Pages

Saturday, September 17, 2016

മുക്കം നൈറ്റ് സ്

       അരീക്കോട് നിന്നും 20-25 മിനുട്ട് ഡ്രൈവ് ചെയ്താല്‍ എത്തുന്ന ഒരു ചെറിയ പട്ടണമാണ് മുക്കം. മുസ്ലിംങ്ങള്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്ന ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ദൂരെയുള മക്കയെപ്പറ്റി കേട്ടതിന് ശേഷമാണ് എന്റെ നാട്ടില്‍ നിന്നും വെറും 12 കിലോമീറ്റര്‍ ദൂരം മാത്രമുള മുക്കത്തെപ്പറ്റി ഞാന്‍ കേട്ടത്. പേരിലുള ഈ സാമ്യം കാരണം അന്നേ കുട്ടികളായ ഞങ്ങള്‍ക്കിടയില്‍ “ചര്‍ച്ചാ”വിഷയമായിരുന്നു. ‘എന്ന് നിന്റെ മൊയ്തീന്‍‘ എന്ന സിനിമയോടെ മുക്കം ആഗോളപ്രശസ്തിയും കൈവരിച്ചു.
       സംസ്ഥാന സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് ലിംഗസമത്വ പ്രചാരണ പരിപാടിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ “ജെന്‍സിസ്” എന്നൊരു പ്രോഗ്രാം നടത്തിയിരുന്നു. പ്രസ്തുത പ്രോഗ്രാമിന്റെ പ്രൊജക്ട് ഇന്‍ ചാര്‍ജ്ജ് ആയിരുന്നു ഞാന്‍. ക്യാമ്പ് ഡയരക്ടര്‍ തിരുവനന്തപുരം സ്വദേശി ശ്രീ. ബ്രഹ്മനായകം മഹാദേവന്‍ സാറും.പ്രൊജക്ടിന്റെ ഭാഗമായി രണ്ട് മേഖലകളാക്കി സംസ്ഥാനതല ക്യാമ്പുകള്‍ നടത്തിയതില്‍ ഉത്തരമേഖലാ ക്യാമ്പ് നടന്നത് മുക്കത്തിനടുത്തുള കെ.എം.സി.ടി.വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ ആയിരുന്നു.
      ആദ്യ ദിവസത്തെ പ്രോഗ്രാം കഴിഞ്ഞ് ഞാനും സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ തിരൂര്‍ സ്വദേശി ജബ്ബാര്‍ സാറും പ്രൊജക്ട് കണ്‍സള്‍ട്ടന്റ് എറണാകുളം സ്വദേശി നിസാം സാറും ഞങ്ങള്‍ക്ക് താമസമൊരുക്കിയ മുക്കം ടൌണിലെ ലോഡ്ജിലേക്ക് തിരിച്ചു. ബ്രഹ്മനായകം സാറിന് കോളേജില്‍ തന്നെ സൌകര്യം ഒരുക്കിയിരുന്നെങ്കിലും അദ്ദേഹവും ഞങ്ങളുടെ കൂടെ ലോഡ്ജിലേക്ക് പോന്നു.
      സമയം രാത്രി പതിനൊന്നര.ആമാശയത്തിന് അല്പം ആശ്വാസം നല്‍കാന്‍ ഞങ്ങള്‍ മുക്കം ടൌണിലേക്കിറങ്ങി. അരീക്കോട് റോഡിലെ തട്ടുകട അപ്പോള്‍ സജീവമായിരുന്നു.

“ഒരു ഡബിള്‍ ബുള്‍സൈ” ജബ്ബാര്‍സാര്‍ ആദ്യ ഓര്‍ഡര്‍ കൊടുത്തു.

“അതെന്നെ , മൂന്നെണ്ണം കൂടി...” ഞങ്ങളും ഓര്‍ഡര്‍ നല്‍കി.

അല്പ സമയത്തിനകം ആവിപറക്കുന്ന ബുള്‍സൈകള്‍ ഞങ്ങളുടെ ആമാശയം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. പ്ലേറ്റ് പെട്ടെന്ന് കാലിയായതിനാല്‍ ജബ്ബാര്‍ സാര്‍ അടുത്ത ഓര്‍ഡര്‍ കൊടുത്തു.

“ഒരു ഡബിള്‍ ഓം‌ലറ്റ്...”

“എനിക്കും...” ഞാനും ബ്രഹ്മനായകം സാറും പറഞ്ഞത് ഒരുമിച്ചായി.

“എനിക്ക് രണ്ട് സിംഗിള്‍...” നിസാം സാറ് വ്യത്യസ്തനായി. 
അതാണ് ലാഭമെന്ന് കാര്യകാരണ സഹിതം നിസാം സാറ് വ്യക്തമാക്കിയപ്പോഴേക്കും ഓമ്ലറ്റുകള്‍ മുന്നില്‍ നിരന്നു കഴിഞ്ഞിരുന്നു (അടുത്ത ദിവസം രാത്രി എല്ലാവരും രണ്ട് സിംഗിള്‍ വീതം ആക്കി!!).തീറ്റക്ക് ശേഷം കാശും നല്‍കി വണ്ടിയില്‍ തിരിച്ച് കയറി. അല്പം മുന്നോട്ട് പോയി സൌകര്യപ്രദമായ സ്ഥലത്ത് നിന്നും വണ്ടി തിരിച്ചപ്പോള്‍ ഞാന്‍ വെറുതെ പറഞ്ഞു – 
“ അതാ...ആ സ്ഥലത്തായിരുന്നു സേവാമന്ദിര്‍...”

“കാഞ്ചനചേച്ചിയുടെ സേവാമന്ദിറോ?” ബ്രഹ്മനായകം സാര്‍ ചോദിച്ചു.

“അതെ...നാളെ നമ്മുടെ ക്യാമ്പിലേക്ക് ഒന്ന് ക്ഷണിച്ചാലോ? ” ഞാന്‍ ചോദിച്ചു

“അതെ...നമ്മുടെ ക്യാമ്പില്‍ പങ്കെടുപ്പിക്കേണ്ട വ്യക്തിയാണ്...നാളെ നമുക്കൊന്ന് ശ്രമിക്കാം...” ബ്രഹ്മനായകം സാര്‍ പിന്താങ്ങി.

      പിറ്റേ ദിവസം എനിക്ക് എന്തോ ആവശ്യത്തിന് രാവിലെത്തന്നെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.മറ്റുളവര്‍ കോളേജില്‍ പോയി വളണ്ടിയര്‍മാര്‍ക്ക് ആക്ടിവിറ്റി നല്‍കി മുക്കത്തേക്ക് തന്നെ തിരിച്ചുപോന്നു. കാഞ്ചനചേച്ചിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.ഉച്ചയോടെ അവര്‍ ക്യാമ്പില്‍ എത്തിയപ്പോള്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും മുഖത്ത് “എന്ന് നിന്റെ മൊയ്തീനി”ലെ യഥാര്‍ത്ഥ നായികയെ നേരില്‍ കണ്ട അത്ഭുതമായിരുന്നു.

       അന്ന് രാത്രിയും മുക്കത്തെ ആ തട്ടുകടയിലെ കുറെ മുട്ടകള്‍ ഞങ്ങള്‍ക്ക് വേണ്ടി ബലികഴിക്കപ്പെട്ടു. പിന്നീട് കേരളത്തിലെ പല സ്ഥലത്തും ഈ ടീമിനായി മുട്ടകള്‍ പൊട്ടിയൊഴുകി. എന്നാല്‍ മുക്കത്ത് നിന്നും കഴിച്ചതിന്റെ രുചി എവിടെയും കിട്ടിയില്ല എന്ന് ടീമംഗങ്ങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

7 comments:

Areekkodan | അരീക്കോടന്‍ said...

അന്ന് രാത്രിയും മുക്കത്തെ ആ തട്ടുകടയിലെ കുറെ മുട്ടകള്‍ ഞങ്ങള്‍ക്ക് വേണ്ടി ബലികഴിക്കപ്പെട്ടു.

Mubi said...

ചാത്തമംഗലം എം.ഇ.എസ്സിലാണ് മാഷേ ഞാന്‍ പഠിച്ചത്. മുക്കം പരിചയമുണ്ട്...

Areekkodan | അരീക്കോടന്‍ said...

മുബീ...ഇംഗ്ലീഷ് സംസാരിക്കാത്തതിന് കുട്ടിയെ മൊട്ടയടിച്ച സ്കൂള്‍ (തൊട്ടടുത്ത മുക്കത്ത് ഞങ്ങള്‍ മുട്ടയടിച്ചത് യാദൃശ്ചികം മാത്രം!!)

Geetha Omanakuttan said...

ന്നിട്ട് കാഞ്ചനചേച്ചിയെ നേരിട്ട് കാണാൻ കഴിഞ്ഞു ല്ലേ ...

Areekkodan | അരീക്കോടന്‍ said...

ഗീതാജി...അന്ന് കണ്ടില്ല.പക്ഷെ അടുത്ത പോസ്റ്റില്‍ കാണാം!!

Cv Thankappan said...

മുട്ട ആശങ്ക പരത്തുന്നുവല്ലോ ഇപ്പോള്‍....

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി.ആശങ്കകള്‍ക്ക് അറുതി വന്നില്ലേ?

Post a Comment

നന്ദി....വീണ്ടും വരിക