കമ്പിക്കയത്തിൽ നിന്നും ഞങ്ങൾ വന്ന വഴിയേ തന്നെ മടങ്ങി. ചെരപ്പറമ്പ് എന്ന സ്ഥലത്തെ ട്രാൻസ്ഫോർമറിനടുത്ത് നിന്ന് തുടങ്ങുന്ന ഇടുങ്ങിയ കോൺക്രീറ്റ് റോഡിലൂടെയാണ് ഇനി പോകേണ്ടത്. സ്വകാര്യ റബ്ബർ തോട്ടത്തിലൂടെയുള്ള യാത്ര വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു.പിന്നെ റോഡിന്റെ അവസ്ഥ മാറാൻ തുടങ്ങി.എതിർ ദിശയിൽ ഒരു വാഹനം വന്നാൽ സൈഡില്ല എന്ന് മാത്രമല്ല , കുത്തനെയുള്ള കയറ്റം കൂടി ആയതിനാൽ ചവിട്ടി നിർത്താനും പറ്റില്ല. വ്യൂ പോയിന്റ് വരെ വണ്ടി പോകും എന്ന് പറഞ്ഞത് കാറിന് ബാധകമല്ല എന്ന് ബോദ്ധ്യമായെങ്കിലും പുതിയ കാറായതിനാൽ ഞാൻ ഒരു ശ്രമം നടത്താൻ തന്നെ തീരുമാനിച്ചു.മുന്നിൽ പോയ ഏതോ ഒരു കാർ കയറ്റം കയറാനാകാതെ വട്ടം കറങ്ങി നിന്നു.എൻ്റെ സുഹൃത്തുക്കളും അധികം മുന്നോട്ട് കാറെടുക്കാതെ നടക്കാൻ തീരുമാനിച്ചു. മുൻ പരിചയം ഒട്ടും ഇല്ലെങ്കിലും ഞാൻ ആക്‌സിലേറ്ററിൽ കാലമർത്തി.
പ്രധാന റോഡിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കോൺഗ്രീറ്റ് റോഡും താണ്ടി ഞാൻ മുകളിലെത്തി.ഒരു ടീ ഷോപ്പ് സഞ്ചാരികളെ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടായിരുന്നു.താഴെ നിന്നേ നടക്കാൻ തുടങ്ങിയവർ ഈ ടീ ഷോപ്പിൽ നിന്ന് എന്തെങ്കിലും ഒന്ന് കുടിക്കും എന്നുറപ്പാണ്.അവർ കാണിച്ച് തന്ന സ്ഥലത്ത് വണ്ടി പാർക്ക് ചെയ്ത് ഒരു ചായയും കുടിച്ച ശേഷം ഞങ്ങൾ നടത്തം ആരംഭിച്ചു. അടുത്ത അര കിലോമീറ്റർ ദൂരം ഇനി ഓഫ് റോഡാണ്.
ട്രക്കിംഗ് നടത്തി കയറണമെന്ന് തോന്നുന്നവർക്ക് അങ്ങിനെ കയറാനും പ്രായമായവരും കുട്ടികളുമൊക്കെയുള്ളവരാണെങ്കിൽ ഫോർവീൽ ജീപ്പിൽ വ്യൂപോയന്റിന്റെ അടുത്ത് വരെ എത്താനും ബൈക്ക് റൈഡർമാർക്ക് ഏറ്റവും മുകളിൽ വരെ പോകാനും സാധിക്കും എന്നതാണ് ആമസോൺ വ്യൂ പോയിന്റിന്റെ പ്രത്യേകത. പച്ച പുതച്ച് കിടക്കുന്ന കുന്നുകൾക്ക് നടുവിലൂടെയുള്ള ചെമ്മൺ പാതയുടെ സൗന്ദര്യവും പടിഞ്ഞാറൻ കാറ്റിന്റെ തലോടലും ആസ്വദിച്ച് നടക്കാൻ പ്രത്യേക രസം തന്നെയാണ്.
യുവത്വം ആമസോൺ വ്യൂ പോയിന്റ് എന്ന് വിളിക്കുന്ന ഈ സ്ഥലത്തിന്റെ യഥാർത്ഥ പേര് മൂന്ന് കല്ല് എന്നാണ്. ഏലമല എന്നും ചിലർ വിളിക്കാറുണ്ട്. വ്യൂപോയിന്റിലേക്കുള്ള റോഡ് പൂർണ്ണമായും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്. എന്നാൽ വ്യൂ പോയിന്റ് നിൽക്കുന്ന സ്ഥലം ഗവൺമെന്റ് വനഭൂമിയിൽ ആണ്.
അതിമനോഹരമായ കാഴ്ചയാണ് പ്രകൃതി ഇവിടെ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. പച്ചപുതച്ച് നിൽക്കുന്ന കുന്നുകൾക്ക് അപ്പുറം വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന പെരുമ്പാമ്പ് കണക്കെ ചാലിയാർ ഒഴുകുന്ന കാഴ്ച വിവരണാതീതമാണ്. ആമസോൺ നദിയുടെ ആകാശക്കാഴ്ചക്ക് സമാനമായതിനാലാണ് ഈ വ്യൂ പോയിന്റിന് ആമസോൺ വ്യൂ പോയിന്റ് എന്ന പേര് ലഭിച്ചത്.കോടമഞ്ഞ് ഉള്ള സമയം ആണെങ്കിൽ കാഴ്ചകൾ മുഴുവനായും മറയും.
വ്യൂ പോയിന്റ് വരെയുള്ള യാത്രയും തിരിച്ചിറക്കവും വലിയ അപകടം നിറഞ്ഞതല്ല. എന്നാൽ വ്യൂ പോയിന്റ് ഭീകരമായ അപകട സാധ്യതയുളള ഒന്നാണ്. സൂയിസൈഡ് പോയിന്റ് എന്നു തന്നെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കാഴ്ചകൾ കാണാൻ നിൽക്കുന്ന പാറയിൽ നിന്നും ഒന്ന് കാൽ തെറ്റിയാൽ ആഴമേറിയ കൊക്കയിലേക്കാണ് വീഴുക. ഏകദേശം 300 അടിയിലധികം താഴ്ചയുണ്ടാവും എന്നാണ് അനുമാനം. അതിനാൽ തന്നെ വളരെയധികം സൂക്ഷിച്ച് വേണം കാഴ്ചകൾ കാണാൻ. കുട്ടികളുമായി വരുന്നവർ വളരെയേറെ ജാഗ്രതയോടെ വേണം വ്യൂ പോയിന്റിൽ ഇരിക്കാൻ. നൂറുകണക്കിന് പേരാണ് കുടുംബമായും അല്ലാതെയും ഇവിടം സന്ദർശിക്കാനായി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.
നിലവിൽ ഔദ്യോഗിക ടൂറിസ്റ്റ് കേന്ദ്രമല്ലാത്തത് കൊണ്ട് നിയന്ത്രിക്കാനൊന്നും ആരും ഉണ്ടാകില്ല, സ്വയം നിയന്ത്രിക്കുക. ദയവ് ചെയ്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടെ ഉപേക്ഷിക്കാതിരിക്കുക. അപകടങ്ങൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുക. ഓഫ് റോഡ് ഡ്രൈവിംഗ് പരിചിതരല്ലാത്തവർ റിസ്ക് ഒഴിവാക്കി അവിടെയുള്ള ഫോർവീൽ വാഹനങ്ങളെ ആശ്രയിച്ചാൽ യാത്ര കുറുച്ചുകൂടി ആസ്വാദ്യകരമാകും. ഫോർവീൽ വാഹനങ്ങൾ അവിടെ ലഭ്യമാണ്.
മഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ എടവണ്ണ എത്തി സീതിഹാജി പാലം കടന്ന് ഒതായി വഴിയും കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർ അരീക്കോട് - ഒതായി വഴിയും കിഴക്കെ ചാത്തല്ലൂരിലേക്ക് എത്തിചേരാവുന്നതാണ്.
3 comments:
സംസ്ഥാന ടൂറിസം ഭൂപടത്തിലെ പ്രധാന ഡെസ്റ്റിനേഷനുകളിൽ ഒന്നായി ചാത്തല്ലൂർ ആമസോൺ വ്യൂപോയന്റ് ഇടം പിടിക്കും എന്ന് പ്രതീക്ഷിക്കുന്നു.
സംസ്ഥാന ടൂറിസം ഭൂപടത്തിലെ പ്രധാന ഡെസ്റ്റിനേഷനുകളിൽ ഒന്നായി മാറാവുന്ന ചാത്തല്ലൂർ ആമസോൺ വ്യൂപോയന്റ്...!
മുരളിയേട്ടാ... നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക