Pages

Sunday, December 29, 2024

പ്രീഡിഗ്രി കാമ്പസിൽ വീണ്ടും.

"കാറ്റാടിത്തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം.." 

വയലാർ ശരത്ചന്ദ്രവർമ്മ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന് വേണ്ടി ഈ ഗാനം എഴുതുമ്പോഴും ജെയിംസ് ആൽബർട്ട് ഈ സിനിമയുടെ കഥ എഴുതുമ്പോഴും മലയാളക്കരയിൽ അതിത്രയും വലിയ ചലനങ്ങൾ ഉണ്ടാക്കും എന്ന് സ്വപ്നത്തിൽ പോലും കണ്ടിരിക്കാൻ സാദ്ധ്യതയില്ല. 2006 ൽ ക്ലാസ്മേറ്റ്സ് എന്ന സിനിമ റിലീസ് ആയതിന് ശേഷമാണ് പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ സർവ്വ സാധാരണമായത്.

ഞാൻ കലാലയത്തിലേക്ക് കാലെടുത്ത് വെച്ചത് 1987-ൽ ആണ്. തിരൂരങ്ങാടിയിലെ പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് എന്ന പി.എസ്.എം.ഒ കോളേജിനായിരുന്നു എൻ്റെ പാദസ്പർശം ഏൽക്കാനുള്ള നിയോഗം. പ്രീഡിഗ്രി സെക്കൻ്റ് ഗ്രൂപ്പിൽ രണ്ട് വർഷം ഞാൻ അവിടെ പഠിച്ചു. 

കോളേജിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നല്ല പ്രോത്സാഹനം നൽകിയിരുന്നതിനാൽ ഞാൻ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയറായി സേവനമനുഷ്ടിക്കുകയും വിവിധ സ്റ്റേജിതര മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എൻ.എസ്.എസ് ൻ്റെ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഇന്ദിരാഗാന്ധി നാഷണൽ അവാർഡ്  (Click & Read) വരെ എത്തിപ്പിടിക്കാൻ എനിക്ക് നിലമൊരുക്കിത്തന്നത് ഈ കലാലയമായിരുന്നു.

2013-ൽ നടന്ന പി.എസ്.എം. ഒ കോളേജിൻ്റെ  പ്രഥമ ഗ്ലോബൽ അലുംനി മീറ്റിന് (Click & Read) ശേഷം ഒരു സംഗമത്തിലും വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷെ, ഇത്തവണ നേരത്തെ തന്നെ മനസ്സിനെ അതിന് പാകപ്പെടുത്തി മറ്റെല്ലാ പരിപാടികളും ഒഴിവാക്കി തന്നെ മീറ്റിൽ പങ്കെടുത്തു. 2013-ലെ അനുഭവങ്ങൾ തന്നെയായിരുന്നു അതിനുള്ള മുഖ്യ പ്രചോദനവും. 

ബട്ട്, കഴിഞ്ഞ മീറ്റുകളിൽ നിന്ന് വളരെ വ്യത്യസ്തമായി പൂർവ്വ വിദ്യാർത്ഥികളുടെ പങ്കാളിത്തം വളരെ കുറഞ്ഞു പോയി. ഹോസ്റ്റലിൽ ജൂനിയറായിരുന്ന സഗീറും മറ്റ് ചിലരും വന്നിരുന്നു. അവരുടെ കൂടെ കാമ്പസ് ഒന്ന് ചുറ്റിക്കണ്ടു. എൻ്റെ ക്ലാസ്മേറ്റ്സായ നൗഫൽ, സുജാത,ശഫീഖ് എന്നിവരും ഫസ്റ്റ് ഗ്രൂപ്പ്കാരായ ബാസിൽ, ലേഖ, റഹീന , ആസിഫ്,ശമീർ , സിയാദ് എന്നിവരും സംഘാടകരിൽ പ്രമുഖനായ അസ്‌ലമും പിന്നെ ഏതാനും ചില സീനിയേഴ്സും മാത്രമായിരുന്നു എനിക്കറിയാവുന്നവരായി ഉണ്ടായിരുന്നത്.

പൂർവ്വ അദ്ധ്യാപകരിലും അറിയാവുന്നവർ വളരെ കുറച്ച് പേർ മാത്രമേ വന്നിരുന്നുള്ളൂ. അതിൽ തന്നെ ഹോസ്റ്റലിൽ ഞങ്ങളുടെ കൂടെ താമസിച്ചിരുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ്റെ സൈഫുദ്ദീൻ സാറ് പേരെടുത്ത് വിളിച്ചപ്പോൾ അന്ന് ഒരു ടീമിലും അംഗമാകാതിരുന്ന എനിക്ക് വളരെ സന്തോഷം തോന്നി.

രണ്ട് ദിവസം മുമ്പ് പ്രകാശനം ചെയ്ത എൻ്റെ പുസ്തകം "പാഠം ഒന്ന് ഉപ്പാങ്ങ" (Click & Read) കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീറിന് ഈ കാമ്പസിൽ വച്ച്  നൽകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം പി.എസ്.എം.ഒ കോളേജിന്റെ മാഗസിനിലൂടെയാണ് എൻ്റെ അക്ഷരങ്ങളിൽ മഷി പുരളാൻ തുടങ്ങിയത്.

കണ്ടുമുട്ടിയ സുഹൃത്തുക്കൾക്കൊപ്പം അഞ്ച് മണിക്കൂറോളം കാമ്പസിൽ ചെലവഴിച്ച് വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ മുപ്പത്തി ഏഴ് വർഷങ്ങൾക്ക് മുമ്പത്തെ പല സംഭവങ്ങളും മനസ്സിൽ ക്ലാവ് പിടിക്കാതെ ഓടുന്നുണ്ടായിരുന്നു. സംഘാടകർക്ക് ഹൃദയാഭിവാദ്യങ്ങൾ.

3 comments:

Areekkodan | അരീക്കോടന്‍ said...

ആദ്യ കലാലയത്തിൽ വീണ്ടും.

Sameer Tirurangadi said...

👍

Areekkodan | അരീക്കോടന്‍ said...

Welcome Sameer

Post a Comment

നന്ദി....വീണ്ടും വരിക