Pages

Wednesday, October 27, 2021

നെല്ലിയാമ്പതി - 1

 കേരളത്തിൽ ഓറഞ്ച് വിളയുന്ന സ്ഥലം ഏതെന്ന് നാലാം ക്ലാസിലെ എൽ.എസ്.എസ് പരീക്ഷ പരിശീലന സമയത്ത് കാണാതെ പഠിച്ചിട്ടുണ്ട്.ബാപ്പയുടെ നാട്ടിലേക്ക് വർഷത്തിൽ ഒരിക്കലുള്ള സഞ്ചാരത്തിൽ കോഴിക്കോട് ബസ്റ്റാന്റിൽ നിന്നും വാങ്ങുന്ന ഓറഞ്ച് കേരളത്തിന് പുറത്ത് നിന്ന് വരുന്നതാണ് എന്ന അറിവോ ബോധമോ ആ കുഞ്ഞുപ്രായത്തിൽ ഉണ്ടായിരുന്നില്ല. ഡിഗ്രി പഠനത്തിന് ശേഷം പല ആവശ്യങ്ങൾക്കായി നടത്തിയ ഉത്തരേന്ത്യൻ യാത്രകളാണ് ഇന്ത്യയുടെ ഓറഞ്ച് നഗരം നാഗ്പൂർ ആണെന്നും അവിടെ നിന്നാണ് നമ്മുടെ നാട്ടിലേക്ക് ഓറഞ്ച് എത്തുന്നത് എന്നും മനസ്സിലാക്കിത്തന്നത്.

ഈ അറിവിന്റെ മുമ്പും പിമ്പും നിരവധി ഓറഞ്ചുകൾ എന്റെ ആമാശയത്തിൽ എത്തിയിട്ടുണ്ട്. അപ്പോഴും കേരളത്തിൽ ഇത് സമൃദ്ധമായി വിളയുന്ന ഒരു സ്ഥലം ഉണ്ട് എന്നത് മനോമുകുരത്തിൽ വന്നതേ ഇല്ല. പക്ഷെ കോഴിക്കോട് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് ഒരു പ്രകൃതി പഠന ക്യാമ്പ് നെല്ലിയാമ്പതിയിൽ  ഒത്തു വന്നപ്പോഴാണ് ഓറഞ്ച് സ്മരണകൾ മൂക്കിലടിച്ച് കയറിയത്.  പിന്നീടൊരിക്കൽ, ഓറഞ്ചുകൾക്ക്  പേരുകേട്ട        കുടകിലൂടെ നാഗർഹോളെയിലേക്ക് കുടുംബ സമേതം യാത്ര ചെയ്തപ്പോഴും കേരളത്തിന്റെ ഓറഞ്ച് ഗ്രാമം മനസ്സിലെത്തിയിരുന്നില്ല. 

പ്രകൃതി പഠനക്യാമ്പിനായി വൈകുന്നേരത്തോടെയാണ് ഞങ്ങൾ നെല്ലിയാമ്പതിയിൽ എത്തിയത്. ബസ് റോഡ് സൈഡിൽ ഒതുക്കിയിട്ട് മനോഹരമായ ഒരു തേയിലത്തോട്ടത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. തേയിലച്ചെടികൾക്കിടയിലൂടെയുള്ള കല്ലുപാകിയ വഴിയിലൂടെ നടന്ന് തൊഴിലാളികൾ താമസിക്കുന്ന പാടികളും കടന്ന് ഞങ്ങൾ ഒരു പഴയ ബംഗ്ലാവിലെത്തി. 


ബ്രിട്ടീഷ് നിർമ്മിതികളായിരുന്നു അവയിൽ പലതും. സൗകര്യം കൂടിയതും എന്നാൽ ലളിതവുമായ ഈ കെട്ടിടങ്ങളുടെ പുറം മോടിയും ആ ചുറ്റുപാടിന്  ഇണങ്ങുന്നതായിരിക്കും.

ക്യാമ്പിന്റെ ഭാഗമായി തൊട്ടടുത്ത കാട്ടിലൂടെയുള്ള (ഏതാണെന്ന് പേര് ഓർമ്മയില്ല) ട്രക്കിംഗും ഏതോ ഒരു മലയുടെ മുകളിലേക്കുള്ള ട്രക്കിംഗും നടത്തിയിരുന്നു. സീതാർക്കുണ്ട് വ്യൂപോയിന്റും അന്നാണാദ്യമായി  ഞാൻ കണ്ടത്. പാലക്കാടിന്റെ ചൂടിന് കാരണമായ പാലക്കാടൻ ചുരത്തെപ്പറ്റി ആദ്യമായി അറിഞ്ഞതും അന്നായിരുന്നു.

പാലക്കാടിന്റെ ഗ്രാമീണ ഭംഗി നന്നായി ആസ്വദിച്ച ഈ യാത്രയിൽ തന്നെ, നെല്ലിയാമ്പതിയിലേക്ക് ഒരു തവണ കൂടി വരണം എന്ന ആഗ്രഹം മനസ്സിലിട്ടിരുന്നു. അതും ഈയിടെ സഫലമായി.


(തുടരും....)

Tuesday, October 26, 2021

സഫലമീയാഗ്രഹം

ജീവിതത്തിൽ പല ആഗ്രഹങ്ങളും ഉണ്ടാകാറുണ്ട്.വലിയ മുതൽ മുടക്കുള്ളതും ചെറിയ മുതൽ മുടക്കുള്ളതും ഒട്ടും മുതൽ മുടക്കില്ലാത്തതും ഒക്കെ അതിലുണ്ട്. അവയിൽ പലതും സഫലവും ആയിട്ടുണ്ട് (ദൈവത്തിന് സ്തുതി).

2006 ആഗസ്റ്റിൽ മലയാളത്തിൽ ഒരു ബ്ലോഗ് തുടങ്ങുമ്പോൾ എഴുത്ത് പരിപോഷിപ്പിക്കുക എന്നത് മാത്രമായിരുന്നു എന്റെ പ്രധാന ലക്ഷ്യം. അന്നെവിടെയോ വായിച്ചതനുസരിച്ച് ഗൂഗിൾ ആഡ്സെൻസ് അക്കൗണ്ടിന് അപേക്ഷ നൽകി. വലിയ കടമ്പകളില്ലാതെ അത് കിട്ടുകയും ചെയ്തു.പക്ഷെ മലയാളം ബ്ലോഗുകളിൽ ഗൂഗിൾ ആഡ്സെൻസ് സപ്പോർട്ട് ഇല്ല എന്നതിനാൽ എനിക്ക് ആ അക്കൗണ്ട് കൊണ്ട് ഗുണം കിട്ടിയില്ല.

സമയവും അവസരവും ആവശ്യമായ വിഭവങ്ങളും കൈത്തുമ്പിൽ എത്തിയപ്പോൾ ഇംഗ്‌ളീഷിലും ഞാൻ എഴുത്ത് തുടങ്ങി.പുതുതായി ഉണ്ടാക്കിയ ബ്ലോഗിലും മറ്റ് ചില സൈറ്റുകളിൽ ലോഗിൻ ചെയ്തും എഴുത്ത് തുടർന്നു.പല സൈറ്റുകളും ചില്ലറ തന്ന് എന്നെ പ്രോത്സാഹിപ്പിച്ചു; ആഡ്സെൻസ് വഴി അവർ അതിന്റെ നൂറിരട്ടി കൊയ്യുകയും ചെയ്തു.ഞാൻ എത്ര ശ്രമിച്ചിട്ടും എന്റെ വരുമാനം മാസത്തിൽ ഒരു ഡോളർ പോലും തികഞ്ഞതുമില്ല .പലതുള്ളി പെരുവെള്ളം എന്നാണല്ലോ.2020 ആഗസ്റ്റിൽ അക്കൗണ്ട് ചെക്ക് ചെയ്തപ്പോൾ പതിനഞ്ച് വർഷം കൊണ്ട് അതിൽ 44 ഡോളർ ആയിട്ടുണ്ട്.100 ഡോളർ ആയാലേ പേയ്‌മെന്റ് ഉള്ളൂ എന്നതിനാൽ ഞാനത് ഗൂഗിളിന് തന്നെ സംഭാവന ചെയ്യാൻ തീരുമാനിച്ചു.

അങ്ങനെയിരിക്കെയാണ് കോവിഡും അനന്തര ലോക്ക് ഡൗണും  ലോകത്തെ മുഴുവൻ കുലുക്കി മറിച്ചത്.പലരെയും പോലെ ഞാനും ഒരു വ്ലോഗ് തുടങ്ങി;ബ്ലോഗും മുടങ്ങാതെ നിലനിർത്തി.പതിയെ തുടങ്ങിയ വ്ലോഗ് ആറ് മാസം കൊണ്ട് തന്നെ ഹിറ്റായി (എൻട്രൻസ് കോച്ചിംഗ് പണം വാരിയ പോലെ അതിന്റെ ശേഷമുള്ള  മാർഗ്ഗ നിർദ്ദേശങ്ങളിലൂടെ ഞാനും സബ്സ്ക്രൈബേർസിനെ വാരിക്കൂട്ടി ).വ്ലോഗിനെ ഗൂഗിൾ ആഡ്സെൻസുമായി ലിങ്കും ചെയ്തു. 

ഒരു വർഷം കഴിഞ്ഞ് ആഡ്സെൻസ് അക്കൗണ്ട് നോക്കിയപ്പോൾ അത് നിറഞ്ഞ് തുളുമ്പുന്നു - 120  ഡോളർ !! ഇന്നലെ അതിന് തുല്യമായ ഇന്ത്യൻ മണി 8914 രൂപ എന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായതോടെ പലരും പറഞ്ഞറിഞ്ഞുള്ള ഗൂഗിൾ വരുമാനം സത്യമാണെന്ന് എനിക്ക് ബോധ്യമായി.അങ്ങനെ ഒരാഗ്രഹം കൂടി സഫലമായി. ദൈവത്തിന് വീണ്ടും സ്തുതി.

Saturday, October 23, 2021

ഒരു ചെങ്കദളിക്കഥ

ഡിഗ്രി പഠന കാലത്ത് വിവിധ മത്സര പരീക്ഷകൾ എഴുതാനായി ഞാൻ തിരുവനന്തപുരത്ത് പോകാറുണ്ടായിരുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷകൾക്കും കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിലെ പഠനത്തിനുള്ള പ്രവേശന പരീക്ഷകൾക്കും കേരളത്തിലെ ഏക പരീക്ഷാ കേന്ദ്രം തിരുവനന്തപുരം മാത്രമായിരുന്നു. എസ്.എസ്.എൽ.സി റാങ്ക് നേടുന്നവർ എല്ലാവരും തിരുവനന്തപുരത്ത്കാരായതിനാലാണ് ഈ ആനുകൂല്യം എന്നായിരുന്നു അന്ന് എൻ്റെ ധാരണ. എല്ലാ പരീക്ഷകളും എഴുതാൻ, അകമ്പടിയില്ലാതെ സ്വമേധയാ പോകണം എന്ന എന്റെ പിതാവിന്റെ ഓർഡർ കൂടി ഉള്ളതിനാൽ എന്റെ മുമ്പിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

അന്ന് തിരുവനന്തപുരത്ത് പോകാൻ കോഴിക്കോട് നിന്നും കെ.എസ്.ആർ.ടി.സി ബസ്സ് കയറണം.അല്ലെങ്കിൽ ട്രെയിനിൽ കയറണം.ട്രെയിൻ ടിക്കറ്റ് എടുക്കുന്നതും എടുത്താൽ തന്നെ ഏത് ബോഗിയിൽ കയറണം എന്നതും എവിടെ ഇറങ്ങണം എന്നതും ഒന്നും വശമില്ലാത്തതിനാൽ ഞാൻ ബസ്സിൽ മാത്രമേ പോകാറുള്ളൂ. രാത്രി ബസ്സിൽ കയറിയാൽ രാവിലെ തിരുവനന്തപുരത്ത് എത്തും എന്നതിനാലും കാശ് കണ്ടക്ടർ വന്ന് നേരിട്ട് വാങ്ങും  എന്നതിനാലും ഏറ്റവും സൗകര്യപ്രദമായ യാത്രയായി എനിക്ക് തോന്നിയിരുന്നതും  കെ.എസ്.ആർ.ടി.സി യാത്രയായിരുന്നു.

ഈ യാത്രകളിലാണ് എൻ്റെ നാട്ടിൽ കാണാത്ത ഒരു പഴം ഞാൻ അവിടെ കണ്ടെത്തിയത്. മഞ്ഞ നിറത്തിലുള്ള വാഴപ്പഴം മാത്രം കണ്ട എനിക്ക് ചുവപ്പ് നിറത്തിലുള്ള ആ പഴം തിന്ന് നോക്കാൻ സ്വാഭാവികമായും ആശയുദിച്ചു. ചെങ്കദളി എന്നാണ് ഇതിന്റെ പേര് എന്നും എന്റെ വായക്ക് അത് ഇഷ്ടമാണെന്നും ഞാൻ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്ത് പോകുന്ന  വേളകളിലെല്ലാം  വീട്ടുകാർക്കായി ഞാൻ ചെങ്കദളിപ്പഴം വാങ്ങി കൊണ്ട് വരികയും ചെയ്തിരുന്നു.പിന്നീട് ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റിനകത്തും ചെങ്കദളി കണ്ട് തുടങ്ങി. ബസ്സ് അല്പസമയം അവിടെ വിശ്രമിക്കുന്നതിനാൽ അവിടെയും ഞാൻ എന്റെ ആമാശയത്തിന്റെ ആശ സഫലീകരിച്ചു തുടങ്ങി.

കാലം ഏറെ കഴിഞ്ഞു..തീവണ്ടി യാത്രയുടെ സൗകര്യവും യാത്രാചിലവിലെ അന്തരവും തിരിച്ചറിഞ്ഞതോടെ ഞാൻ കെ.എസ്.ആർ.ടി.സിയോട് സലാം ചൊല്ലി.നാട്ടിലെ പഴക്കുലകൾക്കിടയിൽ ചെങ്കദളി തൂങ്ങിയാടാനും തുടങ്ങി.പക്ഷെ അന്നത്തെ രുചി ഈ ചെങ്കദളിക്ക് കിട്ടിയില്ല.എങ്കിലും എന്നെങ്കിലും ഒക്കെ ആമാശയത്തിന്റെ വിളി ഞാൻ ചെവികൊണ്ടു.

അങ്ങനെയിരിക്കെയാണ് 2019 ലെ ശിവരാത്രി ദിനത്തിൽ എന്റെ മുറ്റത്ത്, സഹപ്രവർത്തകനായ അബൂബക്കർ മാഷുടെ ബൈക്ക് അപ്രതീക്ഷിതമായി ലാന്റ് ചെയ്തത്. പച്ചക്കറിക്ക് വളമിട്ട് കൊണ്ടിരുന്ന ഞാൻ ചെന്ന് നോക്കുമ്പോൾ മാഷ് ബൈക്കിന്റെ പിന്നിൽ നിന്നും വലിയ രണ്ട് വാഴക്കന്നുകൾ (Click to read) അഴിച്ചെടുക്കുകയാണ്.മാഷെ വീട്ടിൽ ഉണ്ടായ കദളിവാഴയുടെ കന്നു പിരിച്ചപ്പോൾ, ഏതോ കാലത്ത് ഞാൻ അദ്ദേഹത്തോട് പറഞ്ഞ എന്റെ ചെങ്കദളി പ്രേമം ഓർമ്മ വന്നു എന്നും അപ്പോൾ തന്നെ ബൈക്കിൽ കെട്ടി കൊണ്ട് വന്നതാണെന്നും അറിയിച്ചപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി.അങ്ങനെ രണ്ട് മക്കളുടെ ജന്മദിനത്തിൽ  (Click to read) അവ എന്റെ മുറ്റത്ത് നട്ടു.

മൂത്ത മകൾ നട്ട വാഴ 2020 ൽ കുലച്ചു. രണ്ടാമത്തേതും ഉടൻ കുല വരും എന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് തൊട്ടടുത്ത് നിന്നിരുന്ന കമുക് വീണ് അതിന്റെ നടുവൊടിഞ്ഞത്. വാഴ നട്ട ലൂന മോൾക്ക് അന്നുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ വയ്യ. കാരണം അതിന്റെ രണ്ടാഴ്ച മുമ്പായിരുന്നു ബാലഭൂമിയുടെ 'മരത്തോട് സംസാരിക്കുക' മത്സരത്തിനായി അവൾ ഈ വാഴയോട് സംസാരിച്ചിരുന്നത്. തൊട്ടടുത്ത് വളർന്ന് വന്നിരുന്ന വാഴക്കന്ന് ചൂണ്ടിക്കാട്ടി ഞാൻ അവളെ സമാധാനിപ്പിക്കുകയും ചെയ്തു.

മൂന്ന് മാസം മുമ്പ് ആ കദളി വാഴയും കുലച്ചു. കാറ്റും മഴയും ശക്തമാകുന്നതിന് മുമ്പ് തന്നെ അത് മൂപ്പെത്തി. ലൂന മോൾക്കും സന്തോഷമായി.

ജൈവ രീതിയിൽ പരിപാലിച്ച വാഴയിലെ കുല ഒട്ടും മോശമായില്ല. പഴുത്തപ്പോഴാകട്ടെ പണ്ട് ഞാൻ കണ്ടിരുന്ന ചെങ്കദളിയെക്കാളും കടും നിറവും നല്ല മധുരവും. 
അയല്പക്കത്തെ വീടുകളിലേക്കും നൽകി ഞങ്ങൾ ആ മധുരവും സന്തോഷവും പങ്കിട്ടു.  

Thursday, October 21, 2021

സൌഹൃദം പൂക്കുന്ന വഴികൾ - 14

നാഷണൽ സർവ്വീസ് സ്കീം എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ നേട്ടങ്ങൾക്കും ബന്ധങ്ങൾക്കും കയ്യും കണക്കുമില്ല. അതിൽ തന്നെ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വളണ്ടിയർമാർ നൽകിയ പിന്തുണ വളരെ വലുതാണ്. ശരിക്കും ആ മക്കളാണ് ഈ നേട്ടത്തിനെല്ലാം എന്നെ പ്രാപ്തനാക്കിയത്.

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ പ്രോഗ്രാം ഓഫീസർ പദവിയിൽ നിന്ന് ഞാൻ മാറിയിട്ട് ഏഴ് വർഷം കഴിഞ്ഞു. എങ്കിലും കഴിഞ്ഞ ഏഴ് വർഷക്കാലത്തെ വളണ്ടിയർമാരും ഇപ്പോൾ നിലവിലുള്ള വളണ്ടിയർമാരും ഒരു അനൗദ്യോഗിക പ്രോഗ്രാം ഓഫീസറായി എന്നെ പരിഗണിച്ച് വരുന്നു എന്നതിലും എനിക്ക് വളരെ സന്തോഷമുണ്ട്.

കഴിഞ്ഞ് പോയവരും നിലവിലുള്ളവരുമായ വളണ്ടിയർമാർ പലരും എന്റെ വീട്ടിൽ വരാറുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാൻ പോകുമ്പോൾ സഹായ സഹകരണങ്ങളുമായി അവിടെയുള്ള എന്റെ ഈ മക്കളും എത്താറുണ്ട്. ഒരദ്ധ്യാപകൻ എന്ന നിലക്ക് ഞാൻ അനുഭവിക്കുന്ന ഏറ്റവും വലിയ ഒരു സമ്പത്തും അത് തന്നെയാണ്.

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാമൂഴവും കഴിഞ്ഞ് ഞാൻ ഇപ്പോൾ പാലക്കാട്  ഗവ. എഞ്ചിനീയറിംഗ് കോളേജിലെത്തി. അപ്പഴാണ് നിലവിലുള്ള വളണ്ടിയർമാരിൽ ചിലർക്ക് എന്റെ വീട്ടിൽ ഒന്ന് വരാനാഗ്രഹം. NSS എനിക്കത്രയും പ്രിയപ്പെട്ടതായതിനാൽ ഞാനും സമ്മതം മൂളി.  

അങ്ങനെ, ഏതാനും ദിവസങ്ങൾക്ക് മുമ്പ്, 2013 - ൽ എന്റെ സ്വന്തം വളണ്ടിയർ സെക്രട്ടറി ആയിരുന്ന രാകേഷ് രാജൻ മുതൽ 2021-ലെ സെക്രട്ടറി ആയ സബിത സത്യൻ അടക്കമുള്ള ഒമ്പതംഗ സംഘം എന്റെ വീട്ടിലെത്തി. പയ്യന്നൂരിൽ നിന്നുള്ള സബിതയും മണ്ണുത്തിയിൽ നിന്നുള്ള രാകേഷും ഈ ഒരു സന്ദർശനത്തിനായി മാത്രം ഇറങ്ങിപ്പുറപ്പെട്ടു എന്നതും എന്നെ ഏറെ സന്തോഷിപ്പിച്ചു. വന്നവരിൽ പകുതിയലധികം പേരെയും ഞാൻ കാണുന്നതും ആദ്യമായിട്ടായിരുന്നു. അത് തന്നെയാണ് ഈ ബന്ധത്തിന്റെ കെട്ടുറപ്പും എന്നാണ് എന്റെ വിശ്വാസം.


സൗഹൃദങ്ങൾ പൂക്കുന്ന ഇത്തരം സംഗമങ്ങൾ തന്നെയാണ് ഭാവിയിൽ നന്മകൾ വിടർത്തുന്നത്. ഇനിയും ഇത്തരം സംഗമങ്ങൾ ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു.

Sunday, October 17, 2021

വെണ്ടേക്കുംപൊയിൽ (എന്റെ അരീക്കോട് )

ചില സ്ഥലങ്ങളിൽ നമ്മൾ എത്തിപ്പെടുന്നത് വളരെ യാദൃശ്ചികമായിട്ടായിരിക്കും. സമയവും കാശും മുടക്കി നമ്മൾ നടത്തിയ എത്രയോ യാത്രകൾക്ക് പകരം ഈ പ്രദേശത്തേക്ക് ഒന്ന് വന്നാൽ മതിയായിരുന്നു എന്ന് അപ്പോൾ തോന്നിപ്പോകുന്ന വിധത്തിൽ ആ പ്രദേശങ്ങൾ നമ്മുടെ മനസ്സിൽ കുടിയേറുകയും ചെയ്യും. അങ്ങനെ അപ്രതീക്ഷിതമായി ഞാൻ എത്തിയ ഒരു സ്ഥലമാണ് വെണ്ടേക്കുംപൊയിൽ .

മലപ്പുറം ജില്ലയിൽ എന്റെ തൊട്ടടുത്ത പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണെങ്കിലും വെണ്ടേക്കുംപൊയിലിൽ എത്തണമെങ്കിൽ കോഴിക്കോട് ജില്ലയിലെ കൂമ്പാറയിലൂടെ കക്കാടം പൊയിൽ വഴി കയറിയിറങ്ങണം.ഞാൻ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി സർക്കാർ സർവ്വീസിൽ കയറിയ അന്ന് മുതൽ കേൾക്കുന്ന സ്ഥലമാണ് വെണ്ടേക്കുംപൊയിൽ . 

അന്ന് സർക്കാർ പദ്ധതി പ്രകാരം ആദിവാസികൾക്ക് ആടിനെ നൽകാറുണ്ടായിരുന്നു. ആട് ദാനം കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോൾ ഉടമകൾ  ഓരോരുത്തരായി മല ഇറങ്ങിവരും. ഇൻഷുർ ചെയ്ത് നൽകുന്ന ആടുകളുടെ ചെവിയിൽ കമ്മൽ പോലെ മെറ്റൽ കൊണ്ടുള്ള ഒരു വട്ടം അടിക്കാറുണ്ടായിരുന്നു. ആടിന്റെ ഉടമകൾ അത് അറുത്തെടുത്താണ്  ആശുപത്രിയിൽ വരുന്നത്.ആട് ചത്തു , ഇൻഷൂറൻസ് സംഖ്യ കിട്ടണം എന്ന ആവശ്യം ഉന്നയിക്കും. അവരുടെ ഊരിൽ പോയി ഇത് സത്യമാണോ എന്ന് നോക്കണമെങ്കിൽ അമ്പത് കിലോമീറ്ററോളം ചുറ്റിവളഞ്ഞ് പോകണം. ഇന്നത്തെപ്പോലെ വാഹന സൗകര്യം ഇല്ലതാനും. അന്നാണ് വെണ്ടേക്കുംപൊയിൽ എന്ന സ്ഥലം എന്റെ മനസ്സിൽ ഞാൻ ആദ്യമായി   അടയാളപ്പെടുത്തി ഇട്ടത്.

വെണ്ടേക്കുംപൊയിലിലെ കരിമ്പ ആദിവാസി കോളനിയിൽ, പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പഠന സാമഗ്രികൾ ആവശ്യമുണ്ട് എന്ന് വാർഡ് മെമ്പറും എന്റെ സഹപാഠിയുമായ ടെസ്സി സണ്ണി അറിയിച്ചത് പ്രകാരം അത് നൽകാനാണ് ഞങ്ങൾ കുറച്ച് പേർ ടെസ്സിയോടൊപ്പം അവിടെ എത്തിയത്. വാഹനം എത്തുന്നത് വരെ പോയ ശേഷം ഒരു ചവിട്ടടി പാതയിലൂടെ നടത്തം .അത് കഴിഞ്ഞ് നല്ലൊരു കയറ്റം നടന്ന് തന്നെ കയറി.അവിടവിടെയായി ചില വീടുകൾ കണ്ട് തുടങ്ങി.പിന്നെ നിരപ്പായ ഒരു സ്ഥലത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു വീടിന്റെ മുന്നിലെത്തി.അവിടെയാണ് ഞങ്ങൾ അന്വേഷിച്ച് നടക്കുന്ന പയ്യൻ. അവനെ വിളിച്ച് വരുത്തി സാമഗ്രികൾ കൈമാറി ഞങ്ങൾ തിരിച്ചിറങ്ങി.

ആ വീടിന് ചുറ്റുമുള്ള സ്ഥലങ്ങളും മലകളും ആയിരുന്നു എൻ്റെ മനസ്സ് നിറയെ.പ്രകൃതി അത്രത്തോളം അനുഗ്രഹിച്ച സുന്ദരമായ സ്ഥലം. മുറ്റത്തെ മുല്ലക്ക് മണമില്ലാത്തതിനാൽ ഈ പാവം മനുഷ്യർക്ക് അത് തിരിച്ചറിയാൻ പറ്റുന്നില്ല. അവർ താമസിക്കുന്ന സ്ഥലവും വീടും മറ്റൊരാൾക്ക് വിൽക്കാൻ സാധിക്കില്ല എന്നതിനാൽ ഈ സ്ഥലത്ത് സ്വകാര്യ വ്യക്തികൾ കയറില്ല എന്ന സമാധാനം മാത്രം ബാക്കിയുണ്ട്.ഇങ്ങനെ എത്ര എത്ര സ്ഥലങ്ങൾ നമ്മുടെ തൊട്ടടുത്ത് ആരും അറിയാതെ കിടക്കുന്നു.

Saturday, October 16, 2021

ആമസോൺ വ്യൂ പോയിന്റ് (എന്റെ അരീക്കോട് )

കമ്പിക്കയത്തിൽ നിന്നും ഞങ്ങൾ വന്ന വഴിയേ തന്നെ മടങ്ങി. ചെരപ്പറമ്പ് എന്ന സ്ഥലത്തെ ട്രാൻസ്ഫോർമറിനടുത്ത്‌ നിന്ന് തുടങ്ങുന്ന ഇടുങ്ങിയ കോൺക്രീറ്റ് റോഡിലൂടെയാണ് ഇനി പോകേണ്ടത്. സ്വകാര്യ റബ്ബർ തോട്ടത്തിലൂടെയുള്ള യാത്ര വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു.പിന്നെ റോഡിന്റെ അവസ്ഥ മാറാൻ തുടങ്ങി.എതിർ ദിശയിൽ ഒരു വാഹനം വന്നാൽ സൈഡില്ല എന്ന് മാത്രമല്ല , കുത്തനെയുള്ള കയറ്റം കൂടി ആയതിനാൽ ചവിട്ടി നിർത്താനും പറ്റില്ല. വ്യൂ പോയിന്റ് വരെ വണ്ടി പോകും എന്ന് പറഞ്ഞത് കാറിന് ബാധകമല്ല എന്ന് ബോദ്ധ്യമായെങ്കിലും പുതിയ കാറായതിനാൽ ഞാൻ ഒരു ശ്രമം നടത്താൻ തന്നെ തീരുമാനിച്ചു.മുന്നിൽ പോയ ഏതോ ഒരു കാർ കയറ്റം കയറാനാകാതെ വട്ടം കറങ്ങി നിന്നു.എൻ്റെ സുഹൃത്തുക്കളും അധികം മുന്നോട്ട് കാറെടുക്കാതെ നടക്കാൻ തീരുമാനിച്ചു. മുൻ പരിചയം ഒട്ടും ഇല്ലെങ്കിലും ഞാൻ ആക്‌സിലേറ്ററിൽ കാലമർത്തി.

പ്രധാന റോഡിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കോൺ​ഗ്രീറ്റ് റോഡും താണ്ടി ഞാൻ മുകളിലെത്തി.ഒരു ടീ ഷോപ്പ് സഞ്ചാരികളെ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടായിരുന്നു.താഴെ നിന്നേ നടക്കാൻ തുടങ്ങിയവർ ഈ ടീ ഷോപ്പിൽ നിന്ന് എന്തെങ്കിലും ഒന്ന് കുടിക്കും എന്നുറപ്പാണ്.അവർ കാണിച്ച് തന്ന സ്ഥലത്ത് വണ്ടി പാർക്ക് ചെയ്ത് ഒരു ചായയും കുടിച്ച ശേഷം ഞങ്ങൾ നടത്തം ആരംഭിച്ചു. അടുത്ത അര കിലോമീറ്റർ ദൂരം ഇനി ഓഫ് റോഡാണ്.

ട്രക്കിം​ഗ് നടത്തി കയറണമെന്ന് തോന്നുന്നവർക്ക് അങ്ങിനെ കയറാനും പ്രായമായവരും കുട്ടികളുമൊക്കെയുള്ളവരാണെങ്കിൽ ഫോർവീൽ ജീപ്പിൽ വ്യൂപോയന്റിന്റെ അടുത്ത് വരെ എത്താനും ബൈക്ക് റൈഡർമാർക്ക് ഏറ്റവും മുകളിൽ വരെ പോകാനും സാധിക്കും എന്നതാണ് ആമസോൺ വ്യൂ പോയിന്റിന്റെ പ്രത്യേകത. പച്ച പുതച്ച് കിടക്കുന്ന കുന്നുകൾക്ക് നടുവിലൂടെയുള്ള ചെമ്മൺ പാതയുടെ സൗന്ദര്യവും പടിഞ്ഞാറൻ കാറ്റിന്റെ തലോടലും ആസ്വദിച്ച് നടക്കാൻ പ്രത്യേക രസം തന്നെയാണ്. 

യുവത്വം ആമസോൺ വ്യൂ പോയിന്റ് എന്ന് വിളിക്കുന്ന ഈ സ്ഥലത്തിന്റെ യഥാർത്ഥ പേര് മൂന്ന് കല്ല് എന്നാണ്. ഏലമല എന്നും ചിലർ വിളിക്കാറുണ്ട്. വ്യൂപോയിന്റിലേക്കുള്ള റോഡ് പൂർണ്ണമായും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്. എന്നാൽ വ്യൂ പോയിന്റ് നിൽക്കുന്ന സ്ഥലം ഗവൺമെന്റ് വനഭൂമിയിൽ ആണ്.

അതിമനോഹരമായ കാഴ്ചയാണ് പ്രകൃതി ഇവിടെ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. പച്ചപുതച്ച് നിൽക്കുന്ന കുന്നുകൾക്ക് അപ്പുറം വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന പെരുമ്പാമ്പ് കണക്കെ ചാലിയാർ ഒഴുകുന്ന കാഴ്ച വിവരണാതീതമാണ്. ആമസോൺ നദിയുടെ ആകാശക്കാഴ്ചക്ക് സമാനമായതിനാലാണ് ഈ വ്യൂ പോയിന്റിന് ആമസോൺ വ്യൂ പോയിന്റ് എന്ന പേര് ലഭിച്ചത്.കോടമഞ്ഞ് ഉള്ള സമയം ആണെങ്കിൽ കാഴ്ചകൾ മുഴുവനായും മറയും.

വ്യൂ പോയിന്റ് വരെയുള്ള യാത്രയും തിരിച്ചിറക്കവും വലിയ അപകടം നിറഞ്ഞതല്ല. എന്നാൽ വ്യൂ പോയിന്റ് ഭീകരമായ അപകട സാധ്യതയുളള ഒന്നാണ്. സൂയിസൈഡ് പോയിന്റ് എന്നു തന്നെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കാഴ്ചകൾ കാണാൻ നിൽക്കുന്ന പാറയിൽ നിന്നും ഒന്ന് കാൽ തെറ്റിയാൽ ആഴമേറിയ കൊക്കയിലേക്കാണ് വീഴുക. ഏകദേശം 300 അടിയിലധികം താഴ്ചയുണ്ടാവും എന്നാണ് അനുമാനം. അതിനാൽ തന്നെ വളരെയധികം സൂക്ഷിച്ച് വേണം കാഴ്ചകൾ കാണാൻ. കുട്ടികളുമായി വരുന്നവർ വളരെയേറെ ജാഗ്രതയോടെ വേണം വ്യൂ പോയിന്റിൽ ഇരിക്കാൻ. നൂറുകണക്കിന് പേരാണ് കുടുംബമായും അല്ലാതെയും ഇവിടം സന്ദർശിക്കാനായി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.

നിലവിൽ ഔദ്യോ​ഗിക ടൂറിസ്റ്റ് കേന്ദ്രമല്ലാത്തത് കൊണ്ട് നിയന്ത്രിക്കാനൊന്നും ആരും ഉണ്ടാകില്ല, സ്വയം നിയന്ത്രിക്കുക. ദയവ് ചെയ്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടെ ഉപേക്ഷിക്കാതിരിക്കുക. അപകങ്ങൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുക. ഓഫ് റോഡ് ഡ്രൈവിം​ഗ് പരിചിതരല്ലാത്തവർ റിസ്ക് ഒഴിവാക്കി അവിടെയുള്ള ഫോർവീൽ വാഹനങ്ങളെ ആശ്രയിച്ചാൽ യാത്ര കുറുച്ചുകൂടി ആസ്വാദ്യകരമാകും. ഫോർവീൽ വാഹനങ്ങ അവിടെ ലഭ്യമാണ്.

മഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ എടവണ്ണ എത്തി സീതിഹാജി പാലം കടന്ന് ഒതായി വഴിയും കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർ അരീക്കോട് - ഒതായി വഴിയും കിഴക്കെ ചാത്തല്ലൂരിലേക്ക് എത്തിചേരാവുന്നതാണ്.

സംസ്ഥാന ടൂറിസം ഭൂപടത്തിലെ പ്രധാന ഡെസ്റ്റിനേഷനുകളിൽ ഒന്നായി ചാത്തല്ലൂർ ആമസോൺ വ്യൂപോയന്റ് ഇടം പിടിക്കും എന്ന് പ്രതീക്ഷിക്കുന്നു. ങ്ങോട്ടുള്ള യാത്ര സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെടും എന്നുറപ്പാണ്.

Friday, October 15, 2021

കമ്പിക്കയം വെള്ളച്ചാട്ടം (എന്റെ അരീക്കോട്)

പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്നുകൾ തേടി നടക്കുന്നതും കാണുന്നതും എന്റെ പ്രധാന ഹോബികളിൽ ഒന്നാണ്. കുട്ടിക്കാലത്ത് ബാപ്പയുടെ കൂടെ അദ്ദേഹത്തിന്റെ ജന്മനാടായ കോഴിക്കാട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് നൊച്ചാടിലേക്ക് പോകുമ്പോൾ കണ്ടിരുന്ന ബസ് കാഴ്ചകൾ മാത്രമായിരുന്നു ഇതിൽ എന്റെ മുൻ പരിചയങ്ങൾ. പിന്നീട് സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയതോടെയാണ് പല സ്ഥലങ്ങളിലും ഒറ്റക്കും കൂട്ടുകാരോടൊപ്പവും ഒക്കെയായി എത്തിയതും കണ്ടതും ആസ്വദിച്ചതും. അതും കഴിഞ്ഞ് ഒരു കുടുംബനാഥനായതോടെ യാത്രകൾ കൂടുതൽ സജീവമായി . പുസ്തകത്താളുകളിലൂടെ വായിച്ചറിഞ്ഞ പല സ്ഥലങ്ങളും ഭാര്യക്കും മക്കൾക്കും നേരിട്ട് കാണാനുള്ള ഭാഗ്യവും ഇതിലൂടെ  ലഭിച്ചു.

ദൂര യാത്രകൾക്കൊപ്പം തന്നെ നാടിന് ചുറ്റുമുള്ള പിക്നിക് സ്പോട്ടുകളിലും ഒറ്റക്കും കുടുംബത്തോടെയും ഞാൻ  സന്ദർശനം നടത്താറുണ്ട്. . മുറിഞ്ഞ മാടിലും കൊല്ലം കൊല്ലി വെള്ളച്ചാട്ടത്തിലും ഓടക്കയത്തും  എല്ലാം  എത്തിയത് അങ്ങനെയായിരുന്നു. വീട്ടിൽ നിന്നും അര മണിക്കൂർ മാത്രം ദൂരമുള്ള ചാത്തല്ലൂരിലും പരിസരത്തും കാണാനുള്ള കാഴ്ചകളെപ്പറ്റി കേട്ടിരുന്നെങ്കിലും കുടുംബ സമേതം പോകാവുന്ന സ്ഥലങ്ങളാണോ എന്നറിയാത്തതിനാൽ ഇതു വരെ ശ്രമം നടത്തിയിരുന്നില്ല. ആമസോൺ വ്യൂ പോയിന്റ് എന്ന അത്ഭുത കാഴ്ചയെപ്പറ്റി കൂടി കേട്ടതോടെ സുഹൃത്തുക്കൾക്കൊപ്പം ചാത്തല്ലൂർ വരെ ഒന്ന് പോകാം എന്ന് തീരുമാനിച്ചു.

കിഴക്കേ ചാത്തല്ലൂർ എന്ന ഉൾഗ്രാമത്തിലാണ് ഈ സ്ഥലം. കൂട്ടത്തിലാർക്കോ പറ്റിയ ഒരു തെറ്റ് കാരണം ഞങ്ങളെത്തിയത് പടിഞ്ഞാറെ ചാത്തല്ലൂരായിരുന്നു. മുമ്പേ ഗമിക്കും ഗോ തൻ പിമ്പേ ഗമിക്കും ഗോക്കളെല്ലാം എന്ന ചൊല്ല് അന്വർത്ഥമാക്കി മുന്നിൽ പോയ സ്കൂട്ടറിന് പിന്നാലെ മൂന്ന് കാറുകളും പോയി എന്നതാണ് സത്യം. വഴി തെറ്റി എന്ന് മനസ്സിലായതോടെ വണ്ടി തിരിച്ചങ്കിലും മറ്റൊരു തെറ്റിദ്ധാരണ കാരണം ഞങ്ങൾ എത്തിപ്പെട്ടത് മനോഹരമായ ഒരു വെള്ളച്ചാട്ടത്തിലായിരുന്നു.

ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച് പാറകളെ തഴുകി തലോടി നുരഞ്ഞ് പതഞ്ഞ് ഒഴുകുന്ന വെള്ളത്തിന്റെ കാഴ്ച എത്ര കണ്ടാലും മതിവരാത്ത ഒന്നാണ്. ഓരോ വെള്ളച്ചാട്ടവും കാണുമ്പോൾ മുമ്പ് കണ്ട എല്ലാ ചാട്ടങ്ങളും ഓർമ്മയിൽ തുള്ളിച്ചാടുന്നതും അനുഭവിക്കാൻ സാധിക്കും.ഞങ്ങൾ വഴി തെറ്റിയെത്തിയത് ചാത്തല്ലൂർ കമ്പിക്കയം വെള്ളച്ചാട്ടത്തിലാണെന്ന് പിന്നീടാണ് മനസ്സിലായത്.

വലിയ ചാട്ടങ്ങൾക്ക് പകരം കുഞ്ഞു കുഞ്ഞു പതനങ്ങൾ ആയതിനാൽ ഭീകരത കുറഞ്ഞ ഒന്നാണ് കമ്പിക്കയം വെള്ളച്ചാട്ടം. പക്ഷെ വെള്ളം പതിക്കുന്നിടത്ത് ഒരാളുടെ അത്രയും ആഴത്തിൽ വെള്ളമുണ്ട് എന്നത് നാട്ടുകാരനായ ഒരാൾ കയ്യിലുള്ള കമ്പ് വെള്ളത്തിലാഴ്ത്തി കാണിച്ചപ്പോഴാണ് മനസ്സിലായത്.അതിനാൽ തന്നെ കുട്ടികളെയും കൊണ്ട് വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നവർ അതീവ ജാഗ്രത പുലർത്തണം.പാറകളിലെ വഴുതലും അപകടം ക്ഷണിച്ച് വരുത്തും.

ലക്ഷ്യം ആമസോൺ വ്യൂ പോയിന്റ് ആയിരുന്നതിനാൽ ഞങ്ങളുടെ ആരുടെ കയ്യിലും ഒരു തോർത്ത്മുണ്ട് പോലും ഉണ്ടായിരുന്നില്ല. അതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ കമ്പിക്കയത്തിൽ നിന്ന് കയറി.