റ്റേഷനില്‍ എത്തി അവിടെ നിന്നും ജനശതാബ്ദിക്ക് കയറാനായിരുന്നു എന്റെ പദ്ധതി.നേരം പുലരുന്നതിന് മുമ്പ് പ്ലാറ്റ്ഫോമിലെത്തിയ എനിക്ക് ഒരു ചായകുടിക്കാനാഗ്രഹം ജനിച്ചു.തൊട്ടടുത്ത ചായവില്പനക്കാരന്റെ അടുത്ത് ഒരു ചായക്ക് ഓര്‍ഡര്‍ നല്‍കിയതും അഗതിയായ ഒരു സ്ത്രീ അവിടെയെത്തി.അവരുടെ കയ്യിലെ ചില്ലറത്തുട്ടുകള്‍ പെറുക്കി കൂട്ടി ഒരു ചായക്ക് അവരും ഓര്‍ഡര്‍ നല്‍കി.

            ആ സ്ത്രീക്ക് ഒരു ചായ വാങ്ങിക്കൊടുക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു അധിക ചെലവും ഇല്ലായിരുന്നു.അതിനാല്‍ തന്നെ എനിക്ക് കിട്ടിയ ചായ ഞാന്‍ അവര്‍ക്ക് നല്‍കി. കയ്യിലെ ചില്ലറത്തുട്ടുകള്‍ അവര്‍ കടക്കാരന് നേരെ നീട്ടിയപ്പോള്‍ ഞാന്‍ നല്‍കാമെന്ന് ആംഗ്യം കാണിച്ചു. ചുടുചായയുമായി അവര്‍ എന്റെ കണ്മുന്നില്‍ നിന്നും മറഞ്ഞു.ഞാന്‍ ചായക്കായി വീണ്ടും കൈ നീട്ടിയപ്പോള്‍ കടക്കാരന്‍ ഒന്ന് നോക്കിയ ശേഷം ചായ തന്നു.രണ്ട് ചായയുടെ തുകയായി ഞാന്‍ 20 രൂപയും കൊടുത്തു.പക്ഷേ ഒരു ചായയുടെ കാശ് അയാള്‍ സ്വീകരിച്ചില്ല.ഒരു പാവം സ്ത്രീക്ക് ചുടുചായ നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ ആ ദിവസം നന്മയില്‍ പുലര്‍ന്നപ്പോള്‍ എന്റെ മനസ്സിലും സന്തോഷത്തിന്റെ ഒരായിരം സൂര്യകിരണങ്ങള്‍ വിരിഞ്ഞു.

           അതേ ദിവസം വൈകിട്ട് 5 മണി.സ്ഥലം തിരുവനന്തപുരത്ത് പാളയം പള്ളിയുടെ സമീപം. ചായ കുടിക്കാനായി ഞാന്‍ തൊട്ടടുത്ത കടയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ആ കാഴ്ച എന്റെ ശ്രദ്ധയില്‍ പെട്ടു – വളരെ മോഡേണ്‍ ആയി എന്നാല്‍ നല്ല രീതിയില്‍ വസ്ത്രധാരണം നടത്തിയ നാലഞ്ച് പെണ്‍കുട്ടികള്‍ റോഡ് മുറിച്ച് കടന്ന് വരുന്നുണ്ടായിരുന്നു.കൂട്ടത്തിലെ ജീന്‍സ് ധാരിയായ പെണ്‍കുട്ടി, കറുത്ത് മെലിഞ്ഞ ഒരു മധ്യവയസ്കന്റെ കൈ പിടിച്ചിട്ടുണ്ട്.അന്ധനായ അയാളെ തിരക്കേറിയ ആ റോഡ് ക്രോസ് ചെയ്യിപ്പിക്കുകയാണ് തലസ്ഥാനത്തെ ഏതോ കോളേജില്‍ പഠിക്കുന്ന ഈ കുമാരികള്‍. റോഡ് ക്രോസ് ചെയ്ത ശേഷവും അയാളെ അവര്‍ കൈവിട്ടില്ല.തൊട്ടടുത്ത ബസ്‌സ്റ്റോപ്പിലേക്കോ മറ്റോ അവര്‍ നീങ്ങി.

         കാരുണ്യത്തിന്റെ തെളിനീരുറവകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.അവയെ പരിപോഷിപ്പിച്ചാല്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്.നമ്മുടെ മക്കളിലെങ്കിലും ഈ സഹാനുഭൂതി വളര്‍ത്താന്‍ നമുക്ക് പരിശ്രമിക്കാം.