Pages

Wednesday, December 18, 2024

ഫിസിക്സ് പഠിച്ച പൂച്ച

"അയ്യോ ... അയ്യോ.. " കൂട്ടുകാരോടൊപ്പം സ്കൂളിലേക്ക് നടന്നു പോകുന്നതിനിടയിൽ പെട്ടെന്നാണ് മിനി മോളുടെ ശബ്ദം ഉയർന്നത്.

"ങേ !! എന്തു പറ്റി ?" ബാബുവും അബ്ദുവും ആമിയും മിനിമോളുടെ അടുത്തേക്ക് ഓടി വന്ന് ചുറ്റും കൂടി.

"ദേ.... അങ്ങോട്ട് നോക്ക് ..." മിനി മോൾ വഴിയരികിലെ ഉയർന്ന മതിലിലേക്ക് ചൂണ്ടിക്കാണിച്ച് കൊണ്ടു പറഞ്ഞു.
എല്ലാവരും അങ്ങോട്ട് നോക്കി.

"അതെന്താ... ഒരു പൂച്ചയും അതിൻ്റെ കുഞ്ഞുമല്ലേ...?" ബാബു ചോദിച്ചു.

"അതെ... തള്ളപ്പൂച്ചയും കുഞ്ഞും " മിനിമോൾ പറഞ്ഞു.

"അതിനെ കണ്ടിട്ടാണോ നീ പേടിച്ചത്?" ആമിക്ക് സംശയമായി.

"അതിനെ കണ്ടതിനല്ല.."

"പിന്നെ ?" എല്ലാവരും ആകാംക്ഷയോടെ മിനിമോളെ നോക്കി.

"ആ പൂച്ചയും കുഞ്ഞും മതിലിൽ നിന്നെങ്ങാനും വീണാൽ രണ്ടിൻ്റെയും കഥ കഴിഞ്ഞത് തന്നെ ..." മിനിമോൾ തൻ്റെ ഭയത്തിൻ്റെ കാരണം വെളിപ്പെടുത്തി.

"ങാ... അത് ശരിയാണല്ലോ..? ആ തള്ളപ്പൂച്ച എന്തിനാ ഇത്രയും പൊക്കത്തിൽ കയറിയത്..?" ബാബുവും ആമിയും മിനിമോളെ പിന്താങ്ങി.

"ഏയ്... ഒന്നും സംഭവിക്കില്ല.." അതുവരെ മിണ്ടാതിരുന്ന അബ്ദു പറഞ്ഞു.

"ങേ !! " എല്ലാവരും അത്ഭുതത്തോടെ അബ്ദുവിനെ നോക്കി.

"നീ ഇതു വരെ എത്ര പൂച്ചയെ കണ്ടിട്ടുണ്ട്?" അബ്ദു മിനിമോളോട് ചോദിച്ചു.

"ഒന്ന് ... രണ്ട് .... പതിനൊന്ന്..." അൽപ നേരം  വിരലിൽ എന്തൊക്കെയോ കണക്ക് കൂട്ടി മിനിമോൾ പറഞ്ഞു.

"നീയോ?" അബ്ദു ആമിയോട് ചോദിച്ചു.

"പത്തെണ്ണം കണ്ടിട്ടുണ്ടാകും...." ആമി പറഞ്ഞു.

"ബാബു എത്ര പൂച്ചയെ കണ്ടിട്ടുണ്ട്?" അബ്ദു ചോദിച്ചു.

"അതിപ്പോ കണക്കില്ല... കൊറെ എണ്ണത്തെ കണ്ടിട്ടുണ്ട്.." ബാബു പറഞ്ഞു.

"ശരി... ശരി... നിങ്ങൾ കണ്ട പൂച്ചകളിൽ ഏതെങ്കിലും ഒന്നിൻ്റെ എങ്കിലും കാല് ഒടിഞ്ഞ് വേച്ച് വേച്ച് നടക്കുന്നത് കണ്ടിട്ടുണ്ടോ?" അബ്ദു ചോദിച്ചു.
എല്ലാവരും ആലോചിച്ചു നോക്കി.

"ശരിയാ... ഞാൻ ഇതുവരെ കാലൊടിഞ്ഞ പൂച്ചയെ കണ്ടിട്ടില്ല ..." മിനിമോൾ പറഞ്ഞു.

"ഞാനും കണ്ടതായി ഓർക്കുന്നില്ല" ബാബു പറഞ്ഞു.

"ഞാനും" ആമിയും സമ്മതിച്ചു.

"ങാ.. അങ്ങനെ ഒന്ന് കാണാത്തത് എന്തു കൊണ്ടാ?" അബ്ദുവിൻ്റെ ചോദ്യം വീണ്ടും എല്ലാവരെയും ചിന്തയിലാഴ്ത്തി.പക്ഷെ, ആർക്കും ഒരുത്തരം കിട്ടിയില്ല.

"അതെന്താ?" എല്ലാവരും അബ്ദുവിനോട് ചോദിച്ചു.

"അതാണ് പ്രകൃതിയിലെ ചില വികൃതികൾ... പൂച്ച വീഴുമ്പോൾ നാല് കാലും കുത്തി മാത്രമേ വീഴൂ.." അബ്ദു പറഞ്ഞു.

"അപ്പോ കാല് ഒടിയൂലേ .... " എല്ലാവർക്കും സംശയമായി.

"ഇല്ല... അവിടെയും പൂച്ചകൾ ഒരു സൂത്രം പ്രയോഗിക്കുന്നുണ്ട്..."

"ങേ !! അതെന്താ സൂത്രം? " എല്ലാവരും അബ്ദുവിനെ നോക്കി.

"പൂച്ച വീഴുമ്പോൾ അത് നാല് കാലും വാലും പരമാവധി നിവർത്തിപ്പിടിക്കും...."

"ആ.... അത് ശരിയാ... മാളുവിൻ്റെ വീട്ടിലെ കിങ്ങിണിപ്പൂച്ച വിറക് പുരയിൽ നിന്ന് താഴെ വീഴുന്നത് ഞാൻ കണ്ടിരുന്നു..." മിനി മോൾ പറഞ്ഞു.

"അതെന്തിനാ അങ്ങനെ ചെയ്യുന്നത്..." ആമിക്കും ബാബുവിനും സംശയമടക്കാൻ കഴിഞ്ഞില്ല.

"ആ... അങ്ങനെ ചെയ്യുമ്പോൾ മാക്സിമം വായുവിനെ ആദേശം ചെയ്ത് ഒരു കുഷ്യൻ പോലെ ആക്കി പതുക്കെ നിലത്തിറങ്ങാം.." അബ്ദു വിശദീകരിച്ചു.

"ആഹാ..... പൂച്ച ഇത് എവിടന്നാ പഠിച്ചത്?" ആമി ചോദിച്ചു.

"ഓരോ ജീവികൾക്കും ദൈവം നൽകിയ ചില പാഠങ്ങളിൽ ഒന്ന്..."

"അപ്പോ എനിക്കും ഉയരത്തിൽ കയറി നിന്ന് കയ്യും കാലും നീട്ടിപ്പിടിച്ച് ഒന്നു ചാടി നോക്കണം...." ബാബു തൻ്റെ പരീക്ഷണ ത്വര പുറത്തെടുത്തു .

"അയ്യോ.. അത് വേണ്ട..." അബ്ദു ഓർമ്മിപ്പിച്ചു.

"ങാ... കഥ പറഞ്ഞ് പറഞ്ഞ് സ്കൂളിൽ എത്തിയത് അറിഞ്ഞില്ല..." മിനിമോൾ പറഞ്ഞു.

"ഇനിയും ഇങ്ങനെ പലതും നമുക്ക് അറിയാനുണ്ട്. അവസരം വരുമ്പോൾ പറഞ്ഞ് തരാം..." അബ്ദു എല്ലാവരോടുമായി പറഞ്ഞു.

"തീർച്ചയായും.." നാലു പേരും അവരവരുടെ ക്ലാസുകളിലേക്ക് നടന്ന് നീങ്ങി.

1 comments:

Areekkodan | അരീക്കോടന്‍ said...

നിത്യജീവിതത്തിലെ ചില ശാസ്ത്ര തത്വങ്ങൾ കഥാ രൂപത്തിൽ അവതരിപ്പിക്കുന്നതിന് തുടക്കമിടുകയാണ്.

Post a Comment

നന്ദി....വീണ്ടും വരിക