Pages

Friday, August 23, 2013

ദേശീയദിനങ്ങളുടെ പ്രസക്തി

          നാം സ്വതന്ത്രരായിട്ട് 66 സംവത്സരങ്ങൾ കൊഴിഞ്ഞുപോയി. നേടിയെടുത്ത സ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും പൂർണ്ണമാണോ അല്ലെയോ എന്ന് പല വേദികളിലും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു.രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രം അനുഭവിക്കുന്ന നിരവധി പേർ ഇന്നും നമ്മുടെ രാജ്യത്തുണ്ട്. സ്വതന്ത്രരായിട്ടും പാരതന്ത്ര്യം അനുഭവിക്കുന്ന വേറെ നിരവധിപേരും നമ്മുടെ രാജ്യത്തുണ്ട്. എന്നിട്ടും സമീപഭാവിയിലെ വൻശക്തിയായി ലോകം ഇന്ത്യയെ നോക്കിക്കാണുന്നു. കാരണം മറ്റൊന്നുമല്ല. ലോകത്ത് യുവസമ്പത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ഇന്ത്യയാണ് എന്നത് തന്നെ. 

          ലോകത്തിന്റെ ഗതി-വിഗതികൾ എന്നും മാറ്റിമറിച്ചത് യുവത്വമാണ്. സമീപകാലത്ത് നടന്ന മുല്ലപ്പൂ വിപ്ലവത്തിൽ നിരവധി ഭരണകൂടങ്ങൾ കുലുങ്ങിവിറച്ചത് നാം കണ്ടതാണ്. യുവതക്ക് ദേശീയബോധവും ദേശഭക്തിയും  ഉണ്ടായാൽ ഒരു രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടും എന്ന്  ഇതിലൂടെ വ്യക്തമായി. രാജ്യപുരോഗതിക്കും അത് ആക്കം കൂട്ടും. രാജ്യങ്ങളുടെ പുരോഗതി ലോകത്തെ മുഴുവൻ മാറ്റിമറിക്കുകയും ചെയ്യും.ലോകം പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നതും ഇക്കാരണത്താലാണ്.

          നമ്മുടെ ദേശീയദിനങ്ങളായ സ്വാതന്ത്ര്യദിനവും റിപബ്ലിക്ദിനവും നിറം കെട്ടു പോകുന്ന ഒരു അവസ്ഥയിലാണ് ഇന്നുള്ളത്. അല്പം ചില ഗാന്ധിയന്മാരും അല്ലെങ്കിൽ അതുപോലെയുള്ള ചില സംഘങ്ങളും മാത്രം ആഘോഷിക്കുന്ന ദിനമായി ഈ ദിനങ്ങളെ മാറ്റിയത് ആരാണ് എന്ന് നാം ചിന്തിക്കണം.അതേ സമയത്ത് തന്നെ പാശ്ചാത്യാഘോഷങ്ങമായ വാലന്റൈൻ ദിനവും മറ്റും യുവത്വം ആവേശപൂർവ്വം കൊണ്ടാടുന്നു.കാമ്പസ്സുകൾ അത്തരം ദിനങ്ങൾ ഉത്സവങ്ങളാക്കി മാറ്റുന്നു.മാധ്യമങ്ങളും ഈ കമ്പോളവൽകൃത ദിനാചരണത്തിന് ഏറെ പ്രാധാന്യം നൽകുന്നു.

            ഇവിടെയാണ് നാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ തിരിച്ചറിയുന്നത്. വെള്ളക്കാരന്റെ രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് മോചിതരായ നാം അവന്റെ സാംസ്കാരിക അടിമത്വത്തിലേക്ക് അധ:പതിച്ചിരിക്കുന്നു.അതായത് 1947ൽ നേടി എടുത്ത സ്വാതന്ത്ര്യത്തിൽ എവിടെയോ വച്ച് പുഴുക്കുത്ത് ഏറ്റിരിക്കുന്നു.പുഴുവിനേയും പുഴുക്കുത്തിനേയും തിരിച്ചറിഞ്ഞിട്ടും ആവശ്യമായ മരുന്ന് പ്രയോഗിക്കാൻ നാം ഇപ്പോഴും തയ്യാറാകുന്നില്ല എന്നതാണ് നഗ്നസത്യം.

             ജന്മദിനങ്ങളും മതാഘോഷങ്ങളും കൊണ്ടാടുന്നതുപോലെ ഓരോ ഇന്ത്യക്കാരനും പ്രതീക്ഷയോടെ കാത്തിരിക്കേണ്ടതും അഭിമാനപൂർവ്വം ആഘോഷിക്കേണ്ടതും ആയ ദിനങ്ങളാണ് നമ്മുടെ ദേശീയദിനങ്ങൾ.സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ച നമ്മുടെ പൂർവ്വപിതാക്കളെയും മറ്റു ദേശീയ നേതാക്കളേയും ആവേശപൂർവ്വം എന്നും സ്മരിക്കേണ്ടത്  നമ്മുടെ കടമയാണ്.ദേശഭക്തിയുള്ള ഒരു യുവസമൂഹം വളർന്നുവരുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകൂ.നാഷണൽ സർവീസ് സ്കീം പോലെയുള്ള വിദ്യാർത്ഥീ കൂട്ടായ്മകൾ ഇതിനുള്ള വേദി ഒരുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചുപോരുന്നു.നമ്മുടെ ദേശസ്നേഹം ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.

“സാരെ ജഹാംസെ അച്ഛാ……ഹിന്ദുസ്ഥാൻ ഹമാരാ

(സാനിക കയ്യെഴുത്ത് മാസിക ആഗസ്ത് ലക്കം എഡിറ്റോറിയല്‍ )

4 comments:

Areekkodan | അരീക്കോടന്‍ said...

“സാരെ ജഹാംസെ അച്ഛാ……ഹിന്ദുസ്ഥാൻ ഹമാരാ…”

ajith said...

നല്ല ലേഖനം

Mubi said...

“സാരെ ജഹാംസെ അച്ഛാ……ഹിന്ദുസ്ഥാൻ ഹമാരാ…”

നന്നായി എഴുതി.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല ലേഖനം

Post a Comment

നന്ദി....വീണ്ടും വരിക