Pages

Friday, December 27, 2024

മൂന്നാം പുസ്തക പ്രകാശനം

എൻ്റെ മൂന്നാമത്തെ പുസ്തകമായ "പാഠം ഒന്ന് ഉപ്പാങ്ങ" ഇക്കഴിഞ്ഞ ദിവസം പ്രകാശിതമായി. ടീം പോസിറ്റീവ് സംഘടിപ്പിക്കുന്ന പതിനൊന്നാമത് അരീക്കോട് പുസ്തകമേളയിൽ വച്ച് പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. പി.കെ. പാറക്കടവ് ആണ് പ്രകാശനം നിർവ്വഹിച്ചത്. അരീക്കോടിൻ്റെ ചരിത്രം പറയുന്ന 'ചാലിയാർ സാക്ഷി' എന്ന പുസ്തകത്തിൻ്റെ രചയിതാവ് ശ്രീ.മലിക് നാലകത്ത് ആണ് പുസ്തകം സ്വീകരിച്ചത്. എഴുത്ത്കാരി  ശ്രീമതി നജ്ല പുളിക്കൽ പുസ്തക പരിചയം നടത്തി. എൻ്റെ മലയാളം അദ്ധ്യാപകൻ രവീന്ദ്രൻ മാഷ്, എഴുത്ത്കാരായ എം.എ.സുഹൈൽ, അമ്മാർ കീഴുപറമ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു.

1987-ൽ എൻ്റെ കൂടെ മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിച്ച പതിനാല് പേർ പങ്ക് വച്ച  സ്കൂൾ ഓർമ്മകൾ കഥാ രൂപത്തിൽ എഴുതിയതാണ് "പാഠം ഒന്ന് ഉപ്പാങ്ങ". സ്കൂൾ കാലഘട്ടത്തിൽ പലരുടെയും ജീവിതത്തിൽ സംഭവിച്ചിരിക്കാൻ സാധ്യതയുള്ള നിരവധി കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഈ പുസ്തകത്തിൽ നർമ്മത്തിൽ ചാലിച്ച കഥകളായി ഇതൾ വിരിയുന്നു. കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായി  പലർക്കും ഇത് അനുഭവപ്പെടും എന്ന് പുസ്തക പ്രകാശനം നടത്തിയ ശ്രീ.പി.കെ.പാറക്കടവ് സാക്ഷ്യപ്പെടുത്തുന്നു.

വെറും ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നതിലുപരി നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ കൂടി നടത്തുന്ന ഒരു കൂട്ടമാണ് "ഒരു വട്ടം കൂടി " എന്ന ഈ കൊച്ചു സംഘം. സ്കൂൾ സ്ഥിതി ചെയ്യുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെയും, സ്കൂളിലെ അന്നത്തെ വിദ്യാർത്ഥികൾ താമസിച്ചിരുന്ന അരീക്കോട്, കിഴുപറമ്പ്, കാവനൂർ, എടവണ്ണ തുടങ്ങിയ പഞ്ചായത്തുകളിലെയും വിവിധ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകാനാണ് ഈ പുസ്തകത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും ഉപയോഗപ്പെടുത്തുന്നത്. 

എല്ലാവരും ഒരു കോപ്പി വാങ്ങി ഞങ്ങളുടെ ഈ സദുദ്യമത്തെ വിജയിപ്പിക്കണം എന്നഭ്യർത്ഥിക്കുന്നു. 125 രൂപ 9447842699 എന്ന നമ്പറിൽ പേ ചെയ്താൽ തപാൽ മാർഗ്ഗം പുസ്തകം വീട്ടിലെത്തും.

1 comments:

Areekkodan | അരീക്കോടന്‍ said...

എല്ലാവരും ഒരു കോപ്പി വാങ്ങി ഞങ്ങളുടെ ഈ സദുദ്യമത്തെ വിജയിപ്പിക്കണം എന്നഭ്യർത്ഥിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക