Pages

Friday, November 19, 2021

മുകേഷ് കഥകൾ വീണ്ടും

സിനിമ ഞാൻ അപൂർവ്വമായേ കാണാറുള്ളൂ. ഈ അടുത്ത കാലത്തൊന്നും സിനിമ കണ്ടതായി എന്റെ ഓർമ്മയിൽ ഇല്ലതാനും. പക്ഷെ ജീവിതത്തിൽ പലപ്പോഴായി സിനിമാ താരങ്ങൾക്കൊപ്പം വേദി പങ്കിടാനോ ഒന്നിച്ചിരിക്കാനോ സംസാരിക്കാനോ സമ്മാനം കൈപറ്റാനോ ഒക്കെയുള്ള അവസരം കിട്ടിയിട്ടുണ്ട്. അവയിൽ ചിലത് താഴെ ഇടുന്നുണ്ട്. ക്ലിക്ക് ചെയ്താൽ വായിക്കാം.

470 ഉസ്താദും അരീക്കോടനും 

410 കാഞ്ചനമാല ചേച്ചിയും ഞാനും 

1142 വിവേക് ഒബ്രൊയിയും ഒരു സൂപ്പർ സ്റ്റാറും !! 

348 രേവതിയും ഞാനും പിന്നെ ഒരു റോസാപൂവും 

ഇന്നസെന്റ്, ശ്രീനിവാസൻ , ജഗദീഷ് , മുകേഷ് തുടങ്ങിയവരായിരുന്നു ഞാൻ കണ്ട സിനിമകളിലെ എന്റെ ഇഷ്ടതാരങ്ങൾ . ഇതിൽ ആദ്യത്തെ മൂന്ന് പേരും മുഖ സൗന്ദര്യം ഇല്ലാഞ്ഞിട്ടും പ്രതിഭ കൊണ്ട് സിനിമയിൽ തിളങ്ങിയവരാണ്. അതും സ്വതസിദ്ധമായ നർമ്മത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തവർ. മുകേഷിന് പാരമ്പര്യമായി തന്നെ അഭിനയ സിദ്ധിയും ആകർഷണീയമായ മുഖകാന്തിയും ഉള്ളതിനാൽ ഏവരും പെട്ടെന്ന് ഇഷ്ടപ്പെടും. ജലദോഷം പിടിച്ച പോലെയുള്ള ശബ്ദമാണ് ഞാൻ കണ്ട മുകേഷ് സിനിമകളിൽ എല്ലാം എന്നാണ് എന്റെ അഭിപ്രായം. 

പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ ലൈബ്രറി മെമ്പർഷിപ്പ് എടുത്ത് ഞാൻ പുസ്തകങ്ങൾ ചികഞ്ഞപ്പോൾ ആദ്യം കിട്ടിയത് മുകേഷ് കഥകൾ ആയിരുന്നു. ഇന്നസെന്റിന്റെ പല കഥകളും വായിച്ച് പരിചയമുള്ളതിനാൽ മുകേഷും നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷയോടെയാണ് തുടങ്ങിയത്. അവതാരിക പോലെയുള്ള ഇന്നസെന്റിന്റെ അമിട്ട് ഗംഭീരമായി. 

സ്വന്തം ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളാണ് മുകേഷ് ഈ പുസ്തകത്തിലൂടെ പരിചപ്പെടുത്തുന്നത്. കലാലയ ജീവിതത്തിലെയും സിനിമാ ലൊക്കേഷനിലെയും സംഭവങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുമ്പോൾ മുകേഷ് സിനിമകളിലെ ചില രംഗങ്ങൾ തന്നെ മനസ്സിൽ ഓടി എത്തും. 

ഇന്നസെന്റിനെ മുൾമുനയിൽ നിർത്തിയ ഹിന്ദി അറിയാത്ത മുകേഷിന്റെ പ്രകടനം " അടി തെറ്റിയാൽ ഇന്നസെന്റും വീഴും " എന്ന കഥയിൽ ഗംഭീരമായി. വായനക്കാരനെ അവസാനം വരെ ഹരം പിടിപ്പിച്ചു തന്നെ പുസ്തകം മുന്നോട്ട് കൊണ്ടു പോകും. പുസ്തകം മുഴുവൻ വായിച്ച് കഴിയുമ്പോൾ , മുകേഷ് പഠിച്ചിരുന്ന കാലത്ത് മൊബൈൽ ഫോൺ ഇല്ലാതിരുന്നത് കൊണ്ട് രക്ഷപ്പെട്ട പെൺകുട്ടികൾ എത്രയെത്ര എന്ന് സ്വാഭാവികമായും വായനക്കാരന്റെ മനസ്സിൽ ഉയരുകയും ചെയ്യും. എനി ഹൗ , എനിക്ക് ഇഷ്ടായി. 

പുസ്തകം : മുകേഷ് കഥകൾ വീണ്ടും
രചയിതാവ്: മുകേഷ്
പ്രസാധകർ : ഡി സി ബുക്സ്
വില: 195 രൂപ
പേജ്: 224

Thursday, November 18, 2021

എന്റെ കലാലയ ലൈബ്രറികൾ

പലരുടെയും കലാലയ ഓർമ്മകളിൽ എന്നും ലൈബ്രറിക്ക് ഒരു സ്ഥാനമുണ്ടായിരിക്കും. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ പണം കൊടുത്ത് വാങ്ങാൻ പറ്റാത്ത വിദ്യാർത്ഥി കാലഘട്ടത്തിൽ അവ വായിക്കാനും ആസ്വദിക്കാനും അവസരം തരുന്നത് അവിടെയുള്ള ലൈബ്രറികളാണ്. പുസ്തകങ്ങൾ വായിക്കാറുണ്ട് എന്ന് ' ചിലരെ ' ധരിപ്പിക്കാനും പലപ്പോഴും കലാലയങ്ങളിലെ ലൈബ്രറികൾ ഉപയോഗപ്പെടുത്താറുണ്ട്. പല പ്രണയങ്ങളും മൊട്ടിടുന്നതും പുഷ്പിക്കുന്നതും ഒരു ലൈബ്രറി  പശ്ചാത്തലത്തിലായിരിക്കും.

പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് PSMO കോളേജിലെ ലൈബ്രറിയിൽ ഞാൻ അംഗത്വമെടുത്തിരുന്നെങ്കിലും അവിടെ പോയിരുന്നതായോ പുസ്തകം എടുത്തതായോ എന്റെ ഓർമ്മയിൽ ഇല്ല. നാട്ടിലെ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ കെട്ട് കണക്കിന് എടുത്ത് വീട്ടിൽ കൊണ്ടുപോയി വായിച്ചിരുന്ന കാലമായിട്ട് പോലും PSMO ലൈബ്രറി എന്നെ ആകർഷിക്കാതിരിക്കാൻ കാരണം എന്തായിരുന്നുവെന്ന് ഇന്ന് വ്യക്തമല്ല.പക്ഷെ, തിരിഞ്ഞ് നോക്കുമ്പോൾ, ആ ഇടുങ്ങിയ മുറിയും അവിടെ ഇരിക്കുന്ന ഒരു വയസ്സൻ കോലവും ആയിരുന്നു അതിന് കാരണമെന്ന് ഓർമ്മയുടെ കോണിൽ എവിടെയോ തെളിയുന്നു.

ഡിഗ്രിക്ക് ഫാറൂഖ് കോളേജിൽ ചേർന്നപ്പോഴാണ്, ലൈബ്രറി എന്ത് കൊണ്ട് ഒരു പ്രണയാതുര കേന്ദ്രമാകുന്നു എന്ന് മനസ്സിലായത്.ലൈബ്രറിക്കകത്ത് സല്ലാപം അനുവദനീയമല്ലെങ്കിലും കണ്ണുകളാൽ അർച്ചനയും മൗനങ്ങളാൽ കീർത്തനവും സുന്ദരമായി നടക്കും. എല്ലാമെല്ലാം അറിയുന്നത് അവിടെയുള്ള പുസ്തക അലമാരകൾ മാത്രവും.ആ ലൈബ്രറിയുടെ അകത്ത് അൽപ സമയം ഇരുന്നാൽ തന്നെ നമ്മൾ പലതിനോടുമൊപ്പം പുസ്തകത്തെയും അറിയാതെ സ്നേഹിച്ച് പോകും. ഇങ്ങനെ പ്രഥമ ദൃഷ്ടിയിൽ തന്നെ ആകർഷിക്കാൻ സാധിക്കുന്നതായിരിക്കണം കലാലയങ്ങളിലെ ലൈബ്രറികൾ.

തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ പി ജി ഫസ്റ്റ് ഇയറിന് പഠിക്കുമ്പോൾ സമയം തികയാത്തതിനാൽ ലൈബ്രറിയിലേക്ക് പോകാറില്ലായിരുന്നു.മാത്രമല്ല അതിനകത്ത് ഇരിക്കുന്നത് 'അല്ലാഹു' ആണെന്നായിരുന്നു കാമ്പസിലെ സംസാരം.കുട്ടികൾ അസിസ്റ്റന്റ് ലൈബ്രേറിയന് ഇട്ട പേരായിരുന്നു 'അല്ലാഹു'.ഏതോ ഒരു കുട്ടി എന്തോ ആവശ്യത്തിന് ലൈബ്രറിയിൽ വന്ന ദിവസം അസിസ്റ്റന്റ് ലൈബ്രേറിയൻ ഒറ്റക്കായിരുന്നു ഉണ്ടായിരുന്നത്.ആവശ്യങ്ങൾ നിറവേറി കിട്ടാൻ സമയദൈർഘ്യം എടുത്തപ്പോൾ കുട്ടി ചൂടായി. ആ സമയം നിസ്സഹായനായ ലൈബ്രേറിയൻ  'ഞാൻ ഏകനാണ്' എന്ന്  പറഞ്ഞു.പിറ്റേന്ന് മുതൽ ആ ലൈബ്രേറിയൻ 'അല്ലാഹു' എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് ഞാൻ കേട്ട കഥ.ഈ 'അല്ലാഹു'വിനെ പള്ളിയിൽ നിന്നും കാണാറുണ്ടായിരുന്നു എന്നല്ലാതെ എനിക്ക് ഒരു പരിചയവും ഇല്ല.ഒറിജിനൽ ലൈബ്രേറിയൻ ആയിരുന്ന റഷീദ്ക്ക പി ജി ഹോസ്റ്റലിലെ അന്തേവാസി ആയിരുന്നു.

പി ജി രണ്ടാം വർഷം പൂർത്തിയാക്കിയത് പൊന്നാനി എം.ഇ.എസ് കോളേജിൽ നിന്നായിരുന്നു. അവിടെയും ഞാൻ, ന്യൂട്ടനും ഐൻസ്റ്റീനും മറ്റും കണ്ടുപിടിച്ച ഫിസിക്സിലെ കടുകട്ടി പദങ്ങളോടും കണക്കുകളോടും അതനുസരിച്ച് ആരൊക്കെയോ ഉണ്ടാക്കിയ ഉപകരണങ്ങളോടും മല്ലിട്ട്, ഫിസിക്സിൽ മാസ്റ്റർ ഡിഗ്രി എടുക്കാൻ യുദ്ധം ചെയ്യുന്ന കാലഘട്ടമായതിനാൽ ലൈബ്രറി എന്നതൊക്കെ ബോധമണ്ഠലത്തിന്റെ പാതാളത്തിലായിരുന്നു.

പി ജിക്ക് ശേഷം പിന്നീട് കോളേജിൽ കാല് കുത്തുന്നത് കോളേജ് ജീവനക്കാരനായിട്ടാണ്. ആദ്യം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാടും ശേഷം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടും മാറി മാറി പതിനേഴ് വർഷം ജോലി ചെയ്തു. ഈ രണ്ട് കോളേജിലും വമ്പൻ ലൈബ്രറികൾ ഉണ്ടെങ്കിലും ഉയരവും വണ്ണവും കൂടിയ ടെക്നിക്കൽ പുസ്തകങ്ങൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.വയനാട്ടിൽ പത്രം വായിക്കാൻ മാത്രമായിരുന്നു എന്റെ ലൈബ്രറി സന്ദർശനം. കോഴിക്കോട് കോളേജിലെ ലൈബ്രറി, കാമ്പസിന്റെ ഓണം കേറാ മൂലയിൽ ആയിരുന്നതിനാൽ അപൂർവ്വമായേ ഞാൻ അവിടെ പോകാറുള്ളൂ. അതും നെറ്റ് വർക്ക് തകരാറുണ്ടെങ്കിൽ അത് പരിഹരിക്കാനായിരുന്നു പോയിരുന്നത്.

2021 ൽ സ്ഥലം മാറ്റം ലഭിച്ചത് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്ടേക്കാണ്. ജോയിൻ ചെയ്ത ദിവസം തന്നെ കോളേജ് ലൈബ്രറി സന്ദർശിക്കാനും ഇടയായി. ടെക്നിക്കൽ പുസ്തകങ്ങൾക്ക് പുറമെ ജനറൽ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ് എന്ന വാർത്ത എന്നെ സന്തോഷിപ്പിച്ചു.ഈ കോളേജിൽ എനിക്ക് ഇരിക്കാൻ ലഭിച്ച കാബിൻ, ലൈബ്രറിയുടെ രണ്ട് റൂം  മാത്രം അപ്പുറവും ആയതിനാൽ ഞാനും ലൈബ്രറിയും തമ്മിൽ ഒരു അയോണിക് ബോണ്ട് പെട്ടെന്ന് തന്നെ രൂപപ്പെട്ടു. അങ്ങനെ അംഗത്വ ഫോർമാലിറ്റികൾ പൂർത്തിയാക്കി ആദ്യമായി ഞാൻ ഒരു എഞ്ചിനീയറിംഗ് കോളേജ് ലൈബ്രറിയിലെ അംഗമായി.ആദ്യമായി എടുത്ത പുസ്തകം സിനിമാ നടൻ മുകേഷ് എഴുതിയ 'മുകേഷ് കഥകൾ' ആയിരുന്നു.അതിന്റെ വായനാനുഭവം ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം 

Monday, November 15, 2021

നീർമാതളം പൂക്കുന്ന കാലം

ഭാര്യയുടെ ജന്മദിനവും ഞങ്ങളുടെ വിവാഹ വാർഷിക ദിനവും തലേന്നും പിറ്റേന്നും എന്ന രൂപത്തിലാണ് എല്ലാ വർഷവും കടന്നു വരുന്നത്. നവംബർ 14 ന് ജന്മദിനവും നവംബർ 15 ന് വിവാഹ വാർഷിക ദിനവും എന്ന പതിവ് തുടങ്ങിയിട്ട് ഇന്നേക്ക് ഇരുപത്തിമൂന്ന് വർഷം തികയുന്നു.

ഈ ദിനങ്ങളിൽ വീടിന്റെ പരിസരത്ത് ചിലപ്പോൾ രണ്ട് വൃക്ഷത്തൈകൾ നടും. അല്ലെങ്കിൽ രണ്ടിനും കൂടി ഒരു തൈ വയ്ക്കും.കഴിഞ്ഞ വർഷം വച്ചത് ഒരു മാങ്കോസ്റ്റിൻ തൈയും ഒരു ആയുർജാക്കിന്റെ തൈയും ആയിരുന്നു. രണ്ടും മുറ്റത്ത് വളർന്നു വരുന്നു. 

ഇത്തവണ നട്ടത് കൃഷിഭവനിൽ നിന്നും ലഭിച്ച ഉറുമാമ്പഴത്തിന്റെ ഒരു തൈ ആണ്. നീർമാതളം എന്നും ഇതിനെ ചിലർ വിളിക്കാറുണ്ട്.മുന്തിരി വള്ളി തളിർത്ത് മുന്തിരി ഉണ്ടായ പോലെ നീർമാതളം പൂക്കുന്ന കാലത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു. 


Sunday, November 14, 2021

നെല്ലിയാമ്പതി - 5 (പോത്തുണ്ടി ഡാം)

വേനൽക്കാലത്തും മഞ്ഞു പൂക്കൾ വിരിയുന്ന നെല്ലിയാമ്പതി മലനിരകളുടെ മനോഹര ദൃശ്യം ആവോളം ആസ്വദിച്ച് ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി.മൂന്ന് മണിക്ക് മുമ്പേ താഴെ എത്തിയിരിക്കണം എന്ന തിട്ടൂരം കൂടി ഉള്ളതിനാലും  പോത്തുണ്ടി ഡാം കാണാനുള്ളതിനാലും, വണ്ടി കയറിയതിലും വേഗത്തിൽ തിരിച്ചിറങ്ങി .പക്ഷേ അപ്പോഴും മലമുകളിലേക്ക് വാഹനങ്ങൾ കയറിക്കൊണ്ടിരുന്നു ! ഞങ്ങളുടെ മൂന്ന് മണി അവരുടെ പത്ത് മണി ആണോ ആവോ?

 ഉച്ചഭക്ഷണം കഴിച്ച്, ഞങ്ങൾ വീണ്ടും പോത്തുണ്ടി ഡാമിന്റെ പ്രവേശന കവാടത്തിലെത്തി. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് ഡാമിലേക്കുള്ള പ്രവേശന  ടിക്കറ്റ് നിരക്ക്. 

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അണക്കെട്ടുകളിൽ ഒന്നാണ് മണ്ണും ചുണ്ണാമ്പും കൊണ്ടുണ്ടാക്കിയ പോത്തുണ്ടി ഡാം. പാലക്കാട് ജില്ലയിലെ ജലസേചനാവശ്യങ്ങൾക്കാണ് ഈ അണക്കെട്ടിലെ വെള്ളം പ്രധാനമായും ഉപയോഗിക്കുന്നത്. സഞ്ചാരികൾക്ക് ഏറെ കാഴ്ച വിരുന്നും ഈ അണക്കെട്ടും പരിസരവും ഒരുക്കുന്നുണ്ട്. മേഘങ്ങൾ പൂത്തിറങ്ങുന്ന നെല്ലിയാമ്പതി മലനിരകളുടെ പോത്തുണ്ടി ഡാമിൽ നിന്നുള്ള കാഴ്ച ഒന്ന് വേറെ തന്നെയാണ്. അണക്കെട്ടിൽ ബോട്ടിംഗിനും സൗകര്യമുണ്ട്. പക്ഷെ ഞങ്ങൾ അതിനൊന്നും മുതിർന്നില്ല.

അണക്കെട്ടിന്റെ താഴെ ഭാഗത്ത് മനോഹരമായ ഒരു ഉദ്യാനം ഉണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ടൂറിസം വകുപ്പ് ഇവിടെ ചില റൈഡുകൾ ഒരുക്കിയിട്ടുണ്ട്. ആകാശ സൈക്കിൾ സവാരിയാണ് ഇതിൽ ഏറ്റവും ആകർഷണീയമായത്. 40 അടി ഉയരത്തിലൂടെ 130 മീറ്റർ നീളത്തിൽ ഉദ്യാനത്തിന് മുകളിലൂടെയുള്ള സവാരി ഹൃദയത്തെ കർമ്മനിരതമാക്കും എന്നതിൽ യാതൊരു സംശയവുമില്ല. ഈ റൈഡ് തുടങ്ങിയ വാർത്ത കണ്ട അന്നേ ഒരു സവാരി നടത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ യാദൃശ്ചികമായി മലപ്പുറം കോട്ടക്കുന്നിൽ ഇതേ സവാരിക്ക് അവസരം ലഭിച്ചതിനാൽ, ഞാൻ പോത്തുണ്ടിയിൽ അതിന് മുതിർന്നില്ല.മാത്രമല്ല , കോവിഡ് കാരണം ഏറെ നാൾ അടച്ചിട്ടതിനാൽ സുരക്ഷിതത്വം എത്രത്തോളം ഉണ്ട് എന്ന് ഉറപ്പിക്കാനും പറ്റില്ല.സിപ് ലൈനും ഫ്രീ ഫാളും അടക്കമുള്ള മറ്റു നിരവധി സാഹസിക റൈഡുകളും ഉണ്ട്.അവയൊന്നും പ്രവർത്തിക്കുന്നതായി കണ്ടില്ല.

തമിഴ് നാട്ടിൽ നിന്ന് നെല്ലിയാമ്പതി മല  കയറിയിറങ്ങി വരുന്ന തണുത്ത കാറ്റും കൊണ്ട് പോത്തുണ്ടി അണക്കെട്ടിന്റെ മുകളിൽ ഞങ്ങൾ കുറെ നേരം ഇരുന്നു.ഇനിയൊരു യാത്ര എങ്ങോട്ടായിരിക്കണം എന്ന് കാറ്റ് ഞങ്ങളുടെ ചെവിയിൽ മന്ത്രിച്ച് കൊണ്ടിരുന്നു.മേഘങ്ങൾ തലക്ക് മുകളിൽ ഡാൻസ് കളിക്കാൻ  തുടങ്ങിയതോടെ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.അങ്ങനെ ഏറെ ആഗ്രഹിച്ച നെല്ലിയാമ്പതി യാത്രക്കും വിരാമമായി.

നെല്ലിയാമ്പതി - 4

നെല്ലിയാമ്പതി യാത്ര പ്ലാൻ ചെയ്തപ്പോൾ തന്നെ പാലക്കാട്ടുകാരും  എൻ്റെ സഹപ്രവർത്തകരുമായ ആൻറണി സിജോ മാഷെയും പ്രസൂൺ മാഷെയും വിളിച്ച് ഞാൻ അവിടത്തെ കാഴ്ചകളെപ്പറ്റി ഒരു ധാരണ ഉണ്ടാക്കിയിരുന്നു . പുലയൻപാറ , മാമ്പാറ,കേശവൻപാറ എന്നിങ്ങനെ കുറെ പാറകളുടെ പേര് അവർ പറഞ്ഞപ്പോൾ ചെറുതായൊന്ന് കൺഫ്യുഷനടിച്ചു. കാരണം ഏഴ് വർഷം മുമ്പത്തെ ആദ്യ സന്ദർശനത്തിൽ ഈ പാറകളൊന്നും അവിടെ ഉണ്ടായിരുന്നില്ല, സോറി ഞാൻ കേട്ടിരുന്നില്ല.

ഇതിൽ പുലയൻപാറ നമ്മളെത്തിച്ചേരുന്ന  അങ്ങാടിയാണെന്നും, മാമ്പാറ ഭ്രമരം എന്ന സിനിമ ഷൂട്ട് ചെയ്തതും ഫോർ വീൽ ജീപ്പിൽ മാത്രം  ട്രക്കിംഗിന് പോകുന്നതുമായ ഒരു സ്ഥലമാണെന്നും അറിഞ്ഞപ്പോൾ സമാധാനമായി.ബാക്കിയുള്ള കേശവൻ പാറയിലേക്ക് ആൾക്കാരെ കടത്തി വിടുന്നില്ല എന്നും കേട്ടതോടെ അതുവരെ ഉണ്ടാക്കിക്കൊണ്ട് വന്ന സമാധാനവും പോയി.

പുലയൻപാറ എത്തിയപ്പോഴേ മാമ്പാറ യാത്ര വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.കേശവൻ പാറയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ സീതാർകുണ്ട് കണ്ട് അങ്ങോട്ട് പോകാം എന്നും തീരുമാനമായി. അങ്ങനെ സീതാർകുണ്ട് ആസ്വദിച്ച ശേഷം വണ്ടി നേരെ കേശവൻ പാറയിലേക്ക് വിട്ടു. വാഹനങ്ങളും ജനങ്ങളും കലപില കൂട്ടുന്ന ചെറിയൊരു കവലയിൽ ഇറങ്ങി ഞങ്ങൾ മുന്നോട്ട് നടന്നു. കിലോമീറ്ററുകളോളം പരന്ന് കിടക്കുന്ന ഒരു പാറയുടെ മുകളിലാണ് ആ നടത്തം അവസാനിച്ചത്.

കാട് മൂടി കിടക്കുന്ന നിരവധി കെട്ടിടങ്ങൾ ഈ സ്ഥലത്തിന്റെ ഗതകാല പ്രൗഢി വിളിച്ചോതുന്നുണ്ട്.മറിഞ്ഞ് വീണ് കിടക്കുന്ന മുന്നറിയിപ്പ് ബോർഡ് അപകടങ്ങളെപ്പറ്റി ഓർമ്മിപ്പിക്കുന്നുമുണ്ട്.പക്ഷെ , ഈ പരന്ന പാറയിൽ കാറ്റു കൊണ്ടിരിക്കുമ്പോൾ എന്ത് അപകടം എന്ന ചിന്ത വെറുതെ മനസ്സിൽ കയറിയതും കാലൊന്ന് തെന്നിയതും ഒരുമിച്ചായിരുന്നു.മഴക്കാലത്ത് കാല് തെന്നി തലയടിച്ച് പാറയിൽ വീണ് അപകടങ്ങൾ അവിടെ പതിവാണ്. 

പാറ ഇറങ്ങി താഴോട്ട് എത്തിയാൽ അഗാധമായ കൊക്കയാണ്. അടുത്തിടെ ഉണ്ടായ ഒരപകടം കാരണം അവിടെയും കമ്പുകൾ നാട്ടി സുരക്ഷിതമല്ലാത്ത 'സുരക്ഷാ വേലി' സ്ഥാപിച്ചിട്ടുണ്ട്.അവിടെ നിന്നും നോക്കിയാൽ നെല്ലിയാമ്പതിയിലേക്കുള്ള ചുരം പാതയും പോത്തുണ്ടി ഡാമും കുതിരാൻ മല വരെ നീളുന്ന പാലക്കാടൻ കാഴ്ചകളും കാണാം.കോട മഞ്ഞ് ഉണ്ടാകരുത് എന്ന് മാത്രം.താഴേക്ക് ഇറങ്ങി ആ കാഴ്ചകൾ ആസ്വദിക്കാതെ പാറപ്പുറത്തിരുന്ന് തന്നെ ഞങ്ങൾ ആ പ്രകൃതി ദൃശ്യങ്ങൾ മനസ്സിൽ പകർത്തി.മനസ്സും ശരീരവും തണുപ്പിച്ച് കൊണ്ട് കാറ്റ് ഞങ്ങളെ തലോടിക്കൊണ്ടേ ഇരുന്നു.

പോത്തുണ്ടി അണക്കെട്ട് മടക്കത്തിൽ കാണാം എന്നായിരുന്നു പദ്ധതി ഇട്ടിരുന്നത്. മഴ മേഘങ്ങൾ ഉരുണ്ട് കൂടാനും തുടങ്ങിയതിനാൽ കേശവൻ പാറയിൽ നിന്ന് ഞങ്ങൾ തിരിച്ചിറങ്ങി.

Tuesday, November 09, 2021

നെല്ലിയാമ്പതി - 3

നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറുമ്പോൾ കണ്ണ് എപ്പോഴും പുറത്തേക്കായിരിക്കണം. പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് വേണം മല കയറാൻ (സ്വന്തമായി ഡ്രൈവ് ചെയ്യുമ്പോൾ ആസ്വാദനം മറ്റുള്ളവർക്ക് വിട്ടുകൊടുക്കുക ).കിലോമീറ്ററുകളോളം ദൂരത്തിൽ പരന്നു കിടക്കുന്ന സ്വകാര്യ തേയിലത്തോട്ടങ്ങളും ഇടക്കിടക്കുള്ള അരുവികളും കാഴ്ച വിരുന്നുകൾ ഒരുക്കും.തേയിലത്തോട്ടത്തിന് ഇടയിലൂടെയുള്ള വീതി  കുറഞ്ഞ റോഡിലൂടെയുള്ള ഡ്രൈവിംഗും വളരെ ശ്രദ്ധയോടെ ആയിരിക്കണം.അവസാനം വണ്ടി എത്തിച്ചേരുന്ന ചെറിയ ഒരു അങ്ങാടിയാണ് നെല്ലിയാമ്പതി. പുലയൻപാറ എന്നും ഈ സ്ഥലത്തിന് പേരുണ്ട് എന്ന് തോന്നുന്നു. വണ്ടി എത്തുന്നതോടെ തന്നെ ടാക്സി ഡ്രൈവർമാർ ട്രെക്കിംഗ് ആവശ്യമുണ്ടോ എന്ന് ചോദിച്ച് വളയും.ഒരു ജീപ്പിന് 1200 രൂപയോ മറ്റോ ആണ് റേറ്റ്. 

ഈ കുഞ്ഞു അങ്ങാടിയിൽ തന്നെയാണ് സർക്കാർ ഓറഞ്ച് തോട്ടത്തിലേക്കുള്ള പ്രധാന കവാടം സ്ഥിതി ചെയ്യുന്നത്. ആദ്യ തവണ പോയപ്പോൾ കായ്ച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങളും പൂത്ത് നിൽക്കുന്ന പാഷൻ ഫ്രൂട്ട് വള്ളികളും പലതരം ചെടികളും എല്ലാം കണ്ടിരുന്നു.പ്രവേശനം സൗജന്യവുമായിരുന്നു. ഇത്തവണ മെയിൻ ഗേറ്റും സെയിൽസ് കൗണ്ടറും അടഞ്ഞു കിടന്നതിനാൽ അകത്തിരുന്ന ആളോട് ഞാൻ കാര്യം തിരക്കി.ഞായറാഴ്ച ആയതിനാൽ എല്ലാം അടവാണത്രേ ! ആവശ്യമായ തൊഴിലാളികൾ ഇല്ല എന്നതാണ് കാരണം പറഞ്ഞത്.സഞ്ചാരികൾ ഏറെ വരുന്ന ദിവസം സർക്കാറിന്റെ ജനപ്രിയ സംരംഭം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ ശ്രദ്ധിക്കണം.

പുലയൻ പാറയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പോയാൽ സീതാർക്കുണ്ട് വ്യൂ പോയിന്റിൽ എത്താം. ആദ്യ വരവിൽ അവിടം വരെ നടന്നു പോയതായിട്ടാണ് എന്റെ ഓർമ്മ. ദൂരത്തെക്കുറിച്ച് വലിയ ബോദ്ധ്യം ഇല്ലാത്തതിനാൽ നടന്നു പോകാം എന്നായിരുന്നു എന്റെ ധാരണ.സ്ഥലം പരിചയമുള്ള ഡ്രൈവർ വണ്ടി പുലയൻ പാറയിൽ തന്നെ സൈഡാക്കിയത് എന്റെ ധാരണയെ ശരി വച്ചു. ബട്ട് ,എത്ര നടന്നിട്ടും എത്താത്തതും ധാരാളം  വണ്ടികൾ കടന്നു പോകുന്നതും കണ്ടതോടെ ഞങ്ങളും ഡ്രൈവറെ വിളിച്ച് വണ്ടി വരുത്തി.

പോബ്സ് ഗ്രൂപ്പിന്റെ കാപ്പിത്തോട്ടവും കടന്ന് വേണം വ്യൂ പോയിന്റിൽ എത്താൻ.എസ്റ്റേറ്റ് തുടങ്ങുന്നിടത്ത് ഒരു ചെക്ക് പോസ്റ്റുണ്ട്. ഒരു ഉദ്യോഗസ്ഥൻ അവിടെ എന്തൊക്കെയോ കുറിച്ച് വയ്ക്കുന്നുണ്ട്.നല്ല തിരക്കുണ്ടായിട്ടും അധികം വൈകാതെ തന്നെ എല്ലാ വണ്ടികളും കടത്തി വിടുന്നുണ്ട്.തിരിച്ചു വരുന്ന വാഹനങ്ങളും അതേ ഗേറ്റിലൂടെ തന്നെയാണ് കടന്നുപോകേണ്ടത്. 

വിശാലമായ പാർക്കിംഗ് സൗകര്യമാണ് മുകളിൽ ഒരുക്കിയിരിക്കുന്നത്.ജീപ്പിൽ ട്രെക്കിംഗ് പോകുന്നവർ ഇങ്ങോട്ട് വരുന്നതായി കണ്ടില്ല.അവർ മറ്റേതോ വഴിയിലാണ് പോകുന്നത്.പാർക്കിംഗ് പോയിന്റിലെയും തൊട്ടടുത്ത വ്യൂ പോയിന്റിലെയും ആളുകളുടെ തിരക്ക് കണ്ടാൽ കൊറോണ തോറ്റോടും.ലോക്ക് ഡൗണിൽ നിന്നുള്ള സ്വാതന്ത്ര്യം ജനങ്ങൾ ശരിക്കും ആസ്വദിക്കുകയായിരുന്നു അന്ന്.

സീതാർക്കുണ്ട് വ്യൂ പോയിൻറ് ഒരു ഐതിഹ്യത്തിന്റെ പേരിൽ പ്രശസ്തമാണ്. വനവാസകാലത്ത് രാമനും ലക്ഷ്മണനും സീതയും ഇവിടെ താമസിച്ചിരുന്നു എന്നാണ് ആ ഐതിഹ്യം. കൊല്ലങ്കോട് ഗ്രാമത്തിന്റെ ആകാശ കാഴ്ചയും തമിഴ്‍നാട് വരെ നീളുന്ന പച്ചപ്പും ആസ്വദിച്ച് അവിടെ നിൽക്കുമ്പോൾ സ്വയം മറന്നു പോകും. പാലക്കാടൻ ചുരം എന്നറിയപ്പെടുന്ന പശ്ചിമ ഘട്ടത്തിലെ വിടവ് നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടറിയാൻ സീതാർക്കുണ്ടിൽ തന്നെ എത്തണം.പാലക്കാടിന്റെ താപനില ഉയർത്തുന്ന ചുടുകാറ്റ് തമിഴ്‌നാട്ടിൽ നിന്നും കയറി വരുന്നത് ഈ ഗ്യാപ്പിലൂടെയാണ് എന്നത് പലർക്കും അറിയില്ല.ഏതോ കാലത്ത് പശ്ചിമഘട്ടത്തിന്റെ ഈ ഭാഗം താഴ്ന്നു പോയാണ് ഈ ഗ്യാപ്പ് ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്.സാഹചര്യത്തെളിവുകളും അതിനെ ശരി വയ്ക്കുന്നു.

സീതാർക്കുണ്ട് വ്യൂ പോയിന്റ് അപകടം നിറഞ്ഞ ഒരു സ്ഥലം കൂടിയാണ്. നാമ മാത്രമായുള്ള ബാരിക്കേഡുകളും കടന്ന് അപ്പുറം പോകുന്നവർ ധാരാളമുണ്ട്. ചെറിയൊരു കാൽപിഴ മതി അഗാധ ഗർത്തത്തിൽ പതിക്കാൻ എന്നതിനാൽ അതീവ ജാഗ്രത അനിവാര്യമാണ്.കുരങ്ങന്മാരുടെ ശല്യം ഉള്ളതിനാൽ തിന്നാൻ പറ്റുന്ന സാധനങ്ങൾ ഒന്നും കയ്യിൽ എടുക്കാത്തതാണ് നല്ലത്.

ഐതിഹ്യങ്ങളും ചരിത്രങ്ങളും അയവിറക്കി ഞങ്ങൾ അടുത്ത കാഴ്ചയിലേക്ക് നീങ്ങി 


(തുടരും...)

Tuesday, November 02, 2021

നെല്ലിയാമ്പതി - 2

രണ്ട് വർഷം മുമ്പ് രൂപീകരിച്ച ഞങ്ങളുടെ പത്താം ക്ലാസ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു നെല്ലിയാമ്പതിയിലേക്കുള്ള എൻറെ രണ്ടാമത് യാത്ര.നാട്ടിൽ നിന്നുള്ള ദൂരവും മറ്റും നേരത്തെ പരിചയം ഉള്ളതിനാൽ പുലർച്ചെ നാല് മണിക്ക് തന്നെ ഞങ്ങൾ പുറപ്പെട്ടു. അരുണന്റെ തങ്കോദയത്തിൽ നെല്ലിയാമ്പതി മലനിരകളിലെ മഞ്ഞ് വഴിമാറുന്ന കാഴ്ച്ച ആസ്വദിക്കാനും തിരക്കേറുന്നതിന് മുമ്പേ മലമുകളിൽ എത്താനും ആയിരുന്നു ഇത്രയും നേരത്തെ പുറപ്പെട്ടത്.

ദോശക്കും വടക്കും പേരുകേട്ട പാലക്കാട്ട് വച്ച് കഴിക്കുന്ന പ്രാതൽ അത് തന്നെയാകട്ടെ എന്ന് ഞങ്ങൾ എല്ലാവരും ഐക്യകണ്ഠേന തീരുമാനിച്ചു.കാരണം ഞായറാഴ്ച ആയതിനാൽ മിക്ക ഹോട്ടലുകളും അവധിയിലായിരുന്നു. അവിടെയും ഇവിടെയും തുറന്ന് വച്ചിരിക്കുന്ന നാടൻ മക്കാനികളിലെ ചില്ലു കൂട്ടിലിരുന്ന് ഞങ്ങളെ നോക്കി ചിരിക്കുന്നത് ഇഡ്‌ലിയും വടയും മാത്രവും. പിട്ടു പീടികയിൽ  നിന്നും ഇടത്തോട്ടുള്ള റോഡിലേക്ക് കയറുന്നത് വരെ പ്രതീക്ഷ ഞങ്ങളെ നയിച്ചു. അവസാനം വഴി വക്കിൽ കണ്ട ഒരു "വീട്ടലി'ൽ (വീട് + ഹോട്ടൽ) കയറി ദോശയും ഇഡ്‌ലിയും വടയും എല്ലാം കൂടി തട്ടിയപ്പോഴാണ് ആമാശയത്തിന് സമാധാനം കിട്ടിയത്.

പാലക്കാടൻ ഗ്രാമങ്ങളുടെ ഭംഗി, വയലുകളിൽ തല ഉയർത്തി നിൽക്കുന്ന നെൽച്ചെടികളും അവക്കിടയിൽ അവിടവിടെ  നെഞ്ച് വിടർത്തി നിൽക്കുന്ന കരിമ്പനകളും അതിനിടയിലൂടെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന നടവഴികളും ആണ്.റോഡിന്റെ ഇരുഭാഗത്തും സ്വർണ്ണ നിറത്തിൽ വിളഞ്ഞ് നിൽക്കുന്ന നെൽപ്പാടങ്ങൾ മനോഹരമായ കാഴ്ച തന്നെയാണ്.ഒന്നിറങ്ങി നെൽക്കതിർ മണം വീശുന്ന കാറ്റേറ്റ് നടക്കാൻ ആശ തോന്നിയെങ്കിലും സംഗതി നടന്നില്ല.പോകുന്ന വഴിയേ കണ്ട പോത്തുണ്ടി ഡാമിനും തൽക്കാലം റ്റാറ്റാ പറഞ്ഞു വിട്ടു.അല്പം കൂടി മുന്നിലേക്ക് നീങ്ങിയപ്പോൾ ചെക്ക് പോസ്റ്റിൽ വണ്ടി നിർത്തി .മല കയറുന്ന എല്ലാവരുടെയും പേരും ഊരും അവിടെ രേഖപ്പെടുത്തി.മൂന്ന് മണിക്കകം തിരിച്ചിറങ്ങണം എന്ന വാണിംഗിന്  "ഉം" എന്ന് മൂളിക്കൊടുത്തു.

പോത്തുണ്ടിയില്‍ നിന്നും നെല്ലിയാമ്പതി വരെ 22 കിലോമീറ്റര്‍  ദൂരമുണ്ട്. വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോകുന്ന വഴിയിൽ പത്ത് ഹെയർപിൻ വളവുകൾ ഉണ്ട് എന്ന് പറയപ്പെടുന്നു (പുറംകാഴ്ചകൾ ആസ്വദിക്കുന്നതിനിടക്ക് ഞാനത് അറിഞ്ഞതേയില്ല) . റോഡ് വളരെ ഇടുങ്ങിയതുമാണ്. മൺസൂൺ കാല യാത്രയിൽ നിരവധി വെള്ളച്ചാട്ടങ്ങൾ വഴിയിൽ കാണാം.കല്ലും മണ്ണും ഏത് സമയത്തും ഉരുണ്ട് വരാം എന്നതിനാൽ മഴക്കാലത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയുള്ള കുളി അത്ര നല്ലതല്ല.

സമുദ്ര നിരപ്പില്‍ നിന്ന് 500 മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തിലാണ് നെല്ലിയാമ്പതി മലനിരകൾ സ്ഥിതി ചെയ്യുന്നത്. താഴ്‌വാരത്തെ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്ന പല വ്യൂ പോയിന്റുകളും ഇടക്കിടക്ക് ഉണ്ട്. പാലക്കാട് ജില്ലയുടെ വ്യത്യസ്തമായ കാഴ്ചകള്‍ ഇവിടെ നിന്നെല്ലാം ആസ്വദിക്കാം. നേരത്തെ എത്തിയതിനാൽ ഞങ്ങൾക്ക് ആവശ്യത്തിന് സമയം ലഭിച്ചു. അതിനാൽ തന്നെ ഞങ്ങൾ അവയെല്ലാം ആസ്വദിച്ച് തന്നെ മല കയറി. 

സ്വകാര്യ സംരംഭകരുടെ ഹോട്ടലുകളും റിസോര്‍ട്ടുകളും  നെല്ലിയാമ്പതിയിൽ  ധാരാളമുണ്ട്. പലകപ്പാണ്ടി എസ്റ്റേറ്റില്‍ എത്തുന്നതു വരെ ഇരുവശത്തുമുള്ള ചില കൃഷിത്തോട്ടങ്ങളിലും  താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പലകപ്പാണ്ടി എസ്റ്റേറ്റില്‍ ബ്രിട്ടീഷുകാരുടെ കാലത്തു പണിത ഒരു ബംഗ്ലാവുണ്ട്. അതും ഇപ്പോൾ ഒരു സ്വകാര്യ റിസോര്‍ട്ടാണ്. താഴെ, കൈകാട്ടിയില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍ ഉണ്ട്. ദീര്‍ഘദൂര നടത്തത്തിന്  താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടം മുതൽ നെല്ലിയാമ്പതി വരെ നടന്ന് കയറാം.

(തുടരും...)