Pages

Showing posts with label ലിദു. Show all posts
Showing posts with label ലിദു. Show all posts

Thursday, February 13, 2025

കൂ...പീ വണ്ടി

"കൂ...പീ... കൂ..പീ...  കൂ...പീ...  " നാൽവർ സംഘം സ്കൂളിലേക്ക് പോകുമ്പോൾ ഒരു ശബ്ദം കേട്ടു. ശബ്ദം ക്രമേണ ക്രമേണ അടുത്ത് വന്നു.

"എനിക്ക് ഈ ശബ്ദം കേൾക്കുന്നത് തന്നെ പേടിയാ.. " ആമി പറഞ്ഞു.

"അതെന്തിനാ പേടിക്കുന്നത്?" ബാബു ചോദിച്ചു.

"ആ കൂ...പീ വണ്ടിയിൽ ഏതോ ഒരു മനുഷ്യൻ ചോരയിൽ കുളിച്ച് ... ഹോ ! ആലോചിക്കാൻ പോലും വയ്യ. " ആമി പറഞ്ഞു.

"ഹ...ഹ... ഹാ... കൂ...പീ വണ്ടിയല്ല...ആംബുലൻസ് എന്നാ അതിനെ പറയുക ... ഇത് അത് തന്നെയാണോ എന്നറിയില്ല.... എല്ലാ ആംബുലൻസിലും ചോരയിൽ കുളിച്ചവരാകണം എന്നും ഇല്ല ..." ബാബു പറഞ്ഞു.

"അതാ... നോക്ക് ... അത് ഒരു ആംബുലൻസ് തന്നെ ..." മിനിമോൾ ആമിക്ക് പിന്തുണ കൊടുത്തു.

"ഇത്രയും ശബ്ദത്തിനൊപ്പം എന്തിനാ ആ ലൈറ്റും കൂടി അവർ മിന്നിക്കുന്നത് ? എല്ലാം കൂടി കാണുമ്പോൾ ഒരു ഭീകരത തോന്നുന്നു" ആമി പറഞ്ഞു.

"നീ ആ ലൈറ്റിൻ്റെ നിറം ശ്രദ്ധിച്ചോ ?" അബ്ദു ചോദിച്ചു.

"ചുവപ്പ്" ആമി പറഞ്ഞു.

"ങാ... ചുവപ്പ് നിറം അടിയന്തിര അവസ്ഥയെ സൂചിപ്പിക്കുന്നു ... അടിയന്തിര മെഡിക്കൽ സേവനം ആവശ്യമുള്ള ആളെയും വഹിച്ചു കൊണ്ട് വരുന്ന ആംബുലൻസിൽ ചുവപ്പ് ലൈറ്റ് ഉപയോഗിക്കാം.."

"അഗ്നി രക്ഷാ സേനയുടെ വാഹനത്തിലും ചുവപ്പ് ലൈറ്റ് കണ്ടിട്ടുണ്ട്. " മിനിമോൾ പറഞ്ഞു.

"തീർന്നില്ല... ചുവപ്പിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്.." അബ്ദു പറഞ്ഞു.

"അതെന്താ?" എല്ലാവരും അബ്ദുവിനെ നോക്കി.

"ചുവന്ന പ്രകാശത്തിന് തരംഗ ദൈർഘ്യം കൂടുതലാണ്..." 

"ങാ.." ഇതുവരെ കേൾക്കാത്ത ഒരു സംഗതി ആയതിനാൽ എല്ലാവരും മൂളി.

"പ്രകാശം വസ്തുക്കളിൽ തട്ടുമ്പോൾ ചിന്നിച്ചിതറും ..." അബ്ദു തുടർന്നു.

"ങേ!! പ്രകാശം ചിതറുകയോ? അപ്പോ അത് ഇല്ലാതാവില്ലേ? " അതും അവർക്ക് പുതിയ അറിവായിരുന്നു.

"അതെ.... നമുക്കത് പെട്ടെന്ന് ബോധ്യപ്പെടില്ല എന്ന് മാത്രം... അത് ഞാൻ മറ്റൊരവസരത്തിൽ പറഞ്ഞു തരാം.." അബ്ദു പറഞ്ഞു.

"ങാ... എന്നിട്ട് ..?"

"തരംഗ ദൈർഘ്യം കൂടുതലുള്ള നിറങ്ങൾ വളരെ കുറച്ചേ ചിതറിപ്പോവൂ.. അതായത് ചുവപ്പ് പ്രകാശം അധികം ചിതറുകയില്ല .." അബ്ദു വിശദീകരിച്ചു. 

"ഓ... അപ്പോ അത് എല്ലാവർക്കും എപ്പോഴും കാണാം.."

"അതെ... വളരെ ദൂരെ നിന്ന് തന്നെ കാണാൻ സാധിക്കുന്നത് കൊണ്ട് പെട്ടെന്ന് വഴി ക്ലിയർ ചെയ്യാനും ഉപകരിക്കും" അബ്ദുവിൻ്റെ വിശദീകരണം എല്ലാവർക്കും തൃപ്തികരമായി.

"എനിക്ക് ഒരു സംശയം കൂടി ഉണ്ട്..'' ആമി പറഞ്ഞു.

" ങാ ... ചോദിക്ക് .."

"ആ പോയ വാഹനത്തിൽ ആംബുലൻസ് എന്ന് എഴുതിയത് അറബി ഇംഗ്ലീഷിലാണല്ലോ? അതെന്താ അങ്ങനെ ?" ആമി ചോദിച്ചു.

"ങേ!! അറബി ഇംഗ്ലീഷോ?" 

"അതെ.. വലത്ത് നിന്ന് ഇടത്തോട്ട് ...ഇംഗ്ലീഷിൽ"

"ഓ... അങ്ങനെ ... അത് മുന്നിലെ വണ്ടിയിലെ ഡ്രൈവർക്ക് മനസ്സിലാകാൻ വേണ്ടിയാണ്.."

"അതെങ്ങനെ?"

"ഒരു ഡ്രൈവർ തൻ്റെ പിന്നിലെ വണ്ടിയെ നിരീക്ഷിക്കുന്നത് ഇരു വശത്തെയും കണ്ണാടികളിലൂടെയാണ്. "

" ആ... അത് ശരിയാ... " 

"കണ്ണാടിയിൽ കാണുന്നത് പ്രതിബിംബമാണ്. അപ്പോൾ ഈ വിധത്തിൽ എഴുതിയാൽ അതിൻ്റെ പ്രതിബിംബം വായിക്കാൻ പറ്റുന്ന രൂപത്തിൽ ദർശിക്കാൻ സാധിക്കും. അങ്ങനെ വഴി മാറിക്കൊടുക്കാനും എളുപ്പമാകും " അബ്ദു വിശദമാക്കി.

"ആ... അത് നല്ല ഐഡിയ ആണല്ലോ..."

"ദേ... നമ്മൾ സ്കൂളിലെത്തി.ഇതു പോലെ നിത്യ ജീവിതത്തിലെ നിരവധി കാര്യങ്ങൾ ഇനിയും നമുക്ക് പഠിക്കാനുണ്ട്. ഓരോ ദിവസവും നമുക്കവ പരിചയപ്പെടാം. '

"ശരി..ശരി" 

ഓരോരുത്തരും അവരവരുടെ ക്ലാസുകളിലേക്ക് നീങ്ങി.

Tuesday, January 07, 2025

അമ്പട കേമാ...!!

ഒരു വൈകുന്നരം.സ്കൂൾ നേരത്തെ വിട്ടതിനാൽ മിനിമോളും ബാബുവും ആമിയും അബ്ദുവും സ്കൂൾ മുറ്റത്തെ ആൽത്തറക്കടുത്ത് സംഗമിച്ചു.

"നമുക്ക് കുറച്ച് സമയം കഴിഞ്ഞ് പോകാം.." മിനിമോൾ പറഞ്ഞു.

"വേണ്ട ... എനിക്ക് പേടിയാ.." ആമി പറഞ്ഞു.

"സ്കൂൾ നേരത്തെ വിട്ടതല്ലേ...? നമുക്കീ ആൽത്തറയിൽ ഇരുന്ന് അൽപ നേരം കളിച്ച ശേഷം, സാധാരണ സ്കൂൾ വിടുന്ന സമയമാകുമ്പോൾ പോകാം ന്നേ.." മിനിമോൾ തൻ്റെ പദ്ധതി വിശദീകരിച്ചു.

"ങാ... അത് നല്ല ഐഡിയയാണ്.." ബാബു പിന്താങ്ങി. അബ്ദുവും എതിരൊന്നും പറയാത്തതിനാൽ ആമിയും സമ്മതിച്ചു. അവർ നാല് പേരും ആൽത്തറയിലേക്ക് കയറി.

"കൊത്തം കല്ല് കളിച്ചാലോ?" ആമി തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു.

"അയ്യേ...അത് ആൺ കുട്ടികൾക്ക് കളിക്കാൻ പറ്റിയ കളിയല്ല" ബാബു പറഞ്ഞു.

"എങ്കിൽ നൂറ്റും കോല് കളിക്കാ..." ആമി തന്നെ വീണ്ടും പറഞ്ഞു.

"ആ... അത് പറ്റും".എല്ലാവരും സമ്മതിച്ചു.

ബാബു പെട്ടെന്ന് തന്നെ പത്ത് ഐസും കോലും വലിയൊരു ഈർക്കിലും സംഘടിപ്പിച്ചു. നാല് പേരും വട്ടത്തിലിരുന്ന് കളി ആരംഭിച്ചു. വലിയ ഈർക്കിൽ കഷ്ണം മധ്യത്തിൽ വച്ച് ബാക്കി പത്തെണ്ണം ബാബു അതിലേക്കെറിഞ്ഞു.

"ഔട്ട് !" 

വലിയ ഈർക്കിലിൻ്റെ മുകളിൽ ഒരു ഐസ് കോലും ബാക്കി വരാത്തതിനാൽ ബാബുവിൻ്റെ അവസരം നഷ്ടമായി. അടുത്തത് ആമി കോലെറിഞ്ഞു.ആമിക്ക് മൂന്ന് കോൽ മാത്രമേ തോണ്ടി എടുക്കാൻ കഴിഞ്ഞുള്ളൂ.

"ആമിക്ക് മുപ്പത് " 

ഉറക്കെ പറഞ്ഞു കൊണ്ട് അബ്ദു കടലാസിൽ എഴുതി.ശേഷം മിനിക്കും മുപ്പത് പോയിൻ്റ് കിട്ടി. നാലാമതായി അബ്ദു ഈർക്കിൽ എറിഞ്ഞതും മുകളിൽ നിന്ന് ഒരു കറുത്ത ദ്രാവകം അവിടെ പതിച്ചതും ഒരുമിച്ചായിരുന്നു.

"അയ്യേ... ഇതെന്താ?" പിന്നോട്ട് നിരങ്ങി നീങ്ങിക്കൊണ്ട് ആമി ചോദിച്ചു.

"കാക്ക തൂറി.." ബാബു പറഞ്ഞു.

"ഇത് കാക്കയല്ല .... മറ്റെന്തോ ആണ്..."കാഷ്ടത്തിന്റെ നിറം കണ്ട് അബ്ദു പറഞ്ഞു. എല്ലാവരും മുകളിലേക്ക് നോക്കി.

"അയ്യോ... !! നിപ്പ..!!" മിനി മോൾ ഉച്ചത്തിൽ പറഞ്ഞു.

"നിപ യോ... അത് ഒരു രോഗമല്ലേ..?"

"ഓ... തെറ്റിപ്പോയി... അതാ ഒരു വവ്വാൽ തൂങ്ങി നിൽക്കുന്നു" മിനിമോൾ പറഞ്ഞു.

"എവിടെ? ഞാൻ ഇതുവരെ വവ്വാലിനെ കണ്ടിട്ടില്ല" ആമി മുകളിലേക്ക് നോക്കി.

"എനിക്ക് പേടിയാവുന്നു..." മിനിമോൾ കരച്ചിലിൻ്റെ വയ്ക്കത്തെത്തി.

"എന്തിന്?" ബാബു ചോദിച്ചു.

"വവ്വാലിൻ്റെ മൂത്രം ദേഹത്തായാൽ നിപ പിടിക്കില്ലേ ...?" മിനിമോൾ ചോദിച്ചു.

"അല്ലാ... എനിക്കൊരു സംശയം... വവ്വാൽ തല കീഴായി അല്ലേ തൂങ്ങി നില്ക്കുന്നത്?" ആമി പറഞ്ഞു.

"അതെ.." ബാബു സമ്മതിച്ചു.

"അപ്പോ അത് മൂത്രമൊഴിച്ചാൽ മുകളിലേക്കല്ലേ പോകേണ്ടത്?"

"ഓ.... അത് ശരിയാണല്ലോ?" എല്ലാവരും ഉത്തരം കിട്ടാനായി അബ്ദുവിനെ നോക്കി.

"അല്ല... ഭൂമി എല്ലാ വസ്തുക്കളെയും അതിൻ്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു എന്ന നിയമം കേട്ടിട്ടില്ലേ?" അബ്ദു ചോദിച്ചു.

"ങാ... ന്യൂട്ടനുപ്പാപ്പയുടെ തലയിൽ ആപ്പിൾ വീണപ്പോൾ ഉണ്ടായ നിയമം.." ആമി പറഞ്ഞു.

"അപ്പോൾ ഉണ്ടായതല്ല.... ആപ്പിൾ താഴേക്ക് വീഴാനുള്ള കാരണം അന്വേഷിച്ച് ന്യൂട്ടൺ കണ്ടെത്തിയ നിയമം.." അബ്ദു തിരുത്തി.

"അയ്യേ.... ഈ ആവശ്യമില്ലാത്തതിനെയും എന്തിനാ വെറുതെ ഇങ്ങോട്ട് ആകർഷിക്കുന്നത് ?" മിനിമോൾക്ക് നീരസം തോന്നി.

"ഭൂമി എല്ലാ വസ്തുക്കളെയും അതിൻ്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കും. അതിൽ വേണ്ടത് വേണ്ടാത്തത് എന്ന വേർത്തിരിവ് ഇല്ല. ഭൂമിയെ ഏറ്റവും കൂടുതൽ ഉപദ്രവിക്കുന്ന മനുഷ്യരെയടക്കം , പാവം ഭൂമി ചേർത്ത് പിടിക്കുന്നു. ഈ നിയമത്തെ പറയുന്ന പേരാണ് ഭൂഗുരുത്വാകർഷണ നിയമം." അബ്ദു വിശദീകരിച്ചു.

"പാവം ഭൂമി.." മിനിമോൾ പറഞ്ഞു.

"ങാ... ഇനി വവ്വാലിൻ്റെ ഒരു രഹസ്യം കൂടി പറയാം.."

"ങാ... കേൾക്കട്ടെ ..."

"വവ്വാൽ തല കീഴായാണ് കിടക്കുന്നതെങ്കിലും വിസർജ്ജന സമയത്ത് അത് കീഴ്മേൽ മറിയും. അങ്ങനെ വിസർജ്യം അതിൻ്റെ ശരീരത്തിൽ ഒന്നും പറ്റാതെ നേരെ താഴേക്ക് പോരും.." അബ്ദു പറഞ്ഞു.

"അമ്പട കേമാ... വവ്വാലേ!!" എല്ലാവരും ആശ്ചര്യത്തോടെ പറഞ്ഞു.

"ദേ ,സൂര്യൻ ആൽ മരത്തിന്റെ മുകളിൽ എത്തി. സമയം നാല് മണിയായിട്ടുണ്ടാകും ... ഇനി നമുക്ക് വീട്ടിലേക്ക് പോകാം. " മിനിമോൾ പറഞ്ഞു.

എല്ലാവരും പുസ്തക സഞ്ചി എടുത്ത് വീട്ടിലേക്ക് നടന്നു.

Wednesday, December 18, 2024

ഫിസിക്സ് പഠിച്ച പൂച്ച

"അയ്യോ ... അയ്യോ.. " കൂട്ടുകാരോടൊപ്പം സ്കൂളിലേക്ക് നടന്നു പോകുന്നതിനിടയിൽ പെട്ടെന്നാണ് മിനി മോളുടെ ശബ്ദം ഉയർന്നത്.

"ങേ !! എന്തു പറ്റി ?" ബാബുവും അബ്ദുവും ആമിയും മിനിമോളുടെ അടുത്തേക്ക് ഓടി വന്ന് ചുറ്റും കൂടി.

"ദേ.... അങ്ങോട്ട് നോക്ക് ..." മിനി മോൾ വഴിയരികിലെ ഉയർന്ന മതിലിലേക്ക് ചൂണ്ടിക്കാണിച്ച് കൊണ്ടു പറഞ്ഞു.
എല്ലാവരും അങ്ങോട്ട് നോക്കി.

"അതെന്താ... ഒരു പൂച്ചയും അതിൻ്റെ കുഞ്ഞുമല്ലേ...?" ബാബു ചോദിച്ചു.

"അതെ... തള്ളപ്പൂച്ചയും കുഞ്ഞും " മിനിമോൾ പറഞ്ഞു.

"അതിനെ കണ്ടിട്ടാണോ നീ പേടിച്ചത്?" ആമിക്ക് സംശയമായി.

"അതിനെ കണ്ടതിനല്ല.."

"പിന്നെ ?" എല്ലാവരും ആകാംക്ഷയോടെ മിനിമോളെ നോക്കി.

"ആ പൂച്ചയും കുഞ്ഞും മതിലിൽ നിന്നെങ്ങാനും വീണാൽ രണ്ടിൻ്റെയും കഥ കഴിഞ്ഞത് തന്നെ ..." മിനിമോൾ തൻ്റെ ഭയത്തിൻ്റെ കാരണം വെളിപ്പെടുത്തി.

"ങാ... അത് ശരിയാണല്ലോ..? ആ തള്ളപ്പൂച്ച എന്തിനാ ഇത്രയും പൊക്കത്തിൽ കയറിയത്..?" ബാബുവും ആമിയും മിനിമോളെ പിന്താങ്ങി.

"ഏയ്... ഒന്നും സംഭവിക്കില്ല.." അതുവരെ മിണ്ടാതിരുന്ന അബ്ദു പറഞ്ഞു.

"ങേ !! " എല്ലാവരും അത്ഭുതത്തോടെ അബ്ദുവിനെ നോക്കി.

"നീ ഇതു വരെ എത്ര പൂച്ചയെ കണ്ടിട്ടുണ്ട്?" അബ്ദു മിനിമോളോട് ചോദിച്ചു.

"ഒന്ന് ... രണ്ട് .... പതിനൊന്ന്..." അൽപ നേരം  വിരലിൽ എന്തൊക്കെയോ കണക്ക് കൂട്ടി മിനിമോൾ പറഞ്ഞു.

"നീയോ?" അബ്ദു ആമിയോട് ചോദിച്ചു.

"പത്തെണ്ണം കണ്ടിട്ടുണ്ടാകും...." ആമി പറഞ്ഞു.

"ബാബു എത്ര പൂച്ചയെ കണ്ടിട്ടുണ്ട്?" അബ്ദു ചോദിച്ചു.

"അതിപ്പോ കണക്കില്ല... കൊറെ എണ്ണത്തെ കണ്ടിട്ടുണ്ട്.." ബാബു പറഞ്ഞു.

"ശരി... ശരി... നിങ്ങൾ കണ്ട പൂച്ചകളിൽ ഏതെങ്കിലും ഒന്നിൻ്റെ എങ്കിലും കാല് ഒടിഞ്ഞ് വേച്ച് വേച്ച് നടക്കുന്നത് കണ്ടിട്ടുണ്ടോ?" അബ്ദു ചോദിച്ചു.
എല്ലാവരും ആലോചിച്ചു നോക്കി.

"ശരിയാ... ഞാൻ ഇതുവരെ കാലൊടിഞ്ഞ പൂച്ചയെ കണ്ടിട്ടില്ല ..." മിനിമോൾ പറഞ്ഞു.

"ഞാനും കണ്ടതായി ഓർക്കുന്നില്ല" ബാബു പറഞ്ഞു.

"ഞാനും" ആമിയും സമ്മതിച്ചു.

"ങാ.. അങ്ങനെ ഒന്ന് കാണാത്തത് എന്തു കൊണ്ടാ?" അബ്ദുവിൻ്റെ ചോദ്യം വീണ്ടും എല്ലാവരെയും ചിന്തയിലാഴ്ത്തി.പക്ഷെ, ആർക്കും ഒരുത്തരം കിട്ടിയില്ല.

"അതെന്താ?" എല്ലാവരും അബ്ദുവിനോട് ചോദിച്ചു.

"അതാണ് പ്രകൃതിയിലെ ചില വികൃതികൾ... പൂച്ച വീഴുമ്പോൾ നാല് കാലും കുത്തി മാത്രമേ വീഴൂ.." അബ്ദു പറഞ്ഞു.

"അപ്പോ കാല് ഒടിയൂലേ .... " എല്ലാവർക്കും സംശയമായി.

"ഇല്ല... അവിടെയും പൂച്ചകൾ ഒരു സൂത്രം പ്രയോഗിക്കുന്നുണ്ട്..."

"ങേ !! അതെന്താ സൂത്രം? " എല്ലാവരും അബ്ദുവിനെ നോക്കി.

"പൂച്ച വീഴുമ്പോൾ അത് നാല് കാലും വാലും പരമാവധി നിവർത്തിപ്പിടിക്കും...."

"ആ.... അത് ശരിയാ... മാളുവിൻ്റെ വീട്ടിലെ കിങ്ങിണിപ്പൂച്ച വിറക് പുരയിൽ നിന്ന് താഴെ വീഴുന്നത് ഞാൻ കണ്ടിരുന്നു..." മിനി മോൾ പറഞ്ഞു.

"അതെന്തിനാ അങ്ങനെ ചെയ്യുന്നത്..." ആമിക്കും ബാബുവിനും സംശയമടക്കാൻ കഴിഞ്ഞില്ല.

"ആ... അങ്ങനെ ചെയ്യുമ്പോൾ മാക്സിമം വായുവിനെ ആദേശം ചെയ്ത് ഒരു കുഷ്യൻ പോലെ ആക്കി പതുക്കെ നിലത്തിറങ്ങാം.." അബ്ദു വിശദീകരിച്ചു.

"ആഹാ..... പൂച്ച ഇത് എവിടന്നാ പഠിച്ചത്?" ആമി ചോദിച്ചു.

"ഓരോ ജീവികൾക്കും ദൈവം നൽകിയ ചില പാഠങ്ങളിൽ ഒന്ന്..."

"അപ്പോ എനിക്കും ഉയരത്തിൽ കയറി നിന്ന് കയ്യും കാലും നീട്ടിപ്പിടിച്ച് ഒന്നു ചാടി നോക്കണം...." ബാബു തൻ്റെ പരീക്ഷണ ത്വര പുറത്തെടുത്തു .

"അയ്യോ.. അത് വേണ്ട..." അബ്ദു ഓർമ്മിപ്പിച്ചു.

"ങാ... കഥ പറഞ്ഞ് പറഞ്ഞ് സ്കൂളിൽ എത്തിയത് അറിഞ്ഞില്ല..." മിനിമോൾ പറഞ്ഞു.

"ഇനിയും ഇങ്ങനെ പലതും നമുക്ക് അറിയാനുണ്ട്. അവസരം വരുമ്പോൾ പറഞ്ഞ് തരാം..." അബ്ദു എല്ലാവരോടുമായി പറഞ്ഞു.

"തീർച്ചയായും.." നാലു പേരും അവരവരുടെ ക്ലാസുകളിലേക്ക് നടന്ന് നീങ്ങി.

Thursday, February 24, 2022

പാമ്പിൻ തുപ്പൽ

തലേന്ന് രാത്രി പെയ്ത മഴയിൽ മുറ്റം നനഞ്ഞു കിടന്നിരുന്നു . കാർമേഘമൊഴിഞ്ഞ ആകാശത്ത് സൂര്യൻ വെട്ടിത്തിളങ്ങിത്തുടങ്ങി . അബ്ബയും ലിദുമോനും മെല്ലെ മുറ്റത്തേയ്ക്കിറങ്ങി. 

"അബ്ബാ... ഇന്നലത്തെ മണ്ണിരപ്പാമ്പ് പോയിട്ടുണ്ടാകുമോ?"

"പിന്നല്ലാതെ..."

"ങാ...രാത്രി ആയപ്പോ അതിന്റെ അമ്മയുടെ അടുത്ത് പോയിട്ടുണ്ടാകും അല്ലെ?"

"അല്ലല്ല ..സൂര്യന്റെ ചൂട് കൂടുന്തോറും അവയെ കാണാതാകും..."

"അതെന്താ ?"

"അതിന്റെ പുറത്ത് ഒരു എണ്ണ പുരട്ടിയ പോലെ നീ ശ്രദ്ധിച്ചിരുന്നില്ലേ?"

"ആ...അതാരാ പുരട്ടിയത്?"

"അത് ജന്മനാ ഉള്ളതാ ....അതിന്റെ ശരീരം ഉണങ്ങാതെ സൂക്ഷിക്കാനുള്ള സംവിധാനമാണ് ..."

"അയ്യേ ...എൻറെ കൈ ..." 

മുറ്റത്ത് വളർന്നു വന്നിരുന്ന കശുമാവിൻ തൈയിലെ ശിഖരങ്ങൾ വകഞ്ഞുമാറ്റി മുന്നോട്ട് പോവാൻ ശ്രമിച്ച ലിദു മോൻ പെട്ടെന്ന് കൈ വലിച്ച് കൊണ്ട് പറഞ്ഞു.

"എന്താ ...എന്തുപറ്റി ..വല്ല പുഴുവും കുത്തിയോ?"

"ഇല്ല...ആരോ ഇതിന്റെ മേലെ തുപ്പിയത് എന്റെ കയ്യിലായി ...."

"അയ്യേ...നോക്കട്ടെ... കൊറോണ കാലമാ... കൈ വൃത്തിയായി സൂക്ഷിക്കണം ..."

"അയ്യേ ... ഇതാരാ ഈ മരത്തിൽ മൊത്തം തുപ്പി വച്ചത്? അബ്ബ എന്നോട് കണ്ടത്തിലേക്ക് തുപ്പാൻ പറയും , ഇവിടെ ആരോ മരത്തിൽ തുപ്പി നിറച്ച് വൃത്തി കേടാക്കി വച്ചിരിക്കുന്നു..."

"ലുബീ .... ലൂ ...ബീ ..." അബ്ബ നീട്ടി വിളിച്ചു.

"ദേ ....വന്നൂ... ഈ ജനലുകൾ ഒക്കെ ഒന്ന് തുറന്നിടട്ടെ...."

"വരണ്ട ...പറഞ്ഞ് തന്നാ മതി.... "

"എന്താ ?"

"ഇന്നലെ ആരാ ഈ മരത്തിൽ മുഴുവൻ തുപ്പി വച്ചത്?"

"മരത്തിൽ തുപ്പുകയോ?"

"അതേ .... വേഗം ആ സോപ്പോ സാനിറ്റൈസറോ എടുത്ത് വാ ..... ലിദു മോന്റെ കൈ മൊത്തം തുപ്പലായി..."

"മോനെ ....എവിടെയാ തുപ്പൽ ? ഞാനൊന്ന് നോക്കട്ടെ ...?"

"ഇതാ ഇവിടെ ..." ലിദു കശുമാവിന്റെ മൂന്നാല് ഇലകളുടെ അടിഭാഗം കാണിച്ചു  കൊടുത്തു.

"ഓ ... പാമ്പിൻ തുപ്പൽ..."

"ങേ !!! പാമ്പിൻ തുപ്പലോ ..." ലിദുവും അബ്ബയും ഒരുമിച്ച് ഞെട്ടി.

"ഹ ഹ ഹാ... പേടിച്ച് പോയോ രണ്ടാളും ?"

"ങ്ങും"

"ഇതിന് നമ്മളിട്ട പേരാണ് പാമ്പിൻ തുപ്പൽ ന്ന്...."

"മൂർഖൻ ആണോ തുപ്പിയത് ?"

"ഏയ്... ഒരു പാമ്പും മരത്തിൽ കയറി ഇങ്ങനെ തുപ്പി വയ്ക്കില്ല .... പാമ്പിന് ഇങ്ങനെ ഒരു തുപ്പലും ഇല്ല..."

"പിന്നെ ഇതെന്താ സാധനം?"

"ആ പതക്കകത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ ...." 

"അബ്ബാ... വേണ്ട , പാമ്പ് അടുത്തെവിടെങ്കിലും ഉണ്ടെങ്കിൽ കടിക്കും..."

"ഏയ്...ആരും കടിക്കില്ല ...സ്പിറ്റിൽബഗ് എന്ന് പേരുള്ള  വണ്ടു പോലെയുള്ള ഒരു തരം ഷഡ് പദമുണ്ട്.ഷഡ് പദങ്ങളുടെ കുഞ്ഞുങ്ങളെ ജന്തുശാസ്ത്രത്തിൽ നിംഫുകൾ എന്ന് വിളിക്കും.സ്പിറ്റിൽബഗ് നിംഫുകളുടെ കൂടാണത്..." ബയോളജി പഠിച്ച ഉമ്മി വിശദീകരിക്കാൻ തുടങ്ങി

"നല്ല രസമുള്ള കൂട്... എന്തിനാ ഇവർ ഈ തുപ്പൽ കൂടുണ്ടാക്കുന്നത്?"

"ആ പത കണ്ടില്ലേ? വായുകുമിളകൾ ആണവ.. അതുകൊണ്ട് തന്നെ ചൂടും തണുപ്പും കൂടിന്റെ ഉള്ളിലേക്ക് അധികം എത്തില്ല. കുഞ്ഞായ  നിംഫിന്റെ ലോലശരീരം ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങിപ്പോകാതെ  കാത്ത് സൂക്ഷിക്കാനാണ് ഈ പതപ്പുതപ്പ്"

"ഓ...മണ്ണിരപ്പാമ്പിനുള്ളത് പോലെത്തന്നെ..."

"അതെ....ഓരോ ജീവിക്കും ഇങ്ങനെ പല പ്രത്യേകതകളും ദൈവം നൽകിയിട്ടുണ്ട്... ഓരോന്നോരോന്നായി നീ നോക്കി മനസ്സിലാക്കണം.."

"ശരി ഉമ്മീ....അപ്പോ ഇനി കൈ  കഴുകേണ്ട അല്ലെ?"

"കഴുകിക്കോ കഴുകിക്കോ... പത്തിരിയും ചായയും റെഡിയായി ...."

"ഓകെ ... അബ്ബാ ... എന്നാ ചായ കുടിക്കാം ..."

"ശരി ..." 

അബ്ബായും ലിദുവും കൈ കഴുകി അകത്തേക്ക് കയറി.

Monday, December 20, 2021

കുരിച്ചിക്കട്ട

ഒരിടത്ത് ഒരു കുട്ടിയും അവന്റെ മാതാപിതാക്കളും താമസിച്ചിരുന്നു. ലിദു എന്നായിരുന്നു കുട്ടിയുടെ പേര് . അഞ്ച് വയസ്സായിരുന്നു അവന്റെ പ്രായം. മാതാപിതാക്കൾ സ്നേഹപൂർവ്വം അവനെ ലിദുട്ടൻ എന്നാണ് വിളിച്ചിരുന്നത്. ലിദു തന്റെ പിതാവിനെ അബ്ബ എന്നും മാതാവിനെ ഉമ്മി എന്നും വിളിച്ചു. അടുക്കള കൃഷിയിൽ തല്പരർ ആയിരുന്നു ലിദുവിന്റെ അബ്ബയും ഉമ്മിയും.

അങ്ങനെയിരിക്കെ മഴക്കാലം ആരംഭിച്ചു . എന്നും മഴ തിമർത്തു പെയ്തു കൊണ്ടിരുന്നു. മഴക്ക് തെല്ലൊരാശ്വാസം ലഭിച്ച ഒരു ദിവസം മുറ്റത്തേക്കിറങ്ങിയതായിരുന്നു ലിദു. അബ്ബ പൂമുഖത്ത് എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഉമ്മി അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലും ആയിരുന്നു .

"അബ്ബാ .... ഒരു പാമ്പ് ... " മുറ്റത്ത് നിന്നുള്ള ലിദുട്ടന്റെ വിളി കേട്ട് അബ്ബയും ഉമ്മിയും ഞെട്ടി.

"ങേ!! എവിടെ ? " അബ്ബ കസേരയിൽ നിന്ന് ചാടി എണീറ്റു .

"ഇന്നലെ നമ്മൾ നട്ട തൈയ്യിന്റെ ചുവട്ടിൽ... "

"ലിദുട്ടൻ എവിടെയാ നിൽക്കുന്നത് ? " ഉമ്മി അടുക്കളയിൽ നിന്നും ബേജാറോടെ ചോദിച്ചു.

"ഞാൻ പാമ്പിന്റെ അടുത്താ ... "

" യാ കുദാ .... " കയ്യിൽ ഏന്തിയിരുന്ന തള്ളക്കയില് വലിച്ചെറിഞ്ഞ് അടുക്കളയിൽ നിന്ന് ഉമ്മിയും കയ്യിലെ പേന നിലത്തിട്ട് അബ്ബയും മുറ്റത്തേക്കോടി. ചെറിയൊരു വടി എടുത്ത് എന്തിനെയോ തോണ്ടിക്കൊണ്ടിരിക്കുന്ന മകന്റെ അടുത്ത് രണ്ട് പേരും രണ്ട് ദിശയിൽ നിന്ന് കുതിച്ചെത്തി.

"എവിടെ ?എവിടെ പാമ്പ് ?  " ആദ്യം എത്തിയ അബ്ബ ചോദിച്ചു.

" ദാ ... ആ ഇലയുടെ ചുവട്ടിൽ ...."

"നിക്ക് ....... നിക്ക്.....ഞാനാ ചൂരൽ വടി എടുക്കട്ടെ " അബ്ബ വേഗം പോയി ഒരു മുട്ടൻ വടിയുമായി ഉടൻ തന്നെ തിരിച്ചു വന്നു.

"എന്തിനാ അബ്ബാ ഈ വടി ?" ലിദുട്ടൻ ചോദിച്ചു.

"പാമ്പിനെ തല്ലാൻ തന്നെ ... "

"പാമ്പ് പാവാ ...ഒന്നും ചെയ്യില്ല....ഞാനീ വടി കൊണ്ട് ഇത്രേം നേരം കളിപ്പിച്ചതാ ..."

"ങേ!! " ലിദുവിന്റെ സംസാരം കേട്ട് അബ്ബയും ഉമ്മിയും ഞെട്ടിപ്പോയി.

"ദാ....നോക്ക് ...പാവം പാമ്പ് ..." ഒരു കൂസലും കൂടാതെ ലിദു ആ ഇല മറിച്ചിട്ടു.നീണ്ടൊരു മണ്ണിരയെക്കണ്ട്, ഉമ്മി അബ്ബയുടെ മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിച്ചു.

"മോനേ...ഇത് പാമ്പല്ല...മണ്ണിരയാ...മണ്ണിര .. " അബ്ബ ലിദുവിനോട് പറഞ്ഞു.

"മണ്ണിരപ്പാമ്പ് അല്ലേ ?"

"മണ്ണിര... നീ പ്രകൃതി ന്ന് കേട്ടിട്ടുണ്ടോ ? "

"ങാ ... നമ്മുടെ അയൽ വീട്ടിലെ ഐദിനെപ്പറ്റി അല്ലേ ... അവൻ നല്ല വികൃതിയാ... "

"വികൃതി അല്ല ... പ്രകൃതി..... പ്രകൃതി എന്ന് പറഞ്ഞാൽ ഈ ലോകം മുഴുവൻ... പ്രകൃതിയുടെ കലപ്പയാണ് മണ്ണിര  "

"കട്ടപ്പയും എനിക്കറിയാം ... "

" കട്ടപ്പ അല്ല ... കലപ്പ... മണ്ണിനെ ഇളക്കി മറിക്കുന്ന ഒരു സാധനം ... "

"ആ...അത് ഞാൻ കേട്ടിട്ടില്ല "

"നീ അല്പം അങ്ങോട്ട് മാറി നിൽക്ക്....ഞാൻ മണ്ണിരയെ ശരിക്ക് കാണിച്ച് തരാം ... "

"അയ്യേ... ഞാൻ അപ്പിയിൽ ചവിട്ടി..." എന്തിലോ ചവിട്ടിയ ലിദു വിളിച്ച് പറഞ്ഞു.

"ആരാ ഇവിടെ അപ്പി ഇട്ടത്...നോക്കട്ടെ"

അബ്ബ പറഞ്ഞതനുസരിച്ച് ലിദു കാല് പൊക്കി. കാൽ വെള്ളയിൽ പതിഞ്ഞ് നിൽക്കുന്ന മണ്ണിന്റെ കട്ട അബ്ബ കണ്ടു .

"അത് അപ്പിയല്ല, മണ്ണ് തന്നെയാ...മണ്ണിര മണ്ണും മറ്റ് ജൈവവസ്തുക്കളും തിന്നും…."

"അയ്യയ്യേ മണ്ണ് തിന്നേ..." 

"അതേ ...അത് തിന്ന മണ്ണും ജൈവവസ്തുക്കളും ദഹിച്ച ശേഷം പുറത്തേക്ക് വിടുന്ന മൺകൂനയിലാ നീ ചവിട്ടിയത് ...കുരിച്ചിക്കട്ട എന്നാ ആ മൺകൂനയെ വിളിക്കുക..  "

"മണ്ണിരക്കട്ട എന്ന് വിളിച്ചാ പോരെ ? "

"ലിദുട്ടന്റെ എല്ലും പല്ലും ഒക്കെ ഉറപ്പ് കിട്ടാൻ കാൽസ്യം അടങ്ങിയ കോഴിമുട്ട പോലുള്ളവ തിന്നണം എന്ന് പറയാറില്ലേ ? അതുപോലെ ചെടികൾക്ക് വളരാൻ ചില മൂലകങ്ങൾ വേണം ... അതിലൊന്നാണ് നൈട്രജൻ ..."

"ങാ ...നമ്മളെ കാറിന്റെ ടയറിൽ നിറച്ചത് ... "

" ആ നൈട്രജൻ ധാരാളം ഉണ്ടാകും ഈ കുരിച്ചിക്കട്ടയിൽ...പണ്ട് കാലത്ത് എല്ലാ വീടുകളുടെയും പിന്നാമ്പുറത്ത് നിറയെ കുരിച്ചിക്കട്ടകൾ ഉണ്ടായിരുന്നു ...  "

"ഇപ്പോ എന്താ അതൊന്നും ഇല്ലാത്തത് അബ്ബാ ..? "

" ഇപ്പോ മണ്ണിൽ മുഴുവൻ പ്ലാസ്റ്റിക്കല്ലേ...അങ്ങാടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പ്ലാസ്റ്റിക്ക് കവറിലിട്ട് കൊണ്ടുവരും ...ആ കവറ് നേരെ പറമ്പിലേക്ക് വലിച്ചെറിയും ...അത് മണ്ണിൽ താഴ്ന്ന്, കൊല്ലങ്ങളോളം നശിക്കാതെ അവിടെ കിടക്കും ... "

"അത് കൊണ്ട് ?"

"അപ്പോ മണ്ണിരക്ക് മണ്ണിന് താഴേക്കും മുകളിലേക്കും സഞ്ചരിക്കാൻ പറ്റില്ല..ജീവിക്കാൻ കഴിയാതെ കുറെ എണ്ണം ചത്തുപോകും... ബാക്കിയാകുന്നവ വേറെ സ്ഥലത്തേക്ക് നീങ്ങും.... "

"അയ്യോ...അബ്ബാ ...അപ്പോ മിഠായിത്തോല് മണ്ണിലിടാൻ പറ്റോ ?"  

"ഇല്ല ...അതും മണ്ണിരയെ നശിപ്പിക്കും ... "

അബ്ബയുടെ മറുപടി കേട്ടപ്പോഴാണ് ഇന്നലെ കഴിച്ച മിഠായിയുടെ തോല് ജനലിലൂടെ പുറത്തേക്കിട്ടത് ലിദുവിന് ഓർമ്മ വന്നത്. അവൻ വീടിന്റെ പിൻവശത്തേക്ക് ഓടി.മണ്ണിൽ കിടന്ന  മിഠായിത്തോല് പെറുക്കി എടുത്ത് ക്ഷണ നേരം കൊണ്ട് തിരിച്ചെത്തി.

"ഇതെന്തിനാ മോനെ മിഠായിത്തോല്? "

"നമ്മുടെ വീട്ടിലെ മണ്ണിരപ്പാമ്പിന് സുഖമായി താമസിക്കാൻ തന്നെ...ഇനി  മിഠായിത്തോലൊന്നും ഞാൻ മണ്ണിലേക്കിടില്ല ... "

"ഗുഡ് ബോയ് ...അത് പ്ലാസ്റ്റിക്ക് വേസ്റ്റ് ഇട്ടു വയ്ക്കുന്ന ചാക്കിൽ ഇട്ടാൽ മതി.നിന്റെ കൂട്ടുകാരോടും ഇതൊക്കെ പറഞ്ഞ് കൊടുക്കണം ട്ടോ... വാ ....അടുത്ത മഴ ദാ വരുന്നു ...അകത്ത് കയറാം ...."

"ഓ കെ ... താങ്ക് യൂ അബ്ബാ ..."

"വെൽകം മൈ ഡിയർ"