Pages

Thursday, September 29, 2016

ചിത്രശലഭങ്ങളുടെ വീട് - 3

       ഉമ്മയുടെ തക്കാളിച്ചെടികളില്‍ മിക്കവയിലും തക്കാളി ഉണ്ടായി നില്‍ക്കുന്നുണ്ടായിരുന്നു. ഉയര്‍ന്നു പൊങ്ങി പറന്നു വന്ന ഒരു ശലഭത്തിന്റെ നിറം പച്ചത്തക്കാളിയുടേത് തന്നെ എന്ന് മനസ്സില്‍ പറഞ്ഞപ്പോഴേക്കും അവന്‍ പോയി ഒളിച്ചു.എന്റെ പപ്പരാസിക്കണ്ണുണ്ടോ അതിനെ വെറുതെ വിടുന്നു.പതുങ്ങി പതുങ്ങി അടുത്തെത്തി ഒരു ക്ലിക്ക് , അടുത്തതിന് ശ്രമിച്ചപ്പോഴേക്കും അവന്‍ സ്ഥലം വിട്ടു.പച്ചത്തക്കാളിയില്‍ അവന്റെ ഇരിപ്പ് പെട്ടെന്ന് കണ്ടെത്താന്‍ പ്രയാസം തന്നെ.
       തക്കാളിച്ചെടിയുടെ അടുത്ത് നിന്ന് മെല്ലെ ഞാന്‍ എണീറ്റു. അയല്‍‌വാസിയുടെ മതിലിനോട് ചേര്‍ന്ന് പുല്ലുകള് വളര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു.അവരുടെ വീട്ടിലെ പല മാലിന്യങ്ങളും അവിടെ കൊണ്ട് തട്ടിയിരുന്നു. ആ പുല്ലിനിടയിലൂടെ മാലിന്യം ചുറ്റിപ്പറ്റി മണ്ണിന്റെ നിറമുള ഒരു കുഞ്ഞന്‍ ശലഭം നൃത്തം വച്ചു.കാണാന്‍ അത്ര സൌന്ദര്യം ഇല്ലെങ്കിലും അതും ഒരു ശലഭമായതിനാല്‍ ഞാന്‍ ക്യാമറ റെഡിയാക്കി.പക്ഷെ അവന്‍ നിന്ന് തന്നില്ല.അതോടെ അവനെയും ഞാന്‍ മൂവിയാക്കി.
       ആ കാട്ടില്‍ നിന്നാല്‍ ഒരു പക്ഷെ പാമ്പിനെയും ക്യാമറയില്‍ പിടിക്കേണ്ടി വന്നേക്കാം എന്നതിനാല്‍ ഞാന്‍ എന്റെ വഴിയിലേക്ക് തന്നെയിറങ്ങി. അവിടെ അതാ അടുത്ത ബ്ലാക്ക് ആന്റ് വൈറ്റ് പാവാടക്കാരി! മുമ്പത്തെ മണ്ണിന്‍ നിറക്കാരനെ മൂവിയിലാക്കാമെങ്കില്‍ എന്നെയും മൂവി തന്നെ ആക്കിക്കോ എന്ന് ഒരിടത്തും ഇരിക്കാതെ അത് എന്നെ പഠിപ്പിച്ചു.
       പെട്ടെന്ന് എന്റെ തലക്ക് മുകളിലൂടെ ഒരാള്‍ പറന്നു.തൊട്ട് മുമ്പ് കണ്ട ബ്ലാക്ക് ആന്റ് വൈറ്റ് പാവാടക്കാരിയുടെ അതേ വലിപ്പം.പക്ഷേ അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരി.ചിറക് നിറയെ പല വര്‍ണ്ണത്തിലുള കുത്തുകളുമായി അവള്‍ എന്റെ ശ്രദ്ധ ക്ഷണിച്ചു. എന്റെ ക്യാമറക്കണ്ണിലകപ്പെട്ട് ചാരിത്ര്യം നശിപ്പിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഞാന്‍ അതിനെ അതിന്റെ പാട്ടിന് വിട്ടു. അരീക്കോടന്റെ ബ്ലോഗിലൂടെ അനശ്വരനാകാനുള അവസരം അവള്‍ സ്വയം നഷ്ടപ്പെടുത്തി!

      പെട്ടെന്നാണ് എന്റ്റെ കാലിനടുത്തുകൂടെ ഒരു മഞ്ഞക്കളര്‍ മിന്നിമറഞ്ഞത്. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് അത് പോയത് എന്നതിനാല്‍ ഞാന്‍ വേഗം അവിടെക്കെത്തി.പക്ഷെ നേരത്തെ രണ്ട് പേരെ കണ്ടുമുട്ടിയ അതേ മല്ലികയുടെ പുറത്ത് അതാ പുതിയ ഒരതിഥി കൂടി ! ചിറക് വിരിച്ചുള ആ ഇരിപ്പിന് തന്നെ ഒരു ഗാംഭീര്യമുണ്ട്.ചിറക് മടക്കി ഒതുക്കി വച്ചപ്പോളാണ് ഇവന്‍ ഒന്നാംതരം ആള്‍മാറാട്ടക്കാരന്‍ കൂടിയാണെന്ന് മനസ്സിലായത്.

      തൊട്ടപ്പുറത്തെ കുമ്പളവളിയില്‍ ഒരു മഞ്ഞപ്പൂവ് വിരിഞ്ഞു നില്‍ക്കുന്നുണ്ട്. പൂവിനകത്ത് മറ്റൊരു മഞ്ഞപ്പൂവ് കണ്ട് ഞാന്‍ അങ്ങോട്ട് തിരിഞ്ഞതും അകത്തെ മഞ്ഞപ്പൂവ് പറന്നുപൊങ്ങി!! തൊട്ടടുത്ത് തന്നെയുള വെളത്തണ്ടില്‍ അത് ഇരുപ്പുറപ്പിച്ചപ്പോള്‍ എനിക്ക് സമാധാനമായി.
       അതിനെയും ക്യാമറയില്‍ പകര്‍ത്തി ഞാന്‍ പഴയ മല്ലികയിലേക്ക് തന്നെ വെറുതെ നോക്കി. അതാ വീണ്ടും പുതിയൊരു ബ്ലാക്ക് ആന്റ് വൈറ്റ് പാവാടക്കാരി! ബ്ലാക്ക് ആണോ വൈറ്റ് ആണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ ഞാന്‍ ഉത്തരം മുട്ടും.അതിനാല്‍ നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം.
      ഇനിയും കൂടുതല്‍ ഇനം ശലഭങ്ങളെ കണ്ടേക്കാം എന്ന വിശ്വാസത്തില്‍ ഞാന്‍ വാച്ചിലേക്ക് നോക്കി. രണ്ട് മണിക്കൂറോളമായി ഞാന്‍ ശലഭങ്ങളുടെ പിന്നാലെയാണ്. നേരത്തെ കണ്ടതെന്ന് തോന്നിയ ഒരു കുഞ്ഞ് ശലഭം കൂടി പുല്ലിലെ പൂക്കളിലും ഇലകളിലും ഇരിക്കുന്നു,പറക്കുന്നു. സ്റ്റില്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കാത്തതിനാല്‍ ഞാന്‍ അതിനെ ഉപേക്ഷിച്ച് പോകാന്‍ തുടങ്ങുമ്പോഴാണ് അത് ചിറക് വിരിച്ചത്.ചിറകിന്റെ മുകള്‍ഭാഗം ഇളം നീലനിറത്തിലായിരുന്നു. അതായത് ഇതൊരു പുതിയതരം ശലഭം തന്നെ.
      ഇന്ന് രാവിലെ എന്നെ ഈ പണിയിലേക്ക് നയിച്ച മല്ലികയില്‍ തന്നെ ഇന്നത്തെ ശലഭ നിരീക്ഷണം അവസാനിപ്പിക്കാം എന്ന് കരുതി ഞാന്‍ അങ്ങോട്ട് നീങ്ങി.അവിടെ പൂമ്പാറ്റകളുടെ എണ്ണം കൂടിയിട്ടേയുള്ളൂ‍.പക്ഷേ ഒരുത്തന്‍ എല്ലാവരെയും പിന്നാലെ പറക്കുന്നു! അവന്‍ ഒരു പൂവാലനാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.ഒരു സെല്‍ഫിക്ക് അവന്‍ ഗംഭീരമായി പോസ് ചെയ്ത് തന്നു. ഇന്ന് ഞാന്‍ എന്റെ മുറ്റത്ത് കാണുന്ന പതിനാറാമത്തെ തരമായിരുന്നു അത്!
      ഒരു കൌതുകത്തില്‍ നിന്നും തുടങ്ങിയ ഞാന്‍ എന്റെ മുറ്റത്തെ ശലഭ വൈവിദ്ധ്യത്തില്‍ ഇപ്പോഴും അത്ഭുതം കൊള്ളു‍ന്നു.എന്റെ വീട് ശരിക്കും ചിത്രശലഭങ്ങളുടെ കൂടി വീട് ആണെന്ന് ഇന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

Wednesday, September 28, 2016

ചിത്രശലഭങ്ങളുടെ വീട്-2

         ക്യാമറയുമായി ചെന്ന എന്നെ വരവേറ്റത് ഒരു കൂട്ടം ശലഭങ്ങളായിരുന്നു.ഇവയില്‍ ഒന്നിന്റെയും പേര് എനിക്കറിയില്ല എന്നതാണ് സത്യം.യാതൊരു പേടിയും ഇല്ലാതെ എന്റെ മുമ്പിലൂടെ അവ തത്തിപ്പറന്നു.കുട്ടിക്കാലത്ത് കല്യാണത്തിന്ന്‍ പോയാല്‍ അവിടെ എടുക്കുന്ന ഫോട്ടോകളില്‍ പെടാനായി ഫ്ലാഷ് ലൈറ്റ് നോക്കി നില്‍ക്കാറുണ്ട്. ഫ്ലാഷ് ലൈറ്റ് കണ്ടാല്‍ ആ ഫോട്ടോയില്‍ ഞാനും പെട്ടിട്ടുണ്ട് എന്നാ‍യിരുന്നു അന്ന് ധരിച്ചു വച്ചിരുന്നത്.അതേ പോലെ എന്റെ ക്യാമറക്കണ്ണില്‍ പെടാന്‍ ഇവരും മത്സരിച്ചുകൊണ്ടിരുന്നു.


       അതേ ചെടിയില്‍ ആരെയും ശല്യപ്പെടുത്താതെ വെളയും ചാരനിറവും കലര്‍ന്ന ഒരു സുന്ദരി കൂടിയുണ്ടായിരുന്നു.അല്പ സമയം പൂവിലിരുന്ന് അവള്‍ തൊട്ടടുത്ത വാഴയിലയുടെ തുഞ്ചത്തേക്ക് സ്ഥലം മാറും.അല്പം വിശ്രമിച്ച് വീണ്ടും മല്ലികയില്‍ എത്തും.


       മൂന്നാമത് എന്റെ ശ്രദ്ധ ക്ഷണിച്ച ശലഭം എവിടെയും ഇരിക്കാന്‍ കൂട്ടാക്കാത്തതായിരുന്നു.വീടിന് പിന്നിലെ ചാമ്പക്ക,ചെറുനാരങ്ങ, ജാതിക്ക, കറിവേപ്പില എന്നിവയുടെ തൈകളുടെ ഇലകള്‍ക്കിടയിലൂടെ പറക്കുക എന്നതാണ് ഇവള്‍ക്കേറെ ഇഷ്ടം. ഏറെ പണിപ്പെട്ടിട്ടും അവള്‍ പോസ് ചെയ്ത് തരാത്തതിനാല്‍ ഞാനവളെ മൂവിയിലാക്കി.

       വീടിന്റെ അടുക്കള ഭാഗത്തുള ഉമ്മയുടെ പച്ചക്കറി ചെടികള്‍ക്ക് സമീപവും ചിലര്‍ ഉണ്ടാകും എന്ന ധാരണയില്‍ ഞാന്‍ അങ്ങോട്ട് നീങ്ങി. എന്റെ ധാരണ തെറ്റിയില്ല.ഏത് ഐറ്റമാണെന്നറിയാതെ മാറ്റി നട്ട ഒരു മല്ലികച്ചെടി അവിടെയും പൂവിട്ട് നിന്നിരുന്നു. ഒരു “കറുത്തവനും” ഒരു പുളിപ്പാവാടക്കാരിയും അവിടെ പൂക്കളുമായി സല്ലാപത്തില്‍ ഏര്‍പ്പെട്ടിരുന്നു.

     പെട്ടെന്നാണ് എന്റെ കാലില്‍ ഉമ്മവച്ച് ഒരു “കൊച്ച്” കടന്നുപോയത്. എത്ര പിന്തുടര്‍ന്നിട്ടും വിശ്രമമില്ലാതെ അവന്‍ പറന്നുകൊണ്ടിരുന്നു. നിലത്തോടും മതിലിനോടും ചേര്‍ന്നു നില്‍ക്കുന്ന പുല്ലിലും അതിലെ പൂവിലും ആണ് ഇവന്‍ ഭക്ഷണം കണ്ടെത്തുന്നത്.മുഴുവെള ശരീരത്തില്‍ കറുത്ത പുളികള്‍ ആണ് ഇവന്റെ വേഷം.

     കറിവേപ്പില പരിസരത്ത് പാറിനടന്നവള്‍ വിശ്രമത്തിലായോ എന്നറിയാന്‍ ഞാന്‍ വീണ്ടും അവിടെ എത്തി.തൊട്ടടുത്ത ചാമ്പക്ക തൈയെ ചുറ്റിപ്പറ്റി അതാ പുതിയൊരു ബ്ലാക് & വൈറ്റ് പാവാടക്കാരി! ഇലയില്‍ ഒളിച്ചിരിക്കാനാണ് താല്പര്യമെങ്കിലും ക്യാമറയോട് യാതൊരു വിമുഖതയും ഇല്ല.

      ഇതിനിടയില്‍ ഒരു ഗജപോക്കിരി എന്നെ മോഹിപ്പിച്ച് കടന്നുപോയി. ഇന്ന് ഞാന്‍ കണ്ടതില്‍ വച്ചേറ്റവും വലുതായിരുന്നു അത്.മാത്രമല്ല ഉയരത്തിലൂടെ മാത്രം പറക്കുന്നതും.എങ്കിലും കറുത്ത ചിറകിന്റെ അടിഭാഗത്ത് ഇളം നീല നിറത്തിലുള ബോര്‍ഡറുമായി സ്റ്റില് ഫോട്ടോക്കും മൂവിക്കും അവസരം തരാതെ പോക്കിരിത്തരം തുടര്‍ന്നു. പക്ഷെ അതിന്റെ പിന്നാലെയുള നടത്തം എന്നെ എത്തിച്ചത് ഇന്നത്തെ ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നിയ ആ ഒറ്റ ക്ലിക്ക് ഫോട്ടോയിലായിരുന്നു.

(തുടരും...)


Tuesday, September 27, 2016

ചിത്രശലഭങ്ങളുടെ വീട്-1

     ലീവെടുത്ത് കുടുംബത്തോടൊപ്പം ഒരു ദിവസം പങ്കിടുമ്പോളെല്ലാം ആ ദിവസത്തില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണം എന്നൊരു നിര്‍ബന്ധം പലപ്പോഴും എനിക്കുണ്ടാവാറുണ്ട്.അത് ഒരു പക്ഷേ വീട്ടിനകത്തെ ചില പണികള്‍ ആയിരിക്കാം, മക്കളുടെ ചില ആവശ്യങ്ങള്‍ നിറവേറ്റലായിരിക്കാം, പരിസരശുചീകരണമാകാം, പച്ചക്കറിത്തോട്ടത്തിലെ പണികളായിരിക്കാം, ചെടികളുടെ പരിപാലനമായിരിക്കാം. ഇന്നും ഒരു ശുചീകരണം ആസൂത്രണം ചെയ്തുകൊണ്ട് രാവിലെത്തന്നെ കൊച്ചുമോനെയും എടുത്ത് അല്പനേരം പുറത്തിറങ്ങി.
      കോളേജില്‍ ഒരു ശലഭോദ്യാനം ഉണ്ടാക്കാന്‍ കുട്ടികള്‍ പദ്ധതിയിടുന്നുണ്ട്.അതിനാവശ്യമായ ചെടികള്‍ ഏതൊക്കെയെന്ന് അവര്‍ തന്നെ കണ്ടെത്തിക്കോളാം എന്ന് പറഞ്ഞപ്പോള്‍ വീട്ടിലും അത്തരം ഒരു ശലഭോദ്യാനം ഉണ്ടാക്കാം എന്ന് ഞാന്‍ അന്നേ മനസ്സില്‍ ഉറപ്പിച്ചിരുന്നു. 
      എന്റെ മുറ്റത്തെ സസ്യവൈവിദ്ധ്യം ഞാന്‍ മുമ്പ് ഇവിടെ പറഞ്ഞിരുന്നു. ഞാനും മക്കളും നട്ട നിരവധി ചെടികളുടെ ഇലയും പൂവും ഉണ്ടാക്കുന്ന വര്‍ണ്ണ വൈവിധ്യവും ഉമ്മയുടെയും എന്റെയും വിവിധ പച്ചക്കറി ചെടികളുടെ പൂക്കളും പറമ്പിലെ കാട്ടുപൂക്കളും എല്ലാം കൂടി മുറ്റവും പരിസരവും വര്‍ണ്ണപൂരിതമാണ്. മഴ മാറി വെയിലൊന്ന് തല കാണിച്ചാല്‍ ഈ വൈവിധ്യം ആസ്വദിക്കാന്‍ നിരവധി ജന്തുജാലങ്ങള്‍ എത്താറുണ്ടെങ്കിലും അവയെ സസൂക്ഷ്മം ശ്രദ്ധിക്കാന്‍ ഇതുവരെ സമയം കണ്ടെത്തിയിരുന്നില്ല. 
      പെട്ടെന്നാണ് വീടിനു മുമ്പിലെ പറമ്പിലുള കിണറിനടുത്ത് പൂത്ത് നില്‍ക്കുന്ന മല്ലികകളില്‍ രണ്ട് മൂന്ന് പൂമ്പാറ്റകള്‍ വന്നിരിക്കുന്നത് ഞാന്‍ കണ്ടത്.അഞ്ച് മാസം പ്രായമായ മോന്‍ അവയെ നോക്കി നിന്നുകൊളും എന്ന് കരുതി ഞാന്‍ അതിനടുത്തേക്ക് നീങ്ങി. ക്രമേണ പൂമ്പാറ്റകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.അതില്‍ മിക്കവയും ഒരേ അമ്മ പെറ്റ മക്കളെപ്പോലെ സാമ്യമുളതായിരുന്നു. 
      തേനുണ്ണുന്ന പൂമ്പാറ്റകളുടെ അംഗവിക്ഷേപങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ചപ്പോള്‍ എനിക്കെന്തോ ഒരു പ്രത്യേക കൌതുകം തോന്നി. പൂമ്പാറ്റകളുടെ ശരീര സൌന്ദര്യം കണ്ട് സ്കൂളില്‍ പഠിച്ച ഉള്ളൂരിന്റെ വരികള്‍ മനസ്സിലൂടെ കടന്നുപോയി.
ചിത്രപതംഗമേ! നിന്നെ കണ്ടെന്‍
   ചിത്തം തുടിച്ചുയരുന്നു.
വാര്‍മഴവില്ലിന്റെ സത്താല്‍ത്തന്നെ
    നാന്മുഖന്‍ നിന്മെയ് ചമച്ചു;
ആനന്ദത്തിന്റെ രസത്താല്‍ത്തന്നെ
    മാനസം തീര്‍ത്തതില്‍ വച്ചു;
      പൂമ്പാറ്റകളുടെ എണ്ണം മാത്രമല്ല ആകൃതിയും വര്‍ണ്ണവും മാറി മാറി വരുന്നതായി പെട്ടെന്ന് തന്നെ ഞാന്‍ മനസ്സിലാക്കി. അതിനാല്‍ തന്നെ  അവയുടെ കുറച്ച് ഫോട്ടോകള്‍ പിടിക്കാന്‍ ഞാന്‍ തീരുമാനിച്ചു. രണ്ട് മണിക്കൂര്‍ എന്റെ സാദാ ക്യാമറയും കൊണ്ട് എന്റെ വീടിന് ചുറ്റും നടന്ന് കഴിഞ്ഞപ്പോള്‍ കിട്ടിയ ശലഭവൈവിധ്യം കണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടു.


(തുടരും....)

ഒരു നൊട്ടങ്ങാക്കാലം

ചെറുപ്പത്തിലന്ന് നമ്മള്‍
മണ്ണുവാരി കളിച്ചപ്പോള്‍....”
ഉമ്പായിയുടെ വരികള്‍ കര്‍ണ്ണത്തില്‍ വന്നലക്കുമ്പോഴാണ് ദൃഷ്ടിയില്‍ പെട്ട ആ ചെടി എന്നെയും കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. അന്ന് ഒളിച്ചു കളിക്കുമ്പോള്‍ തൊടിയിലൂടെ ഓടുന്ന സമയത്ത് ചുറ്റുമുള കാട്ടുചെടികളിലേക്കും ഒരു കണ്ണ് അറിയാതെ പായും. കളിക്കിടയില്‍ ചില കാട്ടുകനികളും ഞങ്ങള്‍ പറിച്ചു തിന്നാറുണ്ട്.അതില്‍ ഒന്നാണ് നൊട്ടങ്ങ.അതിനെത്തേടി കുട്ടികളായ ഞങ്ങള്‍ ചിലപ്പോള്‍ കൂട്ടമായി തൊടിയിലൂടെ നടക്കാറുമുണ്ട്.

മിക്കവാറും പുല്ല് നന്നായി വളര്‍ന്നു നില്‍ക്കുന്നതിനിടയില്‍ ഒറ്റച്ചെടിയായാണ് നൊട്ടങ്ങ കാണാറ്.കണ്ടെത്തിയാല്‍ പിന്നെ അതിലുള ചെറുതും വലുതും ഒക്കെ പറിക്കും.പിന്നെ എല്ലാവരും പങ്കിട്ടെടുത്ത് തിന്നും.ചെറുത് നല്ല കയ്പ്പും മൂത്തത് ഒരു തരം പുളിപ്പും ആയിരിക്കും രുചി.എന്റെ തറവാട് വീടിന്റെ തൊട്ടുമുമ്പില്‍ തന്നെയുണ്ടായിരുന്ന അമ്മാവന്റെ സ്ഥലത്താണ് അധികവും ഈ ചെടി കണ്ടെത്താറ്.

ഉമ്മ മത്തനും വഴുതനയും ഒക്കെ നട്ടതിന്റെ തൊട്ടടുത്തായാണ് ഇന്ന് രണ്ട് നൊട്ടങ്ങ ചെടികള്‍ തഴച്ചു വളര്‍ന്ന് നില്‍ക്കുന്നത് കണ്ടത്.നിറയെ കായ ഉണ്ടെങ്കിലും മക്കള്‍ക്കാര്‍ക്കും അത് വേണ്ട. പച്ചക്കറികള്‍ക്ക് ഇടാനായി ഉമ്മ വാങ്ങിയ ചാണകപ്പൊടി കൂട്ടിയിട്ട സ്ഥലത്താണ് ഈ ചെടികള്‍ വളര്‍ന്നിരുന്നത്.

പുറം തൊലി ഉണങ്ങി തവിട്ടു നിറത്തിലായ ഒരു നൊട്ടങ്ങക്കായ ഞാന്‍ മെല്ലെ പറിച്ച് തൊലി കളഞ്ഞ് വായിലിട്ടു.

നൊട്ടങ്ങയുടെ തരികള്‍ എന്റെ വായിനകത്ത് പുളിരസം പരത്തിയപ്പോള്‍ ഞാന്‍ എന്റെ ട്രൌസറ് പ്രായത്തിലെത്തി.അന്നനാളത്തിലൂടെ അത് ഊര്‍ന്നിറങ്ങുമ്പോള്‍ നാല്‍ ദശാബ്ദങ്ങള്‍ക്ക് അപ്പുറത്തേക്കാണ് അതിന്റെ യാത്ര എന്നത് ആ പാവം നൊട്ടങ്ങ അറിഞ്ഞോ ആവോ?

Monday, September 26, 2016

കാഞ്ചനമാല ചേച്ചിയും ഞാനും

സിനിമ കാണല്‍ എന്തുകൊണ്ടോ മുമ്പേ എന്റെ ജീവിതാജണ്ടയില്‍ കയറാത്ത ഒരു സാധനമായിരുന്നു.സി.ഡിയും ഡി.വി.ഡിയും ആയി എല്ലാ മുറുക്കാന്‍ കടകളിലും സിനിമ കിട്ടുന്ന ഇന്നത്തെ കാലത്തിന് മുമ്പ് രണ്ടര-മൂന്ന് മണിക്കൂര്‍ സിനിമാ കൊട്ടകയിലെ ചൂടും സഹിച്ച് കുറെ വിരുതന്മാര്‍ ഊതിവിടുന്ന പുകയും ശ്വസിച്ച് അത് കണ്ടിരിക്കുക എന്ന വിരസതയായിരിക്കാം ഒരു പക്ഷെ അതിന് കാരണം. ഭൂമിയില്‍ പിറന്നിട്ട് 45 വര്‍ഷം തികഞ്ഞെങ്കിലും 25ല്‍ അധികം സിനിമകള്‍ കണ്ടതായി എന്‍റ്റെ ഓര്‍മ്മയിലില്ല.

ഉസ്താദ് ഹോട്ടലിന്റെ ഗംഭീര വിജയത്തില്‍ അതിന്റെ പിന്നണി പ്രവര്‍ത്തകര്‍, കിടപ്പിലായ രോഗികള്‍ക്ക് വേണ്ടി ഒരു സംഗമവും സൌജന്യ സിനിമാപ്രദര്‍ശനവും കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ വച്ച് നടത്തിയിരുന്നു.പ്രസ്തുത സിനിമയുടെ തിരക്കഥാകൃത്തായ അഞ്ജലി മേനോന്റെ സുഹൃത്തും എന്റെ ക്ലാസ് മേറ്റുമായ സിനിമാ നിരൂപക ഷാഹിനയെ അവിടെ വച്ച് കണ്ടുമുട്ടി.സിനിമ എന്ന മാധ്യമം ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി നല്ല സിനിമകള്‍ കാണണം എന്ന് ഷാഹിന എന്നെ ധരിപ്പിച്ചു. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളില്‍ ഹ്രസ്വസിനിമകള്‍ ചെയ്യാന്‍ അതിന് മുമ്പും പിമ്പും ഞാന്‍ എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാറുണ്ട്.

സിനിമയുമായി ബന്ധമില്ലെങ്കിലും പലപ്പോഴും സിനിമാ പ്രവര്‍ത്തകരുമായി ഇടപഴകാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. തത്സ്മയം തോന്നിയ ഒരു ചിന്തയില്‍ സമൂഹ്യപ്രവര്‍ത്തകയായ കാഞ്ചനമാല ചേച്ചിയെ ഒരു എന്‍.എസ്.എസ് ക്യാമ്പില്‍ എത്തിച്ച കാര്യവും എനിക്കവരെ കാണാന്‍ പറ്റാത്തതും ഞാന്‍ ഇവിടെ പങ്ക് വച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 31ന് മാനന്തവാടി വച്ച് നടന്ന കിടപ്പുരോഗികളുടെ സ്നേഹസംഗമത്തില്‍ തികച്ചും യാദൃശ്ചികമായി അതും സംഭവിച്ചു.

സ്നേഹസംഗമത്തിലെ രോഗികളെ പരിചരിക്കാനും സന്നദ്ധസേവനത്തിനും കലാപരിപാടികള്‍ അവതരിപ്പിക്കാനും എന്റെ കോളേജിലെ ഇരുപതോളം എന്‍.എസ്.എസ് വളണ്ടിയര്‍മാരെ ഞാന്‍ നിയോഗിച്ചിരുന്നു. അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി ഞാനും കൃത്യസമയത്ത് എത്തി. പരിപാടിയിലെ മുഖ്യാതിഥിയായി കാഞ്ചനച്ചേച്ചി എത്തിയപ്പോള്‍ ഡോക്യുമെന്റേഷന് വേണ്ടി ഞാനും ദൂരെ നിന്ന് ഒരു ഫോട്ടോ എടുത്തു. ശേഷം ചേച്ചി സ്റ്റേജിലേക്കും ഞാന്‍ ആള്‍ക്കൂട്ടത്തിലേക്കും ചേക്കേറി.

ചടങ്ങില്‍ പങ്കെടുക്കാനും ആശംസകള്‍ നേരാനും എത്തിയ മിക്കവരും കാഞ്ചനച്ചേച്ചിയെ പരിചയപ്പെടാനും സെല്‍ഫി എടുക്കാനും തിക്കിത്തിരക്കി.’ എന്ന് നിന്റെ മൊയ്ദീന്‍’ ഇന്നും കണ്ടിട്ടില്ലാത്ത എനിക്ക് അതിന്റെ ത്രില്ല് അനുഭവപ്പെട്ടില്ല.ഇടക്ക് ഏതോ ഒരു വളണ്ടിയറെ അന്വേഷിച്ച് ഞാന്‍ സ്റ്റേജിനടുത്തുള്ള വാതിലില്‍ എത്തി.അപ്പോള്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബസ്സില്‍ വച്ച് പരിചയപ്പെട്ട നിലമ്പൂര്‍ സ്വദേശിയും ഡി.എം.ഒ ഓഫീസിലെ ജീവനക്കാരനുമായ കൃഷ്ണേട്ടന്‍(പച്ചക്കുപ്പായക്കാരന്‍) എന്നെ സ്റ്റേജിലേക്ക് മാടിവിളിച്ചു.അതുവരെ കസേരയില്‍ ഇരിക്കുകയായിരുന്ന കാഞ്ചനച്ചേച്ചി പെട്ടെന്ന് എഴുന്നേറ്റ് നിന്നു! ഞാന്‍ ചെന്ന് ഹസ്തദാനം ചെയ്ത് സ്വയം പരിചയപ്പെടുത്തി. അരീക്കോട്ടുകാരനാണ് എന്ന് പറഞ്ഞപ്പോള്‍ ചേച്ചിയുടെ മുഖത്ത് ഒരു പൂനിലാവുദിച്ചു.
എന്റെ വളണ്ടിയര്‍മാര്‍ എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം ഞാന്‍ ചേച്ചിയെ അറിയിച്ചു - ചേച്ചിയുടെ കൂടെ ഒരു ഗ്രൂപ് ഫോട്ടോ. ഗ്രൂപ് ഫോട്ടോയും ആവശ്യമുള്ളത്രയും സെല്‍ഫിയും ഒക്കെ എടുത്ത് എന്റെ പ്രിയപ്പെട്ട മക്കളും ആ ദിനം അവിസ്മരണീയമാക്കി.

Saturday, September 17, 2016

മൂന്ന് അദ്ധ്യാപകദിനാശംസകള്‍

       ഒരു അദ്ധ്യാപകദിനം കൂടി ജീവിതത്തിലൂടെ കടന്നുപോയി. എഡുക്കേഷനില്‍ ബാച്ചിലര്‍ ബിരുദം ഉണ്ടെങ്കിലും കുട്ടികളെ നേരിട്ട് പഠിപ്പിക്കുന്ന ഉദ്യോഗമല്ല ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ അദ്ധ്യാപകഗണത്തില്‍ എണ്ണപ്പെടുകയും ചെയ്യും. മാതാപിതാക്കള്‍ അദ്ധ്യാപകര്‍ ആയിരുന്നതിനാല്‍ ഈ ദിനം എല്ലാ വര്‍ഷവും ഞാന്‍ ഓര്‍ത്തുവയ്ക്കും.
      ഈ വര്‍ഷത്തെ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍ ചില പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. അന്നേ ദിവസം ഞാന്‍ വീട്ടില്‍ നിന്ന് മാനന്തവാടിയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ മൊബൈല്‍ഫോണില്‍ ഒരു മെസേജ് വന്നു. തൃശൂര്‍ വലപ്പാട് ശ്രീരാമ പോളിടെക്നിക്കിലെ മുന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജയചന്ദ്രന്‍ മാഷ് അയച്ച ആ സന്ദേശം ഇങ്ങനെയായിരുന്നു.

   കോളേജില്‍ എത്തി എന്റെ സീറ്റില്‍ ജോലിയില്‍ വ്യാപൃതനായിരിക്കെ ഒരു കൂട്ടം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കടന്നുവന്നു. അവര്‍ സ്വയം നിര്‍മ്മിച്ച ഒരു ആശംസാകാര്‍ഡ് പുഞ്ചിരിയോടെ എനിക്ക് തന്നുകൊണ്ട് അദ്ധ്യാപകദിനാശംസകള്‍ നേര്‍ന്നു. അല്പനേരം ഞാന്‍ ആ കാര്‍ഡിന്റെ പുറം ഭംഗി ആസ്വദിച്ചു.


ശേഷം ഉള്ളിലെ സന്ദേശം വായിക്കാനായി ഞാന്‍ കാര്‍ഡ് തുറന്നു. അത് ഇപ്രകാരമായിരുന്നു !!


       കോളേജിലെ എല്ലാ അദ്ധ്യാപകര്‍ക്കും അവരുടെ അധ്യാപന ജീവിതത്തിലെ ഒരു പുത്തന്‍ അനുഭവം സമ്മാനിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ട വളണ്ടിയര്‍മാര്‍ ആ ദിനം അവിസ്മരണീയമാക്കി.രാത്രി റൂമിലിരിക്കുമ്പോള്‍ എന്റെ മൊബൈല്‍ഫോണില്‍ ഒരു മെസേജ് വന്നു. തിരുവനന്തപുരം സ്വദേശിയും പ്രമുഖ ട്രെയിനറുമായ ശ്രീ.ബ്രഹ്മനായകംമഹാദേവന്‍ സാര്‍ ആയിരുന്നു ആ സന്ദേശം അയച്ചത്. അത് ഇങ്ങനെയായിരുന്നു !!!
       ഈ ഭൂമിയില്‍ അല്പം ചിലര്‍ക്കെങ്കിലും വെളിച്ചം കാണിക്കാനും പ്രചോദനം നല്‍കാനും എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചതില്‍ ഞാന്‍ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുന്നു.

മുക്കം നൈറ്റ് സ്

       അരീക്കോട് നിന്നും 20-25 മിനുട്ട് ഡ്രൈവ് ചെയ്താല്‍ എത്തുന്ന ഒരു ചെറിയ പട്ടണമാണ് മുക്കം. മുസ്ലിംങ്ങള്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്ന ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ദൂരെയുള മക്കയെപ്പറ്റി കേട്ടതിന് ശേഷമാണ് എന്റെ നാട്ടില്‍ നിന്നും വെറും 12 കിലോമീറ്റര്‍ ദൂരം മാത്രമുള മുക്കത്തെപ്പറ്റി ഞാന്‍ കേട്ടത്. പേരിലുള ഈ സാമ്യം കാരണം അന്നേ കുട്ടികളായ ഞങ്ങള്‍ക്കിടയില്‍ “ചര്‍ച്ചാ”വിഷയമായിരുന്നു. ‘എന്ന് നിന്റെ മൊയ്തീന്‍‘ എന്ന സിനിമയോടെ മുക്കം ആഗോളപ്രശസ്തിയും കൈവരിച്ചു.
       സംസ്ഥാന സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് ലിംഗസമത്വ പ്രചാരണ പരിപാടിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ “ജെന്‍സിസ്” എന്നൊരു പ്രോഗ്രാം നടത്തിയിരുന്നു. പ്രസ്തുത പ്രോഗ്രാമിന്റെ പ്രൊജക്ട് ഇന്‍ ചാര്‍ജ്ജ് ആയിരുന്നു ഞാന്‍. ക്യാമ്പ് ഡയരക്ടര്‍ തിരുവനന്തപുരം സ്വദേശി ശ്രീ. ബ്രഹ്മനായകം മഹാദേവന്‍ സാറും.പ്രൊജക്ടിന്റെ ഭാഗമായി രണ്ട് മേഖലകളാക്കി സംസ്ഥാനതല ക്യാമ്പുകള്‍ നടത്തിയതില്‍ ഉത്തരമേഖലാ ക്യാമ്പ് നടന്നത് മുക്കത്തിനടുത്തുള കെ.എം.സി.ടി.വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ ആയിരുന്നു.
      ആദ്യ ദിവസത്തെ പ്രോഗ്രാം കഴിഞ്ഞ് ഞാനും സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ തിരൂര്‍ സ്വദേശി ജബ്ബാര്‍ സാറും പ്രൊജക്ട് കണ്‍സള്‍ട്ടന്റ് എറണാകുളം സ്വദേശി നിസാം സാറും ഞങ്ങള്‍ക്ക് താമസമൊരുക്കിയ മുക്കം ടൌണിലെ ലോഡ്ജിലേക്ക് തിരിച്ചു. ബ്രഹ്മനായകം സാറിന് കോളേജില്‍ തന്നെ സൌകര്യം ഒരുക്കിയിരുന്നെങ്കിലും അദ്ദേഹവും ഞങ്ങളുടെ കൂടെ ലോഡ്ജിലേക്ക് പോന്നു.
      സമയം രാത്രി പതിനൊന്നര.ആമാശയത്തിന് അല്പം ആശ്വാസം നല്‍കാന്‍ ഞങ്ങള്‍ മുക്കം ടൌണിലേക്കിറങ്ങി. അരീക്കോട് റോഡിലെ തട്ടുകട അപ്പോള്‍ സജീവമായിരുന്നു.

“ഒരു ഡബിള്‍ ബുള്‍സൈ” ജബ്ബാര്‍സാര്‍ ആദ്യ ഓര്‍ഡര്‍ കൊടുത്തു.

“അതെന്നെ , മൂന്നെണ്ണം കൂടി...” ഞങ്ങളും ഓര്‍ഡര്‍ നല്‍കി.

അല്പ സമയത്തിനകം ആവിപറക്കുന്ന ബുള്‍സൈകള്‍ ഞങ്ങളുടെ ആമാശയം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. പ്ലേറ്റ് പെട്ടെന്ന് കാലിയായതിനാല്‍ ജബ്ബാര്‍ സാര്‍ അടുത്ത ഓര്‍ഡര്‍ കൊടുത്തു.

“ഒരു ഡബിള്‍ ഓം‌ലറ്റ്...”

“എനിക്കും...” ഞാനും ബ്രഹ്മനായകം സാറും പറഞ്ഞത് ഒരുമിച്ചായി.

“എനിക്ക് രണ്ട് സിംഗിള്‍...” നിസാം സാറ് വ്യത്യസ്തനായി. 
അതാണ് ലാഭമെന്ന് കാര്യകാരണ സഹിതം നിസാം സാറ് വ്യക്തമാക്കിയപ്പോഴേക്കും ഓമ്ലറ്റുകള്‍ മുന്നില്‍ നിരന്നു കഴിഞ്ഞിരുന്നു (അടുത്ത ദിവസം രാത്രി എല്ലാവരും രണ്ട് സിംഗിള്‍ വീതം ആക്കി!!).തീറ്റക്ക് ശേഷം കാശും നല്‍കി വണ്ടിയില്‍ തിരിച്ച് കയറി. അല്പം മുന്നോട്ട് പോയി സൌകര്യപ്രദമായ സ്ഥലത്ത് നിന്നും വണ്ടി തിരിച്ചപ്പോള്‍ ഞാന്‍ വെറുതെ പറഞ്ഞു – 
“ അതാ...ആ സ്ഥലത്തായിരുന്നു സേവാമന്ദിര്‍...”

“കാഞ്ചനചേച്ചിയുടെ സേവാമന്ദിറോ?” ബ്രഹ്മനായകം സാര്‍ ചോദിച്ചു.

“അതെ...നാളെ നമ്മുടെ ക്യാമ്പിലേക്ക് ഒന്ന് ക്ഷണിച്ചാലോ? ” ഞാന്‍ ചോദിച്ചു

“അതെ...നമ്മുടെ ക്യാമ്പില്‍ പങ്കെടുപ്പിക്കേണ്ട വ്യക്തിയാണ്...നാളെ നമുക്കൊന്ന് ശ്രമിക്കാം...” ബ്രഹ്മനായകം സാര്‍ പിന്താങ്ങി.

      പിറ്റേ ദിവസം എനിക്ക് എന്തോ ആവശ്യത്തിന് രാവിലെത്തന്നെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.മറ്റുളവര്‍ കോളേജില്‍ പോയി വളണ്ടിയര്‍മാര്‍ക്ക് ആക്ടിവിറ്റി നല്‍കി മുക്കത്തേക്ക് തന്നെ തിരിച്ചുപോന്നു. കാഞ്ചനചേച്ചിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.ഉച്ചയോടെ അവര്‍ ക്യാമ്പില്‍ എത്തിയപ്പോള്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും മുഖത്ത് “എന്ന് നിന്റെ മൊയ്തീനി”ലെ യഥാര്‍ത്ഥ നായികയെ നേരില്‍ കണ്ട അത്ഭുതമായിരുന്നു.

       അന്ന് രാത്രിയും മുക്കത്തെ ആ തട്ടുകടയിലെ കുറെ മുട്ടകള്‍ ഞങ്ങള്‍ക്ക് വേണ്ടി ബലികഴിക്കപ്പെട്ടു. പിന്നീട് കേരളത്തിലെ പല സ്ഥലത്തും ഈ ടീമിനായി മുട്ടകള്‍ പൊട്ടിയൊഴുകി. എന്നാല്‍ മുക്കത്ത് നിന്നും കഴിച്ചതിന്റെ രുചി എവിടെയും കിട്ടിയില്ല എന്ന് ടീമംഗങ്ങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

Tuesday, September 13, 2016

മുട്ട പുഴുങ്ങല്‍ എന്ന സിമ്പിള്‍ സ്റ്റോറി

ബാച്ചിലര്‍ ജീവിതത്തിലെ ചില കൌതുകങ്ങളിലൊന്നാണ് പാചക പരീക്ഷണങ്ങള്‍.വീട്ടുകാരെയും  ഭാവിയില്‍ വരാന്‍ പോകുന്ന വീട്ടുകാരിയെയും ഒന്ന് സര്‍പ്രൈസ് ആക്കാന്‍ വേണ്ടി കൂടിയാണ് ബാച്ചികളുടെ ഈ പാചകം എന്നാണ് ഞാന്‍ കരുതുന്നത്. വീട്ടില്‍ നിന്നും ഉണ്ടാക്കിത്തരുന്ന ഭക്ഷണങ്ങള്‍ക്ക് രുചി ഉണ്ടെങ്കിലും പൊതുവെ വ്യത്യസ്തത ഉണ്ടാകാറില്ല.ട്രഡീഷണല്‍ ഉപ്പ്മാവും പുട്ടും കടലക്കറിയും എല്ലാം മടുപ്പുളവാക്കുമ്പോള്‍ ഇന്ന് പലരും കുടുംബസമേതം ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളില്‍ അഭയം തേടുന്നു( എന്റെ ബാച്ചി ലൈഫ് കാലഘട്ടത്തില്‍, പ്രധാന കവലകളില്‍ സന്ധ്യ മയങ്ങിയാല്‍ മാത്രം പൊങ്ങുന്ന ഒന്നോ രണ്ടോ തട്ടുകടകള്‍ മാത്രമാണ് ഉണ്ടായിരുന്നത്).

സഹമുറിയരില്‍ ഒരാള്‍ ഓം‌ലെറ്റ് അടിക്കാന്‍ കൊണ്ടുവച്ച മുട്ടകള്‍ കണ്ടപ്പോഴാണ്, കുട്ടിക്കാലത്ത് വീട്ടിലെത്തുന്ന അതിഥികള്‍ക്ക് മുട്ട പുഴുങ്ങി നല്‍കിയിരുന്ന ഓര്‍മ്മകള്‍ തികട്ടി വന്നത്.വൈകിട്ട് ചായയുടെ കൂടെ മുട്ട പുഴുങ്ങി അടിക്കാം എന്ന് അതോടെ തീരുമാനമായി.

“മുട്ട പുഴുങ്ങല്‍ വെരി സിമ്പിളാ....വെള്ളത്തിലിട്ട് തിളപ്പിച്ചാല്‍ മതി...പക്ഷെ ഉപ്പ് രസം കിട്ടാന്‍..??” മുട്ട പുഴുങ്ങലിന്റെ പ്രായോഗിക ബുദ്ധിമുട്ട് ഞാന്‍ അവതരിപ്പിച്ചു.

“ശരിയാ...പുഴുങ്ങിയ മുട്ടക്ക് ഒരു ഉപ്പ് രസം ഉണ്ടാകാറുണ്ട്...മുട്ട പുഴുങ്ങുന്നതിന് ഒരു ദിവസം മുമ്പ് അത് ഉപ്പില്‍ പൂഴ്ത്തി വയ്ക്കണം എന്നാണ് പറയാറ്...” റൂമിലെ രണ്ടാമന്‍ അവന്റെ വെടി പൊട്ടിച്ചു.

“മുട്ട അരിയില്‍ പൂഴ്ത്താറുണ്ട്...ഉപ്പില്‍ പൂഴ്ത്തുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല...” ഞാന്‍ എന്റെ ഭാഗം പറഞ്ഞു.

“എടാ മണ്ടാ...മുട്ട ഉപ്പില്‍ പൂഴ്ത്തുന്നത് അത് കേടാകാതിരിക്കാനാ...സാള്‍ട്ട് ഇസ് എ ഫുഡ് പ്രിസര്‍വേറ്റീവ് എന്ന് കേട്ടിട്ടില്ലേ...?” മൂന്നാമന്‍ രണ്ടാമനെ ധരിപ്പിച്ചു.

“അപ്പോ പിന്നെ ഉപ്പ് രസം??” ഞാന്‍ വീണ്ടും ആഗോളപ്രശ്നം ഉന്നയിച്ചു.

“പുഴുങ്ങിയ മുട്ടയുടെ മുകളില്‍ ഒരു കുഴി കാണാറുണ്ട്...ഉപ്പ് നിക്ഷേപിക്കാനുള്ള കുഴിയാണത്...”രണ്ടാമന്‍ വീണ്ടും ആധികാരികമായി പ്രഖ്യാപിച്ചു.

“എനിക്കൊരൈഡിയ തോന്നുന്നു...സിറിഞ്ചില്‍ ഉപ്പ് വെള്ളം നിറച്ച് മുട്ടയില്‍ കയറ്റിയാലോ?” മൂന്നാമന്‍ പറഞ്ഞു.

“അത് കറക്ടാ...ഞാന്‍ മെഡിക്കല്‍ ഷോപ്പില്‍ പോയി സിറിഞ്ച് വാങ്ങി വരാം...”

“അതിനിന്ന് ഞായറാഴ്ചയല്ലേ?ഷോപ്പ് അടവായിരിക്കും...”കൂട്ടത്തില്‍ ആരുടെയോ ബുദ്ധി തത്സമയം പ്രവര്‍ത്തിച്ചു.

“നമ്മുടെ ഓണര്‍ ഇന്‍സുലിന്‍ കുത്തി വയ്ക്കാറുണ്ട്...അദ്ദേഹത്തിന്റെ അടുത്ത് സിറിഞ്ച് കാണും...”

“ഏയ്...മരുന്ന് നിറച്ച സിറിഞ്ച് പറ്റില്ല...” ഞാന്‍ പ്രശ്നം ഉന്നയിച്ചു.

“ഒരുകാര്യം ചെയ്യാം...മുട്ടയുടെ കൂര്‍ത്ത ഭാഗത്ത് ഒരു ചെറിയ ദ്വാരം ഇടുക...ശേഷം വെള്ളത്തില്‍ അല്പം ഉപ്പിട്ട് പുഴുങ്ങുക...” രണ്ടാമന്‍ പറഞ്ഞു.

“മുട്ടക്ക് ദ്വാരമിട്ടാല്‍ അതിനകത്തെ സാധനങ്ങളെല്ലാം പുറത്ത് വരില്ലേ?”

“അതിന് അല്പം ഫെവിക്കോള്‍ തേച്ച് കൊടുത്താല്‍ മതി...’

“ബെസ്റ്റ് ഐഡിയ...ഫെവിക്കോള്‍ കൂടി വയറ്റിലെത്തിച്ചിട്ട് വേണം ഹൃദയവും ശ്വാസകോശവും കൂടി ഒട്ടിപിടിക്കാന്‍...”

“എനിക്കൊരൈഡിയ തോന്നുന്നു...മുട്ട പുഴുങ്ങുന്ന വെള്ളത്തില്‍ അല്പം ഉപ്പിടുക.മുട്ടക്ക് മുകളില്‍ ഒരു മൊട്ടുസൂചി കൊണ്ട് ചെറിയൊരു ദ്വാരമിടുക. അത് സെല്ലോടാപ്പുകൊണ്ട് അടക്കുക.വെള്ളം തിളക്കുമ്പോള്‍ സെല്ലോടാപിന്നുള്ളിലൂടെ ഉപ്പ് വെള്ളം അകത്ത് കയറും...” ഞാന്‍ പറഞ്ഞു.

“ഓ പണ്ട് പഠിച്ച ഫോട്ടോസിന്തസിസ് തിയറി അല്ലേ?”

“മുട്ടയിലും ഫോട്ടോസിന്തസിസോ !!!???”

“ഫോട്ടോസിന്തസിസ് അല്ല...റിവേഴ്സ്  ഓസ്മോസിസ്...” ഞാന്‍ തിരുത്തി കൊടുത്തു.

അങ്ങനെ മൂന്ന് മുട്ടയെടുത്ത് ചെറിയ ദ്വാരമിട്ട് അത് സെല്ലോടാപ്പുകൊണ്ട് അടച്ചു.സ്റ്റൌവില്‍ വച്ച വെള്ളത്തിലേക്ക് അല്പം ഉപ്പ് കൂടി ഇട്ട് മുട്ടകള്‍ മൂന്നും അതിലേക്കിട്ടു.വെള്ളം തിളക്കാന്‍ തുടങ്ങിയതോടെ മുട്ടകള്‍ ഉരുണ്ട് മറിയാനും തുടങ്ങി.തിളച്ച് മറിയുന്ന വെള്ളം ക്രമേണ മഞ്ഞ നിറമാകുന്നത് കണ്ടെങ്കിലും ഞങ്ങളത് മൈന്റ് ചെയ്തില്ല.മൂന്ന് സെല്ലോടാപ്പ് കഷ്ണങ്ങളും കൂടി അവയ്കൊപ്പം പൊങ്ങി വന്നപ്പോഴാണ് മുട്ട പുഴുങ്ങല്‍ പാളിയതായി ഞങ്ങള്‍ മനസ്സിലാക്കിയത്.
(വിജയകരമായി പുഴുങ്ങിയ ഒരു മുട്ട തിന്ന ശേഷമുള്ള ഏമ്പക്കം ഓര്‍മ്മ അറകളില്‍ സൃഷ്ടിച്ച പ്രകമ്പനത്തില്‍ നിന്ന് പിറവി എടുത്തത്)