ഓട്ടട എന്ന് കേൾക്കുമ്പോൾ ഓടെടാ ഓട്ടം എന്ന രൂപത്തിൽ അതിനെ കണ്ടിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു. ഓട്ടട തയ്യാറാക്കാനുള്ള കൂട്ട് ശരിയാകാത്തതിനാൽ ഒരു ഓട്ട പോലും ഇല്ലാതെ കട്ടി കൂടിയ എന്തോ ഒരു സാധനം ആയിരുന്നു അന്ന് കിട്ടിയിരുന്ന ഓട്ടട. ഒരു പക്ഷേ ജോലിത്തിരക്കിനിടയിൽ ഓട്ടട മാവ് ശരിക്കും രൂപപ്പെടാനുള്ള സമയം നൽകാൻ ഉമ്മാക്ക് സാധിക്കാത്ത് കൊണ്ടായിരിക്കാം അന്ന് അങ്ങനെ സംഭവിച്ചത്. ഏതായാലും ഓട്ടട അന്ന് എനിക്ക് ഒരു പേടി സ്വപ്നമായിരുന്നു.
കാലം മാറി, കഥ മാറി. എനിക്ക് ഒരു നല്ല പാതി വന്നതോടെ ഉമ്മ അടുക്കള ഭരണം അവൾക്ക് കൈമാറി. എല്ലാ പുതു മണവാട്ടികളെയും പോലെ ഏറെ ആശങ്കകളോടെയാണ് അവളാ കിരീടം ചൂടിയത്. പഠന കാലം കഴിഞ്ഞ് അടുക്കളയിൽ കയറാൻ അധിക സമയം കിട്ടിയില്ല എന്നതായിരുന്നു അതിന്റെ പ്രധാനകാരണം. കൂടാതെ എനിക്കും ഉമ്മാക്കും ഉപ്പാക്കും പുറമെ രണ്ട് അനിയൻമാരും ഇത്താത്തയുടെ മോളും അടങ്ങിയ ഒരു ലാർജ്ജ് ഫാമിലിയുടെ വയറ് നിറക്കാനുള്ളത് തയ്യാറാക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല.
പേര് എന്ത് തന്നെയാണെങ്കിലും ഉമ്മ ഉണ്ടാക്കിത്തരുന്നത് ഭക്ഷിക്കുക എന്നതിൽ നിന്നും മാറി, ഇന്നത്തെ പ്രാതൽ ചപ്പാത്തി അല്ലെങ്കിൽ പുട്ട് ആണെന്ന് ശരിക്കും മനസ്സിലാക്കി ആസ്വദിച്ച് ഭക്ഷിക്കാൻ തുടങ്ങിയത് അന്ന് മുതലാണ്. വെളളപ്പം ഏത് ദോശ ഏത് എന്ന് തിരിച്ചറിഞ്ഞതും അവൾ അടുക്കളയിൽ കയറിയതോടെയാണ്. ഉപ്പ്മാവ് എന്നാൽ ഇത്രയും രുചിയുള്ള ഒരു ഐറ്റം ആയിരുന്നു എന്ന് മനസ്സിലായതും ഈ മാറ്റത്തിന് ശേഷമാണ്. "ബായക്കപ്പം" എന്ന പഴം കൊണ്ടുണ്ടാക്കുന്ന ഒരേ ഒരു പലഹാരത്തിൻ്റെ സ്ഥാനത്ത് കട്ലറ്റും സമൂസയും പഴംപൊരിയും ഉള്ളിവടയും മാറി മാറി അടുക്കളയെ ഗന്ധപൂരിതമാക്കുന്ന കാലം ആരംഭിച്ചതും അന്ന് മുതലാണ്.
അടുക്കളയിൽ അവൾ പ്രാവീണ്യം നേടുന്നതിനനുസരിച്ച് അവളുടെ കൈപുണ്യവും കൂടിക്കൂടി വന്നു. ബിരിയാണി അടക്കം ഏത് ഭക്ഷണവും തയ്യാറാക്കി നോക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും അവൾ ആർജ്ജിച്ചെടുത്തു. പി ജി ക്ക് എൻ്റെ കൂടെ പഠിച്ച രണ്ട് പെൺകുട്ടികൾ വീട്ടിൽ വന്നപ്പോൾ ജീവിതത്തിൽ ആദ്യമായി ചിക്കൻ ബിരിയാണി ഉണ്ടാക്കി ഞങ്ങളെ ഞെട്ടിക്കാൻ വരെ അവളുടെ ആത്മവിശ്വാസം ഉയർന്നു.
പ്രാതലിന് ഓരോ ദിവസവും മാറി മാറി വിവിധ വിഭവങ്ങൾ തയ്യാറാക്കുന്നതിനിടയിലാണ് ഒരു ദിവസം അവൾ ഓട്ടട ചുട്ടത്. കുട്ടിക്കാല അനുഭവത്തിൽ നിന്ന് ഓട്ടട എൻ്റെ പേടി സ്വപ്നങ്ങളിൽ ഒന്നായിരുന്നു എന്ന് അവൾക്കറിയില്ലായിരുന്നു. പക്ഷെ, എൻ്റെ വീട്ടിൽ തയ്യാറാക്കിയ ഓട്ടടയിൽ അന്നാദ്യമായി ഞാൻ നിറയെ ഓട്ടകൾ കണ്ടു ! മുഴുവൻ ഭാഗവും വെന്ത ഓട്ടടയും അന്നാദ്യമായി തിന്നു.
ക്രമേണ ക്രമേണ ചിക്കൻ കറിയോ മീൻ മുളകിട്ടതോ കടലക്കറിയോ ഒഴിച്ച് ഓട്ടട തിന്നാൻ തുടങ്ങിയാൽ പിന്നെ എന്റെ ആമാശയം നിലയില്ലാക്കയമായി. ഇപ്പോൾ എൻ്റെ ചെറിയ മോനും ഓട്ടട ഏറ്റവും ഇഷ്ട വിഭവങ്ങളിൽ ഒന്നായി.
1 comments:
ക്രമേണ ക്രമേണ ചിക്കൻ കറിയോ മീൻ മുളകിട്ടതോ കടലക്കറിയോ ഒഴിച്ച് ഓട്ടട തിന്നാൻ തുടങ്ങിയാൽ പിന്നെ എന്റെ ആമാശയം നിലയില്ലാക്കയമായി.
Post a Comment
നന്ദി....വീണ്ടും വരിക