Pages

Wednesday, November 20, 2024

ദേശീയ അവാർഡിൻ്റെ ഓർമ്മയിൽ....

2013 നവംബർ 19 സമയം ഉച്ചക്ക് ഏകദേശം 12.15. രാഷ്ട്രപതി ഭവനിലെ പ്രൗഢ ഗംഭീരമായ  ദർബാർ ഹാളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം വരുന്ന അതിഥികൾക്ക് മുമ്പിൽ ആ വർഷത്തെ എൻ.എസ്.എസ് ദേശീയ പുരസ്കാര വിതരണം നടക്കുകയാണ്. ഇന്ത്യൻ പ്രസിഡണ്ട് ശ്രീ. പ്രണബ് മുഖർജി വിതരണം ചെയ്യുന്ന അവാർഡ് ജേതാക്കളിൽ ഒരുവനായി ഞാനും അന്ന് ദർബാർ ഹാളിൽ ഉണ്ട്. ജീവിതത്തിലെ ഈ അപൂർവ്വ മുഹൂർത്തത്തിന് സാക്ഷികളാകാൻ എൻ്റെ ഉമ്മയും ഭാര്യയും മക്കളും ഭാര്യാ മാതാവും അടക്കമുള്ളവർ സദസ്സിലും ഉണ്ടായിരുന്നു.

"അബീദ് താരവട്ടത്ത് " ഹിന്ദിക്കാരിയായ അവതാരക വിളിച്ചു പറഞ്ഞപ്പോൾ ഒരു സംശയവും കൂടാതെ ഞാനും എന്റെ പ്രിൻസിപ്പാൾ പ്രൊഫ.വിദ്യാസാഗർ സാറും പ്രസിഡണ്ടിൻ്റെ നേരെ ചെന്ന് ട്രോഫിയും സർട്ടിഫിക്കറ്റും മെഡലും കാഷ് പ്രൈസും ഏറ്റുവാങ്ങി (ഫുൾ വിവരണം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക). 767

സർക്കാർ സ്ഥാപനത്തിൻ്റെ പരാധീനതകൾ കാരണം ദേശീയ പുരസ്കാരമടക്കം അക്കാലയളവിൽ ലഭിച്ച പുരസ്കാരങ്ങളെല്ലാം എൻ്റെ ലാബിൽ ചെറിയൊരു മേശപ്പുറത്ത് കൂട്ടി വച്ചിരിക്കുകയായിരുന്നു. അവാർഡ് വിവരം അറിഞ്ഞ് ഹിന്ദു പത്രത്തിൻ്റെ റിപ്പോർട്ടർ ശ്രീ ജാബിർ മുഷ്തരി എന്നെ കാണാൻ വന്നപ്പോൾ കണ്ട ആ കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അദ്ദേഹം അത് വിശദമായ ഒരു റിപ്പോർട്ട് ആക്കുകയും ചെയ്തു. 

താമസിയാതെ പ്രിൻസിപ്പൽ റൂമിൽ നാലഞ്ച് ഷോകേസുകൾ സ്ഥാപിക്കപ്പെട്ടു. NSS വഴി കോളേജിന് കിട്ടിയ അംഗീകാരങ്ങൾ തന്നെ അതിൽ നിറക്കാൻ മാത്രമുണ്ടായിരുന്നു. ഇപ്പോൾ സ്റ്റേറ്റ് അവാർഡുകളും നാഷണൽ അവാർഡും കൂടി ഷോകേസിലെ ഇടുങ്ങിയ ഒരു മുറിക്കുള്ളിൽ ശ്വാസം മുട്ടി കഴിയുന്നു. 

ദേശീയ അവാർഡിൻ്റെ ഓർമ്മ ദിനത്തിൽ പ്രിൻസിപ്പാളിൻ്റെ സമ്മതം വാങ്ങി ഞാൻ ആ ട്രോഫി ഒന്നു കൂടി കയ്യിലെടുത്തു. ഒരു ചുംബനം നൽകി സെൽഫിയും എടുത്ത ശേഷം അവിടെ തന്നെ തിരിച്ചു വച്ചു. 

ഈ നേട്ടത്തിന് ഏറെ പിന്തുണ നൽകിയ NSS ടെക്നിക്കൽ സെൽ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ അബ്ദുൾ ജബ്ബാർ അഹമ്മദ് സാറിനെയും എൻ്റെ NSS പ്രോഗ്രാം ഓഫീസർ കാലഘട്ടത്തിലെ  എല്ലാ പ്രിൻസിപ്പാൾമാരെയും സഹപ്രവർത്തകരെയും സഹ പ്രോഗ്രാം ഓഫീസർമാരെയും പിന്നെ ഏറ്റവും പ്രിയപ്പെട്ട എൻ്റെ വളണ്ടിയർമാരെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.


Tuesday, November 19, 2024

തിപ്പല്ലിയും ആര്യവേപ്പും

മകളുടെ കല്യാണത്തിനായി വീടും പരിസരവും ഒന്ന് നവീകരിച്ചപ്പോൾ ഏതാനും ചില മരങ്ങളും  ഒഴിവാക്കേണ്ടി വന്നു. വർഷത്തിൽ ഏറ്റവും ചുരുങ്ങിയത്  അഞ്ച് വൃക്ഷത്തൈകൾ ഞാൻ വയ്ക്കാറുണ്ട്. അതിനാൽ തന്നെ പ്രസ്തുത മരങ്ങൾ പോയത് എനിക്ക് വലിയൊരു നഷ്ടമായി തോന്നിയില്ല. ഇലഞ്ഞിപ്പൂക്കളും അതിൻ്റെ സുഗന്ധവും അനുഭവിക്കാൻ ഇനി സാധ്യമല്ല എന്നത് മാത്രമാണ് ഒരു പ്രശ്നം.

മുറ്റം നവീകരിച്ചപ്പോൾ, വീടിൻ്റെ പിൻഭാഗത്ത് നേരത്തെ ഉണ്ടായിരുന്നതും ഇഞ്ചി, മഞ്ഞൾ എന്നിവ നട്ടിരുന്നതുമായ സ്ഥലത്തിന് അൽപം കൂടി വിസ്താരം കൂടി. ഇനി അതൊരു ഔഷധ സസ്യ തോട്ടമാക്കാം എന്ന് ഭാര്യക്ക് ഒരാശയം തോന്നി. മുറികൂട്ടി, കഞ്ഞിക്കൂർക്കൽ തുടങ്ങിയവ നേരത്തെ തന്നെ ആ പരിസരത്ത് വളരുന്നുണ്ടായിരുന്നതിനാൽ ഞാനും അതിനെ പിന്താങ്ങി. ഒരു ആര്യവേപ്പിൻ്റെ തൈ ആണ് പ്രധാനമായും വേണ്ടത് എന്നു പറഞ്ഞതും ഞാൻ അംഗീകരിച്ചു. അങ്ങനെ എല്ലാ വർഷവും ചെയ്യുന്ന പോലെ, വിവാഹ വാർഷികദിന മരമായി ഇത്തവണ ആര്യവേപ്പ് നടാം എന്ന് തീരുമാനിച്ചു.

"ഒരു കാര്യം നിങ്ങൾ തീവ്രമായി ആഗ്രഹിച്ചാൽ അതിന്റെ സഫലീകരണത്തിനുവേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങളോടൊത്തു ഒരു ഗൂഢാലോചനയിൽ ഏർപ്പെടും" എന്നാണല്ലോ ആൽകെമിസ്റ്റിൽ പൗലോ കോയ്‌ലൊ പറയുന്നത്. ആര്യവേപ്പ് മനസ്സിലിട്ട് നടക്കുമ്പോഴാണ് നാട്ടിലെ കൃഷിഭവനിൽ നിന്ന് ഒരറിയിപ്പ് വന്നത്. തിപ്പല്ലി, ആര്യവേപ്പ് തൈകൾ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട് ! കൃഷി ഭവനിൽ നിന്ന് ഫല വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും നിരവധി തവണ ലഭിച്ച ഞാൻ പിറ്റേന്ന് തന്നെ പോയി തൈകൾ കരസ്ഥമാക്കി.

അങ്ങനെ, ഭാര്യയുടെ ജന്മദിന തൈയായി തിപ്പല്ലിയും ഞങ്ങളുടെ വിവാഹ വാർഷിക ദിന മരമായി ആര്യവേപ്പും വീടിൻ്റെ പിൻഭാഗത്തെ ഔഷധസസ്യ തോട്ടത്തിൽ ഇടം പിടിച്ചു. കഴിഞ്ഞ വർഷം നട്ട അരിനെല്ലി ഒരാളുടെ പൊക്കമായി. അതിൻ്റെ മുൻ വർഷങ്ങളിൽ നട്ട വിയറ്റ്നാം ഏർളി പ്ലാവും മുന്തിരി വള്ളിയും ഫലങ്ങൾ നൽകിത്തുടങ്ങി.

വിശേഷ ദിവസങ്ങളിൽ ഒരു മരം നടുക, നിങ്ങൾക്കും അടുത്ത തലമുറകൾക്കും ഭൂമിയിലെ ഒട്ടനവധി ജന്തുക്കൾക്കും അത് കാലങ്ങളോളം പ്രയോജനപ്പെടും.

Tuesday, November 12, 2024

പ്രിയങ്കയുടെ കന്നിയങ്കം

ഒരു ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥനാകാൻ ആദ്യമായി യോഗമുണ്ടായത് 2021 ലാണ്. കോഴിക്കോട് നിന്നും പാലക്കാട് ശ്രീകൃഷ്ണപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയ ഉടൻ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയായിരുന്നു ഈ അപൂർവ്വ അവസരം ലഭിച്ചത്. എന്നാൽ ഇന്നേ വരെ ഒരു ഉപതെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ലഭിച്ചതായി എൻ്റെ ഓർമ്മയിൽ ഇല്ല. നവംബർ 13 ബുധനാഴ്ച വയനാട് ലോകസഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പിലൂടെ അതിനും ഇപ്പോൾ അവസരം ഒത്തു വന്നിരിക്കുകയാണ്.

ഇതിലെല്ലാം ഉപരി ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് പോലെ തന്നെ അന്തർദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു തെരഞ്ഞെടുപ്പാണ് ഈ മണ്ഡലത്തിൽ നടക്കാൻ പോകുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകൾ പ്രിയങ്കാ ഗാന്ധി ചരിത്രത്തിലാദ്യമായി പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതാണ് ഈ മണ്ഡലത്തിലേക്ക് ദേശീയ-അന്തർദേശീയ ശ്രദ്ധ തിരിയാൻ കാരണം. രാജീവ് ഗാന്ധിയുടെ രണ്ട് മക്കളും പ്രതിനിധീകരിച്ച മണ്ഡലം എന്ന അപൂർവ്വ റിക്കാർഡിന് വയനാട് മണ്ഡലം ഒരുങ്ങുകയാണ്. ഒരു പക്ഷെ റായ്ബറേലിയോ അമേഠിയോ ഏതെങ്കിലും കാലത്ത് ഈ പദവി അലങ്കരിച്ചേക്കാം. 

 2019-ൽ രാഹുൽ ഗാന്ധി വയനാട്ടിൽ ആദ്യമായി മത്സരിക്കാനെത്തിയപ്പോൾ താര പ്രചാരകയായി പ്രിയങ്ക ഗാന്ഡിയും എൻ്റെ നാടായ അരീക്കോട് എത്തിയിരുന്നു. ഇത്തവണ പ്രിയങ്കക്ക് വേണ്ടി രാഹുൽ ഗാന്ധിയും ഞങ്ങളുടെ ഗ്രാമത്തിൽ പ്രചാരണത്തിനെത്തി. 

ഇങ്ങനെ ഒരു പോസ്റ്റർ എൻ്റെ നാട്ടിൽ എത്തും എന്ന് സ്വപ്നത്തിൽ പോലും ഞങ്ങളാരും പ്രതീക്ഷിച്ചതല്ല. അതേ പോലെ നെഹ്റു കുടുംബത്തിലെ രണ്ട് പേർ ഈ നാട്ടിൽ നിന്ന് പാർലമെൻ്റിലേക്ക് മത്സരിച്ചിരുന്നു എന്ന് എൻ്റെ മക്കൾ അവരുടെ മക്കളോട് പറയുമ്പോൾ ഒരു പക്ഷേ അവർക്കത് വിശ്വസിക്കാൻ പോലും പ്രയാസമായിരിക്കും. 

ഇടതുപക്ഷ സ്ഥാനാർത്ഥിയായി ശ്രീ.സത്യൻ മൊകേരിയും ബി.ജെ.പി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസും ഉണ്ടെങ്കിലും പ്രചാരണത്തിൽ ഒരു ചൂടും അനുഭവപ്പെടുന്നില്ല. ഇലക്ഷൻ ഡ്യൂട്ടി ഇല്ലാത്തതിനാൽ ഇത്തവണയും ബൂത്തിൽ നേരിട്ട് പോയി വോട്ട് ചെയ്യാം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

(13.11.24ന് ഞാനും ഭാര്യയും മകളും കൂടി ബൂത്തിൽ പോയി, ജീവിതത്തിലാദ്യമായി ക്യൂ നിൽക്കാതെ വോട്ട് ചെയ്തു.) 

Monday, November 11, 2024

ആമ്പൽ പാടത്തിലൂടെ (എന്റെ അരീക്കോട്)

ഊട്ടി യാത്ര കഴിഞ്ഞ ശേഷം കുഞ്ഞു കുഞ്ഞു യാത്രകൾ പോകാൻ കുട്ടികളിൽ എങ്ങനെയോ ആഗ്രഹം മുളച്ചു വന്നു.അല്ലെങ്കിലും വലിയ ഒരു യാത്ര കഴിഞ്ഞ് ഒരു മാസത്തിനകം ഒരു കുഞ്ഞു യാത്ര എന്നത് എന്റെ യാത്രാ ജാതകത്തിൽ എഴുതി വച്ചതാണ്. മക്കൾ, ഭാര്യ വഴി നിവേദനം സമർപ്പിച്ചതോടെ പോകാൻ ഒരിടം തേടി ഞാനും ആലോചനയിലാണ്ടു. തൊട്ടടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിൽ പോയാലും മതി എന്നായിരുന്നു മക്കളുടെ ഡിമാൻഡ്. ഈ വർഷം ഊട്ടിയിലെ പൈകര വെള്ളച്ചാട്ടവും കഴിഞ്ഞ വർഷം കുടകിലെ അബി ഫാൾസും കണ്ടവർക്ക് നാട്ടിലെ വെള്ളച്ചാട്ടം കാണാനല്ല, കുളിക്കാനാണ് എന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. ബട്ട്,അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെടുന്ന ചക്രവാത ചുഴി കാരണം ഉണ്ടാകുന്നതെന്ന് പറയപ്പെടുന്ന അപ്രതീക്ഷിത മഴ തൂങ്ങി നിൽക്കുമ്പോൾ ഒരു വെള്ളച്ചാട്ടത്തിലും കുളിക്കാൻ അരി ഭക്ഷണം കഴിക്കുന്നവർ ഒരുമ്പെടില്ല എന്ന് ഞാനവരോട് പറഞ്ഞു.

അപ്പോഴാണ്, ആമ്പൽപാടങ്ങൾ പൂത്ത് നിൽക്കുന്നതിനെപ്പറ്റി എന്റെ പത്താം ക്‌ളാസ് കൂട്ടായ്മയുടെ വാട്സ്ആപ് ഗ്രൂപ്പിൽ വന്ന ഒരു വീഡിയോയുടെ രൂപത്തിൽ തേടിയ പുലി കാറിന് കൈ കാട്ടിയത്. തിരുന്നാവായയിലെ താമരപ്പാടങ്ങൾ കാണാൻ എല്ലാ വർഷവും ആഗ്രഹിക്കാറുണ്ടെങ്കിലും ഇതുവരെ അവസരം ഒത്തു വന്നിട്ടില്ല. താമര അല്ലെങ്കിലും അതിന്റെ അടുത്ത ബന്ധുവായ ആമ്പൽ വിരിഞ്ഞ് നിൽക്കുന്നതും കാണാൻ രസമാണ് എന്നതിനാൽ ഞാൻ പ്രസ്തുത  വീഡിയോ അവസാനം വരെ കണ്ടു.വീട്ടിൽ നിന്നും വെറും ഇരുപത് മിനുട്ട് യാത്ര ചെയ്‌താൽ എത്തുന്ന വാഴക്കാട് അങ്ങാടിയുടെ നേരെ പിന്നിലുള്ള പാട ശേഖരങ്ങളിലാണ് ഈ ആമ്പൽ പൂക്കൾ എന്ന് അറിഞ്ഞതോടെ അത് കണ്ടിട്ട് തന്നേ കാര്യം എന്ന് ഞാൻ മനസ്സിൽ കുറിച്ചു.

അങ്ങനെ എന്റെ അവൈലബിൾ മക്കളെയും അനിയന്റെ മക്കളെയും കൂട്ടി ഞാൻ വാഴക്കാട് ലക്ഷ്യമാക്കി യാത്ര തിരിച്ചു.ഞായറാഴ്ച ആയതിനാൽ നല്ല തിരക്ക് ഉണ്ടാകും എന്നായിരുന്നു ഞാൻ കരുതിയത്.മാത്രമല്ല, ആമ്പൽ കാണാൻ നേരത്തെ എത്തണം എന്ന് വീഡിയോയിൽ എവിടെയോ പറയുന്നുമുണ്ടായിരുന്നു.ഇത് രണ്ടും കൂടി പ്രവർത്തിച്ചത് കാറിന്റെ ആക്സിലേറ്ററിന്റെ പരന്ന തലയിലാണ്.ഞാൻ അതിന്റെ മേലെ നിന്ന് കാലെടുത്തതേ ഇല്ല.

വാഴക്കാട് എത്തിയപ്പോൾ വീഡിയോയിൽ പറയുന്ന വാഴക്കാട്-എളമരം റോഡും തിരഞ്ഞ് കൊണ്ട് ഞാൻ കാർ സ്ലോ ആക്കി.വലതുഭാഗത്തേക്കാണ് അങ്ങനെ ഒരു റോഡ് തിരിയേണ്ടത്.പക്ഷെ,പറഞ്ഞ സ്പോട്ട് ആയ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നേരെ എതിർഭാഗത്ത് ഒരു റോഡും അവിടെ ഒരു പാടവും കണ്ടതിനാൽ ഞാൻ അങ്ങോട്ട് തിരിഞ്ഞു.ഒന്ന് മുന്നോട്ട് ഉരുണ്ട് അടുത്ത വളവ് തിരിഞ്ഞ ഉടൻ തന്നെ ഞങ്ങൾ ഉദ്ദേശിച്ച സ്ഥലത്തെത്തി.ഹംഗർ ഫോർഡ് കാണാൻ ഗൂഗിൾ ചേച്ചിയെ കണ്ണടച്ച് വിശ്വസിച്ച് പോയ പോലെ വ്‌ളോഗർമാരുടെ വാക്കുകൾ പിന്തുടരുമ്പോഴും ഒന്ന് ശ്രദ്ധിക്കണം എന്ന് അതോടെ മനസ്സിലായി.  

കണ്ണെത്താത്ത ദൂരത്തോളം പരന്ന് കിടക്കുന്നതും വെള്ളം കെട്ടി നിൽക്കുന്നതുമായ പാടത്താണ് ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. പാടത്തിന്റെ നടുവിലൂടെ മണ്ണിട്ടുയർത്തിയ നിലയിൽ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡും ഇരുവശവും പൂത്ത് നിൽക്കുന്ന ആമ്പലുകളും സൈക്കിളിൽ ഒഴിവു ദിവസം ആഘോഷിക്കുന്ന കുട്ടികളും എല്ലാം കൂടി മനോഹരമായ ഒരു ഗ്രാമീണ കാഴ്ചയാണ് ഒരുക്കുന്നത്.

പതിനൊന്ന് മണിയോട് അടുത്താണ് ഞങ്ങൾ സ്ഥലത്ത് എത്തിയത്.ഏതാനും ചില സംഘങ്ങൾ മാത്രമേ അപ്പോൾ സ്ഥലത്തുണ്ടായിരുന്നുള്ളൂ. റോസ്,വെള്ള,വയലറ്റ് എന്നീ നിറങ്ങളിലുള്ള ആമ്പലുകളായിരുന്നു റോഡിന്റെ ഇരുവശത്തും വിരിഞ്ഞു നിന്നിരുന്നത്. കരയോട് അടുത്തുള്ള ആമ്പലുകളെല്ലാം പലരും പൊട്ടിച്ച് പോയതിനാൽ വെള്ളത്തിന്റെ മദ്ധ്യഭാഗത്ത് ആയിട്ടാണ് കൂടുതൽ ഇട തൂർന്ന് നിന്നിരുന്നത്. 

മദ്ധ്യഭാഗത്തേക്ക് പോകാനായി ഒരു വഞ്ചി കണ്ടെങ്കിലും പൊരിയുന്ന വെയിലിൽ അത് സ്വയം തുഴയണം എന്നതിനാൽ ഞങ്ങൾ അതിന് മുതിർന്നില്ല.ഒരു പക്ഷെ ഒമ്പത് മണിക്ക് മുമ്പെത്തണം എന്ന് പറഞ്ഞത് ഇതു കൊണ്ടൊക്കെ ആയിരിക്കാം. ഇറങ്ങാൻ പറ്റുന്ന സ്ഥലത്തിറങ്ങി കുട്ടികൾക്കായി ഞാനും ഒരാമ്പൽ പൂവ് കൈക്കലാക്കി.

"നീന്താൻ പറ്റുന്ന വല്ല സ്ഥലവും ഉണ്ടോ?" ഇക്കഴിഞ്ഞ വേനലവധിക്ക് നീന്തൽ പഠിക്കാൻ പോയിരുന്ന മക്കൾ എന്നോട് ചോദിച്ചു. ഉടൻ ഞാൻ വെറ്റിലപ്പാറയുള്ള സുഹൃത്ത് ജോമണിയെ വിളിച്ചു.അവന്റെ വീടിന്റെ തൊട്ടടുത്തുള്ള അരുവിയിൽ ഇപ്പോൾ പാകത്തിനുള്ള വെള്ളമേ ഉള്ളൂ  എന്നറിഞ്ഞതോടെ ഞാൻ വാഴക്കാട് നിന്നും വെറ്റിലപ്പാറയിലേക്ക് തിരിച്ചു.

Saturday, November 09, 2024

വെറ്റിലപ്പാറ (എൻ്റെ അരീക്കോട്)

അഞ്ച് വർഷങ്ങൾക്ക് മുമ്പ് എൻ്റെ പത്താം ക്ലാസ് ബാച്ചിൻ്റെ പ്രഥമ സംഗമം തട്ടിക്കൂട്ടുന്നതിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച് ഒരു സ്ഥലത്ത് കൂടിയാലോചനാ മീറ്റിങ്ങുകളും ഈറ്റിങ്ങുകളും നടത്തിയിരുന്നു. വെറ്റിലപ്പാറ ഭാഗത്തെ പ്രസ്തുത പരിപാടി ജോമണിയുടെ വീട്ടിലായിരുന്നു. അന്നാണ് ജോമണിയുടെ വീട് ആദ്യമായി ഞാൻ കാണുന്നത്. വീടിൻ്റെ തൊട്ടടുത്ത് കൂടി ഒഴുകുന്ന അരുവിയും പാറകളിലൂടെ തട്ടിത്തെറിച്ച് വരുന്ന അതിലെ വെള്ളവും അരുവിക്ക് കുറുകെ കെട്ടിയ താൽക്കാലിക തൂക്കുപാലവും അന്ന് എൻ്റെ മനസ്സിൽ പതിഞ്ഞതാണ്. കുടുംബത്തെയും കൂട്ടി ഈ ഭംഗി നുകരാൻ ഒരിക്കൽ കൂടി വരണമെന്ന് അന്നേ പദ്ധതിയും ഇട്ടു. ബട്ട്, പലപ്പോഴും ഇത് ഓർമ്മയിൽ തിരികെ എത്തുന്നത് വെള്ളം കുത്തി ഒഴുകുന്ന പെരുമഴക്കാലത്തോ അല്ലെങ്കിൽ വെള്ളം വറ്റി വരളുന്ന വേനൽക്കാലത്തോ ആയിരിക്കും. ഏതായാലും ഇത്തവണ കറക്ട് സമയത്ത് തന്നെയാണ് എനിക്ക് ജോമണിയെ വിളിക്കാൻ തോന്നിയത്.

അവൻ വീട്ടിൽ ഇല്ലെന്നും വീട്ടുകാരിയോട് ചോദിച്ചാൽ നീന്തിക്കളിക്കാൻ പറ്റുന്ന സ്ഥലം കാണിച്ച് തരുമെന്നും അറിയിച്ചതിനാൽ മറ്റൊന്നും ആലോചിക്കാതെ ഞാൻ കാർ വെറ്റിലപ്പാറയിലേക്ക് വിട്ടു. വെറ്റിലപ്പാറ നിന്നും ഏതാനും കിലോമീറ്ററുകൾ കൂടി താണ്ടിയാൽ  എത്തുന്ന ഓടക്കയത്ത് നാല് വർഷം മുമ്പ് പോയപ്പോൾ കണ്ട മനോഹര കാഴ്ചകളും എൻ്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു.  ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ഞങ്ങൾ സ്ഥലത്തെത്തി. 

കളകളാരവം പൊഴിച്ച് ഒഴുകുന്ന അരുവി ഒറ്റ നോട്ടത്തിൽ തന്നെ കുട്ടികൾക്ക് ഇഷ്ടമായി. വയനാട്ടിലെ കുറുവാ ദ്വീപിൻ്റെ ഒരു വൈബ് എവിടെയൊക്കെയോ കിട്ടുന്നതായി മക്കൾ പറഞ്ഞു.അരുവിയിൽ ഇറങ്ങാൻ പറ്റുന്ന പല സ്ഥലങ്ങളിലും ന്യൂജൻ പയ്യൻമാർ നേരത്തെ ഇടം പിടിച്ചിരുന്നു. റോഡ് വഴി അൽപം കൂടി മുകളിലേക്ക് പോയാൽ കൂടുതൽ മനോഹരവും സുരക്ഷിതവുമായ കുളിസ്ഥലങ്ങൾ ഉണ്ട് എന്ന്, ഞങ്ങളുടെ മനോഗതി മനസ്സിലാക്കിയ ഒരു പ്രദേശവാസി പറഞ്ഞു തന്നു. പക്ഷെ, ജോമണി സൂചിപ്പിച്ച ഇടം ആളൊഴിഞ്ഞതും അത്യാവശ്യം മുങ്ങിക്കുളിക്കാൻ പറ്റുന്നതുമായതിനാൽ ഞങ്ങൾ അവിടെ തന്നെ കുളിക്കാനിറങ്ങി.

വൃക്ഷത്തലപ്പുകൾ മേലാപ്പ് വിരിക്കുന്ന ഒരിടത്തായിരുന്നു ഞങ്ങൾ ഇറങ്ങിയത്. അതിനിടയിലൂടെ അരിച്ചിറങ്ങുന്ന വെയിൽ നാളങ്ങളും തണലും ചേർന്ന് വെള്ളത്തിലുണ്ടാക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ്  കാഴ്ചകൾ ഹൃദ്യ മനോഹരമായിരുന്നു. അത്യാവശ്യം ഒഴുക്കും തണുപ്പും ഉണ്ടായിട്ട് പോലും മക്കളെല്ലാവരും വെള്ളത്തിലിറങ്ങി. അവസാനമായി ഞാനും അവരോടൊപ്പം കൂടി. ഒന്നര മണിക്കൂറോളം ഞങ്ങൾ ആ കാട്ടാറിൽ നീരാടി.

ഉച്ച ഭക്ഷണത്തിൻ്റെ സമയം അതിർത്തി കടക്കാൻ തുടങ്ങിയതോടെ ആമാശയം പ്രതികരിച്ച് തുടങ്ങി. ഇനിയും വരാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ മടങ്ങി.

Thursday, November 07, 2024

സൈക്കിൾ ബാലൻസ്

ഒരു ശനിയാഴ്ച ദിവസം.

"അതേയ്... ഇന്ന് ആ സൈക്കിൾ ബാലൻസ് ഒന്ന് ശ്രമിച്ചു നോക്കണം...." രണ്ട് ദിവസം മുമ്പ് കാറിൻ്റെ ലൈസൻസ് ടെസ്റ്റ് പാസായ ആവേശത്തിൽ അടുക്കളയിൽ നിന്ന് ഭാര്യ വിളിച്ച് പറഞ്ഞു.

"ആ ...ശരി....ശരി..." ഞാൻ സമ്മതിച്ചു.

അടുക്കള പണി കഴിഞ്ഞ് ഭാര്യ മുറ്റത്തേക്ക് എത്തിയപ്പോഴേക്കും ഞാൻ, അനിയന്റെ മക്കളുടെ സൈക്കിൾ അവിടെ എത്തിച്ചിരുന്നു.സൈക്കിൾ ബാലൻസ് ഉള്ള എനിക്ക് തന്നെ അതിൽ ശരിയായ വിധത്തിൽ ചവിട്ടാൻ പ്രയാസമായിരുന്നു.എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ അവളെ കയറ്റി ഇരുത്താൻ നോക്കി. കാല് നിലത്ത് എത്താത്തതിനാൽ അവൾക്ക് ഒട്ടും ധൈര്യം വന്നില്ല.

"കുട്ടികളുടെ സൈക്കിൾ മതി... ഇതിൽ നിന്ന് വീണാൽ പണിയാകും..." ബാലൻസ് കിട്ടാതെ വീണാൽ എനിക്കും താങ്ങാൻ പറ്റില്ല എന്നതിനാൽ അത് നല്ലൊരു നിർദ്ദേശമായി എനിക്ക് തോന്നി. മോൻ ചവിട്ടുന്ന സൈക്കിൾ ഉടനെ അവിടെ എത്തിക്കുകയും ചെയ്തു. ഭാര്യ അതിൽ ഇരുന്നതും അതിന്റെ സീറ്റ് മലർന്നു പോയി.

"ഇനി...മറ്റേ സൈക്കിളുണ്ട്..." അയല്പക്കത്തേക്ക് ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

"എങ്കിൽ അതൊന്ന് നോക്കാം..." മോന്റെ സൈക്കിളിനെക്കാളും അല്പം കൂടി വലിയ ഒരു സൈക്കിൾ ആയിരുന്നു അത്. സവാരി കഴിഞ്ഞ് എന്റെ വീട്ടിൽ തന്നെയായിരുന്നു അത് നിർത്തിയിടാറ്. 

അങ്ങനെ അതിൽ കയറി അര മണിക്കൂറോളം ഞാൻ അവളെ പരിശീലിപ്പിച്ചു. ഒന്ന് ഉരുളുമ്പോഴേക്കും ഊര 'എസ്' ആകൃതിയിൽ ആകുന്നതിനാൽ സൈക്കിളും 'എസ്' വരക്കും.

"അതേയ്... ടു വീലർ കൊണ്ട് എട്ട് ആണ് ഇടേണ്ടത്... എസ് അല്ല....." ഞാൻ അവളെ ഓർമ്മിപ്പിച്ചു.

"എസ് ഇട്ട് ഒരു ക്രോസ്സും ഇട്ടാൽ എട്ട് ആയില്ലേ?"

"ങാ... അത് പണ്ട് കണക്ക് ടീച്ചറെ പറ്റിക്കാൻ ഇട്ട എട്ട്... ഇവിടെ അങ്ങനെ എട്ടിട്ടാൽ നിനക്കീ ജന്മത്തിൽ പിന്നെ ലൈസൻസ് കിട്ടില്ല...ഒരു എട്ടിടാൻ ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടോ?"

"നല്ല ആളാ ചോദിക്കുന്നത്...നിങ്ങൾക്കിത് വരെ കഴിഞ്ഞിട്ടുണ്ടോ?"

"എനിക്ക് സൈക്കിൾ ബാലൻസ് ഉണ്ട്... ചെറുപ്പത്തിൽ അത്യാവശ്യം അടി കിട്ടിയിട്ട് തന്നെയാ ആ ബാലൻസ് ശരിയായത്... നിനക്ക് അത് കിട്ടാത്തതിന്റെ കുറവാ..."

"ങാ...വാസ്കോ ഡ ഗാമയുടെ കാലത്തെ ചരിത്രം വിളമ്പാൻ വളരെ എളുപ്പമാ... അങ്ങനെയാണെങ്കി ഇതൊന്ന് ഓടിച്ച് കാണിക്ക്..."

വെല്ലുവിളി വന്ന് കഴിഞ്ഞാൽ പിന്നെ അത് ഏറ്റെടുത്തിട്ട് തന്നെ കാര്യം എന്നതാണ് എൻ്റെ പോളിസി. അതിനാൽ, കുറെ കാലമായി പോർച്ചിൽ അനങ്ങാതെ കിടന്നിരുന്ന സൈക്കിളിനടുത്തേക്ക് ഞാൻ നീങ്ങി. സീറ്റിൽ രണ്ട് തവണ ആഞ്ഞൊന്ന് അടിച്ച് പൊടി തട്ടി. ശേഷം ഞാൻ സൈക്കിളിൽ കയറിയിരുന്നു. പതുക്കെ പെഡലിൽ കാലമർത്തി. സൈക്കിൾ വളഞ്ഞും പുളഞ്ഞും സാവധാനം മുന്നോട്ട് നീങ്ങിത്തുടങ്ങി. പിന്നീടത് നേരെ ചൊവ്വേ സഞ്ചരിക്കാൻ തുടങ്ങിയതോടെ എൻ്റെ ചുണ്ടിൽ ഒരു മന്ദഹാസവും വിരിഞ്ഞു.

"ഹൗ !!" 

പെട്ടെന്നാണ് എൻ്റെ പൃഷ്ഠത്തിൽ അസഹ്യമായ ഒരു വേദന അനുഭവപ്പെട്ടത്. പിന്നാലെ സൈക്കിൾ ഒന്ന് വളഞ്ഞ് പുളഞ്ഞ് തലേ ദിവസം വാങ്ങിക്കൊണ്ടുവച്ച മൺചട്ടികൾക്കിടയിലേക്ക് ഓടിക്കയറി. നില തെറ്റി സൈക്കിളിനൊപ്പം ഞാനും ചട്ടിയുടെ മുകളിൽ കൂടി മറിഞ്ഞു വീണു. നാല് ചട്ടികൾ തൽസമയം തന്നെ പരലോകം പൂകി, രണ്ടെണ്ണം അത്യാസന്ന നിലയിലുമായി.

എൻ്റെ അവസ്ഥ കണ്ട് ചിരിയടക്കാൻ പാടുപെടുന്ന ഭാര്യയുടെ മുഖത്തേക്ക് ഒരു ഇളിഭ്യച്ചിരിയോടെ ഞാൻ ഒന്ന് നോക്കി. 

"ഹൗ!" വീണ്ടും ഞാൻ അലറി. സൈക്കിൾ സീറ്റിനടിയിൽ കൂട് കൂട്ടിയ കടന്നലുകൾ എനിക്ക് ചുറ്റും മൂളിപ്പറക്കാൻ തുടങ്ങിയതോടെ ഞാൻ തട്ടിപ്പിടഞ്ഞെഴുന്നേറ്റോടി.

പിന്നീട് ഇതുവരെ അവളും ഞാനും സൈക്കിളിൽ കയറിയിട്ടില്ല.

Friday, November 01, 2024

മനുഷ്യരറിയാൻ

എന്റെ ബാഗിൽ സ്ഥിരം കാണുന്ന രണ്ട് സാധനങ്ങളാണ് പുസ്തകവും തുണി സഞ്ചിയും.എൻ്റെ സഹപ്രവർത്തകനും നാട്ടുകാരനുമായ സുമേഷും ബാഗിൽ പുസ്തകം കൊണ്ടു നടക്കാറുണ്ട്. ഞാൻ കട്ടികുറഞ്ഞവ കൊണ്ടു നടക്കുമ്പോൾ സുമേഷ്, ഘനഗംഭീര വിഷയങ്ങൾ ഉൾക്കൊള്ളുന്നതും അത്യാവശ്യഘട്ടത്തിൽ തലയിണ ആക്കാവുന്നതുമായ പുസ്തകങ്ങളാണ് ബാഗിൽ വയ്ക്കാറുള്ളത്.

പതിവ് പോലെ കോളേജിൽ നിന്ന് മടങ്ങുന്ന ഒരു ദിവസം "സാപിയൻസ്" എന്ന പുസ്തകത്തെപ്പറ്റി എന്തോ പറഞ്ഞപ്പോഴാണ് സുമേഷ് ബാഗ് തുറന്ന് ഒരു പുസ്തകം എൻ്റെ നേരെ നീട്ടിയത്. താല്പര്യമുണ്ടെങ്കിൽ വായിക്കാം എന്നും പലതിനെയും ചോദ്യം ചെയ്യുന്ന പുസ്തകമാണെന്നും പറഞ്ഞപ്പോഴാണ് ഞാൻ പുസ്തക രചയിതാവിൻ്റെ പേര് ശ്രദ്ധിച്ചത് - മൈത്രേയൻ! ചിന്തോദ്ദീപകമായ കലഹങ്ങളിൽ അഥവാ സംവാദങ്ങളിൽ പലപ്പോഴും ഉയർന്ന് കേൾക്കുന്ന പേരായതിനാൽ ഞാൻ പുസ്തകം സ്വീകരിച്ചു.

സമൂഹത്തിൽ വേരുറച്ചു പോയ പല ധാരണകളെയും കിളച്ച് മറിച്ചിടുന്ന കുറിപ്പുകളും ലേഖനങ്ങളും ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ചില ചിന്തകൾ വൃഥാവാക്കുകളായിട്ട് തോന്നുന്നു. മതവും രാഷ്ട്രീയവും സാമൂഹ്യ പരിഷ്കർത്താക്കളും എല്ലാം തൂലിക എന്ന പടവാളിൻ്റെ മൂർച്ച ഈ പുസ്തകത്തിലൂടെ ശരിക്കും അറിയുന്നുണ്ട്. ആദി ശങ്കരനും ശ്രീ നാരായണ ഗുരുവും ഗാന്ധിയുമാണ് കൂടുതൽ വെട്ട് ഏൽക്കുന്നവരായി എനിക്ക് അനുഭവപ്പെട്ടത്.

'സ്വാർത്ഥരായ രാഷ്ട്രീയക്കാർ' എന്ന ലേഖനത്തിൽ മഹാത്മാഗാന്ധിയെ നിശിതമായി തന്നെ വിമർശിക്കുന്നുണ്ട്. 

"ഗാന്ധിയെപ്പോലുള്ള കുടുംബം പോറ്റാത്ത സ്വന്തം പ്രസിദ്ധി മാത്രം നോക്കുന്ന പ്രതിച്ഛായകൾ മാത്രം ഉന്നംവച്ചു കഴിയുന്ന സാമൂഹ്യ പ്രവർത്തകർ ഉണ്ടാകാതിരിക്കേണ്ടയാവശ്യവും ജനാധിപത്യ സംവിധാനത്തിൻ്റെ വിജയത്തിനനിവാര്യമാണ്.
.... താൻ നേതൃത്വം കൊടുത്ത സമരം വിജയിച്ചിട്ട് അധികാരത്തിൽ കയറാതെ തനിക്കിതൊന്നും വേണ്ട എന്ന നിലയിൽ തുടരുന്നത് മഹത്വമൊന്നുമല്ല. അധികാരത്തിലേറിയാൽ യഥാർത്ഥത്തിൽ സാദ്ധ്യമായ, കഠിനതീരുമാനങ്ങളെടുക്കുവാൻ ബാദ്ധ്യത ഉണ്ടാകുമെന്ന് അറിയുന്നത് കൊണ്ടാണ് മഹാന്മാർ ഊളിയിട്ട് കളയുന്നത്. " 

എന്നാൽ ഗാന്ധിയെ ഏറെക്കുറെ പിന്തുടർന്ന നെൽസൺ മണ്ടേലയെ നല്ല മാതൃകയായി രചയിതാവ് ഉയർത്തി കാണിക്കുന്നു.

ഇടത് പക്ഷ സഹയാത്രികനായ ശ്രീ മൈത്രേയൻ കമ്യൂണിസത്തെയും പുസ്തകത്തിൽ പലയിടത്തും കുത്തി നോവിക്കുന്നുണ്ട്. 'സ്വത്തുൽപാദനം ഏക രക്ഷാമാർഗ്ഗം' എന്ന ലേഖനത്തിൽ പറയുന്നത് ഇങ്ങനെയാണ്.

"നീതിയല്ല, സൗകര്യങ്ങളല്ല, സമാധാനമല്ല, സ്വാതന്ത്ര്യമല്ല, ജീവിതമല്ല പ്രധാനം അധികാരമാണ് പ്രധാനം എന്ന കമ്യൂണിസ്റ്റ് അസംബന്ധമാണ് അധികാരമെന്ന അമൂർത്തതയുടെ പിന്നാലെ പായാൻ പ്രേരിപ്പിച്ച് നമ്മെപ്പോലുള്ള ജനതകളെ തീർത്തും വഴി തെറ്റിച്ചു കളഞ്ഞത്. നാം ആദ്യം സ്വത്ത് ഉത്പാദിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ഇല്ലാത്ത സ്വത്ത് പങ്ക് വയ്ക്കാനല്ല, സാധ്യമല്ലാത്ത നീതിയെപ്പറ്റി എങ്ങുമില്ലാത്ത സമത്വത്തെപ്പറ്റി ഇത്രയധികം ബോധ്യമുള്ള മറ്റൊരു ജനത ലോകത്ത് നമ്മെപ്പോലെ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ കമ്യൂണിസ്റ്റ് ആശയ പ്രേതബാധയിൽ നിന്നും നാം മോചിതരായേ മതിയാവൂ."

മറ്റൊരിടത്ത് മാർക്സിൻ്റെ ചിന്തകളെ വീണ്ടും കൂടഞ്ഞെറിയുന്നത് ഇങ്ങനെ വായിക്കാം.
"ആധുനിക ശാസ്ത്ര ദൃഷ്ടി കൊണ്ട് പരിണാമ പരമായ അടിസ്ഥാനത്തിൽ മനുഷ്യ സമൂഹങ്ങളെ മനസ്സിലാക്കുമ്പോൾ മാർക്സിൻ്റെ ഈ സങ്കല്പനങ്ങൾ കാളവണ്ടി യുഗത്തിലാണ് കഴിയുന്നതെന്ന് കാണാം. മാർക്സിസത്തിൽ ഇല്ലാത്തത് ചരിത്രവും ശാസ്ത്രവുമാണ്. കാളവണ്ടികൾ ഒരു കാലത്ത് ഉപയോഗപ്രദമായിരുന്നത് പോലെ മാർക്സിസത്തിനെയും കാണണം. പുത്തനറിവുകളുടെ വെളിച്ചത്തിൽ പുതിയ വാഹനങ്ങൾ നാം കണ്ടെത്തിയത് പോലെ ഇതിൻ്റെ ഉപയോഗവും കുറഞ്ഞുവെന്നും മനസ്സിലാക്കണം. ഇത്രത്തോളം ന്യൂനീകരിച്ചും മനുഷ്യ കേന്ദ്രീകരിച്ചും ജീവിതത്തെ അവതരിപ്പിച്ച മറ്റൊരു സിദ്ധാന്തവും മാർക്സിസത്തെപ്പോലെ മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല."

അൽപാൽപമായിട്ടാണെങ്കിലും അവസാനം വരെ വായിക്കാൻ ഈ തുറന്നെഴുത്ത് വായനക്കാരനെ പ്രേരിപ്പിക്കും എന്ന് തീർച്ച.

വായനക്ക് ശേഷം പുസ്തകം തിരിച്ചേൽപിച്ചപ്പോൾ സുമേഷ് അടുത്ത പുസ്തകം തന്നു - സാപിയൻസ് ! നവംബർ ഒന്നിന് അതിൻ്റെ വായനക്ക് തുടക്കമിടുന്നു.

പുസ്തകം: മനുഷ്യരറിയാൻ
രചയിതാവ്:  മൈത്രേയൻ
പബ്ലിഷേഴ്സ്: സൂചിക ബുക്സ്
പേജ്: 320
വില: 320 രൂപ

Thursday, October 31, 2024

ഹംഗർ ഫോർഡിലെ കാഴ്ചകൾ (ഊട്ടി പട്ടണം - 8)

ഊട്ടി പട്ടണം - 7

ഹംഗർ ഫോർഡിലേക്ക് യാത്ര പുറപ്പെടുമ്പോൾ എൻ്റെ മനസ്സ് കാലിയായിരുന്നു, വയറും. അവിടെ കാണാനുള്ളത് എന്ത് എന്ന ചോദ്യത്തിന് സ്ഥലം നിർദ്ദേശിച്ച മരുമകന് പോലും പ്രത്യേകിച്ച് ഒന്നും പറയാനില്ലായിരുന്നു.സഞ്ചാരി വ്‌ളോഗർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നൽകിയ പബ്ലിസിറ്റിയാണ് ഹംഗർ ഫോർഡിനെ പ്രസിദ്ധമാക്കിയത്.

കർണ്ണാടക സിരി പാർക്കിൽ നിന്നും ഹംഗർ ഫോർഡിലേക്ക് പതിനഞ്ച് കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകത്തിലെ അറിയാത്ത ഏത് വഴിയും ചോദിച്ചറിയാൻ ഗൂഗിളമ്മായി ഉള്ളതിനാൽ മൂപ്പത്തി പറഞ്ഞ് തന്ന വഴിയേ ഞങ്ങൾ നീങ്ങി. 

ടൗണിൽ  നിന്നും അഞ്ചാറ് കിലോമീറ്റർ പിന്നിട്ടതോടെ അഗ്രികൾച്ചർ റിസർച്ച് സെൻ്ററിൻ്റെ നിരവധി കെട്ടിടങ്ങൾ ഇടത് വശത്ത് കാണാൻ തുടങ്ങി. അതും കഴിഞ്ഞതോടെ ഒരു വാഹനം പോലും കാണാത്ത ഇരു വശത്തും കാട്ടുചെടികൾ വളർന്ന് നിൽക്കുന്ന വളവും തിരിവും നിറഞ്ഞ  റോഡിലൂടെ ഞങ്ങൾ കുന്നിറങ്ങാൻ തുടങ്ങി. തലേ ദിവസം ഗൂഡല്ലൂരിൽ നിന്നടിച്ച ആയിരം രൂപയുടെ പെട്രോൾ ആയിരുന്നു വണ്ടിയുടെ ടാങ്കിലെ ഇന്ധനം. ഞങ്ങളുടെ ടാങ്കിലെ ഇന്ധനം വെറും വായു മാത്രവും.

"ഇനി വലത്തോട്ട്..." ഏതാനും വാഹനങ്ങളും ആൾക്കാരും ഉള്ള ഒരു കവലയിൽ എത്തിയപ്പോൾ ഗൂഗിൾ മാപ്പ് നോക്കിക്കൊണ്ടിരുന്ന ലുലു പറഞ്ഞു.

"ങേ!!" വലത്തോട്ട് ഒരു വഴിയും കാണാത്തതിനാൽ ഞാൻ ഞെട്ടിപ്പോയി.

" സേട്ടാ ... ഹംഗർ ഫോർഡ് എങ്കെ ?" പുറത്ത് കണ്ട ഒരാളോട് ഞാൻ ചോദിച്ചു.

"ഹംഗർ ഫോർഡ്..." അയാളൊന്ന് ചിരിച്ചു."ഗൂഗിൾ സൊല്ലി ഇങ്കെ... നിറയെ ആളു ഇങ്കെ വർന്ന് .... മുൻറ് കിലോമീറ്റർ ഡ്രൈവ് വേസ്റ്റ് ...". 

അപ്പോൾ നേരത്തെ പ്രതീക്ഷിച്ച പോലെ തന്നെ അത് അങ്ങോട്ടുള്ള റോഡ് ആയിരുന്നില്ല.മൂന്ന് കിലോമീറ്റർ തിരിച്ച് പോയാൽ ഇടതു ഭാഗത്ത് ഒരു ബസ് സ്റ്റോപ്പ് കാണുമെന്നും അതിന്റെ സമീപമുള്ള റോഡിലൂടെ പോകണമെന്നും പറഞ്ഞതനുസരിച്ച് ഞാൻ കാർ തിരിച്ചു.ഗൂഗിളമ്മായി അപ്പോഴും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

അയാൾ പറഞ്ഞതനുസരിച്ച് ഏകദേശം മൂന്ന് കിലോമീറ്റർ ഞാൻ തിരിച്ചു പോന്നു. നേരത്തെ കണ്ട അഗ്രികൾച്ചർ റിസർച്ച് സെൻ്ററിൻ്റെ സ്റ്റാഫ് ക്വർട്ടേഴ്‌സിന്റെ ഗേറ്റിന് നേരെ എതിർഭാഗത്തുള്ള റോഡിലൂടെയായിരുന്നു ഞങ്ങൾക്ക് പോകേണ്ടത്.അതാകട്ടെ നേരത്തെ പോയതിലും മോശമായതും ഒരൊറ്റ വാഹനത്തിന് മാത്രം പോകാൻ പറ്റുന്നതുമായിരുന്നു.ഞങ്ങളെപ്പോലെ പ്രാന്തുള്ള ഒരു സഞ്ചാരിയും എതിർദിശയിൽ വരാത്തതിനാൽ ഞങ്ങൾ ഒരുവിധം ഹംഗർ ഫോർഡിൽ എത്തി.

റോഡിന്റെ ഇരുവശവും പരന്നു കിടക്കുന്ന വിശാലമായ തേയിലത്തോട്ടമാണ് ഹംഗർ ഫോർഡ്.ഇടതു വശത്തെ തോട്ടത്തിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു ഗേറ്റും അവിടെ ഒരു ഹിന്ദിക്കാരനും ഇരിക്കുന്നുണ്ട്. തോട്ടത്തിനകത്ത് ഒരു പാലവും ബംഗ്ലാവും ഉണ്ടെന്നും അകത്ത് പ്രവേശിക്കാൻ ഒരാൾക്ക് നൂറ് രൂപ വേണമെന്നും അയാൾ പറഞ്ഞു.അത്രയും ദൂരം കഷ്ടപ്പെട്ട് ഓടി എത്തിയതിനാൽ പറഞ്ഞ കാശ് കൊടുത്ത് അകത്ത് കയറാൻ ഞങ്ങൾ തീരുമാനിച്ചു.ഇത്രയും കാലം അമ്പത് രൂപയേ വാങ്ങിയിരുന്നുള്ളൂ എന്നും അകത്തുള്ളത് ബംഗ്ലാവല്ല, ഏതോ സിനിമയ്ക്ക് വേണ്ടി ഏതോ കാലത്തിട്ട ഒരു സെറ്റ് ആണെന്നും പുറത്ത് നിന്നിരുന്ന ഒരു മലയാളി ഡ്രൈവർ പറഞ്ഞു തന്നു.

ഗേറ്റ് കടന്നയുടനെ ഒരു പഴയ മരപ്പാലം കണ്ടു.മുളയോ മറ്റോ കൊണ്ട് കെട്ടിയുണ്ടാക്കിയ ആ പാലം കടന്നാൽ എത്തുന്നത് പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിന് മുന്നിലാണ്.ദൂരെ നിന്ന് കാണാൻ ഭംഗിയുണ്ടെങ്കിലും അടുത്തെത്തിയാൽ ഒട്ടും ഭംഗി തോന്നില്ല. നേരത്തെ ആ മലയാളി ഡ്രൈവർ പറഞ്ഞപോലെ അത് ഒരു താൽക്കാലിക സെറ്റ് മാത്രമായിരുന്നു.മേൽക്കൂരയും ഭിത്തികളും എല്ലാം പൊളിഞ്ഞ് തുടങ്ങിയ നിലയിലും അകം മുഴുവൻ കന്നുകാലി വിസർജ്ജ്യം നിറഞ്ഞ നിലയിലും ആയിരുന്നു.താൽക്കാലിക ഭിത്തിയിൽ നിറയെ പേരുകൾ എഴുതി വച്ചിരുന്നു.എല്ലാം മലയാളി പേരുകൾ ആയതിനാൽ ഈ സ്ഥലം അറിയുന്നത് മലയാളികൾക്ക് മാത്രമാണെന്ന് മനസ്സിലായി. പക്ഷെ പ്രകൃതിയുടെ മനോഹരമായ ഒരു ഫ്രയിമിൽ നിൽക്കുന്നതിനാൽ റീൽ ചെയ്യുന്നവർക്കും സ്റ്റോറി ഇടുന്നവർക്കും എല്ലാം ഇഷ്ടമാകും.നിരന്ന ഒരു സ്ഥലവും വെള്ളവും കിട്ടിയതിനാൽ ഞങ്ങൾ അവിടെ നിന്ന് നമസ്കാരം നിർവ്വഹിച്ചു.


ഈ യാത്ര മുഴുവൻ ഒരു എക്സ്പ്ലൊറേഷൻ ആയതിനാൽ തിരിച്ചുപോക്ക് മസിനഗുഡി വഴി ആക്കാമെന്ന് ഞാൻ കുടുംബത്തോട് പറഞ്ഞു. അതുപ്രകാരം വന്ന വഴിയേ തന്നെ ശ്രദ്ധിച്ച് വണ്ടി തിരിച്ചു വിട്ടു.തലേ ദിവസം ഞങ്ങൾ സഞ്ചരിച്ച പല വഴിയിലൂടെയും കയറി ഇറങ്ങി ഞങ്ങൾ ഫിംഗർ പോസ്റ്റിലെത്തി.പതിനഞ്ച് മിനുട്ട് കൊണ്ട് മസിനഗുഡിയിലേക്ക് തിരിയുന്ന തലൈകുന്ദയിലും എത്തി.റൈറ്റ് സൈഡ് ഇൻഡിക്കേറ്റർ ഇട്ട് പോകാൻ ശ്രമിച്ച എന്നെ പോലീസ് തടഞ്ഞു.അപകടം പതിയിരിക്കുന്ന കല്ലട്ടി ചുരം ഇറങ്ങണമെങ്കിൽ ഊട്ടി ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അതുള്ള ഒരു ഡ്രൈവർ വേണമെന്ന് പോലീസ് അറിയിച്ചു.കാറിൽ ഇനിയൊരാൾക്ക് കൂടി സ്ഥലമില്ലാത്തതിനാലും മസിനഗുഡി വഴി ഗൂഡല്ലൂർ എന്നത് അത്ര നല്ല ഒരു ഓപ്‌ഷൻ അല്ലാത്തതിനാലും ഞാൻ ആ പ്ലാൻ ഒഴിവാക്കി നേരെ ഗൂഡല്ലൂരിലേക്ക് വിട്ടു (ഹംഗർ ഫോർഡിൽ നിന്നും ഒന്നേകാൽ മണിക്കൂർ നേരെ എതിർവശത്തേക്ക് സഞ്ചരിച്ചാൽ ഗൂഡല്ലൂർ എത്തുമായിരുന്നു എന്ന് പിന്നീട് മനസ്സിലായി).

ഏതൊരു ഊട്ടി സഞ്ചാരിയും എന്നും ഇഷ്ടപ്പെടുന്ന കാരറ്റ് കെട്ട് വാങ്ങാനും പൊട്ടിച്ച് കഴിക്കാനും ഞങ്ങളും വഴിയിൽ സമയം കണ്ടെത്തി. ഗൂഡല്ലൂരിൽ നിന്ന് ഞങ്ങളുടെ ആമാശയവും കാറിന്റെ ആമാശയവും നിറച്ച ശേഷം നാടുകാണി എത്തി. ഊട്ടി ബർക്കി ലൈവ് ആയി ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്ന കടയിൽ കയറി എട്ട് പാക്കറ്റ് ബർക്കിയും മറ്റു സാധനങ്ങളും വാങ്ങിയതോടെ ഈ ട്രിപ്പിലെ അവസാന ഇനവും ഭംഗിയായി പൂർത്തിയായി.അപ്പോൾ രാത്രിയുടെ കരിംപുതപ്പ് നാടുകാണി ചുരത്തെ സാവധാനം മൂടാൻ തുടങ്ങിയിരുന്നു.


(അവസാനിച്ചു)

Tuesday, October 29, 2024

ബ്യൂട്ടീസ് ഓഫ് ഊട്ടി ( ഊട്ടി പട്ടണം 7 )

ഊട്ടി പട്ടണം 6

ഊട്ടിയിൽ ആദ്യമായി എത്തുന്നവർ നിർബന്ധമായും കാണേണ്ട ഒരു സ്പോട്ട് ആണ് ഊട്ടി തടാകം. 1824 ൽ കോയമ്പത്തൂർ കളക്ടർ ആയിരുന്ന ജോൺ സുള്ളിവൻ മൽസ്യ ബന്ധനത്തിനായി പണികഴിപ്പിച്ചതാണ് ഈ തടാകം.അറുപത്തിയഞ്ച് ഏക്കറിലോളം പരന്നു കിടക്കുന്ന ഈ തടാകം, പ്രത്യക്ഷത്തിൽ പ്രകൃതി ദത്തമാണെന്ന് തോന്നുമെങ്കിലും മനുഷ്യ നിർമ്മിതമാണ്.ഊട്ടിയുടെ കുളിരും ആസ്വദിച്ച് കൊണ്ട് ഈ തടാകത്തിലൂടെയുള്ള ബോട്ടിംഗ് ഊട്ടിയിൽ എത്തുന്ന ഓരോ സഞ്ചാരിയും നിർബന്ധമായും ചെയ്യേണ്ട ഒന്നാണ്.കുട്ടികൾക്ക് ആ യാത്ര അറിയാനായി ഞങ്ങൾ ബോട്ട് ഹൗസിലെത്തി.  

ഡിഗ്രി പഠനത്തിന്റെ രണ്ടാം വർഷത്തിലാണ് ഞാൻ ആദ്യമായി ഊട്ടിയിൽ എത്തിയിരുന്നത്.അന്ന് ഈ ബോട്ട് ഹൗസിൽ വന്നത് എന്റെ ഓർമ്മയിൽ ഇന്നും തങ്ങി നിൽക്കുന്നുണ്ട്.പിന്നീട് പ്രീഡിഗ്രി സുഹൃത്തുക്കളുടെ കൂടെ ആദ്യമായി വന്ന സമയത്തും ബോട്ടിംഗിന് എത്തിയിരുന്നു.ഒരാൾക്ക് ഇരുപത് രൂപയാണ് ബോട്ട് ഹൌസ് പ്രവേശന ഫീസ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര മണി വരെയാണ് പ്രവേശനം.ബോട്ടിംഗ് നടത്താൻ നമ്മൾ തെരഞ്ഞെടുക്കുന്ന ബോട്ടിനും സീറ്റിനും അനുസരിച്ച് വേറെ ഫീസ് അടക്കണം. എട്ട് പേർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ ബോട്ട് ആണ് ഞങ്ങൾ തെരഞ്ഞെടുത്തത്.950 രൂപ കൗണ്ടറിൽ അടച്ച് ടിക്കറ്റ് വാങ്ങി ഞങ്ങൾ ബോട്ടിനടുത്തേക്ക് നീങ്ങി.

വെയിൽ മൂക്കുന്നതിന് മുമ്പ് ഊട്ടി തടാകത്തിലൂടെയുള്ള ബോട്ട് യാത്ര ഹൃദ്യമാണ്.ഇരുപത് മിനുട്ട് നേരത്തെ യാത്രക്കിടയിൽ തടാകത്തിൽ നീരാടാനും ഭക്ഷണം തേടാനും വന്ന വിവിധതരം പക്ഷികളെ കാണാം. ഊട്ടിയിൽ രണ്ടാമത്തെ തവണ വന്ന സമയത്ത് ബോട്ടിംഗിന് പോയപ്പോൾ നിരവധി മാനുകളെയും കണ്ടിരുന്നു. മറുഭാഗത്തെ കാട്ടിൽ വെള്ളത്തോട് ചേർന്ന സ്ഥലത്തായിരുന്നു അവയെ കണ്ടിരുന്നത്.അതേപ്പറ്റി അന്വേഷിച്ചപ്പോൾ ഇപ്പോൾ അവയൊന്നും ഇല്ല എന്നായിരുന്നു ബോട്ട് ഡ്രൈവറുടെ മറുപടി.ഇപ്പോൾ നിരവധി താൽക്കാലിക കൂടാരങ്ങൾ അവിടെ ഉയർന്നു വരുന്നുണ്ട്.സഞ്ചാരികൾക്ക് താമസിക്കാനായി ഉടൻ ആരംഭിക്കാൻ പോകുന്ന ഒരു പദ്ധതിയാണതെന്ന് ഡ്രൈവർ പറഞ്ഞു.

ബോട്ടിംഗ് സമയത്ത് കരയിലൂടെ ഒരു ട്രെയിൻ പോകുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.ഊട്ടി മേട്ടുപ്പാളയം റൂട്ടിലെ പൈതൃക വണ്ടി പോലെയാണ് എനിക്ക് തോന്നിയത്.ലിദു മോന് അതിൽ കയറാൻ ആഗ്രഹം തോന്നിയതിനാലും തടാകത്തിന്റെ കരയിലൂടെ ഒന്ന് ചുറ്റിക്കാണാം എന്ന പ്രതീക്ഷയിലും ഞങ്ങൾ അങ്ങോട്ട് നീങ്ങി.ഒരാൾക്ക് എഴുപത് രൂപയായിരുന്നു ടിക്കറ്റ്.കുറേ നേരം കാത്തിരുന്നെങ്കിലും മറ്റാരും വന്നില്ല. റൂം വെക്കേറ്റ് ചെയ്യേണ്ടതിനാൽ ഞങ്ങൾ തിരക്ക് കൂട്ടിയപ്പോൾ ട്രെയിൻ ഞങ്ങളെ മാത്രം വഹിച്ചു കൊണ്ട് യാത്ര തുടങ്ങി.ഇരുന്നൂറ് മീറ്ററോളം മുന്നോട്ട് പോയി അതേ ട്രാക്കിലൂടെ തന്നെ വണ്ടി റിവേഴ്സിലും പോന്നു!പ്രത്യേകിച്ച് ഒന്നും കാണാനോ ആസ്വദിക്കാനോ ഇല്ലാത്ത ഈ യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. 

ബോട്ടിംഗ് കഴിഞ്ഞ് ഞങ്ങൾ വില്ലയിലേക്ക് തന്നെ തിരിച്ചെത്തി.മാനേജർ ആനന്ദിനെ വിളിച്ചപ്പോൾ വാടക ഗൂഗിൾ പേ ചെയ്ത് റൂം വെക്കേറ്റ് ചെയ്യാൻ പറഞ്ഞു.ആനന്ദിന് മലയാളികളെ അത്രയും വിശ്വാസമാണെന്ന് എനിക്ക് മനസ്സിലായി.മാനേജരും ഞാനും തമ്മിൽ എല്ലാ ഇടപാടുകളും ഫോണിലൂടെ തന്നെ തീർത്ത് ഞങ്ങൾ വില്ലയോട് വിട പറഞ്ഞു.

ഊട്ടിയിൽ കർണാടക സർക്കാർ തുടങ്ങിയ ഒരു പുതിയ ഗാർഡൻ ഉണ്ടെന്നും ബൊട്ടാണിക്കൽ ഗാർഡനോട് കിടപിടിക്കുന്ന ഒന്നാണെന്നും നാലഞ്ച് വർഷമായി ഞാൻ കേൾക്കാൻ തുടങ്ങിയിട്ട്.ഞങ്ങളാരും ഈ ഗാർഡൻ കണ്ടിട്ടില്ലാത്തതിനാലും ബൊട്ടാണിക്കൽ ഗാർഡനിൽ ഇത്തവണ കയറാൻ ഉദ്ദേശം ഇല്ലാത്തതിനാലും  കർണാടക സിരി ഹോർട്ടികൾച്ചർ ഗാർഡൻ (KSHG) എന്ന പ്രസ്തുത ഗാർഡൻ സന്ദർശിക്കാൻ ഞങ്ങൾ തീരുമാനിച്ചു. 

ഊട്ടി തടാകത്തിന്റെ സൈഡിലൂടെയുള്ള റോഡിന് രണ്ട് കിലോമീറ്റർ മുന്നോട്ട് പോയാൽ എത്തിച്ചേരുന്ന ഫേൺ ഹില്ലിൽ ആണ് കർണാടക സിരി ഹോർട്ടികൾച്ചർ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഊട്ടിയിലെ ഹിൽ സ്റ്റേഷനിലെ രണ്ടാമത്തെ വലിയ പൂന്തോട്ടം കൂടിയാണിത്.മുപ്പത്തി എട്ട് ഏക്കറിൽ പരന്നുകിടക്കുന്ന ഈ പൂന്തോട്ടം ഒരുകാലത്ത് മൈസൂർ രാജ്യത്തിൻ്റെ സ്വത്തായിരുന്ന ഭൂമിയിലാണ് സ്ഥാപിച്ചത്.2018-ൽ ആണ് ഇത്  ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കുന്നിൻ ചരിവുകൾക്കും താഴ്‌വരകൾക്കുമിടയിൽ വ്യാപിച്ചുകിടക്കുന്നതും ചെടികൾ വിവിധ രൂപത്തിൽ വെട്ടി വളർത്തിയതുമായ ടോപ്പിയറി ഗാർഡൻ , ഇറ്റാലിയൻ ഗാർഡൻ, മേസ് ഗാർഡൻ, റോസ് ഗാർഡൻ, സൺകെൻ ഗാർഡൻ, ടീ ഗാർഡൻ,പുൽത്തകിടികൾ,ചെക്ക് ഡാമുകൾ എന്നിവയാണ് ഈ ഉദ്യാനത്തിൻ്റെ പ്രധാന സവിശേഷതകൾ.ചെക്ക് ഡാമുകളിൽ നീന്തി തുടിക്കുന്ന വിവിധ വർണ്ണത്തിലും വലിപ്പത്തിലും ഉള്ള മൽസ്യങ്ങളും കാഴ്ചക്ക് ഭംഗി വർദ്ധിപ്പിക്കുന്നു.ഹരിതഗൃഹത്തിൽ അമ്പതിനായിരം ചട്ടികളിലായി വളരുന്ന വിവിധ ഇനം പൂക്കൾ ഈ പൂന്തോട്ടത്തിൻ്റെ പ്രത്യേക ആകർഷണമാണ്. മേപ്പിൾ ട്രീ അവന്യൂ, ഓർക്കിഡുകൾക്കും ഔഷധസസ്യങ്ങൾക്കുമുള്ള പ്രത്യേക സ്ഥലം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.രണ്ട് കുന്നുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം പോലെയുള്ള ഒരു നടപ്പാലം, സഞ്ചാരികൾക്ക് പൂന്തോട്ടത്തിന്റെ ഒരു ആകാശ കാഴ്ചയും പ്രദാനം ചെയ്യും.വെയിലിന് ചൂട് കൂടിയാൽ ഒരു തണൽ കിട്ടാൻ ഏറെ പ്രയാസമാണ് എന്നതാണ് വലിയൊരു പോരായ്മയായി എനിക്ക് തോന്നിയത്.

രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശന സമയം.മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് ഇരുപത്തിയഞ്ച് രൂപയുമാണ് പ്രവേശന ഫീസ്.വിശാലമായ പാർക്കിംഗ് സൗകര്യം സഞ്ചാരികളെ കൂടുതൽ ആകർഷിക്കും.

ഉച്ച സമയം ആയതിനാൽ അടുത്ത ലക്‌ഷ്യം ഏത് എന്ന ചോദ്യത്തിന് പുതിയ മരുമകൻ റാഫി മുന്നോട്ട് വച്ച നിർദ്ദേശമായിരുന്നു ഹംഗർ ഫോർഡ്. സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധമായ പ്രസ്തുത സ്ഥലം ഒന്ന് എക്സ്പ്ലോർ ചെയ്യാം എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഹംഗർ ഫോർഡിലേക്ക് തിരിച്ചു.


(Next: ഹംഗർ ഫോർഡിലെ കാഴ്ചകൾ)


Sunday, October 27, 2024

മൂങ്ങിൽ ഇല്ലത്തിലെ മൂന്നാമൂഴം ( ഊട്ടി പട്ടണം 6 )

 ഊട്ടി പട്ടണം 5

തിരിച്ചു കാറിലേക്ക് കയറാൻ ഭാവിക്കുമ്പോൾ എസ്റ്റേറ്റിലേക്ക് പ്രവേശനം തന്നയാൾ വീണ്ടും അവിടെ എത്തി.

"സാർ... ഞാൻ ജോസഫ് ...ക്രിസ്ത്യൻ !!"

"അത് പിന്നെ എല്ലാവർക്കും അറിയില്ലേ...ജോസഫ് എന്നാൽ ക്രിസ്ത്യൻ ആണെന്ന്..." 

കാറിന്റെ പിൻ സീറ്റിൽ നിന്ന് മറുപടിക്കൊപ്പം പൊട്ടിച്ചിരിയും ഉയർന്നു.എസ്‌റ്റേറ്റിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞതിൽ അയാൾ വീണ്ടും ഖേദം പ്രകടിപ്പിച്ചു.അതൊരു പ്രശ്നമാക്കേണ്ട എന്ന് ഞാനും പറഞ്ഞു.

സമയം വൈകിട്ട് നാലര കഴിഞ്ഞിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൂടി ഉള്ളതിനാൽ എത്രയും വേഗം വഴിയോരത്തെ ഒരു പള്ളിയിൽ എത്തേണ്ടതുണ്ടായിരുന്നു.അതിനാൽ കാർ സ്റ്റാർട്ട് ചെയ്ത് ഞങ്ങൾ യാത്ര തുടർന്നു. ഊട്ടി പട്ടണത്തിന്റെ കവാടമായ ഫിംഗർ പോസ്റ്റിലേക്ക് ഇരുപത്തിയഞ്ച് കിലോമീറ്റർ കൂടി സഞ്ചരിക്കണം. ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചപ്പോഴേക്കും ഞങ്ങൾ ഊട്ടി - മൈസൂർ പാതയിലേക്ക് തിരിച്ചെത്തി.

ഗതകാല പ്രൗഢി വിളിച്ചോതിക്കൊണ്ട്, ഇന്നും ഊട്ടി സഞ്ചാരികളെ ഒരു നിമിഷം ചിന്താ സാഗരത്തിൽ മുക്കുന്ന ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ്‌ സ്ഥിതി ചെയ്യുന്ന ഇന്ദു നഗറിലൂടെ ഞങ്ങൾ കടന്നുപോയി.ഗ്വാളിയോർ റയോൺസ് ഫാക്ടറി കുടി ഇറക്കപ്പെട്ട ശേഷമുള്ള മാവൂരിന്റെ അതേ അവസ്ഥയായിരുന്നു ഇന്ദു നഗറിന്റേതും. ആറായിരത്തിലധികം തൊഴിലാളികളും ടൂറിസ്റ്റുകളും ഇന്ദു നഗറിനെ രാപ്പകൽ ഭേദമന്യേ ജീവസ്സുറ്റതാക്കിയ ഒരു കാലഘട്ടമുണ്ടായിരുന്നു എന്ന് ഇന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്.1996 ൽ ഈ കമ്പനിയുടെ പ്രവർത്തനം നിലച്ചു.

കാർ ഫിംഗർ പോസ്റ്റ് എത്തിയതും ഇടത് ഭാഗത്ത് ഒരു പള്ളി മിനാരം കണ്ടു. പള്ളിയുടെ തൊട്ടു മുമ്പിൽ തന്നെ സൗകര്യപ്രദമായ സ്ഥലത്ത് ഞാൻ  കാർ പാർക്ക് ചെയ്തു. സ്ത്രീകളടക്കം എല്ലാവരും പള്ളിയിൽ കയറി നമസ്കാരം നിർവ്വഹിച്ചു. ശേഷം, തൊട്ടടുത്ത ബേക്കറിയിൽ നിന്ന് തന്നെ ചായയും കുടിച്ചു. 

സന്ധ്യ മയങ്ങാൻ തുടങ്ങിയതിനാൽ താമസിക്കാനുള്ള റൂം അന്വേഷിക്കൽ നിർബന്ധമായിരുന്നു. മുമ്പ് പ്രീഡിഗ്രി കൂട്ടുകാരോടൊപ്പം ഊട്ടിയിൽ വന്ന സമയങ്ങളിൽ താമസിച്ചിരുന്ന മൂങ്ങിൽ ഇല്ലത്തിൻ്റെ നടത്തിപ്പുകാരനായ ആനന്ദിനെ ഞാൻ വിളിച്ചു നോക്കി.മൂങ്ങിൽ ഇല്ലത്തിൻ്റെ തൊട്ടടുത്ത് തന്നെ പുതിയൊരു വില്ല ഉണ്ടെന്നും റൂമിന് 2000 രൂപ ആകുമെന്നും ആനന്ദ് പറഞ്ഞു. വില്ലയുടെ ലൊക്കേഷനും ഇട്ട് തന്നു. 

ഫിംഗർ പോസ്റ്റിൽ നിന്നും മൂങ്ങിൽ ഇല്ലത്തിലേക്ക് വെറും മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ  ഉണ്ടായിരുന്നുള്ളൂ. അതിനാൽ 3500 രൂപക്ക് ആ രണ്ട് ബെഡ്റൂം വില്ല സെറ്റാക്കി ഞങ്ങൾ അങ്ങോട്ട് നീങ്ങി. അറിയാത്ത സ്ഥലമാണെങ്കിലും ഗൂഗിൾ ചേച്ചി കാണിച്ച് തന്ന വഴിയിലൂടെ ഞങ്ങൾ പെട്ടെന്ന് തന്നെ മൂങ്ങിൽ ഇല്ലം സ്ഥിതി ചെയ്യുന്ന ഹോളിവുഡ് ഹിൽസിൽ എത്തി. 

ലൊക്കേഷനിൽ ഇട്ട് തന്ന വില്ലയുടെ ഗേറ്റ് തുറന്ന് ഞാൻ വണ്ടി പാർക്ക് ചെയ്തു. അപ്പോഴാണ് ഒരു മതിലിനപ്പുറം മൂങ്ങിൽ ഇല്ലം കണ്ടത്. പക്ഷെ, അതിനും താഴെയുള്ള പുതിയ "വേദിക നെസ്റ്റ്" ആയിരുന്നു ഞങ്ങൾക്കായി പറഞ്ഞ് വച്ചത്. ആനന്ദ് ഏർപ്പാടാക്കിയ റൂം ബോയ് ഞങ്ങളെ സ്വാഗതം ചെയ്തു. അത്യാവശ്യം നല്ല തണുപ്പുണ്ടായിരുന്നതിനാൽ എല്ലാവരും ഒരു കട്ടൻ ചായ കൂടി അകത്താക്കി. ഭക്ഷണത്തിനുള്ള സാധനങ്ങൾ ഒന്നും കൊണ്ടു വരാത്തതിനാൽ അത്താഴം "സ്വിഗ്ഗി" വഴിയാക്കി.

പിറ്റേ ദിവസം രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ഊട്ടി പട്ടണത്തിലെ വിവിധ വർണ്ണങ്ങളിലെ കെട്ടിടങ്ങളും മറ്റും ശ്രദ്ധിച്ചത്. വില്ലയുടെ താഴെയുള്ള ഒഴിഞ്ഞ പറമ്പിൽ വിരിഞ്ഞ് നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള കാട്ടു പൂവും അപ്പോഴാണ് കണ്ടത്. പെട്ടെന്നാണ് ആ പൂവിനെ എല്ലാവരും തിരിച്ചറിഞ്ഞത്. മുമ്പ്, ഊട്ടിയിൽ പോകുന്ന എല്ലാവരും കാശ് കൊടുത്ത് വാങ്ങിക്കൊണ്ട് വന്ന് ഷോകേസിൽ വച്ചിരുന്ന ഒരിക്കലും വാടാത്ത "ഊട്ടിപ്പൂവ്" ആയിരുന്നു അത്. മക്കൾ കുറെ പൂക്കളും ചെടിയും ശേഖരിച്ച് കാറിൽ കയറ്റി.

ഊട്ടി തടാകം തൊട്ടടുത്ത് തന്നെ ആയതിനാൽ പ്രഭാത ഭക്ഷണവും ബോട്ടിംഗും കഴിഞ്ഞ് റൂമിലേക്ക് തന്നെ തിരിച്ച് വരാം എന്ന് തീരുമാനിച്ചു. ലേക്കിനടുത്ത് തന്നെയുള്ള തലശ്ശേരി ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ച ശേഷം ഞങ്ങൾ ബോട്ട് ഹൗസിലേക്ക് തിരിച്ചു.

(Next : ബ്യൂട്ടീസ് ഓഫ് ഊട്ടി )

Thursday, October 24, 2024

ഗ്ലെൻ മോർഗൻ എസ്റ്റേറ്റ് (ഊട്ടി പട്ടണം - 5)

 ഊട്ടി പട്ടണം - 4 

സത്യത്തിൽ, തറനാട്‌ മണ്ഡുവിൽ നിന്ന് മടങ്ങുമ്പോഴാണ് ഗ്ലെൻമോർഗനിൽ കാണാനുള്ളത് എന്ത് എന്ന് ഞാൻ ആലോചിച്ചത്.ഇതുവരെ ഊട്ടിയിൽ  വന്നവരും പോയവരും ആയ സുഹൃത്തുക്കളോ ബന്ധുക്കളോ ആരും എവിടെയും ഈ സ്ഥലത്തെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല.സഞ്ചാരി, ട്രാവൽഗുരു തുടങ്ങീ ഞാൻ അംഗമായ ഫേസ്ബുക് യാത്രാ കൂട്ടായ്മയിലും ഗ്ലെൻമോർഗനെപ്പറ്റി ആരും പറഞ്ഞു കണ്ടിട്ടില്ല. എങ്കിൽ ഞാനാവട്ടെ അതിനെപ്പറ്റി പറയുന്ന ആദ്യത്തെ ആൾ എന്ന ആവേശത്തിൽ കാറ് മുന്നോട്ട് പാഞ്ഞു.

ഏതാനും ദൂരം മുന്നോട്ട് പോയപ്പോൾ ആ റൂട്ടിൽ ആദ്യമായി കുറേയധികം ആളുകളെ കണ്ടു. താമസിയാതെ ഒരു കടയും 'ഗ്ലെൻമോർഗൻ ടീ എസ്റ്റേറ്റ്' എന്ന ബോർഡും കണ്ടു. ഇനിയും എന്തോ കാണാനുണ്ട് എന്ന പ്രതീക്ഷ നൽകി റോഡ് നീണ്ട് പോകുന്നതിനാൽ വണ്ടി സ്ലോ ആക്കി ഇനിയും മുന്നോട്ട് പോകുമോ എന്ന് ഞാൻ ആംഗ്യ രൂപേണ ചോദിച്ചു. മുന്നോട്ട് പോകാം എന്ന് അതേ രീതിയിൽ തന്നെ മറുപടി കിട്ടിയതിനാൽ കാറ് വീണ്ടും മുന്നോട്ട് പാഞ്ഞു.

അൽപം കൂടി മുന്നോട്ട് പോയപ്പോഴേക്കും ഒരു ടാക്സി ജീപ്പും കുറെ ആളുകളും രണ്ട് ചെറിയ പെട്ടിക്കടകളും ഉള്ള ഒരു സ്ഥലത്ത് എത്തി.റോഡ് ഇനിയും മുന്നോട്ട് പോകുന്നുണ്ടെങ്കിലും സഞ്ചാരികളായ ആൾക്കൂട്ടത്തെ കണ്ടതോടെ ഞാൻ തേടി വന്ന ഗ്ലെൻമോർഗനിൽ എത്തിയതായി മനസ്സിലായി. വലതുഭാഗത്തെ ആദ്യത്തെ പെട്ടിക്കടയിൽ നിന്ന് എന്തൊക്കെയോ വാങ്ങുന്നവരുടെ തിരക്കാണ് അവിടെ കണ്ടത്.ഞാനും കാർ സൈഡാക്കി എല്ലാവരെയും ഇറക്കി.

പെട്ടിക്കടക്കടുത്ത്‌ കണ്ട ചെറിയ ഒരു ഗേറ്റിലൂടെ പ്രവേശിക്കാൻ തുനിഞ്ഞ ഞങ്ങളെ കടക്കാരൻ തടഞ്ഞു. ജീപ്പിൽ വരുന്നവർക്ക് മാത്രമേ അങ്ങോട്ട് പ്രവേശനമുള്ളൂ എന്നദ്ദേഹം പറഞ്ഞു.ഗ്ലെൻമോർഗൻ കാണാൻ കാറിൽ വരുന്നത് തെറ്റാണ് എന്ന് അപ്പോഴാണ് ഞങ്ങൾക്കെല്ലാവർക്കും മനസ്സിലായത്. ഗേറ്റിനകത്ത് ഒരു തേയിലത്തോട്ടമാണ് കാണാനുണ്ടായിരുന്നത്.അവിടം വരെ ഡ്രൈവ് ചെയ്ത് വന്ന സ്ഥിതിക്ക് അകത്ത് പ്രവേശിക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടാകാതിരിക്കില്ല എന്ന് എനിക്കും തോന്നി.ടാക്സിക്കാരൻ പോയപ്പോൾ പെട്ടിക്കടക്കാരൻ എൻ്റെ അടുത്തേക്ക് വന്നു.

"സാർ,ഇത് ഒരു പ്രൈവറ്റ് തോട്ടമാണ്. ഓരോ ജീപ്പ്കാരനും ഇരുനൂറ് രൂപ ഇവിടെ തന്നിട്ടാണ് ആളെ അകത്ത് കയറ്റാൻ അനുമതി നൽകുന്നത്."

"ഓക്കേ..."

"കാറിൽ വരുന്നവരെ കയറ്റാൻ പറ്റില്ല.കമ്പനി നിർദ്ദേശം അതാണ് സാർ..."

"ഇവിടെ നിന്ന് എന്തെങ്കിലും വാങ്ങിയാൽ കയറാൻ പറ്റുമോ?" ഞാൻ വെറുതെ ചോദിച്ചു.

"യെസ് സാർ" അയാൾ ആവേശപൂർവ്വം പറഞ്ഞു.

വിവിധ ഫ്ലേവറുകളിലുള്ള ചായപ്പൊടികളായിരുന്നു ആ പെട്ടിക്കടയിലെ ഐറ്റംസ്. അരക്കിലോ ചായപ്പൊടിയുടെ ഒരു പാക്കറ്റ് ആയിരുന്നു അതിൽ ഏറ്റവും വിലകുറഞ്ഞത്. ഇവിടെയും നേരത്തെ കണ്ട എസ്റ്റേറ്റ് ഗേറ്റിലും മാത്രമേ ഗ്ലെൻമോർഗൻ ചായപ്പൊടി കിട്ടൂ എന്നും, ഫുൾ എക്സ്പോർട്ട് ആണെന്നും അദ്ദേഹം പറഞ്ഞു.അതുകൊണ്ട് തന്നെ അരക്കിലോ ചായപ്പൊടിയുടെ വില 200 രൂപയായിരുന്നു.ഊട്ടിയിൽ നിന്ന് മടങ്ങുമ്പോൾ ചായപ്പൊടി വാങ്ങുന്നത് ഒരു പതിവായതിനാൽ ഞാനത് വാങ്ങി.എല്ലാവരും ഗ്ലെൻമോർഗൻ എസ്റ്റേറ്റിന് അകത്തേക്ക് കയറുകയും ചെയ്തു.

ഊട്ടിയിൽ നിന്നും ഏകദേശം മുപ്പത്തിയഞ്ച് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന, പഴയ കാലത്തെ പ്രശസ്തമായ ഒരു തേയിലത്തോട്ടമാണ് ഗ്ലെൻമോർഗൻ ടീ എസ്റ്റേറ്റ്. ചെങ്കുത്തായ മലയിടുക്കിലുള്ള തോട്ടത്തിന്റെ  ഭാഗത്താണ് സഞ്ചാരികൾ പ്രവേശിക്കുന്നത്. തേയിലത്തോട്ടവും കൂറ്റൻ പാറകളും തൂവെള്ള മേഘങ്ങളും കൂടി സൃഷ്ടിച്ചെടുക്കുന്ന കാൻവാസ്‌ അതിമനോഹരമാണ്.കുത്തനെ ഇറക്കമായതിനാൽ തേയിലച്ചെടികൾക്കിടയിലൂടെ നടക്കുന്നത് അപകടം വിളിച്ച് വരുത്തും.

മറ്റു സഞ്ചാരികൾ ആരും ഇല്ലാത്തതിനാൽ കുറേ നേരം ഞങ്ങൾ അവിടെ ചെലവഴിച്ചു. പുറത്തിറങ്ങി ഇനിയും മുന്നോട്ട് പോകുന്ന റോഡിനെപ്പറ്റി ഞാൻ ആരാഞ്ഞു.സഞ്ചാരികൾക്ക് ഇവിടം വരെ മാത്രമേ അനുവാദമുള്ളൂ എന്നും മുന്നോട്ട് പോയാൽ അവിടെ പോലീസുണ്ടെന്നും പെട്ടിക്കടക്കാരൻ പറഞ്ഞു. ഒന്ന് പോയി നോക്കാം എന്ന് കരുതി ഞാൻ മുന്നോട്ട് നടന്നു.അയാൾ പറഞ്ഞതുപോലെ പോലീസ് ഞങ്ങളെ തടഞ്ഞു.

ഒരു കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ ഗ്ലെൻമോർഗൻ ഡാം ഉണ്ട്.തമിഴ്‌നാട് സ്റ്റേറ്റ് ഇലൿട്രിസിറ്റി ബോർഡിന്റെ കീഴിലുള്ള ഡാം സൈറ്റിലേക്ക് സാധാരണ സഞ്ചാരികൾക്ക് പ്രവേശനമില്ല.കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥനാണെങ്കിൽ ഐ ഡി കാർഡ് കാണിച്ചാൽ കടത്തിവിടും.ഞാൻ കേരള സ്റ്റേറ്റ് ഗവണ്മെന്റ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞപ്പോൾ ഫോൺ വിളിച്ച് പെർമിഷൻ എടുക്കാം എന്ന് പോലീസുകാരൻ അറിയിച്ചു.ഞങ്ങൾ നേരിട്ടു കണ്ട പൈകര പവർ ഹൌസ്, മോയാർ,മുതുമല വന്യജീവി സങ്കേതം എന്നിവയുടെ  വിദൂരക്കാഴ്ചയാണ് കാണാനുള്ളത് എന്നതിനാൽ ആ ഓഫർ ഞാൻ സ്നേഹപൂർവ്വം നിരസിച്ചു.

പോലീസുകാർ ഇരിക്കുന്നതിന് തൊട്ടു പിന്നിലുള്ള റിസർവോയറിലേക്ക് അനുവാദം വാങ്ങി ഞങ്ങൾ പ്രവേശിച്ചു. ഫോട്ടോ എടുക്കാൻ അനുവാദമില്ലാത്തതിനാലും അത്ര സൗന്ദര്യം തോന്നാത്തതിനാലും അവിടെ നിന്നും ഞങ്ങൾ വേഗം പിന്തിരിഞ്ഞു.

( Next : പട്ടണപ്രവേശം...)

Monday, October 21, 2024

തറനാട് മണ്ടു (ഊട്ടി പട്ടണം - 4)

പൈകരയിൽ നിന്നും വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ നേരെ ഊട്ടി പിടിക്കുക എന്നതായിരുന്നു ലക്ഷ്യം.സമയം അത്യാവശ്യം ബാക്കിയുള്ളതിനാൽ വെൻലോക്ക് ഡൌൺ ഷൂട്ടിംഗ് പോയിന്റോ ബൊട്ടാണിക്കൽ ഗാർഡനോ ഒരു ഈവനിംഗ് സിറ്റിംഗിന് ഉപയോഗപ്പെടുത്താം എന്ന് മനസ്സിൽ കരുതി. വീക്കെൻഡ് ഡേയ്സ് അല്ലാത്തതിനാൽ ഊട്ടിയിലെത്തിയ ശേഷം റൂം അന്വേഷിക്കാം എന്നും കരുതി.ഏതാനും കിലോമീറ്ററുകൾ മുന്നോട്ട്  പോയപ്പോഴാണ് 'ഗ്ലെൻമോർഗൻ 10 KM' എന്നൊരു ചൂണ്ടു പലക കണ്ണിൽപ്പെട്ടത്. കാർ അതിനെ പാസ് ചെയ്ത് മുന്നോട്ട് പോയെങ്കിലും നേരത്തെ സൂചിപ്പിച്ച എക്സ്‌പ്ലൊറേഷൻ മനസ്സിൽ നിന്ന് കുതറിച്ചാടി.വണ്ടിയിൽ ഉള്ളവരും സമ്മതം മൂളിയതോടെ ഞാൻ കാർ റിവേഴ്‌സ് ചെയ്തു.
മൈസൂർ - ഊട്ടി പാതയിൽ പൈകരയിൽ കഴിഞ്ഞ് ഏതാനും കിലോമീറ്ററുകൾ മുന്നോട്ട് പോയാൽ റോഡിന്റെ ഒരു ശാഖ ഇടത്തോട്ട് തിരിയുന്നത് കാണാം.തുടക്കത്തിൽ കാണുന്ന നല്ല വീതിയുള്ള റോഡും നേരത്തെ പറഞ്ഞ ബോർഡും കൂടി സഞ്ചാരികളെ അങ്ങോട്ട് തിരിക്കാൻ പ്രേരിപ്പിക്കും.പക്ഷേ,നൂറുമീറ്റർ കഴിയുന്നതോടെ തന്നെ റോഡ് വല്ലാതെ ഇടുങ്ങും. സഞ്ചാരികൾ അധികമാരും അങ്ങോട്ട് പോകാത്തതിനാൽ അതൊരു ബുദ്ധിമുട്ടാകില്ല എന്ന് മാത്രം.വിജനമായ സ്ഥലങ്ങളായതിനാൽ നേരം വൈകിയുള്ള യാത്ര അത്ര നല്ലതായിരിക്കില്ല എന്ന് തോന്നുന്നു.
കാർ എത്ര ഓടിയിട്ടും ഗ്ലെൻമോർഗൻ എത്താത്തതിനാൽ ഈ സ്ഥലം മനസ്സിൽ വരാനുള്ള കാരണം ഞാൻ ഒന്നാലോചിച്ചു. അപ്പോഴാണ് പണ്ട് രവിശാസ്ത്രി കളിച്ചിരുന്ന 'ഗ്ലമോർഗൻ' എന്ന ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് ഓർമ്മയിൽ തെളിഞ്ഞത്.ഇന്ന് ഐ.പി.എല്ലിൽ ഉള്ളത് പോലെ സോമർസെറ്റ്, ലങ്കാഷെയർ, സറേ,എസ്സെക്സ്  അങ്ങനെ നിരവധി ക്ലബ്ബുകൾ അന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ആ ഗ്ലമോർഗനും  ഗ്ലെൻമോർഗനും കൂടി എനിക്ക് കൺഫ്യൂഷൻ ആയതായിരുന്നു.അപ്പോഴേക്കും മറ്റൊരു സൈൻബോർഡിന്റെ മുമ്പിൽ ഞങ്ങളെത്തി. പെട്ടെന്ന് വലത്തോട്ട് പോകാനാണ് എനിക്ക് തോന്നിയത്. ഏതാനും ദൂരം സഞ്ചരിച്ചപ്പോഴേക്കും സുന്ദരമായ ഒരു പുൽമേട്ടിൽ ഞങ്ങളെത്തി.
ഇരുഭാഗത്തുമുള്ള പുൽമേടുകളിൽ ഇടതുഭാഗത്ത് , ഞങ്ങളെപ്പോലെ വന്നതാണോ എന്നറിയില്ല രണ്ട് കാറുകൾ പാർക്ക് ചെയ്തിരുന്നു.അടുത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. കാർ അവിടെ പാർക്ക് ചെയ്ത ശേഷം നേരെ എതിർ ഭാഗത്തുള്ള കുന്നിലേക്ക് ഞങ്ങളും നടന്നു കയറി. കണ്ടതിലും മനോഹരം കാണാതെ പോകുമായിരുന്നത് എന്ന് അന്നേരം തോന്നിപ്പോയി.കാശ്‍മീരിൽ പോയപ്പോഴും ഇങ്ങനെ അപ്രതീക്ഷിതമായി ഞങ്ങൾ ഒരു താഴ്‌വരയിൽ എത്തിയിരുന്നു (ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം) പച്ചപ്പരവതാനി വിരിച്ചിട്ട പോലെ ചെറിയ കുന്നുകളും താഴ്വരകളും ; അതിനിടയിലൂടെയുള്ള ചെമ്മൺ പാതകൾ;അതിർത്തി നിർണ്ണയിക്കാൻ ചോല  വനങ്ങൾ പോലെ ഇട തൂർന്ന് നിൽക്കുന്ന മരങ്ങളും. ഞങ്ങളല്ലാതെ മറ്റാരെയും അവിടെയെങ്ങും കണ്ടതുമില്ല.
നടന്നു കയറിയ കുന്നിന്റെ എതിർഭാഗത്തെ താഴ്വരയിലേക്ക് ഞങ്ങൾ വെറുതെ ഒന്ന് നടന്നു.ഏതാനും ചില വീടുകളും താമസക്കാരെയും അവിടെ കണ്ടു.സന്ദർശകരെയുമായി ഒരു ടാക്സി ജീപ്പ് അവിടെ വരെ വന്ന് എന്തോ വിവരണം നൽകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.ആ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് ഹൌസ് ബോട്ടിന്റെ മുകൾ ഭാഗം പോലെ നിർമ്മിച്ച, ഒരു പഴയ  നിർമ്മിതി കണ്ടത്. അതിന്റെ മുൻഭാഗത്തെ ഒരു കല്ലിനെ ചുറ്റിപ്പറ്റിയുള്ള എന്തോ കഥകളാണ് ടാക്സിക്കാരൻ പറഞ്ഞു കൊടുക്കുന്നത്. തൊട്ടടുത്ത വീട്ടിലേക്ക് ചെന്ന് ഞാൻ അതേപ്പറ്റി ചോദിച്ചപ്പോൾ അവർ എന്തൊക്കെയോ പറഞ്ഞു തന്നു.അതൊരു കോവിലാണെന്നും റോഡിൽ ചെരുപ്പഴിച്ച് വച്ച് ആണുങ്ങൾക്ക് മാത്രം അടുത്തേക്ക് പോകാമെന്നും സ്ത്രീകൾ അങ്ങോട്ട് പോകരുതെന്നും മാത്രം എനിക്ക് മനസ്സിലായി.ഫോട്ടോ എടുക്കാൻ പാടില്ലെങ്കിലും അവർ സമ്മതം തന്നതിനാൽ ഞങ്ങൾ ദൂരെ നിന്നും ഫോട്ടോ എടുത്തു.
തോട ആദിവാസി വിഭാഗത്തിന്റെ അമ്പലമായിരുന്നു അത്.മുളയും പുല്ലും മണ്ണും ഉപയോഗിച്ച് ആണ് ഇതിന്റെ നിർമ്മാണം.മുൻഭാഗത്ത് കാണുന്ന ഇടുങ്ങിയ വാതിലിലൂടെ പൂജാരിക്ക് മാത്രം അകത്തേക്ക് പ്രവേശിക്കാൻ  അനുവാദമുണ്ട്.അതിലൂടെ നുഴഞ്ഞു കയറാൻ മാത്രമേ സാധിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്. വർഷത്തിൽ ഒരിക്കൽ അമ്പലത്തിൽ ഉത്സവം നടക്കും.
തിരിച്ചു പോരുമ്പോൾ വിദ്യാർത്ഥിനികൾ എന്ന് തോന്നിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾ കാറിന് കൈ കാണിച്ചു. ഒരു ചെറിയ കെട്ടിടം കാണിച്ച് തന്ന് അതൊരു മ്യൂസിയമാണെന്നും തോട ആദിവാസി വിഭാഗക്കാർ ഉണ്ടാക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ഉണ്ടെന്നും അറിയിച്ചു.ഒന്ന് സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തിയാൽ അവർക്ക് പ്രചോദനമാകും എന്നും പറഞ്ഞതിനാൽ ഞങ്ങൾ അവിടെ കയറി.ഭൌമ സൂചികാ പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ള തോട എംബ്രോയിഡറി ഐറ്റംസ് ആയിരുന്നു പ്രധാന ആകർഷണം. വെള്ള പശ്ചാത്തലത്തിൽ കറുപ്പും ചുവപ്പും നൂല് കൊണ്ട് തുന്നിയുണ്ടാക്കിയ ഷാളുകളും മറ്റും കാണാൻ ഭംഗിയുണ്ട്.പക്ഷേ, വില അത്ര ആകർഷകമല്ല.
സന്ദർശക ഡയറിയിൽ അഭിപ്രായം രേഖപ്പെടുത്തി ആ സ്ഥലത്തെപ്പറ്റി ചോദിച്ചപ്പോഴാണ് തറനാട് മണ്ടു എന്ന സ്ഥലമാണതെന്നും തോട ആദിവാസി വിഭാഗക്കാർ മാത്രമുള്ള ഏരിയ ആണെന്നും അറിഞ്ഞത്.മണ്ടു എന്നാൽ ഗ്രാമം എന്നാണ് അർത്ഥം പോലും. കാഴ്ചയിലും സംസാരത്തിലും ഒരു ആദിവാസി വിഭാഗമായി എനിക്ക് തോന്നിയതേ ഇല്ല.ഞാൻ ലക്‌ഷ്യം വച്ച ഗ്ലെൻമോർഗനിലേക്ക് ഇനിയും അഞ്ച് കിലോമീറ്റർ യാത്ര ചെയ്യാനുണ്ട് എന്നറിഞ്ഞതോടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

Friday, October 18, 2024

പൈകര വെള്ളച്ചാട്ടം (ഊട്ടി പട്ടണം - 3)

ഈശ്വരി അമ്മാളിൻ്റെ കുഞ്ഞു കടയിൽ നിന്ന് ചായയും ബ്രഡ് ഓംലറ്റും സമൂസയും ആസ്വദിച്ച് കൊണ്ടിരിക്കെ മുകളിലെ തേയിലത്തോട്ടത്തിൽ നിന്ന് കുറെ സ്ത്രീകൾ ഇറങ്ങി വന്നു. തേയില നാമ്പുകൾ ശേഖരിച്ച ചാക്കും തലയിലേന്തി റോഡിന്റെ മറുഭാഗത്ത് നിന്ന് അവർ എന്തോ ചോദിക്കുന്നുണ്ട്. അൽപ സമയം കഴിഞ്ഞ് റോഡിന്റെ ഇരു ഭാഗത്തേക്കും നോക്കി അവർ ക്രോസ്സ് ചെയ്തു. ഇരുഭാഗവും വളവായതിനാൽ എന്തെങ്കിലും വാഹനം വരുന്നുണ്ടോ എന്നായിരുന്നു അവർ ചോദിച്ചത് എന്ന് അപ്പോൾ മനസ്സിലായി. ഞങ്ങളെ നോക്കി ഒന്ന് ചിരിച്ച്, താഴെയുള്ള തോട്ടത്തിലൂടെ അവർ എങ്ങോ പോയി മറയുകയും ചെയ്തു. ഈശ്വരി അമ്മാൾക്ക് കാശ് കൊടുത്ത് ഞങ്ങളും ഊട്ടി ലക്ഷ്യമാക്കി യാത്ര പുനഃരാരംഭിച്ചു.

സുഹൃത്ത് നൗഷാദിന്റെ കൂടെ, ആദ്യ തവണ കുടുംബ സമേതം ഊട്ടിയിൽ വന്നപ്പോൾ വഴിയിൽ ഒരു സ്ഥലത്ത് പാർക്ക് ചെയ്ത് ഭക്ഷണം കഴിച്ചിരുന്നു.അന്ന് കുടുംബ അംഗസംഖ്യ കുറവായിരുന്നതിനാൽ ജീപ്പിലായിരുന്നു യാത്ര.ഉച്ചഭക്ഷണം പാത്രത്തിലാക്കി വണ്ടിയിൽ കരുതുകയും ചെയ്തിരുന്നു.നടുവട്ടം കഴിഞ്ഞപ്പോൾ തടാകം പോലെ തോന്നിക്കുന്ന ഒരു ഭാഗം കണ്ടതോടെ ആ സ്ഥലം ഞങ്ങൾ തിരിച്ചറിഞ്ഞു. പഴയ പോലെ ഇപ്പോൾ പ്രകൃതി സൗന്ദര്യം തോന്നാത്തതിനാൽ ഞങ്ങൾ യാത്ര തുടർന്നു. ഒരു മണിയോടെ ഞങ്ങൾ പൈകര വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്ന സ്ഥലത്തെത്തി.

ഊട്ടിയിൽ എത്തുന്നതിന് ഇരുപത്തിയൊന്ന് കിലോമീറ്റർ മുമ്പായിട്ടാണ് പൈകര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ പല വെള്ളച്ചാട്ടങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ അത് പാറയിൽ കൂടി ഒഴുകുന്ന ഒരു നദിയായി മാത്രമേ അനുഭവപ്പെടൂ.നീലഗിരി ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയാണ് പൈകര.തോഡ എന്ന ആദിവാസി സമൂഹം പവിത്രമായി കണക്കാക്കുന്ന ഒരു നദി കൂടിയാണിത്.ഞങ്ങൾ ആദ്യമായി ഇവിടെ വന്ന സമയത്ത് ഒട്ടും വെള്ളം ഇല്ലാത്തതിനാൽ വെള്ളച്ചാട്ടം ഒരു നീർച്ചാൽ മാത്രമായിരുന്നു.ഇത്തവണ ഒന്നുകൂടി കണ്ടു നോക്കാം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടതിനാൽ ഞാൻ കാർ സൈഡാക്കി.

മൈസൂർ - ഊട്ടി റോഡിലെ പൈകരയിൽ നിന്ന് ഏകദേശം മുന്നൂറ് മീറ്റർ ഇടത്തോട്ട് നടന്നു വേണം വെള്ളച്ചാട്ടത്തിലെത്താൻ. അല്പം തണുപ്പോ മഞ്ഞോ ചാറൽ മഴയോ ഉണ്ടെങ്കിൽ പ്രകൃതി ഭംഗിയും ആസ്വദിച്ചുള്ള ഈ യാത്ര വളരെ ഹൃദ്യമായിരിക്കും.ഇരുപത് രൂപ പ്രവേശന ഫീസ് നൽകി ഞങ്ങൾ മുന്നോട്ട് നീങ്ങി.താഴോട്ടുള്ള പടികൾ ഇറങ്ങി പൈകര തടാകത്തിന്റെ മനോഹരമായ കാഴ്ച കണ്ടു.ഈ തടാകത്തിലും ബോട്ടിംഗ് ഉണ്ടെങ്കിലും ഊട്ടിയിലെ ബോട്ട് യാത്ര നിർബന്ധമായതിനാൽ ഇവിടെ അതിന് മുതിർന്നില്ല.

പടികൾ ഇറങ്ങി ഞങ്ങൾ ഏറ്റവും താഴെയെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിലെയോ അബി ഫാൾസിലെയോ പോലെ കുത്തനെയുള്ള ഇറക്കമല്ലാത്തതിനാൽ പ്രായമായവർക്കും താഴെ വരെ പോകാൻ സാധിക്കും.നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമായ മുക്കുറ്റിയും തുമ്പയും എല്ലാം വഴി നീളെ അവിടെ കാണാം.അറുപത്തി ഒന്ന് മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്നതാണ് ഇവിടത്തെ വെള്ളച്ചാട്ടം.വെള്ളം പരന്ന് ഒഴുകുന്നതിനാൽ അതൊരു വെള്ളച്ചാട്ടമായി തോന്നില്ല.സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനവും ഇല്ല.

നല്ല വെയിലായിരുന്നെങ്കിലും ഊട്ടിയുടെ സ്വതസിദ്ധമായ തണുപ്പ് അവിടെയെങ്ങും പരന്നിരുന്നു.എങ്കിലും കൂടുതൽ സമയം ഞങ്ങൾ അവിടെ തങ്ങിയില്ല.പ്രവേശന കവാടത്തിനടുത്തുള്ള കുട്ടികളുടെ പാർക്ക് ലിദു മോൻ ആദ്യമേ നോട്ടമിട്ടിരുന്നതിനാൽ അവിടെയും അൽപ നേരം ചെലവഴിച്ച ശേഷം ഞങ്ങൾ മടങ്ങി.

തിരിച്ച് വരുമ്പോൾ, റോഡരികിലെ കടകളിൽ കമ്പം പുഴുങ്ങി വിൽക്കുന്നത് കണ്ടപ്പോൾ ഒന്ന് രുചിച്ച് നോക്കാൻ ഒരാശ തോന്നി.വിവാഹത്തിന്റെ അഞ്ചാം വർഷത്തിൽ ലഖ്നോവിൽ പോയപ്പോൾ റോഡരികിൽ വച്ച് കമ്പം ചുട്ടു തിന്നതാണ് അപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത്.ഇത്തരം യാത്രകളിൽ മാത്രമാണ് അത്തരം സാധനങ്ങൾ വയറ്റിലെത്തൂ.ചില അവസരങ്ങളിൽ അത് പണി തരുകയും ചെയ്യും. തൊട്ടടുത്ത് തന്നെ ധാരാളം ഹോട്ടലുകൾ ഉണ്ടായിരുന്നതിനാൽ ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.

( Next: തറനാട് മണ്ടു )

Tuesday, October 15, 2024

യൂക്കാലിക്കാട്ടിലൂടെ... ( ഊട്ടി പട്ടണം - 2)

ഊട്ടി പട്ടണം - 1

മലപ്പുറത്തിന്റെ സോറി കേരളത്തിന്റെ അതിർത്തിപ്പട്ടണങ്ങൾ ഒന്നൊന്നായി പിന്നിട്ട് ഞങ്ങൾ നാടുകാണി ചുരത്തിലെത്തി.ഓരോ മഴക്കാലം കഴിയുമ്പോഴും നാടുകാണി ചുരത്തിലൂടെയുള്ള യാത്ര അല്പം പ്രയാസകരമാകും.ഇടക്കിടക്കുള്ള മണ്ണിടിച്ചിലും റോഡ് വിള്ളലും കുണ്ടും കുഴിയും ഉണ്ടാക്കാതെ ഒരു മഴക്കാലവും നാടുകാണി ചുരം കയറിപ്പോയിട്ടില്ല.ചുരത്തിൽ പ്രത്യേകിച്ച് കാഴ്ചകൾ ഒന്നും ഇല്ലാത്തതിനാലും ഇടയ്ക്കിടക്ക് കണ്ട 'ആന ക്രോസ്സ് ചെയ്യുന്ന സ്ഥലം' എന്ന ബോർഡുകളും എൻ്റെ കാലിനെ ആക്‌സിലേറ്ററിൽ തന്നെ നിലനിർത്തി.

നാടുകാണി ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ ഒരു പയ്യനും കുറെ പയ്യത്തികളും സകല വണ്ടിക്കും കൈ കാട്ടുന്നത് കണ്ടു.ചെക്ക്‌പോസ്റ്റിൽ കൊടുക്കേണ്ട എൻട്രി ഫീ നേരത്തെ കയ്യിൽ എടുത്ത് വച്ചിരുന്നതിനാൽ രക്ഷപ്പെട്ടു എന്ന് കരുതിയപ്പോഴാണ് പയ്യന്റെ ചോദ്യം വന്നത് - "എങ്കെ പോണു?"

"ഊട്ടി" 

"ഇ-പാസ് ഇരിക്ക്?"

"ഇ പാസ് വേണ്ട എന്ന് പറഞ്ഞു..."

"യാര് ശൊല്ലി ?"

"മെഹ്‌റൂഫ്" 

ഊട്ടിയിൽ ഇടക്കിടെ പോകുന്ന എൻ്റെ സുഹൃത്ത് മെഹ്‌റൂഫിനോട് ഇ-പാസിനെപ്പറ്റി ചോദിച്ചപ്പോൾ അതൊന്നും ഇല്ല എന്ന് അവൻ പറഞ്ഞിരുന്നു. അത് ഓർമ്മിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

ഗൂഗിളിൽ TN e pass എന്നടിച്ച് പാസ് എടുക്കാൻ ചെക്ക് പോസ്റ്റിലെ പയ്യൻ പറഞ്ഞു. പക്ഷെ, അതിൻ്റെ പേരിൽ വണ്ടി തടയുകയോ ഫീസ് ഈടാക്കുകയോ ഒന്നും ചെയ്തില്ല. കാർ സാവധാനം മുന്നോട്ട് നീങ്ങുന്നതിനിടയിൽ മകൾ ഇ-പാസ് എടുത്തു. തികച്ചും സൗജന്യമായതിനാലാണോ എന്നറിയില്ല വഴിയിലെ ഒരു പോലീസും അത് പരിശോധിച്ചതേ ഇല്ല.

പതിനൊന്ന് മണിയോടെ ഞങ്ങൾ ഗൂഡലൂരെത്തി. ഞങ്ങളുടെ ആമാശയം പുറപ്പെടുന്നതിന് മുമ്പ് തന്നെ വീട്ടിൽ നിന്നും നിറച്ചിരുന്നു. വണ്ടിയുടെ ആമാശയം ഗൂഡല്ലൂരിൽ നിന്നും നിറച്ചു.ഊര ഒന്ന് നിവർത്താൻ വേണ്ടി ഞാൻ ചെറിയൊരു ബ്രേക്ക് എടുത്തു. കാറിൻ്റെ ടയറിലെ എയർ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഞങ്ങൾ ഗൂഡല്ലൂർ - ഊട്ടി മലമ്പാത കയറാൻ തുടങ്ങി.

ഏകദേശം എട്ടൊമ്പത് കിലോമീറ്റർ പിന്നിട്ടപ്പോൾ നീഡിൽ റോക്ക് വ്യൂ പോയിൻ്റിലേക്ക് പോകാനായി ഇറങ്ങേണ്ട സ്ഥലമായി.മുമ്പ് ഒരു തവണ പോയപ്പോൾ തന്നെ നടന്ന് മടുത്തതിനാൽ അത്  കാണണം എന്ന് എനിക്കാഗ്രഹം തോന്നിയില്ല. ഒരു കിലോമീറ്റർ പൊരി വെയിലത്ത് നടക്കുന്നത് മറ്റുള്ളവർക്കും ഹൃദ്യമായി തോന്നാത്തതിനാൽ ഞാൻ അവിടെ കാർ നിർത്തിയില്ല. 

ഊട്ടി പാതയിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിൽ ഒന്നാണ് തൊലിയുരിഞ്ഞ് നിൽക്കുന്ന യൂക്കാലി മരങ്ങൾ. തുണിയുരിഞ്ഞ് നിൽക്കുന്ന ആരെയോ പോലെ എന്നൊക്കെ കവികളും കഥാകാരന്മാരും വിശേഷിപ്പിച്ച ആ കാഴ്ച വഴിയാത്രക്കാരെ ഒന്ന് സ്റ്റോപ്പാക്കും. ഞങ്ങളും യൂക്കാലിയുടെ സുഗന്ധവും ആസ്വദിച്ച് അൽപനേരം ആ ഇല മർമ്മരത്തിൽ അലിഞ്ഞിരുന്നു. കുരങ്ങന്മാർ രംഗം വികൃതമാക്കാൻ വന്നതോടെ ഞങ്ങൾ സ്ഥലം കാലിയാക്കി. 

യൂക്കാലിക്കാട് പോലെ ഈ റൂട്ടിലെ മറ്റൊരാകർഷണ കേന്ദ്രമാണ് പൈൻ ഫോറസ്റ്റ് . കൊടൈക്കനാലിലെ പൈൻമരക്കാടുകൾ ശരിക്കും ആസ്വദിച്ചിരുന്നതിനാൽ ഇവിടെയും ഞങ്ങൾ കയറിയില്ല. ഞാൻ കണ്ട ആദ്യ ഹിന്ദി സിനിമയായ 'ഖയാമത് സെ ഖയാമത് തക്' ലെ "ഖസം സെ" എന്ന് തുടങ്ങുന്ന മനോഹര ഗാനം ചിത്രീകരിച്ചത് ഇവിടെയാണെന്ന് പിന്നീടറിഞ്ഞു.

അപ്പോഴേക്കും ഒരു ചായ കുടിക്കാൻ എല്ലാവർക്കും ആഗ്രഹം തോന്നി. ഗുഡല്ലൂർ - ഊട്ടി റൂട്ടിലെ തട്ടുകടകളിൽ നിന്ന് കിട്ടുന്ന ചായക്ക് ഒരു പ്രത്യേക രുചി തന്നെയുണ്ട്. ചെറുതായിട്ടൊരു കോടമഞ്ഞും കൊണ്ട് ഒരു വഴിയോരക്കസേരയിലിരുന്ന് ആവി പറക്കുന്ന ഒരു ഇഞ്ചിച്ചായ കുടിക്കുന്നതിൻ്റെ ത്രില്ലും രുചിയും ഒന്ന് വേറെത്തന്നെയാണ്. അങ്ങനെ ഒരു സ്ഥലം കിട്ടാനായി ഞാൻ കാർ ഓടിച്ചു കൊണ്ടേ ഇരുന്നു. പന്ത്രണ്ട് മണിയോടെ ഞാൻ മനസ്സിൽക്കണ്ടത് പോലെയുള്ള ഒരു സ്ഥലത്തുള്ള കടയിൽ എത്തി.ഈശ്വരി അമ്മാൾ എന്ന ഒരു ചേച്ചി മാത്രമായിരുന്നു ഉടമയും കുക്കും സപ്ലയറുമായിട്ട് അവിടെ ഉണ്ടായിരുന്നത്.

റോഡിൻ്റെ ഇരു ഭാഗത്തും ചായത്തോട്ടങ്ങളായിരുന്നു. ചേച്ചി ചായ തയ്യാറാക്കുന്ന ഗ്യാപ്പിൽ മക്കൾ മുകളിലെ ചായത്തോട്ടത്തിലേക്ക് കയറി. നട്ടുച്ചയായിട്ടും പെട്ടെന്ന് അവിടെ കോട പൂത്തു.പണ്ട് ആരോ പണിതിട്ട ഒരു സിമൻ്റ് ബെഞ്ച് ചായക്കടക്ക് സമീപത്തെ മരച്ചുവട്ടിൽ ഞാൻ കണ്ടു. ഒരു പക്ഷേ ആ ബെഞ്ച് ആയിരിക്കാം ആ കടയുടെ സ്ഥാനം നിർണ്ണയിച്ചത്. ഒരു കപ്പ് ചായയുമായി ഞാൻ അങ്ങോട്ടു നീങ്ങി.


 

(Next: പൈകര വെള്ളച്ചാട്ടം)

Saturday, October 12, 2024

ഊട്ടി പട്ടണം - 1

വർഷത്തിൽ കുടുംബ സമേതം ഒരു ഉല്ലാസ യാത്ര ജീവിത യാത്രയിലെ പതിവായത് എന്ന് മുതലാണ് എന്ന് ഇപ്പോൾ കൃത്യമായി നിശ്ചയമില്ല.കോവിഡ് ശേഷം 2021 ൽ ജയ്പൂരിലേക്കും (Click & Read) 2022 ൽ കാശ്മീരിലേക്കും (Click & Read) 2023 ൽ കുടകിലേക്കും (Click & Read) ആയിരുന്നു പ്രസ്തുത യാത്രകൾ.ഇത് കൂടാതെ ഒരു റിലാക്സേഷന് വേണ്ടി ചെറിയ ചെറിയ യാത്രകൾ വേറെയും ഇടക്കിടെ നടത്താറുണ്ട്.

എൻ്റെ വേനലവധിക്കാലവും മക്കളുടെ വേനലവധിക്കാലവും തമ്മിൽ സ്വരചേർച്ച ഇല്ലാതിരുന്നതിനാൽ ഈ വർഷത്തെ പതിവ് ഉല്ലാസയാത്ര അന്ന് നടന്നില്ല. എൻ്റെ മൂത്ത മകളുടെ വിവാഹത്തോടനുബന്ധിച്ച് വീടിൻ്റെയും പരിസരത്തിൻ്റെയും (എന്ന് വച്ചാൽ മുറ്റം, മതിൽ, പറമ്പ് തുടങ്ങിയവ) സൗന്ദര്യവല്കരണ പ്രവർത്തനങ്ങൾ നടത്താൻ ഞാൻ കണ്ടുവച്ചിരുന്ന കാലം കൂടിയായിരുന്നു മധ്യവേനലവധിക്കാലം. പണിക്കാരെ കിട്ടാത്തതിനാൽ അതും ആ സമയത്ത് നടന്നില്ല. കഴിഞ്ഞ വർഷത്തെപ്പോലെ ഓണം അവധി കിട്ടിയെങ്കിലും മകളുടെ കല്യാണം ഓണാവധിയിൽ ആയിരുന്നതിനാൽ അന്നും എനിക്ക് അനങ്ങാൻ സാധിച്ചില്ല.

രണ്ടാമത്തെ മകൾ ഇപ്പോൾ ഡൽഹിയിലാണ് പഠിക്കുന്നത്. കല്യാണത്തിൽ പങ്കെടുക്കാനായി എത്തുന്ന അവളെയും കൂടി ഉൾപ്പെടുത്തി ഒരു യാത്ര പോകണമെങ്കിൽ കല്യാണപ്പിറ്റേന്നോ അതിന് തൊട്ടടുത്ത ദിവസമോ പുറപ്പെടണം എന്ന് ഞാൻ നേരത്തെ കണക്ക് കൂട്ടി വച്ചിരുന്നു.അതല്ല എങ്കിൽ, അവളെക്കൂടാതെ പിന്നീട് എപ്പോഴെങ്കിലും യാത്ര പോകണം. രണ്ട് ദിവസം കൊണ്ട് സ്വയം കാറോടിച്ച് കണ്ട് വരാവുന്ന ഒരു സ്ഥലം അപ്പോഴാണ് ഞാൻ ആലോചിച്ചത്. മഴ മേഘങ്ങൾ തൂങ്ങി നിൽക്കുന്ന ഈ സമയത്ത്, ഏകദേശം പോകാൻ പറ്റുന്ന സ്ഥലങ്ങളെല്ലാം നേരത്തെ പോയ ഇടങ്ങളായിരുന്നു. അപ്പോഴാണ് കേട്ടു മാത്രം പരിചയമുള്ള കൊല്ലഗലും ശിവസമുദ്രവും മനസ്സിൽ തെളിഞ്ഞത്.

നാട്ടിൽ നിന്നും നൂറ്റി തൊണ്ണൂറ്റി മൂന്ന് കിലോമീറ്റർ ഡ്രൈവ് ചെയ്താൽ അഞ്ചര മണിക്കൂർ കൊണ്ട് കൊല്ലഗലിൽ എത്താം എന്ന് ഗൂഗിളമ്മായി പറഞ്ഞ് തന്നു. റോഡിൻ്റെ അവസ്ഥ എൻ്റെ വല്യമ്മായിയുടെ മകനും പറഞ്ഞ് തന്നു. ബാരാ ചുക്കി വാട്ടർ ഫാൾസ് എന്നാണ് വെള്ളച്ചാട്ടത്തിൻ്റെ പേരെന്നും അവിടെ നിന്നും കുറച്ച് കൂടി മുന്നോട്ട് പോയാൽ വലിയൊരു വാട്ടർ ഫാൾസ് കൂടി കാണാമെന്നും വല്യമ്മായി മകൻ വഴി അറിയിപ്പ് കിട്ടി. രണ്ടാമത്തെ വാട്ടർ ഫാൾ ഗംഗാ ചുക്കി എന്ന പേരിൽ ആണ് അറിയപ്പെടുന്നത് എന്ന് ഗൂഗിളമ്മായിയും വിവരം തന്നു.ബട്ട്, ഇത്രയും ദൂരം ഡ്രൈവ് ചെയ്ത് ഇത് രണ്ടും കണ്ട ശേഷം അടുത്തത് എന്ത് എന്ന ചോദ്യത്തിന്  കിട്ടിയ ഉത്തരം നേരെ മൈസൂരിലേക്ക് സ്റ്റിയറിംഗ്  പിടിക്കാനായിരുന്നു. അതോടെ കൊല്ലഗൽ ടൂർ പ്ലാൻ റിവേഴ്സ് ഗിയറിലായി.

അപ്പോഴാണ് നീലഗിരിയുടെ രാജ്ഞിയായ ഊട്ടി എൻ്റെ മനസ്സിൽ അണിഞ്ഞൊരുങ്ങി എത്തി ലഡു പൊട്ടിച്ചത്. ഞാൻ നിരവധി തവണ ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും മൂത്ത മക്കൾ രണ്ട് പേരും ഊട്ടി കണ്ടത് പ്രൈമറി സ്കൂളിൽ പഠിക്കുമ്പോഴാണ്. പിന്നീട് ഞങ്ങൾ കുടുംബ സമേതം പൈതൃക വണ്ടിയിൽ മേട്ടുപ്പാളയത്ത് നിന്നും ഊട്ടി വരെ വന്നെങ്കിലും കാഴ്ചകൾ ഒന്നും കാണാൻ നിൽക്കാതെ മടങ്ങുകയാണുണ്ടായത്. മൂന്നാമത്തവൾ കഴിഞ്ഞ വർഷത്തെ ഒരു വിനോദയാത്രയിലൂടെ ഊട്ടി സന്ദർശിച്ചിരുന്നു. നാലാമത്തവന് ഊട്ടി ബർക്കിയിലെ ഊട്ടി അല്ലാതെ യഥാർത്ഥ ഊട്ടി എന്താണെന്ന് അറിയുക പോലുമില്ല. ഭാര്യയും ഊട്ടിയുടെ കുളിർമ്മ അറിഞ്ഞിട്ട്  വർഷങ്ങളായി. നാട്ടിൽ നിന്നും നൂറ്റി ഇരുപത്തിയഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ ഊട്ടിയിൽ എത്താം എന്ന് മാത്രമല്ല വഴി നീളെ കാഴ്ചകൾ കാണാൻ ഉണ്ട് എന്നതും ഊട്ടിയെ ആകർഷണീയമാക്കുന്നു. മക്കളോട് അഭിപ്രായം ചോദിച്ചപ്പോൾ അവരും ഒ.കെ ആയതിനാൽ മരുമകനെയും കൂട്ടിയുള്ള ആദ്യ യാത്ര ഊട്ടിയിലേക്ക് തന്നെയാകട്ടെ എന്ന് തീരുമാനമായി.

സ്വയം ഡ്രൈവ് ചെയ്തു പോകുകയായതിനാൽ ഊട്ടിയിലെ സ്ഥിരം കാഴ്ചകൾ ഒന്ന് മാറ്റിപ്പിടിക്കാം എന്ന് മൂത്ത  കുട്ടികൾ രണ്ട് പേരും അഭിപ്രായപ്പെട്ടു. ആദ്യമായിട്ട് പോകുന്നവർക്കായി വഴിയിലെ കാഴ്ചകൾ കണ്ട് പോകാമെന്നും തീരുമാനിച്ചു. നിരവധി തവണ ഊട്ടി സന്ദർശിച്ചിട്ടും ബൊട്ടാണിക്കൽ ഗാർഡനും റോസ് ഗാർഡനും ലേക്കും അല്ലാതെ മറ്റൊന്നും ഞാനും ഊട്ടിയിൽ കണ്ടിരുന്നില്ല. കർണ്ണാടക സർക്കാറിൻ്റെ പുതിയൊരു പാർക്ക് വന്നതും ഊട്ടിയുടെ ഉൾഭാഗങ്ങളിലെ കാഴ്ചകളും കേട്ട് പരിചയമുണ്ടെങ്കിലും അനുഭവിച്ചറിഞ്ഞിരുന്നില്ല. എങ്കിൽ ഈ യാത്ര ഒരു ഊട്ടി എസ്കർഷന്  പകരം ഒരു ഊട്ടി എക്സ്പ്ലൊറേഷൻ യാത്രയാകട്ടെ എന്നും തീരുമാനമായി. 

അങ്ങനെ സെപ്തംബർ 24 ന് രാവിലെ 8.45 ന് ഞങ്ങൾ വീട്ടിൽ നിന്നും കാറിൽ യാത്ര ആരംഭിച്ചു.


Wednesday, October 09, 2024

സൗഹൃദം പൂക്കുന്ന വഴികൾ - 27

ജീവിതത്തിരക്കിനിടയിൽ അൽപ സമയം സുഹൃത്തുക്കളോടൊപ്പം അല്ലെങ്കിൽ സഹപാഠികൾക്കൊപ്പം ചെലവഴിച്ചാൽ ഒരു പോസിറ്റീവ് എനർജി കിട്ടും എന്നാണ് എന്റെ അനുഭവ സാക്ഷ്യം. കഴിഞ്ഞു പോയ സംഭവങ്ങളുടെയും സ്മരണകളുടെയും ചില പഴയ താളുകൾ മറിക്കുമ്പോൾ നമ്മുടെ പ്രായവും നിമിഷ നേരത്തേക്ക് ആ കാലത്തേക്ക് എത്തും. ഒരു പക്ഷേ അന്നത്തെപ്പോലെ പരിസരം മറന്ന് നാം പ്രതികരിക്കാൻ പോലും സാധ്യതയുണ്ട്.

'സൗഹൃദം പൂക്കുന്ന വഴികൾ' എന്ന ശീർഷകത്തിന് കീഴിൽ ഞാനനുഭവിച്ച സൗഹൃദത്തിൻ്റെ നിരവധി മുഹൂർത്തങ്ങളും അവ എനിക്ക് സമ്മാനിച്ച സന്തോഷ നിമിഷങ്ങളും നിരവധി തവണ ഇവിടെ പങ്ക് വച്ചിട്ടുണ്ട്.

കലാലയ ജീവിതത്തിൻ്റെ ആരംഭം കുറിച്ച പ്രീഡിഗ്രിക്കാലം മനസ്സിൽ ഇന്നും ക്ലാവ് പിടിക്കാത്ത ഓർമ്മകളായി നില നിൽക്കുന്നു. ഹോസ്റ്റൽ ജീവിതത്തിൻ്റെ ഹരിശ്രീ കുറിച്ചതും റാഗിംങ് എന്ന പദം എൻ്റെ പദസഞ്ചയ അറിവിൽ കയറിയതും പ്രീഡിഗ്രിക്കാലത്താണ്. പൊടിമീശ മുളച്ച് തുടങ്ങുന്ന അക്കാലത്ത് തന്നെയാണ് പല കാര്യങ്ങളും ചെയ്യാനുള്ള ധൈര്യം മുളച്ചതും. അതിനാൽ തന്നെ ആ സുഹൃത്തുക്കൾക്കൊപ്പം അൽപം കൂടുതൽ നേരം ചെലവഴിക്കുന്നത് ഒരു നഷ്ടമായി എനിക്ക് തോന്നാറില്ല. 

പ്രസ്തുത സൗഹൃദത്തിൻ്റെ അവൈലബിൾ പിബി കൂടാൻ കിട്ടിയ അവസരങ്ങളിലെല്ലാം ഞാൻ അത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മീറ്റിംഗിൻ്റെ (ഈറ്റിംഗിൻ്റെയും) മുഖ്യ സൂത്രധാരകനായ സുനിൽ ഗൾഫിൽ നിന്ന് വരുമ്പോഴാണ് വർഷത്തിലൊരിക്കൽ ഈ ഒത്തുചേരൽ നടക്കാറ്. ഏതെങ്കിലും റിസോർട്ടിൽ അല്ലെങ്കിൽ ഊട്ടിയിൽ ഒരു ദിവസം തങ്ങി ആ പൂച്ച പി.ഡി.സിക്കാലം റീവൈൻഡ് ചെയ്യലാണ് സംഗമത്തിൻ്റെ മെയിൻ അജണ്ട. അത് പലപ്പോഴും നേരം പുലരും വരെ നീളും. 

ഇത്തവണ ഡേറ്റ് തീരുമാനിച്ചിരുന്നെങ്കിലും മുഖ്യ സൂത്രധാരകന് അർജൻ്റ് ബാക്ക് കാൾ വന്നതിനാൽ അബൂദാബിയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നു. അവൻ്റെ അർജൻസി കണ്ട പലരും കരുതിയത് അവൻ എത്തിയില്ലെങ്കിൽ അബുദാബി ശൈഖിന്റെ അണ്ടർ വെയർ അഴിഞ്ഞ് വീഴും എന്നായിരുന്നു. ബട്ട്, അമ്മായിയപ്പൻ്റെ മരണം കാരണം , പോയ അതേ സ്പീഡിൽ തന്നെ തിരിച്ച് പോരേണ്ടിയും വന്നു.

അങ്ങനെ പലരും പല കൊമ്പിൽ ഇരുന്ന് ജീവിതം തുഴഞ്ഞും തള്ളിയും നീക്കുമ്പോഴാണ് ഖത്തർ ശൈഖിൻ്റെ അരുമ ശിഷ്യൻ മിസ്റ്റർ നൗഫൽ കെ മുഹമ്മദ് നാട്ടിൽ കാല് കുത്തുന്നത്. അവൻ നാട്ടിൽ വരുന്നത് തന്നെ വാലിന് തീപിടിച്ച പോലെയാണ്. ഈയാഴ്ച വന്നാൽ അടുത്താഴ്ച തന്നെ പോകണം. വന്നില്ലെങ്കിലോ ഒരു കുഴപ്പവും ഇല്ല താനും. അതുകൊണ്ട് തന്നെ സുനിലും നൗഫലും മലയാള മണ്ണിൽ അധികവും കൂട്ടിമുട്ടാറില്ല. 

ബൈ ദ ബൈ നൗഫൽ വാലിൽ തീയുമായി വന്നത് എല്ലാവർക്കും തീ വാലിൽ പടർന്ന് നിൽക്കുമ്പോഴായിരുന്നു. സുനിൽ അവൻ്റെ മോഹക്കൊട്ടാരം ഉടച്ചും വാർത്തും നാറാണത്ത് ഭ്രാന്തനായി നിൽക്കുന്ന സമയം,മഹ്റൂഫ് സ്വർണ്ണവില അമ്പത്തി ഏഴായിരം കടക്കുന്നതും കാത്ത് നിൽക്കുന്ന സമയം, ഞാൻ മകളുടെ കല്യാണം കഴിഞ്ഞ് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ തരിച്ചു പോയ സമയം ആൻ്റ് ഫൈനലി ഡോ.സഫറുള്ള മിഠായിത്തെരുവിൽ വായും നോക്കി നടക്കുന്ന (പഴയ ദന്ത ഡോക്ടർ ഇപ്പഴും അവൻ്റെ ഉള്ളിലുണ്ട് എന്നതിൻ്റെ സൂചന) സമയം. അതിനാൽ ഏതാനും മണിക്കൂറുകൾ മാത്രം സൊറ പറഞ്ഞിരിക്കാൻ പറ്റുന്ന സ്ഥലവും സമയവും തിരഞ്ഞു.

ആ കൂടിച്ചേരൽ ഇന്നലെ വൈകിട്ട് അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് സൗത്ത് ബീച്ചിൽ നടന്നു. കടലിൽ നിന്നുള്ള തണുത്ത കാറ്റിനൊപ്പം പ്രീഡിഗ്രിക്കാലത്തെ നിരവധി കുസൃതികളും ഓർമ്മയിൽ തിരമാലകൾ തീർത്തു. അപ്പോൾ ഞങ്ങളെല്ലാവരും അമ്പത് കഴിഞ്ഞ കോളേജ് കുമാരന്മാരായി. ബോംബെ ഹോട്ടലിലെ പൊറോട്ടയും ബീഫും അതിന്  മേമ്പൊടി ചാർത്തി.

ഓൺലൈൻ സൗഹൃദങ്ങൾ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്ന ഇക്കാലത്ത്, നേരിട്ട് കണ്ട് അൽപനേരം മനസ്സ് തുറന്നു സംസാരിക്കാനും ഉള്ള് തുറന്ന് ചിരിക്കാനും സാധ്യമായാൽ തീർച്ചയായും മനസ്സ് പറയും - ലൈഫ് ഈസ് ബ്യൂട്ടിഫുൾ.


Monday, October 07, 2024

ഗുൽ മുഹമ്മദ്

തികച്ചും യാദൃശ്ചികമായിട്ടാണ് ശ്രീ. ടി. പത്മനാഭൻ്റെ നാലു കഥാ സമാഹാരങ്ങൾ അടങ്ങിയ ഒരു പുസ്തകം എൻ്റെ പുസ്തക ശേഖരത്തിൽ എത്തിയത്. ആരോ ഓർഡർ നൽകി പിൻമാറിയപ്പോൾ പുസ്തകം പ്രത്യേക ഡിസ്കൗണ്ട് റേറ്റിൽ എത്തിപ്പെട്ടത് എൻ്റെ കയ്യിലായിരുന്നു. കഥയുടെ കുലപതി എന്നറിയപ്പെടുന്ന ശ്രീ. ടി. പത്മനാഭൻ്റെ ഒരു കൃതി ഞാൻ വായനക്ക് എടുക്കുന്നതും ആദ്യമായിട്ടായിരുന്നു. ഗുൽ മുഹമ്മദ് എന്ന കഥാ സമാഹാരമാണ് ഞാൻ വായിച്ചത്.

ഗുൽ മുഹമ്മദ് എന്ന പന്ത്രണ്ട് വയസ്സുകാരൻ്റെ കഥയാണ് പ്രഥമ അദ്ധ്യായം. രണ്ടാനമ്മയുടെ പീഡനം കാരണം വീട് വിട്ടിറങ്ങി അറിയാത്ത ഒരു ദേശത്തെ യതീംഖാനയിൽ എത്തിയ ഗുൽ മുഹമ്മദിനെ അഛൻ തേടി വരുന്നതാണ് കഥാ തന്തു. പക്ഷെ, പീഡന പർവ്വത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കാത്ത ഗുൽമുഹമ്മദ് കടലിലേക്ക് നടന്ന് നീങ്ങി. ഈ കഥയുടെ പിന്നിലുള്ള സംഭവം പിന്നീട് അദ്ദേഹം പങ്കുവച്ചതും ഞാൻ വായിച്ചിരുന്നു. 

ഗുൽമുഹമ്മദ് എന്ന പേരു പോലെ കഥാ പാത്രങ്ങളുടെ പേരിലുള്ള മറ്റ് നിരവധി കഥകളും ഈ സമാഹാരത്തിലുണ്ട്. അശ്വതി, മോളു, ചിത്തരഞ്ജിനി തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

ടി. പത്മനാഭന്റെ കഥകളെപ്പറ്റി ഞാൻ വായിച്ചത് ഇപ്രകാരമാണ് - ജീവിതത്തിൻ്റെ നാനാമുഖങ്ങൾ നമുക്കു മുന്നിൽ ഇതുപോലെ വരച്ചുകാട്ടിയ മറ്റൊരാളും മലയാള സാഹിത്യത്തിൽ ഇല്ല. വായനക്കാരനെകൊണ്ട് കഥയുടെ ബാക്കിഭാഗത്തെ കുറിച്ച് അഗാധമായി ആലോചിക്കുവാനുള്ള പ്രേരണ തന്റെ കഥയിലൂടെ അദ്ദേഹം  നൽകുന്നു.ഒരു വായനക്കാരന് ഒരെഴുത്തുകാരൻ നൽകുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണത്. പക്ഷെ, ഈ സമാഹാരത്തിൽ ഗുൽമുഹമ്മദ് എന്നതൊഴികെയുള്ള ഒരു കഥയും  അത്ര ആകർഷകമായി എനിക്ക് തോന്നിയില്ല. പല കഥകളുടെയും തലക്കെട്ടും അനാകർഷകമാണ്.

എന്റെ വായനാനുഭവം ആയിരിക്കില്ല മറ്റൊരാളുടെ വായനാനുഭവം എന്നതിനാൽ ഇത് ഒരു അവസാന വാക്കല്ല. ചുരുങ്ങിയത് ഗുൽമുഹമ്മദ് എന്ന കഥ എങ്കിലും എല്ലാവരും വായിച്ചിരിക്കണം. ഇനിയും അദ്ദേഹത്തിന്റെ കഥകൾ വായിക്കാൻ അത് പ്രേരണ നൽകും എന്ന് തീർച്ചയാണ്.ഞാനും അദ്ദേഹത്തിന്റെ മറ്റു കൃതികൾ കൂടി വായിക്കണം എന്ന് കരുതുന്നു. 

പുസ്തകം: ഗുൽ മുഹമ്മദ്
രചയിതാവ്:  ടി. പത്മനാഭൻ
പബ്ലിഷേഴ്സ്: ഡി.സി ബുക്സ്
പേജ്: 60
വില: 75 രൂപ


Tuesday, October 01, 2024

MEC7 ഹെൽത്ത് ക്ലബ്

നിത്യജീവിതം യന്ത്രവത്കൃതമായതോടെ ജീവിതശൈലീ രോഗങ്ങളും വർദ്ധിച്ചു. രോഗങ്ങൾക്കനുസരിച്ച് ആശുപത്രികളും കൂണ് പോലെ മുളച്ചു പൊന്തി. ജീവിതത്തിൻ്റെ ഭാഗമായി തീർന്ന യന്ത്രങ്ങൾ ഒന്നിനെയും പടി ഇറക്കാൻ സാധ്യമല്ലാത്ത വിധത്തിൽ സർവ്വ സാധാരണമായി. 

രോഗപ്രതിരോധ ബോധവൽക്കരണത്തിൻ്റെ ഫലമായി നാട്ടിലെങ്ങും ആരോഗ്യ കൂട്ടായ്മകളും പ്രഭാത നടത്ത കൂട്ടായ്മകളും വ്യായാമ കൂട്ടായ്മകളും എല്ലാം തുടക്കം കുറിച്ചു. ഉയർന്ന രക്തസമ്മർദ്ദം മൂന്ന് തവണ എൻ്റെ രക്തദാന മോഹങ്ങളെ തല്ലിക്കെടുത്തിയതോടെ ഒരു കൂട്ടായ്മയിലും ചേരാതെ ഞാനും പ്രഭാത കവാത്ത് ആരംഭിച്ചു. മഴക്കാലമായതോടെ ഞാനത് നിർത്തുകയും ചെയ്തു.

കവാത്ത് പുനരാരംഭിക്കാൻ ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങുമ്പോഴാണ് MEC7 ഹെൽത്ത് ക്ലബ്ബ് എന്നൊരു വ്യായാമ കൂട്ടായ്മ നാട്ടിൽ ആരംഭിക്കാൻ പോകുന്ന വിവരം അറിഞ്ഞത്. മൂത്ത മോളുടെ  കല്യാണത്തിരക്കിലായതിനാൽ ഒക്ടോബർ ഒന്ന് മുതൽ അതിൽ പങ്കെടുക്കാം എന്നും തീരുമാനിച്ചു.

മൾട്ടി എക്സർസൈസ് കോമ്പിനേഷൻ എന്നതിൻ്റെ ചുരുക്ക രൂപമാണ് MEC. എയ്റോബിക്സ്,ലളിത വ്യായാമങ്ങൾ, യോഗ, മെഡിറ്റേഷൻ, അക്യുപ്രഷർ, ശ്വസന വ്യായാമങ്ങൾ, ഫെയ്സ് മസാജ് തുടങ്ങി ഏഴ് വിഭാഗങ്ങളിൽപ്പെട്ട ഇരുപത്തി ഒന്ന് മിനുട്ട് കൊണ്ട് ചെയ്യേണ്ട ഇരുപത്തി ഒന്ന് തരം വ്യായാമ മുറകൾ ആണ് MEC7 ൽ ചെയ്യാനുള്ളത്. 1750 ശരീര ചലനങ്ങൾ ഈ ഇരുപത്തി ഒന്ന് മിനുട്ട് കൊണ്ട് ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ലിംഗ-പ്രായ ഭേദമന്യേ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന വ്യായാമങ്ങളാണ് ഇതിൽ ഭൂരിഭാഗവും എന്നതും പ്രധാന ആകർഷണമാണ്. 

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കാരനായ മുൻ സൈനിക ഉദ്യോഗസ്ഥൻ ശ്രീ.സലാഹുദ്ദീൻ ആണ് ഈ വ്യായാമമുറയുടെ ഉപജ്ഞാതാവ്. 2022 ലാണ് MEC7 ഹെൽത്ത് ക്ലബുകൾ വ്യാപകമായി പ്രചരിച്ചത്. ഇപ്പോൾ കേരളത്തിലും വിദേശത്തുമായി നൂറിലധികം MEC7 ഹെൽത്ത് ക്ലബുകൾ ദിവസവും വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളടക്കം ഇരുന്നൂറിൽ പരം ആൾക്കാർ ഇതിൽ പങ്കെടുക്കുന്നു എന്നത് ഈ വ്യായാമ മുറയുടെ സ്വീകാര്യത വിളിച്ചോതുന്നു. 

ഒക്ടോബർ ഒന്ന് മുതൽ ഞാനും MEC7 ഹെൽത്ത് ക്ലബിൽ അംഗമായി വ്യായാമങ്ങൾ ആരംഭിച്ചു. നിലവിൽ എൻ്റെ തൂക്കം 65 കി.ഗ്രാം ആണ്. ഇനി വരുന്ന മാറ്റങ്ങൾ വഴിയേ പറയാം, ഇൻഷാ അള്ളാഹ്.

Monday, September 30, 2024

കല്യാണപ്പിറ്റേന്ന്

വലിയൊരു ഭാരം തലയിൽ നിന്നും ഇറക്കി വച്ചത് പോലെയായിരുന്നു മകളുടെ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ എണീറ്റപ്പോൾ എനിക്ക് അനുഭവപ്പെട്ടത്. കല്യാണവുമായി ബന്ധപ്പെട്ട് നടത്തിയ സകല മരാമത്ത് പണികളും തൃപ്തികരമായി പൂർത്തിയായതും കല്യാണ പരിപാടികൾ തടസ്സമൊന്നുമില്ലാതെ ഭംഗിയായി സമാപിച്ചതും ആയിരുന്നു ഈ ആശ്വാസത്തിന് കാരണം. അപ്പോഴാണ് ഭാര്യ അടുത്തില്ല എന്ന വിവരം ഞാൻ തിരിച്ചറിഞ്ഞത്. ഉരുണ്ട് മറിഞ്ഞ് താഴെ വീണിട്ടുണ്ടോ എന്നറിയാനായി ഞാൻ ലൈറ്റ് തെളിയിച്ചു. അവിടെയും ഇല്ല! ഞാൻ പതുക്കെ എണീറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു.

".... വരണം ട്ടോ.." ഭാര്യ ആരോടോ ഫോണിൽ വിളിച്ച് പറയുന്നത് കേട്ടു കൊണ്ടാണ് ഞാൻ അവിടെ എത്തിയത്. 

"ങേ!!" ഞാനൊന്ന് ഞെട്ടിപ്പോയി.കഴിഞ്ഞ ഇരുപത് ദിവസമായി രാവിലെ എണീറ്റ് ഇരുപത്തഞ്ചാളെ വീതം അവൾ കല്യാണത്തിന് ക്ഷണിക്കുന്നുണ്ട്. ഒരു ശീലമായി മാറിക്കഴിഞ്ഞതിനാൽ അത് തുടരുകയാണോ എന്നറിയാൻ എനിക്ക് ഉത്കണ്ഠയായി.

"ആരെയാ നീ ഇനിയും കല്യാണത്തിന് ക്ഷണിക്കുന്നത് ?"  ഞാൻ ചോദിച്ചു.

"എൻ്റെ ഫ്രണ്ടിനെ..." സംസാരിക്കുന്നതിനിടയിൽ തന്നെ അവൾ പറഞ്ഞു.

"കല്യാണം ഇന്നലെ കഴിഞ്ഞ വിവരം നിനക്ക് അറിയില്ലേ?" ഞാൻ ഒന്ന് ശബ്ദം കൂട്ടി ചോദിച്ചു.

"എന്നാ... ഞാൻ വയ്ക്കട്ടെ ... പിന്നെ വിളിക്കാം.." കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് അവൾ പറഞ്ഞു. ഞാൻ അവളുടെ മറുപടിക്കായി കാത്തു നിന്നു.

"അതേയ്... എൻ്റെ ഫ്രണ്ട്സ് ചിലരെ ഒന്നും കല്യാണത്തിന് കണ്ടില്ല ..."

"അത് എൻ്റെ ഫ്രണ്ട്സും കുറെ പേര് വന്നിട്ടില്ല "

"അല്ല... അവർ മറന്നു പോയി ന്ന് ... "

"ങാ... എൻ്റെ ചില ചങ്ങാതിമാരും അത് തന്നെ പറഞ്ഞു."

"ഓ.. അപ്പോൾ നമ്മുടെ അടുത്ത് തന്നെയാ തെറ്റ് അല്ലേ?"

"എന്ത് തെറ്റ് ?"

"അല്ല... നമ്മൾ അവരെ ഓർമ്മിപ്പിച്ചില്ല.."

"അതിന് ആരൊക്കെ ഡേറ്റ് മറക്കും എന്ന് നിനക്കറിയാമായിരുന്നോ.?"

"ഓ... അത് ശരിയാ.. അങ്ങനെ ഉള്ളവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കണമായിരുന്നു ...''

"ആര് ?"

"നമ്മൾ തന്നെ ... എന്നിട്ട് കല്യാണത്തലേന്ന് അതിൽ ഒരു റിമൈൻഡർ നൽകണമായിരുന്നു..."

"ഇവിടെ ക്ഷണം തന്നെ മുഴുവനാക്കാൻ സമയമില്ല... പിന്നല്ലേ മറന്നു പോയവരുടെ ഗ്രൂപ്പ് ... അതേയ് ... ആ ഫോണിന് ഇനി ഒരു രണ്ട് ദിവസം റെസ്റ്റ് കൊടുക്ക് ... അതോടെ നിൻ്റെ തലയിലെ ഈ ഓളം വെട്ടൽ നിൽക്കും ..." 

മനസ്സില്ലാ മനസ്സോടെ ഫോൺ താഴെ വച്ച് അവൾ അടുക്കളയിലേക്ക് നീങ്ങി.





Friday, September 27, 2024

കല്യാണ വിശേഷങ്ങൾ

എൻ്റെ വീടിൻ്റെ പ്ലാൻ വരയ്ക്കുമ്പോൾ രണ്ട് കാര്യങ്ങൾ അതിൽ നിർബന്ധമായും വേണം എന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു. ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും എൻ്റെ തറവാട്ടു വീട്ടിൽ ഇല്ലാതിരുന്ന ലൈബ്രറി ആയിരുന്നു അതിൽ ഒന്ന്. രണ്ടാമത്തേത് ഒരു നമസ്കാര മുറിയും. അവ രണ്ടും എൻ്റെ വീട്ടിൽ ഭംഗിയായി തന്നെ ഞാൻ സെറ്റ് ചെയ്തു.

മേൽ പറഞ്ഞ അതേ പോലെ എൻ്റെ മകളുടെ കല്യാണം നിശ്ചയിച്ചപ്പോൾ തന്നെ, പ്ലാസ്റ്റിക്കിനെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള ഒരു മാതൃക കാണിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ക്രോക്കറി പ്ലേറ്റുകൾ ഉപയോഗിച്ച് പലരും ഭാഗികമായി ഇതിന് ശ്രമിക്കാറുണ്ടെങ്കിലും വെള്ളം പ്ലാസ്റ്റിക് ബോട്ടിലുകളിൽ നൽകുന്നതിനാൽ അത് പൂർണ്ണമാകാറില്ല. അപ്പോഴാണ് കുപ്പിയിൽ വെള്ളം നിറച്ച് നൽകുന്ന ഒരു ഒപ്ഷൻ ഓഡിറ്റോറിയം ഉടമ കൂടിയായ മൻസൂർ അവതരിപ്പിച്ചത്. ബോട്ടിൽഡ് വാട്ടറിനെക്കാളും ഇതിന് ചെലവ് കുറവാണെന്നത് പലർക്കും അറിയില്ല. അങ്ങനെ, മനസ്സിലാകുന്നവർക്ക് മനസ്സിലാക്കാനായി കുപ്പിയിൽ വെള്ളം നൽകി ഒരു സന്ദേശം നൽകാൻ സാധിച്ചു.

കല്യാണപ്പരിപാടികളുടെ ഒരു അവലോകനം കൂടുംബത്തിൽ നടത്തുന്നതിനിടക്കാണ് ഭക്ഷണ ഹാളിൽ ഉടനീളം ഒരു പോസ്റ്റർ പതിച്ചു കണ്ടത് ഭാര്യ സൂചിപ്പിച്ചത്. ഫലസ്തീൻ ജനതയെ ഓർമ്മിപ്പിച്ചു കൊണ്ട്, ഭക്ഷണം പാഴാക്കരുത് എന്ന നിർദ്ദേശമായിരുന്നു പോസ്റ്ററിലെ വിഷയം. എൻ്റെയും അനിയൻമാരുടെയും മക്കളായിരുന്നു അവ പതിച്ചത് എന്ന് അപ്പോഴാണ് ഞങ്ങൾ പോലും അറിഞ്ഞത്. കുപ്പിയിൽ വെള്ളം കൊടുത്ത് ഞാൻ നൽകിയ സന്ദേശത്തെക്കാളും വലിയ ഒരു സന്ദേശം നൽകിയ മക്കളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു.

ഈയിടെ പല കല്യാണത്തിലും കാണുന്ന ഒരു പ്രവണതയാണ് രണ്ട് തരം ഭക്ഷണം എന്നത്. വരനും കൂട്ടരും വരുമ്പോൾ അവർക്കായി സ്പെഷ്യൽ ഭക്ഷണവും ക്ഷണിതാക്കളായി എത്തുന്നവർക്ക് മറ്റൊരു ഭക്ഷണവും നൽകുന്നത് നാട്ടുനടപ്പായി മാറിയിട്ടുണ്ട്. വരനും സംഘവും നിശ്ചയിച്ച സമയത്ത് എത്തിയില്ല എങ്കിൽ ഒരേ പന്തിയിൽ രണ്ട് തരം ഭക്ഷണം വിളമ്പുന്ന ഗതികേടിലേക്ക് ഇത് നീങ്ങും. ഈ പ്രത്യേക പന്തിയിൽ ഇരിക്കാൻ അവസരം കാത്തിരിക്കുന്ന വിരുതന്മാരും ഉണ്ട്. ഇതൊക്കെ ഒഴിവാക്കി, വരൻ അടക്കമുള്ള എല്ലാവർക്കും ഒരേ ഭക്ഷണം വിളമ്പി എൻ്റെ നയം ഞാൻ വ്യക്തമാക്കി.

എല്ലാത്തിൻ്റെയും കടിഞ്ഞാൺ കയ്യിലുണ്ടെങ്കിലും അനാവശ്യമായി അത് വലിച്ച് മുറുക്കാൻ എനിക്ക് താൽപര്യമില്ല. മക്കളുടെ യഥാർത്ഥമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. കല്യാണപ്പെണ്ണിൻ്റെ ആവശ്യങ്ങളിൽ ഒന്നായിരുന്നു അവളുടെ സ്റ്റേജ് എൻട്രിയിലെ വ്യത്യസ്തത. മറ്റുള്ളവർ കൈകൊട്ടി ആനയിക്കുന്നതിന് പകരം, സ്വയം ഒരു പാട്ട് പാടിക്കൊണ്ട് സ്റ്റേജിൽ കയറണം എന്നായിരുന്നു അവളുടെ ആഗ്രഹം. നന്നായി പാട്ട് പാടും എന്നതിനാൽ എനിക്കതിൽ ഒരു സന്ദേഹവും തോന്നിയില്ല. കല്യാണത്തിൻ്റെ പിരിമുറുക്കത്തിൽ നിന്ന് ഒന്ന് റിലാക്സ് ചെയ്യാൻ എല്ലാവർക്കും സാധിക്കുന്ന വിധത്തിൽ മനോഹരമായ ഒരു ഗാനം ആലപിച്ചു കൊണ്ട് അവൾ സ്റ്റേജിൽ നിൽക്കുന്ന വരൻ്റെ അടുത്തേക്ക് നടന്നു നീങ്ങി.

അങ്ങനെ പലർക്കും പല തരത്തിൽ ഇഷ്ടപ്പെട്ട ഒരു കല്യാണം നടത്താൻ സാധിച്ചതിൽ ദൈവത്തിന് വീണ്ടു വീണ്ടും സ്തുതികൾ അർപ്പിക്കുന്നു. ഒന്ന് ശ്രമിച്ചാൽ എല്ലാവർക്കും നടപ്പിൽ വരുത്താൻ സാധിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. നിർഭാഗ്യവശാൽ നമ്മുടെ ചിന്ത ആ വഴിയിൽ പലപ്പോഴും പോകാറില്ല. മേൽ പറഞ്ഞവയിൽ കൊള്ളാവുന്നത് സ്വീകരിക്കാം, തള്ളാവുന്നത് നിരാകരിക്കാം.