Pages

Thursday, September 29, 2016

ചിത്രശലഭങ്ങളുടെ വീട് - 3

       ഉമ്മയുടെ തക്കാളിച്ചെടികളില്‍ മിക്കവയിലും തക്കാളി ഉണ്ടായി നില്‍ക്കുന്നുണ്ടായിരുന്നു. ഉയര്‍ന്നു പൊങ്ങി പറന്നു വന്ന ഒരു ശലഭത്തിന്റെ നിറം പച്ചത്തക്കാളിയുടേത് തന്നെ എന്ന് മനസ്സില്‍ പറഞ്ഞപ്പോഴേക്കും അവന്‍ പോയി ഒളിച്ചു.എന്റെ പപ്പരാസിക്കണ്ണുണ്ടോ അതിനെ വെറുതെ വിടുന്നു.പതുങ്ങി പതുങ്ങി അടുത്തെത്തി ഒരു ക്ലിക്ക് , അടുത്തതിന് ശ്രമിച്ചപ്പോഴേക്കും അവന്‍ സ്ഥലം വിട്ടു.പച്ചത്തക്കാളിയില്‍ അവന്റെ ഇരിപ്പ് പെട്ടെന്ന് കണ്ടെത്താന്‍ പ്രയാസം തന്നെ.
       തക്കാളിച്ചെടിയുടെ അടുത്ത് നിന്ന് മെല്ലെ ഞാന്‍ എണീറ്റു. അയല്‍‌വാസിയുടെ മതിലിനോട് ചേര്‍ന്ന് പുല്ലുകള് വളര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു.അവരുടെ വീട്ടിലെ പല മാലിന്യങ്ങളും അവിടെ കൊണ്ട് തട്ടിയിരുന്നു. ആ പുല്ലിനിടയിലൂടെ മാലിന്യം ചുറ്റിപ്പറ്റി മണ്ണിന്റെ നിറമുള ഒരു കുഞ്ഞന്‍ ശലഭം നൃത്തം വച്ചു.കാണാന്‍ അത്ര സൌന്ദര്യം ഇല്ലെങ്കിലും അതും ഒരു ശലഭമായതിനാല്‍ ഞാന്‍ ക്യാമറ റെഡിയാക്കി.പക്ഷെ അവന്‍ നിന്ന് തന്നില്ല.അതോടെ അവനെയും ഞാന്‍ മൂവിയാക്കി.
       ആ കാട്ടില്‍ നിന്നാല്‍ ഒരു പക്ഷെ പാമ്പിനെയും ക്യാമറയില്‍ പിടിക്കേണ്ടി വന്നേക്കാം എന്നതിനാല്‍ ഞാന്‍ എന്റെ വഴിയിലേക്ക് തന്നെയിറങ്ങി. അവിടെ അതാ അടുത്ത ബ്ലാക്ക് ആന്റ് വൈറ്റ് പാവാടക്കാരി! മുമ്പത്തെ മണ്ണിന്‍ നിറക്കാരനെ മൂവിയിലാക്കാമെങ്കില്‍ എന്നെയും മൂവി തന്നെ ആക്കിക്കോ എന്ന് ഒരിടത്തും ഇരിക്കാതെ അത് എന്നെ പഠിപ്പിച്ചു.
       പെട്ടെന്ന് എന്റെ തലക്ക് മുകളിലൂടെ ഒരാള്‍ പറന്നു.തൊട്ട് മുമ്പ് കണ്ട ബ്ലാക്ക് ആന്റ് വൈറ്റ് പാവാടക്കാരിയുടെ അതേ വലിപ്പം.പക്ഷേ അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരി.ചിറക് നിറയെ പല വര്‍ണ്ണത്തിലുള കുത്തുകളുമായി അവള്‍ എന്റെ ശ്രദ്ധ ക്ഷണിച്ചു. എന്റെ ക്യാമറക്കണ്ണിലകപ്പെട്ട് ചാരിത്ര്യം നശിപ്പിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഞാന്‍ അതിനെ അതിന്റെ പാട്ടിന് വിട്ടു. അരീക്കോടന്റെ ബ്ലോഗിലൂടെ അനശ്വരനാകാനുള അവസരം അവള്‍ സ്വയം നഷ്ടപ്പെടുത്തി!

      പെട്ടെന്നാണ് എന്റ്റെ കാലിനടുത്തുകൂടെ ഒരു മഞ്ഞക്കളര്‍ മിന്നിമറഞ്ഞത്. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് അത് പോയത് എന്നതിനാല്‍ ഞാന്‍ വേഗം അവിടെക്കെത്തി.പക്ഷെ നേരത്തെ രണ്ട് പേരെ കണ്ടുമുട്ടിയ അതേ മല്ലികയുടെ പുറത്ത് അതാ പുതിയ ഒരതിഥി കൂടി ! ചിറക് വിരിച്ചുള ആ ഇരിപ്പിന് തന്നെ ഒരു ഗാംഭീര്യമുണ്ട്.ചിറക് മടക്കി ഒതുക്കി വച്ചപ്പോളാണ് ഇവന്‍ ഒന്നാംതരം ആള്‍മാറാട്ടക്കാരന്‍ കൂടിയാണെന്ന് മനസ്സിലായത്.

      തൊട്ടപ്പുറത്തെ കുമ്പളവളിയില്‍ ഒരു മഞ്ഞപ്പൂവ് വിരിഞ്ഞു നില്‍ക്കുന്നുണ്ട്. പൂവിനകത്ത് മറ്റൊരു മഞ്ഞപ്പൂവ് കണ്ട് ഞാന്‍ അങ്ങോട്ട് തിരിഞ്ഞതും അകത്തെ മഞ്ഞപ്പൂവ് പറന്നുപൊങ്ങി!! തൊട്ടടുത്ത് തന്നെയുള വെളത്തണ്ടില്‍ അത് ഇരുപ്പുറപ്പിച്ചപ്പോള്‍ എനിക്ക് സമാധാനമായി.
       അതിനെയും ക്യാമറയില്‍ പകര്‍ത്തി ഞാന്‍ പഴയ മല്ലികയിലേക്ക് തന്നെ വെറുതെ നോക്കി. അതാ വീണ്ടും പുതിയൊരു ബ്ലാക്ക് ആന്റ് വൈറ്റ് പാവാടക്കാരി! ബ്ലാക്ക് ആണോ വൈറ്റ് ആണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ ഞാന്‍ ഉത്തരം മുട്ടും.അതിനാല്‍ നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം.
      ഇനിയും കൂടുതല്‍ ഇനം ശലഭങ്ങളെ കണ്ടേക്കാം എന്ന വിശ്വാസത്തില്‍ ഞാന്‍ വാച്ചിലേക്ക് നോക്കി. രണ്ട് മണിക്കൂറോളമായി ഞാന്‍ ശലഭങ്ങളുടെ പിന്നാലെയാണ്. നേരത്തെ കണ്ടതെന്ന് തോന്നിയ ഒരു കുഞ്ഞ് ശലഭം കൂടി പുല്ലിലെ പൂക്കളിലും ഇലകളിലും ഇരിക്കുന്നു,പറക്കുന്നു. സ്റ്റില്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കാത്തതിനാല്‍ ഞാന്‍ അതിനെ ഉപേക്ഷിച്ച് പോകാന്‍ തുടങ്ങുമ്പോഴാണ് അത് ചിറക് വിരിച്ചത്.ചിറകിന്റെ മുകള്‍ഭാഗം ഇളം നീലനിറത്തിലായിരുന്നു. അതായത് ഇതൊരു പുതിയതരം ശലഭം തന്നെ.
      ഇന്ന് രാവിലെ എന്നെ ഈ പണിയിലേക്ക് നയിച്ച മല്ലികയില്‍ തന്നെ ഇന്നത്തെ ശലഭ നിരീക്ഷണം അവസാനിപ്പിക്കാം എന്ന് കരുതി ഞാന്‍ അങ്ങോട്ട് നീങ്ങി.അവിടെ പൂമ്പാറ്റകളുടെ എണ്ണം കൂടിയിട്ടേയുള്ളൂ‍.പക്ഷേ ഒരുത്തന്‍ എല്ലാവരെയും പിന്നാലെ പറക്കുന്നു! അവന്‍ ഒരു പൂവാലനാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.ഒരു സെല്‍ഫിക്ക് അവന്‍ ഗംഭീരമായി പോസ് ചെയ്ത് തന്നു. ഇന്ന് ഞാന്‍ എന്റെ മുറ്റത്ത് കാണുന്ന പതിനാറാമത്തെ തരമായിരുന്നു അത്!
      ഒരു കൌതുകത്തില്‍ നിന്നും തുടങ്ങിയ ഞാന്‍ എന്റെ മുറ്റത്തെ ശലഭ വൈവിദ്ധ്യത്തില്‍ ഇപ്പോഴും അത്ഭുതം കൊള്ളു‍ന്നു.എന്റെ വീട് ശരിക്കും ചിത്രശലഭങ്ങളുടെ കൂടി വീട് ആണെന്ന് ഇന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

11 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ ക്യാമറക്കണ്ണിലകപ്പെട്ട് ചാരിത്ര്യം നശിപ്പിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഞാന്‍ അതിനെ അതിന്റെ പാട്ടിന് വിട്ടു. അരീക്കോടന്റെ ബ്ലോഗിലൂടെ അനശ്വരനാകാനുളള അവസരം അവള്‍ സ്വയം നഷ്ടപ്പെടുത്തി!

© Mubi said...

പൂമ്പാറ്റകളുടെ വീട്!!! കൊള്ളാം മാഷേ...

Areekkodan | അരീക്കോടന്‍ said...

മുബീ...പൂമ്പാറ്റകളെക്കാളും വേഗത്തിൽ ഓടിയെത്തിയല്ലോ!!!

റോസാപ്പൂക്കള്‍ said...

നന്നായി. കുറെ നേരം ശലഭാങ്ങളുടെ ലോകത്തായിരുന്നു അല്ലെ. ഒരു സംശയം.ഈ പൂവിന് മല്ലിക എന്നാണോ പറയുക..? ഇത് ബെന്തിയല്ലേ.

Areekkodan | അരീക്കോടന്‍ said...

റോസ്...അതെ,ഇങ്ങനെപോയാൽ പലരുടെയും കഞ്ഞി മുട്ടുമെന്ന് ഭാര്യ പറയുകയും ചെയ്തു!പിന്നെ ആറ് നാട്ടിൽ നൂറ് ഭാഷ എന്നാണല്ലോ.ഞങ്ങൾ ഈ പൂവിന് മല്ലിക എന്ന് പറയും.ചിലർ ചെണ്ടുമല്ലി എന്ന് പറയും.ബെന്തി ഞാൻ ആദ്യമായി കേൾക്കുകയാ.

Muhammed Raees PC said...

മാഷ്, ഒരു ദിവസം വരുന്നുണ്ട്... പൂക്കളെയും പൂമ്പാറ്റകളെയും മോനെയും കാണാൻ...

Areekkodan | അരീക്കോടന്‍ said...

റയീസ്...സ്വാഗതം.വരുന്നതിന് മുമ്പ് വിളിക്കണം എന്ന് മാത്രം.ഇപ്പോൾ ഏത് ദിവസം ഏത് നരഗത്തിൽ സോറി നഗരത്തിൽ എന്നത് ഒരു പിടിയും ഇല്ലാത്ത അവസ്ഥയിലാ.

പി. വിജയകുമാർ said...

പൂക്കളുടേയും ശലഭങ്ങളുടേയും ലോകത്ത്‌ കുറച്ചു നേരം ഞാനും. ഹൃദ്യമായി ഈ കുറിപ്പ്‌.

Areekkodan | അരീക്കോടന്‍ said...

വിജയകുമാർജി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്കും അഭിപ്രായത്തിനും നന്ദി.

Cv Thankappan said...

കൌതുകകരമായ താല്പര്യം നല്ലൊരു ശലഭാന്വേഷണത്തിലേക്ക് എത്തിച്ചിരിക്കുന്നു മാഷെ
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അതെ , തുടക്കം ശരിക്കും കൌതുകം , പക്ഷേ ഒടുക്കം ശരിക്കും അത്ഭുതം.

Post a Comment

നന്ദി....വീണ്ടും വരിക