Pages

Sunday, August 18, 2013

മനം നിറഞ്ഞ ഒരു അലുംനി മീറ്റ്

ഇന്ന് ആഗസ്ത് 18. മാസങ്ങളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു ദിനം. പ്ലസ് ടു കാലത്തിന് മുമ്പ് പ്രീഡിഗ്രി എന്ന കോഴ്സ് ഉണ്ടായിരുന്ന കാലത്ത് ഞാന്‍ പഠിച്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ്ലെ 44 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്ന ഗ്ലോബല്‍ അലുംനി മീറ്റ് ദിനം.

ഫോണില്‍ ബന്ധപ്പെട്ട മിക്ക കൂട്ടുകാരും വരില്ല എന്ന് പറഞ്ഞെങ്കിലും ചുരുങ്ങിയത് പഠിച്ച കോളേജിന്റെ പൂമുഖം ഒന്നു കൂടി കാണാം എന്നതിനാലും പഴയ ഏതെങ്കിലും ഒരു സുഹൃത്തിനെ കാണാനായാല്‍ ആ പരിചയം പുതുക്കാം എന്നതിനാലും പഴയ അദ്ധ്യാപകരെ കാണാം എന്നതിനാലും അളിയന്റെ ഹൌസ്‌വാമിങ് സൈറ്റില്‍ നിന്ന് രാവിലെ തിരൂരങ്ങാടി ലക്ഷ്യമാക്കി ഞാന്‍ സ്കൂട്ടായി.

15 മിനുട്ട് വൈകിയെങ്കിലും തിരക്ക് കാരണം 9 മണിക്ക് അടിക്കേണ്ടിയിരുന്ന ഫസ്റ്റ് ബെല്‍ പത്ത് മണിയായിട്ടും അടിച്ചിട്ടില്ലായിരുന്നു.ആദ്യ വിദ്യാര്‍ത്ഥിയായ ശ്രീ ഉണ്ണിക്കമ്മു പഴേരി പതാക ഉയര്‍ത്തി ഗ്ലോബല്‍ അലുംനി മീറ്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടപ്പോള്‍  44 വര്‍ഷത്തെ യൂണിയന്‍ ചെയര്‍മാന്മാരും വിവിധ നിറത്തിലുള്ള കൊടികള്‍ ഉയര്‍ത്തി അണി നിരന്നു. ശേഷം മുഴങ്ങിയ ബെല്‍ ശബ്ദം എല്ലാവരുടേയും മനസ്സിലേക്ക് തങ്ങളുടെ പഴയ കാമ്പസ് ദിനങ്ങള്‍ സുനാമി കണക്കെ അടിച്ചുകയറി.ഓരോ വര്‍ഷത്തേയും ബാച്ചിന് അനുവദിച്ച ക്ലാസ്സുകളീലേക്ക് എല്ലാവരും നീങ്ങി.

1987 ബാച്ചിന് അനുവദിച്ച 20ആം നമ്പറ് റൂമില്‍ ഞാന്‍ എത്തുംപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.പക്ഷേ അല്പ സമയത്തിനകം വന്ന പെണ്‍പടയില്‍ ഒരു മുഖം എനിക്ക് ഓര്‍മ്മ വന്നു , പേര് പിന്നീട് ചോദിച്ചറിയേണ്ടി വന്നെങ്കിലും. പിന്നെ ആ  പെണ്‍പട ഓരോരുത്തരെയായി പരിചയപ്പെടാന്‍ തുടങ്ങിയപ്പോള്‍ 25 വര്‍ഷം മുമ്പുള്ള ക്ലാസ്സിലേക്ക് ഞങ്ങള്‍ ഓരോരുത്തരായി നടന്നു കയറി. ഇതിനിടയില്‍ കൂടുതല്‍ പേര്‍ ക്ലാസ്സിലേക്ക് കയറി വന്നു കൊണ്ടിരുന്നു. എന്റെ തന്നെ ക്ലാസ്സിലെ ഷഫീക്ക്,സുജാത,നിഷ, ഷാഹിന ഒ.എച് (അന്ന് എന്റെ ക്ലാസ്സില്‍ 9 ഷാഹിനമാര്‍ ഉണ്ടായിരുന്നു!!) എന്നിവരും ഫസ്റ്റ് ഗ്രൂപ്പിലെ ലുബ്ന,ലേഖ,ഗഫൂര്‍,സാജിദ് പാഷ തുടങ്ങിയവരും എത്തിച്ചേര്‍ന്നു.

പിന്നീട് ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് നല്ല പൊക്കമുള്ള കാക്കി എന്ന് തോന്നിക്കുന്ന പാന്റ് ധരിച്ച ആ പുലിയെ തിരിച്ചറിഞ്ഞത് -   മൂസ വള്ളിക്കാടന്‍ . സൌമ്യ കേസിലും മറ്റ് നിരവധി കേസുകളിലും അന്വേഷണ സംഘാംഗമായി പ്രവര്‍ത്തിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൂസ വള്ളിക്കാടന്‍ . ഇപ്പോള്‍ വണ്ടൂര്‍ സര്‍ക്കിളില്‍ ജോലി ചെയ്യുന്നു. ഗ്ലോബല്‍ അലുംനി മീറ്റിന്റെ ഡിജിറ്റല്‍ സോവനീറിന്റെ ഞങ്ങളുടെ 1987 ബാച്ചിലെ പ്രകാശനം എനിക്ക് കോപ്പി നല്‍കിക്കൊണ്ട് അദ്ദേഹം നിര്‍വ്വഹിച്ചപ്പോള്‍ അപ്രതീക്ഷിതമായി എനിക്ക് വരുന്ന നിയോഗങ്ങളില്‍ ഒന്നായി അതും മാറി.

കുടുംബത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടതും നിര്‍ബന്ധമായതിനാല്‍ കൂടുതല്‍ സമയം ഈ മീറ്റ് ആസ്വദിക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷേ ഒരു കാര്യം തീര്‍ച്ച. ഇന്ന് ഈ മീറ്റില്‍ പങ്കെടുത്ത എല്ലാവരുടേയും മനസ്സില്‍ അതെന്നെന്നും തങ്ങി നില്‍ക്കും.ഇനിയും ഇത്തരം മീറ്റുകള്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ക്കും അതില്‍ പങ്കെടുക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ഇത് കൂടുതല്‍ ആവേശം നല്‍കും.
(ഫോട്ടോ ഒന്നും ഇതുവരെ ലഭിക്കാത്തതിനാല്‍ ചേര്‍ക്കാന്‍ പറ്റിയിട്ടില്ല)

2 comments:

Areekkodan | അരീക്കോടന്‍ said...

പിന്നെ ആ പെണ്‍പട ഓരോരുത്തരെയായി പരിചയപ്പെടാന്‍ തുടങ്ങിയപ്പോള്‍ 25 വര്‍ഷം മുമ്പുള്ള ക്ലാസ്സിലേക്ക് ഞങ്ങള്‍ ഓരോരുത്തരായി നടന്നു കയറി.

Anwar Sadath said...

add more posts in your style!

Post a Comment

നന്ദി....വീണ്ടും വരിക