ഊട്ടി യാത്ര കഴിഞ്ഞ ശേഷം കുഞ്ഞു കുഞ്ഞു യാത്രകൾ പോകാൻ കുട്ടികളിൽ എങ്ങനെയോ ആഗ്രഹം മുളച്ചു വന്നു.അല്ലെങ്കിലും വലിയ ഒരു യാത്ര കഴിഞ്ഞ് ഒരു മാസത്തിനകം ഒരു കുഞ്ഞു യാത്ര എന്നത് എന്റെ യാത്രാ ജാതകത്തിൽ എഴുതി വച്ചതാണ്. മക്കൾ, ഭാര്യ വഴി നിവേദനം സമർപ്പിച്ചതോടെ പോകാൻ ഒരിടം തേടി ഞാനും ആലോചനയിലാണ്ടു. തൊട്ടടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിൽ പോയാലും മതി എന്നായിരുന്നു മക്കളുടെ ഡിമാൻഡ്. ഈ വർഷം ഊട്ടിയിലെ പൈകര വെള്ളച്ചാട്ടവും കഴിഞ്ഞ വർഷം കുടകിലെ അബി ഫാൾസും കണ്ടവർക്ക് നാട്ടിലെ വെള്ളച്ചാട്ടം കാണാനല്ല, കുളിക്കാനാണ് എന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. ബട്ട്,അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെടുന്ന ചക്രവാത ചുഴി കാരണം ഉണ്ടാകുന്നതെന്ന് പറയപ്പെടുന്ന അപ്രതീക്ഷിത മഴ തൂങ്ങി നിൽക്കുമ്പോൾ ഒരു വെള്ളച്ചാട്ടത്തിലും കുളിക്കാൻ അരി ഭക്ഷണം കഴിക്കുന്നവർ ഒരുമ്പെടില്ല എന്ന് ഞാനവരോട് പറഞ്ഞു.
അപ്പോഴാണ്, ആമ്പൽപാടങ്ങൾ പൂത്ത് നിൽക്കുന്നതിനെപ്പറ്റി എന്റെ പത്താം ക്ളാസ് കൂട്ടായ്മയുടെ വാട്സ്ആപ് ഗ്രൂപ്പിൽ വന്ന ഒരു വീഡിയോയുടെ രൂപത്തിൽ തേടിയ പുലി കാറിന് കൈ കാട്ടിയത്. തിരുന്നാവായയിലെ താമരപ്പാടങ്ങൾ കാണാൻ എല്ലാ വർഷവും ആഗ്രഹിക്കാറുണ്ടെങ്കിലും ഇതുവരെ അവസരം ഒത്തു വന്നിട്ടില്ല. താമര അല്ലെങ്കിലും അതിന്റെ അടുത്ത ബന്ധുവായ ആമ്പൽ വിരിഞ്ഞ് നിൽക്കുന്നതും കാണാൻ രസമാണ് എന്നതിനാൽ ഞാൻ പ്രസ്തുത വീഡിയോ അവസാനം വരെ കണ്ടു.വീട്ടിൽ നിന്നും വെറും ഇരുപത് മിനുട്ട് യാത്ര ചെയ്താൽ എത്തുന്ന വാഴക്കാട് അങ്ങാടിയുടെ നേരെ പിന്നിലുള്ള പാട ശേഖരങ്ങളിലാണ് ഈ ആമ്പൽ പൂക്കൾ എന്ന് അറിഞ്ഞതോടെ അത് കണ്ടിട്ട് തന്നേ കാര്യം എന്ന് ഞാൻ മനസ്സിൽ കുറിച്ചു.
അങ്ങനെ എന്റെ അവൈലബിൾ മക്കളെയും അനിയന്റെ മക്കളെയും കൂട്ടി ഞാൻ വാഴക്കാട് ലക്ഷ്യമാക്കി യാത്ര തിരിച്ചു.ഞായറാഴ്ച ആയതിനാൽ നല്ല തിരക്ക് ഉണ്ടാകും എന്നായിരുന്നു ഞാൻ കരുതിയത്.മാത്രമല്ല, ആമ്പൽ കാണാൻ നേരത്തെ എത്തണം എന്ന് വീഡിയോയിൽ എവിടെയോ പറയുന്നുമുണ്ടായിരുന്നു.ഇത് രണ്ടും കൂടി പ്രവർത്തിച്ചത് കാറിന്റെ ആക്സിലേറ്ററിന്റെ പരന്ന തലയിലാണ്.ഞാൻ അതിന്റെ മേലെ നിന്ന് കാലെടുത്തതേ ഇല്ല.
വാഴക്കാട് എത്തിയപ്പോൾ വീഡിയോയിൽ പറയുന്ന വാഴക്കാട്-എളമരം റോഡും തിരഞ്ഞ് കൊണ്ട് ഞാൻ കാർ സ്ലോ ആക്കി.വലതുഭാഗത്തേക്കാണ് അങ്ങനെ ഒരു റോഡ് തിരിയേണ്ടത്.പക്ഷെ,പറഞ്ഞ സ്പോട്ട് ആയ ഹയർ സെക്കണ്ടറി സ്കൂളിന്റെ നേരെ എതിർഭാഗത്ത് ഒരു റോഡും അവിടെ ഒരു പാടവും കണ്ടതിനാൽ ഞാൻ അങ്ങോട്ട് തിരിഞ്ഞു.ഒന്ന് മുന്നോട്ട് ഉരുണ്ട് അടുത്ത വളവ് തിരിഞ്ഞ ഉടൻ തന്നെ ഞങ്ങൾ ഉദ്ദേശിച്ച സ്ഥലത്തെത്തി.ഹംഗർ ഫോർഡ് കാണാൻ ഗൂഗിൾ ചേച്ചിയെ കണ്ണടച്ച് വിശ്വസിച്ച് പോയ പോലെ വ്ളോഗർമാരുടെ വാക്കുകൾ പിന്തുടരുമ്പോഴും ഒന്ന് ശ്രദ്ധിക്കണം എന്ന് അതോടെ മനസ്സിലായി.
കണ്ണെത്താത്ത ദൂരത്തോളം പരന്ന് കിടക്കുന്നതും വെള്ളം കെട്ടി നിൽക്കുന്നതുമായ പാടത്താണ് ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. പാടത്തിന്റെ നടുവിലൂടെ മണ്ണിട്ടുയർത്തിയ നിലയിൽ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡും ഇരുവശവും പൂത്ത് നിൽക്കുന്ന ആമ്പലുകളും സൈക്കിളിൽ ഒഴിവു ദിവസം ആഘോഷിക്കുന്ന കുട്ടികളും എല്ലാം കൂടി മനോഹരമായ ഒരു ഗ്രാമീണ കാഴ്ചയാണ് ഒരുക്കുന്നത്.
പതിനൊന്ന് മണിയോട് അടുത്താണ് ഞങ്ങൾ സ്ഥലത്ത് എത്തിയത്.ഏതാനും ചില സംഘങ്ങൾ മാത്രമേ അപ്പോൾ സ്ഥലത്തുണ്ടായിരുന്നുള്ളൂ. റോസ്,വെള്ള,വയലറ്റ് എന്നീ നിറങ്ങളിലുള്ള ആമ്പലുകളായിരുന്നു റോഡിന്റെ ഇരുവശത്തും വിരിഞ്ഞു നിന്നിരുന്നത്. കരയോട് അടുത്തുള്ള ആമ്പലുകളെല്ലാം പലരും പൊട്ടിച്ച് പോയതിനാൽ വെള്ളത്തിന്റെ മദ്ധ്യഭാഗത്ത് ആയിട്ടാണ് കൂടുതൽ ഇട തൂർന്ന് നിന്നിരുന്നത്.
മദ്ധ്യഭാഗത്തേക്ക് പോകാനായി ഒരു വഞ്ചി കണ്ടെങ്കിലും പൊരിയുന്ന വെയിലിൽ അത് സ്വയം തുഴയണം എന്നതിനാൽ ഞങ്ങൾ അതിന് മുതിർന്നില്ല.ഒരു പക്ഷെ ഒമ്പത് മണിക്ക് മുമ്പെത്തണം എന്ന് പറഞ്ഞത് ഇതു കൊണ്ടൊക്കെ ആയിരിക്കാം. ഇറങ്ങാൻ പറ്റുന്ന സ്ഥലത്തിറങ്ങി കുട്ടികൾക്കായി ഞാനും ഒരാമ്പൽ പൂവ് കൈക്കലാക്കി.
"നീന്താൻ പറ്റുന്ന വല്ല സ്ഥലവും ഉണ്ടോ?" ഇക്കഴിഞ്ഞ വേനലവധിക്ക് നീന്തൽ പഠിക്കാൻ പോയിരുന്ന മക്കൾ എന്നോട് ചോദിച്ചു. ഉടൻ ഞാൻ വെറ്റിലപ്പാറയുള്ള സുഹൃത്ത് ജോമണിയെ വിളിച്ചു.അവന്റെ വീടിന്റെ തൊട്ടടുത്തുള്ള അരുവിയിൽ ഇപ്പോൾ പാകത്തിനുള്ള വെള്ളമേ ഉള്ളൂ എന്നറിഞ്ഞതോടെ ഞാൻ വാഴക്കാട് നിന്നും വെറ്റിലപ്പാറയിലേക്ക് തിരിച്ചു.
2 comments:
നമസ്കാരം സർ എന്തൊക്കെയുണ്ട് വിശേഷങ്ങൾ. ഒരുപാട് നാളുകൾക്ക് ശേഷമാണ് താങ്കളുടെ ബ്ലോഗ് വീണ്ടും വായനയ്ക്കായി എത്തുന്നത്. വായിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. താങ്കൾ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്നസ്ഥലം കുറച്ചുദിവസം മുൻപ് ഞാനും സന്ദർശിച്ചു.മനോഹരമായ കാഴ്ച തന്നെയാണ്.ഇനിയും ഇത്തരം യാത്രകളും അനുഭവങ്ങളും ബ്ലോഗിൽ പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു.ആശംസകളോടെ ധ്രുവകാന്ത്
നമസ്കാരം. വീണ്ടും ബ്ലോഗിലെത്തിയതിൽ സന്തോഷം. യാത്രകളും എഴുത്തും തുടരാൻ ഉദ്ദേശിക്കുന്നു. വീണ്ടും വായനക്കെത്തും എന്ന് പ്രതീക്ഷിക്കുന്നു.
Post a Comment
നന്ദി....വീണ്ടും വരിക